കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു വിസ്മയ കാഴ്ചയുണ്ട്. അഞ്ചു നിറങ്ങളണിഞ്ഞ കാനോ ക്രിസ്റ്റെൽ എന്ന മനോഹരമായ നദി. മഞ്ഞ, പച്ച, നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളുമായാണ് നദിയുടെ ഒഴുക്ക്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നദി എന്നാണ് കാനോ ക്രിസ്റ്റെൽ അറിയപ്പെടുന്നത്.
ജൂലൈ മുതൽ നവംബർ വരെ നദിയുടെ അടിത്തട്ടിൽ തളിർക്കുന്ന മകറീന ക്ലാവിഗേര എന്ന ജലസസ്യമാണ് ഈ വിസ്മയക്കാഴ്ചയ്ക്കു പിന്നിൽ.കടും ചുവപ്പ് നിറമുള്ള ഈ സസ്യം സൂര്യപ്രകാശത്തിന്റെ വ്യതിയാനം അനുസരിച്ച് മജന്ത, പർപിൾ തുടങ്ങി ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ നിറത്തിലും പച്ചനിറത്തിലുമുള്ള നദീതടത്തിലെ മണൽത്തരികളും നീലനിറത്തിലുള്ള തെളിനീരും കൂടിച്ചേരുമ്പോൾ വർണ്ണങ്ങൾ ഇടകലർന്നൊഴുകുന്ന പ്രതീതിയാണ് കാനോ ക്രിസ്റ്റെൽ സമ്മാനിക്കുന്നത്. പഞ്ചവർണ്ണങ്ങളുടെ നദി എന്നും ജലരൂപത്തിലുള്ള മഴവില്ല് എന്നുമൊക്കെ കാനോ ക്രിസ്റ്റെലിനു വിളിപ്പേരുകളുണ്ട്.
ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾക്കൊണ്ടും സമ്പന്നമാണ് കാനോ ക്രിസ്റ്റെൽ.ഇതിനു പുറമെ നദിയിലെ പാറക്കൂട്ടങ്ങളിൽ കാലന്തരങ്ങൾകൊണ്ടു രൂപപ്പെട്ട ചെറു കുളങ്ങളും സഞ്ചാരികൾക്കു കൗതുകകരമായ അനുഭവമാണ് സമ്മാനിക്കുന്നത്.
Cano Cristales
നദിയുടെ അടിത്തട്ടു വരെ ദൃശ്യമാക്കുന്ന തെളിനീരാണ കാനോ ക്രിസ്റ്റലിലേത്. എന്നാൽ ജലജീവികൾ ഒന്നും തന്നെ നദിയിൽ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. നദിയിലെ പാറക്കൂട്ടങ്ങളിലും നദീതടത്തിലും ജലജീവികൾക്ക് ആവശ്യമായ ധാതുക്കളില്ലാത്തതിനാലാണിത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് നദിയിലെ ചെറുകുളങ്ങളിൽ ജലജീവികളെ പേടിക്കാതെ ഇറങ്ങാനും സാധിക്കുന്നു.