ഫോർപ്ലേയുടെ അത്യാവശ്യം..
സെക്സിലെ വ്യത്യസ്ത പൊസിഷൻസ്..
രതി .. രതിമൂർച്ഛ...
അടുക്കളജോലികളിൽ ഭർത്താവിന്റെയും മക്കളുടെയും പങ്കാളിത്തവും വീടുകളിൽ സ്ത്രീകൾക്കായി ബഹുമാനവും സ്നേഹമുള്ള അന്തരീക്ഷവും എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്നുമുള്ള ചർച്ചകൾക്ക് ശേഷം സോഷ്യൽ മീഡിയ തിരക്കിലാണ് മേല്പറഞ്ഞ കാര്യങ്ങളിൽ അറിവ് പകരുന്നതിൽ.
പകലുകളിൽ ഒന്ന് മിണ്ടാൻ പോലും താല്പര്യം കാണിക്കാതെ ഇരുട്ട് വീഴുമ്പോൾ ശാരീരികമായ കരുത്ത് കാണിച്ച് രതിയിൽ സംതൃപ്തി നൽകിയാൽ എല്ലാമായി എന്ന് കരുതരുത്.. രതിയിലെ സംതൃപ്തി മാത്രമല്ല അവളുടെ മനസിലേക്ക് കയറിച്ചെല്ലാനുള്ള ഘടകങ്ങൾ.
സൂര്യപ്രകാശത്തിന് നേരെ ചായുന്ന മരചില്ല പോലെയാണ് അവളുടെ മനസ്സ് ..
സ്നേഹവും സന്തോഷവും സുരക്ഷിതത്വവും നല്കുന്ന പരസ്പര ബഹുമാനത്തോടെ സ്വാതന്ത്രത്തോടെ ഇഷ്ടങ്ങൾ സംസാരിക്കാൻ സാധിക്കുന്ന പുരുഷനോടൊപ്പമുള്ള പ്രണയനിമിഷങ്ങൾക്കൊടുവിൽ അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോഴുള്ള സ്നേഹത്തിലും സംതൃപ്തിയിലുമാണ് ഒരു സ്ത്രീ ഏറ്റവുമധികം സന്തോഷവും സുരക്ഷിതത്വവും അവളുടെ പുരുഷനിലൂടെ അനുഭവിക്കുന്നത്...അല്ലാതെ രതിയുടെ ഉച്ചസ്ഥായിൽ അല്ല.
ശരിയാണ് വിവാഹജീവിതത്തിൽ സെക്സെന്നത് അവിഭാജ്യഘടകം തന്നെയാണ് അതോടൊപ്പം തന്നെ സെക്സിൽ പങ്കാളിയുടെ ഇഷ്ടങ്ങൾ ..താല്പര്യങ്ങൾ എന്നിവയ്‌ക്കൊപ്പം വളരെ പ്രാധാന്യമുള്ളതാണ് വൃത്തിയും വെടിപ്പുമുള്ള ശരീരവും.
ആണായാലും പെണ്ണായാലും ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്ന , വിയർപ്പ് മണമില്ലാത്ത പങ്കാളിയോടുത്തുള്ള ലൈംഗികബന്ധം ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും അത് അനുഭവിക്കാത്തവരും ഉണ്ടെന്നതാണ് ഖേദകരം..
വിവാഹത്തിന്റെ ആദ്യനാളുകളിൽ സിനിമയിലെ നായികയെയും നായകനെയും കണ്ട ഓർമകളിൽ സ്ത്രീകൾ കാച്ചെണ്ണയുടെ മണം മുല്ലപ്പൂവ് ബോഡിലോഷൻ കോമ്പിനേഷനും പുരുഷന്മാർ ശരീരമാസകലം അടിച്ചു പൂശിയ പെർഫ്യൂമിന്റെ ഗന്ധവും ഉണ്ടാകാൻ പ്രത്യകം ശ്രദ്ധിക്കും...
പോകപോകെ ഓ അങ്ങേർക്ക് എന്നെ അറിയാവുന്നതല്ലേ/ അങ്ങേർക്കിത് പുതിയതൊന്നും അല്ലല്ലോ / ഞാനെങ്ങനെ ഇരുന്നാലും അവൾക്കതൊന്നും പ്രശ്‌നമല്ല / അല്ലെങ്കിൽ തന്നെ ഈ പത്തിരുപത് മിനുട്ട് നേരത്തെ കാര്യത്തിന് ഇനിയിപ്പോ കുളിക്കാനും വായ് കഴുകാനും വയ്യ എന്നിങ്ങനെയുള്ള ചിന്താഗതി ഉടലെടുക്കും.
അതോടെ കിടക്കും മുൻപേ ഒന്ന് കുളിച്ചുവൃത്തിയായി ചെല്ലുക എന്ന കാര്യം മിക്കവരും മനപ്പൂർവ്വമോ അല്ലാതെയോ വിട്ടുകളയും.
അടുക്കളയിലെ യുദ്ധത്തിനും കുട്ടികളുമായുള്ള മല്പിടുത്തത്തിനും ശേഷം അഴുക്കും വിയർപ്പും മണക്കുന്ന ശരീരത്തോടെ കുട്ടികൾക്കു കൊടുത്ത ഭക്ഷണാവശിഷ്ടങ്ങൾ ഉടുപ്പിൽ പറ്റിയത് കൈകൊണ്ടൊന്ന് തൂത്തുകളഞ്ഞ് നേരിട്ട് കിടപ്പുമുറിയിലെത്തുന്നവളുമായി സ്ത്രീകളും ...
രാവിലെ മുതൽ പലയിടത്തുമായി കറങ്ങി ജോലി കഴിഞ്ഞു കൂട്ടുകാരോടൊത്ത് ഒന്ന് ക്രിക്കറ്റോ ഫുട്ബോളോ കളിച്ച് സിഗരറ്റിന്റെ മണവും വിയർത്തൊലിക്കുന്ന ശരീരവുമായി വീട്ടിലേക്ക് കയറിവന്ന് ഉറങ്ങാൻ നേരം നേരെ ചെന്ന് കിടക്കയിലേക്ക് വീഴുന്നവനുമായി പുരുഷനും മാറുമെന്നതാണ് പലയിടത്തുമുള്ള വാസ്തവം.
ഇങ്ങനെയുള്ളവർക്ക് എന്ത് ഫോർപ്ലേ ! എന്ത് ഓർഗാസം!
മഴയായാലും തണുപ്പായാലും ചൂടായാലും ദിവസം കുളിക്കുന്ന ശീലമുള്ള നമുക്ക് എന്തെല്ലാം തിരക്കും മടിയും ഉണ്ടെങ്കിലും സമയം കണ്ടെത്തി കിടക്കുംമുൻപേ ഒന്ന് മേല് കഴുകി വൃത്തിയുള്ള ശരീരത്തോടെ പറ്റുമെങ്കിൽ പല്ലൊന്നു തേച്ച് വായെല്ലാം കഴുകി ഉന്മേഷത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ തുടക്കം എന്ത് മനോഹരമാണ്.
പങ്കാളിയുടെ ഇഷ്ടം / താല്പര്യം മനസിലാക്കാതെ അതെല്ലാം മനസ്സ് തുറന്ന് സംസാരിക്കാനുള്ള സാഹചര്യമുണ്ടാക്കാതെ പോൺസൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും അറിഞ്ഞുവച്ച അറിവുകൾ മുഴുവൻ ഒറ്റയടിക്ക് പരീക്ഷിക്കാൻ ചെന്നാൽ ജീവിതാവസാനം വരെ അതൊരു കല്ലുകടിയായി നിലനിൽക്കുമെന്നും മറക്കണ്ട..
ഇരുട്ടിൽ പോലും സ്വന്തം ശരീരം ഭർത്താവിന് മുൻപിൽ മുഴുവനായി തുറന്ന് വെക്കാൻ മടിയുള്ള സ്ത്രീകളുമുണ്ട് അവരെ നിർബന്ധിച്ച് ക്ലിറ്റോറിസ്/ഓർഗാസം /പൊസിഷൻസ് ക്ലാസ്സ് എടുക്കാൻ ചെന്നാൽ ആ വഴി ചുളുവിൽ ഒരു വിവാഹമോചനസാധ്യതയും തള്ളിക്കളയണ്ട..
പകൽ മുഴുവൻ കെട്ടിവച്ച് വിഴുപ്പ് മണക്കുന്ന മുടിക്ക് പകരം കഴുകിയുണക്കിയ മുടിയും വായ്‌നാറ്റമില്ലാത്ത ഉമ്മകളും കാടും പടലും നിറഞ്ഞ രോമങ്ങൾ കളഞ്ഞ് വൃത്തിയാക്കി ഹൈജീൻ ആയി ഇരിക്കുന്ന സ്വകാര്യഭാഗങ്ങളും എല്ലാം വേണ്ടത് തന്നെ എന്ന് മറക്കണ്ട.
സ്നേഹത്തോടെയുള്ള സംസാരത്തിൽ തുടങ്ങി കരുതലോടുകൂടിയുള്ള സുഖാന്വേഷണങ്ങൾക്കും തലോടലുകൾക്കും ശേഷം പ്രണയത്തോടെയുള്ള രതിയുടെ ആരംഭം ഏതൊരു പങ്കാളിയും ഇഷ്ടപെടാതിരിക്കില്ല.