A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അല്‍ഷൈമേഴ്സിന്റെ കാരണങ്ങള്‍





നിങ്ങള്‍ വളരെ കൊഞ്ചിക്കുന്ന നിങ്ങളുടെ പേരക്കുട്ടിയുടെ പേര് നിങ്ങള്‍ മറന്നു പോയോ? നിങ്ങള്‍ക്കു നിങ്ങളുടെ മരുമകള്‍ ഭക്ഷണം തരുന്നില്ല എന്ന് നിങ്ങളുടെ മകനോട് നിങ്ങള്‍ പരാതി പറയാറുണ്ടോ? നിങ്ങളുടെ പുതിയ അയല്‍ക്കാരന്റെ പേര് നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ പറ്റുന്നില്ലേ? എങ്കില്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണണം. കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ പേരക്കുട്ടിയുടെ പേരറിയാം, നിങ്ങളുടെ മരുമകള്‍ സമയത്തിന് നിങ്ങള്‍ക്ക് ഭക്ഷണം തന്നതുമാണ്. പക്ഷേ നിങ്ങളുടെ ഓര്‍മ്മയില്‍ ആ കാര്യങ്ങള്‍ നിങ്ങള്‍ മറന്നു പോയതാണ്. അതേ സമയം പഴയ ഓര്‍മ്മകള്‍ നശിക്കാതെ കിടക്കും.

വൈദ്യശാസ്ത്രത്തില്‍ ഈ അവസ്ഥയെ ആണ് അല്‍ഷൈമേഴ്സ് അഥവാ മറവി രോഗം എന്നു പറയുന്നത്. ഈ നൂറ്റാണ്ടിന്റെ രോഗം എന്നും അവസ്ഥയെന്നും ഒക്കെ നമ്മുക്ക് അല്‍ഷൈമേഴ്സിനെ വിശേഷിപ്പിക്കാം. 65 വയസ്സ് കഴിഞ്ഞവരില്‍ പത്തു ശതമാനവും 80 കഴിഞ്ഞവരില്‍ 50 ശതമാനവും കാണപ്പെടുന്ന അല്‍ഷൈമേഴ്സിന് ഫലപ്രദമായ ഒരു മരുന്ന് ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്നത് രോഗത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.
ഡിമന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗം ഇതാണ്. ലോകത്ത് എല്ലായിടത്തും ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കൂടിയതോടെ അല്‍ഷൈമേഴ്സ് ബാധിച്ചവരുടെ എണ്ണവും കൂടി.
1906-ല്‍ മാനസിക രോഗ ശാസ്ത്രജ്ഞനായ അലിയോസ് അല്‍ഷൈമേഴ്സ് ആണ് ഈ രോഗത്തെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്.
അല്‍ഷൈമേഴ്സിന്റെ ചില പൊതു ലക്ഷണങ്ങള്‍
മറവി- വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയുമ്പോഴും അടുത്ത കാലത്തുണ്ടാവുന്ന കാര്യങ്ങള്‍ മറന്നു പോകുന്നു പോകുന്നു
സംശയം, മിഥ്യാ ധാരണകള്‍
പെട്ടെന്ന് ദേഷ്യപ്പെടല്‍
പെട്ടെന്നുണ്ടാകുന്ന വികാര മാറ്റങ്ങള്‍
ഭാഷയുടെ ഉപയോഗത്തില്‍ പിഴകള്‍ സംഭവിക്കുക
സ്ഥലകാല ബോധം നഷ്ടപ്പെടല്‍
ഇടയ്ക്കിടെ ബാലന്‍സ് കിട്ടാതെ വീഴുക
അല്‍ഷൈമേഴ്സിന്റെ കാരണങ്ങള്‍
അല്‍ഷൈമേഴ്സിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇപ്പോളും അവ്യക്തമാണ്. പഠനങ്ങള്‍ ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു. എന്നിരുന്നാലും പറയപ്പെടുന്ന കാരണങ്ങളില്‍ ഒന്ന് തലച്ചോറിലെ ന്യൂറോണുകള്‍ നശിക്കുന്നതാണ്. ആരോഗ്യമുള്ള ഒരാളുടെ മസ്തിഷ്ക്കത്തില്‍ ഏകദേശം പതിനായിരം കോടി ന്യൂറോണുകളും അവ തമ്മില്‍ നൂറു ലക്ഷം കോടി കണക്ഷനുകളും ഉണ്ട്.
സിനാപ്സുകള്‍ എന്നറിയപ്പെടുന്ന ഈ കണക്ഷനുകളില്‍ കൂടിയാണ് ന്യൂറോണുകള്‍ തമ്മില്‍ സംവദിക്കുന്നത്. ഇത്തരത്തിലുള്ള ഒരുപാട് ന്യൂറോണുകള്‍ അല്‍ഷൈമേഴ്സ് രോഗികളില്‍ നശിക്കുന്നു. അങ്ങനെ സിനാപ്സുകള്‍ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുകയും, ക്രമേണ ബാക്കിയുള്ള സിനാപ്സുകളും, ന്യൂറോണുകളും നശിക്കുകയും ചെയ്യുന്നു.
അതേ സമയം കോളിനെര്‍ജിക് സിദ്ധാന്തമനുസരിച്ച് അസെറ്റൈകോളിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ സംശ്ളേഷണം കുറയുന്നതാണ് ഈ രോഗത്തിന് കാരണം. എന്നാല്‍ അസെറ്റൈകോളിന്റെ കുറവ് നികത്താനുപയോഗിക്കുന്ന മരുന്നുകള്‍ കഴിച്ചിട്ടും അല്‍ഷൈമേഴ്സ് രോഗികളില്‍ കാര്യമായ വ്യത്യാസം ഉണ്ടാവുന്നില്ല എന്നത് കാരണം ഈ സിദ്ധാന്തത്തിന് അധികം സാദ്ധുത ഇല്ല.
1991-ല്‍ മുന്നോട്ട് വെയ്ക്കപ്പെട്ട അമലോയ്ഡ് ബീറ്റാ സിദ്ധാന്തമനുസരിച്ച്, മസ്തിഷ്ക കോശങ്ങളില്‍ അമലോയ്ഡ് ബീറ്റാ എന്ന പ്രോട്ടീന്‍ അടിഞ്ഞു കൂടുന്നതാണ് അല്‍ഷൈമേഴ്സ് രോഗത്തിന് കാരണം എന്ന് പറയുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഒരിടയ്ക്ക് അല്‍ഷൈമേഴ്സും അലൂമിനിയത്തിന്റെ ഉപയോഗവുമായി ബന്ധമുണ്ട് എന്ന് പറഞ്ഞ് കുറേ പഠനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതില്‍ അടിസ്ഥാനമില്ല എന്ന് കാലക്രമേണ പഠനങ്ങള്‍ തെളിയിച്ചു.
അല്‍ഷൈമേഴ്സിന്റെ വിവിധ ഘട്ടങ്ങള്‍
* പ്രീ ഡിമെന്‍ഷ്യ
* ഡിമെന്‍ഷ്യ ആദ്യ ഘട്ടങ്ങളില്‍
* ഡിമെന്‍ഷ്യ
* ഡിമെന്‍ഷ്യ മൂര്‍ദ്ധന്യ ഘട്ടത്തില്‍
*പ്രീ ഡിമെന്‍ഷ്യ
അല്‍ഷൈമേഴ്സിന്റെ പ്രാരംഭ ഘട്ടങ്ങളാണ് പ്രീ ഡിമെന്‍ഷ്യ എന്നറിയപ്പെടുന്നത്. ഈ ഘട്ടത്തില്‍ കാണുന്ന ആദ്യ ലക്ഷണമാണ് മറവി. ഒരു ചെറിയ കാര്യം പോലും ഓര്‍ത്തെടുക്കാന്‍ ഈ ഘട്ടത്തില്‍ വളരെ ബുദ്ധിമുട്ടനുഭവപ്പടുന്നു. പലപ്പോഴും ഇത്തരം മറവി വാര്‍ദ്ധക്യത്തിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടുന്നു. അതു പോലെ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനൊക്കെ ഈ ഒരു ഘട്ടത്തില്‍ വളരെ ബുദ്ധിമുട്ടനുഭവപ്പെടുന്നു.
ഡിമെന്‍ഷ്യ ആദ്യ ഘട്ടങ്ങളില്‍
കാര്യങ്ങള്‍ മനസ്സിലാക്കാനും, കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിലും ഉള്ള പ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ ഒന്നു കൂടി പ്രകടമാകുന്നു. ഈ ഒരു ഘട്ടത്തില്‍ പുതിയ കാര്യങ്ങളെക്കാളും പഴയ കാര്യങ്ങള്‍ ആയിരിക്കും കൂടുതല്‍ ഓര്‍മ്മ. സംസാരത്തിലും മറ്റും വ്യത്യാസം പ്രകടമാവാന്‍ തുടങ്ങുന്നു.
*ഡിമെന്‍ഷ്യ
ഈ ഒരു ഘട്ടമാകുമ്പോളേക്കും രോഗിയുടെ നില വളരെ അധികം വഷളായി തുടങ്ങിയിട്ടുണ്ടാകും. എഴുതാനും വായിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു തുടങ്ങുന്നു. ഈ ഘട്ടത്തില്‍ അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയാതെ പോകുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുക, കാര്യമൊന്നുമില്ലാതെ ദേഷ്യപ്പെടുക തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍. അതു പോലെ ഈ ഒരു ഘട്ടത്തില്‍ വീഴ്ചയും പതിവാകുന്നു.
ഡിമെന്‍ഷ്യ മൂര്‍ദ്ധന്യ ഘട്ടത്തില്‍
ഡിമെന്‍ഷ്യയുടെ മൂര്‍ദ്ധന്യ ഘട്ടമാകുമ്പോളേക്കും രോഗിക്ക് പരസഹായമില്ലാതെ ഒന്നും വയ്യ എന്ന അവസ്ഥയായിട്ടുണ്ടാകും. തീരെ മിണ്ടാന്‍ വയ്യാതാവുകയും, ഭഷണം ഒറ്റയ്ക്ക് കഴിക്കാന്‍ പറ്റാതെയും ആവുന്നു. അല്‍ഷൈമേഴ്സ് ബാധിച്ച് ആരും മരിക്കുന്നില്ലെങ്കിലും, അള്‍സറോ, ന്യൂമോണിയയോ പോലുള്ള മറ്റ് രോഗങ്ങള്‍ വന്നാണ് ഇവര്‍ മരിക്കുന്നത്.
അല്‍ഷൈമേഴ്സിന്റെ അപകട സാദ്ധ്യതകള്‍
പ്രായം ആണ് ഒരു പ്രധാന കാര്യം. പ്രായം കൂടുന്നതിനനുസരിച്ച് അല്‍ഷൈമേഴ്സ് ബാധിക്കാനുള്ള സാദ്ധ്യതയും കൂടുന്നു.
കുടുംബത്തില്‍ അടുത്ത രക്ത ബന്ധത്തിലുള്ള ആര്‍ക്കെങ്കിലും അല്‍ഷൈമേഴ്സ് വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുന്നു.
അസാധാരണമായി നിങ്ങളുടെ ജീനുകളില്‍ കാണുന്ന എന്തെങ്കിലും വ്യത്യാസം ചിലപ്പോള്‍ അല്‍ഷൈമേഴ്സിലേയ്ക്ക് നയിച്ചേക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
തലയ്ക്കുണ്ടാവുന്ന എന്തെങ്കിലും ക്ഷതം
ആയുര്‍വേദത്തില്‍
കോയമ്പത്തൂര്‍ ആര്യ വൈദ്യഫാര്‍മസിയിലെ മെഡിക്കല്‍ ഡയറക്ടറായ ഡോ. രവീന്ദ്രന്റെ അഭിപ്രായത്തില്‍, ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളാണ് അല്‍ഷൈമേഴ്സിന്റെ ഒരു പ്രധാന കാരണം. പണ്ടത്തെ കാലത്തെ ഭക്ഷണ രീതിയില്‍ ധാരാളം നെയ്യും പാലുല്‍പ്പന്നങ്ങളും മറ്റും ഉള്‍പ്പെട്ടിരുന്നു. നെയ്യുല്‍പ്പന്നങ്ങള്‍ ബുദ്ധി ശക്തിക്കും, തലച്ചോറിനും വളരെ നല്ലതായിരുന്നു. അതേ സമയം ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്ക്കാരവും, അത് പോലെ എല്ലാ കാര്യങ്ങള്‍ക്കും കംപ്യൂട്ടറിനെയും മറ്റും ആശ്രയിക്കുന്നതും, തലച്ചോറിന്റെ ജോലി കുറച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അല്‍ഷൈമേഴ്സിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയാല്‍, ഒരു പരിധി വരെ രോഗിയെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികേ കൊണ്ട് വരാവുന്നതാണ്. അതുപോലെ ആയുര്‍വ്വേദത്തില്‍ അല്‍ഷൈമേഴ്സ് ചികിത്സക്ക് മുലപ്പാലിനുള്ള പങ്കിനെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിന്റെ ലഭ്യതയാണ് ഒരു പ്രധാന പ്രശ്നം.
മുന്‍കരുതല്‍
എല്ലാ അസുഖങ്ങളുടെ കാര്യത്തിലും നമ്മള്‍ പറയാറുള്ള ഒരു കാര്യമുണ്ട്. അതായത് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കലാണ് എന്ന്. അത് ഏറ്റവും യോജിക്കുന്നത് അല്‍ഷൈമേഴ്സിന്റെ കാര്യത്തില്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം. കാരണം തലച്ചോര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ അല്‍ഷൈമേഴ്സ് വരാനുള്ള സാദ്ധ്യത വളരെ കുറവാണ്. അത് കൊണ്ട് നിങ്ങളുടെ തലച്ചോര്‍ നന്നായി ഉപയോഗിക്കുക.
പുതിയ എന്തെങ്കിലും കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുക. അത് വഴി നിങ്ങളുടെ തലച്ചോറിലെ കോശങ്ങള്‍ എപ്പോളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
എന്തെങ്കിലും വായിക്കുക
പാട്ട് കേള്‍ക്കുക
കൊഴുപ്പ് കുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക
ഒമേഗ 3 ആസിഡ് അടങ്ങിയ മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ 2-3 പ്രാവശ്യമെങ്കിലും കഴിക്കുക
വിറ്റമിന്‍ 'സി'യും വിറ്റമിന്‍ 'ഇ'യും അടങ്ങിയ പഴങ്ങളും പച്ചക്കറിയും ധാരാളം കഴിക്കുക
ചികിത്സ
*ചികിത്സ എന്ന പദം
അല്‍ഷൈമേഴ്സ് രോഗികളെ സംബന്ധിച്ച് 'ഓര്‍മ്മ' എന്ന പദം പോലെ തന്നെ അന്യമാണ്. പല ഗവേഷണങ്ങള്‍ നടക്കുന്നുണ്ടങ്കിലും ഫലപ്രദമായ ഒരു മരുന്നും ഇത് വരെ കണ്ട് പിടിക്കപ്പെട്ടിട്ടില്ല എന്നതാണ് ഈ രോഗത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നത്. എന്നിരുന്നാലും ചില മരുന്നുകള്‍ കഴിക്കുന്നത് വഴി രോഗം ബാധിക്കുന്നതിന്റെ വേഗത ഒന്ന് കുറയ്ക്കാന്‍ കഴിയുന്നു. അതു പോലെ ഈ രോഗബാധിതരില്‍ ഉണ്ടാവുന്ന ഉറക്കമില്ലായ്മയും, ആശങ്കകളും, അക്രമ വാസനകളും മറ്റും മരുന്നുകളും, പരിചരണവും വഴി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും.
*കുടുംബത്തിന്റെ സഹകരണം
അല്‍ഷൈമേഴ്സ് ബാധിതരെക്കാള്‍ ഈ രോഗത്തിന്റെ ഭീകരത ശരിക്കും അനുഭവിക്കേണ്ടി വരുന്നത് കുടുംബാംഗങ്ങളാണ്. കാരണം ഈ രോഗ ബാധിതരുടെ അവസ്ഥ ഓരോ ദിവസം കഴിയുന്തോറും വഷളായി കൊണ്ടിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുക, സാധനങ്ങള്‍ വലിച്ചെറിയുക, ആളുകളെ തിരിച്ചറിയാരിക്കുക എ
ന്നൊക്കെയുള്ള അവസ്ഥയെത്തുമ്പോളേക്കും വീട്ടുകാര്‍ ആകെ തളര്‍ന്നു പോകും. എന്ത് ചെയ്തിട്ട് എന്താ കാര്യം എന്ന ഒരു ചിന്ത സ്വാഭാവികമായി ഉടലെടുത്തേക്കാം. ഡോക്ടറോടും മറ്റുള്ളവരോടും സംസാരിച്ച് ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക. രോഗിയോട് വളരെ സ്നഹത്തോടെ പെരുമാറുക. അവരില്‍ നിന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചൊന്നും കിട്ടി എന്ന് വരില്ല. പക്ഷേ ഒന്നോര്‍ക്കുക. ഇന്നവര്‍ മറവിയുടെ ലോകത്ത് തപ്പിത്തടയുകയാണെങ്കിലും ഒരു കാലത്ത് അവര്‍ക്ക് നിങ്ങള്‍ വളരെ പ്രിയപ്പെട്ടതായിരുന്നു. നിങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ കുറേ വിലപ്പെട്ട മുഹൂര്‍ത്തങ്ങള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ടാവും. അത് കൊണ്ട് ഒരു കാരണവശാലും അവരെ നിങ്ങള്‍ ഒറ്റപ്പെടുത്തരുത്. കാരണം അവര്‍ക്ക് നിങ്ങള്‍ മാത്രമേ ഉള്ളൂ.
കടപ്പാട് :ദിനചര്യ