ഹീലിയം -3 , ഭാവിയിലെ ആണവ ഇന്ധനം -ഇപ്പോൾ നടക്കുന്ന ചാന്ദ്ര ദൗത്യങ്ങളുടെ ഒരു പ്രധാന ദീർഘകാല ലക്‌ഷ്യം
ഇപ്പോൾ നടക്കുന്ന ചാന്ദ്ര പര്യവേക്ഷണങ്ങളുടെ ഒരു ഉദ്ദേശം ചന്ദ്രോപരിതലത്തിൽ ധാരാളമായുള്ള ഹീലിയം -3 നിക്ഷേപങ്ങളെ കണ്ടെത്താനും അവയെ ഖനനം ചെയ്യാനുള്ള മാർഗങ്ങൾ ആരായുകയും കൂടിയാണ് .
ഹീലിയം വാതകത്തിന്റെ ദുര്ലഭമായ ഒരു ഐസോട്ടോപ്പാണ് ഹീലിയം -3 . ഭൂമിയിൽ ഹീലിയം -3 വളരെ വിരളമാണ് . ഭൂമിയിൽ ഉള്ള വളരെ കുറഞ്ഞ അളവിലുള്ള ഹീലിയം -3 ആറ്റങ്ങളെല്ലാം തെർമോ ന്യൂക്ലെയർ ആണവ പരീക്ഷണങ്ങളിൽ സൃഷ്ടിക്കപ്പെട്ടതാണ് .
ഇപ്പോൾ ഭൂമിയിൽ നിർമിക്കപ്പെടുന്ന വളരെ കുറഞ്ഞ അളവിലുള്ള ഹീലിയം -3 ഹൈഡ്രെജന്റെ റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പായ ട്രിഷ്യത്തിന്റെ റേഡിയോ ആക്റ്റീവ് ഡീക്കെ യില്നിന്നുമാണ് നിർമ്മിക്കപ്പെടുന്നത് . ഓരോ വർഷവും ഏതാനും ഗ്രാം ഹീലിയം -3 മാത്രമേ ഇങ്ങനെ നിര്മിക്കപ്പെടുന്നുളൂ .
പല പ്രത്യേകതകളും ഉള്ള ഒരൈസോട്ടോപ്പാണ് ഹീലിയം -3 . 2 പ്രോട്ടോണും ഒരു ന്യൂട്രോണുമുള്ള ഹീലിയം -3 റേഡിയോ ആക്റ്റീവ് അല്ല . ഭൂമിയിൽ കുറവാണെങ്കിലും ചന്ദ്ര ഉപരിതലത്തിൽ സൗരവാതങ്ങൾ ധാരാളം ഹീലിയം -3 നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടപ്പെടുന്നത് .ഭൂമിയുടെ മാഗ്നെറ്റിക്ക് ഫീൽഡ് സൗരവാതങ്ങളെ ഭൂമിയെ സ്പർശിക്കാൻ അനുവദിക്കാതെ ഡിഫ്‌ളെക്റ്റ് ചെയ്യുകയാണ് ചെയുന്നത് . ചന്ദ്രന് കാന്തവലയം ഇല്ല അതിനാൽ സൗരവാതങ്ങൾ ചന്ദ്ര ഉപരിതലത്തെ സ്പർശിക്കുകയും ഹീലിയം -3 ഉൾപ്പെടെയുള്ള ചില ആറ്റങ്ങളെ ചന്ദ്ര ഉപരിതലത്തിൽ നിക്ഷേപിക്കുകയും ചെയുന്നു .
ആണവ ഫ്യൂഷൻ നടത്താൻ ഏറ്റവും എളുപ്പമുള്ള ഒരു ന്യൂക്ലിയസ് ആണ് ഹീലിയം -3 യിന്റെത് . റേഡിയോ ആക്റ്റീവ് അല്ലത്ത ഒരു വസ്തു ആണവ ഇന്ധനം ആയി ഉപയോഗിക്കുന്നത് സുരക്ഷയുടെ കോണിൽ വളരെ മെച്ചമേറിയതാണ് .ഹീലിയം -3 യുടെ ഫ്യൂഷൻ ന്യൂട്രോണുകളെ വിടുവിക്കുന്നുമില്ല ,ഫ്യൂഷന്റെ ഫലമായുണ്ടാകുന്ന ഹീലിയം -4 ഉം റേഡിയോ ആക്റ്റീവ് അല്ല . ചുരുക്കി പറഞ്ഞാൽ തികച്ചും ക്ളീൻ ആയ ഫ്യൂഷൻ ആണ് ഹീലിയം -3 യിന്റെത് . ഒരു ആണവ മാലിന്യവും ഉല്പാദിപ്പിക്കാത്ത ന്യൂക്ലിയർ ഫ്യൂൽ ആണ് ഹീലിയം -3 .
ഭാവിയിൽ ക്‌ളീൻ ആയ ആണവ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ഒരു വഴിയാണ് ഹീലിയം -3 മാനവരാശിക്ക് മുന്നിൽ തുറന്നിടുന്നത് . ഫ്രാൻസിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ITER വിജയിക്കുകയും . ആദ്യ പ്രായോഗിക ഫ്യൂഷൻ റീയാക്റ്ററായ DEMO 2050 ഓടെ നിലവിൽ വരികയും ചെയുമ്പോഴാവും ഹീലിയം -3 ക്ക് വ്യാവസായിക ഡിമാൻഡ് ഉണ്ടാവാൻ പോവുക . ഭൂമിയിൽ ഇല്ലാത്തതിനാൽ ഹീലിയം -3 ചന്ദ്രനിൽ നിന്നും കൊണ്ടുവരേണ്ടിവരും . പ്രചരിപ്പിക്കപ്പെടുന്നതുപോലെ അടുത്ത 10 വർഷത്തിനുള്ളിൽ ഒന്നും അതിനു സാധ്യത ഇല്ല . മിക്കവാറും 2060 -2070 കാലഘട്ടത്തിൽ ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കുള്ള ഹീലിയം -3 യുടെ ''ലോഡുകൾ '' എത്തിത്തുടങ്ങും .
ഇപ്പോൾ നടക്കുന്നത് ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മത്സരമാണ് . ഇതിൽ വിജയിക്കുന്നവർ അടുത്ത നൂറ്റാണ്ടിലെ ഊർജ്ജ സൂപ്പർ പവറുകളായി മാറും . അതിനാൽ തന്നെ ഇപ്പോൾ നടത്തുന്ന ഓരോ ചാന്ദ്ര ദൗത്യവും ഭാവിയിലേക്കുള്ള കനത്ത മുതൽ മുടക്കുകളാണ് . ഇപ്പോൾ മുടക്കുന്ന ഓരോ രൂപയും പല മടങ്ങുകളായി ഭാവിയിൽ തിരിച്ചു പിടിക്കാനാവും . ഭാവിയെ മുൻകൂട്ടി കാണാൻ ശ്രമിക്കുന്നവരോടൊപ്പമാണ് ചരിത്രം ഇപ്പോഴും നിലകൊണ്ടിട്ടുള്ളത് .
===
author :rishidas s