മഹാഭാരത യുദ്ധം നടക്കുവാൻ കാരണമെന്ത് എന്ന് ശരിയായ രീതിയിൽ ചിന്തിച്ചു നോക്കിയാൽ ആ വിഷയം അഥവാ കാരണം ഇന്ന് ഈ കലികാലത്തു നമ്മുടെ ജീവിതത്തിലും പ്രസക്തം മനസ്സിലാക്കുവാൻ സാധിക്കും.
പാണ്ഡവരെ ചൂത് കളിക്കുവാൻ ക്ഷണിക്കുന്ന ദുര്യോധനനോട് ധൃതരാഷ്ട്രർ പറയുന്നു.
" ഗാന്ധാരീ പുത്രാ, ഈ ചൂത് നമുക്ക് വേണ്ടാ, വിദുരന് അത് സമ്മതമല്ല, കുരുവംശത്തിലെ ഉത്തമൻ ആണ് വിദുരർ, വൃഷ്ണി വംശത്തിൽ ഉദ്ധവൻ എങ്ങിനെ ആണോ അതേ പോലെ ആണ് കുരു വംശത്തിൽ വിദുരർ, അദ്ദേഹം പറയുന്നത് അനുസരിച്ചാൽ നിനക്ക് നന്മയെ വരൂ. നിനക്ക് അധികാരം ഉണ്ട്, പണം ഉണ്ട് എല്ലാം ഉണ്ട്, പിന്നെയും എന്തിനാണ് വിഷമിക്കുന്നത്?? അറിവുള്ളവൻ ആയ നിനക്ക് ഇതല്ലാതെ മറ്റു വിഷമതകൾ എന്തെങ്കിലും ഉണ്ട് എങ്കിൽ എന്നോട് പറയൂ.
ദുര്യോധനൻ മറുപടി പറഞ്ഞു:
ഉണ്ണാനും, ഉടുക്കാനും, എല്ലാം ധാരാളമായി ഉണ്ട്, അധികാരവും ഉണ്ട്, ജ്യേഷ്ഠനും, സ്രേഷ്ഠനും എന്ന് കരുതി, യുധിഷ്ഠിരൻ ഉപഹാരങ്ങൾ സ്വീകരിക്കാൻ എന്നോട് ആണ് ആവശ്യപ്പെടുക. എന്നാൽ മയൻ നിർമ്മിച്ച കൊട്ടാരത്തിൽ ചെന്ന ഞാൻ നിറയെ അപമാനം സഹിക്കേണ്ടി വന്നു.
സ്ഥലജലവിഭ്രമം മൂലം ഞാൻ വസ്ത്രങ്ങൾ ഉയർത്തുന്നത് കണ്ടു, ഞാൻ സമ്പത്തു ഇല്ലാത്തവൻ അഥവാ സമ്പത്തു കണ്ടിട്ടില്ലാത്തവൻ എന്ന മട്ടിൽ വൃകോദരൻ ആക്ഷേപിച്ചു ചിരിച്ചു.
അവരുടെ പരിഹാസം എന്നെ ദഹിപ്പിക്കുക ആണ്, പൊയ്ക സ്ഫടിക നിർമ്മിതം ആണ് എന്ന് കരുതി, നടന്നു നീങ്ങിയ ഞാൻ വെള്ളത്തിൽ വീഴുകയും, ദുര്യോധനനോട് ഒപ്പം അർജ്ജുനനും, ദ്രൗപദിയും എന്നെ പരിഹസിച്ചു പൊട്ടിച്ചിരിച്ചു, രാജാവ് കല്പിച്ചതു അനുസരിച്ചു എന്ന് പറഞ്ഞു ഭൃത്യന്മാർ ഉണങ്ങിയ വസ്ത്രം കൊണ്ട് തന്നു, വാതിൽ തിരിച്ചറിയാതെ ഭിത്തിയിൽ ഇടിച്ചു വീണപ്പോൾ നകുല സഹദേവന്മാർ വന്നു പിടിച്ചു എണീൽപ്പിക്കുക ആണ് ഉണ്ടായത്, അപ്പോഴും ഉണ്ടായി പരിഹാസം.
രാജാധികാരവും പദവിയും ഉണ്ട് എങ്കിൽ കൂടി, ആര്യന്മാരും, സത്യസന്ധന്മാരും, മഹാവൃതരും, വിദ്യാനിപുണരും മറ്റുമായ മറ്റു രാജാക്കന്മാർ ഉപാസിക്കുന്നതു യുധിഷ്ഠിരനെ ആണ്.
എല്ലാം അറിഞ്ഞിട്ടും ഭവാൻ അങ്ങ് എന്നെ അധികാരം കാണിച്ചു മോഹിപ്പിക്കുക ആണ്, ഞാൻ ഇന്ന് വേണ്ടത് ചെയ്തില്ല എങ്കിൽ കൂടി നാളെ നമ്മുടെ വംശം നശിക്കും.
ദുര്യോധനന്റെ വാക്കുകൾ ധൃതരാഷ്ട്രരെ മൗനിയാക്കി.
ഇവിടെ നാം മനസ്സിലാക്കേണ്ട അറിവുകൾ പലതു ആണ്.
തെറ്റ് ചെയ്യുന്ന എല്ലാവര്ക്കും കാണും ന്യായങ്ങൾ, എന്നാൽ പുത്രനെ നേരായ വഴിക്കു നയിക്കേണ്ടത് പിതാവ് ആണ്, തെറ്റുകൾ തിരുത്തേണ്ടത്, ശിക്ഷ നൽകി കൊണ്ട് ആണെങ്കിൽ കൂടി പിതാവ് നൽകണം. അവിടെ ആണ് ധൃതരാഷ്ട്രർ തെറ്റ് ചെയ്തത്.
അസൂയ കൊണ്ട് മറ്റുള്ളവരുടെ കയ്യിൽ ഉള്ളത് പിടിച്ചടക്കുവാൻ അല്ല ശ്രമിക്കേണ്ടത്, തന്റെ കയ്യിലുള്ള ഗുണങ്ങൾ വളർത്തുവാൻ ആണ് ശ്രമിക്കേണ്ടത്, അവിടെ ആണ് ദുര്യോധനൻ പരാജയപ്പെട്ടത്.
തങ്ങൾക്കു ഉള്ളത് മറ്റൊരാൾക്ക് അസൂയ ഉണ്ടാക്കുവാൻ വേണ്ടി ഉപയോഗിക്കരുത്, എന്ന് മാത്രമല്ല, പരിഹാസം മറ്റൊരാളിൽ ചൊരിഞ്ഞാൽ അതിന്റെ ഭവിഷ്യത്തു എന്താകും എന്ന് പ്രവചിക്കുവാൻ സാധിക്കില്ല. പാണ്ഡവരുടെ ഭാഗത്തും ഉണ്ട് തെറ്റ്.