ഇതിഹാസത്തിലെ യുദ്ധനിയമങ്ങള്
ഇതിഹാസത്തിലെ യുദ്ധനിയമങ്ങള്
18 ദിനങ്ങള് നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധം..
ഈ ബൃഹത് യുദ്ധത്തിന്റെ തുടക്കത്തില് ഇരു പക്ഷങ്ങളും ഉഭയകക്ഷി സമ്മത പ്രകാരം ചില ധാരണകള് ഉണ്ടാക്കിയിരുന്നു.യുദ്ധത്തില് പാലിക്കേണ്ട നിയമങ്ങളെ കുറിച്ചായിരുന്നു ആ ധാരണകള്.
കുരുക്ഷേത്ര യുദ്ധത്തിലെ ചില യുദ്ധനിയമങ്ങളെ പരിചയപ്പെടാം.
____________________________________________
★യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.
★ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.
★ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.
★രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചൊ, ഒരേ വാഹനത്തിലൊ (ആന, തേർ, കുതിര)ആവണം.
★പോര്ക്കളത്തിന് പുറത്തു നില്ക്കുന്നവരെ ആക്രമിക്കരുത്.
★പതാക വാഹകര്,അസ്ത്രവാഹകര്,വാദ്യമേളക്കാര് എന്നിവര്ക്ക് യഥേഷ്ടം പടക്കളത്തില് സഞ്ചരിക്കാം,അവരെ ആക്രമിക്കരുത്.
★തുല്യതയുള്ളവരുമായി മാത്രം പോരാടണം
★രഥത്തിന് രഥം,ഗജത്തിന് ഗജം,കാലാളിന് കാലാള് എന്നുള്ള നിയമം പാലിക്കണം.
★തുല്യതയുള്ള ആയുധങ്ങളുമായി ആകണം ഇരുവര് തമ്മിലുള്ള പോരാട്ടം.
★ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.
★യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.
★നിരായുധനെ ആക്രമിക്കരുത്.
★അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.
★യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.
★പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.
★സ്ത്രീകളെ ആക്രമിക്കരുത്.
★ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്. (ഉദാ: അരയ്ക്കു താഴോട്ട് ഗദകൊണ്ടടിക്കരുത്)
★ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്.
--------------------------------------------------------------------
വാല്ക്കഷ്ണം:
പാണ്ഢവ പക്ഷത്ത് 7 അക്ഷൗഹിണികളും,153,090 ആനകളും,153,090 രഥങ്ങളും,459,270 കുതിരകളും,765,450 കാലാളുകളും; കൗരവ പക്ഷത്ത് 11 അക്ഷൗഹിണികളും, 240,570 ആനകളും,240,570 രഥങ്ങളും,721,710 കുതിരകളും,1,202,850 കാലാളുകളും പങ്കെടുത്ത ഈ യുദ്ധത്തില് യുദ്ധനിയമങ്ങളെല്ലാം പാലിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഉത്തരം -എല്ലാം പാലിക്കപ്പെട്ടിട്ടില്ല എന്നതാണ്.
യുദ്ധങ്ങള് എന്നും അശാന്തിയുടെ കാഹങ്ങളേ മുഴക്കിയിട്ടുള്ളൂ.പങ്കെടുക്കുന്ന ഇരുപക്ഷങ്ങള്ക്കും നാശങ്ങള് സമ്മാനിച്ച് അവസാനം നഷ്ടങ്ങളുടെ തട്ട് ഒരല്പ്പം താഴ്ന്നു നില്ക്കുന്ന പക്ഷത്തിനെ പരാജിതര് എന്നും മറുപക്ഷത്തിനെ വിജയികളെന്നും വാഴ്ത്തി വാഴിക്കുന്ന സാംഗത്യമില്ലായ്മ ചരിത്രത്തിന്റെ ഏടുകളില് പലകുറി കാണാം.
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിലും ഇതേ അസാംഗത്യം മുഴച്ചു നില്ക്കുന്നത് കാണാം.
NB: മഹാഭാരതം കൃത്യമായി മനസിലാക്കിയാല് നിയമങ്ങള് പാലിക്കപ്പെടാതെ പോയതിന് നീതീകരണങ്ങള് ഉണ്ട് എന്നത് മനസിലാക്കാം.പോസ്റ്റിന്റെ ഉദ്ദേശം യുദ്ധനിയമങ്ങളെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ്.മഹാഭാരതത്ത ഇകഴ്ത്തലായി ആരും കരുതരുത്.
____________________________________________
അവലംബം/കടപ്പാട്
മഹാഭാരതം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ