മന്ത്രവാദവും മന്ത്രവാദിയും നമുക്കന്യരല്ല, പേരുകേട്ട നിരവധി മാന്ത്രികര്‍ ജീവിച്ചു മരിച്ച നാടാണ് നമ്മുടേത്. ഹോമവും പൂജയും മന്ത്രവാദങ്ങളും ജ്യോതിഷവും എല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ കൂടെ ഭാഗമാണ്. താടിയും മുടിയും നീട്ടിവളര്‍ത്തി കാവിയുടുത്ത് നെറ്റിയില്‍ ഭസ്മവും കളഭവും ചാര്‍ത്തി രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ് നടക്കുന്നവരാണ് നമുക്ക് മുന്നില്‍ മന്ത്രവാദികള്‍. മന്ത്രവാദത്തിന്റേയും ദുര്‍മന്ത്രവാദത്തിന്റേയും അടിവേരുകള്‍ ചികഞ്ഞു പോയാല്‍ നമുക്ക് ലഭിയ്ക്കുന്നത് അത്ര നല്ലതല്ലാത്ത ഒരു ഭൂതകാലമായിരിക്കും. എന്നാലും എന്താണ് മന്ത്രവാദവും ദുര്‍മന്ത്രവാദവും എന്ന് നിങ്ങള്‍ക്കറിയാമോ? ശാസ്ത്രം എത്രത്തോളം പുരോഗമിച്ചാലും ഇന്നും വിശ്വാസത്തിന്റെ വിത്ത് നമുക്കിടയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇന്നും മന്ത്രത്തേയും തന്ത്രത്തേയും ജ്യോത്സ്യത്തേയും ആശ്രയിക്കുന്നതിലൂടെ വെളിവാകുന്നത്. പ്രകൃതിയില്‍ മനുഷ്യന് മനസ്സിലാവാത്ത രഹസ്യങ്ങളോടുള്ള ഭയ-ഭക്തി ബഹുമാനത്തിന്റെ ആകെത്തുകയാണ് മന്ത്രവാദം. മന്ത്രവാദവും വേദങ്ങളും
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നീ നാല് വേദങ്ങളാണുള്ളത്. ഇതില്‍ ഋഗ്വേദത്തില്‍ പ്രതിപാദിക്കുന്നത് ആത്മീയപരമായ കാര്യങ്ങളും പ്രാര്‍ത്ഥനകളുമാണ് യജുര്‍വേദത്തില്‍ യാഗങ്ങളും ഹോമങ്ങളും പറയപ്പെടുന്നു. സാമവേദത്തിലും അഥര്‍വ്വവേദത്തിലുമാണ് മന്ത്രവാദങ്ങളേയും മന്ത്രവാദ ക്രിയകളേയും കുറിച്ച് പറയപ്പെടുന്നത്.
ശത്രുനാശം
ശത്രുനാശത്തിനുള്ള നിരവധി മന്ത്രങ്ങളും ആഭിചാരക്രിയകള്‍ ചെയ്യുന്ന തരത്തിലുള്ള മന്ത്രങ്ങളും മാരണം, ഉച്ഛാടനം തുടങ്ങിയവയും അഥര്‍വ്വവേദത്തില്‍ കാണാം. പലര്‍ക്കും ഭൂതപ്രേത പിശാചുക്കള്‍ വസിക്കുന്ന ഇടമാണ് നമ്മുടെ കേരളം. ഓരോ ദിവസം ചെല്ലുന്തോറും അവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുക കൂടിയാണ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നതും.
ശാന്തി
ബാധയൊഴിപ്പിക്കുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. കളം വരച്ച് മഞ്ഞള്‍ കലക്കിയ വെള്ളമുപയോഗിച്ച് യാതൊരു വിധത്തിലുള്ള ഉപദ്രവങ്ങളുമില്ലാതെ നടത്തുന്നതാണ് ശാന്തി.
വശ്യം
മാന്ത്രിക കര്‍മ്മം തന്നെയാണ് വശ്യം. മറ്റുള്ള മനുഷ്യരേയോ ദേവതകളേയോ ജീവികളേയോ വശീകരിക്കുന്നതിനാണ് ഈ കര്‍മ്മം ഉപയോഗിക്കുന്നത്.
സ്തംഭനം
നമ്മുടെ ശത്രുക്കളെ ഒന്നും ചെയ്യാന്‍ ശേഷിയില്ലാത്തവരാക്കി മാറ്റുകയാണ് സ്തംഭനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കറുത്തവാവ് ദിവസങ്ങളിലാണ് ഈ മാന്ത്രിക കര്‍മ്മം പ്രധാനമായും ചെയ്യുന്നതും.
വിദ്വേഷണം
ശത്രുക്കള്‍ക്കിടയില്‍ മാനസിക ഐക്യമില്ലായ്മ രൂപപ്പെടുത്തുന്ന തരത്തിലുള്ള മന്ത്രവാദമാണ് വിദ്വേഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
ഉച്ചാടനം
ബാധയൊഴുപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി തന്നെയാണ് ഉച്ചാടനവും നടത്തുന്നത്. എന്നാല്‍ മറ്റുള്ള മനുഷ്യരേയോ ദേവതകളേയോ ജീവികളേയോ ഉപദ്രവിക്കാന്‍ കഴിയാത്ത സ്ഥാനത്തേക്ക് നീക്കി നിര്‍ത്തുന്ന മാന്ത്രിക കര്‍മ്മമാണ് ഉച്ചാടനം. മന്ത്രവാദക്കളമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ആരെ ഉദ്ദേശിച്ചാണോ മന്ത്രവാദം നടത്തുന്നത് അയാള്‍ എല്ലാമുപേക്ഷിച്ച് ഓടിപ്പോകേണ്ട അവസ്ഥയുണ്ടാകുമെന്നാണ് വിശ്വാസം.
മാരണം
മന്ത്രവാദത്തില്‍ ദുര്‍മന്ത്രവാദമെന്ന പേരുകൊണ്ട് അറിയപ്പെടുന്നതാണ് മാരണം. ഇതിലൂടെ മറ്റുള്ള മനുഷ്യരേയോ ദേവതകളേയോ ജീവികളേയോ മന്ത്രമുപയോഗിച്ച് വധിയ്ക്കാന്‍ ഈ കര്‍മ്മം കൊണ്ട് സാധിയ്ക്കും.
പ്രാകൃത മന്ത്രവാദം
മദ്യം, മാംസം, രക്തം എന്നിവ നല്‍കി ആരാധനാ മൂര്‍ത്തികളെ തൃപ്തിപ്പെടുത്തുന്ന രീതിയായിരുന്നു പ്രാകൃത മന്ത്രവാദത്തില്‍ ഉപയോഗിച്ചിരുന്നത്. മൃഗബലിയും നരഹത്യയും ഇതിന്റെ ഭാഗമായിരുന്നു. മന്ത്രവാദിയും രക്തപാനം നടത്തുന്ന രീതിയും നിലവിലുണ്ടായിരുന്നു.
ദുര്‍മന്ത്രവാദം എന്തിന്?
ശത്രുക്കളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദുര്‍മന്ത്രവാദം നടത്തിയിരുന്നത്. പാമ്പുകടിയ്ക്കുക, നായകടിയ്ക്കുക, രക്തം ഛര്‍ദ്ദിക്കുക, ശ്വാസം മുട്ടി മരിയ്ക്കുക, വസൂരി തുടങ്ങിയ രോഗങ്ങള്‍ പിടിപെടുക എന്നതായിരുന്നു ഇതിന്റെ അനന്തരഫലം.
മുത്തശ്ശിക്കഥകളിലെ മന്ത്രവാദം
മനുഷ്യന്റെ തലയും പോത്തിന്റെ കാലുമായി വഴിയില്‍ നടക്കുന്നവരെ പേടിപ്പിക്കാന്‍ നില്‍ക്കുന്ന ഒടിയന്‍ നമ്മുടെ മുത്തശ്ശിക്കഥകളിലെ സ്ഥിരം കഥാപാത്രമായിരുന്നു. മാത്രമല്ല വീട്ടിലൊരു കുട്ടി ജനിച്ചാല്‍ മറുപിള്ളയ്ക്കായി കാത്തു നില്‍ക്കുന്ന ചാത്തനും നമുക്ക് കഥകളിലൂടെ പരിചിതരായിരുന്നു.