A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രേതവേട്ടക്കാരൻ



ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടുന്ന മനുഷ്യൻ
ലയം എന്ന ഇരുമ്പക്ഷരങ്ങള്‍ പതിച്ച ഗേറ്റ്് ഒരു കാട്ടിലേക്കാണ് തുറക്കുന്നത്. നിഗൂഢതകളിലേക്ക് ക്ഷണിക്കുന്ന ഒറ്റയടിപ്പാത. മനുഷ്യവാസത്തെ പരിഹസിച്ച് മദിച്ചുവളരുന്ന സസ്യജാലം. ഇനിയുമുള്ളിലേക്ക് ചെന്നാല്‍ കാണാം കാട് ഔദാര്യംപോലെ അവശേഷിപ്പിച്ച വീട്. ഭ്രാന്തമായ നിലവിളികളും അട്ടഹാസവും ഇതിനുള്ളില്‍ കേട്ടവരുണ്ട്.

"ഇന്നലെ ഒരു 'ബാധയൊഴിപ്പിക്കല്‍' ഉണ്ടായിരുന്നു.''
വഴിതെളിച്ച് മുന്നില്‍ നടക്കവേ ഡോ. ജോര്‍ജ് മാത്യു പറഞ്ഞു.
മൂന്നര ദശകംകൊണ്ട് നട്ടുനനച്ചു വളര്‍ത്തിയെടുത്ത ഒന്നേകാലേക്കര്‍ കാട്ടിലൂടെ അദ്ദേഹം നടന്നു. വീട്ടിലേക്ക് കയറാന്‍ ചെരുപ്പഴിക്കാന്‍ തുനിഞ്ഞപ്പോള്‍ വിലക്കി. വീടിനുള്ളില്‍ പഴയകാലത്തിന്റെ കാട് പൊടിപിടിച്ചുവളരുന്നുണ്ട്. ഏതൊരവിവാഹിതന്റെ മടയെയും വെല്ലുവിളിക്കാന്‍ തക്കവിധം അലക്ഷ്യമായ മുറികള്‍. മാറാലകളെ പരിക്കേല്‍പ്പിക്കാതെ ഒരാള്‍ക്ക് കഷ്ടിച്ച് നടന്നുനീങ്ങാന്‍ വീടിനുള്ളില്‍ വഴിയുണ്ടാക്കിയിരിക്കുന്നു. പത്തിവിടര്‍ത്തിയ പാമ്പിന്റെയും കഴുകന്റെയും ദാരുശില്‍പ്പങ്ങള്‍. സ്ഥാനംതെറ്റി തൂങ്ങിയാടുന്ന വിചിത്രരൂപിയായ പാവകള്‍.

'കതകടച്ചേക്കൂ, ഇവിടെ ഇഴജന്തുക്കളുണ്ട്്'- അദ്ദേഹം സൌമ്യമായി പറഞ്ഞു.
പൊടിപിടിച്ച ഗോവണികള്‍ കടന്ന്് മൂന്നാംനിലയിലെ സിറ്റൌട്ടിലിരിക്കുമ്പോള്‍ പുറത്ത് മരച്ചില്ലകള്‍ ചാമരംവീശിനിന്നു. കിളികള്‍ സാധകംചെയ്യുന്നു, ചിത്രശലഭങ്ങള്‍ ശങ്കയില്ലാതെ പറക്കുന്നു. തണുത്തകാറ്റ്. കൂടുപൊട്ടിച്ച് ലഘുപാനീയം അദ്ദേഹം കുടിക്കാന്‍ നീട്ടി.
**********
ഡോ. ജോര്‍ജ് മാത്യു ഒരു സമസ്യയാണ്.
കാര്യവട്ടത്തെ സര്‍വകലാശാലാ ക്യാമ്പസിനു പുറകില്‍ സ്വന്തം കാടുണ്ടാക്കി അതിനുള്ളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അവിവാഹിതനായ എഴുപത്തഞ്ചുകാരന്‍. കുറെക്കൂടി അടുപ്പമുള്ളവര്‍ക്കറിയാം അദ്ദേഹം സര്‍വകലാശാലയിലെ മനഃശാസ്ത്രവിഭാഗം മേധാവിയായിരുന്നുവെന്ന്്. നിതാന്തയാത്രികനും സംഗീതജ്ഞനുമാണെന്ന് കൂട്ടുകാര്‍ക്കറിയാം. ഇന്ദ്രിയാതീതമായ അനുഭവങ്ങളെക്കുറിച്ച് പഠിക്കുന്ന മനഃശാസ്ത്രശാഖയായ പാരാസൈക്കോളജിയില്‍ രാജ്യത്ത് ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തുന്ന ഗവേഷകനാണെന്ന് ഗൂഗിള്‍ പറയുന്നു. പറക്കുംതളികകളെയും അന്യഗ്രഹജീവികളെയും കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവിടെയെത്തുന്നവരുണ്ട്്. അതീന്ദ്രിയാനുഭവത്തിന്റെ ആശങ്കകളുമായി എത്തുന്ന നാട്ടിന്‍പുറത്തുകാര്‍ ഡോ. ജോര്‍ജ് മാത്യുവില്‍ ഒരു പ്രേതവേട്ടക്കാരനെ കാണുന്നു.

ശരീരത്തില്‍ ബാധകൂടിയെന്നു കരുതുന്നവര്‍, വീടുകളില്‍ പ്രേതശല്യമുണ്ടെന്ന് ഭയക്കുന്നവര്‍, വിചിത്രമായ സൈക്കിക് അനുഭവമുള്ളവര്‍ അദ്ദേഹത്തെ തേടിയെത്തുന്നു. അത്തരം മനസ്സുകളെ തൃപ്തിപ്പെടുത്താനാകണം വീട്ടിലും പരിസരത്തും അദ്ദേഹം ഹൊറര്‍ അന്തരീക്ഷമൊരുക്കിയിരിക്കുന്നത്.
മന്ത്രവാദികളും ജ്യോതിഷികളുംമുതല്‍ ലോകത്തെ ഒന്നാംകിട മനഃശാസ്ത്രവിദഗ്ധരും ചലച്ചിത്ര-കലാലോകത്തെ ഉന്നതരുംവരെ ഉള്‍പ്പെടുന്ന വിപുലമായ സൌഹൃദവലയം. തെളിഞ്ഞ മനസ്സോടെ അഗാധമായ എളിമയോടെ അദ്ദേഹം സംസാരിച്ചുതുടങ്ങി, പ്രേതങ്ങളെക്കുറിച്ച്, സംഗീതത്തെക്കുറിച്ച്്, ഏകാന്തതയെക്കുറിച്ച്, സ്വന്തം ജീവിതത്തെക്കുറിച്ച്്.
മുത്തച്ഛനില്‍നിന്ന് കിട്ടിയത്

നാട്ടിലെ സ്കൂളില്‍ ഹെഡ്മാഷായിരുന്ന മുത്തച്ഛനാണ് ജോര്‍ജ് മാത്യു എന്ന ബാലനില്‍ ശാസ്ത്രബോധത്തിന്റെ വിത്തുമുളപ്പിച്ചത്. ഫിസിക്സില്‍ ബിരുദമെടുത്തശേഷമാണ് മനഃശാസ്ത്രത്തിന്റെ വഴിയിലേക്ക് എത്തിയത്. കേരളത്തില്‍ പാരാസൈക്കോളജിയില്‍ ഡോ. ജോര്‍ജ് മാത്യുവിനോളം അന്വേഷണവും ഗവേഷണവും നടത്തിയവര്‍ വിരളം. അതീന്ദ്രിയാനുഭവമുള്ളവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, പറഞ്ഞുകേട്ട കഥകളിലെ പ്രേതങ്ങളെ തേടി എത്രയോ യാത്രകള്‍. ഒറ്റപ്പെട്ട ഭാര്‍ഗവീനിലയങ്ങളില്‍ രാത്രികളില്‍ പ്രേതങ്ങള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ്. വിചിത്രമാണ് വഴികള്‍.

പ്രേതങ്ങളെത്തേടി
വ്യക്തിപരമായി ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍വേണ്ടി സൈക്യാട്രിസ്റ്റുകള്‍ ഇവിടേക്ക് പറഞ്ഞയക്കാറുണ്ട്്. ആഴ്ചയില്‍ ഒരാളെങ്കിലും പതിവായി ഇപ്പോഴുമെത്തുന്നു.
ഒരു വീട്ടമ്മയുടെ ശരീരത്തില്‍ കൂടിയ അവരുടെ ഭര്‍ത്താവിന്റെ ചേച്ചിയുടെ 'ബാധയൊഴിപ്പിക്കലാ'ണ് അവസാനം കഴിഞ്ഞത്. വീട്ടമ്മ ഭര്‍ത്താവിനെയും വീട്ടുകാരെയും ഭീകരമായി തെറിവിളിക്കുന്നു. മര്‍ദിക്കുന്നു. ഉച്ഛാടനം നടത്തുന്നതിനിടെ മന്ത്രവാദിക്കും കിട്ടി ചവിട്ട്്. അങ്ങനെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. വീട്ടമ്മയോട് സംസാരിച്ചപ്പോള്‍ ഒരുകാര്യം മനസ്സിലായി. അവര്‍ക്ക് ഭര്‍ത്താവിനോട് വല്ലാത്ത പുച്ഛമാണെന്ന്്. അയാള്‍ ജോലിയൊന്നും ചെയ്യില്ല, മടിയനാണ്്. ലൈംഗികജീവിതവും തൃപ്തികരമല്ല. അവര്‍ ചിട്ടി നടത്തിയാണ് കുടുംബം പുലര്‍ത്തുന്നത്. ഭര്‍ത്താവിനോടും കുടുംബത്തോടുമുള്ള അവരുടെ മനസ്സിന്റെ അടിത്തട്ടിലെ ദേഷ്യമാണ് ബാധകയറലായി പ്രകടിപ്പിക്കപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ, അതിനുള്ള ഏറ്റവും നല്ലമാര്‍ഗം അവര്‍ വിശ്വസിക്കുന്ന മന്ത്രവാദം പ്രയോഗിക്കുക എന്നതാണ്.
ബാധ എന്ന തോന്നല്‍ മിക്കപ്പോഴും മാനസികപ്രശ്നങ്ങള്‍തന്നെയാണ്. വല്ലാതെ ഭയപ്പെട്ടുപോയവര്‍ക്ക് അവരുടെ മതവിശ്വാസം അനുസരിച്ചുള്ള പരിഹാരം നിര്‍ദേശിക്കാറുണ്ട്. മന്ത്രവാദികള്‍ ഒരുക്കുന്ന അന്തരീക്ഷം വിശ്വാസികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ ഉപകാരപ്പെടും. പ്രാര്‍ഥിച്ചാല്‍ ഫലം കിട്ടുമെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളെ വൈദികരുടെ മുന്നിലെത്തിക്കും.

വ്യക്തിബന്ധങ്ങളുടെ തകര്‍ച്ച
ഒരിടത്തെ പ്രേതബാധ എന്നുപറയുന്നത് മിക്കപ്പോഴും ടൈം സ്ളിപ് ആണ്. അറിഞ്ഞോ അറിയാതെയോ ആ സ്ഥലത്തിന്റെ ചരിത്രം ഏതൊക്കെയോ തലത്തില്‍ ഒരാളുടെ മനസ്സില്‍ സ്വാധീനിക്കപ്പെടുകയാണ് ചെയ്യുന്നത്. ചില വീടുകളിലെ അന്തരീക്ഷത്തില്‍ പൊതുവായ മാറ്റം ഉണ്ടാക്കിയാല്‍ ചിലപ്പോള്‍ പരിഹാരം ലഭിക്കും. ഫര്‍ണിച്ചറുകള്‍ റീ അറേഞ്ച് ചെയ്യുക, ഭിത്തികള്‍ പെയിന്റ് ചെയ്യുക, മൊത്തം ലേ ഔട്ട് മാറ്റുമ്പോള്‍ത്തന്നെ പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളുണ്ട്്. ഭയവും പേടിയും ഒഴിവാക്കിക്കൊടുക്കുകയാണ് പ്രധാനം. പ്രത്യേകിച്ച് മതവിശ്വാസം ഇല്ലാത്തവര്‍ക്ക് പാരാസൈക്കോളജി തിയറികള്‍ പറഞ്ഞുകൊടുക്കുകയേയുള്ളൂ. പാരാസൈക്കോളജി ഏറെ പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളില്‍ പ്രേതഭവനങ്ങളില്‍ താമസിക്കാന്‍ ആവശ്യക്കാരേറെയാണ്. അത്തരം വീടുകള്‍ക്ക് കൂടുതല്‍ വാടക കിട്ടും. അല്ലെങ്കില്‍ കൂടുതല്‍ വില കിട്ടും. പ്രേതഭവനങ്ങളിലേക്ക് ടൂര്‍ സംഘടിപ്പിക്കുന്ന ഏജന്‍സികള്‍ അമേരിക്കയില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട്. ഇത്തരം ലോകസാഹചര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുമ്പോള്‍ത്തന്നെ മിക്കവരുടെയും ഭയാശങ്കകള്‍ മാറും.

ഒരു വീട്ടില്‍ എന്തെങ്കിലും ദോഷം ഉള്ളതായി അന്തേവാസികള്‍ക്ക് അനുഭവപ്പെടുന്നെങ്കില്‍ പലപ്പോഴും അവിടെ കൊലപാതകങ്ങളും ആത്മഹത്യയും ഒന്നും നടക്കണമെന്നില്ല എന്നാണ് എന്റെ അനുഭവം. കുടുംബത്തിലെ വ്യക്തിബന്ധങ്ങളുടെ തകര്‍ച്ചയാണ് മിക്കപ്പോഴും ഇതിനെല്ലാം കാരണമാകുന്നത്. നിരന്തരം കലഹങ്ങളും വസ്തുതര്‍ക്കങ്ങളും ശാപങ്ങളും പാപബോധങ്ങളുമെല്ലാം അവിടെ താമസിക്കുന്നവരുടെ മനസ്സിലുണ്ടാക്കുന്ന സ്വാധീനമാണ് വീടിന്റെ ദോഷമായി പ്രതിബിംബിക്കുന്നത്. ഡോ. ജോര്‍ജ്് മാത്യുവിന്റെ മേല്‍നോട്ടത്തിലാണ് സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും കേരളത്തിനു പുറത്തുള്ള ചാനലിനുവേണ്ടി 'ഹോണ്ടഡ് ഹൌസസ് ഇന്‍ കേരള' എന്ന ഡോക്യുഫിക്ഷന്‍ ഒരുക്കിയത്.

ഹോളിഗ്രേറ്റീവ് സൈക്കോളജി
അമ്പതുവര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ തന്റെ കണ്ടെത്തലുകളെയും അനുഭവങ്ങളെയും ക്രോഡീകരിച്ച് പുതിയൊരു മനോവിജ്ഞാനീയ സിദ്ധാന്തം രൂപപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഹോളിഗ്രേറ്റീവ് സൈക്കോളജി. മനുഷ്യന്റെ എല്ലാ ഗുണങ്ങളും പരസ്പര ബന്ധിതമാണെന്നും അവയെ സമഗ്രമായി സമീപിക്കണമെന്നതുമാണ് സിദ്ധാന്തത്തിന്റെ കാതല്‍. ഈ പുതിയ സമീപനത്തിലൂടെ നിലവിലുള്ള മനോവിജ്ഞാനീയത്തെ പൊളിച്ചെഴുതുന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് 15 വര്‍ഷത്തിലേറെയായി. ഇംഗ്ളീഷിലും മലയാളത്തിലുമായി ഒരുവര്‍ഷത്തിനകം പുസ്തകം ഇറക്കാനാകുമെന്നാണ് പ്രതീക്ഷ.

ലയം എന്ന ആലയം
സൂര്യപ്രകാശം വീഴാന്‍ പഴുതില്ലാത്ത കൃഷിയടമായിരുന്നു അയ്മനത്ത് മുത്തച്ഛനുണ്ടായിരുന്നത്. അതായിരുന്നു പ്രചോദനം. കാര്യവട്ടത്തേക്ക് സര്‍വകലാശാല ക്യാമ്പസ് മാറിയ 1968ലാണ് സ്ഥലംവാങ്ങുന്നത്. കൈയില്‍കിട്ടിയ ഫലവൃക്ഷങ്ങളും ചെടികളും നട്ടു നനച്ച് വിപിനനിര്‍മാണം തുടങ്ങി. എണ്‍പതിലാണ് വീടുവച്ച് അവയ്ക്കൊപ്പം താമസം തുടങ്ങിയത്. പച്ചക്കറി-വാഴക്കൃഷി പണ്ടുണ്ടായിരുന്നു. മരങ്ങള്‍ തഴച്ചുപൊങ്ങിയതോടെ അവ വളരാതെയായി. കാടിനെ പരിക്കേല്‍പ്പിക്കാതെ അവയ്ക്കിടയിലൂടെ ഒരു നടപ്പാതയുണ്ട്. ക്യാമ്പസില്‍നിന്ന് കുട്ടികള്‍മാത്രമല്ല കുരങ്ങന്മാരും മയിലുകളും ഇവിടേക്ക് എത്താറുണ്ട്. വിദ്യാര്‍ഥികള്‍ക്കൊപ്പം വൈകുന്നേരം അതുവഴി പഠനയാത്രകളുണ്ടാകും. വര്‍ഷങ്ങളായി വീട്ടില്‍ പാചകമില്ല. പറമ്പില്‍നിന്ന് കിട്ടുന്ന പഴങ്ങളാണ് ഭക്ഷണം. പാകംചെയ്ത ഭക്ഷണം പുറത്തുപോകുമ്പോള്‍മാത്രം. "അതുകൊണ്ടാകാം സാധാരണ എന്റെ പ്രായത്തിലുള്ളവരുടെ രോഗപീഡകളൊന്നും എനിക്കില്ലാത്തത്''- ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു.
മൊഴികളില്‍ സംഗീതമായി
വീടിന്റെയും കാടിന്റെയും ഏകാന്തതയെ സംഗീതവും യാത്രകളുംകൊണ്ടാണ് അദ്ദേഹം അതിജീവിക്കുന്നത്. പാശ്ചാത്യവും പൌരസ്ത്യവുമായ ക്ളാസിക്കല്‍ സംഗീതത്തോടാണ് അടുപ്പം. ബിഥോവന്റെ കോമ്പോസിഷനുകളും ഹിന്ദുസ്ഥാനിയും അവിടെ ആവര്‍ത്തിച്ച് മുഴങ്ങും. "സംഗീതത്തിലൂടെയാണ് എനിക്ക് സൌഹൃദങ്ങളേറെയും ലഭിച്ചത്്. രാജ്യത്തിലെ പല ഭാഗത്തുനിന്നും സുഹൃത്തുക്കള്‍ വരും. പാട്ട് കേള്‍ക്കാനും പാടാനും. കുട്ടിക്കാലംതൊട്ടേ എനിക്കും അനിയന്മാര്‍ക്കും സംഗീതത്തില്‍ താല്‍പ്പര്യമുണ്ട്. മാന്‍ഡലിന്‍ വായിക്കാന്‍ പഠിച്ചതോടെ ഓര്‍ക്കസ്ട്രകളിലെ സ്ഥിരംപങ്കാളിയായി. സ്കൂള്‍കാലം കഴിയുംവരെ ഗാനമേളകള്‍ക്കുവേണ്ടി വായിച്ചു. ഇപ്പോള്‍ ശ്രദ്ധ കീ ബോര്‍ഡിലേക്ക് തിരിഞ്ഞിട്ടുണ്ട്. ചിലപ്പോഴെല്ലാം സംഗീതസംവിധാനവും നിര്‍വഹിച്ചു.''
ശ്രീനാരായണ ഗുരുവിന്റെ 'ദൈവദശകം' സംഗീതം നല്‍കി കാസറ്റ് ഇറക്കിയത് വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. ഐ സി ചാക്കോയുടെ 'ക്രിസ്തു സഹസ്രനാമം' പുതിയ രീതിയില്‍ സംഗീതം നല്‍കി അവതരിപ്പിക്കാന്‍ സമ്മര്‍ദമുണ്ട്.

പാരാസൈക്കോളജിയിലേക്ക് തിരിഞ്ഞില്ലായിരുന്നെങ്കില്‍ ജോര്‍ജ് മാത്യു സംഗീതജ്ഞനാകുമായിരുന്നുവെന്ന് കരുതുന്നവരാണ് കൂട്ടുകാര്‍. കലാമൂല്യമുള്ള സിനിമകളുടെയും ആരാധകനായിരുന്നു അദ്ദേഹം. അറുപതുകളുടെ അവസാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രൂപംനല്‍കിയ ചിത്രലേഖ ഫിലിം സൊസൈറ്റിയില്‍ അംഗമായിരുന്നു.
ഏകാന്തതയുടെ ഉത്സവം
"വിവാഹം കഴിച്ചില്ല എന്നത് എനിക്കൊരു വിഷയമായിട്ടേ തോന്നിയിട്ടില്ല. വീട്ടുകാരില്‍നിന്നെല്ലാം സമ്മര്‍ദമുണ്ടായിരുന്നു. ഒരു ഘട്ടംവരെ. പിന്നീട് എല്ലാവരും അതുപേക്ഷിച്ചു. എന്റെ ജീവിതരീതിക്ക് ഒരു പങ്കാളി ചേരില്ലെന്ന് തോന്നി. റിട്ടയര്‍മെന്റ് അടുത്തപ്പോള്‍ എനിക്കും ചില ചിന്തകള്‍ ഉണ്ടായിരുന്നു. വയസ്സായാല്‍ ആര് നോക്കും. ഏകാന്തത വേട്ടയാടില്ലേ എന്നെല്ലാം. കാലക്രമേണ, അതെല്ലാം മാറി. പഴയ സുഹൃത്തുക്കളുടെ: ജീവിതം കണ്ടതുകൊണ്ടുകൂടിയാകാം. അവരെല്ലാം കുടുംബപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നു.

കൊച്ചുമക്കളുടെ വിവാഹമോചനം, മക്കളുടെ വഴക്ക്, ഭാര്യമരിച്ചവരുടെ ഒറ്റപ്പെടല്‍. ജീവിതംമുഴുവന്‍ ഒറ്റയ്ക്കായതിനാല്‍ അത്തരം പ്രശ്നങ്ങളൊന്നും എന്നെ അലട്ടുന്നില്ല. പകല്‍ പലരും വന്നുപോകും. രാത്രിയില്‍ ആരെയും ഇവിടെ തങ്ങാന്‍ അനുവദിക്കാറില്ല. ടെറസിനു മുകളില്‍ നക്ഷത്രങ്ങളെയും നോക്കി കിടക്കും''- അദ്ദേഹം പറഞ്ഞുനിര്‍ത്തി.
മടങ്ങുമ്പോള്‍ അദ്ദേഹവും ഒപ്പമിറങ്ങി. ആധാറും മൊബൈല്‍ നമ്പരും ലിങ്ക് ചെയ്യിക്കാന്‍ കഴക്കൂട്ടത്തെ ഓഫീസിലേക്ക്. ദക്ഷിണ കൊറിയയില്‍നിന്നെത്തിയ മനഃശാസ്ത്രവിദഗ്ധന്‍ ഉച്ചയ്ക്കുശേഷം കാണാനെത്തും. പാരാസൈക്കോളജി സേവനങ്ങള്‍ വേണ്ടവര്‍ വിളിച്ചുകൊണ്ടിരിക്കുന്നു- ഏകാന്തതയെ ഉത്സവമാക്കി മാറ്റിക്കൊണ്ട് ആ മനുഷ്യന്‍ തിരക്കുകളിലേക്ക് അലിഞ്ഞു...!
കടപ്പാട്