A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പൊയ്കയിൽ അപ്പച്ചൻ


ഇരുപതാംനൂറ്റാണ്ടിൽ കേരളത്തിലെ കീഴാളജനങ്ങളുടെ രോദനത്തെയും രോഷത്തെയും ഗാനമായും കവിതയായും പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച കീഴാളനേതാവും ഗുരുവുമായിരുന്നു പൊയ്കയിൽ അപ്പച്ചൻ. പൊയ്കയിൽ യോഹന്നാൻ, ശ്രീ കുമാര ഗുരുദേവൻ എന്നീ പേരുകളിൽ അദ്ദേഹത്തെ ജനങ്ങൾ ഇന്നും ആരാധിക്കുന്നു. തിരുവല്ലയ്ക്കടുത്തുള്ള ഇരവിപേരൂരിൽ 1879ൽ പൊയ്കയിൽവീട്ടിൽ കുഞ്ഞുളേച്ചിയുടെയും മല്ലപ്പള്ളി പുതുപറമ്പിൽ കണ്ടന്റെയും മകനായി അദ്ദേഹം ജനിച്ചു. സ്ഥലത്തെ പ്രധാനപ്പെട്ട ഒരു സുറിയാനി ക്രിസ്ത്യാനിക്കുടുംബത്തിന്റെ അടിയാളരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. കീഴാളജനങ്ങളുടെ ജീവിതത്തിന്റെ കയ്പുമുഴുവൻ കുടിച്ചുകൊണ്ടായിരുന്നു ബാല്യകാലം. സുവിശേഷപ്രചരണത്തിലൂടെ മതപരിവർത്തനം നടത്താൻ ഇംഗ്ലണ്ടിൽനിന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലേക്കു വന്ന സി.എം.എസ്. മിഷണറിമാരുടെ സ്വാധീനം അവിടങ്ങളിൽ ശക്തമായിരുന്നു. അങ്ങനെ ബാല്യകാലത്തുതന്നെ മിഷണറിപ്പള്ളിക്കൂടത്തിൽ അദ്ദേഹം എഴുത്തുപഠിച്ചു. 'കുമാരൻ' എന്ന പേര് 1891ൽ മതംമാറിയതോടെ 'യോഹന്നാൻ' എന്നാക്കി. അസാമാന്യ വാഗ്പാടവമുണ്ടായിരുന്ന യോഹന്നാൻ സുവിശേഷപ്രചാരകനായി വളരെക്കാലം ശോഭിച്ചു - പക്ഷേ, അദ്ദേഹം ബൈബിളിനെക്കുറിച്ചു മാത്രമായിരുന്നില്ല പറഞ്ഞിരുന്നത് - അടിമസന്തതികളുടെ അവസ്ഥയെക്കുറിച്ചും ഉദ്ബോധനം നടത്തിക്കൊണ്ടിരുന്നു. ക്രിസ്തീയസമുദായത്തിനുള്ളിലെ ജാതീയ ഉച്ചനീചത്വങ്ങൾ അദ്ദേഹത്തെ അലട്ടി. ഒടുവിൽ മാർത്തോമാസഭ വിട്ടുപോകാൻതന്നെ അദ്ദേഹം തീരുമാനിച്ചു; മിഷണറിസഭകളുമായുള്ള ബന്ധവും വിച്ഛേദിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ശത്രുക്കൾ പെരുകി; ജീവനുതന്നെ ഭീഷണിയുയർന്നു. എല്ലാത്തിനെയും മറികടന്ന് അദ്ദേഹം പ്രവർത്തനം തുടർന്നു. ക്രമേണ 'പ്രത്യക്ഷരക്ഷാദൈവസഭ' എന്ന പുതിയ വിശ്വാസസഭയ്ക്ക് 1910ൽ രൂപംകൊടുത്തു. തിരുവിതാംകൂർ ഭരണാധികാരികൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അനുഭാവപൂർവ്വം വീക്ഷിച്ചു. 1921ലും 1931ലും അദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു - അടിമസന്തതികളുടെ മുഴുവൻ പ്രതിനിധിയായി. അവിടെ കീഴാളർക്കു വിദ്യാഭ്യാസസൗകര്യങ്ങൾ നേടിയെടുക്കാനും അവർക്ക് ഭൂമി ലഭ്യമാക്കാനും അദ്ദേഹം പ്രവർത്തിച്ചു. 1939ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ ഇന്നും പ്രസക്തമായിത്തന്നെ തുടരുന്നു. അപ്പച്ചന്റെ ഗാനങ്ങളിൽനിന്ന്:
താതനെ ഒരിടത്തും
മാതാവെ വേറിടത്തും
കുട്ടികളനാഥരായതും
മറപ്പതാമോ
അടിമ മറപ്പതാമോ...
...അപ്പനെയൊരിടത്തും
അമ്മയെ വേറിടത്തും
സന്താനങ്ങളങ്ങുമിങ്ങും
അലഞ്ഞു വിളിച്ചു
മാനത്തു പറക്കുന്ന
എന്റെ ചക്കിപ്പരുന്തേ
നീ പോകും ദിക്കു ദേശത്തെ
ഞങ്ങളുടെ അമ്മയെക്കണ്ടോ?
ഒരു വാമൊഴി ചൊല്ലിപ്പോയ
അപ്പനെക്കണ്ടോ?

അടിമയായ കീഴാളസ്ത്രീയുടെ 'സ്വാതന്ത്ര്യം' നമ്മെ പരിഹസിച്ചു പല്ലിളിക്കുന്ന കാഴ്ചയാണ് പൊയ്കയിൽ അപ്പച്ചന്റെ ഗാനങ്ങളിൽ കാണുന്നത്. അടിമത്ത നിരോധനം യാഥാർത്ഥ്യമായപ്പോൾമാത്രമാണ് ആ സ്വാതന്ത്ര്യത്തിന് അല്പമെങ്കിലും അർത്ഥമുണ്ടായത്. എന്നിട്ടും തമ്പുരാക്കന്മാരുടെ ക്രൂരതകൾക്കു വിധേയരായ അവരുടെ സ്വാതന്ത്ര്യം അധികവും നിരർത്ഥകമായിരുന്നു. അപ്പച്ചന്റെ ഒരു ഗാനത്തിൽ ഒരു അടിമസ്ത്രീയുടെ വിലാപം:
... ഞാനുമെന്റെ കണവനും
ഏറെനാൾ താമസം ചെയ്തു
ഏഴുകുട്ടി ജനിച്ചതും മറപ്പതല്ല
മൂത്തജാതൻ പിറന്നോരു
സമയം നാമിരുവരും
ആർത്തിപൂണ്ടങ്ങിരുന്നല്ലോ എൻ കണവനേ
കാലമേറെ ചെല്ലും മുമ്പേ
മീനമാസം കിളച്ചപ്പോൾ
ജാതനാം മൂത്തകുട്ടിയെ ഉറുമ്പരിച്ചു
അടി ഇടി ഏറ്റുപിന്നെ
ഹേമദണ്ഡം ഏറ്റു പിന്നെ
രണ്ടാം കുട്ടി ജനിച്ചപ്പോൾ സങ്കടം മാറി
ഇരുവരും വേല ചെയ്താൽ
അഷ്ടിക്കണ്ടില്ലാത്ത നേരം
പാടത്തിൽപോയി ഭക്ഷണങ്ങൾ തിരക്കിയല്ലോ
ഒരുനേരം വേല ചെയ്വാൻ
കഴിവില്ലാതിരുന്നപ്പോൾ
ഉടനേ തമ്പുരാൻ കൊല ചെയ്‌വാനായി വന്നു
അരുകിൽ നിദ്രയാലെ
ഉറങ്ങിക്കിടന്ന മകളെ
മറന്നെൻ ജീവനെതേടിപോയ മകളേ
നിന്റെ തള്ള എവിടെപ്പോയ്
എന്നു ചൊല്ലി അടിച്ചതാൽ
പൊടിമണ്ണിനോടു ചേർന്നു മരിച്ചോ മകളെ
ആരോടു ഞാൻ പറയേണ്ടു
എങ്ങോട്ടു ഞാൻ പോയിടേണ്ടു
ഒട്ടുമേ സഹിപ്പതല്ല മൽപ്രിയ സഖിയേ
കുട്ടികളോ ഞാൻ
പറയ സമുദായത്തിൽ ജനിച്ച കുമാരന്‌ പുലയരിൽനിന്നും കുറവരിൽ നിന്നുപോലും അയിത്താചരണവും തീണ്ടലും അനുഭവിച്ചാണ്‌ ജീവിക്കേണ്ടിവന്നത്‌. അക്ഷരം നിഷിദ്ധമായിരുന്നെങ്കിലും തേവർകാട്ടുളള കുടിപളളിക്കുടത്തിൽ ചേർന്ന്‌ അക്ഷരമഭ്യസിക്കാനുളള ഭാഗ്യം കുമാരനുണ്ടായി. മിഷണറി സ്കൂളായതുകൊണ്ടാണ്‌ ദളിതനായ കുമാരന്‌ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്‌. പക്ഷെ പഠനം വേദഗ്രന്ഥങ്ങളിലും ബൈബിളിലും ഒതുങ്ങി. കുമാരന്റെ കുടുംബം, വലിയ ജൻമിയും മാർത്തോമ വിഭാഗത്തിലെ പ്രമുഖരുമായ ശങ്കരമംഗലത്തുകാരുടെ അടിയാളൻമാരായിരുന്നു. അവരുടെകൂടി പ്രേരണയാൽ കുമാരന്‌ 18 വയസുളളപ്പോൾ സകുടുംബം മതപരിവർത്തനം നടത്തി മാർത്തോമക്കാരായി.
മതം മാറുംമുമ്പേതന്നെ കുമാരൻ ബൈബിളിൽ അഗാധ പാണ്ഡിത്യം നേടിയിരുന്നു. ഈജിപ്തിലെ ഫറോവമാരുടെ അടിമത്തത്തിൽനിന്ന്‌ ഇസ്രയേൽ ജനത മോശയുടെ നേതൃത്വത്തിൽ വാഗ്ദത്തഭൂമിയിലേയ്ക്ക്‌ പോകുന്ന ഭാഗം ഹൃദയസ്്പൃക്കായി കുമാരൻ കൂട്ടുകാർക്ക്‌ വിശദീകരിച്ചുകൊടുക്കാറുണ്ട്‌. പഴയ നിയമത്തിലെ ഈ ഭാഗമാണ്‌ പൊയ്കയിൽ അപ്പച്ചൻ ജീവിതത്തിൽ പകർത്തിയത്‌. തന്റെ പൂർവികരെ പോത്തിനോടും കാളകളോടുമൊപ്പം പാടത്ത്‌ കന്നുപൂട്ടുവാൻ ഉപയോഗിച്ചവരായിരുന്നു ജൻമിമാർ എന്ന ബോധം അദ്ദേഹത്തിൽ എപ്പോഴുമുണ്ടായിരുന്നു. പിന്നീട്‌ പ്രത്യക്ഷ രക്ഷാ ദൈവസഭ രൂപീകരിച്ചപ്പോൾ തന്റെ അനുയായികളോട്‌ കാളയുടെയും പോത്തിന്റെയും മാംസം വർജിക്കാൻ അദ്ദേഹം ഉപദേശിച്ചു. പോത്തിനോടൊപ്പം നുകം കഴുത്തിൽവച്ച്‌ വയലുകൾ ഉഴുതുമറിക്കവെ തളർന്നുവീഴുന്ന ദളിതനെ ജൻമിമാർ ചെളിയിൽ ചവിട്ടിത്താഴ്ത്തുമ്പോൾ നിസഹായരായി ദുഃഖത്തോടെ നോക്കിനിന്നത്‌ ഈ പോത്തുകളായിരുന്നു എന്ന്‌ അദ്ദേഹം കണ്ണുനീരോടുകൂടി അനുയായികൾക്ക്‌ പറഞ്ഞുകൊടുക്കാറുണ്ട്‌. നാൽക്കാലികളോടൊപ്പം കണ്ണീരിൽ കുതിർന്ന്‌ ജീവിതമൊടുക്കിയ ദളിതരുടെ വിലാപഗാഥ.
തന്റെ പൂർവികരുടെ ജീവിതകഥയാണ്‌ പൊയ്കയിൽ യോഹന്നാൻ വിശുദ്ധവേദപുസ്തകത്തിൽ തിരഞ്ഞത്‌. കുമാരൻ മതംമാറിയപ്പോൾ സ്വീകരിച്ച പേര്‌ യോഹന്നാൻ എന്നായിരുന്നു. ആരാധകവൃന്ദം അദ്ദേഹത്തെ പൊയ്കയിൽ അപ്പച്ചൻ എന്നും വിളിച്ചുവന്നു. ദളിതർ മതപരിവർത്തനം നടത്തി ക്രിസ്ത്യാനികളായെങ്കിലും അവിടെയും സവർണ-അവർണ വ്യത്യാസം നിലനിൽക്കുന്നത്‌ പൊയ്കയിൽ അപ്പച്ചനെ നിരാശനാക്കി. അദ്ദേഹം അപ്പോഴേക്കും അറിയപ്പെടുന്ന ബൈബിൾ പ്രാസംഗികനും ഉപദേശിയുമായി മാറിക്കഴിഞ്ഞിരുന്നു. മാർത്തോമപളളികളിൽ കുലീന ക്രൈസ്തവർക്കൊപ്പം കുർബാനകളിൽ പങ്കെടുക്കാൻ മതം മാറിവന്ന ദളിത ക്രിസ്ത്യാനികൾക്ക്‌ അവകാശമുണ്ടായിരുന്നില്ല. യോഹന്നാൻ പേരെടുത്ത സുവിശേഷ പ്രാസംഗികനായിരുന്നെങ്കിലും മിഷനറിമാരുടെയും യജമാനൻമാരുടെയും പെട്ടികൾ ചുമക്കേണ്ട ഗതികേട്‌ പലപ്പോഴും അദ്ദേഹത്തിന്‌ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. വലിയ സഭായോഗങ്ങൾക്കുശേഷം കുലീനജാതിക്കാർക്ക്‌ മേശമേൽ ഭക്ഷണം കൊടുക്കുമ്പോൾ യോഹന്നാന്‌ നിലത്തിരുത്തിയാണ്‌ ഭക്ഷണം കൊടുക്കുക. മതംമാറിവന്ന അടിമജാതികൾക്ക്‌ പറയപളളിയും പുലയപളളിയുമാണ്‌ സഭ ഉണ്ടാക്കിക്കൊടുത്തത്‌. പളളിയോടുചേർന്ന സെമിത്തേരികളിൽ ഈ ദളിതരുടെ ശവങ്ങൾ അടക്കം ചെയ്തിരുന്നില്ല. പുല്ലാട്ടുളള ഒരു അവശ ക്രൈസ്തവന്റെ ശവം പുലരിക്കാട്ടുളള ക്രൈസ്തവ ശ്മശാനത്തിൽ അടക്കം ചെയ്തതിൽ സവർണ ക്രൈസ്തവർ കോപിക്കുകയും അവസാനം ശവം മാന്തിയെടുത്ത്‌ പുറമ്പോക്കിൽ അടക്കം ചെയ്യാൻ അടിമജാതിക്കാർ നിർബന്ധിതരാവുകയും ചെയ്തു. യേശുദേവന്റെ മുന്നിലെ സമത്വം എന്ന സങ്കൽപ്പത്തിന്റെ അടിത്തറ തകർന്നതായി യോഹന്നാൻ മനസിലാക്കി.
തന്റെ പൂർവികരെക്കുറിച്ച്‌ പാട്ടെഴുതുന്നതിലും വിശ്വാസികൾക്കിടയിൽ തൻമയത്വത്തോടെ അത്തരം പാട്ടുകൾ പാടി അവതരിപ്പിക്കുന്നതിലും യോഹന്നാന്‌ അസാമാന്യപാടവമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളും പ്രസംഗങ്ങളും ആയിരക്കണക്കിനാളുകളെ ആകർഷിച്ചു. ഈ ക്രൈസ്തവസഭയും സത്യവേദപുസ്തകവും തങ്ങൾക്കുളളതല്ലെന്ന്‌ അദ്ദേഹത്തിന്‌ വേഗത്തിൽ മനസിലായി. വിശ്വാസികളുടെ വലിയ ജനക്കൂട്ടത്തിനുമുന്നിൽനിന്ന്‌ അദ്ദേഹം പാടി. കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി/എന്റെ വംശത്തിന്റെ കഥ/എഴുതിവെച്ചീടാൻ പണ്ടീ/ഉർവ്വിയിലൊരുവനുമില്ലാതെ പോയല്ലോ.
അടിമജനതകളെ മാനസികമായി ഉൾക്കൊളളാൻ മാർത്തോമ സഭയ്ക്ക്‌ കഴിയുന്നില്ലെന്ന്‌ ബോധ്യം വന്നതോടെ യോഹന്നാൻ ആയിരക്കണക്കിന്‌ അനുയായികളുമായി മാർത്തോമ സഭ വിട്ടിറങ്ങി ബ്രദർമിഷനിൽ ചേർന്നു. ആരംഭത്തിൽ വിപ്ലവകരമായ ചലനമുണ്ടാക്കാൻ യോഹന്നാന്‌ കഴിഞ്ഞെങ്കിലും യാഥാസ്ഥികത്വത്തിന്റെ പിടിയിൽനിന്ന്‌ ബ്രദർമിഷനും മുക്തമല്ല എന്ന്‌ അചിരേണ അദ്ദേഹത്തിന്‌ ബോധ്യപ്പെട്ടു. ബ്രദർമിഷനിലെ മറിയാമ്മ എന്നൊരു സുറിയാനി ക്രിസ്ത്യാനിയും, ദാനിയേൽ എന്ന പറയ യുവാവും സ്നേഹത്തിലായപ്പോൾ യോഹന്നാൻ ഉപദേശി ഇടപെട്ട്‌ അവരുടെ വിവാഹം നടത്തിക്കൊടുത്തു. സഭാനേതൃത്വം യോഹന്നാനെതിരെ പ്രകോപിതരായി രംഗത്ത്‌ വരികയും പലയിടത്തുംവച്ച്‌ അദ്ദേഹം ആക്രമിക്കപ്പെടുകയും ചെയ്തു. ആയോധനം ശീലിച്ച അംഗരക്ഷകരുണ്ടായതിനാൽ യോഹന്നാൻ കഷ്ടിച്ച്‌ രക്ഷപ്പെട്ടെന്നുമാത്രം.
ബ്രദർമിഷനിൽനിന്ന്‌ വിടപറഞ്ഞ യോഹന്നാൻ വേർപാട്‌ സഭയിൽ ചേർന്ന്‌ പ്രവർത്തിക്കാൻ തുടങ്ങി. സുവിശേഷ പ്രവർത്തനം നടത്തുന്ന നോയൽ സായ്പ്‌ ആയിരുന്നു വേർപാട്‌ സഭയുടെ കാര്യദർശി. യോഹന്നാന്റെ കഴിവിൽ മതിപ്പുതോന്നിയ നോയൽ സായ്പ്‌ യോഹന്നാനെ സാമ്പത്തിക പ്രലോഭനം നൽകി സഭയുടെ യാഥാസ്ഥിതിക ചട്ടക്കൂടിനുളളിൽ തളച്ചിടാനാണ്‌ ശ്രമിച്ചത്‌. പക്ഷെ സവർണ ക്രിസ്ത്യാനികൾ അടിമജനതയോട്‌ ചെയ്തുവരുന്ന വിവേചനങ്ങളും അനീതികളും തുറന്നുപറയാൻ തുടങ്ങിയതോടെ യോഹന്നാൻ അവർക്ക്‌ അനഭിമതനായി. അധികം വൈകാതെ യോഹന്നാൻ വേർപാട്‌ സഭയിൽനിന്ന്‌ വേർപിരിഞ്ഞു.