A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഡിഡാലസ് ( Daedalus ) -പുരാതന ക്രീറ്റിലെ പെരുന്തച്ചൻ


പുരാതന ഗ്രീക്ക് വിശ്വാസപ്രകാരം ക്രീറ്റിലെ പൗരാണികകാലത്തെ രാജാവാണ് മൈനോസ് (Minos ). മൈനോസിന്റെ പെരുന്തച്ചനായിരുന്നു മഹാപ്രതിഭയായ ഡിഡാലസ് . ഡിഡാലസ് ക്രീറ്റുകാരൻ ആയിരുന്നില്ല . അക്കാലത്തെ ക്രീറ്റിന്റെ എതിരാളികളായ ആതൻസ് സ്വദേശിയായിരുന്നു ഡിഡാലസ് . ഡിഡാലസിന് ആതൻസിൽ വലിയൊരു പണിപ്പുരയുണ്ടായിരുന്നു . മരുമകനായ റ്റാലോസ് (Talos ) ആയിരുന്നു ഡിഡാലസിന്റെ സഹായി . ചെറുപ്രായത്തിൽ തന്നെ വലിയ കഴിവ് പ്രകടിപ്പിച്ച റ്റാലോസ് തന്നെ എല്ലാ അർഥത്തിലും കടത്തിവെട്ടുമെന്നു ഭയന്ന ഡിഡാലസ് റ്റാലോസിനെ സൂത്രത്തിൽ ആതെൻസിലെ അക്രോപോളിസിനുമുകൾകിൽ നിന്നും തള്ളിയിട്ടു . റ്റാലോസിന്റെ മരണത്തിന്റെ സത്യാവസ്ഥ ആതൻസിലെ ജനത അറിഞ്ഞാൽ ,താൻ വധിക്കപ്പെടുമെന്നു ഭയന്ന് ഡിഡാലസ് ക്രീറ്റിലേക്ക് ഒളിച്ചോടി മൈനോസിന്റെ ആശ്രിതനായി . ക്രീറ്റില് വച്ചാണ് ഡിഡാലസ് തന്റെ മാസ്റ്റർപീസുകൾ എല്ലാം മെനഞ്ഞത് .
പോസിഡോണിന്റെ അപ്രീതി നിമിത്തം മൈനോസിന് പിറന്ന ഭീകര സത്വമായിരുന്നു മിനോട്ടോർ . തല കാളയും ഉടൽ മനുഷ്യനുമായി ഒരു ഭയങ്കരനായിരുന്നു മിനോട്ടോർ . മിനോട്ടോറിന്റെ ആഹാരമാകട്ടെ മനുഷ്യ മാംസവും . ക്രീറ്റിലെ ജനത മിനോട്ടോറിന്റെ ഭകഷണമാകാതിരിക്കാൻ ഡിഡാലസ് നിർമിച്ച ഭൂഗർഭ കാരാഗ്രഹമായിരുന്നു ലാബറിന്ത് (Labyrinth )എന്ന ഗുഹാ സമുച്ചയം . ഒരിക്കലത്തിനകത്തു പ്രവേശിച്ചാൽ ജീവനോടെ പുറത്തിറങ്ങാൻ ആകാത്ത വിധമായിരുന്നു നിർമാണം . ലാബറിന്ത് നിർമിച്ച ശേഷം ഡിഡാലസ് തന്നെ മിനോട്ടോറിനെ(Minotaur ) ലാബിറിന്തിനകത്തു പൂട്ടി . ക്രീറ്റൻ ജനത മൈനോട്ടോറിൽ നിന്നും രക്ഷപ്പെട്ടു . മൈനോസിനുവേണ്ടി ആയുധങ്ങളും കൊട്ടാരങ്ങളും ഒക്കെ ദിദാലാസും ,പുത്രൻ ഇക്കാറാസും ചേർന്ന് നിർമിച്ചു .മിനോസിന് വേണ്ടി വലിയ ജലയാനങ്ങൾ നിർമിച്ച ദിദാലാസാണ് കപ്പൽ പായ്കളും പങ്കായങ്ങളും കണ്ടുപിടിച്ചതെന്നാണ് ഗ്രീക്ക് വിശ്വാസം , ജീവൻ തുടിക്കുന്ന ചലിക്കുന്ന ശില്പങ്ങളും ഡിഡാലസ് കൊത്തിയെടുത്തത്രെ . ഓടിപ്പോകാതിരിക്കാൻ അദ്ദേഹത്തിന്റെ ശില്പങ്ങളെ ചങ്ങലകൊണ്ട് ബന്ധിക്കുമായിരുന്നുവെന്നും യവന ഇതിഹാസങ്ങൾ പറയുന്നു .
ഡിഡാലസ് മൈനോസിന് വേണ്ടി 1300 മുറികളുള്ള ഒരു കൊട്ടാരം തലസ്ഥാനമായ കനോസോസ്സിൽ (Knossos )നിർമിച്ചു എന്ന ഐതീഹ്യങ്ങളുണ്ട് . ഐതീഹ്യമാണെങ്കിലും സത്യമാണെങ്കിലും വലിപ്പ മേരിയെ അനേകം കൊട്ടാരങ്ങൾ ഈ അടുത്ത കാലത്തു കനോസോസ്സിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .
അഥീനിയൻ യുവാവായ തീസിയുസ് (Theseus ) മൈനോസിന്റെ പുത്രിയായ അറിയഡിനെ ( Ariadne ) യുടെ സഹായത്തോടെ ( അറിഞ്ഞോ അറിയാതെയോ ദിദാലാസും തിസിയൂസിനെ സഹായിച്ചു. ) .സൂത്രത്തിൽ ലാബിറിന്തിനകത്തു കടന്നു മൈനോറ്റാറിനെ വധിച്ചു അറിയഡിനെ യെ ക്രീറ്റിൽ നിന്നും ആതെൻസിലേക്ക് കടത്തിക്കൊണ്ടുപോയി . ഇതിൽ ക്ഷുഭിതനായ മൈനോസ് ഡിഡാലസിനെയും പുത്രൻ ഇക്കാറാസിനെയും അവർ തന്നെ നിർമിച്ച ലാബറിന്തിൽ തടവിലാക്കി . എന്നെങ്കിലും ഇത് സംഭവിക്കും എന്ന് കണക്കു കൂട്ടിയിരുന്ന ഡിഡാലസ് തനിക്കുമാത്രം അറിയാവുന്ന ഒരു രഹസ്യ പാത ലാബറിന്തിൽ നിന്നും സമുദ്രതീരത്തേക്ക് തീർത്തിരുന്നു . അതുവഴി രക്ഷപെട്ട ഡിഡാലസ് സമുദ്രതീരത്തെത്തി തനിക്കും പുത്രനുമായി പക്ഷിത്തൂവലുകളും മെഴുകും കൊണ്ട് രണ്ടു ജോഡി ചിറകുകൾ നിർമിച്ചു .
മൈനോസിന്റെ പിടിയിൽ പെടാതെ റോഡ്‌സ് എന്ന ദ്വീപിലേക്ക് പറന്നു രക്ഷപ്പെടുകയായിരുന്നു ഡിഡാലസിന്റെ പ്ലാൻ . പറക്കൽ തുടങ്ങുന്നതിനു മുൻപ് കൂടുതൽ ഉയരത്തിൽ പറക്കരുതെന്നു ഡിഡാലസ് ഇക്കറസിനെ ഉപദേശിച്ചിരുന്നു . പറന്നു തുടങ്ങിയപ്പോൾ ആവേശം കൂടി ഇക്കാരസ് ഉയർന്നു പറന്നു . മെഴുകുരുകി ചിറകു തകർന്ന് ഇക്കാരസ് കടലിൽ വീണു മരിച്ചു .മനസുതകർന്ന ഡിഡാലസ് റോഡ്സിലേക്ക് പറക്കാനുളള ശ്രമം ഉപേക്ഷിച്ചു സിസിലിയിലേക്ക് പറന്നു രക്ഷപ്പെട്ടു എന്നാണ് യവന ഇതിഹാസങ്ങൾ പറയുന്നത് . സിസിലിയൻ ജനതക്കുവേണ്ടിയും ഡിഡാലസ് നിർമിതികൾ നടത്തി എന്ന് വിശ്വാസം ഉണ്ട് .
സിസിലിയിൽ ഡിഡാലസ് സൂര്യ ദേവനായ ഹീലിയോസിന് ഒരു ക്ഷേത്രം പണിതു താൻ നിർമിച്ച ചിറകുകൾ ഹീലിയോസിനു സമർപ്പിച്ചു എന്നാണ് ഐതീഹ്യം .
====
IMAGE COURTESY:https://www.youtube.com/watch?v=24DLV605sOA
------
rishidas s
ref:https://www.greekmyths-greekmythology.com/

ശുചീന്ദ്രത്തെ സ്ഥാണുമലയൻ ക്ഷേത്രം


പുരാതന ചേരന്മാരുടെ അതിപുരാതനമായ ഒരു ത്രിമൂർത്തി ക്ഷേത്രമാണ് ശുചീന്ദ്രത്തെ സ്ഥാണുമലയൻ ക്ഷേത്രം .ഇപ്പോൾ കാണുന്ന രീതിയിൽ ക്ഷേത്രത്തെ നവീകരിച്ചത് പതിനേഴാം നൂറ്റാണ്ടിൽ തിരുമല നായ്ക്കന്മാരും തിരുവിതാംകൂർ മഹാരാജാവുംചേർന്നാണ് . 1949 വരെ ഈ ക്ഷേത്രം തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലായിരുന്നു . ശൈവ , വൈഷ്ണവ വിചാര ധാരകൾക്ക് തുല്യ പ്രാധാന്യമുള്ള ക്ഷേത്രമായ ഈ മഹാക്ഷേത്രം . വാസ്തുവിദ്യയുടെ പൂര്ണതയുടെയും കൃത്യതയുടെയും മുകുട ഉദാഹരണമാണ് സ്ഥാണുമലയൻ ക്ഷേത്രം .
==
ചിത്രം കടപ്പാട് :https://www.facebook.com/…/a.175491056474…/510205266336316/…

താന്തിയ ഭില്‍- ഇന്ത്യന്‍ ഗോത്രവീരന്‍



മധ്യപ്രദേശിലെ കിഴക്കന്‍ നിമാറിലെ (ഇന്നത്തെ ഖാണ്ഡ്യാ ജില്ല) ഗോത്രവര്‍ഗ്ഗക്കാരാണ് ഭില്‍.1857ലെ സ്വാതന്ത്ര്യസമരങ്ങള്‍ക്കും മുന്‍പേ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്നു വന്ന ബഹുജന-ബഹുമുഖ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ച പോലെ 57-ലഹളയ്ക്ക് ശേഷവും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി വന്ന വിഭാഗക്കാരായിരുന്നു ഭില്‍ ഗോത്രം.

1857ലെ പുകള്‍പെറ്റ സ്വാതന്ത്ര്യ കലാപത്തോടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീശ്വത്തിന് മേലെ ബ്രിട്ടീഷ് രാജ്ഞിയുടെ നിഴല്‍ പരന്നു.ഈസ്റ്റ് ഇന്ത്യാ കമ്പനി തുടര്‍ന്നു വന്ന അന്യായമായ ചുങ്കപ്പിരിവുകളും കച്ചവടച്ചതികളും പുതിയ ഭരണത്തിലും തുടര്‍ന്നു.ചൂഷണങ്ങളും ചുങ്കപ്പിരിവും കൊണ്ട് പല ഗോത്രവര്‍ഗ്ഗങ്ങളും വലഞ്ഞു.അവരില്‍ ചിലര്‍ വെള്ളക്കാര്‍ക്കെതിരെ തക്കം പാര്‍ത്തിരുന്ന് ചെറുതും വലുതുമായി ആക്രമണങ്ങള്‍ നടത്തി വന്നു.

അക്കൂട്ടത്തിലൊരാള്‍, താന്തിയ..1840കളുടെ ആദ്യത്തില്‍ മധ്യപ്രദേശിലെ ഭില്‍ ഗോത്രത്തില്‍ ജനിച്ച താന്തിയ കൃഷി ചെയ്തും പുകയിലയും കാട്ടുല്‍പ്പന്നങ്ങളും ശേഖരിച്ച് വിറ്റുമാണ് കഴിഞ്ഞിരുന്നത്.ചൂഷക വ്യവസ്ഥകളോട് ഭില്ലുകള്‍ പ്രതികരിച്ചു തുടങ്ങി.പതിയെ പതിയെ താന്തിയയും സമരത്തിലിറങ്ങി.1874ല്‍ താന്തിയയ്ക്ക് ജയില്‍ശിക്ഷ ലഭിച്ചു.ഒരു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ താന്തിയ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.പാതിപോ മലനിരകളിലെ കൊടുംവനങ്ങള്‍ കേന്ദ്രീകരിച്ച് തന്‍റെ ഗോത്രവര്‍ഗ്ഗക്കാരേയും കൂട്ടി വെള്ളക്കാര്‍ക്കെതിരെ പോരാടി.നേര്‍ക്കു നേരേ പോരാടാനുള്ള ശേഷിയില്ലാതിരുന്ന ഭില്ലുകള്‍ ഗറില്ലാ യുദ്ധമുറകളാണ് പ്രയോഗിച്ചത്.വെള്ളക്കാര്‍,അവരുടെ ഒറ്റുകാര്‍,പറ്റുകാര്‍,ദല്ലാളര്‍ ഇവരെ താന്തിയയും കൂട്ടരും ചെറുത്തു നിന്നു.വെള്ളക്കാക്കാര്‍ അടക്കി വെച്ചിരിക്കുന്ന മുതലുകള്‍ കൊള്ളയടിച്ചു അവരുടെ ആക്രമണങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്തു.ബ്രിട്ടീഷ് തോക്കുകള്‍ തട്ടിയെടുത്ത് പ്രയോഗിക്കാനും പഠിച്ചു.ട്രഷറികളും ഗോഡൗണുകളും കൊള്ളയടിച്ചു കിട്ടിയ മുതലുകള്‍ കനത്ത നികുതിഭാരത്താല്‍ പട്ടിണിയിലായ കര്‍ഷകര്‍ക്കിടയിലും പാവപ്പെട്ടവര്‍ക്കിടയിലും വിതരണം ചെയ്തു വന്നു.

താന്തിയയുടെ അചഞ്ചലമായ ധൈര്യവും വീര്യവും ജനങ്ങളെ അദ്ദേഹത്തിലേക്കടുപ്പിച്ചു.ഭില്‍ ഗോത്രത്തിന്‍റെ നേതാവായി അദ്ദേഹം വളര്‍ന്നു.എല്ലാവരും അദ്ദേഹത്തെ താന്തിയാ മാമ എന്നു ബഹുമാനത്തോടെ വിളിച്ചു.1874 മുതല്‍ 1888 വരെയുള്ള കാലത്ത് ഭില്‍ ഗോത്രത്തില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി താന്തിയ ഭില്‍ അഥവാ താന്തിയാ മാമ.

ഭില്‍ ഗോത്രക്കാരുടെ പ്രധാന ആയുധം ഗോഫന്‍ (Gofan) എന്ന് വിളിക്കുന്ന ചുഴറ്റ് കവണയായിരുന്നു.നീളമുള്ള കവണക്കച്ചയില്‍ കല്ല് വെച്ച് ചുഴറ്റി എറിയുന്ന ഒരു തരം ആയുധം.ഒപ്പം വാളുകളും,അമ്പും വില്ലും, പണിയായുധങ്ങളും എല്ലാം ഈ സമരത്തില്‍ അവര്‍ ഉപയോഗിച്ചു.താന്തിയ പല തവണ ബ്രിട്ടീഷ് സൈന്യത്തിന്‍റെയും ബ്രിട്ടീഷ്-ഇന്ത്യന്‍ പോലീസിന്‍റെയും പിടിയിലായി.ക്രൂരമായ മര്‍ദ്ദനമുറകള്‍ പ്രയോഗിക്കപ്പെട്ട് പല തവണ അദ്ദേഹം മൃതപ്രായനായി.പല തവണകളായി അദ്ദേഹം ജയില്‍ ചാടി രക്ഷപെട്ടു.ഓരോ തവണ പിടിയിലായി രക്ഷപെടുമ്പോഴും താന്തിയ കൂടുതല്‍ അപകടകാരിയായ സമരഭടനായി മാറി.താന്തിയ പിടിയിലാവുന്ന സമയങ്ങളിലും അദ്ദേഹത്തിന്‍റെ ഉറ്റ അനീയായികളായ ദിപ്യ ഭില്‍,ബിജ്ന്യ ഭില്‍ ഇവരുടെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ തുടര്‍ന്നു വന്നു.

താന്തിയാ ഭില്ലിനെ പിടികൂടാനായി നടത്തിയ റെയ്ഡുകളില്‍ അദ്ദേഹത്തിന്‍റെ ഗോത്രവര്‍ഗ്ഗക്കാരും അനുകൂലികളും ക്രൂരപീഠനങ്ങള്‍ക്കിരയായി വന്നു.നൂറു കണക്കിന് പേരെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കി.
1888ല്‍ ഭിപ്യയും ബിജ്ന്യയും അറസ്റ്റിലായി.ഭിപ്യ തടവു ചാടി രക്ഷപെട്ടെങ്കിലും ബിജ്ന്യയ്ക്ക് തൂക്കിലേറാനായിരുന്നു വിധി.

അടുത്ത വര്‍ഷം തന്നെ താന്തിയയും പിടിയിലായി.ഒത്തു തീര്‍പ്പിനെന്ന പേരില്‍ കെണിയില്‍ പെടുത്തി പിടികൂടിയ താന്തിയാ ഭില്ലിന് മേല്‍ കൊലപാതകം,മോഷണം,രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തി തൂക്കിലേറ്റി വധിച്ചു.രക്ഷാബന്ധന്‍ ദിവസത്തില്‍ താന്തിയയ്ക്ക് രക്ഷ കെട്ടാനെത്തിയ സ്ത്രീയുടെ ഭര്‍ത്താവ് ഒറ്റു കൊടുത്തതാണെന്നും പറയപ്പെടുന്നു.
------------------------------------------------------------------------------------------------------------------------------
വാല്‍ക്കഷ്ണം:-
വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഭില്ലുകള്‍ രാജ്യശ്രദ്ധ നേടിയ ഒരു സംഭവമുണ്ടായി.കശ്മീരില്‍ സംഘര്‍ഷവും വിഘടനവാദികളുടെ കല്ലേറും കൊടുമ്പിരി കൊണ്ടിരുന്ന നാളുകള്‍.ഭില്‍ ഗോത്രക്കാര്‍ ഇന്ത്യന്‍ പ്രധാധമന്ത്രിയ്ക്ക് ഒരു കത്തെഴുതി,അവരുടെ ആവശ്യം ഇതായിരുന്നു.തങ്ങളെ കശ്മീരിലേക്കയക്കുക,ഇന്ത്യന്‍ സൈന്യത്തിനെ കല്ലെറിയുന്നവരെ നേരിടാന്‍ തങ്ങള്‍ക്കൊരു അവസരം നല്‍കുക.
കശ്മീരിലെ കല്ലേറുകാര്‍ എറിയുന്നതിന്റെ പതിന്മടങ്ങ് നാശം തങ്ങളുടെ ഗോഫന്‍ ഏറുകൊണ്ട് അവര്‍ക്കുണ്ടാവുമെന്നും അവര്‍ ആവേശത്തോടെ പറഞ്ഞു.

''വിഘടനവാദികള്‍ കശ്മീരില്‍ സൈനികരെ അപമാനിക്കുന്നത് ടിവിയിലും സോഷ്യല്‍ മീഡിയയിലും കണ്ടിട്ട് സഹിക്കുന്നില്ല. അവരോടു പോരാടാന്‍ ഞങ്ങള്‍ തയാറാണ്.പോരാട്ടം പുത്തരിയല്ല ഞങ്ങള്‍ക്ക്.ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ ഗോത്രത്തലവന്‍ താന്തിയ ഭില്ലിന്റെ ഓര്‍മ്മ മാത്രം മതി അതിന ഒരിക്കല്‍ക്കൂടി രാജ്യത്തിനായി പോരാടാന്‍ അവസരം വേണം'' - ഭില്‍ നേതാവ് ബഹാദൂര്‍ ഹട്ടില്ല അന്ന് മാധ്യമങ്ങളോട് പറഞ്ഞതാണ്.
------------------------------------------------------------------------------------------------------------------------------
കുറിപ്പ്:-
ഒരിക്കല്‍ താന്തിയയെ അറസ്റ്റ് ചെയ്യാനായി ഒരു ബ്രിട്ടീഷ് ഓഫീസര്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഗ്രാമത്തിലെത്തി.രണ്ടോ മൂന്നോ ഉദ്യോഗസ്ഥരും അവരുടെ പെട്ടി ചുമക്കാന്‍ ഒരു കൂലിക്കാരനും സംഘത്തിലുണ്ടായിരുന്നു.താന്തിയയുടെ വീട്ടിലെത്തിയ സംഘം കുറേ തിരഞ്ഞെങ്കിലും കണ്ടെത്താനാവാതെ തിരികെ പോവാനൊരുങ്ങിയപ്പോള്‍ അവരുടെ കൂലിക്കാരന്‍ - 'എന്താ സാഹേബ്,എന്നെ അറസ്റ്റ് ചെയ്യുന്നില്ലേ'..അത്ര നേരം അവരുടെ ചുമടും താങ്ങി ഒപ്പമുണ്ടായിരുന്നത് താന്തിയാ മാമ ആയിരുന്നെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ പരിഭ്രമിച്ച് സ്ഥലം വിട്ടുവെന്നൊരു കഥയുണ്ട്.നേരായാലും കഥയായാലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളങ്ങള്‍ ബാക്കി വെച്ചും വയ്ക്കാതെയും കടന്നു പോയ ആയിരങ്ങള്‍ ശേഷിപ്പിച്ച രക്തസാക്ഷ്യത്തിനും അഭിമാനത്തിനും വീര്യത്തിനും പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല.
------------------------------------------------------------------------------------------------------------------------------
Citation:
Tribal Contemporary Issues: Appraisal and Intervention
by Ramanika Gupta,Anup Beniwal - page 18

https://ml.m.wikipedia.org/wiki/താന്തിയാ_ഭിൽ

Pic courtesy: wikimedia commons