പിടികിട്ടാത്ത ഒരു അത്ഭുതം തന്നെയായി എന്നെ ആശ്ചശ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു! വളരെ പഴയ തലമുറയിലെ തച്ചുശാസ്ത്രജ്ഞന്മാരുടെ തലച്ചോറിന്റെ വലിപ്പത്തിലാണ് ഇന്നു ഞാൻ വീണുപോയത്.
കോട്ടയത്തുനിന്ന് വൈക്കം റൂട്ടിൽ സഞ്ചരിക്കുമ്പോൾ കടുത്തുരുത്തിക്ക് മുമ്പ് മുട്ടുചിറയ്ക്ക് പടിഞ്ഞാറാണ് പ്രശസ്തമായ ആയാംകുടി മഹാദേവർ ക്ഷേത്രം. ഉയർന്ന കുന്നിൻ മുകളിൽ കിഴക്ക് ദർശനമായി യാതൊരു ആധുനിക പരിഷ്കാരവും കടന്നു ചെന്ന് വികൃതപ്പെടുത്താത്ത, പുരാതനത്വത്തിന്റെ സൗന്ദര്യം പേറുന്ന തിരുവായാങ്കുടി ക്ഷേത്രം. വട്ടശ്രീകോവിലിൽ സബ്രഹ്മണ്യനും കന്നിക്കോണിൽ മഹാവിഷ്ണുവിനും പ്രത്യേകം മതിൽക്കെട്ടോടെ ഉപദേവാലയങ്ങളുള്ള അപൂർവ്വക്ഷേത്രം!
തിരുവായാങ്കുടിയപ്പൻ വൈക്കത്തപ്പന്റെ തദ്ഭാവമാണെന്ന് സങ്കല്പം. ഇവിടെ തൊഴുതാൽ വൈക്കത്ത് പോയി തൊഴുന്നതിന് സമമാണെന്ന് പണ്ടു മുതലുള്ള വിശ്വാസം. ക്ഷേത്രത്തിന്റെ ആനക്കൊട്ടിൽ ചേർന്നുള്ള കാഴ്ച വൈക്കത്തേതിന് ഏതാണ്ടു സമാനവും.
തിരുവായാങ്കുടി ക്ഷേത്രത്തിന് മുന്നിൽ ആഴമുള്ള ഭംഗിയുള്ള ഒരു കുളവുമുണ്ട്. അവിടെയാണ് ആറാട്ട് കുളിക്കുന്നത്. പത്തു വർഷങ്ങൾക്ക് മുമ്പ് ഒരാറാട്ടിന് ആറാട്ടുകുളിക്കുന്ന സമയത്തു തന്നെ പുല്ലാങ്കുഴൽ കച്ചേരി ചെയ്യാൻ ഈയുള്ളവന് ഒരവസരമുണ്ടായത് മറക്കാനാവാത്ത അനുഭവമാണ്.
തിരുവായാങ്കുടി ക്ഷേത്രത്തിന് മുന്നിൽ ആഴമുള്ള ഭംഗിയുള്ള ഒരു കുളവുമുണ്ട്. അവിടെയാണ് ആറാട്ട് കുളിക്കുന്നത്. പത്തു വർഷങ്ങൾക്ക് മുമ്പ് ഒരാറാട്ടിന് ആറാട്ടുകുളിക്കുന്ന സമയത്തു തന്നെ പുല്ലാങ്കുഴൽ കച്ചേരി ചെയ്യാൻ ഈയുള്ളവന് ഒരവസരമുണ്ടായത് മറക്കാനാവാത്ത അനുഭവമാണ്.
പറയാൻ ഉദ്ദേശിച്ച കാര്യത്തിലേയ്ക്കു വരാം. വൈക്കത്തപ്പൻ തന്നെയാണ് ആയാംകുടിത്തേവർ എന്നു പറഞ്ഞല്ലോ, ആയാങ്കുടി ക്ഷേത്രവും വൈക്കം ക്ഷേത്രവും കിഴക്ക് പടിഞ്ഞാറ് നേർരേഖയിലാണ് എന്ന് നേരത്തേ തന്നെ ഉപഗ്രഹഭൂപടത്തിൽ ശ്രദ്ധിച്ചിട്ടുള്ളതുമാണ്! എന്നാൽ അത് ഇത്ര കൃത്യമായിരിക്കും എന്ന് ഓർത്തതേയില്ല. രണ്ടു ക്ഷേത്രങ്ങൾക്കും ദർശനം കിഴക്കോട്ട്. ആയാങ്കുടി കിഴക്കും വൈക്കം പടിഞ്ഞാറും. അതിനാൽ ആയാങ്കുടി ക്ഷേത്രത്തിൽനിന്ന് തൊഴുതാൽ അത് വൈക്കം ക്ഷേത്രം കൂടി ലക്ഷ്യമാക്കിയാകും.
ഗൂഗിൾ മാപ്പിൽ നോക്കി ഇന്നു കണ്ടെത്തിയ കാര്യം ഇതാണ്: വൈക്കം ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ താഴികക്കുടം അക്ഷാംശ രേഖ 9.749°യും രേഖാംശരേഖ 76.396°യും ആണ്. ആയാംകുടി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ താഴികക്കുടം അക്ഷാംശരേഖ 9.749° ഉം രേഖാംശരേഖ 76.473° ഉം ആണ് ! അതായത് അക്ഷാംശരേഖ ദശാംശസ്ഥാനങ്ങളിൽ പോലും വ്യത്യാസമില്ല. ഒന്നു തന്നെ. രേഖാംശത്തിൽ .064 പോയിൻറ് വ്യത്യാസം. അതായത് കിഴക്കുപടിഞ്ഞാറു നേർരേഖ വരച്ചാൽ ഒരടി വ്യത്യാസം പോലും തെക്കോട്ടോ വടക്കോട്ടോ ഇല്ല! ഇതു യാഥൃശ്ചികമാകാൻ ഒരു വഴിയുമില്ല. ഇതിനു പിന്നിൽ ഒരു സ്ഥപതിയുടെയോ ഒരു കൂട്ടം ഭൂമിശാസ്ത്രവിദഗ്ധന്മാരുടെയോ വിജ്ഞാനം പ്രവർത്തിച്ചിട്ടുണ്ടെന്ന് ഉറപ്പ്! ഇരു ക്ഷേത്രങ്ങളും തമ്മിൽ കിഴക്കുപടിഞ്ഞാറായി ഇരുപത് കിലോമീറ്ററോളം ദൂരമുണ്ടായിരിക്കേ ഈ നേർരേഖയിലുള്ള സ്ഥാനം എങ്ങനെ നിർണ്ണയിക്കപ്പെട്ടു എന്നത് അത്ഭുതമാണ്. ആയാംകുടി ക്ഷേത്രത്തിന് ആയിരത്തിനടുത്ത് പഴക്കമുണ്ടെന്ന് അവകാശപ്പെടുന്നു. എങ്കിൽ ആധുനികമായ മാനകങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാതിരുന്ന അക്കാലത്ത് ഇത്തരത്തിൽ സ്ഥാനനിർണ്ണയം നടത്താൻ സ്ഥപതിയെ സഹായിച്ച ശാസ്ത്രീയഘടകം എന്തായിരിക്കാം?! സൂര്യന്റെ സഞ്ചാരഗതിയും നിഴലും അളന്നുനോക്കി കണ്ടെത്തിയതാവുമോ? ആണെങ്കിൽ തന്നെ അതെങ്ങനെ? ഒരെത്തുംപിടിയും ഇന്നു ചിന്തിക്കുമ്പോൾ കിട്ടുന്നില്ല. തച്ചുശാസ്ത്ര വിദഗ്ധരായ ചിലർക്കെങ്കിലും ഉത്തരം തരാനായേക്കും.
(ചിത്രത്തിൽ വൈക്കം മഹാദേവർ ക്ഷേത്രം,
ആയാംകുടി മഹാദേവർ ക്ഷേത്രം, രണ്ടു ക്ഷേത്രങ്ങളെയും കിഴക്ക് പടിഞ്ഞാറ് നേർരേഖ വരച്ച് അടയാളപ്പെടുത്തിയ ഗൂഗിൾ മാപ്പ്.)
ആയാംകുടി മഹാദേവർ ക്ഷേത്രം, രണ്ടു ക്ഷേത്രങ്ങളെയും കിഴക്ക് പടിഞ്ഞാറ് നേർരേഖ വരച്ച് അടയാളപ്പെടുത്തിയ ഗൂഗിൾ മാപ്പ്.)