യഥാർത്ഥത്തിൽ ഹിപ്നോസിസ് മാനസിക ഏകാഗ്രതയുടെ ഒരു അവസ്ഥയാണ്. ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുമ്പോൾ ചുറ്റുപാടുകളെപ്പറ്റിയുള്ള ബോധം കുറയുന്നു. സിനിമ കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴും നല്ല പാട്ട് കേൾക്കുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഈ അവസരത്തിൽ മനസ്സിന് പ്രേരണകൾ (suggestion) കൂടുതൽ സ്വീകാര്യമാകുന്നു. വ്യക്തിയെ ചുറ്റുപാടുകൾ മറന്നുള്ള ഏകാന്തതയിലേക്ക് നയിച്ച് ഗുണകരമായ പ്രേരണകൾ നൽകുകയാണ് ഹിപ്നോട്ടിസ്റ്റ് ചെയ്യുന്നത്. ഹിപ്നോട്ടിസ്റ്റ് ഒരു സഹായി മാത്രമാണ്. ഹിപ്നോട്ടൈസ് ചെയ്യപ്പെടുന്നു എന്നുള്ള വ്യക്തിയുടെ സഹകരണമില്ലാതെ ഹിപ്നോസിസ് സാധ്യമല്ല. ഹിപ്നോട്ടിസ്റ്റിന്, നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കാമെന്നതും തെറ്റായ ധാരണയാണ്. ഹിപ്നോട്ടിസത്തിൽ സംഭവിക്കുന്നത് നിർദ്ദേശങ്ങൾക്ക് വിധേയനാകുന്ന വ്യക്തിയിൽ വിധേയത്വം (suggestibility) വളരെയധികം വർദ്ധിക്കുകയും തത്ഫലമായി നിർദ്ദേശങ്ങൾ അനുഭവങ്ങളായി തോന്നിപ്പിക്കുകയും ചെയ്യുന്നു.
ഹിപ്നോട്ടിസത്തിന്റെ ആരംഭം തന്നെ 18-ാം നൂറ്റാണ്ടിൽ വിയന്നയിൽ ജീവിച്ചിരുന്ന ആന്റൺ മെസ്മർ തന്ന ഭിക്ഷഗ്വരന്റെ ജാലവിദ്യ സമാനമായ ചികിത്സാ പദ്ധതിയിൽനിന്നാണ്. മെസ്മറിസം, മാസ്മരികശക്തി തുടങ്ങിയ വാക്കുകളുടെ ഉത്ഭവം ആ പേരിൽനിന്നു തന്നെയാണ്. മെസ്മറുടെ ചികിത്സാ സമ്പ്രദായം ഒരു തട്ടിപ്പാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. ജെയിംസ് ബ്രൈഡ് എന്ന സ്കോട്ട്ലാന്റുകാരനായ ഡോക്ടറാണ് ഹിപ്നോട്ടിസം എന്ന പ്രതിഭാസത്തിന് ഒരു ശാസ്ത്രീയ വിശദീകരണം നൽകിയത്. ഒരു വസ്തുവിലേക്കുള്ള തുടർച്ചയായ നോട്ടം കാഴ്ച എന്ന ഇന്ദ്രീയാനുഭവത്തെ സഹായിക്കുന്ന നാഡീകേന്ദ്രങ്ങൾക്ക് ഒരു തരം തളർച്ചയുണ്ടാക്കുന്നുവെന്നും ബോധപൂർവ്വം ഏതെങ്കിലും ഒരു വസ്തുവിലേക്ക് അമിതമായ ശ്രദ്ധ കേന്ദ്രീകരിച്ച് നാഡീകേന്ദ്രങ്ങളുടെ തളർച്ച കൃത്രിമമായി ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ സംജാതമാകുന്ന അവസ്ഥയ്ക്ക് ഡോ. ബ്രൈഡ് നൽകിയ പേരാണ് ഹിപ്നോസിസ്. വ്യക്തിയെ ഹിപ്നോസിസിൽ എത്തിക്കുന്ന അവസ്ഥയ്ക്ക് ഹിപ്നോട്ടിസം എന്നും അദ്ദേഹം പേരിട്ടു.
ഹിപ്നോസിസിന് ചില രോഗങ്ങളുടെ ചികിത്സയിൽ പങ്കുവഹിക്കാനാകുമെന്നതിന് തെളിവുകളുണ്ട്. മനോജന്യ രോഗങ്ങൾക്കാണ് (Psycho Somatic Disorder) ഹിപ്നോസിസ് കൂടുതൽ ഫലപ്രദം. വേദനകളുടെ തീവ്രത കുറയ്ക്കുന്നതിന് ഹിപ്നോസിസ് പ്രയോജനപ്പെടുത്താനാകും. ഇതിൽ അത്ഭുതപ്പെടാനില്ല. വേദന എന്നതിന് ശാരീരിക കാരണം ഉണ്ടാകാമെങ്കിലും അതിന്റെ തോത് നാഡികളിലൂടെ വരുന്ന സന്ദേശങ്ങളെ തലച്ചോറ് എങ്ങിനെ പരിഭാഷപ്പെടുത്തുന്നു എന്നതിനെ ആശ്രിയിച്ചിരിക്കുന്നു. ശസ്ത്രക്രിയക്കുമുമ്പ് ബോധം കെടുത്തുന്നതിന്റെ ആദ്യവേളയിൽ ഹിപ്നോസിസ് പ്രേരണ നൽകുന്നത് പിന്നീടുള്ള വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നതായി ചില പഠനങ്ങളിൽ കാണിക്കുന്നു. ചിലർക്ക് കുടലിനെ ദൃശ്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടെയുള്ള വയറുവേദനയും വയറിളക്കവുമൊക്കെയുണ്ടാകുന്നു Irritable Bowel Syndrome (IBS)2എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ഒരു മനോശാരീരിക രോഗമായാണ് അറിയപ്പെടുന്നത്. ഈ രോഗത്തിന് ഹിപ്നോസിസ് ഫലപ്രദമായ ഒരു ചികിത്സയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ലഘു മനോരോഗങ്ങളിൽ ചിലത് പരിഹരിക്കാൻ ഹിപ്നോസിസ് ഫലപ്രദമാണ്. മനസ്സിനെ ഏകാഗ്രതപ്പെടുത്തി നിർദ്ദേശങ്ങൾ നൽകുമ്പോൾ പെരുമാറ്റത്തിൽ മാറ്റം വരുന്നു. പഠനത്തിന് ഏകാഗ്രതയുമായി ബന്ധമുണ്ട്. അതിനാൽ ഹിപ്നോട്ടിസത്തിന് പഠനമേഖലയിൽ ക്രിയാത്മകമായ സംഭാവന നൽകാൻ കഴിയുന്നു. ഇന്ന് വിദ്യാർത്ഥികൾ പഠനവുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് പരീക്ഷപ്പേടി, പഠിക്കാൻ താല്പര്യമില്ലായ്മ, ഏകാഗ്രത ഇല്ലായ്മ, ഓർമ്മക്കുറവ് തുടങ്ങിയവ അവയിൽ ചിലത് മാത്രം. മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് ഇല്ലാതാക്കാൻ ഹിപ്നോസിസ് ഫലപ്രദമാണ്.