ലോകത്തെ വിറപ്പിച്ച ബിന്‍ ലാദൻ്റെ അന്ത്യം...
***വായിക്കു അറിയൂ.. സിനിമയെ വെല്ലും അമേരിക്കയുടെ കമാന്റോ ഓപ്പറേഷൻ **-
""""ഓപ്പറേഷൻ ജിറോനിമോ """
“അതെ! ഇതു അയാൾ തന്നെ” വാഷിംഗ് ടണിലെ സി ഐ ഏയുടെ ആസ്ഥാനത്തെ രഹസ്യ സങ്കേതത്തിൽ നിന്നും നിന്നും നിരീക്ഷണ ഉദ്യോഗസ്ഥന്റെ പരിഭ്രമം കലർന്ന ശബ്ദം. മുഴങ്ങി.അമേരിക്കൻ ഇന്റലിജൻസ് ഉഗ്യോഗസ്ഥർ പത്തു വർഷമായി കണ്ണും കാതും തുറന്ന് ഉറങ്ങാതെ കാത്തിരുന്ന നിർണ്ണായകമായ വിവരം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ള ലക്ഷക്കണക്കിനു അന്താരാഷ്ട്ര ഫോൺകോളുകൾ നിരീക്ഷിക്കുവാൻ തുടങ്ങിയിട്ടു വർഷങ്ങൾ പലതു കഴിഞ്ഞു.
അവർ പ്രതീക്ഷിക്കുന്ന ഫോൺ സംസാരത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള വാക്കുകൾ , പേരുകൾ, സംജ്ഞകൾ തുടങ്ങിയവ കമ്പുട്ടൂറിന്റെ സഹായത്തിൽ അരിച്ചെടുക്കുന്ന സങ്കീർണ്ണമായ പ്രക്രിയ നടന്നുകൊണ്ടിരുന്ന കേന്ദ്രത്തിൽ നിന്നാണ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ഭീകരനായ ഒസാമ ബിൻലാദന്റെ സങ്കേതം അറിയാവുന്ന വ്യക്തി എന്നു സംശയിക്കപ്പെടുന്ന കുവൈറ്റിയുടേതെന്ന് കരുതാവുന്ന ഒരു ഫോൺ സന്ദേശമാണ് ഉഗ്യോഗസ്ഥന്മാർ ഫിൽട്ടർ ചെയ്ത് എടുത്തിരിക്കുന്നത്. ഗ്വാണ്ടനാമോ തടവറയിലെ ഭീകരമായ പീഡനങ്ങളിൽ നിന്നും ലാദന്റെ ഒളി സങ്കേതത്തേപറ്റി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. എന്നാൽ പലരുടെയും മൊഴികളിൽ നിന്നും അദൃശ്യനായ ഒരു വ്യക്തിയിലേയ്ക്ക് നീളുന്ന ചില സൂചനകൾ ഉഗ്യോഗസ്ഥർക്കു ലഭിച്ചു.
മി. കുവൈറ്റി. എന്നാൽ കുവൈറ്റി ആരാണെന്നോ, അയാളുടെ രൂപം എന്തെന്നോ, എത്ര വയസുള്ള ആളാണെന്നോ എവിടെ താമസിക്കുന്നുവെന്നോ തുടങ്ങിയ വിവരങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം എങ്ങും എത്തിയില്ല. ഗ്വാണ്ടനാമോ തടവുകാർക്കും അത്തരം വിവരങ്ങൾ അജ്ഞാതമായിരുന്നു. ഇക്കാലമൊക്കെയും ബിൻ ലാദൻ ഏതോ രാജ്യത്തിലെ സുരക്ഷിത രഹസ്യ സങ്കേതത്തിൽ ഇരുന്നുകൊണ്ട് പുതിയ പുതിയ ആക്രമണത്തിനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. എന്നാൽ വളരെ വിചിത്രമായ പ്രവർത്തന രീതിയാണ് ലാദൻ സ്വീകരിച്ചത്. ഇലക്ട്രോണിക് രേഖകളിൽ ഒരു തുമ്പും ശേഷിക്കാതിരിക്കുവാൻ വേണ്ടി ലാദൻ ഒരിക്കൽപ്പോലും ഫോൺ ഉപയോഗിക്കുകയോ ഇന്റെർനെറ്റ് മുഖേന ആരുമായും ബന്ധപ്പെടുകയോ ചെയ്തില്ല. ഇതു അന്വേഷണ ഉദ്യോഗസ്ഥന്മാരെ കുറച്ചൊന്നുമല്ല വലച്ചത്.
ലാദന്റെ വാർത്താവിനിമയത്തിനു പിന്നിൽ ഏതെങ്കിലും വാർത്താവാഹകന്റെ നേരിട്ടുള്ള ഇടപാടുകൾ ഉണ്ട് എന്ന് ന്യായമായും സി.ഐ.എ. സംശയിച്ചു. അതാരായിരിക്കാം എന്ന അന്വേഷണത്തിന്റെ അവസാനമാണ് കുവൈറ്റി എന്ന അജ്ഞാതനിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നത്. ആ സംശയത്തെ ഗ്വാണ്ടനാമോ തടവുപുള്ളികളുടെ മൊഴികൾ ഉറപ്പിച്ചു. അമേരിക്കൻ ഇന്റലിജെൻസിന്റെ ഒന്നാമത്തെ ലക്ഷ്യം കുവൈറ്റി ആരാണെന്നു തിരിച്ചറിയുക എന്നതായി.
പുതിയ പ്രസിഡന്റായി ബറാക് ഒബാമ സ്ഥാനമേറ്റ ഉടൻ തന്നെ സി ഐ ഏ തലവൻ ലിയൻ പെനേഡായ്ക്കു ബിൻ ലാദനെ പിടിക്കുവാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഇന്റലിജൻസ് തന്ത്രങ്ങൾ മെനയുന്നതിനുവേണ്ടി അധികം പണവും സംവിധാനങ്ങളും കൂടുതൽ ഉദ്യോഗസ്ഥരേയും നിയമിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു. പെനേഡാ പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അന്താരാക്ഷ്ട്ര ഫോൺ വിളികൾ മുഴുവനും ഫിൽട്ടർ ചെയ്യുവാനുള്ള സംവിധാനം ഒരുക്കി. ഗൾഫിലെ സംശയം, തോന്നിയ എല്ലാ നമ്പറിലേയ്ക്കുള്ള ഫോൺ വിളികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു.
പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗവും അൽകായ്ദയുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരുടെ നമ്പറുകൾ സി.ഐ.എ.യ്ക്കു കൈമാറി. മാസങ്ങൾ കഴിഞ്ഞു. സങ്കീർണ്ണമായ ഉപകരണ സംവിധാനവും സാങ്കേതിക വിദ്യയും ഉണ്ടായിരുന്നുവെങ്കിലും, ഒരു തുമ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കുവാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ക്ഷമ അവസാനം വിജയത്തിലെത്തിച്ചു.
2010 ലെ ആഗസ്റ്റ് മാസത്തിൽ എൻ.എസ്.എ. കേന്ദ്രത്തിലെ ഒരു കമ്പൂട്ടർ നിന്നും ബീപ് ബീപ് ശബ്ദം കേൾക്കുവാൻ തുടങ്ങി. ഫിൽട്ടർ ചെയ്യപ്പെട്ടുകൊണ്ടിരുന്ന നമ്പറിലേയ്ക്കുള്ള ഒരു അന്താരാഷ്ട്ര കോൾ സംശയാസ്പദമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. പാക്കിസ്ഥാനിലെ വടക്കു കിഴക്കു ഭാഗത്തു നിന്നും നിന്നും ഗൾഫിലെ നിരീക്ഷണത്തിലായിരുന്ന ഒരു നമ്പറിലേയ്ക്ക് അറബി ഭാഷയിൽ ഒരു ഫോൺ സന്ദേശം! അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുഖത്ത് ഉൽഘണ്ഠയും ആശ്ചര്യവും നിഴലിട്ടു.
“ഈ ഫോൺ കുവൈറ്റിയുടേതു തന്നെ!” അന്വേഷണ ഉദ്യോഗസ്ഥൻ ആവർത്തിച്ചു. പെട്ടെന്നു ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടി. സംശയാസ്പദമായ ഫോൺ റിക്കോർഡു ചെയ്തത് വീണ്ടും പ്ലേ ചെയ്തു. ” നീയെവിടെ ആയിരുന്നു ?” “നിങ്ങളെയെല്ലാം കാണാൻ ആഗ്രഹമുണ്ട്!” “നീയിപ്പോൾ എന്തു ചെയ്യുന്നു ” “ഞാൻ പണ്ട് ആയിരുന്നവരുടെ അടുത്ത് എത്തിയിരിക്കുന്നു” അമേരിക്കൻ ഭരണകൂടം കോടിക്കണക്കിന് ഡോളർ ചിലവഴിച്ച് നടത്തിക്കൊണ്ടിരുന്ന രഹസ്യാന്വേഷണ ദൗത്യത്തിന്റെ അന്ത്യത്തിലേയ്ക്കു വെളിച്ചം വീശുന്ന ഒരു ചെറിയ ഫോൺ സന്ദേശമായിരുന്നു അത് !
പിന്നീടുള്ള പ്രവർത്തനങ്ങൾ മിന്നൽ വേഗതയിൽ ആയിരുന്നു. ഈ സന്ദേശത്തിന്റെ ഉറവിടം കുവൈറ്റി എന്ന സംശയിക്കുന്ന ആളാണെങ്കിൽ അദ്ദേഹം ഒരു നമ്പർ ഒന്നിൽ കൂടുതൽ പ്രാവശ്യം ഉപയോഗിക്കുകയില്ലെന്നു മാത്രമല്ല ഉടൻ തന്നെ അതു നശിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു അറിയാമായിരുന്നു. 600 മൈൽ മുകളിൽ നിന്നും ഒപ്റ്റിക്കൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഫോൺ വിളിക്കുന്ന വ്യക്തികളുടെ സ്ഥാന നിർണ്ണയവും ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്ന ചെറു ഉപഗ്രഹം വഴി ഫോൺ വിളിച്ച ആളിന്റെ സ്ഥാനനിർണ്ണയം ഞൊടിയിടയിൽ നടത്തി.
ഇൻഫ്രാ റെഡ് സെൻസറുകളും മറ്റു വിവിധയിനം സർവൈലൻസ് സംവിധാനവും ഉള്ള പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന ഒരു ചെറുവിമാനം കുവൈറ്റി എന്ന സംശയിക്കുന്ന വ്യക്തിയുടെ എല്ലാ നീക്കങ്ങളും നീരീക്ഷിക്കുവാൻ ഉടൻ പ്രവർത്തന ക്ഷമമായി. 50,000 അടി മുകളിൽ പറക്കുന്ന ഈ കൊച്ചു വിമാനം പാക്കിസ്ഥാനി റഡാറുകളിൽ കണ്ണിൽ കിട്ടുമായിരുന്നില്ല. അതിരഹസ്യമായ ഈ ആളില്ലാ വിമാനത്തിനു ഒരു ഔദ്യോഗിക നാമം പോലും ഉണ്ടായിരുന്നില്ല. ബീസ്റ്റ് ഓഫ് കാണ്ഡഹാർ എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന കൊച്ചു ആളില്ലാ വിമാനത്തിലെ ശക്തിയേറിയ ക്യാമറകൾ കുവൈറ്റിയെന്നു സംശയിച്ച വ്യക്തിയുടെ ഓരോ നീക്കങ്ങളും തൽസമയം ന്യൂയോർക്കിലെ എൻ.എസ്.എ. സങ്കേതത്തിൽ എത്തിച്ചുകൊണ്ടിരുന്നു. നിരവധി നിരീക്ഷകരും വിദഗ്ദരും അദ്ദേഹത്തിന്റെ നീക്കങ്ങൾ ഒരു നിമിഷം പോലും വിടാതെ പിന്തുടർന്നു. കുവൈറ്റിയുടെ എല്ലാ യാത്രകളും പൂർണ്ണ നിരീക്ഷണത്തിലായതിനാൽ ക്രമേണ അദ്ദേഹത്തിന്റെ യാത്രാ സ്ഥലങ്ങളൊക്കെ നിരീക്ഷകർക്കു പരിചിതങ്ങളായി മാറി.
എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ യാത്ര പുതിയ ഒരു സ്ഥലത്തേയ്ക്കായിരുന്നു. ദീർഘദൂരം തനിയേ വാഹനമോടിച്ചിരുന്ന കുവൈറ്റി പാക്കിസ്ഥാനിലെ മിലിട്ടറി അക്കാഡമി സ്ഥിതിചെയ്യുന്ന പട്ടണണമായ അബട്ടാബാദിലേയ്ക്കു പ്രവേശിച്ചു. മിലിട്ടറി അക്കാഡമിയും പിന്നിട്ട വാഹനം പട്ടണത്തിനു വെളിയിലുള്ള റസിഡൻഷ്യൽ ഏരിയായിലേയ്ക്കു കടന്നു. റിട്ടയർ ചെയ്ത സൈനിക ഉദ്യോഗസ്ഥ താമസിക്കുന്ന ആ സ്ഥലത്ത് അല്പം ദൂരം മുന്നോട്ടു പോയി ഒരു കെട്ടിടത്തിന്റെ മതിലിനുള്ളിലേയ്ക്കു പ്രവേശിച്ചു.
കുവൈറ്റിടെ മറ്റൊരു വീട് എന്നു തോന്നാവുന്ന ഒരു സാധാരണ കെട്ടിടം മാത്രമായിരുന്നു അത്. എന്നാൽ സൂക്ഷ്മ നിരീക്ഷണത്തിൽ ആ കെട്ടിടത്തിൽ ചില താമസക്കാരുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി.
മാത്രമല്ല സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നും വ്യത്യസ്ഥമായ ചില പ്രത്യേകതകൾ നിർമ്മാണത്തിൽ തന്നെ ഈ കെട്ടിടത്തിനുള്ളതായും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. 12 അടി ഉയരമുള്ള ഉറപ്പുള്ള മതിലിനു മുകളിൽ മുള്ളുകമ്പി കൊണ്ട് വേലിയും തീർത്തിരിക്കുന്നു.
വാഷിംഗ്ടണിലെ സി.ഐ.എ. ഉദ്യോഗസ്ഥരുടെ മുന്നിൽ നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയർന്നു വന്നു. അവർ പിന്തുടരുന്ന വ്യക്തി തന്നെയാണോ കുവൈറ്റി എന്നു വിളിക്കപ്പെടുന്ന ആൾ? അയാൾ കുവൈറ്റി തന്നെ ആണെങ്കിൽതന്നെയും ഒസാമ ബിൻ ലാദന്റെ വാർത്താവാഹകൻ അയാൾ തന്നെയാണോ? ഈ കോട്ടപോലുള്ള കെട്ടിടത്തിൽ താമസിക്കുന്നത് ബിൻ ലാദൻ തന്നെ ആയിരിക്കുമോ ?
സെപ്റ്റംബർ 10, 2010 സി.ഐ.എ. ഡയറക്ടർ ലിയൻ പെനേഡ പ്രസിഡന്റ് ഒബാമയുമായെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. മറ്റൊരു രാജ്യത്തായതുകൊണ്ട് ഏതു തരം നീക്കവും നടത്തുന്നതിനുമുൻപ് കിട്ടിയ വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് പ്രസിഡന്റ് നിർദ്ദേശിച്ചു. അമേരിക്കൻ ചരിത്രത്തിൽ ഇന്നു വരെ നടത്തിയുട്ടള്ളതിൽ വച്ച് ഏറ്റവും നൂതനവും, ചിലവേറിയതുമായ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചു സംശയാസ്പദമായ കെട്ടിടം നിരീക്ഷണത്തിൽ ആക്കി. മലനിരകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ പട്ടണമായിരുന്നു അബട്ടാബാദ്. ആ പ്രദേശത്തിന്റെ ഭൂപ്രകൃതി നിരീഷണ സംവിധാനങ്ങൾ സ്ഥാപിക്കുവാൻ സഹായകമാകും വിധത്തിലുള്ളതായിരുന്നു.
ഊറുദു സംസാരിക്കുന്നവരും പാക്കിസ്ഥാൻ വശജരെപ്പോലെ തോന്നിപ്പിക്കുന്നവരുമായ സി.ഐ.എ. ഏജന്റുകൾ പ്രസ്തുത കെട്ടിടത്തിന്റെ സമീപത്തു ഒരു വീട് വാടകയ്ക്ക് എടുത്തു താമസം ആരംഭിച്ചു. സംശയിക്കുന്ന വീടിന്റെ മതിലിന്റെ ഉൾവശം കാണാത്തവിധം ജനാലകളുള്ള ഒരു വീടായിരുന്നു ഏജന്റുമാർ തരപ്പെടുത്തിയത്.
അവിടെ ആരൊക്കെ താമസമുണ്ട്, പ്രത്യേക സുരക്ഷ സംവിധാനങ്ങൾ വല്ലതുമുണ്ടോ, താമസക്കാർ ആയുധ ധാരികളാണോ എന്നെല്ലാം ഏജന്റുമാർ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആഹാര സാധനങ്ങൾ എത്തിക്കുന്ന കട ഏതെന്നു അവർ കണ്ടുപിടിച്ചു. അൽ കുവറ്റി എന്നു സംശയിക്കുന്ന ആളും രണ്ടു സഹോദർന്മാരും അവരുടെ കുടുംബവും ആണ് ആകെട്ടിടത്തിൻലെ താമസക്കാർ എന്ന് ഏജന്റുകൾ മനസിലാക്കി. മാത്രമല്ല അവർ സ്വകാര്യത സൂക്ഷിക്കുന്നതിൽ വളരെ ഉത്സുകരാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു. വലിയ വാഹനവും അനുബന്ധ സംവിധാനങ്ങളുമുണ്ടായിരുന്നെങ്കിലും ആ വീടിനു ടെലിഫോൺ കണക്ഷനോ ഇന്റെർനെറ്റോ ഉണ്ടായിരുന്നില്ല. കോമ്പൗണ്ടിനുള്ളിൽ തന്നെ കൃഷി ചെയ്യുകയും അവർ വളർത്തുന്ന ആടുകളെ കൊന്നു തിന്നുകയും ചെയ്യുമായിരുന്നു. നിരീക്ഷണ ഏജന്റുകൾക്ക് കൗതുകകരമായി തോന്നിയ മറ്റൊരു കാര്യം, അവരുടെ എല്ലാ ചപ്പുചവറുകളും മറ്റു അവശിഷ്ടങ്ങളും സസൂക്ഷ്മം ശേഖരിച്ചു ചുട്ടുകളുമായിരുന്നു. കുട്ടികൾ സ്കൂളിൽ പോവുകയോ സ്ത്രീകൾ പുറത്തു പോവുകയോ ചെയ്യാറില്ല എന്നതും ശ്രദ്ധേയമായി തോന്നി.
തെരുവുകുട്ടികളുടെ ക്രിക്കറ്റ് ബാൾ ആ കാമ്പൗണ്ടിനുള്ളിൽ വീണാൽ, കുവൈറ്റിയോ സഹോദരനോ ആ ബോൾ തീയിലിട്ടു നശിപ്പിച്ചു കളയും. മറ്റൊരു ബോൾ വാങ്ങുവാനുള്ള പണം കൊടുത്തു കുട്ടികളെ തിരിച്ചയക്കുന്നത് ഏജന്റുകൾ കണ്ടെത്തി. അതീവ രഹസ്യമായി മറ്റൊരു കുടുംബം കൂടി മൂന്നാം നിലയിൽ താമസമുള്ള വിവരം നിരീക്ഷണ സംഘം ക്രമേണ ഗ്രഹിച്ചു. മൂന്നാം നിലയിലെ സ്ത്രീകൾ ഒരിക്കലും പുറത്തു വരാറില്ല, പക്ഷേ, ചില സന്ധ്യാ സമയങ്ങളിൽ ഒരു ഉയരം കൂടിയ ആൾ മതിലിനുള്ളിലൂടെ നടക്കാൻ ഇറങ്ങുന്നത് അവരുടെ ശ്രദ്ധയിപ്പെട്ടു.
അമേരിക്കൻ രഹസ്യാന്വേഷണ സങ്കേതത്തിൽ സി.ഐ.ഏ മേധാവി ലിയൺ പിനഡെ അടിയന്ത യോഗം വിളിച്ചു ചേർത്തു. അബട്ടാബാദിലെ കെട്ടിടത്തിന്റെ മതികെട്ടിനുള്ളിൽ അപൂർവ്വമായി നടക്കാനിറങ്ങാറുള്ള ആൾ ബിൻലാദൻ തന്നെയാണോ? ആർക്കും ഉറപ്പു പറയാൻ കഴിയുന്നില്ല. എന്നാൽ ഒരു കാര്യത്തിൽ എല്ലാവരും യോജിച്ചു – ബിൻലാദൻ എന്ത് കൃത്രിമം നടത്തി രൂപം മാറിയാലും മാറ്റുവാൻ പറ്റാത്ത ഒന്നുണ്ട്- അദ്ദേഹത്തിന്റെ അസാമാന്യമായ ഉയരം. ആറ് അടി നാലിഞ്ച് ഉയരമുള്ള ലാദനെ തിരിച്ചറിയുവാനുള്ള എളുപ്പവഴി ഇതു തന്നെ എന്ന് അഭിപ്രായം ഉയർന്നു. തുടർന്നുള്ള ദിവസങ്ങൾ മൂന്നാം നിലയിലെ ആ രഹസ്യ താമസക്കാരനെ കേന്ദ്രീകരിച്ചു കൂടുതൻ നിരീക്ഷണം നടത്തുവാൻ തീരുമാനിച്ചു യോഗം പിരിഞ്ഞു. അയാൾക്ക് പെയ്സർ എന്ന് ഒരു രഹസ്യ നാമവും നൽകി.
ഇതിനോടകം ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരുന്ന ശക്തിയേറിയ ക്യാമറ വഴി പെയ്സറുടെ നൂറുകണക്കിന് ചിത്രങ്ങൾ വാഷിംഗ്ടണിൽ എത്തിക്കഴിഞ്ഞിരുന്നു. സൂര്യന്റെ സ്ഥാനവും ചിത്രങ്ങളിലെ നിഴലിന്റെ നീളവും വച്ച് പെയ്സറുടെ ഉയരം ശാസ്ത്രീയമായി കണകൂട്ടി. ആ അജ്ഞാതനായ വ്യക്തിക്ക് ഏതാണ്ട് ആറടി നാലിഞ്ച് ഉയരം വരും. രഹസ്യ നിരീക്ഷകരുടെ സംശയങ്ങൾ ബലപ്പെട്ടു വരികയാണ്. ശരീര ചലനങ്ങൾ മനസ്സിലാക്കി തിരിച്ചറിയൽ നടത്തുന്ന വിദഗ്ദ്ധരുടെ സഹായത്താൽ കൂടുതൽ പഠനങ്ങൾ നടത്തി. അൽകയ്ദ വീഡിയോകളിൽ നിന്നും ബിൻലാദന്റെ ചലനങ്ങളും ഉപഗ്രഹത്തിലെ മൂവി ക്യാമറയിൽ നിന്നും ലഭിച്ച പെയ്സറുടെ ചലനങ്ങളും വിദഗ്ദ്ധർ ഒത്തു നോക്കി. സാധാരണ അൽകയ്ദ വീഡിയോകളിൽ കാണുന്ന ബിൻലാദനേക്കാൾ പെയ്സർ ശാന്തനും അല്പം തടിച്ച ആളും ആണെന്ന് അവർ മനസിലാക്കി. എന്നാൽ അത് സ്വസ്ഥജീവിതം നയിക്കുന്നതിനാൽ ആയിരിക്കാമെന്നും, അതേസമയം ശരീര ചലങ്ങളിൽ നിന്നും പെയ്സർ ബിൻലാദൻ തന്നെ ആയിരിക്കാം എന്നുമുള്ള നിഗമനത്തിൽ വിദഗ്ദ്ധർ എത്തിച്ചേർന്നു.
അടുത്ത ദിവസം തന്നെ പിനാഡേ പ്രസിഡന്റ് ഒബാമയെക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. എന്നാൽ, ലഭ്യമായ വിവരങ്ങളും വിദഗ്ദ്ധർ എത്തിച്ചേർന്ന നിഗമനവും വെച്ച് ഒരു നടപടി എടുക്കുന്നത് ബുദ്ധിമോശമാണ് എന്നായിരുന്നു ഒബാമയുടെ പ്രതികരണം. എങ്കിലും അതു ബിൻലാദൻ തന്നെ ആകാമെന്ന സാദ്ധ്യത നിലനിൽക്കുന്നതുകൊണ്ട് നിരീക്ഷണത്തിലിരിക്കുന്ന കെട്ടിടത്തിലേയ്ക്ക് നടത്താവുന്ന രഹസ്യസൈനിക നീക്കത്തിന്റെ ഒന്നിലധികം മാതൃകകളടങ്ങിയ വിശദമായ രൂപരേഖ തയ്യാറാക്കുവാൻ പിനാഡേയ്ക്കു പ്രസിഡന്റ് നിർദ്ദേശം നൽകി.
പിനാഡേ ഉടൻ തന്നെ ജോയിന്റ് സ്പെഷ്യൽ ഫോഴ്സസ് ഓപ്പറേഷൻസ് കമാൻഡ്. (JSOC) ആയി ബന്ധപ്പെട്ടു. ജസ്കോ കാമാൻഡർ വില്ല്യം മക്റാവെനും
പിനാഡെയുമായുള്ള കൂടിക്കാഴ്‌ച്ച അതീവ രഹസ്യമായിരുന്നു. ആക്രമണം നടത്തുവാനുള്ള കെട്ടിടത്തിന്റെ പ്ലാൻ മക്റാവെന് കൈമാറി എങ്കിലും കെട്ടിടത്തിനുള്ളിൽ താമസിക്കുന്നത് ആരായിരിക്കാമെന്നോ, കെട്ടിടം എവിടെയാണെന്നോ ഉള്ള വിവരങ്ങൾ ഒന്നും പിനാഡെ ആ സമയത്തു പുറത്തു വിട്ടില്ല. ഇത്തരം അനവധി ആക്രമണങ്ങൾ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തി പരിചയവും പഴക്കവും ഉള്ള അതിസമർത്ഥനായ ഒരു പട്ടാള മേധാവി ആയിരുന്നു വില്ല്യം മക്റാവൻ.
മക്റാവന് ആക്രമണ ദൌത്യം ഏൽപ്പിച്ചിട്ടു ഒരാഴ്‌ച്ച കഴിഞ്ഞു. 14 മാർച്ച 2011. പിനാഡേയും മക്റാവനും ചേർന്നു ആക്രമണം നടത്താനുള്ള മൂന്നു പദ്ധതികൾ പ്രസിഡന്റ് ഒബാമയ്ക്കു സമർപ്പിച്ചു. ഒന്നാമത്തെ പദ്ധതി – പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ചു സംയുക്ത ആക്രമണം നടത്തി, കെട്ടിടം കീഴടക്കുകയും താമസക്കാരെ ജീവനോടെയോ അല്ലാതെ പിടി കൂടി അമേരിക്കയിൽ എത്തിക്കുകയും ചെയ്യുക. എന്നാൽ ഈ പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപുതന്നെ ഒബാമ ഇത് തള്ളിക്കളഞ്ഞു. പാക്കിസ്ഥാൻ ചാര സംഘടന വിശ്വാസയോഗ്യമല്ല എന്നതായിരുന്നു കാരണം. പാക്കിസ്ഥാനെ അമേരിക്കക്കാർ വിളിക്കുന്ന ഓമനപ്പര് ഫ്രനിമി എന്നാണ്- ഫ്രണ്ട്‌ലി എനിമി.
രണ്ട് – സമുദ്രത്തിൽ തമ്പടിച്ചിരിക്കുന്ന അമേരിക്കൻ പടക്കപ്പലുകളിൽ നിന്നും മിസൈൽ വർഷം നടത്തി കെട്ടിടവും മതിൽക്കെട്ടും പൂർണ്ണമായി തകർക്കുക. പക്ഷേ, കെട്ടിടവും മതിലും, മണ്ണിനടിയിൽ രഹസ്യ തുരങ്കങ്ങൾ ഉണ്ടെങ്കിൽ അതും പൂർണ്ണമായി തകർക്കണമെങ്കിൽ 2000 പൗണ്ട് ഭാരമുള്ള മുപ്പതോളം ബോംബുകൾ വർഷിക്കേണ്ടി വരും. സമീപവാസികളും ഈ ആക്രമണത്തിൽ മരിക്കാൻ സാദ്ധ്യത ഉണ്ടെന്ന് മാത്രമല്ല, ആരൊക്കെയാണ് മരിച്ചത് എന്ന് തീർച്ചപ്പെടുത്താനും കഴിയാതെ വരും. അതുകൊണ്ട് പ്രസിഡന്റ് ഈ പദ്ധതിയും നിരാകരിച്ചു.
മൂന്ന് – പാക്കിസ്ഥാന്റെ അറിവോ സമ്മതോ ഇല്ലാതെ അതീവ രഹസ്യമായി അമേരിക്കൻ കമാൻഡോകളെ അയച്ച് കെട്ടിടം കീഴടക്കുക. കെട്ടിടത്തിൽ കടന്നുകയറി താമസക്കാരെ ജിവനോടെയോ അല്ലാതെയോ കീഴടക്കി നിശ്ചിത സമയത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിലെത്തിക്കണം. ഓപ്പറേഷനിൽ ഏർപ്പെടുന്ന പട്ടാളക്കാർക്ക് എന്തും സംഭവിക്കാം – പൂർണ്ണ ഉത്തരവാദിത്വം പ്രസിഡന്റിന് ആയിരിക്കും. മക്റാവന്റെ പദ്ധതികൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരും ഒബാമയും 1980 ലെ ഓപ്പറേഷൻ ഈഗിൾ ക്ലവ്ന്റെ ദയനീയ പരാജയം ഓർമ്മിച്ചു. ടെഹ്റാനികൾ ബന്തികളായിരുന്ന അമേരിക്കക്കാരെ രക്ഷപ്പെടുത്തുവാൻ കമാൻഡോ ഓപ്പറേഷന് അനുമതി നൽകിയത് പ്രസിഡന്റ് ജിമ്മി കാർട്ടർ ആയിരുന്നു. മിഷൻ ദയനീയമായി പരാജപ്പെട്ടു എന്നു മാത്രമല്ല, 1980 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കാർട്ടറിന്റെ പരാജയത്തിനും അതു മുഖ്യ കാരണമായിത്തീർന്നു. ഒരു പരമാധികാര സ്വതന്ത്ര രാജ്യത്തിൽ അവരുടെ അനുമതിയില്ലാതെ കടന്നു കയറി, ആക്രമണം നടത്തുവാൻ അനുവാദം നൽകുന്നതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ഒബാമയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.
എന്തായാലും മൂന്നാമത്തെ പദ്ധതിയ്ക്ക് പ്രസിഡന്റ് അർദ്ധസമ്മതം മൂളി. ഏറ്റവും അപകടകരവും അതേസമയം തന്ത്രപ്രധാനവുമായ ഒരു തീരുമാനം ആയിരുന്നു അത്. തന്റെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല ശിഷ്ടകാല ജിവിതത്തെ തന്നെ ബാധിക്കാവുന്ന ഒരു നിർണ്ണായക തീരുമാനമായിരുന്നു ഒബാമ അന്ന് എടുത്തത്. പദ്ധതിയ്ക്ക് വേണ്ട കമാൻഡോകളെ തിരഞ്ഞെടുക്കുവാനും പരിശീലനം നൽകുവാനും മക്റാവനും നിർദ്ദേശം നൽകി.
മക്റാവെൻ പദ്ധതിയുടെ വിശദാംശങ്ങൾ സൂക്ഷ്മമായി പഠിക്കുവാനും രൂപപ്പെടുത്തുവാനും ആരംഭിച്ചു. കെട്ടിടത്തിന്റെ മതിലിന്റെ അകത്തു ഹെലിക്കോപ്റ്ററിൽ ചെന്നിറങ്ങി ആക്രമണം നടത്തുവാൻ തീർമാനിച്ചു. അപകടമേഖകളിൽ യുദ്ധം ചെയ്യുന്ന 23 അമേരിക്കൻ സീലുകളെ സംഘത്തിൽ ഉൾപ്പെടുത്തി പരിശീലനവും ആരംഭിച്ചു. അമേരിക്കൻ രഹസ്യപ്പോലീസിന്റെ ഏറ്റവും സങ്കീർണ്ണവും അപകടരവുമായ ആക്രമണങ്ങൾ നടത്തുവാൻ പ്രത്യേക പരിശീലനം ലഭിച്ച അസാമാന്യ ധൈര്യശാലികൾ മാത്രം ഉൾപ്പെട്ട വിഭാഗമാണ് നേവി സീലുകൾ.
അബട്ടാബാദിലെ കെട്ടിടത്തിന്റെ മിനിയേച്ചറും അതേ ഉയർത്തിലുള്ള മതിലുൾപ്പടെ ഒരു ഡമ്മി കെട്ടിടവും വാഷിംഗ്ടണിലെ സി ഐ ഏ വളപ്പിനുള്ളിൽ നിർമ്മിച്ചു. അബട്ടാബാദിലെ കെട്ടിടത്തിന്റെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന നിരീക്ഷകർ ഇതിനോടകം കെട്ടിടത്തിന്റെ മുറികളേക്കുറിച്ച് ഒരു ഏകദേശധാരണ ഉണ്ടാക്കി അയച്ചുകൊടുത്തിരുന്നു. അതനുസരിച്ച് കെട്ടിടത്തിന്റെ എല്ലാ വാതിലുകളും ഇടവഴികളും ശത്രു ഒളിഞ്ഞിരിക്കാൻ സാധ്യതള്ള മുക്കും മൂലയും സീലുകൾക്ക് മനഃപ്പാഠമാക്കി. കൂരിരുട്ടിലും പകൽ വെളിച്ചത്തിലും അവർ പരിശീലനം തുടർന്നു. പൂർണ്ണമായി ഇരുട്ടത്തും കെട്ടിടത്തിന്റെ അകവും പുറവും പരിശോധിച്ച് സുരക്ഷിതമായി ആക്രമണം നടത്തുവാൻ സീലുകൾ കഴിവുനേടി. എങ്കിലും ഈ കെട്ടിടം എവിടെയാണെന്നോ, തങ്ങൾ ലക്ഷ്യം വെക്കുന്ന ശത്രു ആരാണെന്നോ സീലുകൾക്കും അജ്ഞാതമായിരുന്നു.
ആക്രമണത്തിന് സഹായിക്കുവാൻ ജർമ്മൻഷെപ്പേർഡ് ഇനത്തിൽപെട്ട ആർമിയുടെ അഭിമാനമായ കൈറോ എന്ന യുദ്ധപരിശീലനം ലഭിച്ച നായയേയും അയക്കുവാൻ തീരുമാനമായി. പാരച്യൂട്ടിൽ പറന്നിറങ്ങുവാനും സ്ഫോടക വസ്തുക്കളെ തിരിച്ചറിയുന്നതിനും കഴിയുന്ന അതിസമർത്ഥനായ നായ ആയിരുന്നു കൈറോ. കൈറോയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ഇൻഫ്രാ റെഡ് ക്യാമറകൾ വഴി നായയെ നിയന്ത്രിക്കുന്നവർക്ക് കൈറോ ഇരുട്ടിൽ കാണുന്ന കാഴ്ചകൾ കാണുവാനും, ശരീരത്തിൽ വച്ചിരിക്കുന്ന സ്പീക്കറുകൾ വഴി നായയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുവാനും കഴിയും. ഇതേസമയം ഇതൊന്നും അറിയാതെ മറ്റൊരു ഭൂഖണ്ഡത്തിൽ സുരക്ഷിത ജീവിതം നയിച്ചുകൊണ്ട് കുവൈറ്റിയും ബിൻ ലാദനും പുതിയ ആക്രമണത്തിനുള്ള പദ്ധതികൾ മെനയുകയായിരുന്നു.
സീലുകൾ പരിശീലനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു. അതോടൊപ്പം മക്റാവൻ പദ്ധതിയുടെ പൂർണ്ണരൂപവും തയ്യറാക്കിയിരുന്നു. അമേരിക്കൻ ഗവണ്മെന്റിന്റെ വിരലിൽ എണ്ണാവുന്ന പ്രതിനിധികളും ഉദ്യോഗസ്ഥരേയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഒരു രഹസ്യ യോഗം പ്രസിഡന്റ് വിളിച്ചു ചേർത്തു. പങ്കെടുക്കുന്നവരുടെ ഡപ്പ്യൂട്ടികളെയോ, സെക്രട്ടറിമാരേയോ യോഗത്തിൽ കൊണ്ടുവരുന്നതിൽ നിന്നും വിലക്കിയിരുന്നു. എല്ലാ രഹസ്യ യോഗങ്ങളും വീഡിയോയിൽ പകർത്തുന്ന പതിവുണ്ടെങ്കിലും പ്രസ്തുതയോഗത്തിന് മുൻപ് ക്യാമറകൾ ഓഫ് ചെയ്യുവാൻ പ്രസിഡന്റ് നിർദ്ദേശിച്ചു. അതീവ രഹസ്യമായി സമ്മേളിച്ച ആ ഉന്നത തലയോഗത്തിൽ മക്റാവന്റെ തന്റെ പദ്ധതി വിശദീകരിച്ചു.
രണ്ടു ഹെലിക്കോപറ്ററുകളിയായി 23 സീലുകൾ ആയിരിക്കും ആക്രമണം നടത്തുന്നത്. ആദ്യത്തെ ഹെലിക്കോപ്റ്റർ 12 പേർ പോവുകയും ആറു സീലുകൾ കയറിലൂടെ കുട്ടിടത്തിന്റെ മുകളിൽ ഇറങ്ങുന്നു. ബാക്കി ആറുപേർ നിലത്തിറങ്ങി അടിനിലയിൽ നിന്നും മുകളിലേയ്ക്കു കയറുന്നു. രണ്ടാം ഘട്ടമായി 11 സീലുകൾ രണ്ടാമത്തെ ഹെലിക്കോപ്റ്ററിൽ എത്തി താഴെ നിന്നും ഓരോ നിലയും കീഴടക്കി വിശദമായി പരിശോധിച്ച് മുകളിലേയ്ക്ക് കയറുന്നു. ആകെ ആക്രമണത്തിനു അനുവദിച്ചിട്ടുള്ളത് 30 മിനിറ്റു മാത്രം. അതിനുള്ളിൽ ദൗത്യം പൂർത്തീകരിക്കണം. ഉടൻതന്നെ ജീവനോടെ പിടികൂടിയവരേയും അല്ലാത്തരേയും രണ്ടു ഹെലിക്കോപ്റ്ററിൽ കയറ്റി ഏറ്റവും അടുത്ത അഫ്ഗാനിലെ ജലാലബാദ് അമേരിക്കൻ സൈനിക താവളത്തിൽ എത്തിക്കണം. അബട്ടാബാദ് കെട്ടിടത്തിൽ നിന്നും വെറും രണ്ടു കിലോമീറ്റർ ദൂരെയുള്ള പാക്കിസ്ഥാൻ സൈനിക കോളേജിൽ വിവരം അറിഞ്ഞു അന്വേഷണം ആരംഭിക്കുമ്പോഴേയ്ക്കും ആക്രമണ സംഘം പാക്കിസ്ഥാൻ അതിർത്തി വിട്ടിരിക്കണം. അയൽപക്കത്തുള്ള താമസക്കാർ ശബ്ദം കേട്ടാലും ഒന്നും തിരിച്ചറിയാതിരിക്കുവാൻ നല്ല ഇരുട്ടുള്ള രാത്രിയിൽ ആയിരിക്കും ആക്രമണം നടത്തുന്നത്.
“ഏതെങ്കിലും കാരണത്താൽ ഉദ്യമം പരാജയപ്പെട്ടാൽ ഒരൊറ്റ സീൽ പോലും അപകടത്തിൽപ്പെടുവാനോ ഉപേക്ഷിക്കപ്പെടുവാനോ പാടില്ല. അതിന് എന്ത് ബാക്ക്-അപ്പ് പ്ലാൻ ആണ് പദ്ധതിയിൽ ഉള്ളത്?” പ്രസിഡന്റ് ഒബാമ തന്റെ ഉൽഖണ്ഠ അറിയിച്ചു. അതിനുള്ള മറുപടിയും മക്റാവെനെന്ന സമർത്ഥനായ സൈനിക ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്നു. സഹായത്തിനും ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഘട്ടം ഉണ്ടാവുകയും ചെയ്താൽ സഹായത്തിനുമായി രണ്ടു കൂറ്റൻ ഷിനൂക് ഹെലിക്കോപ്റ്റർ കൂടി സമീപത്ത് എത്തിയിട്ടുണ്ടാവും. അതിൽ 56 സീലുകളും കരുതൽ ഇന്ധനവും ഉണ്ടാവും. അവർ അബട്ടാബാദിനും അഫ്ഗാൻ സൈനിക താവളത്തിന്റേയും ഇടയിൽ പാക്കിസ്ഥാന്റെ മണ്ണിൽ നിർദ്ദേശങ്ങൾക്കായി കാത്തു കിടക്കുന്നുണ്ടാവും.
സീലുകൾ ചെന്നിറങ്ങുന്നത് വേണ്ടി നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത സ്റ്റെൽത് ഹെലിക്കോപറുകൾ വേണമെന്നും മക്റാവെൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കുവാൻ സ്റ്റീലിൽ പൊതിഞ്ഞ പ്രത്യേക തരം പുറംചട്ട ഉപകരിക്കുമെന്ന് മാത്രമല്ല, വളരെ താഴ്‌ന്ന് പറക്കുവാൻ കഴിയുന്ന നാവിഗേഷൻ സംവിധാനവും പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന അധിക ബ്ലേയ്ഡുകൾ വഴി സാധാരണ ഹെലിക്കോപ്റ്ററുകളെ അപേക്ഷിച്ചു ശബ്ദം കുറവുമാണ് ഈ മുന്തിയ ഹെലിക്കോപ്റ്ററുകൾക്ക്.
അമേരിക്കൻ ആർമിയുടെ ഇത്തരം നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത സ്റ്റെൽത് ഹെലിക്കോപ്റ്ററുകളേക്കുറിച്ച് പുറംലോകത്തിന് അജ്ഞാതമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ അതിവേഗ ഹെലിക്കോപറുകൾ പറത്തുവാൻ ആർമിയുടെ സ്പെഷ്യൽ ഓപ്പറേഷൻ ഏവിയേഷൻ റെജിമെന്റിന്റെ ഭാഗമായ നൈറ്റ് സ്റ്റേക്കേഴ്സിന്റെ സേവനവും മക്റാവെൻ ആവശ്യപ്പെട്ടു.
ജസ്കോയുടെ മുൻപിൽ മറ്റൊരു വെല്ലുവിളി കൂടി ഉണ്ടായിരുന്നു.അമേരിക്കയും പാക്കിസ്ഥാനുമായി വർഷങ്ങൾ നീണ്ടു നിന്ന സൈനിക സഹകരണം നിമിത്തം തന്ത്രപ്രധാനമായ ഒട്ടനവധി വിവരങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. പാക്-അഫ്ഗാൻ മേഘലയിലെ നേവൽ-ആർമി ബേയ്സുകൾ, അവിടെ വന്നിറങ്ങുന്ന വിമാനങ്ങൾ, ഹെലിക്കോപ്ടറുകൾ, തുടങ്ങിയ മിക്ക വിവരങ്ങളും ഇരു രാജ്യത്തെ സൈനിക ഉദ്യോഗസ്ഥർക്കും ലഭ്യമാകുന്ന വിവരങ്ങൾ ആയിരുന്നു. ഒട്ടനവധി സുരക്ഷ വെബ് സൈറ്റുകളും ഇരു രാജ്യങ്ങൾക്കും ഇടയിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. അതുകൊണ്ട് പാക് സൈനിക മേലധികളറിയാതെ നടത്തുന്ന കമാൻഡോ ഓപ്പറേഷൻ പാളിപ്പൊകാതിരിക്കുവാനും രഹസ്യമായിരിക്കുവാനും വളരെയേറെ മുൻകരുതലുകൾ എടുക്കേണ്ടിയിരുന്നു.
26 ഏപ്രിൽ 2011 അമേരിക്കൻ സീലുകൾ പ്രത്യേക വിമാനത്തിൽ അഫ്ഗാനിസ്ഥാനിലെ ജലാലബാദിൽ വന്നിറങ്ങി. നിലാവില്ലാത്ത രാത്രിയിൽ ആക്രമണം നടത്തുവാൻ മക്റാവൻ യോചിച്ച ദിവസം തിരഞ്ഞെടുത്തു. ഇനി മൂന്നു ദിവസങ്ങൾ മാത്രം. ഇതിനകം അബട്ടാബാദിലെ നിരീക്ഷകരുടെ അവസാനം നിഗമനം പ്രസിഡന്റ് ആവശ്യപ്പെട്ടു. 8 മാസത്തെ നിരന്തര നിരീക്ഷണങ്ങൾക്ക് ഒടുവിൽ അവർ, പെയ്സർ ബിൻലാദൻ ആയിരിക്കുവാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ് എന്ന് അവർ അറിയിച്ചു.
ഇനി ഒന്നു മാത്രമേ അവശേഷിക്കുന്നുള്ളൂ. കമാൻഡോ ഓപ്പറേഷനുള്ള പ്രസിഡന്റിന്റെ അവസാന നിർദ്ദേശം. മക്റാവെൻ അതിനുവേണ്ടി കാത്തു. ഇന്റെലിജൻസ് ഉദ്യോഗസ്ഥന്മാരുടെ അന്തിമ യോഗം പ്രസിഡന്റ് വിളിച്ചു ചേർത്തു. വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും പരിഗണിച്ച അന്തിമ വിശകലനത്തിനുവേണ്ടി ഒരു റെഡ് ടീമിനെ നിയോഗിക്കുവാൻ യോഗത്തിൽ തീരുമാനമായി.
റെഡ് ടീം. ഒരു ചെറിയ സംഘം സ്വതന്ത്ര വിശകലന വിദഗ്ദ്ധരുടെ സമിതിയാണ് റെഡ് ടീം. ഈ പ്രക്രിയയിൽ ഇതുവരെ അംഗമാവുകയോ ഈ അന്വേഷണത്തെ സംബന്ധിച്ച് ഒരു വിവരമോ ലഭിച്ചിട്ടില്ലാത്ത സി. ഐ ഏ യ്ക്കു പുറത്തുള്ള സംഘത്തിന്റെ മുന്നിൽ ഇന്നു വരെ കണ്ടെത്തിയ വസ്തുതകളും അതിന്മേലുള്ള നിഗമനങ്ങളും, അതിൻപ്രകാരമുള്ള നടപടികളും വിശദമായി പ്രതിപാദിച്ച് പുതിയ അഭിപ്രായം സ്വീകരിക്കുന്ന രീതിയാണത്. മുൻവിധികളോ ഒരുവിധ സ്വാധീനമോ ഇല്ലാതെ സ്വതന്ത്രമായി പ്രശ്നത്തെ സമീപിക്കുന്ന റെഡ് ടീമിലെ വിദഗ്ദ്ധർക്ക് താരമ്യേന കൂടുതൽ കാര്യക്ഷമമായും അതേ സമയം പുതിയ ഒരു വീക്ഷണ കോണിൽ നിന്നും പഠിക്കുവാൻ കഴിയും. എല്ലാ പഴുതുകളും അടക്കുവാൻ ഇതു ഉപകരിക്കുകയും ചെയ്യും.
28 ഏപ്രിൽ 2011 മക്റാവന് അന്തിമ നിർദ്ദേശം കൊടുക്കാമെന്നു പ്രസിഡന്റ് സമ്മതിച്ചിരുന്ന ദിവസം. റെഡ് ടീമിന്റെ നിഗമനം പ്രസിഡന്റിന് ലഭിച്ചു. പെയ്സർ ബിൻ ലാദൻ ആകുവാനുള്ള സാധ്യത വെറും 40 മുതൽ 60 ശതമാനം മാത്രമാണ് എന്നായിരുന്നു റെഡ് ടീമിന്റെ അഭിപ്രായം. സി.ഐ.ഏയുടെ നിഗമനത്തേക്കാൾ വളരെ കുറഞ്ഞ സാദ്ധ്യതയായിരുന്നു റെഡ് ടീമിന്റെ അഭിപ്രായത്തിൽ. ഇതു പ്രസിഡന്റിനെ ഒരു തീരുമാനത്തിൽ എത്തുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. അവസാനമായി ഒബാമ തന്റെ നാഷണൽ സെക്യൂരിറ്റി സംഘത്തിന്റെ ഓരോരുത്തരോടും ഈ വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായപ്പെടണമെന്ന് ആവശ്യപ്പെട്ടു. പകുതിപ്പേർ അനുകൂലമായും പകുതിപ്പേർ പ്രതികൂലമായും പ്രതികരിച്ചു.
“തീരുമാനത്തിൽ എത്തുവാൻ കഴിയാത്തതുകൊണ്ട് പിരിയാം” പ്രസിഡന്റ് അംഗങ്ങളെ അറിയിച്ചു. “നാളെ രാവിലെ ഞാൻ എന്റെ തീരുമാനം അറിയിക്കും.” ആകാംഷയോടെ കാത്തിരുന്നവരെ അംബരപ്പിച്ചുകൊണ്ട് ഒബാമ രാവിലെ തന്റെ തീരുമാനം അറിയിച്ചു: “നമ്മൾ ഈ ദൗത്യവുമായി മുന്നോട്ടു പോകുന്നു.” അബട്ടാബാദിലെ സി ഐ ഏ നിരീക്ഷകരോട് ദൗത്യം പൂർത്തിയാക്കിയതുകൊണ്ട് ഉടൻ തന്നെ മടങ്ങിപ്പോരുവാൻ നിർദ്ദേശിച്ചു.
30 ഏപ്രിൽ 2011 ജലാലബാദ്. മക്റാവന് പ്രസിഡന്റിന്റെ നിർദ്ദേശം ലഭിച്ചു. “ഗോ എഹെഡ്!!” സീലുകൾ അവസാനവട്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു. കഴിഞ്ഞ മുപ്പതു ദിവസത്തെ കഠിന പരിശീലനത്തിന്റെ ഒടുവിൽ ആക്രമണത്തിനുള്ള അവസാന നിമിഷത്തിൽ അവരുടെ കൈകളിൽ മക്റാവൻ ഓരോ പ്രിന്റഡ് ബുക്ക് ലെറ്റുകൾ നൽകി. അബട്ടാബാദിലെ കെട്ടിടത്തിനുള്ളിൽ കാണുവാൻ സാദ്ധ്യതയുള്ളവരുടെ ചിത്രങ്ങളും വിവരണങ്ങളും ഓരോരുത്തരേയും തിരിച്ചറിയുവാനുള്ള അടയാളങ്ങളും ആയിരുന്നു ആ ബുക്കുകളിൽ.
“Name of the target for this mission is Osama Bin Ladan” മക്റാവന്റെ ഘനഗംഭീര സ്വരം മുഴങ്ങി. സീലുകൾക്ക് തങ്ങൾ ഏർപ്പെടുന്ന ദൗത്യത്തിന്റെ ഗൗരവം മനസിലായി. അതേസമയം ഒബാമ തന്റെ എല്ലാ പൊതുപരിപാടികളും റദ്ദു ചെയ്യുവാൻ ആവശ്യപ്പെട്ടു. മാത്രമല്ല, സന്ദർശകരുടെയും പത്രപ്രവർത്തകരുടെയും വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനവും നിഷേധിച്ചു.
1 മെയ് 2011. ലയോൺ പിനഡേ പതിവു പോലെ പള്ളിയിൽ പോയി, തുടർന്ന് വൈറ്റ് ഹൗസിൽ ചില അത്യാവശ്യമുണ്ട് എന്നു ഭാര്യയോട് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. ഒബാമ പ്രഭാതത്തിലെ ഗോൾഫ് കളി മുടക്കിയില്ല. ഒരു പത്രപ്രവർത്തകനുപോലും സംശയം തോന്നാത്ത വിധം അടഞ്ഞ വൈറ്റ് ഹൗസിനുള്ളിൽ ഓരോരുത്തരായി എത്തി. ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ പത്ര പ്രവർത്തകരുടെ നിതാന്ത നിരീക്ഷണത്തിലാണ് വൈറ്റ് ഹൗസ്. അവരിൽ പലർക്കും വൈറ്റ് ഹൗസിനുള്ളിൽ നിന്നും വാർത്തകൾ ചോർത്തിക്കൊടുക്കുന്ന രഹസ്യ സുഹൃത്തുക്കളും ഉന്നത തലബന്ധങ്ങളുമുണ്ട്. അവർക്കൊന്നും ഒരു ചെറിയ സൂചന പോലും കിട്ടരുത് എന്നു ഒബാമയ്ക്ക് നിർബന്ധമുണ്ടായിരുന്നു.
പാക്കിസ്ഥാൻ സമയം രാത്രി 10.30. ജലാലബാദിൽ നിന്നും സീലുകളേയും വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്ടറുകൾ പറന്നുയർന്നു. രണ്ടു സ്റ്റെൽത് ബ്ലാക്ക്ഹോക്ക് ഹെലിക്കോപ്റ്ററുകളിലായി 23 സീലുകളും കൈറോയും രണ്ടു ഷിനൂക് ഹെലിക്കോപ്റ്ററുകളിലായി കരുതൽ ഇന്ധനവും സഹായികളായി 56 സീലുകളും പാക് വ്യോമ അതിർത്തിയിലേക്ക് പ്രവേശിച്ചു. അതേസമയം മുപ്പതു വർഷത്തിനുള്ളിൽ ആദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് കമാൻഡോ ഓപ്പറേഷന്റെ തൽസമയം ദൃശ്യങ്ങൾ നേരിൽ കാണുവാൻ വൈറ്റ് ഹൗസിൽ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.
പാക്കിസ്ഥാൻ സമയം രാത്രി 10.30. ജലാലബാദിൽ നിന്നും സീലുകളേയും വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്ടറുകൾ പറന്നുയർന്നു. രണ്ടു സ്റ്റെൽത് ബ്ലാക്ക്ഹോക്ക് ഹെലിക്കോപ്റ്ററുകളിലായി 23 സീലുകളും കൈറോയും രണ്ടു ഷിനൂക് ഹെലിക്കോപ്റ്ററുകളിലായി കരുതൽ ഇന്ധനവും സഹായികളായി 56 സീലുകളും പാക് വ്യോമ അതിർത്തിയിലേക്ക് പ്രവേശിച്ചു.
സമയം രാത്രി 12.45 ഹെലിക്കോപ്റ്ററുകൾ കോമ്പണ്ടിന് സമീപം എത്തിച്ചേർന്നു. അബട്ടാബാദിലെ പാക്കിസ്ഥാൻ സൈനിക അക്കാഡമിയുടെ റാഡാറിന്റെ പരിധി 65 കിലോമീറ്റർ മാത്രം. ഷുനൂക് ഹെലിക്കോപ്റ്റർ രണ്ടും പട്ടണത്തിനു വെളിയിൽ റഡാറിന്റെ പരിധിക്കും അപ്പുറം മുൻനിശ്ചയിച്ചിരുന്ന ആളൊഴിഞ്ഞ ഗ്രൗണ്ടിൽ ഇറങ്ങി. ബ്ലാക് ഹോക് ഹെലിക്കോപ്‌റ്ററിൽ നിന്നും കിട്ടുന്ന സന്ദേശങ്ങൾക്ക് കാതോർത്തുകൊണ്ട് ഇരുളിന്റെ മറവിൽ ഏതു അടിയന്തര ഘട്ടത്തേയും നേരിടുവാൻ തയ്യാറായി 56 സീലുകളും ആവശ്യത്തിന് കരുതൽ ഇന്ധനവുമായി കാത്തു കിടന്നു. ബ്ലാക് ഹോക്ക് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്ന സീലുകൾ യുദ്ധ സന്നദ്ധരായി, ആയുധങ്ങൾ അവസാന വട്ടം പരിശോധനകൾ നടത്തുവാൻ തുടങ്ങി.
അത്യാധുനികവും ഭാരം കുറഞ്ഞതുമായ ഹെക്‌ലർ & കോച്ച് 416 (HK416) റൈഫിളുകളും P226 പിസ്റ്റണുകളും ആയിരുന്നു സീലുകളുടെ ആയുധങ്ങൾ.. ഇനി നിമിഷങ്ങൾ മാത്രം. ചിലർ മക്റാവൻ കൊടുത്ത ബുക്‌ലെറ്റ് ഒരു വട്ടം കൂടി എടുത്തു നോക്കി, ഒന്നാമത്തെ പേജിൽ മുഖ്യശത്രു ബിൻ ലാദന്റെ ചിത്രവും വിവരങ്ങളും. സീലുകൾക്ക് ഒരു ഭാവഭേദവും ഉണ്ടായില്ല. അവരുടെ ശത്രുവിനു മുഖമില്ല. ശത്രു എന്നും ശത്രു മാത്രം, ലക്ഷ്യം വിജയവും.
“കെട്ടിടത്തിന്റെ ഏതു മൂലയിലും ആയുധധാരികൾ ഒളിച്ചിരിക്കുന്നുണ്ടാവും.” മക്റാവന്റെ വാക്കുകൾ അവർ ഓർമ്മിച്ചു. “സൂയിസൈഡ് ബോംബുമായി കാവൽ നിൽക്കുന്നവരേയും പ്രതീക്ഷിക്കാം. നിമിഷാർദ്ധത്തിനുള്ളിൽ തീരുമാനമെടുക്കുകയും സംശയം തോന്നുന്ന നിമിഷം മുന്നിൽ കാണുന്നവരെ വക വരുത്തുകയും ചെയ്യണം.” “കഴിയുമെങ്കിൽ, സിവിലിയന്മാരെ ആക്രമിക്കരുത്.” സംഘത്തിൽ ഉർദ്ദു നന്നായി സംസാരിക്കാനറിയാവുന്ന ഒരു അംഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. “എങ്കിലും ശബ്ദം കേട്ട് അയൽക്കാർ ഓടി വർന്നാൽ ഉർദു അറിയാവുന്ന സീൽ അവരോട് മറി നിൽക്കുവാൻ ആജ്ഞാപിക്കുക. ആരെങ്കിലും എതിർക്കുകയോ ഇടപെടുകയോ ചെയ്താൽ മറ്റൊരു നിർദ്ദേശത്തിന് കാത്തു നിൽക്കാതെ ആരായാലും ഷൂട്ട് ചെയ്യുക.” മക്റാവന്റെ അവസാനത്തെ നിർദ്ദേശം അതായിരുന്നു.
മൂന്നു വ്യത്യസ്ഥ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് അമേരിക്കയുടെ സൈനീക-രാഷ്ട്രീയ തലവന്മാർ; സുരക്ഷിതമായ നെറ്റ്‌വർക്കുകൾ വഴി തൽസമയം പരസ്പരം കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. അമേരിക്കയിലെ വൈറ്റ് ഹൗസിനുള്ളിൽ പ്രസിഡന്റും വിരലിൽ എണ്ണാവുന്ന സുരക്ഷാ ഉപദേശകരും അഫ്ഗാനിസ്ഥാനിലെ ജലാലബാദ് സൈനീക താവളത്തിൽ ഓപ്പറേഷൻ ടീം ലീഡർ വില്യം മക്റാവൻ, പാക്കിസ്ഥാനിലെ അബട്ടാബാദ് പട്ടണത്തിന് വെളിൽ 65 കി.മീ. ദൂരത്തിൽ രണ്ടു ഷുനൂക് ഹെലിക്കോപ്റ്ററുകളിലായി 56 സീലുകൾ, രണ്ടു ബ്ലാക് ഹോക്ക് ഹെലിക്കോപ്റ്ററുകളിൽ 23 സീലുകൾ, ഈ രഹസ്യ സൈനിക നീക്കം അറിയാവുന്നവർ ഇത്രയും പേർ മാത്രം.
ഹെലിക്കോപ്റ്ററിൽ നിന്നും ജലാല ബാദിലെ സൈനിക താവളത്തിലെ മക്റാവനുമായുള്ള ആശയവിനിമയം സെക്വേർഡ് ടെക്സ്റ്റ് മെസേജുകൾ (Secured Text Messages) വഴിയായിരുന്നു. മറ്റു സന്ദേശ തരംഗങ്ങൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ റിസീവറുകൾ പിടിച്ചെടുക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട് ഇപ്രകാരം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ഒന്നാമത്തെ ബ്ലാക് ഹോക് ഹെലിക്കോപ്റ്റർ കെട്ടിടത്തിന്റെ മുകളിൽ എത്തി. കോമ്പൗണ്ടും പരിസരവും ഇരുളിൽ മുങ്ങി നിൽക്കുന്നു. വളരെ താഴ്‌ന്ന് പറന്ന ഹെലിക്കോപ്റ്ററിൽ നിന്നും ആറു സീലുകൾ കെട്ടിടത്തിന്റെ മുകളിൽ കയറിൽ തൂങ്ങി ഇറങ്ങുവാൻ തയ്യാറെടുത്തു. സീലുകൾ ഇറങ്ങിയതിനു ശേഷം കോമ്പൗണ്ടിനുള്ളിലെ വിശാലമായ സ്ഥലത്ത് ഹെലിക്കോപ്റ്റർ ലാൻഡ്ചെയ്യണം.
വൈറ്റ് ഹൗസിൽ ഒബാമയും സംഘവും ശ്വാസമടക്കി നോക്കി നിൽക്കുമ്പോൾ സീലുകളുടേ ഹെഡ്ഫോണിൽ മക്റാവന്റെ ശബ്ദം മുഴങ്ങി. “സ്റ്റാർട്ട്” പെട്ടെന്ന് ഹെലിക്കോപ്റ്റർ ഒന്നു ശക്തമായി കുലുങ്ങി ഒരു വശത്തേയ്ക്കു ചരിഞ്ഞു. പിന്നീട് വട്ടം ചുറ്റുവാൻ തുടങ്ങി. ആർക്കും ഒന്നും മനസിലാകുന്നില്ല. പൈലറ്റ് നിയന്ത്രണം നഷ്ടപ്പെടാതിരിക്കൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. പുറത്തേയ്ക്ക് ചാടുവാൻ തയ്യാറെടുത്തിരുന്ന സീലുകൾ പെട്ടെന്ന് വാതായനങ്ങൾ അടച്ചു. എന്തോ അപടം പിണഞ്ഞിരിക്കുന്നു എന്നു വൈറ്റ് ഹൗസിനുള്ളിൽ ഇരിക്കുന്നവർക്ക് മനസിലായി, എങ്കിലും എങ്ങിനെ പ്രതികരിക്കണമെന്ന് അറിയാതെ സ്തംഭിച്ചു പോയി. തികച്ചും അപ്രതീക്ഷിതമായ എന്തോ കോമ്പൗണ്ടിനുള്ളിൽ നടക്കുകയാണ്.
ഒരു നിമിഷം, മക്റാവന്റെ സൈനിക ബുദ്ധി ഉണർന്നു. ഹെലിക്കോപ്റ്ററിന്റെ പ്രൊപ്പെല്ലർ കറങ്ങുന്നതുകൊണ്ട് ഉയർന്ന മതിനുള്ളിൽ ശക്തമായി ചുഴി രൂപപ്പെട്ടിരിക്കുന്നു. ഹെലിക്കോപ്റ്റർ ആ ചുഴിയിൽ പെട്ടിരിക്കുകയാണ്. റീസർകുലേഷൻ എന്ന് വിദഗ്ദ്ധർ വിളിക്കുന്ന പ്രതിഭാസമാണ് ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയത്. സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു രംഗം തുടക്കത്തിൽ തന്നെ അരങ്ങേറുന്നു. സീലുകളെ കെട്ടിടത്തിന്റെ മുകളിൽ ഇറക്കുവാൻ സാദ്ധ്യമല്ലെന്നും അതിനു ശ്രമിച്ചാൽ ഏതു നിമിഷവും മതിക്കെട്ടിനുള്ളിൽ ഹെലിക്കോപ്റ്റർ പതിക്കുമെന്നും നൈറ്റ് സ്റ്റേക്കറിന്റെ വിദഗ്ദ്ധനായ പൈലറ്റ് മക്റാവനെ അറിയിച്ചു.
ഒന്നിലധികം സ്ഥാനങ്ങളിൽ നിന്നും ശത്രുവിനെ ആക്രമിക്കുന്നത് ഒരു മികച്ച യുദ്ധ തന്ത്രം ആണ്. ഒരേസമയം കെട്ടിടത്തിന്റെ താഴെ നിന്നും മുകളിൽ നിന്നും കടന്നു കയറി, കെട്ടിടത്തിന്റെ നടുവിൽ വച്ച് സീലുകൾ കൂട്ടിമുട്ടുന്ന വിധമായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ആ തന്ത്രം ഇപ്പോൾ ഉപേക്ഷിക്കാതെ വയ്യ. ഇല്ലെങ്കിൽ ഒരു ദുരന്തം ഏതു നിമിഷവും സംഭവിക്കാം. ലാൻഡ് ചെയ്യുവാൻ മക്റാവൻ നിർദ്ദേശം നൽകി, അപ്പോഴേയ്ക്കും ഹെലിക്കോപ്റ്റർ നിലത്ത് ഇടിച്ചിറങ്ങിയിരുന്നു.
“Black hawk -1 is down”- മക്രാവന്റെ ശബ്ദം വൈറ്റ് ഹൗസിനുള്ളിൽ ഭീതി പരത്തി. ഹെലിക്കോപ്റ്ററിന്റെ പ്രൊപ്പെല്ലറുകൾ മതിൽ ഇടിച്ചു സാരമായ കേടു പാടുകൾ സംഭവിച്ചു. കെട്ടിടത്തിന്റെ ആയിരക്കണക്കിന് അടി ഉയരത്തിലെ ഭ്രമണപഥത്തിൽ സെറ്റ് ചെയ്തിരുന്ന ഉപഗ്രഹത്തിൽ നിന്നും അയക്കുന്ന തത്സമമയ ദൃശ്യങ്ങൾ ഒബാമയും കൂട്ടരും നിസ്സഹരായി കണ്ടു കൊണ്ടിരുന്നു. 28 മില്യൺ ഡോളർ വില വരുന്ന ഹെലിക്കോപ്റ്ററാണ് ഭാഗീകമായി തകർന്നിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 15 വർഷങ്ങളായി ബിൻ ലാദൻ വേട്ടയ്ക്ക് വേണ്ടി അമേരിക്കൻ ഭരണകൂടം ഏതാണ്ട് മൂന്ന് ട്രില്ല്യൺ അമേരിക്കൻ ഡോളർ ചിലവഴിച്ച കഴിഞ്ഞിരുന്നു. അതു വച്ചുനോക്കുമ്പോൾ ഇതു നിസ്സാര തുക മാത്രം. സി.ഐ.ഏ യുടെ മോസ്റ്റ് വാണ്ടട് ലിസ്റ്റിൽ ലാദൻ കയറിപ്പറ്റിയിട്ട് 155 മാസങ്ങൾ ആയിരിക്കുന്നു. നിരവധി ഓപ്പറേഷനുകൾ ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വളരെ കൃത്യമായ ലക്ഷ്യത്തോടെ ഒരു നീക്കം നടത്തുന്നത്. എല്ലാറ്റിന്റേയും അവസാനമായി എന്നു കരുതി അതിജാഗ്രതയോടെ തയ്യാറാക്കിയ പദ്ധതിയാണ് തുടക്കത്തിൽ തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
എങ്കിലും, ഏത് അപ്രതീക്ഷിത ഘട്ടത്തേയും നേരിടുവാൻ കഴിയുന്ന അസാമാന്യമായ കഴിവും ധൈര്യവും സഹജാവബോധവുള്ള ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു വില്യം മക്റാവെൻ. സീലുകൾക്ക് അപകടം ഒന്നും സംഭവച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ മക്റാവന്റെ ശബ്ദം സീലുകളുടെ ഹെഡ്ഫോണിൽ കേട്ടു: “മിഷൻ കണ്ടിന്യൂ”. സീലുകൾ തങ്ങളുടെ ദൗത്യത്തിനു തയ്യാറായി, ഓരോരുത്തരായ ഇരുളിലേയ്ക്ക് ഇറങ്ങി, ഹെൽമറ്റിൽ ഘടിപ്പിച്ചിരുന്ന ടോർച്ച് ഓൺചെയ്തു, കെട്ടിടത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
ഒരു നിമിഷം പതറിപ്പോയ മക്റാവൻ വീണ്ടും ഊർജ്ജ്വസലനായി. രണ്ടാമത്തെ ഹെലിക്കോപ്റ്റർ കോമ്പണ്ടിന് വെളിയിൽ ലാൻഡ് ചെയ്യുവാൻ നിർദ്ദേശം നൽകി. അതിൽ നിന്നും സീലുകൾ നിമിഷങ്ങൾക്കുള്ളിൽ വെളിയിൽ ഇറങ്ങി, 18 അടി ഉയരമുണ്ടായിരുന്ന മതിൽ ചാടിക്കടന്നു, കെട്ടിടത്തെ ലക്ഷമാക്കി നടന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തിക്കൊണ്ടിരുന്ന കഠിനമായ പരിശീലത്തിന്റെ ഫലമായി കൗമ്പണ്ടിനുള്ളിലെ ഓരോ ഇഞ്ചു സ്ഥലവും സീലുകൾക്ക് പരിചിതമായതുപോലെ ആയിരുന്നു അവരുടെ നീക്കം. എല്ലാം സീലുകളും മതിൽകെട്ടിനുള്ളിൽ പ്രവേശിച്ചു. താമസക്കാർ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. കെട്ടിടം പൂർണമായ അന്ധകാരത്തിൽ മുങ്ങിക്കിടന്നു. കെട്ടിടത്തിന്റെ അടുത്ത് എത്തിയ സീലുകൾ ചെറു സംഘങ്ങളായി പിരിഞ്ഞു. കെട്ടിടത്തിന്റെ നാലു വശങ്ങളിൽനിന്നും കെട്ടിടത്തെ വളഞ്ഞ്, പതുങ്ങിപ്പതുങ്ങി കെട്ടിടത്തിന്റെ അടുത്തേയ്ക്കു നീങ്ങിക്കൊണ്ടിരുന്നു.
പെട്ടെന്നു കെട്ടിടത്തിന് വെളിയിലെ ചെറിയ ഗസ്റ്റ് ഹൗസിലെ ലൈറ്റ് തെളിഞ്ഞു.
എന്തോ സംഭവിക്കുന്നതായി ഗസ്റ്റ് ഹൗസിലുള്ളവർക്ക് മനസ്സിലായിക്കാണണം. സീലുകൾ നിശബ്ദരായി അതാതു സ്ഥങ്ങളിൽ പതുങ്ങി ഇരുന്നു. ചില്ലു ജനാലയിലൂടെ അകത്താരോ ദ്രുതഗതിൽ ചലിക്കുന്നത് കാണാമായിരുന്നു. അതെ, അവർ അപകടം അറിഞ്ഞിരിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ഗസ്റ്റ് ഹൗസിന്റെ വാതിൽ തുറക്കപ്പെട്ടു. നേവി സീലുകൾ പ്ര്തീക്ഷിച്ചതുപോലെ ഒരു യന്ത്രതോക്കിന്റെ ബാരൽ വെളിയിലേക്ക് നീണ്ടു വന്നു.
ഒരു നിമിഷം, കെട്ടിടത്തിന്റെ മെയിൻ സ്വിച്ചിന്റെ സമീപത്ത് നിലയുറപ്പിച്ച സീൽ കൈയ്യിൽ കരുതിയിരുന്ന കട്ടർ ഉപയോചിച്ച് കെട്ടിടത്തിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പെട്ടെന്നു വെളിച്ചം പോയപ്പോൾ ഗസ്റ്റ് ഹൗസിനുള്ളിൽ നിന്നും സ്ത്രീകളുടെ നിലവിളിശബ്ദം ഉയർന്നു. അല്പസമയത്തിനുള്ളിൽ ആയുധധാരിയായ മനുഷ്യൻ ഇരുട്ടിലേയ്ക്കു ഇറങ്ങി വന്നു. പതുങ്ങിയിരുന്ന സീലുകൾക്ക് ഒന്നും ആലോചിക്കാനുണ്ടായിരില്ല, H&K 416 റൈഫിളിൽ നിന്നും തുരു തുരെ വെടിയുണ്ടകൾ പാഞ്ഞു. ആയുധധാരിയുടേയും ഭാര്യയുടേയും ശരീരത്തിലൂടെ നിരവധി വെടിയുണ്ടങ്കൾ കടന്നു പോയി. ഒന്ന് നിലവിളിക്കാൻ കൂടി കഴിയാതെ അവർ രണ്ടും നിലം പൊത്തി. താഴെ വീണയാളുടെ സമീപത്ത് ചെന്ന് ഒരു സീൽ കൈയ്യിലിരുന്ന ബുക്ക്‌ലെറ്റ് തുറന്ന് ഹെഡ് ലൈറ്റിന്റെ സഹായത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു. അൽ കുവൈറ്റിയും ഭാര്യയും ആയിരുന്നു അത്. മുഖത്തിന്റെ വിവിധ ചിത്രങ്ങൾ എടുത്തു കഴിഞ്ഞപ്പോഴേയ്ക്കും മറ്റ് സീലുകൾ പതുങ്ങി കെട്ടിടത്തിന്റെ അടി നിലയിൽ എത്തിക്കഴിഞ്ഞു.
അപ്പോഴേയ്ക്കും ശബ്ദം കേട്ട് അയൽക്കാർ എഴുന്നേറ്റ് തുടങ്ങി. ചിലർ കെട്ടിടത്തിനുചുറ്റും എത്തി. ക്രാഷ് ലാൻഡ്ചെയ്ത ഹെലിക്കോപ്റ്ററിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. “ഇധർ ക്യാ ഹോ രഹാ ഹൈ?” ഒരു അയക്കാരൻ വിളിച്ചു ചോദിച്ചു. “ഇധർ മിലിട്ടറി റിഹേഴ്സൽ ചൽ രഹാ ഹൈ.” ഉറുദു സംസാരിക്കാനറിയാവുന്ന സീൽ പ്രതിവചിച്ചു. എങ്കിലും നാട്ടുകാർ പിരിഞ്ഞു പോയില്ലെന്ന് മാത്രമല്ല അവരുടെ എണ്ണം കൂടിക്കൂടി വന്നു കൊണ്ടിരുന്നു. ആക്രമണം തുടങ്ങിയിട്ട് 7 മിനിറ്റുകൾ കഴിഞ്ഞുവെങ്കിലും സീലുകൾക്ക് കെട്ടിടത്തിനുള്ളിൽ കയറുവാനായിട്ടില്ല. ഇനി വെറും 23 മിനിറ്റുകൾ മാത്രം. അവരുടെ ഒരു സംഘം അടിനിലയിലുള്ള ഒരു കൂറ്റൻ ഇരുമ്പുവാതിലിന്റെ സമീപം എത്തി. തങ്ങളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആ വാതിൽതുറന്നപ്പോൾ സീലുകൽ പകച്ചു പോയി. ആ വാതിലിന് പിന്നിൽ ഭിത്തി കെട്ടി മറച്ചിരുക്കുന്നു.
മറ്റൊരു സീൽ ഉടൻ തന്നെ ഭിത്തി തകർക്കുന്ന ചെറിയ ബോംബ് എടുത്ത് ഭിത്തിയിൽ ഘടിപ്പിച്ചു. റിമോട്ട് കണ്ട്രോളുമായി അല്പം മാറിനിന്നിട്ടു ആ സംഘത്തിനുമാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു: “ഫയറിംഗ് “. ഒരു നിമിഷം കൈയ്യിലിരുന്ന റിമോട്ടിൽ വിരലമർന്നു. ഒരു വലിയ ശബ്ദത്തോടെ ആ ഭിത്തി തകർന്നു വീണു. ഓരോരുത്തരായി അകത്തു കടന്നു. അതോടെ വൈറ്റ്ഹൗസിൽ ഉള്ളവർക്കു വീഡിയോ ദൃശ്യങ്ങൾ നഷ്ടമായി. കെട്ടിടം പൂർണ്ണമായും ഇരുട്ടിൽ ആയിരുന്നു. സീലുകളുടെ ഹെൽമറ്റിൽ ഘടിപ്പിച്ചിരിന്ന ടോർച്ചിന്റെ വെളിച്ചം മാത്രം. അടിനിലയിയുള്ള ഓരോ മുറിയിലും സീലുകൾ കയറിയിറങ്ങി. മുകളിലേയ്ക്കു കയറാൻ ഒരൊറ്റ സ്റ്റെയർ കെയ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് തികച്ചും അപകടരമായ ഒരു അവസ്ഥയായിരുന്നു. രക്ഷപ്പെടുവാനായാലും ആക്രമിക്കുവാനായാലും ഒരൊറ്റ വഴിമാത്രം. എങ്കിലും സീലുകൾ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരാൾ പടികൾക്കു മുകളിലേക്ക് കയറുന്നത് ഒന്നാമത്തെ സീലിന്റെ കണ്ണിൽപ്പെട്ടു. അയാൾക്ക് തിരിച്ച് ആയുധമെടുക്കാൻ കഴിയുന്നതിനും മുൻപേ അയാളേയും വെടി വച്ചു വീഴ്‌ത്തി. അതു കുവൈറ്റിയുടെ സഹോദരൻ ആയിരുന്നു. രണ്ടാമത്തെ നിലയിൽ പ്രധാനമായും സ്ത്രീകളും കുട്ടികളും ആയിരുന്നു. ഭയന്നോടിയവരെ പിടികൂടി ഓരോരുത്തരെയായി പരിശോധിച്ചു. സുരക്ഷിതരായി ദീർഘകാലം കഴിഞ്ഞതുകൊണ്ടാവണം ആരും ഇത്തരം ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. ആരുടെ കൈയ്യിലും ആയുധങ്ങളും ഉണ്ടായിരുന്നില്ല. കുട്ടികളേയും സ്ത്രീകളേയും വിലങ്ങിട്ടു വായ് മൂടിക്കെട്ടി ഒരു മുറിയിലാക്കി കാവൽ ഏർപ്പെടുത്തിയ ശേഷം ബാക്കിയുള്ളവർ അടുത്ത നിലയിലേയ്ക്ക് കയറുവാൻ തുടങ്ങി.
പടികൾക്ക് മുകളിൽ ഒരു ചെറിയ ചലനം, ഒറ്റൊറ്റ നിമിഷം. പടികൾക്ക് മുകളിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ആദ്യമായി ബിൻലാദനെ നേരിട്ടു കണ്ടു. ഹെൽമെറ്റിലെ ടോർച്ചിന്റെ വെളിച്ചത്തിൽ തന്റെ നേരെ ചൂണ്ടപ്പെട്ടിരിക്കുന്ന യന്ത്രത്തോക്കിന്റെ ബാരൽ ബിൻലാദനും കണ്ടു. “ജിറോനിമോ കൺഫേംഡ്”. മക്റാവന്റെ ശബ്ദം വൈറ്റ് ഹൗസിനുള്ളിൽ ഇരുന്നവരുടെ ഹൃദയമിപ്പ് വർദ്ധിപ്പിച്ചു. പെനേഡ യാന്ത്രികമായി മക്റാവന്റെ സന്ദേശം ആവർത്തിച്ചു “ജിറോനിമോ കൺഫേംഡ്”!!
ഈ ഓപ്പറേഷനിൽ ബിൻ ലാദന് നൽകിയിരുന്നു രഹസ്യ നാമമായിരുന്നു ജിറോനിമോ. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കൻ മിലിട്ടറിയുടെ തലവേദനയായിരുന്ന ഗിരിവർഗ്ഗ നേതാവും കുപ്രസിദ്ധ ഒളിപ്പോരാളിയുമായിരുന്നു ജിറോനിമോ. മെക്സിക്കോയുടെയും അമേരിക്കയുടെയും ഇടയിലുണ്ടായിരുന്ന വനങ്ങളും പർവ്വത പ്രദേശങ്ങളും താവളമാക്കി പ്രവർത്തിച്ചിരുന്ന ജിറോനിമോ പിന്നീട് അമേരിക്കൻ പട്ടാളക്കാർക്ക് കീഴടങ്ങുകയാണുണ്ടായത്. പ്രവർത്ത രീതിയിലുള്ള സാമ്യമാണ് ബിൻലാദന് ജിറോനിമോ എന്ന രഹസ്യ നാമം നൽകുവാൻ ഒബാമയെ പ്രേരിപ്പിച്ചത്.
രണ്ടു രഹസ്യ സന്ദേശങ്ങളാണ് സീലുകൾക്ക് പ്രധാനമായും നൽകിയിരുന്നത്. അബട്ടാബാദിലെ കെട്ടിടത്തിനുള്ളിൽ ബിൻലാദൻ ഉണ്ട് എന്ന് ഉറപ്പായാൽ “ജിറോനിമോ കൺഫേംഡ് ” എന്നും, ബിൻലാദൻ കൊല്ലപ്പെട്ടാൽ “ജിറോനൊമോ EKIA” (Enemy Killed In Action) എന്നും ആയിരുന്നു ജലാലബാദിലുള്ള മക്റാവന് അയച്ചുകൊടുക്കേണ്ടുന്ന രഹസ്യ സന്ദേശങ്ങൾ. അതിൽ ഒന്നാമത്തെ രഹസ്യ സന്ദേശം എത്തിയിരിക്കുന്നു: “ജിറോനിമോ കൺഫേംഡ് “. കെട്ടിടത്തിനുള്ളിൽ ഒളിച്ചുകഴിയുന്നത് 10 വർഷത്തിലധികമായി ലോകത്തെ വൻശക്തിയുടെ ചാരക്കണ്ണുകളെ പറ്റിച്ചു കഴിഞ്ഞു കൂടിയ ബിൻലാദൻ തന്നെ.
ഒബാമയുടെയും കൂട്ടരുടെയും നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു. ബിൻ ലാദൻ കെട്ടിടത്തിനുള്ളിൽ ഉണ്ട് എന്നുറപ്പായതോടെ മിഷന്റെ അപകട സാദ്ധ്യത പതിന്മടങ്ങ് വർദ്ധിച്ചു. ലാദൻ കീഴടങ്ങാൻ ഒരു സാധ്യതയുമില്ല എന്നു വൈറ്റ് ഹൗസിൽ ഇരിക്കുന്ന എല്ലാവർക്കുമറിയാമായിരുന്നു. ഏതു തരത്തിലുള്ള പ്രതിരോധമാണ് ലാദൻ ഉയർത്തുന്നത് എന്നു ഊഹിക്കാനേ കഴിയുമായിരുന്നുള്ളൂ. രക്ഷപ്പെടാൻ കഴിയാതെ വന്നാൽ കോംമ്പൊണ്ട് മുഴുവനും ചാമ്പലാക്കുവാനും മടിക്കുകയില്ല എന്ന് അവർക്ക് അറിയാമായിരുന്നു.
ഒരൊറ്റ നിമിഷത്തെ കാഴ്ചയ്ക്ക് ശേഷം നൊടിയിടകൊണ്ട് ബിൻലാദൻ മുകളിൽ നിന്നും അപ്ര്യക്ഷനായി. രണ്ടു റൗണ്ട് വെടിയുതിർത്തുവെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല എന്നു കമാൻഡോകൾക്കു മനസിലായി. ബിൻലാദനെ നേരിൽ കണ്ട നേവി സീൽ മുകളിലേയ്ക്കു കുതിച്ചു. അതിനിടയിൽ സഹസൈനികരോട് വിളിച്ചു പറഞ്ഞ വാർത്തയാണ്, വൈറ്റ് ഹൗസിൽ എത്തിയിരിക്കുന്നത്-ജിറോനിമോ കൺഫേംഡ്. ഇനി ഒരു നിമിഷംപോലും താമസിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാകുമെന്നറിയാമായിരുന്ന കമാൻഡോകൾ ഒറ്റകുതിപ്പിനു മുകളിലെത്തി. വലിയൊരു ഹാളിലേയ്ക്കു തുറന്നു കിടക്കുന്ന വാതിൽ. മുകളിലെത്തിയ സീൽ വാതിലിന്റെ ഒരു വശത്തു മറഞ്ഞു നിന്നുകൊണ്ട് തന്റെ ബഡ്ഡി പെയർ വരാൻ കാത്തു നിന്നു. തൊട്ടു പുറകിൽ എത്തിയ സീലിനോട് മുറിയ്ക്കുള്ളിൽ രണ്ടുപേരുണ്ടെന്ന അർത്ഥത്തിൽ രണ്ടു വിരൽ ഉയർത്തിക്കാണിച്ചു. രണ്ടുപേരും ഒരുമിച്ച് മുറിയ്ക്കുള്ളിലേയ്ക്കു പ്രവേശിച്ചു.
സീലുകൾക്കു മുന്നിൽ കറുത്ത വസ്ത്രംധരിച്ച സ്ത്രീ-അതിന്റെ പിന്നിൽ അവരുടെ ശത്രു – ബിൻലാദൻ. ബിൻലാദനു മുന്നിൽ മറയായി നിന്ന സ്ത്രീയ്ക്കു നേരെ നിറയൊഴിക്കുകയല്ലാതെ മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല. വെടിയേറ്റു നിലം പതിച്ച സ്ത്രീയ്ക്കു പിന്നിൽ നിരായുധനായി ബിൻലാദൻ. ലോകത്തെ കിടുകിടെ വിറപ്പിച്ച ബിൻലാദന്റെ ഈ ലോകത്തിലെ അവസാനത്തെ കാഴ്ച ആയുധമേന്തി നിൽക്കുന്ന അമേരിക്കൻ പട്ടാളക്കാരന്റെ ദൃശ്യമായിരുന്നു. നിമിഷാർദ്ധത്തിനുള്ളിൽ രണ്ടു വെടിയുണ്ടകൾ ബിൻലാദന്റെ ശരീരം തുളച്ചു കടന്നു പോയി. ഒന്നു നെഞ്ചിനും, മറ്റൊന്നു തലയ്ക്കും. ഒന്നു ശബ്ദിക്കുക പോലും ചെയ്യാതെ ഈ നൂറ്റാണ്ടിലെ ലോകം കണ്ട ഏറ്റവും വലിയ ഭീകരൻ തറയിലേയ്ക്കു വീണു..
“ജിറോനൊമോ EKIA” വീണ്ടും മക്റാവന്റെ ശബ്ദം വൈറ്റ് ഹൗസിനുള്ളിൽ മുഴങ്ങി. ശ്വാസമടക്കി കാത്തിരുന്ന ഒബാമ ചാടിയെഴുന്നേറ്റു, സഹപ്രവർത്തകരോട് പറഞ്ഞു: “വി ഗോട്ട് ഹിം.” സീലുകൾ മതിക്കെട്ടിനുള്ളിൽ കയറിയിട്ടു കൃത്യം 20 മിനിറ്റ് ആകുന്നു. ഇനി ശേഷിക്കുന്നത് 10 മിനിറ്റ് മാത്രം. ഉടനതന്നെ ബിൻലാദന്റെ ഫോട്ടോ എടുത്ത് ജലാലബാദിലേയ്ക്കു അപ്‌ലിങ്ക് ചെയ്തു. ഫേസ് റിക്കഗ്നീഷന് വേണ്ടി മക്റാവൻ അതു വൈറ്റ് ഹൗസിലേയ്ക്കു ഷെയർ ചെയ്തു. വെടിയേറ്റു വീണു കിടക്കുന്ന ലാദന്റെ മുഖം ഒബാമയും കൂട്ടരും കണ്ടു. ചിത്രങ്ങളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു ലാദന്റെ രൂപം. വിദഗ്ദ്ധർ തിരിച്ചറിയൽ പ്രക്രീയകൾക്കുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.
മരിച്ചുകിടക്കുന്ന ലാദന്റെ ഉയരം അളക്കുവാൻ ശ്രമിച്ചപ്പോഴാണ് അവർ ടേപ്പ് കൈയ്യിൽ കരുതിയിട്ടില്ല എന്ന സത്യം തിരിച്ചറിഞ്ഞത്. പ്രാകൃതമായ വഴി അവലമ്പിക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. സംഘത്തിലെ ഏറ്റവും ഉയരം കൂടിയ സീൽ ലാദന്റെ ശരീരത്തിനോട് ചേർന്നു തറയിൽ കിടന്നു. ഉദ്ദേശം ഉയരം താരതമ്യത്തിലൂടെ കണക്കുകൂട്ടി, അതിന്റേയും ചിത്രങ്ങളെടുത്ത് അപ്‌ലിങ്ക് ചെയ്തു. അപ്പോഴേയ്ക്കും മറ്റു സീലുകൾ കെട്ടിടം അരിച്ചു പെറുക്കുവാൻ തുടങ്ങി. ഒരു മുറിയിൽ നിന്നും കമ്പ്യൂട്ടറും ചില ഹാർഡ് ഡിസ്ക്കുകളും കുറെ രേഖകളും കിട്ടി. അവയെല്ലാം എടുത്ത് കൈയിൽ കരുതിയിരുന്ന ബാഗുകളിൽ ഭദ്രമായി വച്ചു.
ഇനി ബാക്കി നിൽക്കുന്നത് സുരക്ഷിതരായി സീലുകളേയും ബന്ധിച്ചിരിക്കുന്നവരേയും ശവശരീരങ്ങളേയും ജലാലബാദിലെത്തിക്കുക എന്ന ദുഷ്ക്കരമായ ദൌത്യമായിരുന്നു. കെട്ടിടത്തിനു ചുറ്റും ജനങ്ങൾ കൂടി വന്നുകൊണ്ടിരുന്നു. ഏതുനിമിഷവും പാക്കിസ്ഥാൻ പട്ടാളക്കാർ എത്താം. അതിനുള്ളിൽ ലാദന്റെ ശരീരവുമായി പാക്കിസ്ഥാന്റെ വ്യോമാതിർത്തി കടക്കണം. കൊല്ലപ്പെട്ടത് ലാദൻ തന്നെയാണെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കേണ്ടിയിരിക്കുന്നു. അതിന് ഡി.എൻ.ഏ. ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിന്റെ റിസൾട്ട് വരാൻ മണിക്കൂറുകൾ കഴിയും.
മിഷൻ ആരംഭിച്ചിട്ട് 33 മിനിറ്റുകൾ കഴിഞ്ഞിരിക്കുന്നു. പദ്ധതിയിട്ടതിൽ നിന്നും മൂന്നു മിനിറ്റ് കൂടുതൽ. ബിൻലാദന്റെ ശരീരവും ജീവനോടെ പിടിച്ചവരിൽ ഒരാളെയും മാത്രം അവിടെ നിന്നും കൊണ്ടു പോരുവാൻ മക്രാവൻ നിർദ്ദേശിച്ചു. ആകെ 22 പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. അതിൽ ലാദനടക്കം 5 പേർ കൊല്ലപ്പെട്ടു. ഒരു സ്ത്രീയ്ക്കു മാരകമായി പരുക്കേറ്റിരിക്കുന്നു. ഉടൻ തന്നെ മക്രാവൻ പറഞ്ഞതുപോലെ ലാദന്റെ ശരീരം മതിൽകെട്ടിനു വെളിയിൽ ലാൻഡ് ചെയ്തിരുന്ന സ്റ്റെൽത് ഹെലിക്കോപ്റ്ററിൽ എത്തിച്ചു.
രണ്ടാമത്തെ ഹെലിക്കോപ്റ്റർ ഉപയോഗ ശൂന്യമായതിനാൽ ബാക്കി സീലുകളെ കൊണ്ടുപോകുവാൻ പട്ടണത്തിനു വെളിയിൽ കാത്തു കിടന്നിരുന്ന ഷിനൂക് ഹെലിക്കോപ്റ്ററിന്റെ പൈലറ്റിനു മക്രാവെൻ നിർദ്ദേശം നൽകി. ഷുനൂക് ഹെലിക്കോപ്റ്റർ എത്തുന്നതോടെ പുറം ലോകത്തിൽനിന്നും സൈനിക നടപടി മറച്ചു വയ്ക്കാൻ കഴിയില്ലെന്നു മക്രാവനു അറിയാമായിരുന്നു. മാത്രമല്ല പാക്കിസ്ഥാനി റഡാറുകൾക്ക് ഷുനൂക് ഹെലിക്കോപ്റ്ററുകളെ കണ്ടെത്താൻ കഴിയുകയും ചെയ്യും.
അബട്ടാബാദിൽ നിന്നുമുള്ള എല്ലാ ഇന്റർനെറ്റ് ആക്ടിവിറ്റികളും മോനിട്ടർ ചെയ്തുകൊണ്ടുരുന്ന വൈറ്റ് ഹൗസിലെ വിദഗ്ദർ ഒരു വെബ് ഡിസൈനറുടെ ട്വീറ്റ് ശ്രദ്ധയിൽ പെട്ടു: “A helicoptar is hovering above Abattabad at 1.00 am which is a rare event” കാര്യങ്ങൾപുറം ലോകം അറിഞ്ഞു കഴിഞ്ഞു. ഏതുനിമിഷവും പാക്കിസ്ഥാൻ മിലിട്ടറി എത്തിച്ചേരാം. എല്ലാവരും ഷുനൂക് ഹെലിക്കോപ്റ്ററിലേയ്ക്കു കുതിച്ചു. തകർന്ന ഹെലിക്കോപ്റ്റർ എന്തു ചെയ്യും എന്ന പ്രശ്നം അവശേഷിച്ചു. തിരിച്ചു കൊണ്ടുവരാൻ കഴിയില്ല എന്നു നൈറ്റ് സ്റ്റേക്കേഴസ് മക്രാവനെ അറിയിച്ചു. അതിനൂതന സംവിധാനങ്ങളുള്ള ഹെലിക്കോപ്റ്റർ മറ്റൊരു രാജ്യത്തിന്റെ കൈയ്യിൽ അകപ്പെടുന്നത് ഒരു തരത്തിലും ആശാസ്യകരമായിരുന്നില്ല. മക്രാവനു ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. “ഡിസ്‌ട്രോയി ഇറ്റ്” ഹെലിക്കോപ്റ്ററിന്റെ കോൿപിറ്റിൽ ശക്തിയേറിയ ബോംബു ഘടിപ്പിച്ചു. എല്ലാവരും ഷുനൂക് ഹെലിക്കോപ്റ്ററിൽ കയറി. “ഫയറിംഗ്” സീൽ റിമോട്ടിൽ വിരൽ അമർത്തി. ഉഗ്രശബ്ദത്തോടെ ഹെലിക്കോപ്റ്റർ പൊട്ടിത്തെറിച്ചു. അപ്പോഴേയ്ക്കും ഷുനൂക് ഹെലിക്കോപ്റ്റർ കോമ്പണ്ടിൽ നിന്നും പറന്നുയർന്നു കഴിഞ്ഞിരുന്നു.
സമയം രാവിലെ 1.08. അനുവദിച്ചിരുന്ന സമയത്തിൽ നിന്നും എട്ടു മിനിറ്റ് താമസിച്ചിരിക്കുന്നു. അല്പം മുൻപ് ട്വീറ്റ് ചെയ്ത അതേ ഐഡിയിൽ നിന്നും വീണ്ടും ട്വീറ്റ് “A huge window shaking bang in Abattabad. Hope it is not something nasty” മൂന്നു ഹെലിക്കോപ്റ്ററുകളും അപകടം കൂടാതെ ജലാലബാദിൽ എത്തിയെന്ന വാർത്ത മക്രാവനിൽ നിന്നും ലഭിക്കുന്നതുവരെ വൈറ്റ് ഹൗസിനുള്ളിൽ എല്ലാവരും ശ്വാസമടക്കി കാത്തിരുന്നു.
കൊല്ലപ്പെട്ട വ്യക്തി ബിൻലാദനാണോ എന്നു തിരിച്ചറിയുക എന്നതായി എല്ലാവരുടേയും പ്രധാന ഉത്തരവാദിത്വം. കമ്പ്യൂട്ടറിന്റെ സഹായത്തിൽ ഫേയ്സ് റിക്കഗ്നീഷൻ നടത്തുവാൻ ആരംഭിച്ചു. അതേസമയം ബിൻലാദന്റെ അടുത്ത ബന്ധുവിൽ നിന്നും ശേഖരിച്ചിരുന്ന ഡി.എൻ.ഏ. സാമ്പിളിമായി ഒത്തു നോക്കുന്ന രാസപരിശോധനകളൂം ആരംഭിച്ചു. രാസ പരിശോധന ഫലം ലഭിക്കണമെങ്കിൽ ആറു മണിക്കൂർ വേണ്ടി വരും. പക്ഷേ, അതു വരേയ്ക്കും വൈറ്റ് ഹൗസിന് നിശബ്ദമായിരിക്കാൻ കഴിയില്ല. അബട്ടാബാദ് കെട്ടിടത്തിൽ ഇതിനകം പാക്കിസ്ഥാൻ പട്ടാളക്കാർ എത്തിക്കഴിഞ്ഞു. അമേരിക്കൻ ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങളും ദൃൿസാക്ഷികളും വിവരണങ്ങളും പട്ടാളക്കാരെ പരിഭ്രാന്തരാക്കി. രാജ്യത്തിന്റെ ഉന്നത വൃത്തങ്ങളിൽ വാർത്ത എത്തിക്കഴിഞ്ഞു. സമയം കഴിയുന്തോറും വൈറ്റ് ഹൗസിനുമേൽ സമ്മർദ്ദം ഏറിക്കൊണ്ടിരുന്നു.
6.40 വാഷിംഗ്ടൺ. “കൊല്ലപ്പെട്ടതു ബിൻ ലാദൻ തന്നെ” ഫേയ്സ് റിക്കഗ്നീഷൻ പ്രക്രിയയിൽ വ്യാപൃതരായിരുന്ന വിദഗ്ദ്ധരിൽ നിന്നും പരിശോധന ഫലം വന്നു. നൂറുശതമാനം ഉറപ്പാക്കണമെങ്കിൽ ഡി.എൻ.എ. പരിശോധനാഫലം കിട്ടണം. എങ്കിലും അതു വരെ സൈനിക നടപടി രഹസ്യമാക്കി വയ്ക്കുവാൻ വാഷിംഗ്ടണ് കഴിയുമായിരുന്നില്ല. പാൿ മാദ്ധ്യമങ്ങൾ ഇതിനകം സംഭവസ്ഥലത്ത് എത്തിക്കഴിഞ്ഞു. പലതരം അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പരക്കുവാൻ തുടങ്ങി. ഉടൻതന്നെ ലാദന്റെ ശരീരം പേർഷ്യൻ കടലിൽ ഉണ്ടായിരുന്ന വിമാനിവാഹിനി ‘കാറൽ വിൻസണി’ലേയ്ക്കു മാറ്റുവാൻ ഒബാമ ഉത്തരവിട്ടു.
08.35 വാഷിംഗ്ടൺ. റെയ്ഡ് കഴിഞ്ഞ് മൂന്നു മണിക്കൂർ കഴിഞ്ഞു. പ്രസിഡന്റ് ഒബാമ അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതായി മാധ്യമങ്ങളെ അറിയിച്ചു. ജലാലബാദിലെ സൈനീക താവളത്തിൽ സീൽ ടീം 6 ലെ അംഗങ്ങളും അവരുടെ ലീഡർ മക്രാവനും സന്തോഷവാർത്ത നേരിൽ കാണുവാൻ ടീവിയ്ക്കു മുന്നിൽ എത്തി. ഒബാമ ആരംഭിച്ചു “അമേരിക്ക ഒരു സൈനീക നടപടിയിലൂടെ അൽകായ്ദ നേതാവ് ഒസാമ ബിൻലാദനെ വധിച്ചിരിക്കുന്നു. അമേരിക്കൻ ജനതയോടും ലോകത്തോടും എനിക്കു പങ്കു വയ്ക്കുവാനുള്ള വാർത്ത ഇതാണ്.” സീലുകൾ സന്തോഷത്താൽ കെട്ടിപ്പിടിച്ചു. അമേരിക്കൻ തെരുവകളിൽ ജനം ഒത്തുകൂടി. പാട്ടുപാടിയും നൃത്തം ചവിട്ടിയും അവർ ലാദന്റെ മരണ വാർത്തയിൽ സന്തോഷിച്ചു. അടുത്ത ദിവസം പ്രഭാതത്തിൽ ഡി.എൻ.എ. ടെസ്റ്റ് ഫലം വന്നു. കൊല്ലപ്പെട്ടത് ബിൻ ലാദൻ തന്നെ എന്നു ഉറപ്പാക്കി.
നോർത്ത് അറേബ്യൻ കടലിൽ ഉച്ച തിരിഞ്ഞ് 2 മണി. ഇസ്ലാമിക ആചാരപ്രകാരം 24 മണിക്കൂറിനകം മയ്യത്ത് മറവു ചെയ്യേണ്ടതുണ്ട്. അതിനുവേണ്ട ഒരുക്കങ്ങൾ ആ പടക്കപ്പലിനുള്ളിൽ നടക്കുകയാണ്. 30 നോട്ടിക്കൽ മൈൽ വേഗതിൽ പാഞ്ഞുകൊണ്ടിരുന്ന കാറൽ വിൻസന്റ് എന്ന യുദ്ധക്കപ്പലിൽ നിന്നും ശീലയിൽ പൊതിഞ്ഞ ഒസാമ ബിൻ ലാദന്റെ ശരീരം അറേബ്യൻ കടലിന്റെ ആഴങ്ങൾ ഏറ്റുവാങ്ങി. “ബിൻലാദൻ നിഷ്കരുണം വധിച്ച നിരപരാധികൾക്കു ലഭിക്കാതിരുന്നതിനേക്കാൾ മാന്യമായ ഒരു സംസ്ക്കാരം ലാദനു ലഭിച്ചു.” ഇതായിരുന്നു ബിൻലാദന്റെ ശവസംസ്ക്കാരത്തേപറ്റി വൈറ്റ് ഹൗസിനു പറയാനുണ്ടായിരുന്നത്. സംസ്കാര ശേഷം കാറൽ വിൻസന്റ് കപ്പൽ ദക്ഷിണ കാലിഫോർണിയായിലെ കൊറണാഡോ പോർട്ടിലേയ്ക്കു തിരിച്ചു പോയി.
1957 മാർച്ച് 10ന് റിയാദിലെ കോടീശ്വരനായ മുഹമ്മെദ് ബിൻ അവാദിന്റെ മകനായി ജനിച്ച ഒസാമ ബിൻ മൊഹമ്മദ് ബിൻ അവാദ് ബിൻ ലാദൻ കൊല്ലപ്പെടുമ്പോൾ അൻപത്തിനാല് വയസ്സായിരുന്നു. പത്തു ലക്ഷം മനുഷ്യരുടെ മരണത്തിന് നേരിട്ടു ഉത്തരവാദിയായ ലാദൻ ഒരിക്കൽ അമേരിക്കയുടെ ഉറ്റ സുഹൃത്ത് ആയിരുന്നു എന്നത് ഈ നൂറ്റാണ്ട് കണ്ട വലിയ ഒരു തമാശയായി കരുതാം. അമേരിക്കയുടെ നിത്യ ശത്രുവായിരുന്ന യു.എസ്സ്.എസ്സ്.ആർ. ന്റെ അഫ്ഗാനിസ്ഥാനിലുള്ള സ്വാധീനം അവസാനിപ്പിക്കുവാൻ അമേരിക്ക ആയുധമാക്കിയ ഈ സൗദി കോടീശ്വരൻ അവസാനം പാലുകൊടുത്ത കൈയ്ക്കു തന്നെ തിരിഞ്ഞുകൊത്തി. അത് അനേകം നിരപരാധികളുടെ മരണത്തിനും അവസാനം ലാദന്റെ തന്നെ അന്ത്യത്തിലും കൊണ്ടെത്തിച്ചു.
15 ജൂൺ 2011. ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതുകൊണ്ട് ലാദന്റെ പേരിലുള്ള കേസുകളും അതിനോടനുബന്ധിച്ച എല്ലാ കോടതി നടപടികളും അവസാനിപ്പിക്കുന്നതായി ഫെഡറൽ പ്രോസിക്കൂട്ടർ പ്രഖ്യാപിച്ചു.
The end............