പ്രിയപ്പെട്ട മെംബേർസ് , ഞാൻ ആദ്യമായി ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഒരു പ്രേതാനുഭവം ഏകദേശം 100 മെംബേർസ് വായിക്കുകയുണ്ടായി . എല്ലാവര്ക്കും നന്ദി അർപ്പിച്ചുകൊണ്ട് അടുത്ത ഒരു അനുഭവ സംഭവം കൂടി എഴുതുന്നു.
ഈ സംഭവം എനിക്കുണ്ടായതല്ല . എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞതാണ് .സംഭവം നടക്കുന്നത് ആറന്മുളക്കടുത്തുള്ള പള്ളിമുക്കത്തു ദേവി ക്ഷേത്ര പരിസരത്താണ് . എന്റെ വീടായ മെഴുവേലിയിൽ നിന്ന് കോഴഞ്ചേരിക്കു പോകുന്ന വഴിയിൽ കിടങ്ങന്നൂർ കഴിഞ്ഞാണ് പള്ളിമുക്കത്തു ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി. അവിടെനിന്നു ഏകദേശം 200 മീറ്റർ ഉള്ളിലായി കിടങ്ങന്നൂർ പുഞ്ചയുടെ കരയിലായിട്ടാണ് പള്ളിമുക്കത്തു ദേവി ക്ഷേത്രം. ഇടതൂർന്ന പുല്ലാഞ്ഞിക്കാടും ചൂരൽ വള്ളിക്കാടുകളും പലയിനം അപൂർവ വൃക്ഷങ്ങളും നിറഞ്ഞ അമ്പലത്തിന്റെ പരിസരം എല്ലാവരെയും ആകർഷിക്കും .(ഫോട്ടോ കാണുക ) മീനമാസത്തിലെ ഭരണി നാളിലാണ് അവിടുത്തെ പ്രശസ്തമായ ഉത്സവം .അന്നേ ദിവസം പുലർച്ചെയുള്ള പള്ളിവിളക്ക് എഴുന്നള്ളിപ്പ് വളരെ പ്രശസ്തമാണ്. ഈ ക്ഷേത്രത്തിന്റെ മുൻപിലായി ഒരു അരയാൽ ഉണ്ട് കൂടാതെ വളരെ പ്രായമുള്ള ഒരു കാഞ്ഞിരമരവും. ഈ കാഞ്ഞിരമരത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സംഭവം എന്റെ സുഹുര്ത്തുക്കൾ എന്നോട് പറയുകയുണ്ടായി .ആ സംഭവത്തിലേക്ക് ..
അമാവാസി ദിവസങ്ങളിൽ, രാത്രിയുടെ അന്ത്യയാമങ്ങളിൽ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള കാഞ്ഞിരമരത്തിൽ മിക്കവാറും രാത്രികളിൽ ഒരു അലർച്ച കേട്ടിരുന്നു . പലരും ആ അലർച്ച കേട്ടിട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റിട്ടുണ്ട്. പക്ഷെ എന്താണ് എന്ന് ആർക്കും അറിയില്ല .പഴമക്കാർ പലരും പറയുന്നു അതൊരു അറുകൊലയാണ്. അക്കരെയുള്ള കരിഞ്ഞാലി പുഞ്ചക്ക് നടുവിൽ ഒരു കാവുണ്ട് .അവിടെ നിന്നും പകർച്ച വരുന്നതാണ് അത് നോക്കാനൊന്നും പോകരുത് .നമ്മളെ അടിച്ചു വീഴ്ത്തും എന്നൊക്കെ .എങ്കിലും എന്റെ സുഹൃബന്ധത്തിലുള്ള രണ്ടുപേരും അയൽപക്കത്തുള്ള മൂന്നുപേരും കൂടി ഈ സംഭവം എന്താണെന്നു അറിയാനുള്ള ജിജ്ഞാസ കൊണ്ട് ഒരു അമാവാസി ദിവസം അന്നൊരു വെള്ളിയാഴ്ച കൂടി ആയിരുന്നു . രാത്രിയിൽ മീൻ പിടിക്കാൻ പുഞ്ചക്കു പോകുന്നതായി വീട്ടുകാരെ വിവരം ധരിപ്പിച്ചു അവർ രാത്രി ഏകദേശം 11 .50 മണിയോട് കൂടി ക്ഷേത്ര പരിസരത്തേക്ക് നടന്നു.
ചീവിടിന്റെയും കൂമന്റെയും ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രവും പരിസരവും ഭയാനകമായിരുന്നു. ഭയം കൊണ്ട് തമ്മിൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥ. ക്ഷേത്രത്തിനു തെക്കു വശത്തു കാഞ്ഞിര മരത്തിനു സമീപമായിട്ടാണ് ഊട്ടുപുര .ആ ഊട്ടുപുരയ്ക്കു സമീപം അവർ അഞ്ചു പേർ നിലയുറപ്പിച്ചു . സമയം ഇഴഞ്ഞു നീങ്ങി . ഒരുവൻ മൊബൈൽ നോക്കി .സമയം ഏതാണ്ട് 12 .15 ആയി . പെട്ടെന്ന് ഒരു കൂവൽ അവർ കേട്ടു . അത് കിഴക്കു ദിക്കിൽ നിന്നാണ് എന്നവർക്ക് മനസിലായി .അതായതു അക്കരെയുള്ള കരിഞ്ഞാലി പുഞ്ചയിൽ നിന്നും . അവർ ശബ്ദം ഉണ്ടാക്കാതെ തെക്കു വശത്തു കൂടിയുള്ള വഴിത്താരയിലൂടെ നടന്നു. ഏകദേശം 50 മീറ്റർ കഴിഞ്ഞു ഒരു എൻജിൻ തറയുണ്ട് പുഞ്ചക്കു സൈഡിൽ .അവിടെയുള്ള ഷെഡിൽ നിലയുറപ്പിച്ചു .ശേഷം അതിലൊരാൾ നീട്ടി കൂവി . തൊട്ടടുത്ത നിമിഷം അതിനു മറുപടി എന്നവണ്ണം ഒരു കൂവൽ അവർക്ക് 100 മീറ്റർ അകലെയായി കേട്ടു. അതായത് കൂവൽ അടുത്തടുത്ത് വരുന്നു . ഇനിയും അവിടെ നിൽക്കുന്നത് അത്ര ശരിയല്ല എന്ന് എല്ലാവര്ക്കും തോന്നി .പിന്നെ ക്ഷേത്രം ലക്ഷ്യം വെച്ച് ഒരോട്ടമായിരുന്നു .പലരും ഇരുട്ടിൽ തട്ടി വീണു . ഒരുവിധത്തിൽ ഊട്ടുപുരയുടെ വരാന്തയിൽ എത്തി ശ്വാസം പിടിച്ചു ഇരുന്നു .എല്ലാവരും നന്നേ വിയർത്തിരുന്നു ഭയം മൂലം . അടുത്ത നിമിഷം ഒരു വലിയ കാറ്റു വീശി .കാഞ്ഞിരമരം നിന്ന് ആടിഉലഞ്ഞു. അതിനു മുകളിൽ വലിയ ഒരു അലർച്ച . ആ കാഞ്ഞിര മരം പിഴുതു വീഴുമോ എന്ന് അവർ ഭയന്നു . ഊട്ടുപുരയിൽ വെച്ചിരുന്ന പത്രങ്ങൾ കൂട്ടത്തോടെ താഴെ വീഴുന്ന ശബ്ദം . ആകെ ഭയാനകമായ ഒരു അന്തരീക്ഷം ..പിന്നെ രണ്ടും കൽപ്പിച്ചു ഒരാട്ടമായിരുന്നു അവർ ഇരുട്ടിന്റെ മറവിൽ .എങ്ങനെയോ വീട്ടിൽ എത്തി ..
രാവിലെ നടന്ന കാര്യങ്ങൾ മുതിർന്നവരെ പറഞ്ഞു കേൾപ്പിച്ചു . എല്ലാവരും രക്ഷപെട്ടത് പള്ളിമുക്കത്തു അമ്മയുടെ കാരുണ്യം കൊണ്ട് മാത്രം എന്നും എല്ലാവരും ഒന്നിച്ചു പറഞ്ഞു . എന്തായാലും രാവിലെ തന്നെ ഈ അഞ്ചു പേരും വീണ്ടും ക്ഷേത്രപരിസരത്തുള്ള കാഞ്ഞിര മരത്തിന്റെ ചുവട്ടിൽ ചെന്ന് നോക്കി. ചുവട്ടിൽ നിറയെ ഇലയും ശിഖരങ്ങളും . മരം ആകെ ആടിയുലഞ്ഞു നില്ക്കുന്നു . എന്തൊക്കെയോ തലേദിവസം നടന്നു . എല്ലാവരും ക്ഷേത്രം തുറന്നപ്പോൾ തന്നെ കയറി പള്ളിമുക്കത്തമ്മയെ വണങ്ങി പ്രാർത്ഥിച്ചു അവരുടെ വീടുകളിലേക്ക് മടങ്ങി ..
സംഭവബഹുലമായ അനുഭവകഥകൾ ഉടൻ പ്രതീക്ഷിക്കുക ..
നന്ദി
Author -പ്രകാശ് മെഴുവേലി