(രചന: Aparna Nandhini Ashokan)
തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത്. അവളുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി..
“എടീ..നിന്റെടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളോട് അടുക്കാൻ നോക്കെണ്ടെന്ന്. സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ നിങ്ങളെത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റില്ല..
നിങ്ങളെന്നും രണ്ടാനച്ഛൻ മാത്രമായിരിക്കും..”
“രണ്ടാനച്ഛൻ” എന്ന വാക്ക് അയാളുടെ കണ്ണുകൾ നിറച്ചൂ…നിളയോട് മറുപടിയൊന്നും പറയാതെ അയാൾ മുറിയ്ക്കു പുറത്തിറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ ഭാര്യ സോഫയിലിരുന്ന് നിശബ്ദം കരയുന്നുണ്ട്
എടോ.. താൻ വിഷമിക്കാതെ.. എപ്പോഴെങ്കിലും നിളമോൾക്ക് എന്നെ അംഗീകരിക്കാൻ കഴിയും..”
അയാൾ ഭാര്യയെ സമാധാനപ്പെടുത്താൻ ശ്രമിച്ചൂ. ഇത്തരം പ്രശ്നങ്ങൾ ഈ വീട്ടിൽ അരങ്ങേറാൻ തുടങ്ങിയിട്ട് ഏഴു വർഷത്തെ പഴക്കം വന്നിട്ടുണ്ട്.
കൃത്യമായി പറഞ്ഞാൽ ഏഴു വർഷങ്ങൾക്കു മുൻപാണ് ഭർത്താവ് മരിച്ചു പോയ മീരയെന്ന സ്ത്രീയെയും അവരുടെ രണ്ടു പെൺമക്കളെയും ജീവിതത്തിലേക്ക് താൻ കൊണ്ടുവരുന്നത്.
തന്റെതു ആദ്യ വിവാഹമായിരുന്നൂ എങ്കിലും സ്വന്തം മക്കളായ് കണ്ടുതന്നെ നിളയെയും നിമയെയും താൻ സ്നേഹിച്ചൂ.. നിളമോൾക്ക് തന്നെ അച്ഛനായി അംഗീകരിക്കാൻ ഇന്നേവരെ സാധിച്ചിട്ടില്ലെന്നും തനിക്ക് നല്ല ബോധ്യമുണ്ട്.
നിമമോൾക്ക് അഞ്ചു വയസ്സു ആകുന്നതിനു മുൻപേ ആണ് താൻ മീരയെ വിവാഹം ചെയ്യുന്നത്.
അതെന്തായാലും നന്നായെന്നു തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവൾക്ക് ബുദ്ധിയുറച്ച പ്രായം മുതൽ അച്ഛനെന്ന് വിളിച്ചത് തന്നെയാണ്.
അതുകൊണ്ട് തന്നെ രണ്ടാനച്ഛനെന്ന പട്ടം അവളൊരിക്കലും തനിക്ക് തന്നിട്ടില്ല. സോഫയിലേക്ക് ചാരിയിരുന്ന് കഴിഞ്ഞ കാലങ്ങളെ പറ്റി അയാൾ ഓർത്തൂ..
വാതിൽ ഉറക്കെ കൊട്ടിയടച്ചുകൊണ്ട് തന്നെയൊന്നു നോക്കുകപോലുമില്ലാതെ പടി കടന്നു പോകുന്ന നിളയെ അയാൾ വേദനയോടെ നോക്കിയിരുന്നൂ..
“ഏട്ടാ.. വൈകീട്ട് അമ്മ വിളിച്ചിരുന്നൂ. അച്ഛന് തീരെ വയ്യെന്ന്. ആശുപത്രിയിലേക്കുള്ള ദിവസേനയുള്ള പോക്കും, പാടത്തെ പണിക്കാർക്കു ഭക്ഷണം കൊടുക്കലും അങ്ങനെ എല്ലാംകൂടി അമ്മയ്ക്ക് തനിയെ പറ്റണില്ലാന്ന് പറയണേ..
എന്നോട് കുറച്ചീസം അവടെ വന്ന് നിൽക്കാൻ പറ്റുമോയെന്ന് അമ്മ ചോദിച്ചൂ.. എന്താ ഞാൻ ചെയ്യാ.. നിളയ്ക്ക് മൂന്നാം സെമസ്റ്റർ പരീക്ഷ ആവാറായിട്ടുണ്ട്.
നിമമോൾക്കും ഒരുപാട് ദിവസമൊന്നും സ്ക്കൂളിൽ ലീവെടുക്കാൻ പറ്റില്ലാലോ..”
രാത്രി അയാളുടെ നെഞ്ചിൽ ചേർന്നു കിടന്ന് മീര തന്റെ വിഷമങ്ങൾക്ക് ആശ്രയം പരതി....
അമ്മയ്ക്കു വയസ്സായീലേ.. തനിച്ച് എല്ലാം കൂടി ചെയ്യാൻ പറ്റുന്നില്ലായിരിക്കും. കുറച്ചു ദിവസം താൻ അവിടെ പോയി കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കണം.
മക്കളുടെ കാര്യം ഓർത്തു വിഷമിക്കുകയേ വേണ്ട.. ഞാനില്ലേ ഇവിടെ. ഞാൻ നോക്കിക്കോളാം..”
“ന്നാലും ഏട്ടനെ കൊണ്ട് എല്ലാം കൂടി ചെയ്യാൻ പറ്റുമോ..നിളയാണെങ്കിൽ എന്തെങ്കിലും സഹകരണം ഉണ്ടാവുമെന്ന് തോന്നുന്നുണ്ടോ.
ഞാൻ പോയാൽ അവളുടെ ദേഷ്യം കുറച്ചുകൂടി കൂടും. ഏട്ടനേ അവൾ കൂടുതൽ വിഷമിപ്പിക്കാനേ നോക്കൂ.. ഞാൻ പോണില്ല.. ഒരു പണിക്കാരിയെ ഏർപ്പാടാക്കാൻ അമ്മയെ വിളിച്ചു പറയാം..”
“എടോ.. പണിക്കാരിയെ ഏർപ്പാടാക്കാനായിരുന്നെങ്കിൽ അമ്മയ്ക്ക് തന്നോട് പറയേണ്ട കാര്യമില്ലായിരുന്നല്ലോ.
മകളുടെ സാമിപ്യം കൊതിച്ചിട്ടാവും ആ പാവം തന്നെ വിളിക്കണേ.. ഇനി ഇക്കാര്യത്തിൽ തർക്കമില്ല. എന്റെഭാര്യ നാളെ നാട്ടിലേക്ക് പോകുന്നൂ.”
“ശരി.. നാളെ ഉച്ചയ്ക്ക് ഇറങ്ങാം. മക്കളെ പറഞ്ഞു മനസ്സിലാക്കാനാ പാട്. നിളയുടെ കാര്യം ഓർക്കുമ്പോൾ ചെറിയ ടെൻഷനുണ്ട്..”
“താൻ ടെൻഷനാവുകയേ വേണ്ട.. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം”
മീരയെ തന്നോട് ചേർത്തു പിടിച്ച് അയാൾ നെറുകയിൽ ചംബിച്ചൂ..
“അവിടെ പോയാല് ഈ നെഞ്ചിലെ ചൂട് ഞാൻ മിസ്സീയും ഏട്ടാ..”
മീര കുറച്ചുകൂടി തീവ്രമായി അയാളെ പുണർന്നുകൊണ്ട് കിടന്നൂ. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നൂ.. അത്രമേൽ ആഴത്തിൽ പരസ്പരം പ്രണയിക്കുന്നവരാണ് ഇരുവരും..
ഇടയ്ക്കെല്ലാം നിമമോൾക്ക് കണ്ണെഴുതി കൊടുക്കുന്നതോടൊപ്പം മീരയ്ക്കും അയാൾ കണ്ണെഴുതി കൊടുക്കാറുണ്ട്.. നിളയ്ക്ക് ഇത്തരം കാഴ്ചകളൊന്നും കണ്ടാൽ ഇഷ്ടപ്പെടാറില്ല.
തങ്ങളുടെ ആരുമല്ലാത്ത ഒരാൾ തന്റെ അമ്മയെയും അനുജത്തിയെയും ഇത്രമേൽ സ്വാധീനിക്കേണ്ട കാര്യമില്ലെന്നാണ് അവളുടെ പക്ഷം..
അടുത്ത ദിവസം രാവിലെ തന്നെ നാട്ടിലേക്ക് പോകുകയാണെന്ന കാര്യം മീര മക്കളോട് അവതരിപ്പിച്ചൂ..
അമ്മയെ കുറച്ചു ദിവസം കാണാൻ പറ്റാത്തതിന്റെ വിഷമം മാറ്റിനിർത്തിയാൽ നിമമോൾക്ക് അച്ഛന്റെയടുത്ത് നിൽക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ..പ്രശ്നം മുഴുവൻ നിളയ്ക്കായിരുന്നൂ.
അച്ഛനൊപ്പം തനിച്ചു നിൽക്കാൻ പറ്റില്ലെന്ന് അവൾ തീർത്തു പറഞ്ഞൂ. അവളോട് കുറച്ചു ദേഷ്യപ്പെട്ടിട്ടാണെങ്കിലും മീര പോകാൻ തന്നെ തീരുമാനിച്ചൂ..
വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് മക്കൾ വരുമ്പോൾ മീര വീട്ടിൽ ഇല്ലായിരുന്നൂ..
“അമ്മ പോയോ അച്ഛേ..”
നിമ അച്ഛന്റെയരികിൽ വന്നിരുന്നൂ..
“അമ്മ ഉച്ചയ്ക്കുള്ള ട്രൈയിനിൽ പോയീടാ.. മക്കൾക്ക് കഴിക്കാനുള്ളത് മേശമേ എടുത്തു വെച്ചിട്ടുണ്ട്..കുളിച്ചിട്ടു വായോ നമുക്ക് ചായ കുടിക്കാം” നിമമോളെ തന്റെ അടുത്തേക്ക് ചേർത്തിരുത്തി കൊണ്ട് അയാൾ പറഞ്ഞൂ..
“നിമേ.. ഇങ്ങോട്ട് വരുന്നുണ്ടോ നീ.. ”
നിളയുടെ ഒച്ചയുയർന്നൂ. അച്ഛനെ ദയനീയമായി നോക്കി കൊണ്ട് നിമമോൾ നിളയ്ക്കൊപ്പം മുറിയിലേക്കു പോയീ.
അയാളുണ്ടാക്കിയ രാത്രിഭക്ഷണവും നിള കഴിച്ചില്ല. അമ്മ പോയതിനുള്ള പ്രതിക്ഷേധം ഭക്ഷണത്തിനോടും അവൾ പ്രകടിപ്പിച്ചൂ…
“ഞാനിന്നു അച്ഛേടെ കൂടെ കിടന്നോട്ടെ.. അമ്മയില്ലാത്ത കാരണം കിടന്നിട്ട് ഉറക്കം വരുന്നില്ല..”
രാത്രിയിൽ പതിവുള്ള പുസ്തക വായനയിലായിരുന്നൂ അയാൾ. നിമയുടെ ചോദ്യം കേട്ട് പുസ്തകം മടക്കി വെച്ച് അയാളവളെ അടുത്തേക്കു വിളിച്ചൂ. വാത്സല്യത്തോടെ മുടിയിൽ തലോടി തുടങ്ങി..
“നിമേ..നീ മുറിയിൽ വന്ന് കിടക്ക്. ഇവിടെ കിടക്കാൻ പറ്റില്ല..”
“അതെന്താ ചേച്ചീ ഞാനിവിടെ കിടക്കാറുള്ളതല്ലേ.. പിന്നെന്താ ഇപ്പോ കൊഴപ്പം.. ഞാനിന്നു അച്ഛേടെ കൂടെ കിടന്നുറങ്ങിക്കോളാം. ചേച്ചി പൊക്കോ..”
നിളയുടെ ദേഷ്യം കൂട്ടെണ്ടെന്നു വെച്ച് അയാൾ നിമയോട് അവരുടെ മുറിയിൽ പോയി കിടന്നോളാൻ ആവശ്യപ്പെട്ടൂ. പക്ഷേ എത്ര നിർബന്ധിച്ചിട്ടും അവൾ പോകാൻ സമ്മതിച്ചില്ല..
അയാളുടെ വയറിൽ കൂടി കെട്ടിപ്പിടിച്ച് ദേഹത്ത് കാലെല്ലാം കയറ്റിവെച്ച് നിമമോൾ കിടന്നുറക്കമായി.. തന്റെ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖത്തേക്കു വാത്സല്യത്തോടെ നോക്കികൊണ്ട് അയാൾ ഏറെ നേരം കിടന്നൂ..
രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നപ്പോഴാണ് അയാൾക്ക് മീരയുടെ കാൾ വരുന്നത്..
“അവിടത്തെ കാര്യങ്ങൾ എന്തായി..?? നിള എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ ഏട്ടാ. എനിക്ക് ഇന്നലെ ഒരു സമാധാനവും ഇല്ലായിരുന്നു അവിടത്തെ കാര്യങ്ങൾ ആലോചിച്ചിട്ട്..”
“താൻ ടെൻഷനടിക്കൊന്നും വേണ്ട ഭാര്യേ.. അവിടെ അച്ഛനെയും അമ്മയെയും ശ്രദ്ധിക്ക് .മക്കളുടെ കാര്യങ്ങളെല്ലാം നോക്കാൻ ഞാനില്ലേ.. ഇന്നലെ നിമമോള് എന്റെടുത്താ കിടന്നത്.
തന്നെ കാണാതിരിക്കുന്നതിന്റെ വിഷമമുണ്ട് എല്ലാവർക്കും. അതാല്ലാതെ ഇവിടെ എല്ലാം ഓക്കെയാണ്..”
“ഇനിയിപ്പോൾ പെട്ടന്നു വരാൻ പറ്റില്ല.. ഏട്ടൻ ഇന്ന് ന്യൂസ് കണ്ടില്ലേ ..?? ഇവിടെ നല്ല മഴയാണ്. ചില സ്ഥലങ്ങളിൽ വെള്ളം കയറി തുടങ്ങിയെന്നാ പറയണേ. ഇന്ന് മുതൽ ട്രൈയിൻ സർവ്വീസ് നിർത്തി വെക്കാൻ പോവാണെന്നൊക്കെ പറയുന്നുണ്ട്..”
“രാവിലെ തന്നെ അടുക്കളയിൽ കയറിയ കാരണം ന്യൂസൊന്നും കണ്ടില്ലെടോ.. ഞാൻ തന്നെ കുറച്ചു കഴിഞ്ഞു വിളിക്കാട്ടോ. നിമമോള് വിളിക്കുന്നുണ്ട്. എന്താ കാര്യമെന്ന് പോയി നോക്കട്ടെ.. ബൈ ..”
അയാൾ കാൾ കട്ട് ചെയ്ത് തിടുക്കപ്പെട്ട് മുറിയിലേക്ക് ചെല്ലുമ്പോൾ ബെഡിലിരുന്ന് കരയുകയാണ് നിമമോള്.. നിള അവൾക്കരികെ നിൽക്കുന്നുണ്ട്
“എന്താ..എന്തുപറ്റി മോളെ.. എന്തിനാ കരയണേ..”
അയാൾ നോക്കുമ്പോൾ ബെഡിൽ രക്തം പുരണ്ടിരുന്നൂ.. തന്റെ കുഞ്ഞ് പ്രായമറിയിച്ചതിന്റെതാണ് ആ രക്തക്കറയെന്ന് മനസിലാക്കി അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നൂ.. അയാൾ തന്റെ മകളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചൂ..
“മോളെ നിളേ.. നോക്കി നിൽക്കാതെ പാഡും തുണിയുമെല്ലാം എടുത്ത് നിമമോളെ ബാത്ത്റൂമിൽ കൊണ്ടു പോ.. അച്ഛൻ അമ്മയെ വിളിച്ച് വിവരം പറഞ്ഞിട്ടു വരാം..”
അയാൾ ഫോണെടുത്ത് പുറത്തേക്കിറങ്ങി.
“ഇനി ഞാനെന്താ ചെയ്യാ ഏട്ടാ.. ഈ അവസ്ഥയിൽ മോളുടെ ഒപ്പം ഉണ്ടാവാതെ പറ്റില്ലാലോ..
ഇവിടെ നിന്ന് ഇനി ട്രൈയിനും ഇല്ല. എങ്ങനെയെങ്കിലും അവിടെയ്ക്ക് വരാമെന്നു വിചാരിച്ചാൽ അച്ഛനു കുറച്ച് സീരിയസാണ് അവസ്ഥ.
ഹോസ്പിറ്റലിൽ നിന്നു വിളിച്ചിട്ട് ഞങ്ങളങ്ങോട്ടു പോകാൻ തുടങ്ങായിരുന്നൂ.. അമ്മയെ ഇവിടെ തനിച്ചാക്കി വരാനും പറ്റില്ലാലോ..”
ഫോണിലൂടെ മീരയുടെ തേങ്ങൽ അയാൾ കേൾക്കുന്നുണ്ടായിരുന്നൂ..
“നിമമോളുടെ അമ്മ മാത്രമല്ലേ കൂടെയില്ലാത്തത്.. അച്ഛൻ കൂടെതന്നെയുണ്ട്. താൻ വിഷമിക്കാതിരിക്ക്.. ഞാൻ കുറച്ചു കഴിഞ്ഞ് തന്നെ വിളിക്കാം..”
കാൾ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ തന്റെ പിന്നിൽ നിശബ്ദയായി നിൽക്കുന്ന നിളയെ അദ്ദേഹം ശ്രദ്ധിച്ചത്..അവൾ അയാളെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നൂ..
താൻ ഇത്രയും കാലം മനപൂർവ്വം അവഗണിച്ച രണ്ടാനച്ഛനെ പിന്നീടങ്ങോട്ട് ഒളിഞ്ഞും മറഞ്ഞും അവൾ ശ്രദ്ധിക്കാൻ തുടങ്ങി..
രണ്ടാനച്ഛനെന്ന വെറുക്കപ്പെട്ട ആളിൽ നിന്നും ഒരേസമയം അച്ഛന്റെയും അമ്മയുടെയും പരിചരണം തന്റെ അനിയത്തിക്കു ലഭിക്കുന്ന കാഴ്ചകൾക്ക് നിള സാക്ഷ്യം വഹിച്ചൂ..
രക്തക്കറ പുരണ്ട കിടക്കവിരികളെല്ലാം കഴുക്കാൻ നനച്ചു വെച്ചതിനു ശേഷം അയാൾ നിമമോൾക്കരികിൽ വന്നിരുന്നൂ.
തങ്ങളുടെ അച്ഛനല്ലാതിരുന്നിട്ടും ഒരറപ്പും കൂടാതെ ഇതെല്ലാം ചെയ്യുന്ന അയാളെ ഏറെ കൗതുകത്തോടെ നിള വീക്ഷിച്ചു.. അന്നാദ്യമായി അയാളുടെ എല്ലാ പ്രവൃത്തികളും അവൾ ശ്രദ്ധയോടെ നോക്കികൊണ്ടിരുന്നൂ..
“അച്ഛേ.. എന്റെ കൈയിലെല്ലാം മഞ്ഞൾ പുരട്ടി തരുന്നതെന്തിനാ..?? മുടി പുകകൊള്ളന്നതും സ്വർണാഭരണങ്ങൾ ഇടുന്നതൊന്നും എനിക്ക് പതിവില്ലാല്ലോ.. പിന്നെന്തിനാ ഇതെല്ലാം എടുത്തു വെച്ചേക്കണേ..”
നിമമോളുടെ സംശയങ്ങൾക്കെല്ലാം മറുപടി പുഞ്ചിരിയിൽ ഒതുക്കി അയാൾ അവളുടെ മുടിയിലെല്ലാം എണ്ണ പുരട്ടി കൊടുത്തൂ..
“നിളമോളെ..ബാത്ത്റൂമിൽ കൊണ്ടുപോയി ബാക്കി മഞ്ഞളെല്ലാം തേച്ചുകൊടുക്ക്ട്ടാ.. അച്ഛൻ പോയി കുറച്ചു നല്ലെണ്ണയും മധുരപലഹാരങ്ങളും വാങ്ങി വരാം. വാതിൽ കുറ്റിയിട്ടേക്ക്. അച്ഛൻ വന്നിട്ട് വിളിക്കുമ്പോൾ തുറന്നാൽ മതി..”
അയാൾ തിടുക്കപ്പെട്ട് കാറിന്റെ കീയും പേഴ്സും എടുത്ത് പുറത്തേക്കു നടന്നു മഴയെ വകവെക്കാതെ മുറ്റത്തേക്കിറങ്ങി.
“അച്ഛാ..ഇതാ കുട കൊണ്ടുപോ”
നിളയുടെ ശബ്ദം കേട്ട് വിശ്വസിക്കാനാകാതെ അയാൾ തിരിഞ്ഞുനോക്കി..
ഓർമ്മയിൽ ആദ്യമാണ് അവളുടെ ശബ്ദത്തിൽ അച്ഛനെന്ന വിളി കേൾക്കുന്നത്.. മഴതുള്ളികൾക്കൊപ്പം അയാളുടെ കണ്ണീരും കവിളിലൂടെ ഒലിച്ചിറങ്ങി…
“മോള് അകത്തുകയറി വാതിലടച്ചേക്ക് അച്ഛൻ വേഗം വരാം..”
നിറകണ്ണുകളോടെ തന്റെ കൈയിൽ നിന്നു കുട വാങ്ങി പുറത്തേക്കു പോകുന്ന അയാളെ നോക്കി അവളവിടെ തന്നെ നിന്നൂ..
അയൽപക്കത്തുള്ള പ്രായമുള്ള സ്ത്രീകളെ വിളിച്ചു കൊണ്ടുവന്ന് മകളുടെ മറ്റു ചടങ്ങുകൾ അയാൾ ഭംഗിയായി തന്നെ ചെയ്തൂ.
ചടങ്ങുകൾക്കു വന്ന അയൽക്കാർക്ക് ഭക്ഷണം കൊടുക്കാനും മറ്റു കാര്യങ്ങൾക്കുമെല്ലാം ഓടി നടക്കുന്ന അയാളെ കാണുമ്പോഴെല്ലാം നിളയുടെ മനസിൽ നിന്നും “രണ്ടാനച്ഛൻ” എന്ന വാക്ക് തുടച്ചു മാറ്റപ്പെടുകയായിരുന്നൂ..
വീട്ടിലേക്ക് വന്ന തന്റെ കൂട്ടുക്കാർക്കൊപ്പം നിമമോളെ ഒരുക്കുന്നതിന്റെ ഇടയിലാണ് അയാൾ മുറിയിലേക്ക് തിരക്കിട്ട് വന്നത്..
“നിളമോളെ.. ഇതു കുറച്ച് പുതിയ ആഭരണങ്ങളാണ്. പെട്ടന്നുണ്ടായ കാര്യമല്ലേ അതുകാരണം കൂടുതലൊന്നും വാങ്ങിക്കാൻ പറ്റിയില്ല. മോള് ഇതെല്ലാം നിമമോൾക്ക് ഇട്ടുകൊടുക്ക്..”
ആഭരണങ്ങളടങ്ങിയ കവർ തന്റെ കൈയിൽ വെച്ചു തരുമ്പോൾ അയാളുടെ കൈയിൽ ഉണ്ടായിരുന്ന കൈചെയിനും കഴുത്തിലെ മാലയും കാണാനില്ലെന്നു അവൾ ശ്രദ്ധിച്ചൂ.
തന്റെ അനിയത്തിക്കു വേണ്ടി അതെല്ലാം വിറ്റുകാണുമെന്ന് നിളയ്ക്കു മനസിലായി. തന്റെ കൈവശം എല്ലാം തന്നിട്ട് തിരികെ പോകുന്ന അയാളെ അവൾ വിളിച്ചൂ..
“അച്ഛാ.. ഒന്നു നിന്നേ”
“ഫ്രണ്ട്സ്.. നിങ്ങൾ എന്റെ അച്ഛനെ പരിചയപ്പെട്ടില്ലാലോ. ഇതാണ് എന്റെ അച്ഛൻ ശിവശങ്കർ.. ബാങ്ക് ക്ലർക്ക് ആണ്..”
തന്നോട് ചേർന്നു നിന്നുകൊണ്ട് സുഹൃത്തുക്കൾക്ക് തന്നെ പരിചയപ്പെടുത്തി കൊടുക്കുന്ന നിളയെ നിറകണ്ണുകളോടെ അയാൾ നോക്കി നിന്നൂ.. ആ സമയം അവളുടെ കണ്ണിൽ സന്തോഷ തിളക്കമായിരുന്നു അലയടിച്ചിരുന്നത്..
പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കണ നിമമോളെ കാണാൻ വേണ്ടി മീര വീഡിയോകാൾ ചെയ്തൂ..
അയാളോട് ചേർന്ന് ഇരുവശങ്ങളിലും ചിരിച്ചുകൊണ്ടിരിക്കുന്ന തന്റെ മക്കളെ കണ്ട് ഒരു നിമിഷം മീര മൗനമായി അവരെ നോക്കിയിരുന്നൂ..
പിന്നീടവരിൽ നിന്നൊരു തേങ്ങൽ ഉയർന്നു വന്നത് കേട്ട് മൂന്നുപേരുടെയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..
താനിത്രയും വർഷം കാത്തിരുന്നത് നിള അദ്ദേഹത്തിനെ അച്ഛനായി അംഗീക്കരിക്കുന്ന ആ ദിവസത്തിനു വേണ്ടിയായിരുന്നൂ..
ഇന്ന് അതും സംഭവിച്ചൂ. തന്റെ മക്കൾ അച്ഛന്റെ തണലിൽ ചേർന്നിരിക്കുന്നതു കാണാൻ ഭാഗ്യം ലഭിച്ചൂ.. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ദിവസങ്ങൾക്കിറപ്പുറം ആ വീടൊരു സ്വർഗമാവുകയായിരുന്നൂ..മീരയുടെയും രണ്ടു മക്കളുടെയും കണ്ണുകൾ എഴുതി കൊടുക്കുകയാണ് അവരുടെ അച്ഛൻ.
നിളയുടെ കണ്ണുകൾ നിറയുന്നത് കണ്ട് അയാൾ അവളെ തന്നോട് ചേർത്തുപിടിച്ച് ആ കണ്ണുകൾ തുടച്ചു കൊടുത്തു..
താനിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതാണ് ഈ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് അവൾക്ക് തോന്നിപ്പോയി..
“ഇതാണ് എന്റെ അച്ഛൻ.. ന്റെ സ്വന്തം അച്ഛൻ”
രണ്ടാനച്ഛന്മാർ ക്രൂരതയുടെ പര്യായമാകുന്ന വിധം പല വാർത്തകളും മീഡിയകളിൽ നിറയുന്ന ഇക്കാലഘട്ടത്തിൽ ഭാര്യയുടെ മക്കളെ സ്വന്തം മക്കളായി സ്നേഹിക്കുന്ന അപൂർവ്വം ചില രണ്ടാനച്ഛന്മാരും ഈ സമൂഹത്തിലുണ്ടെന്നൊരു ഓർമ്മപ്പെടുത്തൽ…