കാലിന് വേദന അസഹനീയമായിരിക്കുന്നു. ബസ്സിൽ യാത്രക്കാരുടെ പിടിയിൽ നിന്ന് നിന്ന് രക്ഷപെട്ട് ചാടി ഇറങ്ങി ഓടിയ വഴിയിൽ കാല് ഉളുക്കിയതാണ്. ആളുകളുടെ കൈയ്യിൽ നിന്ന് ഓടി കയറിയത് ഉൾക്കാടിനകത്തും! എന്നതായാലും വേണ്ടീലാ കിട്ടിയ കോള് കൊള്ളാ൦. 2000 ന്റ 8 നോട്ടാണ് ഒറ്റയടിക്ക് കൈയ്യിൽ വന്നത്. കൂട്ടത്തിൽ ഒരു ATM card ഉം.
"ഒരു Digital India ക്കാര൯ ത്ഫൂ"
അയാൾ ആ കാർഡെടുത്ത് കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
സമയം ഇരുട്ടിയിരിക്കുന്നു. കാല് അനക്കാൻ കഴിയുന്നില്ല! അയാൾ മുന്നിൽ കണ്ട കൂറ്റൻ മരത്തിന് കീഴിൽ അല്പ സമയം ഇരുന്നു.
"മാമാ അവരു വരുന്നു പെട്ടന്നെഴുന്നേറ്റ് വാ...'' ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടാണയാൾ ഉണർന്നത്
കേട്ട പാതി കേൾക്കാത്ത പാതി ഉറക്കച്ചടവോടു കൂടി അയാൾ ഏന്തി വലിഞ്ഞ് ഓടി... അസാമാന്യ വേഗതയിലണ് കട്ടി അയാൾ നന്നേ പാടുപെട്ട് കുട്ടിയുടെ പിറകേ ഓടി. വേദന അസഹനീയമായി കൊണ്ടിരിക്കുന്നു. കണ്ണിൽ ഇരട്ട് കയറുന്ന പോലെ.
ആ കുട്ടി എവിടെ? ഇതുവരെ തനിക്കു തൊട്ടു മുന്നിൽ ഉണ്ടായിരുന്നതാണല്ലോ..
"എടീ... "
അയാൾ നീട്ടി വിളിച്ചു. കൊടും കാടിനു നടുവിൽ അയാൾ മുന്നിൽ കണ്ട വഴിയിലൂടെ ലക്ഷബോധം ഇല്ലാതെ വേച്ചു വേച്ചു നടന്നു . അരണ്ട നിലാവെളിച്ചത്തിൽ താൻ നില്ക്കുന്ന സ്ഥലത്തിനപ്പുറം വിശാലമായൊരു പാടം അയാൾ കണ്ടു. അതിനു നടുവിലായി കണ്ട സ്ത്രീ രൂപം ലക്ഷ്യമാക്കി അയാൾ നടന്നു. വീശിയടിക്കുന്ന കാറ്റിൽ തന്റെ നെഞ്ചറ്റം വളർന്നു നില്ക്കുന്ന പുല്ലുകൾ സംഹാരനൃത്തം ആടുന്നതായി അയാൾക്കനുഭവപ്പെട്ടു. ഉള്ളിൽ നിറഞ്ഞ ഭയത്തോടെ തന്നെ അയാൾ ആ രൂപം ലക്ഷ്യം വച്ചു നടന്നു. അടുക്കും തോറും ആ സ്ത്രീയുടെ തോളിൽ കിടന്നുറങ്ങുന്ന നേരത്തേ കണ്ട കുട്ടിയെയും അയാൾ ശ്രദ്ധിച്ചു. ആ സ്ത്രീ ഇരു വശവും നോക്കിയിട്ട് കുട്ടിയെ മുന്നിൽ കണ്ട ചതുപ്പിലേക്ക് വലിച്ചെറിഞ്ഞു.
'''ഹേയ് ...''
അലറി വിളിച്ച് കൊണ്ട് അയാൾ ആ സ്ത്രീക്ക് അടുത്തേക്ക് തന്റെ സർവ്വ ശക്തിയും എടുത്ത് കുതിച്ചു പാഞ്ഞു. ആ സ്ത്രീ അയാൾക്ക് നേരേ വന്യമായൊരു നോട്ടം നോക്കി കൊണ്ട് കുട്ടിക്ക് പിന്നാലെ ചതുപ്പിലേക്കെടുത്ത് ചാടി. അയാൾ അലറി വിളിച്ച് കൊണ്ട് അവർ നിന്ന സ്ഥലെത്തത്തി. പിന്നിൽ നിന്ന് ഏങ്ങലടിച്ചു കരയുന്ന പെൺകുട്ടിയുടെ ശബ്ദം കേട്ട് കൊണ്ടയാൾ ഞെട്ടി തിരിഞ്ഞ് നോക്കി. ഉയർത്തിവച്ച കാൽമുട്ടിൽ തല കുമ്പിട്ട് ഇരുന്ന് കരയുന്ന കുട്ടിയെ കണ്ട് അയാൾ തരിച്ചു നിന്ന് പോയി. വീശിയടിക്കുന്ന തണുത്ത കാറ്റിലും അയാൾ കുടുകുടാ വിയർക്കുന്നുണ്ടായിരുന്നു. രക്തം കവിഞ്ഞൊഴുക്കുന്ന മിഴികളോടെ മുഖമുയ൪ത്തി അവൾ അയാളോട് പറഞ്ഞു.
" വേഗ൦ രക്ഷപെട്ടോ... ഇല്ലേൽ മാമനേം കൊല്ലും."
ഒരു ഞരക്കം കേട്ട് അയാൾ തിരിഞ്ഞ് നോക്കി. ചതുപ്പിൽ നിന്നുയർന്നു വരുന്ന വളയിട്ട കൈകൾ കണ്ട് അയാൾ വിറങ്ങലിച്ചു. തന്റെ സകല ശക്തിയും എടുത്ത് അയാൾ ഓടുവാൻ ശ്രമിച്ചു. എന്നാൽ കാലുകൾ അനുസരിച്ചില്ല. ആ കൈകൾ അയാളുടെ കാലുകളിൽ പിടുത്തം മുറുക്കി. അയാളെയുമായി ചതുപ്പിലേക്ക് താണു. അന്തരീക്ഷത്തിലുയർന്ന അയാളുടെ അവസാന നിലവിളി അവിടെ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു... താഴ്ന്ന് പോകുന്ന അയാളുടെ കൈകളിലേക്ക് ഒരു വട്ടം നോക്കിയിരുന്നതിനു ശേഷം ഒരു ചെറു ചിരിയോടു കൂടി ആ പെൺകുട്ടി കാടിന്റെ വന്യതയിലേക്ക് ഓടി മറഞ്ഞു.