കര്ണാടകയിലെ ബെല്ഗാം ജില്ലയിലെ ഒരു ഗ്രാമത്തിൽ 1778 ഒക്ടോബര്
23 -നാണ് റാണി ചെന്നമ്മ ജനിച്ചത്. വളരെ ചെറുപ്പത്തില്ത്തന്നെ ഒരു യുദ്ധം ജയിക്കാനുള്ള പോരാട്ടത്തിനിറങ്ങാന് വേണ്ടതെല്ലാം പരിശീലിച്ചിരുന്നു റാണി ചെന്നമ്മ. അവര് കുതിരസവാരിയും ആയോധനകലയുമെല്ലാം ചെറുപ്പത്തില് തന്നെ പരിശീലിച്ചു. പതിനഞ്ചാമത്തെ വയസ്സിലായിരുന്നു കിത്തൂറിലെ രാജാവായിരുന്ന മല്ലസര്ജ്ജ ദേശായിയുമായി റാണി ചെന്നമ്മയുടെ വിവാഹം. അവര്ക്കൊരു മകനും ജനിച്ചു. 1816 -ല് മല്ലസര്ജ്ജ അന്തരിച്ചു. 1824 -ല് അവരുടെ ഒരേയൊരു മകനും. ഭരണമേല്പ്പിക്കാനായി പിന്നീട് ശിവലിംഗപ്പ എന്നൊരു കുട്ടിയെ റാണി ചെന്നമ്മ ദത്തെടുത്തു.
അന്ന് ബ്രിട്ടന്റെ കീഴിലുള്ള ഏതെങ്കിലും നാട്ടുരാജ്യങ്ങളിലെ രാജാവോ, ഭരണാധികാരിയോ മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ ആ രാജ്യം ഡോക്ട്രിന് ലാപ്സ് എന്ന പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ വരും. അതിനാല്ത്തന്നെ ഡോക്ട്രിന് ലാപ്സ് എന്ന ഈ നിയമപ്രകാരം ദത്തെടുക്കല് അസാധുവാണെന്ന് ബ്രിട്ടീഷ് സര്ക്കാര് ചെന്നമ്മയെ അറിയിച്ചു. അങ്ങനെയാണ് റാണി ചെന്നമ്മ ബ്രിട്ടീഷ് സോനയുമായി പോരാടാന് തീരുമാനിക്കുന്നത്. ബ്രീട്ടീഷ് സേനയും വെറുതെയിരുന്നില്ല. യുദ്ധം പ്രഖ്യാപിച്ച ഉടനെത്തന്നെ 1824 ഒക്ടോബര് 21 -ന് ബ്രിട്ടീഷ് സേന കിത്തൂര് അക്രമിച്ചു. 20,000 ആളുകളും 400 തോക്കുകളുമായിട്ടായിരുന്നു ബ്രിട്ടീഷ് പട കിത്തൂര് പിടിച്ചെടുക്കാന് ചെന്നത്. വിലപിടിപ്പുള്ള വജ്രവും രത്നങ്ങളുമെല്ലാം അന്ന് അവര് കൊള്ളയടിച്ചു. അത് കിത്തൂര് റാണിയെ സാമ്പത്തികമായി തകര്ത്തുകളഞ്ഞു. പക്ഷേ, എന്നിട്ടും യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തില് വിജയം ചെന്നമ്മയുടെ ഭാഗത്തുതന്നെയായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന് നഷ്ടമേറെയുണ്ടായി. രണ്ട് ഓഫീസര്മാര്, സര് വാള്ട്ടര് ഏലിയറ്റ്, മിസ്റ്റര് സ്റ്റീവന്സണ് എന്നിവരെ കിത്തൂര് സേന ബന്ദികളാക്കി.
അവരെ മോചിപ്പിക്കാന് രണ്ട് കാര്യങ്ങളാണ് ചെന്നമ്മ ആവശ്യപ്പെട്ടത്. ഒന്ന്, യുദ്ധത്തില്നിന്ന് ബ്രിട്ടീഷ് സൈന്യം പിന്മാറണം. രണ്ട്, ചെന്നമ്മയുടെ ദത്തുപുത്രനെ ഭരിക്കാന് അനുവദിക്കണം. ഈസ്റ്റ് ഇന്ത്യ കമ്പനിയില്നിന്നും കമ്മീഷണറായ ചാപ്ലിന്, ചെന്നമ്മയുടെ ആവശ്യങ്ങള് അംഗീകരിച്ചു. അങ്ങനെ ബന്ദികളാക്കിയ ഓഫീസര്മാര് മോചിപ്പിക്കപ്പെട്ടു.
പക്ഷേ, ബ്രിട്ടീഷ് സേന അവരെ ചതിച്ചു. അവര് ഒരു രണ്ടാംവട്ട യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടു. കര്ണാടകയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയോട് തോറ്റതിന്റെ അപമാനം അവർക്ക് സഹിക്കാനായില്ല. മൈസൂരിൽ നിന്നും ഷോലാപൂരിൽ നിന്നും അവര് (സോളാപൂർ) സൈന്യത്തിൽ കയറി. മാത്രവുമല്ല ചെന്നമ്മയുടെ സൈന്യത്തിലെ രണ്ടുപേരെയും അവര് അവരുടെ ഭാഗത്താക്കി, ചെന്നമ്മയെ ചതിയിലൂടെ കീഴ്പ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യം. അങ്ങനെ, അവസാനം ചെന്നമ്മ ബെയിഹങ്കല് കോട്ടയില് തടവിലാക്കപ്പെട്ടു. എന്നാല്, ചെന്നമ്മ തടവിലാക്കപ്പെട്ടുവെങ്കിലും 1829 വരെ സങ്കോളി രായണ്ണ എന്നൊരു സൈന്യാധിപന് ചെന്നമ്മയ്ക്ക് വേണ്ടി പോരാട്ടം തുടര്ന്നിരുന്നു. പക്ഷേ, രായണ്ണയും പിടിയിലായി. അദ്ദേഹത്തെ ബ്രിട്ടീഷ് സേന തൂക്കിലേറ്റി. ചെന്നമ്മയുടെ ദത്തുപുത്രനെയും ബ്രിട്ടീഷ് സേന തടവിലാക്കി.
ബെയിഹൊങ്കല് താലൂക്കില്ത്തന്നെയാണ് ചെന്നമ്മയെ സംസ്കരിച്ചത്. ഇന്ന് ആ സ്ഥലം സര്ക്കാര് ഒരു പാര്ക്കാക്കി മാറ്റിയിരിക്കുകയാണ്. ചെന്നമ്മ നയിച്ച് വിജയത്തിലേക്കെത്തിച്ച ആദ്യഘട്ടയുദ്ധത്തിന്റെ സ്മരണ ഇന്നും കിത്തൂര് ഉത്സവത്തില് സ്മരിക്കപ്പെടാറുണ്ട്. ഒക്ടോബര് 22 മുതല് 24 വരെയാണ് കിത്തൂര് ഉത്സവം. റാണി ചെന്നമ്മ ധൈര്യത്തിന്റേയും വിട്ടുവീഴ്ചയില്ലായ്മയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകമാണ്.