A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സ്വതന്ത്ര മാർജാരന്മാർ - (feral cats ): അതിജീവനത്തിന്റെ ആശാന്മാർ

 ഇംഗ്ലീഷിലെ (feral cats ) എന്ന പദത്തിന്റെ ശരിയായ മലയാള പദം എന്താണെന്ന് അറിയില്ല .പക്ഷെ അവരുടെ സ്വഭാവം വച്ച് നോക്കുമ്പോൾ അവരെ സൂചിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പദം സ്വതന്ത്ര മാർജാരന്മാർ എന്നാണെന്നു തോന്നുന്നു .ഒരു പക്ഷെ മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും അതിജീവന വിജയം നേടിയ കരയിലെ സസ്തന ജീവിയാണ് മാർജാരന്മാർ .മാർജാരന്മാർ കാട്ടിലും വീട്ടിലും ഉണ്ട് ,ഈ രണ്ടു കൂട്ടരിലും പെടാതെ നാട്ടിൽ സ്വതന്ത്രമായി വിഹരിക്കുന്ന മാർജ്ജാരന്മാർ ആണ് feral cats എന്നറിയപ്പെടുന്ന സ്വതന്ത്ര മാർജാരന്മാർ .ഭൂമിയിൽ ഇപ്പോൾ എത്ര സ്വതന്ത്ര മാർജ്ജാരന്മാർ ഉണ്ട് എന്നതിനെപ്പറ്റി പല ഊഹക്കണക്കുകളും ഉണ്ട് .അമ്പതു കോടി മുതൽ നൂറുകോടി വരെ സ്വതന്ത്ര മാർജ്ജാരന്മാർ ഭൂമിയിൽ വിഹരിക്കുന്നു എന്നാണ് ഏകദേശ കണക്കുകൾ
.
വീട്ടിൽ വളർത്തുന്ന മാർജാരന്മാർ സ്വാതന്ത്രരാക്കപ്പെടും പോഴോ ,വീട്ടിലും കാട്ടിലും അല്ലാതെ ജീവിക്കുന്ന മാർജാരന്മാരിൽ നിന്നോ ആണ് സ്വതന്ത്ര മാർജ്ജാരന്മാർ ഉരുത്തിരിയുന്നത് .സ്വതന്ത്ര മാർജ്ജാരന്മാർ വന്യരായ മാർജ്ജാരന്മാരുടെയും ,വളർത്തപ്പെടുന്ന മാർജാരന്മാരുടെയും സ്വഭാവങ്ങൾ ആവശ്യത്തിനനുസരിച് പുറത്തെടുക്കും .ആരെങ്കിലും അവർക്ക് സ്ഥിരമായി ആഹാരം നൽകിയാൽ അവർ വീട്ടു പൂച്ചകളുടെ സ്വഭാവം പുറത്തെടുക്കും .ഭക്ഷണം നല്കുന്നവരോട് പരിചയ ഭാവം കാണിക്കും ചിലപ്പോൾ അവരെ തൊടാനും വാരിയെടുക്കാനും വരെ അനുവദിക്കും .നല്ല സാഹചര്യങ്ങൾ ആണെങ്കിൽ വീട്ടിനകത്തേക്ക് താമസവും മാറ്റും .പക്ഷെ മിക്ക സ്വതന്ത്ര മാർജ്ജാരന്മാരും മനുഷ്യരിൽ നിന്നും ഒരകലം പാലിക്കാൻ ശ്രദ്ധിക്കും.
.
ചിലയിടങ്ങളിൽ സ്വതന്ത്ര മാർജ്ജാരന്മാർ വലിയ കോളനികളിൽ ജീവിക്കാറുണ്ട് .മിക്ക നഗരങ്ങളിലും ഇത്തരം അനേകം സ്വതന്ത്ര മാർജ്ജാര കോളനികൾ ഉണ്ടാകാറുണ്ട് .റോമിലെ പുരാതനമായ കൊളീസിയത്തിനടുത് വളരെ കാലമായി നിലനിൽക്കുന്ന ഒരു സ്വതന്ത്ര മാർജാര കോളനി ഉണ്ട് .ഈ സ്ഥലം ഇപ്പോൾ ടോറ അർജെന്റിന ക്യാറ്റ് സാൻക്ചുരി (Torre Argentina Cat Sanctuary ) എന്ന പേരിൽ പ്രശസ്തമാണ് .റോമൻ ഏകാധിപതി ജൂലിയസ് സീസർ വധിക്കപ്പെട്ടത് ഇപ്പോൾ Torre Argentina Cat Sanctuary സ്ഥിതിചെയ്യുന്ന പ്രദേശത്തിനടുത്തു വച്ചാണ് എന്നാണ് വിശ്വാസം
.
സ്വതന്ത്ര മാർജാര കോളനികളിലെ സ്വതന്ത്ര മാർജ്ജാരന്മാർ മനുഷ്യർ ഉപേക്ഷിക്കുന്ന ഭക്ഷണം തരപ്പെടുത്തിയും ,പ്രാവുകളെയും എലികളെയും വേട്ടയാടിയുമാണ് വിശപ്പടക്കുന്നത് .എലികളുടെ നിയന്ത്രണത്തിന് മാർജാരന്മാർ തന്നെയാണ് ഇപ്പോഴും ഏറ്റവും ഫലപ്രദമായ ആയുധം .മാർജാര കോളനികളിലെ മാർജ്ജാരന്മാരാണ് പല നഗരങ്ങളിലും പ്ളേഗുപോലുള്ള മഹാ വ്യാധികൾ പടർന്നു പിടിക്കാതെ കാക്കുന്നത് .സ്വതന്ത്ര മാർജാര കോളനികളിൽ മാർജ്ജാരന്മാരുടെ ഒരു അധികാര വ്യവസ്ഥ (Power Structure ) നിലനിൽക്കുന്നതിനെപ്പറ്റി ഇതുവരെ വ്യക്തമായ ഒരു പഠനവും തെളിവ് നൽകുന്നില്ല .ഒരുമയിലെ സുരക്ഷിതത്വം എന്ന വളരെ അടിസ്ഥാന പരമായ തത്വത്തിലാണ് സ്വതന്ത്ര മാർജ്ജാര കോളനികൾ നിലനിന്നു പോകുനത് .
.
സ്വതന്ത്ര മാർജാരന്മാരുടെ ആയുസ്സ് വീടുകളിൽ വളർത്തുന്ന പൂച്ചകളുടേതിനേക്കാൾ വളരെ കുറവാണ് .ഭക്ഷണത്തിന്റെ ലഭ്യത അനുസരിച് പലപ്പോഴും അവയുടെ എണ്ണം സ്വയം നിയന്ത്രിക്കപ്പെടാറുണ്ട് .ജനിക്കുന്ന സ്വതന്ത്ര മാർജ്ജാരന്മാരിൽ പത്തിലൊന്നു പോലും ഒരു വർഷത്തെ ആയുസ്സ് ലേക്ക് എത്താറില്ല എന്നാണ് കരുതപ്പെടുന്നത് .എന്നാലും പ്രജനനത്തിന്റെ തോത് ഉയർന്നതായി തിനാൽ സ്വതന്ത്രമാർജാരന്മാരുടെ എണ്ണം ഒരിക്കലും ഇടിഞ്ഞു താഴാറില്ല .പല രാജ്യങ്ങളിലും സ്വതന്ത്രമാർജാരന്മാ രെ ശല്യക്കാർ (pests ) ആയാണ് കരുതുന്നത് .പലയിടത്തും അവയുടെ പ്രജനനം നിയന്ത്രിക്കാറുമുണ്ട് .സ്വതന്ത്ര മാർജ്ജാരന്മാരുടെ എണ്ണം കൂടിയാൽ പല പക്ഷി സ്പീഷീസുകളുടെയും നിലനിൽപ്പ് അവതാളത്തിലാകും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ അവയുടെ എണ്ണം നിയന്ത്രിക്കുന്നത് .
.
അന്റാർട്ടിക്കയിൽ ഒഴിച് സ്വതന്ത്ര മാർജ്ജാരന്മാർ ഭൂമിയിലെ എല്ലാ കോണിലും വിഹരിക്കുന്നു . കപ്പലുകളിൽ കയറി അതി വിദൂരമായ പോളി നേഷ്യൻ ദ്വീപുകളിൽ വരെ സ്വതന്ത്ര മാർജാരന്മാർ ഇപ്പോൾ എത്തപ്പെട്ടിരിക്കുന്നു .മനുഷ്യ വാസം ഇല്ലാത്ത ചെറു ദ്വീപുകളിൽ സ്ഥലത്തിനനുയോജ്യമായി ഇവർ ചെറുമീനുകളെയും ഞണ്ടുപോലുള്ള ജീവികളെയും ഭക്ഷണമാക്കുന്നു .ജപ്പാനിലെ ചെറു ദ്വീപായ അഷിമ (Aoshima ) സ്വതന്ത്ര മാർജ്ജാരന്മാർക്ക് പേരുകേട്ടതാണ് .ഇവിടെ മനുഷ്യന്മാരുടെ പലമടങ്ങാണ് ഇവരുടെ എണ്ണം .ഇപ്പോൾ ഈ ദ്വീപ് ഇക്കാരണത്താൽ പ്രശസ്ത മായ വലിയൊരു ടൂറിസ്റ്റു കേന്ദ്രവുമാണ് .ജെരുസെലേമിലെയും കാനേഡിയൻ പാർലിമെന്റിലെയും സ്വതന്ത്ര മാർജ്ജാര കൂട്ടങ്ങളും പ്രശസ്തമാണ് .കാനേഡിയൻ പാർലിമെന്റിലെ സ്വതന്ത്ര മാർജ്ജാര കൂട്ട ത്തെ ഏതാനും വര്ഷം മുൻപ് -2013 ൽ - ഒഴിപ്പിച്ചിരുന്നു .
.
നമുക്കുചുറ്റും ആരെയും ഗൗനിക്കാതെ കറങ്ങി നടക്കുന്ന ,രാത്രികാലങ്ങളിൽ ചിലർക്കെങ്കിലും അലോസരമുണ്ടാക്കുന്ന സംഗീത കച്ചേരി നടത്തുന്ന ,തക്കം കിട്ടിയാൽ അടുക്കളയിൽ വലിഞ്ഞു കയറുന്ന ഈ സ്വതന്ത്ര മാർജ്ജാരന്മാർ ചില്ലറക്കാരല്ല .അതിജീവനത്തിന്റെ ആശാന്മാർ തന്നെയാണ് അവർ .
--
ചിത്രങ്ങൾ : സ്വതന്ത്ര മാർജ്ജാരന്മാർ : ലേഖകൻ എടുത്ത ചിത്രങ്ങൾ
--
ref
1.https://www.reuters.com/…/its-raining-cats-and-tourists-on-…
2.http://www.romancats.com/torreargentina/en/introduction.php
3.http://www.jpost.com/…/Blair-and-the-stray-cats-of-Jerusalem
4.https://en.wikipedia.org/wiki/Canadian_Parliamentary_Cats
---
This is an original work .No part of it is copied from elsewhere-Rishidas S