ഞാനും
എന്റെ ബാല്യകൗമാരങ്ങളിൽ ഇതിനെപ്പറ്റി കുറേ ആലോചിച്ച് തലപുകച്ചിട്ടുണ്ട്. കൊത്താൻ വരുന്ന ഓരോ പൂവൻകോഴിയിലും ഞാൻ പഴയകാലവില്ലൻനടൻ ടി.ജി രവിയെക്കണ്ടു. ഒപ്പം നടി മേനകയെ പ്രതിനിധാനം ചെയ്യുന്ന ഓരോ പിടക്കോഴിയേയുമോർത്ത് വൈക്ലബ്യപ്പെടുകയും ചെയ്തു. പിന്നീട് കാര്യം മനസ്സിലായപ്പോൾ - അതായത് അവറ്റോൾടെ രതിജീവിതത്തിൽ ഫോർപ്ലേ ഇല്ല , എക്കാലത്തും അതിനായി "ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ" മൂവിയിലെ bedroom സമ്പ്രദായത്തെമാത്രം ശരണം പ്രാപിക്കുന്ന " കോഴികൾ " ആണ് അവർ എന്ന് അറിഞ്ഞതിൽപ്പിന്നെ -ഈ പിടക്കോഴികൾക്കൊന്നും കാമവികാരമോ ആസ്വാദനശേഷിയോ ഇല്ലേയെന്നും ഇതൊക്കെയൊന്നു വിവരിച്ചുകൊടുക്കാൻ അവർക്കൊരു കോഴ്സ്യായനമഹർഷിപോലുമില്ലാത്തതെന്തേ എന്നുമൊക്കെ അന്തംവിട്ടിട്ടുമുണ്ട് !
ചേക്കൻകോഴികളുടെ അടിച്ചമർത്തലും ബലാത്‌സംഗവും സ്ഥിരം വീക്ഷിക്കുന്ന ഒരു ആകാംക്ഷക്കാരിയായി പിന്നീട് ഞാൻ മാറി.
അക്കാലത്താണ് വി.ഡി. രാജപ്പന്റെ ഒരു രസികൻ കഥാപ്രസംഗം ' ചികയുന്ന സുന്ദരി ' കേൾക്കാനിടയായത്. കോഴികളുടെ കഥയാണ്.
ഒരിക്കൽ മുറ്റത്തെ കോമാവിൻചോട്ടിൽ പതിവിനുവിപരീതമായി കോഴിമിഥുനം, നസീർ - ഷീല കളിക്കുകയാണ്...
ഇമ്മട്ടിലൊക്കെ കുണുങ്ങിനടക്കാൻ ഈ എണ്ണമിനുപ്പുള്ള കരിംകോഴിപ്പെണ്ണിന് എങ്ങനെ കഴിയുന്നുവെന്നോർത്ത് ഞാൻ ലജ്ജിച്ചു.
നാണംകെട്ടവൾ !
ഇന്നലെയും ആ പീഡനക്കാരന്റെ ഇരയായവളാണ് !
ചാരിത്ര്യത്തിനുവേണ്ടി കൂകിക്കൊത്തിപ്പാറിയവളാണ്!..
ഒരു നിമിഷംകൊണ്ട് ആ ദുഷ്ടന്റെ കൈയിലിരുപ്പ് മുഴുവനുമനുഭവിച്ച് ജീവൻ കൊണ്ടു പാഞ്ഞവളാണ് !..
നാണംകെട്ടവളേ,
ഞങ്ങൾ പെൺവർഗ്ഗത്തിനുതന്നെ കളങ്കം ചാർത്തിയവളേ,
നിന്നെ ഞാനെന്ത് വേണം ?
ഇളവള്ളീലെ വൈദ്യത്തിവല്യമ്മ ചൊല്ലിക്കസറുന്നൊരു മുന്നാലൻശ്ലോകമുണ്ട് !.
ഉടനടി വല്യമ്മയെ മനസ്സുകൊണ്ടുവിളിച്ചപ്പോൾത്തന്നെ പകുതി സമാധാനമായി.
ഇവറ്റയ്ക്കൊക്കെ ഇതുതന്നെവേണം ...
ച്ചാൽ,
ചൊല്ലിയാൽ പോരാ.പ്രാവർത്തികവുമാക്കണം.
"കറുത്ത കുക്കുടം മുട്ടക്കാലമായുളളതൊന്നിനെ
തൊലിച്ചു ദുഷ്ടുനീക്കീട്ടു ദ്വിപലം ലവണത്തിനെ
കലക്കി നീരൊഴിച്ചിട്ടു വേവിച്ചിട്ടതെടുത്തുടന്‍
എല്ലുനീക്കിയരച്ചിട്ടു തേങ്ങാപ്പാലതിലെണ്‍പലംഗുളം കലക്കിചേർത്തിട്ടു കയം ചവ്യം കടുത്രയം
തിപ്പലീമൂലവും തോട്ടിവേരും ലശുനം ജീരകം
ഓരോപലം പൊടിച്ചിട്ടങ്ങെണ്ണയും നെയ്യുമൊപ്പമായ്
ഉഴക്കുഴക്കുചേർത്തിട്ടു നാഴിത്തേനും കലർന്നതിൽ
ലേഹപാകത്തിൽവാങ്ങീട്ടു സേവിച്ചാൽ ഗുന്മശൂലയും
ഉദരവീക്കവും നോവും ശമിച്ചീടുമസംശയം
വൃദ്ധിഗുന്മംപ്ലീഹശൂലമുദരാമയമെന്നിവ
തമ്മിലന്യോന്യയോജ്യങ്ങൾ ചികിത്സകളിലൊക്കെയും. " !
വല്യമ്മയെക്കൊണ്ട് സങ്കല്‌പത്തിലീ മുന്നാലൻശ്ലോകം തത്സമയം ചൊല്ലിച്ചതും... പൂവൻകോഴിയുണ്ട് കൂകിയാർക്കുന്നു ! .
നീട്ടി.. നീട്ടി വിളിക്കുന്നു.. കൊക്കൊക്കോ... കോ...
വീണ്ടും വിളിക്കുന്നു..
സഹികെട്ട് വീണ്ടുംവീണ്ടും വിളിക്കുന്നു..
ഈ പെടക്കോഴിപ്പെറന്നോള് എവിടേ?
എവിടെടി പിടേ നീ?
ഒറ്റനിമിഷം കൊണ്ട് എവിടേക്കാണവൾ മിന്നിച്ചത് ?
അതാ തെക്കുഭാഗത്തെ ഈന്തിൻചോട്ടിലെന്തൊക്കെയാ ചിക്കിച്ചികഞ്ഞ്,കൊത്തിപ്പെറുക്കുകയാണ് അവൾ !
കൈയിൽക്കിട്ടിയ പഞ്ചാരനിമിഷങ്ങളെ വലിച്ചെറിഞ്ഞുകൊണ്ട് ഓടിപ്പോയതാണോ ?
' വജ്രകുക്കുടന്യായ 'മെന്ന് കേട്ടിട്ടേയുള്ളൂ...
അതുപിന്നെ കാര്യമെന്തായാലും നന്നായി. ആ തലേപ്പൂവൻ, അങ്കവാലൻ ലോലൻകോഴി, കൊക്കിൽ നിറച്ച വെള്ളമങ്ങ് നുണച്ചിറക്കിക്കോട്ടേന്ന് കരുതിയതും....
പിടയതാ കുണുങ്ങിക്കുണുങ്ങി അവന്റെ അരികിലേക്കെത്തുന്നു !..
ഏകഭാവനയൊടേതിനത്തിലും
ലോകശില്‌പി നിജശില്പകൗശലം
ഹാ ! കനിഞ്ഞു വെളിവാക്കിടുന്നു കാൺ -
കാകമാനമഴകാർന്ന കോഴിയെ !
കിഞ്ചനോന്നമിതമാം കഴുത്തൊടും
ചഞ്ചലാക്ഷിപുടവീക്ഷണത്തൊടും
തഞ്ചമായ്ക്കൃശപദങ്ങൾ വച്ചിതാ
സഞ്ചരിപ്പിതൊരു കോഴി മെല്ലവേ ..
(ശരിക്കും വള്ളത്തോളിന്റെ 'കോഴി'യാണിവൾ ! . )
ഇവിടെ ആദ്യമായി പിടക്കോഴി വിസമ്മതിക്കാതെ കുണുങ്ങിക്കുണുങ്ങി രംഗപ്രവേശം ചെയ്യുന്നത് ഞാൻ കാണുകയാണ്. എന്തൊക്കെയോ കൊക്കിപ്പറയുന്നുമുണ്ട്.
പെട്ടെന്നാണ് കാഥികൻ വിഡി രാജപ്പൻ എന്റെ മനസ്സിലെത്തിയതും നാക്കിൽക്കേറി ഒരു ചെയറും വലിച്ചിട്ട് മൈക്കെടുത്തിരുന്നതും !
അതേയതേ... പിട പറയുന്നതിതുതന്നെയാവണം..
അതേ...
ഇതുതന്നെയാവണം!
"അയ്യാറെട്ടിൻ നെന്മണി കാണുമ്പം... പൊന്നുപൂവേട്ടാ ...
എങ്ങനെ ഞാനിട്ടേച്ചുപോരും ?.. പൊന്നുപൂവേട്ടോ...
എങ്ങനെ ഞാനിട്ടേച്ചുപോരും ?.."
അച്ഛനുണ്ടായിരുന്നെങ്കിൽ രണ്ടുവരി പൂന്താനത്തെയും എടുത്തിട്ടേനേ..
"കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം."
ഇങ്ങനെയൊക്കെ എഴുതിയെങ്കിലും കടമ്മന്റെ കോഴിയമ്മ എന്റെ മാനസകഥാപാത്രമാണ്.
മാത്രമോ?
"കുക്കുടഗുണചതുഷ്ടയം " നാം മനുഷ്യരൂപികൾ ഓരോരുത്തരും ശീലിക്കേണ്ടതുമാണ്.
അതായത്, കോഴിക്കുള്ളതായി കരുതപ്പെടുന്ന നാലുഗുണങ്ങളുണ്ട്.
കാലത്തേ ഉണരുക, കൂട്ടരൊന്നിച്ചു ഭക്ഷിക്കുക, വാശിയോടുകൂടി പൊരുതുക, ആപത്തിൽപ്പെട്ടതും ശരണംപ്രാപിച്ചതുമായ ജീവനെ രക്ഷിക്കുക ... എന്നത്.
പക്ഷേ ഇപ്പോൾ ശരിക്കും എനിക്കൊരു ശങ്ക തോന്നുന്നു.
നിങ്ങളീ പോസ്റ്റ് വായിച്ചതും കടമ്മന്റെ കോഴിയമ്മയെക്കൊണ്ടുതന്നെ എന്നെ കൊത്തിപ്പാറിപ്പിക്കുമോ ?
അതിന് വരുന്നുണ്ടോ ?
എങ്ങനെയെങ്ങനേ?😀
എന്നാൽ കേട്ടോളൂ...
"കുഞ്ഞേ തുള്ളാൻ സമയമില്ലിപ്പോൾ
കാഞ്ഞവെയിലത്തു കാലുപൊള്ളുമ്പോൾ !"😃👍
* * * * * * *
ഒരു പലം = 60 ഗ്രാം (21 കഴഞ്ച് തൂക്കം)
ദ്വിപലം = 2 പലം (120 ഗ്രാം)
എൺപലം = 8 പലം (480 ഗ്രാം)
ഒരു നാഴി = 300 ml
നാഴിയുടെ പകുതി = ഉരി (150 ml)
ഉരിയുടെ പകുതി - ഉഴക്ക് / ഒഴക്ക് (75 ml)
കുക്കുടം = കരിങ്കോഴി (പൂവൻ, പിട വ്യത്യാസമില്ലാതെ ഇതുപ്രയോഗിക്കാം)
ദുഷ്ട്= അഴുക്ക്
ലവണം = ഉപ്പ്
ഗുളം= ശർക്കര
കയം = വെള്ളക്കുഴി (വെള്ളം പോലെയുള്ള Consistency എന്ന് ഇവിടെയർത്ഥം.)
ചവ്യം = ചെവിയൻ ചെടി /മുയൽച്ചെവിയൻ ചെടി.
(ചവ്യത്തിന് കാട്ടുമുളക് എന്ന അർത്ഥവുമുണ്ട്. ഇവിടെ ചെവിയൻ ചെടി. )
കടുത്രയം = ത്രികടു അഥവാ തിപ്പലി, ചുക്ക്, കുരുമുളക്, ഇവ മൂന്നും .
തിപ്പലീമൂലം = തിപ്പലിവേര്
തോട്ടിവേര് =കുറുന്തോട്ടിവേര്
ലശുനം= വെളുത്തുള്ളി
ജീരകം = ചെറിയ ജീരകം ( നല്ല ജീരകം)
ഗുന്മശൂല = ഒരു ഉദരരോഗം
വൃദ്ധി = അണ്ഡവൃദ്ധി (ആന്ത്രവീക്കം അഥവാ കുടലിറക്കം / ഹെർണിയ)
ഗുൻമൻ = മറ്റൊരു ഉദരരോഗം
പ്ലീഹശൂല = മൂത്രക്കല്ല്
ലേഹം തയ്യാറാക്കുന്നവിധം
മുട്ടക്കാലമെത്തിയ കരിങ്കോഴിയെ തൊലി കളഞ്ഞ് വൃത്തിയാക്കി , ആവശ്യാനുസരണം വെള്ളത്തിൽ രണ്ടു പലം (120 ഗ്രാം) ഉപ്പും ചേർത്ത് വേവിക്കുക.ശേഷം ചെറുചൂടിൽ അതിന്റെ എല്ലുകളൊക്കെ നീക്കി, ഇറച്ചി മാത്രമെടുത്ത് അരയ്ക്കുക. ഈ അരപ്പും കോഴി വെന്ത വെള്ളവും
8 പലം (480 ഗ്രാം) ശർക്കര പൊടിച്ച് തേങ്ങാപ്പാലിൽ കലക്കിച്ചേർത്ത മിശ്രിതത്തിൽ യോജിപ്പിച്ച് വെള്ളം പോലെ Consistencyയിലാക്കുക.
ആ കൂട്ടിലേക്ക് കടുത്രയം, ( തിപ്പലി, ചുക്ക്, കുരുമുളക് ) തിപ്പലിവേര്, കുറുന്തോട്ടിവേര്, വെളുത്തുള്ളി, നല്ല ജീരകം എന്നിവ ഓരോന്നും ഓരോ പലം വീതം (60 ഗ്രാം വീതം) എടുത്തുപൊടിച്ചതും ( അരച്ചതും ) നെയ്യ്, എണ്ണ ഇവ ഓരോന്നും ഓരോ ഉഴക്കുവീതവും (75 ml ) ഒപ്പം ചേർത്ത് , ഒരുനാഴി (300 ml) തേൻകൂടി കലർത്തി പാചകം ചെയ്ത്, ലേഹപാകത്തിൽ ( ലേഹത്തിന്റെ Consistency യിൽ ) ഇറക്കിവച്ച് , ചൂടാറിയാൽ സേവിക്കുക.
ഇപ്രകാരം സേവിച്ചാൽ,
എല്ലാതരം ഉദരരോഗങ്ങൾക്കും വയറുവേദനയ്ക്കും ശമനമുണ്ടാകും.
ഹെർണിയ , മൂത്രക്കല്ല്, ഗുൻമൻ ... ആദിയായ രോഗങ്ങൾക്കൊക്കെ ഈ ചികിത്സ അനുയോജ്യമാണ്.