A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

[ മന്ത്രങ്ങള്‍ ]

മന്ത്രോപദേശം ആര്‍ക്ക്?

"നൃസിംഹാര്‍ക്കവരാഹാണാം സിദ്ധാദി നൈവശോധയേല്‍ 
സ്വപ്നേലബ്ധേസ്ത്രിയാദത്തേ മാലാമന്ത്രേ ച ത്ര്യക്ഷരേ
വൈദികേഷുച സര്‍വ്വേഷു, സിദ്ധാദി നൈവശോധയേല്‍"

എന്ന പ്രമാണപ്രകാരം പലവിധ മന്ത്രങ്ങളും ഗുരുവിന്‍റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രം, 'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷരീമന്ത്രം, 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരമന്ത്രം, 'ഓം നമോ ഭഗവതേ മഹാസുദര്‍ശനായ ഹും ഫള്‍' എന്ന ഷോഡശാക്ഷരമന്ത്രം അഥവാ മഹാസുദര്‍ശനമന്ത്രം, നരസിംഹമന്ത്രം, വരാഹമന്ത്രം, പിണ്ഡമന്ത്രം, പ്രണവം, പഞ്ചദശി, ബാലാമന്ത്രം, ഷോഡശീമന്ത്രം എന്നിവയും മന്ത്രദീക്ഷയില്ലാതെ ജപിക്കാവുന്നതാകുന്നു.

സ്വപ്നവേളയിലോ, മാതാവില്‍ നിന്നോ ലഭിച്ച മന്ത്രങ്ങള്‍ക്കും ദീക്ഷയുടെ ആവശ്യമില്ലെന്ന് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നു.

മന്ത്രങ്ങള്‍ വഴങ്ങുന്നതിന് ഗുരുവിന്‍റെ ഉപദേശവും അനുഗ്രഹവും ആവശ്യമാണ്‌. അതുകൊണ്ടാണ് മന്ത്രദീക്ഷ ആവശ്യമാണെന്ന് പറയുന്നത്. ദശമുദ്രകള്‍ കണ്ടുമനസ്സിലാക്കണമല്ലോ. കാരണം, മന്ത്രം, മന്ത്രദേവത, ഉപാസകന്‍ എന്നിവ മൂന്നും ഒരേ തരംഗദൈര്‍ഘ്യത്തിലെത്തി ഒരേ തലത്തില്‍ ഏകീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ ആ ഉപാസകന് തന്‍റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ദേവതയെ വെറുംകണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയുകയുള്ളൂ.

ഇത് (മന്ത്രദീക്ഷ) ഒരു ഉപാസകനുവേണ്ടതാണ്. ഒരു വിശ്വാസിക്ക് വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കാന്‍ കഴിയുകയുമില്ല. ഈശ്വരനെ വിശ്വസിക്കുന്ന ഒരു ഭക്തന്‍ മുകളില്‍പറഞ്ഞ മുദ്രകള്‍ കാട്ടി ഏതെങ്കിലും ഒരു മന്ത്രം ജപിക്കുന്നത് ഇന്നുവരെയും ഞാന്‍ കണ്ടിട്ടുമില്ല. അപ്പോള്‍ അവര്‍ അതാത് ദേവതകളെ ഭക്തിയോടെ പ്രാര്‍ത്ഥിച്ചുകൊണ്ട് ചില മൂലമന്ത്രങ്ങള്‍ ജപിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?

ഈയിടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനസമയത്ത് ചില ചെറുപ്പക്കാര്‍ (ആണും പെണ്ണും) സുദര്‍ശനമാലാമന്ത്രം ജപിച്ചുകൊണ്ട്‌ ഭഗവാനെ തൊഴുന്നതുകണ്ടു. 100 അക്ഷരങ്ങളുള്ള ആ മന്ത്രം കേട്ടുകൊണ്ട് ഭഗവാനെ ധ്യാനിച്ചപ്പോള്‍ എന്‍റെ മനസ്സ് വളരെയധികം സന്തോഷിച്ചു. അതില്‍ ലയിച്ചുനിന്നുപോയി എന്നുപറയുന്നതാകും ശരി. പ്രസ്തുത മന്ത്രം വളരെയധികം പുസ്തകങ്ങളിലും അച്ചടിച്ചു വന്നിട്ടുള്ളതുകൊണ്ടാണല്ലോ അവര്‍ക്കൊക്കെയും അത് മന:പാഠമാക്കാന്‍ സാധിച്ചത് എന്നുകൂടി ചിന്തിച്ചപ്പോള്‍ എനിക്ക് സന്തോഷം അത്യധികമായി എന്നുപറയുന്നതാകും സത്യം.
ഉപാസകന്‍, ആവശ്യമുള്ള മന്ത്രദീക്ഷ യഥാവിധി വാങ്ങിയും ഒരു ഭക്തന്‍, യഥാശക്തിയും മന്ത്രജപം നടത്തട്ടെ...
ആശംസകളോടെ, 
അനില്‍ വെളിച്ചപ്പാടന്‍.
ഗായത്രീമന്ത്രം:
----------------

ഓം ഭൂര്‍ ഭുവ: സ്വ:
തത് സവിതുര്‍ വരേണ്യം 
ഭര്‍ഗോദേവസ്യ ധീമഹി 
ധീയോയോന: പ്രചോദയാത്.

അര്‍ത്ഥം:
----------
"സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന 
പരബ്രഹ്മത്തിന്‍റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ"

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു 
വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം 
തരികയില്ല. ആകയാല്‍ ഗായത്രീമന്ത്രം ഭക്തിയോടെ എന്നും, ദിനാരംഭത്തില്‍ 
ജപിക്കേണ്ടതാകുന്നു. പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സന്ധ്യയ്ക്കും ജപിക്കുന്നത് 
അത്യുത്തമം.

മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് 
ശീലിക്കണം. ആവശ്യമുള്ളവര്‍ക്ക്‌ മാനസപൂജയും ചെയ്യാവുന്നതാകുന്നു.

മാനസപൂജ:
*************
കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, ആ ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക. മാനസപൂജ എന്നാല്‍, പ്രസ്തുത ദേവനെ അല്ലെങ്കില്‍ ദേവിയെ എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാര്‍ത്തി മുഖം മിനുക്കി ധൂമ-ദീപാദികള്‍ നല്‍കി അന്ന-പാനീയങ്ങള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഇഷ്ട മന്ത്രങ്ങളും (അറിയുമെങ്കില്‍) സൂക്തങ്ങളും (അറിയുമെങ്കില്‍) സ്തോത്രങ്ങളും (അറിയുമെങ്കില്‍) ജപിച്ച് അര്‍ച്ചയും നടത്തി അവസാനം തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പും അപേക്ഷിച്ച് അവര്‍ക്ക്‌ നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം. അതായത്‌, ഇവയൊക്കെ നാം ഭഗവാനുവേണ്ടി അല്ലെങ്കില്‍ ഭഗവതിയ്ക്കുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക.
ചില അതിപ്രധാന ഗണപതിമന്ത്രങ്ങള്‍:
-------------------------------------------------
മഹാഗണപതി മന്ത്രം:
************************
ഈ മന്ത്രജപം കൊണ്ട് ഏറ്റവും ഗുണപ്രദമായി ഭവിക്കുന്നത്, സത്സ്വഭാവം ലഭിക്കും എന്നതാണ്. സ്വഭാവ വികലതയുള്ള ജാതകന്‍റെ പേരും നക്ഷത്രവും കൊണ്ട്, 'സത്സ്വഭാവ ചിന്താര്‍ത്ഥ്യം' മഹാഗണപതി മന്ത്രസഹിതം പുഷ്പം അര്‍ച്ചിച്ചു നടത്തുന്ന ഗണപതിഹോമം അതീവ ഫലപ്രദമാണ്.
മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആര്‍ക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സര്‍വ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളില്‍ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്.
മന്ത്രം:
***** 
"ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ 
സര്‍വ്വജനം മേ വശമാനയ സ്വാഹാ"
ലക്ഷ്മീവിനായകം:
********************
ഇത് ദാരിദ്യശാന്തി നല്‍കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്ന ജാതകര്‍ക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.
മന്ത്രം:
*****
"ഓം ശ്രീം ഗം സൗമ്യായ ഗണപതയേ 
വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ"
108 ആണ് ജപസംഖ്യ.
ക്ഷിപ്രഗണപതി മന്ത്രം:
*************************
തടസ്സശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു.
മന്ത്രം:
***** 
"ഗം ക്ഷിപ്ര പ്രസാദനായ നമ:"
108 ആണ് ജപസംഖ്യ.
വശ്യഗണപതി മന്ത്രം:
***********************
ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു.
മന്ത്രം:
 ****
"ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ"
108 ആണ് ജപസംഖ്യ.
********************************
സങ്കടനാശന ഗണേശസ്തോത്രം.
------------------------------------------- 
എത്ര ഭജിച്ചാലും എത്ര വഴിപാടുകള്‍ ചെയ്താലും ഫലസിദ്ധി ലഭിക്കാത്ത സമയവും നമുക്കുണ്ടാകാം. ഒരുപക്ഷെ ഈശ്വരനെപ്പോലും തള്ളിപ്പറയുന്ന സമയം. എന്നാല്‍ ചില മന്ത്രങ്ങള്‍ വ്രതനിഷ്ഠയോടെ നിശ്ചിത ദിവസങ്ങളില്‍ ജപിച്ചാല്‍ ഫലസിദ്ധി തീര്‍ച്ചയായും ലഭിക്കുന്നതാണ്.
അങ്ങനെയൊരു മന്ത്രത്തെ പരിചയപ്പെടുത്തുന്നു. അതീവ സങ്കടകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നുവെങ്കില്‍ ചിട്ടയായി ജപിക്കുന്ന 'സങ്കടനാശന ഗണേശസ്തോത്രം' നിങ്ങള്‍ക്ക് ക്ഷിപ്രഫലസിദ്ധി നല്‍കും.
അതീവ വിഷമഘട്ടത്തിലാണ് ഇത് ജപിക്കുന്നതെങ്കില്‍ വ്രതം പിടിച്ച് ഏഴ് ദിവസങ്ങളില്‍, ഉദയം, മദ്ധ്യാഹ്നം, അസ്തമയം എന്നീ മൂന്ന്‍ ത്രിസന്ധ്യകളിലും ഭക്തിയോടെ ജപിക്കേണ്ടതാണ്. 108 ആണ് ജപസംഖ്യ. നെയ്‌വിളക്ക് കത്തിച്ച് ഗണപതിയെ പ്രാര്‍ത്ഥിച്ച്, മാന്യമായ ആവശ്യം പറഞ്ഞുകൊണ്ട് ജപിച്ചുതുടങ്ങണം. ആദ്യദിനവും അവസാനദിനവും ക്ഷേത്രത്തില്‍ ഗണപതിഹോമം നടത്തണം. ഒരാഴ്ച വ്രതം, ബ്രഹ്മചര്യം എന്നിവ അനുഷ്ഠിക്കേണ്ടതാണ്.
മന്ത്രം:
------ 
"പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
ത്രുതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച ഷഷ്ഠം വികട മേവ ച 
സപ്തമം വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം 
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം"
ഈ മന്ത്രജപം കൊണ്ട് വിവാഹക്ലേശം നീങ്ങും. വിദ്യാഭ്യാസതടസ്സം നീങ്ങും. തടസ്സങ്ങള്‍ വഴിമാറും. ഗണേശപ്രീതി ലഭിക്കും. 
ഇത് പ്രത്യേക വ്രതനിഷ്ഠ ഇല്ലാതെ, അതീവ ഭക്തിയോടെ ഒരു വര്‍ഷക്കാലം ത്രിസന്ധ്യകളില്‍ ജപിക്കുന്നത് സര്‍വ്വകാര്യവിജയം ലഭിക്കുന്നതിന് അത്യുത്തമം ആകുന്നു. ഭക്തിയോടെയും ബഹുമാനത്തോടെയും ജപിക്കാത്ത ഒരു മന്ത്രവും ഫലിക്കുകയില്ലെന്ന് മാത്രവുമല്ല, അതീവ ദോഷപ്രദമായി മാറുകയും ചെയ്യും.
 *******************

ശിവഭക്തര്‍ക്കായി ശൈവമന്ത്രവും ശൈവമാലാ മന്ത്രവും എഴുതുന്നു. ആരാധനാ സമയങ്ങളില്‍ ഇവയിലൊരു മന്ത്രമോ അല്ലെങ്കില്‍ ഇവ രണ്ടുമോ ഭക്തിയോടെ ജപിക്കുക. ക്ഷേത്രദര്‍ശന സമയത്തും ജപിക്കാം.
കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, മഹാദേവനെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക. മാനസപൂജയെക്കുറിച്ച് ആദ്യം എഴുതിയിട്ടുണ്ട്‌.
ശൈവമന്ത്രം:
-----------------
"ഹ്രീം നമശ്ശിവായ ശിവായ രുദ്രായ 
ലോകേശായ ഘോരാകാരായ
സംഹാരവിഗ്രഹായ ത്രിപുരഹരായ 
മൃത്യുഞ്ജയായ മാം രക്ഷ രക്ഷ 
ഹും ഫള്‍ സ്വാഹാ"
ശൈവമാലാ മന്ത്രം:
-------------------------
 "ശിവായ ഹ്രീം നമ:ശിവായ ത്രിപുരഹരായ 
കാലഹരായ സര്‍വ്വദുഷ്ടഹരായ സര്‍വ്വശത്രുഹരായ 
സര്‍വ്വരോഗഹരായ സര്‍വ്വഭൂത-പ്രേത-പിശാചഹരായ 
ധര്‍മ്മാര്‍ത്ഥ-കാമ-മോക്ഷപ്രദായ 
മാം രക്ഷ രക്ഷ ഹും ഫള്‍"
*******************  
ശിവതാണ്ഡവ സ്തോത്രം:
---------------------------------
കൈലാസപര്‍വ്വതം പൂര്‍ണ്ണമായി ഉയര്‍ത്തികൊണ്ടുപോകാന്‍ ശ്രമിച്ച സാക്ഷാല്‍ രാവണന്‍റെ ഇരുകൈകളും ഭഗവാന്‍ പരമശിവന്‍ അവിടെ ഉറപ്പിച്ചുകളഞ്ഞു. വീരശൂരപരാക്രമിയായ രാവണന്‍ എത്ര ശ്രമിച്ചിട്ടും കൈലാസം ഉയര്‍ത്താനോ സ്വന്തം കൈകള്‍ വലിച്ചെടുക്കാനോ സാധിച്ചില്ല. അപകടം തിരിച്ചറിഞ്ഞ രാവണന്‍, അത്യന്തം കോപിഷ്ഠനായി നില്‍ക്കുന്ന മഹാദേവനെ പ്രീതിപ്പെടുത്താനായി ശിവതാണ്ഡവസ്തോത്രം ഭക്തിയോടെ ജപിച്ചു. 

സാധാരണക്കാര്‍ക്ക്  ജപിക്കാന്‍ വളരെയധികം പ്രയാസമുള്ള ഈ സ്തോത്രം ശിവക്ഷേത്രങ്ങളില്‍ പ്രദോഷനാളുകളില്‍ ജപിച്ചുകാണാറുണ്ട്‌. ജാതകത്തില്‍ മൂന്ന്‍ ഗ്രഹങ്ങള്‍ (രാഹുവും കേതുവും ഉള്‍പ്പെടെ അഞ്ച് ഗ്രഹങ്ങള്‍. രാഹുവും കേതുവും എപ്പോഴും വക്രഗതിയില്‍ ആയിരിക്കും) വക്രഗതിയില്‍ ആയി വന്നാല്‍ മുജ്ജന്മ പാപഫലമായി പലതരം ദു:ഖങ്ങള്‍ സഹിക്കേണ്ടി വരുമെന്നതിനാല്‍ നിത്യവും (ശുദ്ധമായ ദിവസങ്ങളില്‍) ഭക്തിയോടെ ശിവതാണ്ഡവ സ്തോത്രം ജപിക്കുന്നതും അതീവ ഫലപ്രദമായി കണ്ടുവരുന്നു. 

ശിവതാണ്ഡവ സ്തോത്രം എഴുതുന്നു. അതീവ പ്രയാസകരമായ വരികള്‍ ആകയാല്‍ ഒരു ആഡിയോ ലിങ്ക് കൂടി ഇതോടൊപ്പം പോസ്റ്റ്‌ ചെയ്യുന്നുണ്ട്. ആവശ്യമുള്ളവര്‍ പ്രയോജനപ്പെടുത്തുമല്ലോ...

ശിവതാണ്ഡവ സ്തോത്രം 
---------------------------------
ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്‍വ്വയം
ചകാരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം

ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമ

ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്‌ഫുരത്‌ ദിഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ധരാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി

ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്‌ഭുതം ബിഭര്‍ത്തു ഭൂതഭര്‍ത്തരി

സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനധൂളിധോരണീ വിധൂര്‍സ്വരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:

ലലാടചത്വരജ്വലത്‌ ധനഞ്ജയസ്‌ഫുലിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖര
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:

കരാളഫാലപട്ടികാത്‌ ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാഹുതീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക
പ്രകല്‍പ്പനൈകശില്‍പ്പിനി ത്രിലോചനേ മതിര്‍മമ:

നവീനമേഘമണ്ഡലീ നിരുദ്ധദുര്‍ദ്ധരസ്‌ഫുരത്‌
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:

പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമഭ്രഭ
വലംബികണ്ഡകന്ധലീ രുചിപ്രബദ്ധകന്ധര
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ

അഗര്‍വ്വസര്‍വ്വമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ

ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമശ്വസത്
വിനിര്‍ഗ്ഗമത് ക്രമസ്ഫുരത് കരാളഫാലഹവ്യവാട്‌
ധിമിത്‌ ധിമിത്‌ ധിമിത്‌ ധനന്‍മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്‍ത്തിത പ്രചണ്ഡതാണ്ഡവ: ശിവ:

ദൃഷദ്വിചിത്രതല്‍പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍-
ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമ പ്രവര്‍ത്തികര്‍കദാ സദാശിവം ഭജാമ്യഹം

കദാ നിലിമ്പനിര്‍ഝരീ നികുഞ്ജകോടരേ വസന്‍
വിമുക്തദുര്‍മതിസ്സദാ ശിരസ്ഥമഞ്ജലിം വഹന്‍
വിലോലലോചനോല ലാമഫാലലഗ്നക:
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യഹം

ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠന്‍ സ്‌മരന്‍ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം
ത്രൈയംബകമന്ത്രം (മൃത്യുഞ്ജയം, ത്ര്യംബകം, ത്രയംബകം), ഹോമം, ഫലം:
------------------------------------------------------------------------------------------------

ത്ര്യംബകമന്ത്രത്തെ ഉപാസിക്കുന്നവരെ അപമൃത്യു തിരിഞ്ഞുനോക്കാന്‍കൂടി ഭയപ്പെടുന്നതാണ്.

ത്ര്യംബകമന്ത്രത്തെക്കുറിച്ച് അറിയാത്തവര്‍ കുറവായിരിക്കും. ശനിയുടെ ദോഷാധിക്യം കൂടുമ്പോള്‍, ദശാപഹാരകാലം പിഴച്ചുനില്‍ക്കുമ്പോള്‍, അത്യധികമായ രോഗങ്ങള്‍ സംഭവിക്കുമ്പോള്‍ അങ്ങനെ പലവിധ ദുരിതങ്ങള്‍ക്കും ത്രയംബകമന്ത്രം അഥവാ മൃത്യുഞ്ജയമന്ത്രംകൊണ്ട് പുഷ്പാഞ്ജലി, ഹോമം മുതലായവ നമ്മള്‍ ചെയ്യാറുണ്ട്.

മഹാദേവപ്രീതിക്കായി അനുഷ്ഠിക്കുന്ന ത്ര്യംബകമന്ത്രത്തെയും ഫലസിദ്ധിയേയും കുറിച്ച് എഴുതുന്നു.

മന്ത്രം:
-------
"ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മ്മുക്ഷീയമാമൃതാത്"

ഋഷി - വസിഷ്ഠ:
ച്ഛന്ദസ്സ് - അനുഷ്ടുപ്പ്
ദേവത - പാര്‍വ്വതീപതി ത്ര്യംബകരുദ്രോ ദേവത.

ധ്യാനം:
---------
ഹസ്താഭ്യാം കലശദ്വയാമൃതരസൈരാപ്ലാവയന്തം ശിരോ
ദ്വാഭ്യാം തൗ ദധതം മൃഗാക്ഷവലയോദ്വാഭ്യാം വഹന്തം പരം
അങ്കന്യസ്തകരദ്വയാമൃതഘടം കൈലാസകാന്തം ശിവം
സ്വച്ഛാംഭോജഗതം നവേന്ദുമുകുടം ദേവം ത്രിനേത്രം ഭജേ.

അര്‍ത്ഥം:
-----------
"രണ്ടുകൈകളില്‍ വെള്ളം നിറച്ച കുംഭങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും മറ്റ് രണ്ട് കൈകള്‍ കൊണ്ട് ആ കുംഭങ്ങളില്‍ നിന്നും വെള്ളമെടുത്ത് സ്വന്തം ശിരസ്സില്‍ നനച്ചും പിന്നെ കൈകളില്‍ ഓരോ ജലപൂര്‍ണ്ണകുംഭമെടുത്ത് മടിയില്‍ വെച്ചും അനന്തരം രണ്ടുകൈകളില്‍ രുദ്രാക്ഷമാലയേയും മാനിനേയും ധരിച്ചും സ്വശിരസ്സിലുള്ള ചന്ദ്രനില്‍ നിന്ന് സ്രവിക്കുന്ന അമൃതരസത്തില്‍ ആറാടിക്കൊണ്ടും ശ്രീപാര്‍വ്വതിയോടുകൂടി താമരപ്പൂവില്‍ ഇരിക്കുന്ന മുക്കണ്ണനായ മൃത്യുഞ്ജയമൂര്‍ത്തിയെ ഞാന്‍ ഭജിക്കുന്നു."

ഈ മന്ത്രം ജപിച്ച് ഫലസിദ്ധി വരുത്തുന്നതിന് താന്ത്രികങ്ങളായ വിധികളുണ്ട്. അവയെ പരിചയപ്പെടുത്തുന്നില്ല. പകരം, ജപവും ഹോമവും നടത്തിയാലുള്ള ഫലസിദ്ധികളെക്കുറിച്ച് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രിയ ഭക്തര്‍ക്കായി ഇവിടെ പ്രതിപാദിക്കുന്നു.

ത്ര്യംബകമന്ത്രത്തെ ഉപാസിക്കുന്നവരെ അപമൃത്യു തിരിഞ്ഞുനോക്കാന്‍കൂടി ഭയപ്പെടുന്നതാണ്.

1) കൂവള ചമത 10,000 സംഖ്യ ഹോമിച്ചാല്‍ ധനലാഭം.
2) പ്ലാശിന്‍ ചമത 10,000 സംഖ്യ ഹോമിച്ചാല്‍ ബ്രഹ്മതേജസ്‌ ഫലത്തില്‍ വരും.
3) കരിങ്ങാലി ചമത 10,000 സംഖ്യ ഹോമിച്ചാല്‍ കാന്തി, പുഷ്ടി എന്നിവ ഫലം.
4) അശ്വത്ഥ ചമത 10,000 സംഖ്യ ഹോമിച്ചാല്‍ ധന-ധാന്യസമൃദ്ധി ഫലം.
5) എള്ള് 10,000 നുള്ള് ഹോമിച്ചാല്‍ സര്‍വ്വപാപശമനവും ഫലം.
6) കടുക് 10,000 നുള്ള് ഹോമിച്ചാല്‍ ശത്രുവിന്‍മേല്‍ വിജയം വരിക്കും.
7) ദശദ്രവ്യങ്ങള്‍ 10,000 നുള്ള് ഹോമിച്ചാല്‍ അകാലമൃത്യു സംഭവിക്കില്ല.
8) ശര്‍ക്കരപ്പായസം 10,000 സംഖ്യ ഹോമിച്ചാല്‍ കീര്‍ത്തിയും കാന്തിയും സര്‍വ്വരക്ഷയും നല്‍കും.
9) പാല്‍പ്പായസം 10,000 സംഖ്യ ഹോമിച്ചാല്‍ ആഭിചാരദോഷനിവാരണമാണ്.
10) തൈര് 10,000 സംഖ്യ ഹോമിച്ചാല്‍ വിവാദങ്ങളില്‍ വിജയവും ശത്രുവിന്‍മേല്‍ വിജയവും ഫലം.
11) മുമ്മൂന്ന് കറുക കൂട്ടിക്കെട്ടിയത് 1008 സംഖ്യ ഹോമിച്ചാല്‍ സകല രോഗങ്ങളും നീങ്ങി ദീര്‍ഘായുസ്സ് ഫലം.
12) പിറന്നാള്‍ ദിവസം പായസം നെയ്യ് ചേര്‍ത്ത് 10,000 സംഖ്യ ഹോമിച്ചാല്‍ ഇഷ്ടസിദ്ധി, ഐശ്വര്യം, ധനപ്രാപ്തി, ആരോഗ്യം എന്നിവ ഫലം.
13) പിറന്നാള്‍ ദിവസം കറുക, പശുവിന്‍പാലിലും നെയ്യിലും മുക്കി 2000 സംഖ്യ ഹോമിച്ചാല്‍ സകലരോഗങ്ങളും മാറി, ദീര്‍ഘായുസ്സ് ലഭിക്കും.
14) പെരുകുമിഴ് സമിത്ത് പാല്‍പ്പായസസഹിതം 300 വീതം ഹോമിക്കുകയും ഗുരുവിന് യഥാശക്തി ധന-ധാന്യം, ദക്ഷിണ എന്നിവ നല്‍കി സന്തോഷിപ്പിക്കുകയും ചെയ്‌താല്‍ ആരോഗ്യവാനായി ദീര്‍ഘകാലം സര്‍വ്വൈശ്വര്യങ്ങളോടെയും ജീവിക്കും.
15) വെളുത്തവാവ്, കറുത്തവാവ് എന്നിവയില്‍ നെയ്യ് ചേര്‍ത്ത പാല്‍പ്പായസം 10,000 സംഖ്യ ഹോമിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ആറുമാസത്തിനുള്ളില്‍ ലഭിച്ചിരിക്കും.
16) ശുദ്ധിയാക്കിയ മലര് 10,000 സംഖ്യ ഹോമിച്ചാല്‍ വിവാഹക്ലേശം മാറും.
അശ്വത്ഥം, അത്തി, പ്ലാശ്, പേരാല്‍ എന്നീ പാല്‍വൃക്ഷങ്ങളുടെ സമിത്ത് 10,000 വീതം ഹോമിച്ചാല്‍ സര്‍വ്വജനവശ്യം.
17) കുളിച്ച് ശുദ്ധിവരുത്തി സൂര്യദേവനെ നോക്കിനിന്ന് ത്ര്യംബകമന്ത്രം 1,000 വീതം നിത്യേന ജപിച്ചാല്‍ ആധിവ്യാധികള്‍ നീങ്ങി ദീര്‍ഘായുസ്സ് ഫലത്തില്‍ വരുന്നതാണ്.
18) പത്താമത്തെ പിറന്നാള്‍ ദിവസം ഇളക്കള്ളിയുടെ ചമതകൊണ്ടും, ഇരുപത്തൊന്നാമത്തെ പിറന്നാള്‍ ദിവസം കണിക്കൊന്നയുടെ ചമതകൊണ്ടും 10,000 സംഖ്യ ഹോമിച്ചാല്‍ രോഗമോ ശത്രുക്കളോ ഉണ്ടാകുകയില്ല. ധന-ധാന്യസമൃദ്ധിയും പുത്ര-പൗത്രാദികളോടെയുള്ള ദീര്‍ഘായുസ്സ് ഫലം.
19) കൂവള ചമത 10,000 സംഖ്യ ഹോമിച്ചാല്‍ സമ്പല്‍സമൃദ്ധി ലഭിക്കും.
20) യവം 10,000 സംഖ്യ ഹോമിച്ചാല്‍ അപമൃത്യു സംഭവിക്കുകയില്ല.
21) ചിറ്റമൃത്, എരിഞ്ഞി എന്നിവയുടെ ചമതകള്‍ 108 വീതം മൂന്ന്‍ ജന്മനക്ഷത്രങ്ങളില്‍ ഹോമിച്ചാല്‍ രോഗവും അപമൃത്യുദോഷവും നീങ്ങും.
22) നിത്യേന കറുക 108 സംഖ്യ ഹോമിച്ചാല്‍ അപമൃത്യുദോഷം നീങ്ങും.
23) ചിറ്റമൃത് വള്ളി, മുമ്മൂന്ന് കൂട്ടിക്കെട്ടിയ കറുക എന്നിവ 108 വീതം നെയ്യില്‍ മുക്കി ഹോമിച്ചാല്‍ രോഗങ്ങള്‍ നീങ്ങി ദീര്‍ഘായുസ്സ് ലഭിക്കും.

ഇനിയും നിരവധിയായ ഹോമവിധികള്‍ പറയപ്പെടുന്നുണ്ട്. ഉത്തമനും വിശ്വസ്തനുമായ ഒരു കര്‍മ്മിയെക്കൂടി ലഭിച്ചാല്‍ ഈ ഹോമങ്ങള്‍ അത്യുത്തമം ആയി ഭവിക്കും.

"ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മ്മുക്ഷീയമാമൃതാത്"

"ചെയ്യാനുള്ള കര്‍മ്മങ്ങള്‍ യഥാവിധി പൂര്‍ത്തിയാക്കി, സാമാന്യമായ ഒരു മരണംമാത്രം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ മഹാദേവാ..."
***************************

മറ്റൊരു ശിവമന്ത്രം
-----------------------
"ഓം മഹാദേവ ദേവായ രുദ്രമൂര്‍ത്തയെ ഹരഹര ശിവായ നമ:"
പ്രശസ്തമാകാവുന്ന പല മേഖലകളിലും പ്രവര്‍ത്തിക്കുന്ന എത്രയോ ആളുകള്‍ പുറംലോകമറിയാതെ കഴിയുന്നുണ്ട്... പ്രശസ്തി കൈവരിക്കാന്‍ ഉപകരിക്കുന്ന ഈ ശിവമന്ത്രം ഒരു ശനിയാഴ്ച പ്രഭാതത്തില്‍ സ്നാനം കഴിഞ്ഞ് കിഴക്കുനോക്കി മഹാദേവനെ മനസ്സില്‍ ധ്യാനിച്ച് അടുപ്പിച്ച് 21 ദിവസം 108 ഉരു വീതം ജപിക്കേണ്ടതാണ്.
അര്‍ഹമായ സ്ഥാനത്ത് മഹാദേവന്‍ നിങ്ങളെ എത്തിക്കുന്നതാണ്. 
***************************************
ശിവരാത്രിവ്രതം: ലഘുവിവരണം:
 --------------------------------------------
ശിവരാത്രിയുടെ തലേ ദിവസം വീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുവായ ആഹാരം ആകാം. പ്രദോഷവും വരുന്നതിനാല്‍ തലേദിവസം മുതല്‍ വ്രതം പിടിക്കാനും പ്രദോഷപൂജയില്‍ പങ്കെടുക്കാനും 
ശിവരാത്രി ദിവസം 'ഉപവാസം' , 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. 
പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍' മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല).
ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്.
ശിവരാത്രിദിവസം ജപിക്കാനുള്ള സ്തോത്രം ചുവടെ എഴുതിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു.
വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിലും (കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ അതീവ വ്രതശുദ്ധിയോടെയുള്ള ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട്) രാത്രി പ്രത്യേക അന്നദാനം നടത്താറുണ്ട്.
ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം.
ശിവരാത്രിയുടെ പിറ്റേന്ന് ചെയ്യുന്ന പിതൃകര്‍മ്മങ്ങള്‍ അതീവ ഫലപ്രാപ്തിയില്‍ എത്തുന്നതാണ്. ആകയാല്‍ ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം പിതൃ പ്രീതികര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ശിവരാത്രി വ്രതത്തില്‍ ജപിക്കാനുള്ള സ്തോത്രം:
---------------------------------------------------------------
ആവാഹിച്ചീടുന്നേന്‍ ഞാന്‍ ഭുക്തി, മുക്തികള്‍ നിത്യം
കൈവരുത്തീടുന്നൊരു ശംഭുവെ ഭക്തിയോടെ,
നരകപ്പെരുങ്കടല്‍ക്കക്കരെ കടക്കുവാന്‍
തരണിയായുള്ളൊരു ശിവനെ! നമസ്ക്കാരം.
ശിവനായ് ശാന്താത്മാവായ് സുപ്രജാ രാജ്യാദിക-
ളരുളും മഹാദേവന്നായിതാ നമസ്ക്കാരം!
സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ-
സൗഖ്യങ്ങളരുളീടും ശിവന്നു നമസ്ക്കാരം!
ധര്‍മ്മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മ്മലമൂര്‍ത്തേ! കാമഭോഗങ്ങള്‍ നല്‍കേണമേ!
ഗുണവും സല്‍ക്കീര്‍ത്തിയും സുഖവും നല്‍കേണമേ!
ഗുണവാരിധേ! സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്‍കേണമേ! 
(അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ സ്തോത്രം ഭക്തിയോടെ, കഴിയുന്നത്ര ജപിക്കണം)
ശിവരാത്രിവ്രത മാഹാത്മ്യം:
--------------------------------------
മഹാപാപിയായ സുന്ദരസേനന്‍ (സുകുമാരന്‍) എന്നയാള്‍ 'നാഗേശ്വരം' എന്ന ശിവക്ഷേത്രസന്നിധിയുടെ അടുത്ത് എത്തപ്പെട്ടു. അപ്പോഴവിടെ 'മഹാശിവരാത്രി' ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. യാദൃശ്ചികമായിട്ടായാലും മഹാപാപിയായ സുന്ദരസേനനും ശിവരാത്രി പൂജയില്‍ പങ്കെടുത്തു. ഏതാനും നാളുകള്‍ക്ക് ശേഷം സുന്ദരസേനന്‍ മരിച്ചു. ആത്മാവിനെ കൊണ്ടുപോകാനായി കാലന്‍റെ ദൂതന്മാരും ശിവന്‍റെ ദൂതന്മാരും യുദ്ധം ചെയ്യേണ്ടിവന്നു. ശിവദൂദന്മാര്‍ വിജയിക്കുകയും അയാളുടെ ആത്മാവിനെ ശിവലോകത്ത് കൊണ്ടുപോകുകയും ചെയ്തു. 
ശിവരാത്രിവ്രതം, പൂജ, ആത്മസമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്നിപുരാണം, ശിവപുരാണം എന്നിവ നമുക്ക് പറഞ്ഞുതരുന്നു.
മഹാബലഗോപാലമന്ത്രം:
 ---------------------------------                              
ശ്രീകൃഷ്ണ ഭക്തര്‍ക്കായി "അഷ്ടദശാക്ഷര വൈഷ്ണവ മന്ത്രം" (18 അക്ഷരങ്ങളുള്ളത്) അഥവാ "മഹാബല ഗോപാലമന്ത്രം" എഴുതുന്നു. ഇത് നിത്യവും ജപിക്കുന്നവര്‍ക്ക് ആരോഗ്യവര്‍ദ്ധനവും, ദാരിദ്ര്യശമനവും, തൊഴിലില്‍ പേരും പ്രശസ്തിയും ലഭിക്കുന്നതാണ്. 
മന്ത്രം:
*****
''ഓം നമോ വിഷ്‌ണവേ സുരപതയേ
മഹാബലായ സ്വാഹാ"

9 അല്ലെങ്കില്‍ 9 ന്‍റെ ഗുണിതങ്ങളായി ജപിക്കാവുന്നതാണ്.  അതുമല്ലെങ്കില്‍ 5 അല്ലെങ്കില്‍ തമ്മില്‍ കൂട്ടിയാല്‍ 5 കിട്ടുന്ന സംഖ്യയായും ജപിക്കാവുന്നതാകുന്നു. വ്യാഴാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള വ്യാഴകാലഹോരയിലും ബുധനാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ബുധകാലഹോരയിലും ഈ മന്ത്രം ജപിക്കാവുന്നതാണ്. ദധിവാമനരൂപം (വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണന്‍റെ രൂപം) മനസ്സില്‍ കണ്ടുകൊണ്ട് ജപിക്കുന്നത് അത്യുത്തമം.

മഹാസുദര്‍ശന മാലാമന്ത്രം:
-----------------------------------
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ 
ഗോപീജന വല്ലഭായ 
പരായപരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്രൌഷധാസ്ത്ര ശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ 
ദീപ്ത്രേജ്വാലാ പരീതായ സര്‍വ്വദിക്ഷോഭണകരായ 
ബ്രഹ്മണേ പരം ജ്യോതിഷേ ഹും ഫട്. 

ഈ മന്ത്രജപത്താല്‍ ശത്രുക്കള്‍ നിഷ്പ്രഭരാകും. ഭാഗ്യഹാനി നീങ്ങും. അസുഖങ്ങള്‍ നീങ്ങും. ദാമ്പത്യക്ലേശങ്ങള്‍ അകലും. വിവാഹതടസ്സം നീങ്ങും.
സന്താനഗോപാലമന്ത്രം:
----------------------------
രോഹിണി ദിവസം (അഷ്ടമിരോഹിണിയില്‍ അത്യുത്തമം) സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന ലബ്‌ധിയെന്ന്‌ വിശ്വാസം.

''ഓം ദേവകീസുത ഗോവിന്ദ
വാസുദേവാ ജഗത്‌പതേ
ദേഹി മേ തനയം കൃഷ്‌ണ
ത്വാമഹം ശരണം ഗത:''

പേര് പോലെതന്നെ ഇത് സത്സന്താനഭാഗ്യത്തിനുള്ള ശ്രീകൃഷ്ണമന്ത്രമാകുന്നു. ഒരു ജാതകത്തില്‍ ബുധനെക്കൊണ്ടുള്ള മറ്റ് ദോഷങ്ങള്‍ക്ക് (ആയുര്‍ദോഷം സഹിതം) പരിഹാരമായും ഈ മന്ത്രം ജപിക്കാവുന്നതാണ്.

വിദ്യാഗോപാല മന്ത്രം:
----------------------------
''ഓം ക്ലീം കൃഷ്‌ണ കൃഷ്‌ണ ഹരേ കൃഷ്‌ണ
സര്‍വ്വജ്‌ഞ ത്വം പ്രസീദ മേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയഛ മേ:"

വിദ്യാഭ്യാസപരമായ സകലവിധ പരിഹാരങ്ങള്‍ക്കും ഈ മന്ത്രം ജപിക്കാവുന്നതാകുന്നു.
-----------------------

രാജഗോപാലമന്ത്രം:
-----------------------
തൊഴില്‍പരമായ സകലവിധ പരിഹാരത്തിനും ധനസമൃദ്ധിക്കും ഐശ്വര്യത്തിനും രാജഗോപാലമന്ത്രം ജപിക്കാവുന്നതാണ്. ഇത് വശ്യമന്ത്രവും ആകയാല്‍ ജപത്തില്‍ പ്രത്യേകനിഷ്ഠ ആവശ്യമാണ്‌. വളരെയേറെ ശ്രദ്ധിക്കണം.

''ഓം കൃഷ്‌ണ കൃഷ്‌ണ മഹായോഗിന്‍
ഭക്‌താനാം അഭയങ്കര
ഗോവിന്ദ പരമാനന്ദ
സര്‍വ്വം മേ വശമാനയ''
------------------------
കേശവമന്ത്രം
-----------------
"ഓം നമോ ഭഗവതേ വാസുദേവായ മാധവായ സുകേശായ
ശ്രീം ക്ലീം കൃഷ്ണായ ശ്രീം ക്ലീം നന്ദഗോപായ
ബാലായ ശ്യാമളായ ക്ലീം ശ്യാമായ
സുമോഹിതപദായ കേശവായ ശ്രീം നമ:"


സാമ്പത്തിക ബാദ്ധ്യതകള്‍ നീങ്ങുന്നതിന് ഈ മന്ത്രജപം അത്യുത്തമം ആകുന്നു. ലക്ഷ്മീബീജ സഹിതമായ ഈ കേശവമന്ത്രം കുടുംബത്ത് സര്‍വ്വൈശ്വര്യങ്ങളും നല്‍കാന്‍ അത്യുത്തമം ആകുന്നു.

നെയ്‌വിളക്ക് കൊളുത്തി പ്രഭാതങ്ങളില്‍ ഭക്തിയോടെ ജപിക്കണം. 9, 18, 27 എന്ന രീതിയില്‍ 108 വരെ ജപിക്കാവുന്നതാണ്. വിദേശരാജ്യങ്ങളില്‍ അല്ലെങ്കില്‍ മറ്റ്‌ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്രകാരം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലെങ്കില്‍, സ്വസ്ഥമായി ഇരിക്കുന്ന സമയത്ത് ഭഗവാന്‍ ശ്രീകൃഷ്ണന് മാനസപൂജ ചെയ്യുന്നതായി സങ്കല്പിച്ചുകൊണ്ട് (മാനസപൂജയെക്കുറിച്ച് ആദ്യം എഴുതിയിട്ടുണ്ട്
) ഈ മന്ത്രം ഭക്തിയോടെ ജപിക്കുക.

ബുധനാഴ്ചയോ വ്യാഴാഴ്ചയോ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍വരെയുള്ള സമയത്ത് ജപം ആരംഭിക്കാവുന്നതാണ്. തുടര്‍ന്ന്‍ തുടര്‍ച്ചയായി 27 ദിവസം ജപിക്കണം. സ്ത്രീകള്‍ക്ക് അശുദ്ധി വന്നാല്‍ എട്ടാംദിവസം മുതല്‍ ജപം തുടരാം. അല്ലെങ്കില്‍ മുടക്കം വരാത്ത രീതിയില്‍ ജപം ആരംഭിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ജപം ആരംഭിക്കുന്നതിനായി സ്ത്രീകള്‍ പ്രത്യേക ദിവസം നോക്കേണ്ടതുമില്ല.
******************************* 
സുബ്രഹ്മണ്യ ഗായത്രി:
***********************
മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും, ഒരു ജാതകത്തില്‍ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കാം. 
രാഹൂര്‍ദശയില്‍ ചൊവ്വയുടെ അപഹാരകാലം (രാഹൂര്‍ദശയുടെ അവസാനകാലം അഥവാ ദശാസന്ധിക്കാലം) ഉള്ളവര്‍ ഇവയില്‍ ഒന്ന് ജപിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കും.
സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി ജപിക്കാം. 
സുബ്രഹ്മണ്യ ഗായത്രി:
************************
"സനല്‍ക്കുമാരായ വിദ്മഹേ 
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്"
സുബ്രഹ്മണ്യ മൂലമന്ത്രം:
*************************
"ഓം വചദ്ഭുവേ നമ:"
ഗുരുവിന്‍റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് സധൈര്യം ജപിച്ചുതുടങ്ങാം.
സുബ്രഹ്മണ്യ രായം:
*********************
"ഓം ശരവണ ഭവ:" 

സുബ്രഹ്മണ്യ മന്ത്രങ്ങളും മറ്റ് ജപങ്ങളും ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ചൊവ്വാകാലഹോരയില്‍ ഭക്തിയോടെ ജപിച്ചുതുടങ്ങണം. പൊതുവേ സുബ്രഹ്മണ്യമന്ത്രങ്ങളും മറ്റ് ജപങ്ങളും 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. അങ്ങനെ 'സുബ്രഹ്മണ്യ രായം' എന്നാണോ 21,000 സംഖ്യ പൂര്‍ത്തിയാകുന്നത്, അന്നുമുതല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍റെ അനുഗ്രഹം ലഭിച്ചുതുടങ്ങുമെന്ന് അനുഭവസാക്ഷ്യം.

*******************************              
ശാസ്താവിന്‍റെ ഭക്തര്‍ക്കായി 21 ഇഷ്ടമന്ത്രങ്ങള്‍ എഴുതുന്നു:
**************************************************
"ഓം കപാലിനേ നമ:
ഓം മാനനീയായ നമ:
ഓം മഹാധീരായ നമ:
ഓം വീരായ നമ:
ഓം മഹാബാഹവേ നമ:
ഓം ജടാധരായ നമ:
ഓം കവയേ നമ:
ഓം ശൂലിനേ നമ:
ഓം ശ്രീദായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം ഋഗ്വേദരൂപായ നമ:
ഓം പൂജ്യായ നമ:
ഓം പരമേശ്വരായ നമ:
ഓം പുഷ്കലായ നമ:
ഓം അതിബലായ നമ:
ഓം ശരധരായ നമ:
ഓം ദീര്‍ഘനാസായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം കാലഹന്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം മദനായ നമ:"

ശനിദോഷം ഉള്ളവര്‍, ഗ്രഹനിലയില്‍ ശനി വക്ര ഗതിയില്‍ ഉള്ളവര്‍, ശനിയുടെ ദശാപഹാരം ഉള്ളവര്‍, മകരം-കുംഭം കൂറുകാരും ലഗ്നക്കാരും, പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാര്‍ എന്നിവര്‍ ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനി കാലഹോരയില്‍ നെയ്‌വിളക്ക് കത്തിച്ചുവെച്ച് 19 ഉരു ജപിക്കണം. നീലശംഖുപുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നതും അത്യുത്തമം.

ഈ മന്ത്രജപം അഭീഷ്ടസിദ്ധി, ശനിദോഷ നിവാരണം എന്നിവയ്ക്ക് അത്യുത്തമം ആകുന്നു.

ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം):
-------------------------------------------
ഇത് ദുര്‍ഗ്ഗാസൂക്തമെന്നും പഞ്ചദുര്‍ഗ്ഗാമന്ത്രമെന്നും അറിയപ്പെടുന്നു. പേര് പോലെതന്നെ ദുര്‍ഗ്ഗാദേവിയുടെ മന്ത്രമാകുന്നു. ദുര്‍ഗ്ഗാസൂക്തത്തില്‍ അഞ്ച് മന്ത്രങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, ആദ്യമന്ത്രം 'ത്രിഷ്ടുപ്പ്‌ മന്ത്രം' എന്നും അറിയപ്പെടുന്നു. രോഗശമനം, ഭൂത-പ്രേതബാധാശമനം, ശത്രുനാശം, ദീര്‍ഘായുസ്സ്‌ എന്നിവയ്ക്ക് ത്രിഷ്ടുപ്പ്‌ മന്ത്രം അത്യുത്തമം ആകുന്നു. 

ഭഗവതിസേവയില്‍ വലിയ വിളക്കിലെ അഞ്ച് തിരികളും കത്തിക്കുന്നത് ദുര്‍ഗ്ഗാസൂക്തത്തിലെ ഓരോ മന്ത്രവും ജപിച്ചുകൊണ്ടായിരിക്കും. 

ദുര്‍ഗ്ഗാദേവിയ്ക്ക് അഭിഷേകസമയത്തും ദുര്‍ഗ്ഗാസൂക്തം ജപിക്കുന്നു. സകലവിധ കാര്യസാദ്ധ്യത്തിനും ദുര്‍ഗ്ഗാസൂക്തം ജപിച്ചുള്ള പുഷ്പാഞ്ജലി അത്യുത്തമം ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. 

ചന്ദ്രദശയും ചന്ദ്രാപഹാരവും ഉള്ളവരും, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാരും, കര്‍ക്കടകക്കൂര്‍ ആയവരും (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം), ചന്ദ്രന്‍ നീചരാശിയായ വൃശ്ചികത്തില്‍ നില്‍ക്കുന്നവരും (വിശാഖം-അവസാനപാദം, അനിഴം, കേട്ട), ഒമ്പതാംഭാവാധിപനായ ചന്ദ്രന്‍ അനിഷ്ടഭാവത്തില്‍ നില്‍ക്കുവരും സ്ഥിരമായി ദുര്‍ഗ്ഗാസൂക്തം ഭക്തിയോടെ ജപിക്കുന്നത് വളരെ നല്ലതാണ്. 

രാത്രിയില്‍ ദു:സ്വപ്നം കാണുന്ന കുട്ടികളുടെയും, അസമയത്ത് ഭയന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയും തലയില്‍ കൈവെച്ച് മാതാവോ പിതാവോ ഭക്തിയോടെ ഇതിലെ ആദ്യ മന്ത്രം മാത്രമോ അല്ലെങ്കില്‍ അഞ്ച് മന്ത്രങ്ങള്‍ പൂര്‍ണ്ണമായോ പതിനൊന്ന് പ്രാവശ്യം ജപിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും.

ഇതിലെ രണ്ടാമത്തെ മന്ത്രത്തിലെ 'ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ' എന്ന ഭാഗം മാത്രം നിത്യവും ജപിക്കുന്നത് നിങ്ങളുടെ മനസ്സിന്‍റെ പിരിമുറുക്കം (ടെന്‍ഷന്‍) കുറയ്ക്കും. 

ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം):
-------------------------------------------
1) ജാതവേദസേ സുനവാമ സോമമരാതീയതോ നിദഹാതി വേദ:
  സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി:

2) താമഗ്നിവര്‍ണ്ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മ്മഫലേഷു ജൂഷ്ടാം
  ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുത-രസിത-രസേ നമ:

3) അഗ്നേ ത്വം പാരയാ നവ്യോ അസ്മാന്‍ സ്വസ്തിഭിരതി ദുര്‍ഗ്ഗാണി വിശ്വാ
  പൂശ്ച പൃഥ്വി ബഹുലാ ന ഉര്‍വ്വീ ഭവാ തോകായ തനയായ ശം യോ:

4) വിശ്വാനീ നോ ദുര്‍ഗ്ഗഹാ ജാതവേദസ്സിന്ധും ന നാവാ ദുരിതാതിപര്‍ഷി
  അഗ്നേ അത്രിവന്മനസ്സാ ഗൃണാനോസ്മാകം ബോധ്യവിതാ തന്തൃനാം 

5) പൃതനാജിതം സഹമാനമുഗ്രമഗ്നിം ഹുവേമ പരമാഥ് സധസ്ഥാത്
  സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ ക്ഷാമദ്ദേവോ അതി ദുരിതാത്യഗ്നി:
*******************************                      
കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രവും കാര്‍ത്തവീര്യാര്‍ജ്ജുന ഗായത്രിയും:
-----------------------------------
ഇത് വിവിധങ്ങളായ മന്ത്രങ്ങളായി ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. ജപത്തിനായി ഒരു മന്ത്രവും ഗായത്രിയും എഴുതുന്നു.

കോടതിയിലെ കേസ്സുകളുടെ വിജയം, പരീക്ഷാവിജയം, വസ്തുവകകളുടെ ലാഭകരമായ കച്ചവടം എന്നിവയ്ക്ക് കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രവും ഗായത്രിയും നിത്യവും ജപിക്കുന്നത് അതീവഗുണപ്രദമാകുന്നു. 

ഗായത്രി:
*******
"കാര്‍ത്തവീര്യായ വിദ്മഹേ 
മഹാവീരായ ധീമഹീ
തന്വോര്‍ജ്ജുന: പ്രചോദയാത്"

(ഇത് മന്ത്രജപത്തിന് മുമ്പ്‌ മൂന്നുരു ജപിക്കണം)

മന്ത്രം:
*****
"ഓം നമോ ഭഗവതേ ശ്രീകാര്‍ത്തവീര്യാര്‍-
ജ്ജുനായ സര്‍വ്വദുഷ്ടാന്തകായ തപോ-
ബലപരാക്രമായ പരിപാലിത സമസ്ത-
ദ്വീപായ സര്‍വ്വരാജന്യചൂഡാമണയേ 
മഹാശക്തിമതേ സഹസ്ര ബാഹവേ-
ഹും ഫള്‍ സ്വാഹാ"

ശത്രുനാശത്തിനായും കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രം ഭക്തിയോടെ ജപിക്കാറുണ്ട്.
****************************

ഭാഗ്യസൂക്തം.
**************
'ഭാഗ്യസൂക്തം' പരിചയപ്പെടുത്തുന്നു.

മിക്ക ഭക്തര്‍ക്കും ഒരു പരാതിയുണ്ട്, "ചില കര്‍മ്മികള്‍ വഴിപാടായി നടത്തുന്ന ഭാഗ്യസൂക്തം ജപിക്കാറില്ലെന്ന്"... അതില്‍ ചില യാഥാര്‍ത്ഥ്യം ഇല്ലാതെയുമില്ല. ഇത്രയും ദീര്‍ഘമായ സൂക്തങ്ങള്‍ (ഇതിലും വളരെ വലിയ സൂക്തങ്ങളുണ്ട്) ജപിക്കാനോ അര്‍ച്ചന നടത്താനോ തിരക്കേറിയ ഒരു ക്ഷേത്രത്തിലെ കര്‍മ്മിയ്ക്ക് സാധിക്കണമെന്നില്ല. ആകയാല്‍ അതിന് തുല്യമായ തുക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് സ്വഭവനത്തില്‍ ഇരുന്ന് പ്രഭാതങ്ങളില്‍ അഗ്നി, ഇന്ദ്രന്‍ തുടങ്ങിയ ദേവതകളേയും ഇഷ്ടദേവതയേയും ധ്യാനിച്ചുകൊണ്ട് ഭാഗ്യസൂക്തം ജപിക്കാവുന്നതാണ്.

പ്രഭാതങ്ങളില്‍ മാത്രം ഭാഗ്യസൂക്തം ജപിച്ചുശീലിക്കണം. അതാത് ദശാപഹാര നാഥന്മാരെയും അവരുടെ അധിദേവതകളെയും (ദശാപഹാര വിവരങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ ലഭ്യമാണ്:http://www.utharaastrology.com/pages/Vazhipaadukal.html ) ധ്യാനിച്ചുകൊണ്ട് മൂന്ന്‍ പ്രാവശ്യം ജപിക്കണം. അതായത്, ശനിദശയില്‍ ചന്ദ്രാപഹാരം ആണെങ്കില്‍ ശാസ്താവിനേയും പാര്‍വ്വതി അല്ലെങ്കില്‍ ദുര്‍ഗ്ഗാദേവിയേയും ധ്യാനിച്ചുകൊണ്ട് ഭാഗ്യസൂക്തം ജപിക്കണം. അതീവദോഷപ്രദമായി നില്‍ക്കുന്ന കാലമാണെങ്കില്‍ ജപസംഖ്യയും കൂട്ടാവുന്നതാണ്. 

പ്രഭാതങ്ങളില്‍ അഗ്നി, ഇന്ദ്രന്‍ ഇത്യാദി സകല ദേവതകളേയും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഉത്തരോത്തരം ഭാഗ്യപ്രാപ്തിയെ ലഭ്യമാക്കുന്ന മന്ത്രഭാഗങ്ങള്‍ അടങ്ങിയതാണ് "ഭാഗ്യസൂക്തം". ഇത് സകലവിശ്വാസികള്‍ക്കും ജപിക്കാവുന്നതുമാകുന്നു.

ഭാഗ്യസൂക്തം:
**************
"ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ. പ്രാതര്‍ഭഗം പൂഷണം ബ്രാഹ്മണസ്പതിം പ്രാതസ്സോമമുത രുദ്രം ഹുവേമ.
പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ. ആദ്ധ്രശ്ചിദ്യം 
മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ.
ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം ധിയമുദവ ദദന്ന: ഭഗ പ്ര ണോ ജനയ 
ഗോഭിരശ്വൈര്‍ഭഗ പ്രനൃഭിര്‍  നൃവന്തസ്യാമ.
ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ.
ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്തേന വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ 
ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭാവേഹ.
സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ ശുചയേ പദായ. അര്‍വ്വാചീനം വസുവിദം ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.
അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത: പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:
യോ മാഅഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി. അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു"  
*****************************
ശ്രീസൂക്തം:
-------------------
ശ്രീസൂക്തമന്ത്രത്തെ പരിചയപ്പെടുത്തുന്നു. ദാരിദ്ര്യശമനത്തിന് ശ്രീസൂക്തമന്ത്രജപം അത്യുത്തമം ആകുന്നു. സന്ധ്യാനേരത്ത് നെയ്‌വിളക്ക് കൊളുത്തി മഹാലക്ഷ്മിയെ ധ്യാനിച്ചുകൊണ്ട് ശ്രീസൂക്തം ജപിക്കുന്ന വീട്ടില്‍ ദാരിദ്ര്യം ഉണ്ടാകുന്നതല്ല. അവിടെ മഹാലക്ഷ്മി കുടികൊള്ളുമെന്ന് നിസ്സംശയം പറയാം. അക്ഷരത്തെറ്റുകള്‍ വരാതെ സാവധാനം ജപിച്ചുശീലിക്കണം. 
ശ്രീസൂക്തം
-------------
ഹിരണ്യവര്‍ണ്ണാം ഹരിണീം സുവര്‍ണ്ണരജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനീം
യസ്യാം ഹിരണ്യം വിന്ദേയം ഗാമശ്വം പുരുഷാനഹം.

അശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്തിനാദപ്രമോധിനീം
ശ്രിയം ദേവീമുപഹ്വയേ ശ്രീര്‍മ്മാ ദേവീജൂഷതാം
കാംസോസ്മിതാം ഹിരണ്യപ്രകാരാമാര്‍ദ്രാം ജ്വലന്തീം തൃപ്താം തര്‍പ്പയന്തീം
പദ്മേ സ്ഥിതാം പദ്മവര്‍ണ്ണാം താമിഹോപഹ്വയേ ശ്രിയം.

ചന്ദ്രാം പ്രഭാസാം യശസാ ജ്വലന്തീം ശ്രീയാം ലോകേ ദേവജൂഷ്ടാമുദാരാം
താം പദ്മിനീമീം ശരണമഹം പ്രപദ്യേ അലക്ഷ്മീര്‍മ്മേ നശ്യതാം ത്വാം വൃണേ
ആദിത്യവര്‍ണ്ണേ തപസോഅധിജാതോ വനസ്പതിസ്തവ വൃക്ഷോഅഥ ബില്വ:
തസ്യ ഫലാനി തപസാ നുദന്തു മയാന്തരായാശ്ച ബാഹ്യാ അലക്ഷ്മീ:

ഉപൈതു മാം ദേവസഖ: കീര്‍ത്തിശ്ച മണിനാ സഹ
പ്രാദുര്‍ ഭൂതോഅസ്മി രാഷ്ട്രേഅസ്മിന്‍ കീര്‍ത്തി മൃദ്ധിം ദദാതു മേ
ക്ഷുത്പിപാസാമലാം ജ്യേഷ്ഠാമലക്ഷ്മീം നാശയാമ്യഹം
അഭൂതിമസമൃദ്ധിം ച സര്‍വ്വാം നിര്‍ണുദ മേ ഗൃഹാത്

ഗന്ധദ്വാരാം ദുരാധര്‍ഷാം നിത്യപുഷ്ടാം കരീഷിണീം
ഈശ്വരീം സര്‍വ്വഭൂതാനം താമിഹോപഹ്വയേ ശ്രിയം
മനസ: കാമമാകൂതീം വാചസ്സത്യമശീമഹീ
പശൂനാം രൂപമന്നസ്യ മയി ശ്രീ: ശ്രയതാം യശ:

കര്‍ദ്ദമേന പ്രജാ ഭൂതാ മയി സംഭവ കര്‍ദ്ദമ
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപസ്സൃജന്തു സ്നിഗ്ദ്ധാനി ചിക്ളീത വസ മേ ഗൃഹേ
നി ച ദേവീം മാതരം ശ്രിയം വാസയ മേ കുലേ

ആര്‍ദ്രാം യഷ്ക്കരിണീം യഷ്ടിം പിങ്ഗളാം പദ്മമാലിനീം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
ആര്‍ദ്രാം പുഷ്ക്കരിണീം പുഷ്ടിം സുവര്‍ണ്ണാം ഹേമമാലിനീം
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജാതവേദോ മ ആവഹ

താം മ ആവഹ ജാതവേദോ ലക്ഷ്മീമനപഗാമിനീം
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോഅശ്വാന്‍ വിന്ദേയം പുരുഷാനഹം
പദ്മപ്രിയേ പദ്മിനി പദ്മഹസ്തേ പദ്മാലയേ പദ്മദളായതാക്ഷി 
വിശ്വപ്രിയേ വിഷ്ണുമനോനുകൂലേ ത്വത്പാദപദ്മം മയി സന്നിധഥ്‌സ്വ

മഹാദേവ്യൈ ച വിദ്മഹേ, വിഷ്ണുപത്ന്യെ ച ധീമഹി
തന്നോ ലക്ഷ്മീ: പ്രചോദയാത്
ശ്രീവര്‍ചസ്വമായുഷ്യമാരോഗ്യമാവിധാശ്ചോഭമാനം മഹീയതേ
ധാന്യം ധനം പശും ബഹുപുത്രലാഭം ശതസംവത്സരം ദീര്‍ഘമായു(ഹ):
--------------------------------------------
നരസിംഹമന്ത്രം:
'ഉഗ്രം വീരം മഹാവിഷ്‌ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം
ഭദ്രം മൃത്യുമൃത്യും നമാമ്യഹം'

ശത്രുദോഷം മാറാനായി നരസിംഹമന്ത്രം ജപിക്കാം. ശത്രുദോഷമില്ലെങ്കില്‍ മനസ്സിന്റെ പിരിമുറുക്കം കുറയ്‌ക്കാനായും നരസിംഹമന്ത്രം ജപിക്കാം. ആവശ്യമായത്‌ അപേക്ഷിച്ചുകൊണ്ട്‌ ജപിക്കുന്നതാണ്‌ ഉത്തമം.
കാളീസൂക്തം:
(ഇത് വളരെ ശ്രദ്ധയോടെ അക്ഷരത്തെറ്റ് വരുത്താതെ ജപിക്കേണ്ടതാണ്):
കേശ്യാഗ്നിങ്ങ് കേശീ വിഷം കേശീ ബിഭര്‍ത്തി രോദസീ കേശീ വിശ്വം സ്വര്‍ദൃശേ കേശീ ദഞ്ജ്യോതി രുച്യതേ.
മുനയോ വാതരശനാ: പിശങ്ഗാവസതേ മലാ. വാതസ്യാനുധ്രാജിം യന്തി യദ്ദേവാസോ അവിക്ഷത.
ഉന്മദിതാ മൌനേ യേന വാതാം ആവസ്ഥിമാ വയം. ശരീരേ ദസ്മാകം യൂയം മര്‍ത്താസോ അഭിപശ്യഥ.
അന്തരിക്ഷേണ പതതി വിശ്വാ രൂപാ വചാ കശല്‍. മുനിര്‍ദേവസ്യ ദേവസ്യ സൌകൃത്യായ സഖാ ഹിത:
വാതസ്യാശ്വോ വായോ സ്സഖാഥോ ദേവേഷിതോ മുനി: ഉഭൌ സമുദ്രാവാക്ഷേതി യശ്ച പൂര്‍വ്വ ഉതാപര:
അപ്സരസാങ്ഗന്ധര്‍വ്വാണാം മൃഗാണാ ഞ്ചരണേ ചരന്‍, കേശീകേതസ്യ വിദ്വാ ന്ഥ്സഖാ സ്വാദുര്‍ മ്മദിന്തമ:
വായു രസ്മാ ഉപാമന്ഥല്‍ പിനഷ്ടിസ്മാകുനന്നമാ. കേശീ വിഷസ്യ പാത്രേണ യ ദ്രുദ്രേണാപിബല്‍ സഹ. 
ഉതദേവാ അവഹിത ന്ദേവാ ഉന്നയഥാ പുന: ഉതാഗ ശ്ചക്രുഷന്ദേവാ ദേവാ ജീവ യഥാ പുന:
ദ്വാ വിമൌ വാതൌ വാത ആ സിന്ധോ രാ പരാവത:. ദക്ഷ ന്തേ അന്യ ആവാതു പരാന്യോ വാതു യ ദ്രപ:
ആവാതവാഹി ഭേഷജം വിവാതവാഹി യദ്രപ:. ത്വം ഹി വിശ്വഭേഷജോ ദേവാനാ ന്ദൂത ഈയസേ.
ആത്വാഗമം ശന്താതിഭി രഥോ അരിഷ്ടതാതിഭി: ദക്ഷന്തേ ഭദ്ര മാഭാര്‍ഷം പരായക്ഷ്മം സുവാമിതേ.
ത്രായന്താ മിഹ ദേവാസ്ത്രായതാം മരുതാങ് ഗണ:. ത്രായന്താം വിശ്വാ ഭൂതാനി യഥാ യ മരപാ അസല്‍.
ആപ ഇദ്വാ ഉ ഭേഷജീ രാപോ അമീവ ചാതനീ: ആപ സ്സര്‍വ്വസ്യ ഭേഷജീ സ്താ സ്തേ കൃണ്വന്തു ഭേഷജം.
ഹസ്താഭ്യാ ന്ദശ ശാഖാഭ്യാ ഞ്ജിഹ്വാ വാച: പുരോഗവീ അനാമയിത്നുഭ്യാ ന്ത്വാതാഭ്യാ ന്ത്വോപ സ്പൃശാമസി"
ചൊവ്വയും പഞ്ചമിയും മകയിരമോ ചിത്തിരയോ അവിട്ടമോ ആയി ഒത്ത് വന്നാല്‍ അന്ന് കാളീസൂക്തം 36 ഉരു ജപിക്കുന്നത് സകലവിധ തടസ്സങ്ങളും നീങ്ങുന്നതിന് അത്യുത്തമം ആകുന്നു. ഇത് ക്ഷേത്രത്തില്‍ 36 ഉരു ജപിച്ച് പുഷ്പാഞ്ജലി ചെയ്യിക്കുന്നത് അപ്രായോഗികം ആകയാല്‍, ക്ഷേത്രത്തില്‍ ഒരു പുഷ്പാഞ്ജലി നടത്തിയിട്ട് വീട്ടിലിരുന്ന് ഭക്തിയോടെ 36 ഉരു ജപിക്കുന്നതായിരിക്കും നല്ലത്.
*****************************************************
വിജയലക്ഷ്മീ മന്ത്രം:
"പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാത
മഹാലക്ഷ്മി നമോസ്തുതേ"

മത്സരബുദ്ധിയുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു. 108 ആണ് ജപസംഖ്യ.
*****************************
ഭര്‍തൃസ്നേഹം ലഭിക്കുന്നതിന് ദേവീമന്ത്രം:
-----------------------------------------------------

"ഓം നമോ ദേവ ഭഗവതേ ത്രിലോചന
ത്രിപുര (പിന്നെ ഭര്‍ത്താവിന്‍റെ പേരും നക്ഷത്രവും) മേ വശം കുരു കുരു സ്വാഹാ"
***********************************************
സൂര്യ-വ്യാഴ-ശനീശ്വര ശാന്തിമന്ത്രങ്ങള്‍
--------------------------------------------------
സൂര്യനോ ശനിയോ വ്യാഴമോ ദോഷപ്രദമായി നില്‍ക്കുന്നുവെങ്കില്‍ പ്രസ്തുത ഗ്രഹങ്ങളുടെ ശാന്തിമന്ത്രം ഭക്തിയോടെ നിങ്ങള്‍ക്ക് ജപിക്കാവുന്നതാണ്. ഇവ മൂന്നും പ്രതികൂലമായി വന്നാല്‍ തീര്‍ച്ചയായും ദോഷപരിഹാരം ചെയ്യണം. ദശാപഹാരകാലവും ഇതോടൊപ്പം പ്രതികൂലമായാല്‍ സ്ഥിതി അതീവ ദോഷപ്രദവുമാകും. 

സൂര്യ-വ്യാഴ-ശനീശ്വര ശാന്തിമന്ത്രങ്ങളെ പരിചയപ്പെടുത്തുന്നു.

സൂര്യശാന്തി മന്ത്രം:
------------------------
ജാതകത്തിലെ സൂര്യദോഷപരിഹാരത്തിന് സൂര്യന്‍റെ അധിദേവതയായ ശിവനാണ് പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. ഏതൊരു ഗ്രഹശാന്തികര്‍മ്മത്തിനും ആദ്യം സൂര്യനെ പ്രീതിപ്പെടുത്താറുണ്ട്. ഉദാഹരണമായി, ഒരു നവഗ്രഹക്ഷേത്രത്തില്‍ വ്യാഴത്തിനും ശനിയ്ക്കും അര്‍ച്ചന ചെയ്യേണ്ടി വന്നാല്‍ ഉത്തമനായ കര്‍മ്മി ആദ്യം സൂര്യന് അര്‍ച്ചന ചെയ്തിട്ടുമാത്രമേ വ്യാഴത്തിനും ശനിയ്ക്കും അര്‍ച്ചന ചെയ്യുകയുള്ളൂ. 

സൂര്യദോഷപരിഹാരം ചെയ്യേണ്ടവര്‍:
---------------------------------------------
സൂര്യന്‍റെ ദശാപഹാരം ഉള്ളവര്‍, ചാരവശാല്‍ സൂര്യന്‍ പ്രതികൂലമായി നില്‍ക്കുന്നവര്‍ (ചാരവശാല്‍ സൂര്യന്‍ 1, 2, 4, 5, 7, 8, 9, 12 എന്നീ ഭാവങ്ങളില്‍ സഞ്ചരിക്കുന്നവര്‍ - ഈ മലയാളമാസത്തില്‍ സൂര്യന്‍റെ അനുകൂല-പ്രതികൂല രാശികളെക്കുറിച്ച് അറിയുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: http://www.utharaastrology.com/news/6.html‍), ഞായറാഴ്ച ജനിച്ചവര്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാര്‍, സൂര്യന്‍ ഗ്രഹനിലയില്‍ 6, 8, 12 ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍, തുലാം, മകരം, കുംഭം എന്നീ രാശികളില്‍ സൂര്യന്‍ നില്‍ക്കുന്നവര്‍, ചതയം, ഉതൃട്ടാതി, തിരുവാതിര, പൂയം, ചോതി, അനിഴം എന്നീ നക്ഷത്രക്കാര്‍, സൂര്യന് ശനിയുടെയോ രാഹുവിന്‍റെയോ കേതുവിന്‍റെയോ ദൃഷ്ടിയോ യോഗമോ വന്നവര്‍ എന്നിവരൊക്കെയും അവരുടെ സൂര്യദശാപഹാരകാലത്ത്‌ പരിഹാരം ചെയ്യണം.

സൂര്യപ്രാര്‍ത്ഥന - ഉത്തമസമയം, സംഖ്യ:
--------------------------------------------------
ഞായറാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സൂര്യകാലഹോരസമയം സൂര്യഭജനത്തിന് അത്യുത്തമം ആകുന്നു. വീട്ടില്‍ നെയ്‌വിളക്ക് കത്തിച്ചുവെച്ച് സൂര്യശാന്തിമന്ത്രം 9 ഉരു ജപിക്കാം. ജപിക്കുമ്പോള്‍ കുടുംബത്തുള്ള എല്ലാ അംഗങ്ങളുടെയും പേരും നക്ഷത്രവും പറഞ്ഞതിനുശേഷം മന്ത്രം ജപിക്കണം. ഈ സമയത്ത് മാണിക്യമോതിരം ധരിക്കാം, ആദിത്യഹൃദയം ജപിക്കാം, സൂര്യനെ ഭജിച്ചുകൊണ്ട് ഭാഗ്യസൂക്തവും ജപിക്കാം.

സൂര്യശാന്തിമന്ത്രം:
-----------------------
"ഓം ആസത്യേന രജസാ വര്‍ത്തമാനോ നിവേശയന്നമൃതം മര്‍ത്ത്യഞ്ച
ഹിരണ്യയേന സവിതാ രഥേനാ ദേവോയാതി ഭുവനാ വിപശ്യന്‍

അഗ്നിം ദൂതം വൃണീമഹേ ഹോതാരം വിശ്വവേദസം 
അസ്യ യജ്ഞസ്യ സുക്രതും

യേഷാമീശേ പശുപതി: പശൂനാം ചതുഷ്‌പദാമുത ച ദ്വിപദാം
നിഷ്ക്രീതോയം യജ്ഞിയം ഭാഗമേതു രായസ്പോഷാ  യജമാനസ്യ സന്തു

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ ആദിത്യായ നമ: ശംഭവേ നമ:"
--------------------------------------
ഇത് നവഗ്രഹശാന്തി മന്ത്രത്തിലെ സൂര്യമന്ത്രം ആകുന്നു. അക്ഷരത്തെറ്റ് വരാതെയും, ശത്രുനിഗ്രഹം ആഗ്രഹിക്കാതെയും ഭയഭക്തിയോടെ ജപിക്കുക. ഫലം സുനിശ്ചിതം ആയിരിക്കും.ദാരിദ്ര്യശമനം, രോഗശമനം (പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖം), സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യം എന്നിവയ്ക്ക് സൂര്യശാന്തി മന്ത്രം അത്യുത്തമം ആകുന്നു.
-----------------------------
ശനീശ്വരശാന്തി മന്ത്രം:
---------------------------
ശനിദോഷനിവാരണത്തിനായി പരിഹാരം ചെയ്യുന്ന പലരുമുണ്ട്. പലവിധമായ പരിഹാരകര്‍മ്മങ്ങളുമുണ്ട്. എന്നാല്‍ സ്വന്തം വീട്ടില്‍ ഇരുന്ന് ജപിക്കാവുന്ന അതീവ ഫലസിദ്ധിയുള്ള ശനീശ്വര ശാന്തിമന്ത്രത്തെക്കുറിച്ച് എഴുതുന്നു. ഇത് അതീവ ഗുണപ്രദമാണെന്ന് നിസ്സംശയം പറയാം.

ശനിദോഷപരിഹാരം ചെയ്യേണ്ടവര്‍:
----------------------------------------------
ശനിയുടെ ദശാപഹാരകാലം, ചാരവശാല്‍ ശനി പ്രതികൂലമായവര്‍ (ചാരവശാല്‍ ശനി 1, 2, 4, 5, 7, 8, 9, 10, 12 എന്നീ ഭാവങ്ങളില്‍ സഞ്ചരിക്കുന്നവര് - ശനിയുടെ രാശിമാറ്റം, അനുകൂല-പ്രതികൂല രാശികള്‍ എന്നിവയെക്കുറിച്ച് അറിയാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: http://www.utharaastrology.com/news/3.html‍), വക്രഗതിയില്‍ ശനിയുള്ളവര്‍ (ഓര്‍ക്കുക, ജാതകത്തില്‍ ശനി വക്രത്തില്‍ ആണെങ്കില്‍ ശനിദോഷപരിഹാരം തീര്‍ച്ചയായും ചെയ്യേണ്ടതാകുന്നു), ശനിയാഴ്ച ജനിച്ചവര്‍, പൂയം, അനിഴം, ഉതൃട്ടാതി എന്നീ നക്ഷത്രക്കാര്‍, ശനിയ്ക്ക്‌ 2, 6, 7, 8, 12 എന്നീ ഭാവങ്ങളുടെ ആധിപത്യം ഉള്ളവര്‍, മേടം ധനു, മീനം എന്നീ ലഗ്നക്കാര്‍, 5, 6, 8, 12 ഈ ഭാവങ്ങളിലൊന്നില്‍ ശനി നില്‍ക്കുന്നവര്‍, സൂര്യനുമായോ ചൊവ്വയുമായോ രാഹുവുമായോ കേതുവുമായോ ശനിയ്ക്ക്‌ യോഗം വന്നിട്ടുള്ളവര്‍, മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം എന്നീ രാശികളിലൊന്നില്‍ ശനി നില്‍ക്കുന്നവര്‍ എന്നിവരൊക്കെയും ശനീശ്വര പ്രീതി നടത്തണം.

നീരാജനം:
------------
നീരാജനം നല്‍കുന്നത് ഉത്തമം ആകുന്നു. എന്നാല്‍, 2 നാഴിക നേരമെങ്കിലും നീരാജനം കത്തി നില്‍ക്കുകയും (നിര്‍ഭാഗ്യവശാല്‍ മിക്ക ക്ഷേത്രങ്ങളിലും ഇത് നടക്കാറില്ലെന്ന്‍ വിഷമത്തോടെ പറയട്ടെ...) തൊട്ടടുത്ത ദിവസം അതേ ബിംബത്തിന് യഥാശക്തി അഭിഷേകം കൂടി നടത്തുകയും ചെയ്യുന്നതാണ് അതീവ ഫലപ്രദമായി കണ്ടുവരുന്നത്. 

ശനിക്ഷേത്രത്തിലെ പ്രാര്‍ത്ഥന:
-------------------------------------
ശനീശ്വരക്ഷേത്രത്തിലാണ് (അല്ലെങ്കില്‍ നവഗ്രഹക്ഷേത്രത്തില്‍) ദോഷപരിഹാരം ചെയ്യുന്നതെങ്കില്‍, ശനീശ്വരന്‍റെ നേരേ നോക്കി നിന്ന് പ്രാര്‍ത്ഥിക്കാതെ, ശനീശ്വരന്‍റെ ഒരു പാര്‍ശ്വഭാഗത്ത്‌ നിന്നുമാത്രം പ്രാര്‍ത്ഥിക്കണം.

ശനീശ്വരപ്രാര്‍ത്ഥന - ഉത്തമസമയം, സംഖ്യ:
--------------------------------------------------------
ശനിയാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ശനി കാലഹോരയാണ് ശനീശ്വര ഭജനത്തിന് അത്യുത്തമം. സ്വന്തം വീട്ടില്‍ ശനിയാഴ്ച സൂര്യോദയ സമയത്ത്‌ നെയ്‌വിളക്ക് കത്തിച്ച് ശനീശ്വരന്‍റെ ശാന്തിമന്ത്രം 9 ഉരു ജപിക്കുക (എന്നാല്‍ നവഗ്രഹശാന്തിഹോമത്തില്‍ ഓരോ ഗ്രഹത്തിന്‍റെയും ശാന്തിമന്ത്രങ്ങള്‍ 28 പ്രാവശ്യം വീതമാണ് ജപിക്കുന്നത്. അപ്പോള്‍ ദേവസംഖ്യയായ 9 (28 x 9=252=9) എന്ന സംഖ്യ കിട്ടും. ആയതിനാല്‍ നവഗ്രഹശാന്തിഹോമം 4 മണിക്കൂര്‍ നേരമെങ്കിലും നീണ്ടുനില്‍ക്കുന്നതും പൊതുവേ ചിലവേറിയതും ആകുന്നു). 

ഓരോ പ്രാവശ്യവും ജപിക്കുന്നതിനുമുമ്പ്‌ കുടുംബത്ത് ശനിദോഷമുള്ള ആളിന്‍റെ പേരും നക്ഷത്രവും 
പറഞ്ഞതിനുശേഷം മന്ത്രം ജപിക്കണം. ഫലം ഉറപ്പാകുന്നു.

ശനീശ്വരശാന്തി മന്ത്രം:
----------------------------
"ഓം ശന്നോ ദേവീരഭിഷ്ടയ ആപോഭവന്തു പീതയേ 
ശം യോരഭി സ്രവന്തു ന:

പ്രജാപതേ ന ത്വദേതാന്യന്യോ 
വിശ്വാ ജാതാനി പരി താ ബഭൂവ

യത്കാമാസ്തേ ജൂഹുമസ്തന്നോ അസ്തു 
വയം സ്യാമ പതയോ രയീണാം 

ഇമം യമ പ്രസ്തരമാ ഹി സീദാ-
ങ്ങ്ഗിരോഭി: പിതൃഭിസ്സംവിദാന:

ആ ത്വാ മന്ത്രാ: കവിശാസ്താ വഹ-
ന്ത്വേനാ രാജന്‍ ഹവിഷാ മാദയസ്വ

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ശനൈശ്ചരായ നമ: യമായ നമ:" 
*************************
വ്യാഴഗ്രഹ ശാന്തിമന്ത്രം:
-------------------------------
ജാതകത്തില്‍ വ്യാഴം 3, 6, 8, 12 എന്നീ ഭാവങ്ങളില്‍ നിന്നാല്‍, മകരം രാശിയില്‍ നിന്നാല്‍, ചാരവശാല്‍ വ്യാഴം സഞ്ചരിക്കുന്നത് 1,3,4,6,8,10,12 എന്നീ ഭാവങ്ങളില്‍ ആയാല്‍ (വ്യാഴത്തിന്‍റെ ഇപ്പോഴുള്ള ദോഷഫലങ്ങളെക്കുറിച്ചറിയുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: http://www.utharaastrology.com/news/5.html) ജാതകത്തില്‍ വ്യാഴത്തിന് ശനിയുമായോ രാഹുവുമായോ കേതുവുമായോ യോഗമോ ദൃഷ്ടിയോ വന്നാല്‍, ഇടവം, മിഥുനം, മകരം, കുംഭം എന്നീ ലഗ്നങ്ങളിലൊന്നില്‍ ജനിച്ചാല്‍, അശ്വതി, മകം, മൂലം, കാര്‍ത്തിക, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം, പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രത്തില്‍ ജനിച്ചവരും 
വ്യാഴഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ ചെയ്യേണ്ടതാകുന്നു.

വ്യാഴഗ്രഹശാന്തിമന്ത്രം:
-----------------------------
"ഓം ബൃഹസ്പതേ അതി യദര്യോ അര്‍ഹാദ്
ദ്യുമദ്വിഭാതി ക്രതുമജ്ജനേഷു

യദ്ദീദയച്ഛവസര്‍ത്തപ്രജാത
തദസ്മാസു ദ്രവിണം ധേഹി ചിത്രം

ഇന്ദ്ര മരുത്വ ഇഹ പാഹി സോമം
യഥാ ശാര്യാതേ അപിബസ്സുതസ്യ

തവ പ്രണീതി തവ ശൂര ശര്‍മ്മന്നാ
വിവാസന്തി കവയ: സുയജ്ഞാ:

ബ്രഹ്മ ജജ്ഞാനം പ്രഥമം പുരസ്താദ്വി
സീമത: സുരുചോ വേന ആവ:

സ ബുധ്നിയാ ഉപമാ അസ്യ വിഷ്ഠാ:
സതശ്ച യോനിമസതശ്ച വിവ:

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ബൃഹസ്പതേ നമ:ബ്രഹ്മണേ നമ:"
------------------------------------------
വ്യാഴാഴ്ചദിവസം സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള വ്യാഴകാലഹോരയില്‍ നെയ്‌വിളക്ക് കൊളുത്തി ആദ്യം സൂര്യന്‍റെ ശാന്തിമന്ത്രവും തുടര്‍ന്ന്‍ വ്യാഴഗ്രഹശാന്തിമന്ത്രം ഒമ്പത് പ്രാവശ്യവും ജപിക്കണം. കുടുംബാംഗങ്ങളുടെ പേരും നക്ഷത്രവും പറഞ്ഞുകൊണ്ട് മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിച്ചുകൊണ്ട് ജപിക്കണം. ഈ സമയത്ത് മഞ്ഞപുഷ്യരാഗവും ധരിക്കാം. ഫലം സുനിശ്ചിതം. 
--------------
ഐകമത്യസൂക്തം അഥവാ സംവാദസൂക്തം;
---------------
ഒരാള്‍ക്കുവേണ്ടി ചെയ്യുന്നതിനെ 'സംവാദസൂക്തം' എന്നും ഒന്നിലധികം ആളുകള്‍ക്കുവേണ്ടി ജപിക്കുന്നതിനെ 'ഐകമത്യസൂക്തം' എന്നും പറയുന്നു. സത്യത്തില്‍ ഇവ രണ്ടും ഒരു സൂക്തം തന്നെയാകുന്നു.

വഴക്കുകള്‍ നീങ്ങുന്നതിനും ശാന്തി ലഭിക്കുന്നതിനും ഐകമത്യസൂക്തം പൊതുവേ ജപിച്ചുവരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജപിക്കാവുന്നതാണ്.

ശ്രദ്ധിക്കുക; ഇത് ഉച്ചയ്ക്ക് ശേഷം ജപിക്കരുത്‌. 

ഐകമത്യസൂക്തം അഥവാ സംവാദസൂക്തം:
--------------
ഓം സംസമിദ്യുവസേ വൃഷന്നഗ്നേ വിശ്വാനര്യ ആ
ഇളസ്പദേ സമിദ്ധ്യസേ സ നോ വസൂന്യാ ഭര

സം ഗച്ഛദ്ധ്വം സം വദദ്ധ്വം സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂര്‍വ്വേ സംജാനാനാ ഉപാസതേ

സമാനോ മന്ത്രസ്സമിതിസ്സമാനീ സമാനം മനസ്സഹ ചിത്തമേഷാം 
സമാനം മന്ത്രമഭി മന്ത്രയേ വസ്സമാനേന വോ ഹവിഷാ ജൂഹോമി

സമാനീ വാ ആകൂതിസ്സമാനാ ഹൃദയാനി വ:
സമാനമസ്തു വോ മനോ യഥാ വസ്സുസഹാസതി.
ഇത് എല്ലാ ദേവതകള്‍ക്കുമായി ജപിക്കാവുന്നതാകുന്നു.  ഉച്ചയ്ക്ക് മുമ്പാണ് ജപിക്കേണ്ടത്. 14 അല്ലെങ്കില്‍ 28 അല്ലെങ്കില്‍ 9 അല്ലെങ്കില്‍ 9 ന്‍റെ ഗണിതങ്ങളായും ജപിക്കാവുന്നതാണ്.
******************************
---കൂടുതല്‍ മന്ത്രങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്---