ചില അവസരങ്ങളിൽ ദേവകൾക്കുപോലും വേഷം മാറേണ്ടിവരുന്ന കഥകൾ നമ്മുടെ ഇതിഹാസങ്ങളിൽ ഉണ്ട് . അസുരന്മാർക്ക് അമൃത് ലഭിക്കാതിരികാകൻ ഭഗവാൻ വിഷ്ണു മോഹിനീരൂപം കൈകൊണ്ടത് നമ്മുടെ ഇതിഹാസങ്ങളിലെ ഒരു സുന്ദരമായ കഥയാണ് . സമാനമായ ഒരു കഥ വൈക്കിംഗ് ഇതിഹാസങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട് . വൈക്കിംഗ് ദേവാധിദേവനായ തോർ( Thor ) തന്നെയാണ് ഒരു വിഷമ സന്ധിയിൽ വേഷം മാറിയത് .
ഒരു കാലഘട്ടത്തിൽ ഉത്തര യൂറോപ്പിന്റെ സംരക്ഷക ദേവനായിരുന്നു തോർ . ഇടിമിന്നലുകളുട ദേവൻ . ദുഷ്ടശക്തികളിൽനിന്നും ഭൂമി യെയും മനുഷ്യരെയും സംരക്ഷിക്കുന്ന ദേവാധിദേവൻ . അതാണ് പുരാതന സ്കാന്ഡിനേവിയൻ വിശ്വാസ പ്രകാരം തോർ .പക്ഷെ തോർ കബളിക്കപ്പെട്ട കഥകളും സ്കാന്ഡിനേവിയൻ ഇതിഹാസങ്ങളിൽ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട
.
തോറിന്റെ ശക്തി അദ്ദേഹത്തിന്റെ അരപ്പട്ടയും ആയുധമായ ഹാമെർ( ചുറ്റിക ) ഉമാണ്. അരപ്പട്ട തോറിന്റെ ശക്തി പലമടങ്ങ് വർധിപ്പിക്കുന്നു . ഇടിമിന്നലുകൾ പ്രവഹിപ്പിക്കുന്ന ഹാമെർ ആണ് തോറിന്റെ ആയുധം . കറുത്ത മുട്ടനാടുകൾ വലിക്കുന്ന സുവർണ്ണ രഥത്തിലാണ് തോർ സഞ്ചരിക്കുന്നത് .ദുഷ്ടശക്തികൾ ഏറ്റവും ഭയപ്പെടുന്ന ആയുധമാണ് തോറിന്റെ ചുറ്റിക . ദുഷ്ടന്മാരായ അസുരശക്തികൾ തോറിന്റെ ചുറ്റിക അടിച്ചുമാറ്റാൻ തക്കം പാർത്തു നടക്കുകയായിരുന്നു . . ഒരു രാത്രിയിൽ അവർ അതിൽ വിജയിച്ചു .അതികായന്മാരായ ഭൂതങ്ങൾ തോറിന്റെ കൊട്ടാരത്തിൽ കടന്നു കയറി ചുറ്റിക മോഷ്ടിച്ച് കടന്നുകളഞ്ഞു .
.
തോർ ഉണർന്നെണീറ്റപ്പോൾ തന്റെ ആയുധം നഷ്ടപ്പെട്ടത് അറിഞ്ഞു . ദേഖിതനായ അദ്ദേഹം . മറ്റൊരു ദേവനായ ലോക്കി( Loki) യെ ചുറ്റിക തേടി അയച്ചു . അതി ബുദ്ധിമാനും സൂത്രശാലിയുമാണ് ലോക്കി . ലോക്കി അതികായന്മാരായ ഭൂതങ്ങളുടെ ദേശത്തെത്തി അവരുടെ രാജാവുമായി സന്ധി സംഭാഷണം നടത്തി . തോറിന്റെ സഹോദരി ''ഫ്രേയ''( Freyja) യെ അതികായന്മാരുടെ രാജാവിന് വിവാഹം ചെയ്തു നൽകിയാൽ ചുറ്റിക തോറിനു തിരികെ നൽകാം എന്ന് അതികായന്മാർ പറഞ്ഞു .
ലോക്കി ഈ വിവരം ദേവസഭയെ അറിയിച്ചു . ഭൂതങ്ങളുടെ തലവനെ വിവാഹം ചെയ്യാൻ ഫ്രേയ തയ്യാറായില്ല . ഒടുവിൽ ദേവന്മാർ ഒരു തീരുമാനത്തിൽ എത്തി . തോറിനെ ഫ്രേയയുടെ വേഷം കെട്ടി അതികായന്മാരായ ഭൂതങ്ങളുടെ കൊട്ടാരത്തിൽ എത്തിച്ചു ചുറ്റിക വീണ്ടെടുക്കാനുള്ള ഒരു പദ്ധതിക്ക് അവർ രൂപം കൊടുത്തു . സൂത്രശാലിയായ ലോക്കി എല്ലാത്തിനും മേൽനോട്ടം വഹിച്ചു . എത്ര ശ്രമിച്ചിട്ടും തോറിന്റെ തീക്കനൽ നിറമുള്ള കണ്ണുകളുടെ നിറം മാത്രം മാറ്റാനായില്ല . കനത്ത മൂടുപടം കൊണ്ട് മുഖം മറച്ചു വേഷം മാറിയ തോറും ,ലോക്കിയും അതികായന്മാരുടെ നാട്ടിലേക്ക് യാത്രതിരിച്ചു . ഏഴു രാത്രിയും പകലും യാത്രചെയ്ത അവർ അവിടെയെത്തി .
.
അതികായ ഭൂതങ്ങളുടെ രാജാവിന് വലിയ സന്തോഷമായി . ഒരു വലിയ വിരുന്ന് നടത്തി രാജാവ് വേഷം മാറിയ തോറിനെയും ലോക്കിയെയും സ്വീകരിച്ചു . വേഷം മാറിയെങ്കിലും വിരുന്നിൽ തോർ ധാരാളം വീഞ് അകത്താക്കി. സംശയം പ്രകടിപ്പിച്ച രാജാവിനോട് ''ഫ്രേയ '' വളരെ ദൂരം യാത്രചെയ്തു ക്ഷീണിച്ചതിനാലാണ് ഒരുപാട് വീഞ് അകത്താക്കി യതെന്ന് തട്ടിവിട്ടു . .തോറിന്റെ മൂടുപടത്തിനിടയിലൂടെ ചുവന്ന കണ്ണുകൾ കണ്ടപ്പോഴും രാജാവിന് സംശയമായി . ഉറക്കമെഴിച്ചു യാത്രചെയ്തതിനാലാണ് ''ഫ്രേയ '' യുടെ കണ്ണുകൾ ചുവന്നിരിക്കുന്നതെന്ന് ലോക്കി തട്ടിവിട്ടു . മദ്യപിച്ചു ലക്കുകെട്ടിരിക്കുന്ന ഭൂതങ്ങളുടെ രാജാവ് എല്ലാം വിശ്വസിച്ചു . അവസാനം ധാരണ അനുസരിച്ചു ചുറ്റിക ''ഫ്രേയ '' യുടെ കൈയിലും കൊടുത്തു .
.
ചുറ്റിക കൈയിൽ കിട്ടിയതോടെ ''ഫ്രേയ '' തോർ ആയി മാറി . എല്ലാ അതികായ ഭൂതത്താന്മാരും നിലം പൊത്താൻ പിന്നീട് അധികം സമയം വേണ്ടിവന്നില്ല . വിജയിയായ തോറും ബുദ്ധിമാനായ ലോക്കിയും വർധിത വീര്യത്തോടെ ദേവലോകത്തേക്ക് തിരിച്ചു പോയി .
====
ചിത്രം : തോർ ഒരു പെയ്ന്റിംഗ് : ചിത്രം കടപ്പാട് :വിക്കിമീഡിയ കോമൺസ്