കുറച്ച് ദിവസം മുമ്പ് വാട്സാപ്പില്‍ തുരുതുരെ നോട്ടിഫിക്കേഷനുകള്‍ വന്നു. എടുത്തുനോക്കിയപ്പോള്‍ ആറു ഫോട്ടോകള്‍. സുഹൃത്ത് ഫോര്‍വേര്‍ഡ് ചെയ്തതാണ്. ഡൌണ്‍ലോഡ് ചെയ്തപ്പോള്‍ കണ്ടത് ഒരു ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഇരുന്ന ഇരുപ്പില്‍ മരിച്ച രണ്ട് സ്ത്രീകളുടെ വിവിധ ആംഗിളുകളിലുള്ള ഫോട്ടോകള്‍. എന്തിനാണ് ആ ഫോട്ടോകള്‍ ഫോര്‍വേര്‍ഡ് ചെയ്തതെന്ന് ഞാന്‍ സുഹൃത്തിന് മെസ്സേജ് അയച്ചു. ആക്സിഡന്റിനെ പറ്റിയുള്ള ഒരു വിശദീകരണമായിരുന്നു മറുപടി. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഫോര്‍വേര്‍ഡ് ചെയ്യരുതെന്ന് കടുപ്പിച്ച് പറഞ്ഞപ്പോള്‍ നീ ഇത്ര സില്ലിയാണോ എന്നാണ് ചിരി സ്മൈലികളോടൊപ്പം അവന്‍ ചോദിച്ചത്.
ഇത്തരം ഫോട്ടോകള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ ഒരുപക്ഷെ ഒരു പുലിറ്റ്സര്‍ ജേതാവിന്റെ സന്തോഷമായിരിക്കും അതുചെയ്യുമ്പോള്‍ അനുഭവിക്കുന്നത്. ഇതൊരു മാനസിക വൈകല്യമാണ്. ഇവരുടെ പ്രവൃത്തികള്‍ സമൂഹത്തെ മൊത്തത്തിലാണ് ബാധിക്കുന്നത്. ഇങ്ങനെയുള്ള ഒരുപാട് ഫോട്ടോകള്‍ കണ്ട് ആളുകള്‍ക് desensitization (വൈകാരിക മരവിപ്പ്) സംഭവിക്കാം. പക്ഷെ, അതിനെക്കാളും ഹൃദയഭേദകമാണ് മരിച്ചുകിടക്കുന്നവരുടെ വേണ്ടപ്പെട്ടവര്‍ ആ ചിത്രം കാണാനിടയാകുന്നത്. ഒരുപക്ഷെ, അപകടം വരുത്തിയ വ്യക്തിയേക്കാള്‍ സമൂഹത്തിന് ഒന്നാകെ ദോഷം വരുത്തുന്നത് ഈ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവരാകാം. ഉത്കണ്ഠാ രോഗവും (anxiety disorders), വിഷാദ രോഗവുമുള്ള (depression) ആളുകളെ ഇവ വളരെ മോശമായ രീതിയിലാണ് ബാധിക്കുക. പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകം പറയണ്ടതില്ലല്ലോ. ഈ കാരണങ്ങള്‍ കൊണ്ടൊക്കെ ചില രാഷ്ട്രങ്ങളില്‍ അത്തരം ഫോട്ടോകള്‍ എടുക്കുന്നതും ഫോര്‍വേര്‍ഡ് ചെയ്യുന്നതും കുറ്റകൃത്യമാണ്. ഇന്ത്യയിലും അങ്ങനെയാക്കണമെന്നാണ് എന്‍റെ അഭിപ്രായം.
ഇത്രയും മോശം വശങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് പലരും ഇത്തരം ഫോട്ടോകള്‍ എടുക്കുന്നതും അവ ഷെയര്‍ ചെയ്ത് ആനന്ദം കണ്ടെത്തുന്നതും? നമ്മില്‍ എല്ലാവരിലും വ്യത്യസ്ത അളവില്‍ സാഡോമസോക്കിസ്റ്റ് പ്രവണതകളുണ്ട്. അതായത് അന്യരെ പീഡിപ്പിക്കുന്നതിലും സ്വയം പീഡനം അനുഭവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന ഒരു വികൃത സ്വഭാവം. ഇതും ഒപ്പം അനാവശ്യമായ പ്രകടനപ്രിയതയും (exhibitionism) കൂടിച്ചേരുമ്പോള്‍ ആളുകള്‍ അറിയാതെ ചെയ്തുപോകുന്ന ഒരു കാര്യമാണ് അപകടത്തില്‍പെട്ട് നിസ്സഹായരായി കിടക്കുന്നവരുടെ ഫോട്ടോ ഷെയര്‍ ചെയ്ത് കളിക്കല്‍. ഒരുതരം sexual pleasure അത് ചെയ്യുന്നതിലൂടെ അവര്‍ അനുഭവിക്കുന്നുണ്ട്. ശവരതി (necrophilia) സാധാരണ ആളുകള്‍ക്ക് വികൃതമായി തോന്നുമ്പോഴും ചിലര്‍ക്ക് ആനന്ദകരമായി തോന്നുന്നത് പോലെയാണ് ഇതും. ശവരതി വളരെ മോശമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഇതും അത്ര തന്നെയോ അതിലും മോശമായതോ ആയ ഒരു പ്രവൃത്തിയാണ്. സംശയമുണ്ടെങ്കില്‍ ആ ചിത്രങ്ങള്‍ നിങ്ങളുടെ ചിത്രങ്ങളായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ മതി.
ടെക്നോളജിയുടെ വളര്‍ച്ച നല്‍കിയിട്ടുള്ള വാട്സാപ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ നമുക്ക് ഒരുപാട് ഉപയോഗപ്രദമായവയാണ്. പക്ഷെ, നാം അവയെ സൂക്ഷിച്ച്, മറ്റുള്ളവര്‍ക്കോ സ്വയമോ ഉപദ്രവമില്ലാത്ത രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രം. അല്ലെങ്കില്‍ നാം നമ്മുടെ മനോവൈകല്യം മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത് പോലെയാകുമത്.
ഇനി ചിലരെങ്കിലും വാദിക്കുന്നുണ്ടാകും അവര്‍ ഇത്തരത്തിലുള്ള ഫോട്ടോകള്‍ എടുത്ത് ഷെയര്‍ ചെയ്യുന്നത് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടിയാണെന്ന്. അവരോടെനിക്ക് ചോദിക്കാനുള്ളത് ഇതാണ്. സ്വന്തം മകന്‍/മകളാണ് മരിച്ച് കിടക്കുന്നതെങ്കില്‍ അവരുടെ ഫോട്ടോ ഫോര്‍വേര്‍ഡ് ചെയ്ത് ബോധവല്‍ക്കരണം നടത്തുവാന്‍ നിങ്ങള്‍ തയാറാകുമോ??
കടപ്പാട് Vivek Poonthiyil Balachandran
കടപ്പാട് Vivek Poonthiyil Balachandran