A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മത്സ്യകന്യകമാര്‍ വിവിധ രാജ്യങ്ങളില്‍


മത്സ്യകന്യകമാരുടെ കഥകൾ എല്ലാവരും കേട്ടിട്ടുണ്ടാകും. പക്ഷെ ലോകത്തിന്റെ പല ഭാഗങ്ങളിലും, ഇവരെക്കുറിച്ചുള്ള കഥകൾ പലതരത്തിലാണ് ഉള്ളത്. വിവിധ രാജ്യങ്ങളിലെയും, സംസ്കാരങ്ങളിലെയും മത്സ്യകന്യകമാരെയും, ജലജീവികളെയും കുറിച്ച് നിലനിൽക്കുന്ന മിത്തുകൾ ഒന്ന് പരിചയപ്പെടുത്തുകയാണ്.
*നോർവേ - ഫിൻഫോക്ക്
നോർവെയും ചുറ്റുമുള്ള ദ്വീപുകളും അടങ്ങുന്ന സ്ഥലങ്ങളിലെ പ്രധാന മത്സ്യകന്യക മിത്താണ് ഫിൻഫോക്കുകളെ കുറിച്ചുള്ളവ. ഫിൻഫോക്കുകൾ, ഏത് രൂപവും സ്വീകരിക്കാൻ കഴിവുള്ള കടൽവാസികളാണ്.
ഇവർ മനോഹര രൂപം സ്വീകരിച്ച് മനുഷ്യരെ ആകർഷിച്ച് ഇണചേരും. പക്ഷെ പങ്കാളി എന്നതിലുപരി ഒരു സേവകൻ എന്ന നിലയിൽ മാത്രമായിരിക്കും ഇവർ മനുഷ്യരെ കണക്കാക്കുക. ഇണചേർന്നതിന് ശേഷം മനുഷ്യർ രക്ഷപെടാൻ ശ്രമിച്ചാൽ ഇവർ ഭീകരരൂപികളായി മാറി, ഭയപ്പെടുത്തി അവരെ കീഴ്പ്പെടുത്തും.
ഇവർക്ക് ഏറ്റവും ഭ്രമമുള്ള ഒരു വസ്തുവാണ് വെള്ളി. മനുഷ്യരെ ഇവർ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ, വെള്ളി കൊണ്ടുള്ള നാണയങ്ങൾ വച്ച് എറിഞ്ഞാൽ ഇവയുടെ ശ്രദ്ധ തിരിച്ച് രക്ഷപെടാം എന്നാണ് വിശ്വാസം
*റഷ്യ - റസാൽക്ക
റഷ്യൻ ഭാഷയിൽ മത്സ്യകന്യക എന്നർത്ഥം വരുന്ന റസാൽക്ക, യഥാർത്ഥത്തിൽ സ്ലാവ് സമൂഹത്തിനിടയിൽ പ്രചരിച്ചിരുന്ന ഒരു മിത്താണ്.
യഥാർത്ഥത്തിൽ ഇവർ മത്സ്യകന്യകമാരല്ല, കൊല്ലപ്പെട്ട പെൺകുട്ടികളുടെ ആത്മാക്കൾ പ്രതികാരത്തിനായി പുനർജനിച്ചതാണ്. കണ്ടാൽ പ്രേതത്തെ പോലെ തോന്നിക്കുന്ന ഇവർ ആളുകളെയും, കുട്ടികളെയും ഒരുപോലെ മയക്കി, നീണ്ട മുടി കൊണ്ട് വരിഞ്ഞ് വെള്ളത്തിൽ മുക്കി കൊല്ലും.
*ഫ്രാൻസ് - മലൂസിൻ
ഫ്രാൻസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരമുള്ള ഒരു നാടോടിക്കഥയിലെ താരമാണ് മലൂസിൻ.
സുന്ദരിയായ യുവതിയുടെ ഉടലും, പാമ്പിനെപ്പോലെ വാലും, ചിറകുകളും ഉള്ള ഈ ജലജീവി, തന്റെ അച്ഛനോട് പ്രതികാരം ചെയ്യാനായ ഭീകരരൂപം പൂണ്ട ഒരു പ്രഭു കുമാരിയാണെന്നാണ് പറയപ്പെടുന്നത്.
*അയർലണ്ട് - മറോ
വെള്ളത്തിനടിയിൽ ജീവിക്കുന്ന ഒരു പ്രത്യേകതരം സമൂഹമാണ് മറോകൾ. ഒരു മാന്ത്രിക തൊപ്പിയുടെ ബലത്തിലാണ് ഇവർക്ക് കടലിനടിയിലും ശ്വസിക്കാൻ സാധിക്കുന്നത്.
മറോകളിൽ പുരുഷന്മാർ അതി ക്രൂരന്മാരും, സ്ത്രീകൾ പാവങ്ങളുമാണ്. അതുകൊണ്ട് തന്നെ മറോ സ്ത്രീകൾ, പലപ്പോഴും, മനുഷ്യരെ ഇണകളായി തിരഞ്ഞെടുക്കാറുണ്ട്. മീനുകളെപ്പോലെ ചെതുമ്പലുകൾ നിറഞ്ഞ ശരീരമാണ് മറോ പുരുഷന്മാർക്ക്. സ്ത്രീകൾ പക്ഷെ കൂടുതലും മനുഷ്യരെ പോലെയാണ് കാഴ്ചയിൽ.
*ബ്രസീൽ - ഇയാര
പച്ച കണ്ണുകളുള്ള അതിസുന്ദരിയായ ഒരു യുവതിയാണ് ഇയാര. മരണമില്ലാത്ത ഇയാര, യഥാർത്ഥത്തിൽ ഒരു സർപ്പമാണെന്നും പറയപ്പെടുന്നു.
നാവികരെ മയക്കി, വെള്ളത്തിനടിയിലെ കൊട്ടാരത്തിലേക്ക് എത്തിക്കുന്ന അവൾ, അവർ മരിക്കുമ്പോൾ അടുത്തയാളെയും തേടിയിറങ്ങും. പണ്ട് കപ്പലപകടങ്ങളിൽ കാണാതായിരുന്ന നാവികരെയൊക്കെ 'ഇയാര കൊണ്ട് പോയി' എന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നത്.
*സ്കോട്ലൻഡ് - സെൽക്കി
വളരെ പ്രശസ്തമായ ഒരു നാടോടിക്കഥയാണ് സെൽക്കികളെ കുറിച്ച് ഉള്ളത്. കടലിൽ സീലുകളെ പോലെയും, കരയ്ക്ക് കയറുമ്പോൾ തൊലിയുരിഞ്ഞ് മനുഷ്യസ്ത്രീയായി മാറാനും ഇവയ്ക്ക് കഴിവുണ്ട്.
ഇത്തരത്തിൽ ഒരു സെൽക്കി, ഒരിക്കൽ കടലിൽ നിന്ന് കരയിൽ കയറിയപ്പോൾ, ഒരു മുക്കുവൻ അവളുടെ തോലെടുത്ത് ഒളിപ്പിച്ചു വച്ചു. സുന്ദരിയായ അവൾ, മറ്റുവഴികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആ മുക്കുവന്റെ കൂടെ ജീവിക്കാൻ തുടങ്ങി.
അങ്ങിനെ അവർക്ക് കുഞ്ഞുങ്ങൾ ഒക്കെയായി, സന്തോഷപൂർവ്വം ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ്, ഒരിക്കൽ, മുക്കുവൻ ഒളിപ്പിച്ചു വച്ചിരുന്ന തോല് അവൾക്ക് കിട്ടുന്നത്.
അവൾ തോലെടുത്ത് അണിയാൻ തുടങ്ങുന്ന സമയം മുക്കുവൻ സ്ഥലത്തെത്തിയെങ്കിലും അവളെ തടയാൻ അയാൾക്ക്‌ കഴിഞ്ഞില്ല. അവൾ, അയാളുടെ വാക്കുകൾ വകവയ്ക്കാതെ കടൽത്തീരത്തേക്ക് പുറപ്പെട്ടു. മുക്കുവൻ, അവരുടെ മക്കളെയും കൂട്ടിവന്ന് അവളെ തിരികെ വിളിച്ചെങ്കിലും, കടലിൽ ചേരാനുള്ള അവളുടെ ആഗ്രഹത്തിന് തന്നെയായിരുന്നു ശക്തി കൂടുതൽ. അവൾ, അവരെയൊക്കെ തനിച്ചാക്കി മടങ്ങി, എന്നെന്നേക്കുമായി.
*ജപ്പാൻ - നിങ്‌യോ
മീനിന്റെ ഉടലും, മനുഷ്യന്റെ മുഖവും, കുരങ്ങിന്റെ വായും ഉള്ള ഒരു ജലജീവിയാണ് നിങ്‌യോ. വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഈ ജീവിയെ പിടിച്ച് കഴിച്ചാൽ, കഴിക്കുന്നയാൾക്ക് മരണം വരെ ചെറുപ്പമായിരിക്കും എന്നാണ് വിശ്വാസം. പക്ഷെ പിടിക്കുന്നയാളുടെ ഗ്രാമത്തെ, ശാപങ്ങളും, പേമാരിയും എന്നും വേട്ടയാടികൊണ്ടിരിക്കും.
*ന്യൂസിലാൻഡ് - മറാക്കിഹാവ്‌
മറാക്കിഹാവ്‌ ശരിക്കും കടലിന്റെ കാവൽക്കാരനാണ്. മീനിന്റെ ഉടലും, മനുഷ്യന്റെ തലയും ഉള്ള ഈ രക്ഷകൻ അളവിലധികം മീൻ പിടിക്കുന്നവരുടെ വള്ളം മുക്കുകയും, അത്തരക്കാരെ പിന്നീട് എപ്പോൾ കണ്ടാലും ശിക്ഷിക്കുകയും ചെയ്യും. തീറ്റ പ്രാന്തനായ ഈ കഥാപാത്രം വില്ലനായിട്ടുള്ള ധാരാളം നാടോടിക്കഥകൾ അവിടെ പ്രചാരത്തിലുണ്ട്.
എഴുതിയത് : അരീസ് (Ares Gautham