A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇടവപാതിയിലെ ആ ഭയാനക രാത്രി: അനുഭവസാക്ഷ്യം




ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം. കഷ്ടിച്ച് ഒമ്പതൊ പത്തോ വയസ്സ് പ്രായം കാണും. കൊല്ലപരീക്ഷ നടന്നുകൊണ്ടിരിക്കുന്നു. കേന്ദ്രീയവിദ്യാലയത്തിൽ ആയതു കാരണം ഞങ്ങൾക്ക് പരീക്ഷ മെയ് ആദ്യവാരത്തിൽ ആണ് അവസാനിക്കുന്നത്. കളിക്കൂട്ടുകാർ എല്ലാം അവരുടെ പരീക്ഷ കഴിഞ്ഞു കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നു. ഞാനും അനിയനും മാത്രം ഇപ്പോഴും പുസ്തകത്താളുകൾക്കിടയിൽ കുരുങ്ങി കിടകുകയായിരുന്നു. കണ്ണ് പുസ്തകത്തിൽ ആയിരുന്നെങ്കിലും മനസ്സ് ക്രിക്കറ്റ് കളിക്കുകയായിരുന്നു. അതു മനസ്സിലാക്കിയ അമ്മ ക്രിക്കറ്റ് ബാറ്റ് കയ്യിലേന്തി ഉഗ്രരൂപിണിയായ ദേവിയെ പോലെ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുമായിരുന്നു. അമ്മയുടെ വിശ്വരൂപം കണ്ട് ഞങ്ങൾ വീണ്ടും തിരിച്ചു പുസ്തകത്താളിലേക്ക് തന്നെ മടങ്ങി പോവും. കാത്തിരിപ്പിനൊടുവിൽ അങ്ങനെ ഒരു ദിവസം ഞങ്ങളുടെ പരീക്ഷയും കഴിഞ്ഞു. വെക്കേഷൻ എത്തി. എല്ലാ പ്രാവശ്യവും രണ്ടുമാസത്തെ വെക്കേഷനു ഞങ്ങൾ അമ്മയുടെ വീട്ടിൽ പാർക്കാൻ പോകുന്നത് പതിവായിരുന്നു. പക്ഷേ ഇപ്പോഴത്തെ പോക്കിനു ഒരു പ്രത്യേകതയുണ്ട്. അമ്മയ്ക്ക് 6 ആങ്ങളമാരും 3 സഹോദരിമാരും ആണ്. അതിൽ മൂന്നാമത്തെ മാമൻറെ വിവാഹമാണ്. മേയ് മാസം അവസാനം ആണ് തിയ്യതി നിസ്ചയിച്ചിരിക്കുന്നത്. നാട്ടിൽ ഞങ്ങളുടെ കസിൻസ് എല്ലാവരും എല്ലാ വർഷവും ഞങ്ങൾക്കുവേണ്ടി കട്ട വെയിറ്റിംഗ് ആണ്. ഇത്തവണ അവരുടെ കാത്തിരിപ്പിനു കൂടുതൽ ഭങ്ങിയും നിറവും ഉണ്ടായിരുന്നിരിക്കണം. സാധാരണ, ജോലിത്തിരക്ക് കാരണം അച്ഛൻ ഞങ്ങളെ അമ്മയുടെ വീട്ടിൽ കൊണ്ടുവിട്ടിട്ട് തിരിച്ചുപോരാറാണ് പതിവ്. പക്ഷേ ഇത്തവണ മാമൻറെ കല്യാണം പ്രമാണിച്ച് അച്ഛൻ ലീവ് കുറച്ചധികം എടുത്തിരുന്നു. കണ്ണൂരിലെ ബേക്കറി ഐറ്റംസ് രുചിയുടെ
കാര്യത്തിൽ വളരെ പ്രശസ്തമാണല്ലോ. പ്രത്യെകിച്ച് കിണ്ണത്തപ്പവും കലത്തപ്പവുമൊക്കെ. അതു കാരണം കൊണ്ട് കല്യാണ സംൽകാരത്തിനുള്ള ബേക്കറി സാധനങ്ങൾ അച്ഛൻ കണ്ണൂരിലെ പ്രശസ്തമായ *ഷീൻ* ബേക്കറിയിൽ നിന്ന് നേരത്തെ ഓർഡർ ചെയ്തു വച്ചിരുന്നു. അങ്ങനെ തെളിഞ്ഞ ഹൃദ്യമായയ ഒരു ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ള മദ്രാസ് മെയ്‌ലിനു കണ്ണൂരിൽ നിന്ന് കുറെ പലഹാര പെട്ടികളും ലഗേജും ഒക്കെ ആയി ഞങ്ങൾ അമ്മയുടെ നാട്ടിലേക്ക് വണ്ടി കയറി. അമ്മയുടെ നാട് പട്ടാമ്പിക്കടുത്ത് ഒരു ചെറിയ ഗ്രാമത്തിലാണ്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയാൽ മുക്കാൽ മണിക്കൂർ കൊണ്ട് വീട്ടിൽ എത്താം. ട്രെയിൻ കുറ്റിപ്പുറത്ത് എത്തുമ്പോൾ സമയം സന്ധ്യ 7 മണി കഴിഞ്ഞിരുന്നു. രണ്ടു മാമന്മാർ ഞങ്ങളെ റിസീവ് ചെയ്യാൻ സ്റ്റഷനിൽ വന്ന് നിൽപ്പുണ്ടായിരുന്നു. ആ കാലത്ത് രാത്രി 8 മണി കഴിഞ്ഞാൽ അമ്മയുടെ നാട്ടിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നില്ല. വളരെ കാൽപനികമായ... ഒടിയൻ കഥകളും മറ്റും നിറഞ്ഞു നിൽക്കുന്ന, കാവുകളും കുളങ്ങളും പാടങ്ങളും ഇടവഴികളും തോപ്പുകളും ഒക്കെ നിറയെ ഉള്ള ഒരു പുരാവൃത്ത ഗ്രാമമാണ് അമ്മയുടെത്. കുറ്റിപ്പുറം- ഗുരുവായൂർ റൂട്ടിൽ എടപ്പാളിൽ ബസ് ഇറങ്ങിയിട്ട് വീണ്ടും ബസ് പിടിക്കണം അമ്മയുടെ നാട്ടിൽ എത്താൻ. സമയം വൈകിയതിനാൽ എടപ്പാളിൽ നിന്ന് ആ നേരത്ത് ബസ് ഉണ്ടാവില്ലാ. വിരളമായ് ജീപ്പ് സർവീസ് മാത്രമേ ഉണ്ടാവൂ. ലഗേജും പലഹാരങളും ഞങ്ങൾ കുട്ടികളുമൊക്കെ ഉള്ളതുകൊണ്ട് കുറ്റിപ്പുറത്തുനിന്ന് തന്നെ ഞങ്ങൾ ഒരു ജീപ്പ് വിളിച്ചു. എട്ടുമണി കഴിയുമ്പോഴേക്കും ഞങ്ങൾ അമ്മയുടെ വീട്ടിലെത്തി. അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. വൈറ്റ് വാഷ് കഴിഞ്ഞ് വീട് പുതു പുത്തനായിരിക്കുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റഷനിൽ ഇറങുംബൊൾ തന്നെ നാടിന്റെ ഒരു പ്രത്യേക ഗന്ധം മൂക്കിൽ അടിച്ച് കയറും. നല്ല പഴം ചക്കയുടെയും..., വീട്കളിലെ അടുക്കളകളിൽ നിന്നുയരുന്ന പുകയുടയും..., നാടൻ ചായകടകളിലെ പപ്പടവടയുടെയും... നാടൻ അങാടികളിലെ പല ചരക്ക് സാധനങ്ങളുടെ യുമൊക്കെ ആ ഗന്ധം എന്നെ വല്ലാതെ ഹരം പിടിപ്പിക്കുമായിരുന്നു. ഇപ്പോൾ നാട്ടിൽ ഇറങിയതും തനി നാട്ടിൻ പുറത്തിന്റെ ആ ഗന്ധം എന്റെ സിരകളിലേക്ക് ആഴ്നിറങി. . വിരുന്നുകാർ കുറേപ്പേർ എത്തിയിരിക്കുന്നു. ഞങ്ങളെ കണ്ടതും എല്ലാവർക്കും ഭയങ്കര സന്തോഷമായി. സ്നേഹ സംഭാഷണങ്ങൾ കൊണ്ട് അവർ ഞങ്ങളെ വരവെറ്റു. മാമ്മന്മാരുടെ കൂട്ടുകാരും അയൽക്കാരും മറ്റു ബന്ധുമിത്രാദികളും എല്ലാം കൂടി ഒരു ഗംഭീര വിവാഹത്തിൻറെ എല്ലാ മേമ്പോടികളും ഉണ്ടായിരുന്നു അന്നേരം അവിടെ. നാട്ടിലൊക്കെ അങ്ങനെയാണ്, കല്യാണത്തിന് രണ്ടു ദിവസം മുൻപ് തന്നെ ആൾക്കാരും ബഹളവും ഒക്കെ ഉണ്ടാവും കല്യാണവീടുകളിൽ. പിന്നെ കല്യാണം കഴിഞ്ഞ് രണ്ടുദിവസം കഴിഞെ എല്ലാവരും പിരിയാറുള്ളു . അതൊരു രസമുള്ള സമ്പ്രദായം തന്നെയായിരുന്നു. ഇക്കാലത്ത് അധികമൊന്നും കാണാൻ കഴിയാത്ത ഒരു കൂട്ടായ്മ. അതൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു ഇപ്പോൾ. അങ്ങനെ കല്യാണമൊക്കെ അതി ഗംഭീരമായിത്തന്നെ കഴിഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ ഇടവപ്പാതി എത്തി. ആ വർഷം മഴ നേരത്തെ എത്തിയിരുന്നു. അങ്ങനെ വീട്ടിലെ മാമാങ്കത്തിനു കോടിയിറങി... നാട്ടിലെ മാമാങ്കത്തിനിതാ കൊടി കയറാൻ പോവുന്നു. "ഫിഫ വേൾഡ് കപ്പ് 1990 ഇറ്റലി". അതെ ഫുട്ബോൾ ലോകകപ്പ് തുടങ്ങുന്നു. മാമ്മൻ കല്യാണം കഴിച്ചത് അടുത്ത ബന്ധത്തിൽ നിന്നും ആയതുകൊണ്ട് അമ്മായിയുടെ കുറെ ബന്ധുക്കളും അന്ന് വീട്ടിൽ ഉണ്ടായിരുന്നു. ഫിഫ വേൾഡ് കപ്പ് കൊടി കയറുന്ന ആ രാത്രി, ആദ്യ കളി Cameroon ഉം അർജൻറീന യും തമ്മിൽ ആയിരുന്നു. അച്ഛൻ നല്ലൊരു ഫുട്ബോൾ കളിക്കാരൻ ആണ്. അതുകൊണ്ട് തന്നെ എന്നെയും അനിയനെയും കണ്ണൂരിലെ "ഫുട്ബോൾ ഫ്രണ്ട്സ്" എന്ന ഫിഫയുടെ അംഗീകാരവും പ്രോത്സാഹനവും ലഭിച്ച ആ കൊച്ചു ക്ലബ്ബിൽ ചേർത്ത് ഫുട്ബോൾ അഭ്യസിപ്പിച്ചിരുന്നു. ആ കാരണത്താൽ ഞാനും അച്ഛനെപ്പോലെ ഭയങ്കര ഫുട്ബോൾ കമ്പക്കാരൻ ആയിരുന്നു. മാമ്മൻമാരും ഒട്ടും മോശമല്ലായിരുന്നു. അവരും നല്ല ഒന്നാന്തരം ഫുട്ബോൾ ഭ്രാന്തന്മാർ. മറഡോണ കളിക്കുന്നത് കാണാനുള്ള അവസരം ആരെങ്കിലും പാഴാകുമോ. കളി കാണാൻ പോകാൻ തന്നെ എല്ലാവരും തീരുമാനിച്ചു പക്ഷേ അക്കാലത്ത് നാട്ടിൽ ഒന്നുരണ്ട് വീടുകളിൽ മാത്രമേ ടിവി ഉണ്ടായിരുന്നുള്ളൂ. മാമൻറെ ഒരു കൂട്ടുകാരൻ ഷൗക്കത്തിന്റെ വീട്ടിൽ ടിവി ഉണ്ടെന്നറിഞ്ഞപ്പോൾ എല്ലാവർക്കും ആവശമായി. പക്ഷേ ആൾ സ്ഥലത്തില്ല. കുടുംബസമേതം ബോംബെയിലാണ് താമസം. പക്ഷേ വീടിന്റെ താക്കോൽ അടുത്തുള്ള ബന്ധുവിന്റെ കൈയിലുണ്ട്. രായ്ക്ക് രാമാനം തന്നെ അദ്ദേഹത്തെ ബോംബെയിലേക്ക് വിളിച്ചു താക്കോൽ
എട്പ്പിക്കാനുള്ള സമ്മതം വാങ്ങി. പക്ഷെ ഷൗക്കത്തിന്റെ വീട്ടിലേക്ക് 15 മിനിറ്റ് നടക്കണം. നല്ല മഴ പെയ്യുന്നുണ്ട്. വീട്ടിൽ നിന്നും അത്താഴം കഴിച്ചു ഞങ്ങൾ ഒരു ഒമ്പത് പേർ കളി കാണാൻ ഇറങ്ങി. അച്ഛൻ, മൂന്നു മാമ്മന്മാർ, അവരുടെ മൂന്ന് സുഹൃത്തുക്കൾ പിന്നെ ഒന്ന് രണ്ട് ബന്ധുക്കളും. വാശിപിടിച്ച് ഞാനും കയറിയിരുന്നു അച്ചന്റെ തോളിൽ. രണ്ടു വലിയ കുണ്ടനിടവഴി കടന്നുവേണം ഷൗക്കത്തിന്റെ വീട്ടിലെത്താൻ. കുണ്ടനിടവഴി എന്നുപറഞ്ഞാൽ ഒരൊന്നൊന്നര ഇടവഴി. രണ്ടാൾ പോക്കത്തിൽ ആഴമുള്ളവ. ആദ്യത്തേത് കുത്തനെയുള്ള ഒരിടവഴിയാണ്. അത് നേരെ ചെന്നെത്തുന്നത് വലിയ ഒരു പാടത്തേക്കാണ്. പാടം മുറിച്ചു കടന്നു നേരെ കയറിച്ചെല്ലുന്നത് വേറൊരു കുണ്ടൻ ഇടവഴിയിലേക്കാണ്. ആ ഇടവഴിയിൽ കയറി കുറച്ചു ദൂരം നടന്നാൽ ഈ പറഞ്ഞ ഷൗകത്തിന്റെ വീട്ടിലെത്താം. ഞങ്ങൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു. പോകുന്ന വഴി ഞങ്ങൾ തമ്മിൽ കളിയെ ചൊല്ലി സൗഹൃദ തർക്കങ്ങളും അഭിപ്രായങ്ങളും കൌണ്ടറുമൊക്കെയായി ജോളിയായ് മുന്നോട്ട് നടന്നു നീങ്ങി. ഒന്നാമത്തെ ഇടവഴി ഇറങ്ങി നേരെ പാടത്ത് എത്തിയതും പാടവരമ്പത്തു കൂടി അതിവേഗത്തിൽ 2 ടോർച്ച് ലൈറ്റുകൾ "കൂയ്...കൂയ്..എന്ന് ഉച്ചത്തിൽ കൂവി വിളിച്ചു കൊണ്ട് ഞങ്ങളുടെ നേരെ ഓടി വരുന്നു. നാട്ടിലെ രണ്ട് ചേട്ടൻമാരായിയിരുന്നു അത്. ഞങ്ങളെ കണ്ടതും അവർ പറഞു..... *കുറെ നേരായിട്ട് മണിയെയും സുരയെയും കാണാനില്ല. കുന്നത്തങ്ങാടി ഷാപ്പിലേക്ക് പോയതാണ് രണ്ടുപേരും ഷാപ്പിൽ നിന്ന് കള്ള് കുടിച്ച് ഇറങി വരുന്നത് കണ്ടവരുണ്ട്, പക്ഷേ അത് കഴിഞ്ഞു ഇതുവരെ അവർ രണ്ടുപേരും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. വീട്ടുകാർ പേടിച്ചിരികുകയാണ്"........ ഇതാണോ ഇത്ര വലിയ പ്രശ്നം. ഇതിനാണോ നിങ്ങൾ ഈ പാതിരാത്രി മഴയത്ത് ഇങ്ങനെ ഓടിനടക്കുന്നത്. അവരൊക്കെ വരും ന്നെ !!. ഒരു മാമ്മൻ പറഞ്ഞു..........!!* അത് തന്നെയാണ് പ്രശ്നം പാതിരാത്രിയായിട്ടും അവർ വീട്ടിൽ എത്തിയിട്ടില്ല. കാവ് കുളം ഭാഗത്തേക്ക് അവർ നടന്നു പോകുന്നത് കണ്ടവരുണ്ട്....... അതിലൊരു ചേട്ടൻ പറഞ്ഞു. *** ഞങ്ങൾ മാത്രമല്ല വേറെ മൂന്നു പേരും കൂടി അവരെ തപ്പി ഇറങ്ങിയിട്ടുണ്ട്. നാട്ടിൽ അധികമാരും കാര്യം അറിഞിട്ടില്ല*** *. അത് കേട്ടതും ഞങ്ങൾ എല്ലാവരും ഒരു നിമിഷത്തേക്ക് സ്തബ്ധരായി. ** സന്ധ്യ കഴിഞ്ഞാൽ ഈ നാട്ടിൽ ആരും തന്നെ കാവ് കുളം ഭാഗത്തെക്ക് പോവാറില്ല. ഏതു യുക്തിവാദിയും അങ്ങോട്ട് പോവില്ല. പകൽ സമയത്ത് തന്നെ ആരും പോകാൻ മടിക്കുന്ന സ്ഥലമാണത്. കാവു കുളത്തിൽ **എന്തോ ഒരു സാധനം ഉണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ആ സാധനം എന്താണെന്നൊ ഏതാണെന്നോ ഒന്നും നാട്ടുകാർക്ക് വ്യക്തമായി പറയാൻ അറിയില്ല പക്ഷേ ഒരുകാര്യം സത്യമാണ് അവിടെ എന്തോ ഒന്നുണ്ട്. പലരും അതിനെ കണ്ടിട്ടുമുണ്ട് എന്നാണ് പറയുന്നത്. പക്ഷെ അതിലൊക്കെ എത്ര ത്തോളം സത്യമുണ്ടെന്നറിയില്ല. പലരും അതിന്റെ ശബ്ദം കേട്ടിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അത് എന്ത് വിചിത്ര സാധനമാണെന്ന് ആർക്കും ഇത് വരെ വ്യക്തമായ് പറയാൻ കഴിഞ്ഞിട്ടില്ല!!!. ആ പാതിരാത്രിയിൽ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ആ പാടത്തിനു നടുവിൽ വെച്ച് അച്ഛൻറെ സംശയത്തിന് മറുപടിയായി മാമൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ കുഞ്ഞുമനസ്സും ഒന്ന് പിടച്ചു. #പകച്ചു പോയി ആ ബാല്യം# 😂. അത് പറഞ്ഞതും ഞങ്ങളുടെ ടീമിലെ രണ്ടു മാമ്മന്മാർ അടക്കം നാലു പേർ ആ തിരച്ചിൽ ടീമിന്റെ കൂടെ കൂടി. ഞങ്ങൾ ബാക്കി ഉള്ളവർ പ്രോഗ്രാം ക്യാൻസൽ ചെയ്തു വീടുകളിലേക്ക് മടങ്ങാൻ തീരുമാനിച്ചു തിരിച്ചു നടക്കുമ്പോൾ മഴ നിലച്ചിരുന്നു. പാട വരംബത്തെ തവളകളും ചീവീടുകളും നിർത്താതെ കരയുന്നു. മരങ്ങളിൽ നിന്നും തുള്ളികൾ ഇറ്റിറ്റു വീഴുന്ന ശബ്ദം വ്യക്തമായ് തന്നെ കേൾക്കാം. അച്ഛന്റെ തോളിൽ ഞാൻ സേഫ് ആയിരുന്നു. അപ്പൊഴെക്കും Search team ഞങ്ങളെ ബഹുദൂരം പിന്നിലാക്കി ദ്രുതിയിൽ കാവ് കുളം ലക്ഷ്യമാക്കി നടന്നു നീങ്ങിയിരുന്നു. ഞങ്ങൾ പാടത്ത് നിന്നു ഭീതി ജനിപ്പിക്കുന്ന ആ കുണ്ടനീടവഴിയിലെക്ക് കയറി. ഞങൾ, ഇപ്പോൾ ഞാനടക്കം ആറു പെരെയുള്ളു. എടവഴിയിലെക്ക് കയറിയതും ഞങ്ങളെ നിശബ്ദമായി ആരോ പിന്തുടർന്ന് ഒരു ഫീൽ എനിക്ക് തോന്നി തുടങ്ങി. എല്ലാവരുടെയും മനസ്സിൽ ആ ഒരു തോന്നൽ ഉണ്ടായിരുന്നിരിക്കണം, പക്ഷേ ആരും ഒന്നും പറഞ്ഞില്ല. *ഈ അസമയത്ത് ഇറങ്ങിയത് മണ്ടത്തരമായി പോയി* എന്ന് ആരോ പറഞത് എന്റെ ചിന്തയെ ശെരി വെക്കുന്നത് പോലെ എനിക്ക് തോന്നി. ഞങ്ങളുടെ കൂടെ ഉള്ള ചിലർക്കെങ്കിലും അതൊരു പരിചിതമായ വഴിയായിരുന്നു. എന്നാലും അവർക്കെന്തോ ഉള്ളിൽ വല്ലാത്തോരു ഭയം ഉളത് പോലെ എനിക്ക് തോന്നി. അച്ചനെന്നെ കൂടുതൽ ശക്തിയായി തന്റ് മാറൊടട്പ്പിച്ചു പിടിച്ചിരുന്നു. കൂട്ടത്തിൽ ഉള്ള ഒരു ചേട്ടൻ കുറച് നെരമായ് വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ടോർച്ച് അടിച്ചു കൊണ്ടെ ഇരിക്കുന്നുണ്ടായിരുന്നു. *നമ്മുടെ പുറകെ ആരേലും ഉണ്ടോ എന്ന് അദ്ദേഹം മറ്റുള്ളവരോടായ് ചൊദിക്കുന്നുണ്ടായിരുന്നു*. അത് പറഞ് തീർന്നതും പെട്ടെന്ന് ആ ചേട്ടൻ..... *അവിടെ എന്താ ഉണ്ട്.....* എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ഞങ്ങൾ കയറി വന്ന ഭാഗത്തെക്ക് ടോർച്ചടിച്ചു. പെട്ടെന്ന് എല്ലാവരും അങ്ങോട്ട് തിരിഞ്ഞു നോക്കിയെങ്കിലും ആർക്കും ഒന്നും കാണാൻ കഴിഞ്ഞില്ല. അത് വെറും തൊന്നലായിരിക്കുമെന്നു പറഞ് ഞങ്ങൾ നടത്തം തുടർന്നു. പൊടുന്നനെ അവിടമാകെ ടെറ്റൊളിനെ (dettol) അനുസ്മരിപ്പിക്കുന്ന ഒരു മണം പരന്നു. ആ മണം ഞങ്ങൾക്കെല്ലാവർക്കും ഒരു പോലെ അനുഭവപെട്ടു. !!! ഒരു കൊച്ച്
കുഞെന്നു തൊന്നിപ്പിക്കുന്ന എന്തോ ഒന്ന് അവിടെ നിൽക്കുന്നത് പോലെ ആ ചേട്ടനു തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. സമതലം അല്ലാത്തതും ഇടുങ്ങിയതുമായ കുണ്ടനിടവഴി ആയതുകൊണ്ട് ഞങ്ങൾ വരിവരിയായിട്ടാണ് നടന്നുനീങികൊണ്ടിരുന്നത്. ആ ചേട്ടനെ വരിയുടെ ഇടയിലേക്ക് മാറ്റി വേറൊരു ചേട്ടൻ ഏറ്റവും പുറകിൽ പോയി നിന്നു. ഇനി എന്ത് ശബ്ദം കേട്ടാലും ആരും തിരിഞ്ഞു നോക്കുകയൊ പ്രതികരികുകയൊ വേണ്ട എന്ന് അച്ഛൻ പറഞ്ഞു. അപ്പോഴേക്കും ആ dettol മണം ഞങ്ങളുടെ ചുറ്റും രൂക്ഷമായി പടർന്നു കഴിഞ്ഞിരുന്നു. അച്ഛൻ എന്നെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് ഭദ്രമാക്കി തൊളിൽ തന്നെ ഇരുത്തി. പെട്ടെന്ന് മുന്നിൽ നടക്കുന്ന ആൾ ഒന്ന് തെന്നി വീണു. എല്ലാവരും അദ്ദേഹത്തെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇടവഴിയിൽ ഞങ്ങൾ നടന്നു വന്ന ഭാഗത്തുനിന്ന് ഞങ്ങളുടെ പുറകിലായിട്ട് ആരോ നടന്നു വരുന്നത് പോലെ എല്ലാവർക്കും തോന്നി. ഒരു നിമിഷം എല്ലാവരും ഒരേ ശബ്ദത്തിൽ പറഞ്ഞു- **ആരോ വരുന്നുണ്ട്*-. Search ടീമിലെ ആരെങ്കിലുമായിരിക്കും എന്ന് ഞങ്ങളും കരുതി. പക്ഷേ വെളിച്ചമൊന്നും കാണാനുണ്ടായിരുന്നില്ല. കാലടി ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശബ്ദം ഇട വഴിയിലെ ഒരു വളവ് കഴിഞ്ഞു ഞങ്ങളുടെ ഒരു മുപ്പതടി ദൂരെ ഞങ്ങൾകഭിമുഖമായ് നിന്നു. സെർച്ച്‌ ടീമിലെ ആരും തന്നെ ആയിരുന്നില്ല അതെന്നു ഞങ്ങൾക്ക് അപ്പോഴാണ് ബൊധ്യമായത്. അത് വെറുമൊരു *അശരീരി *മാത്രമായിരുന്നു. അതിന്റെ കാലടികൾ മുന്നൊട്ടും പുറകൊട്ടുമായി ചലിച്ചു കൊണ്ടേയിരുന്നു. വല്ലാത്തോരു അസസ്വതഥ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു അന്നെരമത്. ഒരുപക്ഷെ അതിന്റെ പോക്ക് വരവ് വഴിയിൽ ഞങ്ങൾ തടസ്സം നിൽക്കുന്നത് കൊണ്ടാവാം അതങിനെ കാണിച്ചത്. ആ നേരം ഞങ്ങൾ എല്ലാവരും ഏതോ ഒരു കാട്ടിൽ അജ്ഞാതമായ ഏതോ ഒരു വന്യമൃഗത്തിന്റെ മുന്നിൽ പെട്ടത് പോലെയുള്ള അവസ്ഥയിലായി . പെട്ടെന്ന്ഞങ്ങളെല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഞങ്ങളുടെ കൂട്ടത്തിലുള്ള ഏറ്റവും മുന്നിൽ നടന്നു കൊണ്ടിരുന്ന ഞങ്ങളുടെ ബന്ധുവായ ഒരു വല്യച്ഛൻ അതിനു നേരെ തിരിഞ്ഞു നിന്നു അതിനൊടായ് ഇപ്രകാരം ആക്രൊശിച്ചു. **പോ...നീ പോ. .!!? ഞങ്ങളുടെ കൂട്ടത്തിൽ ഒരു കുഞ്ഞുണ്ട്, അതിനെ പേടിപ്പിക്കാതെ നീ പോ..**!!! ആ വെല്യച്ചൻ അങ്ങിനെ പറഞതും ആ കാലടി ശബ്ദം ഞങ്ങളുടെ കൂടുതൽ അടുത്തെക്ക് നീങ്ങി. അതോടെ അച്ചനടക്കം എല്ലാവരും ഭയന്നു വിറങലിച്ച് പിറകൊട്ട് മാറി. ഞാനതൊടെ പേടിച്ച് തേങ്ങി തേങ്ങി കരയാൻ തുടങ്ങി. അതോടെ ആ വെല്യച്ചൻ കൂടുതൽ ക്ഷുഭിതനായ്. ഏറ്റവും മുന്നിൽ നിന്നിരുന്ന അദ്ധെഹം ചാടി പുറകിൽ വന്ന് ആ അശരീരിയുടെ അഭിമുഖമായ് നിന്നു. എന്നിട്ട് അദ്ദേഹം തന്റെ ഉട് മുണ്ട് ഉരിഞ് അതിന്റെ നേരെ നൊക്കി ഒറ്റ മൂത്രമൊഴിക്കൽ. മൂത്രമൊഴിച്ച മണ്ണ് നിലത്ത് നീന്നു വാരിയ അദ്ദേഹം കുറച് കുറച്ചായി അതിനു നേരെ എറിയാൻ തുടങ്ങി. ഒപ്പം കൂടുതൽ ആക്രൊശത്തോടെ അതിനൊടവിടുന്ന് പോവാൻ ആജ്നാപിച്ചു. ഓരോ പിടി മണ്ണ് അതിനു നേരെ എറിഞു കൊണ്ട് പതുക്കെ ഞങ്ങൾ ആ
ഇടവഴി നടന്നു കയറി. പിന്നീട് വീട് എത്തുന്നതുവരെ ഞങ്ങൾക്ക് അതിന്റെ ശല്യം ഉണ്ടായില്ല. ഇതെല്ലാം കണ്ട് പേടിച്ച് എനിക്ക് എന്തെങ്കിലും സംഭവിക്കുമൊ എന്നായിരുന്നു എല്ലാവരുടെയും ഭയം. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനുള്ള പ്രായമാവാത്തതോ എന്തോ, എനിക്ക് കുഴപ്പമൊന്നും ഉണ്ടായില്ല. വീട്ടിലെത്തിയിട്ട് പിന്നെ നമ്മുടെ തിരച്ചിൽ സംഘത്തെക്കുറിച്ച് ഓർത്തായിരുന്നു എല്ലാവർക്കും വേവലാതി.
വീട്ടിൽ എത്തിയതിനു ശേഷം വല്യച്ഛൻ നേരത്തെ പ്രയോഗിച്ച ആ മൂത്ര വിധ്യയെ കുറിച്ച് ഞങ്ങൾക്ക് വിശദമായ് പറഞ് തന്നത് ഞാനോർക്കുന്നു. അദ്ദേഹത്തിന് അന്ന് ഒരു 45 വയസ്സ് പ്രായമെ കാണു. പക്ഷെ എന്റെ അച്ഛനെക്കാളും പ്രായത്തിൽ മൂത്തയാളാണ്.അതുകൊണ്ട് ഞാനദെഹത്തെ വെല്യച്ചനെന്നു വിളിക്കുന്നു..
അദ്ദേഹത്തിൻറെ അച്ഛൻ നാട്ടിൽ വലിയൊരു മന്ത്രവാദി ആയിരുന്നു. ചെറുപ്പകാലത്ത്...അതായത് അദ്ദേഹം സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് തന്റെ അച്ഛന്റെ സഹായിയായ് മന്ത്രവാദ പരിപാടികളൊക്കെ പോവാറുണ്ടായിരുന്നു. അച്ഛൻറെ കയ്യിൽനിന്നും അങ്ങനെ കുറച്ച് പൊടി വിദ്യകൾ ഒക്കെ അദ്ദേഹവും സ്വായത്തമാക്കി എന്നാണ് അദ്ദേഹം പറയുന്നത്. മന്ത്രവാദം ഒക്കെ കഴിഞ്ഞ് പാതി രാത്രിയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അവർക്കും ഇതുപോലെയുള്ള ഭയാനക സത്വങളെ അഭിമുഖീകരിക്കേണ്ടതായ് വന്നിട്ടുണ്ട് എന്നുള്ള കാര്യങ്ങളൊക്കെ പിന്നീട് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. കളി കാണാൻ പോയിട്ട് ഞങ്ങൾ തിരിച്ചു വീട്ടിലെത്തുമ്പോൾ സമയം പത്രണ്ടിനോട് അടുത്തിരുന്നു. അപ്പോഴും വീട്ടിൽ ആരും കിടന്നിരുന്നില്ല. . സ്ത്രീകളെല്ലാം സൊറ പറഞ്ഞിരിക്കുന്നുണ്ട്. വീട്ടിലെത്തിയതും അമ്മൂമ എന്നെ ഉപ്പും മഞ്ഞളും കൊണ്ട് ഉഴിഞ് ജപിച്ച ഒരു ചരട് കെട്ടിച്ചു തന്നു. അമ്മ അതിനുശേഷം എന്നെ വേഗം കിടത്തിയുറക്കി. കുറെ നേരം കഴിഞ്ഞു കാണും എന്തോ ബഹളം കേട്ടിട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. എൻറെ അടുത്ത് അച്ഛനെയും അമ്മയെയും കാണാനില്ലായിരുന്നു. അനിയൻ തൊട്ടടുത്ത് നല്ല ഉറക്കമാണ്. വാതിൽ തുറന്നു കിടക്കുന്നുണ്ട്. ലൈറ്റ് ഇട്ടിട്ടുണ്ട്. അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിൽ പുറത്ത് നിന്ന് കേൾക്കുന്നുണ്ട്. മെല്ലെ എണീറ്റ് ഞാൻ പുറത്ത് കൊലായിൽ പോയി നോക്കി. അവിടെ വലിയൊരു ആൾക്കൂട്ടം ചുറ്റും കൂടി നിൽക്കുന്നു. അതിനിടയിൽ സർച് ടീമിലുണ്ടായിരുന്ന ചെറിയ മാമ്മൻ തിണ്ണയിൽ ഇരിക്കുന്നുണ്ട്. ടീമിലെ മറ്റ് അംഗങ്ങളും തൊട്ടടുത്ത് തന്നെയുണ്ട്. മാമ്മന്റെ ഷർട്ടിൽ ചോര പുരണ്ടിരിക്കുന്നു. വായിൽ നിന്നും കയ്യിൽ നിന്നും ഒക്കെ ചോര വരുന്നുണ്ട്. **ആരും ഒന്നും പേടിക്കേണ്ട.. എനിക്ക് ഒരു കുഴപ്പവും ഇല്ല** എന്നൊക്കെ മാമ്മൻ പറയുന്നത് കേൾക്കാം. അതൊന്നും കേൾക്കാതെ സ്ത്രീകൾ കരച്ചിൽ പരിപാടി തുടരുന്നുമുണ്ട്. ആണുങ്ങൾ അവരെ പറഞ് സമാധാനിപ്പിക്കുന്നുന്നുണ്ട്. എന്നെ കണ്ടതും ഒരു വല്യമ്മ എന്നോട് അകത്തു പോയി കിടക്കാൻ പറഞ്ഞു. അച്ഛനും അതുതന്നെ പറഞ്ഞു. എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ തിരികെ മുറിയിൽ വന്നു കിടന്നു. ഇപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു പേടി തോന്നി തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഉറക്കം വരുന്നുണ്ടായിരുന്നില്ലാ. അപ്പോൾ സമയം പുലർച്ചെ മൂന്നു മണിയൊക്കെ ആയി കാണും. അപ്പോഴും പുറത്തു സംസാരങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ ഉണർന്നപ്പോഴാണ് കഥകൾ കേട്ട് തുടങ്ങിയത്.
ഞങ്ങൾ തലേന്നുരാത്രി പാടത്തുനിന്നു രണ്ടായി പിരിഞ്ഞതിനു ശേഷം എൻറെ മാമന്മാർ അടങ്ങുന്ന സർച്ച് ടീം കാണാതായ ചെറുപ്പക്കാരെയും അന്വേഷിച്ചു പോയിരുന്നല്ലോ. ആ സെർച്ച് ടീമിൽ ആറു പേർ ഉണ്ടായിരുന്നു. പിന്നീട് അവർ രണ്ടായി സ്പ്ലിറ്റ് ചെയ്ത് മൂന്നു പേരടങ്ങുന്ന സംഘം ആയി തിരച്ചിൽ തുടർന്നു. വേറെയും കുറച്ചു പേർ മറ്റു ഭാഗങ്ങളിൽ അതേ സമയത്ത് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ചെറുപ്പക്കാർ പോവാൻ സാധ്യതയുള്ള ഭാഗങ്ങളിലെല്ലാം അവർ തിരച്ചിൽ നടത്തി. മൂന്നു പേരടങ്ങുന്ന ഒരു ടീമിൽ ഏറ്റവും ചെറിയ മാമനും മൂപ്പര്ടെ രണ്ടു കൂട്ടുകാരുമാണ്. മറ്റേ മൂന്നുപേരിൽ എൻറെ വേറൊരു മാമനും നാട്ടിലെ രണ്ട് ചേട്ടന്മാരും. ചെറിയ മാമനും ടീമും അവിടുന്ന് നേരെ കാവ് കുളം ഭാഗത്തേക്കാണ് പോയത്. ആ ഭാഗത്തേക്ക് ഇപ്പോൾ അസമയത്ത് പോകേണ്ട എന്ന് മറ്റുള്ളവർ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ചോരത്തിളപ്പ് മാത്രം കൈമുതലായുള്ള അവർ കാവ് കുളം ലക്ഷ്യമാക്കി തന്നെ വെച്ച് പിടിച്ചു. കാവ് കുളം ഭാഗത്ത് വീടുകൾ വളരെ കുറവാണ്. ആ ഭാഗങ്ങളിൽ താമസിച്ചവർ ഗതി പിടിക്കാതെയും,ദുർ മരണങളും മറ്റു ദോഷങ്ങളും ശല്യങ്ങളും ഒക്കെ നിമിത്തം നിർബന്ധപൂർവം അവിടം വിട്ടു പോവെണ്ടി വരുകയാണ് ഉണ്ടായത്. ആ ഭാഗം മുഴുവനും പണ്ടത്തെ വലിയൊരു മന പറമ്പിന്റെ ഭാഗമാണ്. *അജ്ഞാതമായ എന്തോ ഒരു സത്വത്തിന്റെ സാന്നിധ്യം അവിടമാകെ ഉണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം. അവിടെ താമസിക്കുന്നവർക്ക് പലപ്പോഴും രാത്രിയിൽ വീടിനു ചുറ്റും ആരോ നടക്കുന്നത് കേൾക്കുക പതിവായിരുന്നു. പലരും പുളി മരത്തിൻറെ മുകളിൽ വെളുത്ത നിറത്തിലുള്ള എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ടത്രെ. ആ ഭീകരസത്വം ചിലപ്പോൾ ഒരു നാല് അടി പൊക്കത്തിൽ നിന്ന് ഏഴ് അടി പൊക്കത്തിൽ വരെ വലുതായി നിൽക്കുന്നത് പലരും കണ്ടിട്ടുണ്ട് എന്നാണ് പറഞ്ഞു കേൾക്കുന്നത്*. അങ്ങനെ മൂന്നു പേരും കാവ് കുളം കടന്നു പഴയ മന പറമ്പിലേക്ക് കയറി. അങ്ങിങ്ങായി അവിടെ കുറച്ചു വീടുകൾ മാത്രമെയുള്ളു. ആ സമയത്ത് മഴ നന്നായി നിലച്ചിരുന്നു. അവിടെ ആൾതാമസമില്ലാത്ത ചെറിയൊരു ഓട് മേഞ്ഞ വീട്ടിൽ നിന്ന് ചെറിയ രീതിയിലുള്ള പ്രകാശം അവർ ശ്രദ്ധിച്ചു. അവർ പതുക്കെ അതിനടുത്തേക്കു നടന്നു. പടിഞ്ഞാറ് ഭാഗത്തെ ജനൽ പാതി തുറന്നിരിക്കുന്നുണ്ട്. അതിനിടയിൽ കൂടിയാണ് പ്രകാശം വന്നിരുന്നത്. അതൊരു മെഴുകുതിരിയുടെ പ്രകാശം ആയിരുന്നു. അവർ പമ്മി പമ്മി പാതി തുറന്നിട്ട ജനലിന്റെ അടുത്തെത്തി. മെല്ലെ ജനലിനിടയിലൂടെ അകത്തേക്ക് എത്തി നോക്കിയ അവർ അവിടെ കണ്ട കാഴ്ച സിരകളെ മരവിപ്പിക്കുന്നതായിരുന്നു. കാണാതായ രണ്ടു ചെറുപ്പക്കാരിൽ ഒരാൾ ഉത്തരത്തിൽ കെട്ടിത്തൂങ്ങി നിൽക്കുന്നു. മറ്റേയാൾ നിലത്ത് മലർന്നു കിടക്കുന്നു. മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ അവർ നിലത്തു വീണു കിടന്നിരുന്ന ആളിനെ ഒരു നോട്ടം മാത്രമേ നോക്കിയുള്ളൂ. അയാളുടെ രൂപം അത്രക്ക് ഭീകരമായിരുന്നു. അയാളുടെ രണ്ട് കണ്ണുകളും തുറന്ന് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. എന്തോ കണ്ട് പേടിച്ചത് പോലെയുള്ള ഭാവത്തോടെ ആയാളുടെ വായ വല്ലാതെ തുറന്നിരിക്കുന്നുണ്ടായിരന്നു. തൊട്ടടുത്ത നിമിഷത്തിൽ വീടിൻറെ കിഴക്കു ഭാഗത്തുള്ള, ഉമ്മറത്തു നിന്ന് കിലുക്കാം പെട്ടി കിലുങുന്നത് പോലെ ഉള്ള ഒരു ശബ്ദം അവർ ശ്രദ്ധിച്ചു. അതിനു തൊട്ട് പിന്നാലെ എന്തോ ഒന്ന്... ചെറുതായ് ജ്വലിക്കുന്ന ഒരു വെളുത്ത രൂപം ഉമ്മറത്ത് നിന്ന് കിഴക്കുഭാഗത്തേക്ക് ഒഴുകി നീങ്ങുന്ന കാഴ്ച അവർക്ക് താങാവുന്നതിലും അപ്പുറത്തായിരുന്നു . ഒരു നേർത്ത പാട പോലെ തോന്നിക്കുന്ന ഒരു രൂപമായിരുന്നു അത് . നനഞ്ഞ വെള്ള മുണ്ട് കാറ്റത്ത് പാറി നടന്നാൽ എങ്ങനെയിരിക്കും.. അതുപോലെയുള്ള ഒരു രൂപം. മൂന്നുപേരും ഒരേ സമയത്ത് തന്നെ അത് കണ്ടു എന്നുള്ളത് കാരണം, ഒരാൾക്കുമാത്രം തോന്നിയ ഒരു പ്രഹേളിക മാത്രമായിരിക്കാം അതെന്ന് പറയുവാനും പറ്റില്ല. ആ ഭീകരസത്വത്തിനു ആറടിയൊളം വലിപ്പമുണ്ടായിരുന്നു. പെട്ടെന്ന് കൂട്ടത്തിലുള്ള ഒരാൾ അതിന്റെ നെർക്ക് ടോർച്ചടിച്ചു. അത് അപ്പോഴും കിഴക്ക് ഭാഗത്തേക്ക് ഒഴുകി പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും ബാക്കി രണ്ടുപേരും പേടിച്ചു നിലവിളിച്ചു അവിടുന്ന് ഓടി തുടങ്ങിയിരുന്നു. ഓട്ടത്തിനിടയിൽ എപ്പോഴോ മാമ്മൻ കല്ലിൽ തട്ടി നിലത്ത് വീണു. ആ വീഴ്ചയിൽ മാമാജിയുടെ മുന്നിലെ രണ്ട് പല്ലും പോയി, മുഖത്തും, കൈ കാലുകളിലും പരുക്കും പറ്റി. ആ പരുക്കും കൊണ്ടാണ് അവർ നേരെ വീട്ടിലേക്ക് ഓടിക്കയറിയത്. ഈ ബഹളം കേട്ടാണ് ഞാൻ നേരത്തെ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.
പോലീസ് റെക്കോർഡ്സിൽ അതൊരു Rarest of the Rarest കേസ് എന്നാണ് രേഖ പെടുത്തിയിരിക്കുന്നത്.
ഒരാൾ ആത്മഹത്യയും മറ്റേയാൾ ഹാർട്ട് അറ്റാക്കും വന്നാണ് മരണപ്പെട്ടതെന്ന് പോലീസ് വിധിയെഴുതി. അവരുടെ മരണത്തിന് പിന്നിൽ കൊലപാതകത്തിന്റെ യാതൊരു തെളിവും പോലീസിന് ലഭിച്ചിച്ചിരുന്നില്ല. പക്ഷെ രണ്ടു മരണത്തിന്റെയും പിന്നിലെ ദുരൂഹത മറനീക്കി പുറത്തു കൊണ്ടുവരാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ആ കേസിന്റെ മിസ്റ്റീരിയസ് സ്വഭാവത്തെ തുറന്ന് കാണിക്കുന്നു. രണ്ടുപേരും ഒറ്റപ്പെട്ട ആ വീട്ടിൽ ആ പാതിരാത്രിക്ക് എന്തിനു പോയി? അങ്ങോട്ട് പോകാൻ ഉള്ള പ്രേരണ എന്തായിരുന്നു? ഒന്നാമത്തെയാൾ തൂങ്ങിമരിക്കാൻ ഉണ്ടായ കാരണം എന്തായിരുന്നു? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പോലീസിന്റെ കൈയിൽ വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. പക്ഷേ മനസ്സിന്റെ കൈ പിടിയിൽ ഒതുങാത്ത, മനസ്സിനാൽ നിയന്ത്രിക്കാൻ പറ്റാത്ത എന്തോ ഒരു സംഭവം അന്നവിടെ നടന്നിട്ടുണ്ടെന്നും, ആ ഭയത്തിൽ നിന്നുമാണ് രണ്ടാമത്തെ ആളുടെ മരണമെന്നും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും സ്ഥിരീകരിക്കുന്നു. പക്ഷെ എന്ത് കണ്ട് പേടിച്ചായിരിക്കും അയാൾ മരിച്ചതെന്ന് പോലീസിന്റെ മുൻപിൽ കുഴക്കുന്ന ഒരു ചോദ്യമായിരുന്നു. ആത്മഹത്യ ചെയ്ത ആൾ മരിച്ചിട്ട് അഞ്ചോ ആറോ മിനിറ്റ് കഴിഞ്ഞിട്ടാണ് വീണുകിടന്നിരുന്നയാൾ മരിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. പിന്നെയും ഉണ്ടായിരുന്നു കുറെയെറെ ചോദ്യങ്ങൾ. അതിലെ വിശദാംശങ്ങളിലേക്കൊന്നും കൂടുതൽ കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും പിന്നീട് മാമ്മൻമാർക്ക് കുറേ കാലം കേസുമായി ബന്ധപ്പെട്ട് കുറെ കോടതി കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. മാമനും കൂട്ടുകാരും പറഞത്, പോലീസും കോടതിയും പൂർണ്ണമായും വിശ്വസിച്ചിട്ടില്ല, പക്ഷെ കോടതി അതിനെ പൂർണമായി തള്ളിക്കളയുന്നുമില്ല എന്നത് വളരെ strange ആണ്. ഈയൊരു കാരണം ഒന്ന് കൊണ്ടായിരിക്കാം കോടതി അതിനെ Rarest കേസ് എന്ന വിഭാഗത്തിൽ പെടുത്തിയത്. അതിനിടയിലെപ്പോഴോ മാമ്മൻ രാത്രിയിൽ തന്റെ മുറിയിയുടെ വാതിലിനു പുറകിൽ ഒരു കറുത്ത രൂപം തന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ട ഒരു സംഭവമുണ്ടായി. തട്ടിൻപുറത്തെ മുറിയിൽ സാധാരണ ഒറ്റക്ക് കിടക്കാറുണ്ടായിരുന്ന മാമ്മൻ ഈ സംഭവത്തിനുശേഷം ഒറ്റയ്ക്ക് കിടകുന്ന ശീലം ഉപക്ഷിച്ചു. ഈ സംഭവ പരമ്പരകൾക്ക് ശേഷം മാമന് മാനസികമായി കുറെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി. അന്ന് പിജി ചെയ്തുകൊണ്ടിരുന്ന മാമ്മനൻ, അത് പൂർത്തിയാക്കാൻ കഴിയാതെ വനിരുന്നു. പിന്നീട് കുറെ ചികിത്സയൊകെ ചെയ്തിട്ടാണ് എല്ലാം നേരെ ആയത്. 28 വർഷങ്ങൾക്കിപ്പുറവും ആ സംഭവങ്ങൾ ഒർക്കുമ്പോൾ എല്ലാവരുടെയും ഉള്ളിൽ നെരിപോടാണ്. കേന്ദ്ര കഥാപാത്രമായ എന്റെ ചെറിയ മാമ്മൻ, പിന്നീട് അദ്ധെഹത്തിനു അഭിമുഖീകരിക്കേണ്ടതായ് വന്ന പ്രശ്നങ്ങളെയെല്ലാം തരണം ചെയ്തു വന്ന് തന്റെ വിദ്യാഭ്യാസവും പൂർത്തിയാക്കി സർക്കാർ ജോലിയും വാങിച്ച് പെണ്ണും കെട്ടി രണ്ട് മക്കളും ഒന്നിച്ച് സുഖമായ് കഴിയുന്നു ഇപ്പോൾ. മാമ്മന്റെ രണ്ട് കൂട്ടുകാരും ഗൾഫിൽ കുടുംബ സമെതം താമസിക്കുന്നു. യുക്തിവാദികളായിരുന്ന എന്റെ മറ്റു മാമ്മൻമാരെല്ലാവരും ആ സംഭവത്തിനു ശേഷം തികഞ്ഞ ഈശ്വര വിശ്വാസികളായ് എന്നുള്ളത് വളരെ കൗതുകകരമായ ഒരു വസ്തുതയായ് നിലനിൽക്കുന്നു.
Note : കേസിന്റെ കോൺഫിടൻഷ്യാലിറ്റി കീപ് ചെയ്യാൻ വേണ്ടി ചുരുക്കം ചില കാര്യങ്ങൾ മാറ്റം വരൂത്തി പറയെണ്ടി വന്നിട്ട്ണ്ട്