A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചാരിത്ര്യ പൂട്ട്‌



വടക്കുനോക്കിയന്ത്രം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രം ഭാര്യ അപഥ സഞ്ചാരിണിയാവുമോ എന്നോർത്ത് സദാ ഖിന്നനായിരുന്നു. തന്നെക്കാൾ ഉയരം കൂടിയവളും സൌന്ദര്യവതിയുമായ നല്ലപാതിയുടെ സ്വാഭാവിക ചലനങ്ങൾ പോലും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കികാണാനാണ് ആ കഥാപാത്രം ചിത്രത്തിലുട നീളം ശ്രമിക്കുന്നത്. ഭാര്യയുടെ ജാരനെ പിടിക്കാൻ കഥാപാത്രം നടത്തുന്ന നീക്കങ്ങളിൽ അപകർഷതാ ബോധത്താൽ വ്യക്തിത്വം നഷ്ടമായ പുരുഷന്റെ നിസഹായാവസ്ഥയെ ശരിക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. തളത്തിൽ ദിനേശൻ സമൂഹത്തിലെ ഒറ്റപ്പെട്ട ഒരു പരിഛേദമല്ല. തളത്തിൽ ദിനേശനെ മദിച്ചിരുന്ന അപകർഷതാ ബോധം അഭിനവ ദിനേശന്മാരെയും ഭാര്യമാരുടെ കാവൽക്കാരാക്കി മാറ്റുന്നുണ്ട്.
സ്ത്രീയുടെ അപഥസഞ്ചാരത്തെ കുറിച്ചോർത്ത് സദാ വ്യാകുലപ്പെട്ടിരുന്ന പുരുഷൻ സ്ത്രീയെ സമൂഹത്തിൽ രണ്ടാം സ്ഥാനത്ത് പ്രതിഷ്ടിച്ച് ശാന്തിയടയാനാണ് ശ്രമിച്ചിരുന്നത്. സ്ത്രീക്ക് മാത്രമായുള്ള അലിഖിത നിയമങ്ങൾ കൌശലപൂർവ്വം ഉണ്ടാക്കി സമൂഹമധ്യത്തിൽ അതിനു അംഗീകാരം നേടിയെടുക്കുന്നതിൽ പുരുഷൻ വിജയിച്ചിരുന്നു. പുരോഗമന പരമായി ആശയ സംവാദം നടത്തുകയും എന്നാൽ സ്വന്തം കാര്യം വരുമ്പോൾ തന്റെ ഉള്ളിലെ തളത്തിൽ ദിനേശനെ കെട്ടഴിച്ച് വിടുന്ന പുരുഷൻ സ്ത്രീ സ്വാതന്ത്ര്യത്തെ മനസാ അംഗീകരിക്കുന്നില്ല എന്ന് സ്പഷ്ടം. വിലക്കുകൾ ലംഘിച്ച് അവൾ വഴിവിട്ട് സഞ്ചരിക്കുമോ എന്ന ഭയത്താൽ സ്ത്രീയെ പൂട്ടാൻ വ്യംഗമായ പല മണിച്ചിത്രത്താഴുകളും അവൻ ഉപയോഗിച്ചിരുന്നു. എന്നാൽ പ്രത്യക്ഷമായി തന്നെ സ്ത്രീയുടെ ലൈംഗികാവയവത്തെ പൂട്ടി താക്കോലുമായി പുറത്ത് പോയിരുന്ന പുരുഷ സമൂഹം ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്.
പതിനാറാം നൂറ്റാണ്ടിൽ ഗ്രീസിലും റോമിലും ‘ചാരിത്ര്യപ്പട്ട‘ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു തരം പ്രത്യേക തോൽച്ചട്ട സ്ത്രീകൾക്കായി നിർമ്മിച്ച് അവരെക്കൊണ്ട് ധരിപ്പിച്ചിരുന്നു. സ്ത്രീ സ്വന്തം ചാരിത്ര്യം സ്വയമേവ സംരക്ഷിച്ചില്ലെങ്കിലോ എന്ന ഭയവിഹ്വലതയാണ് ചാരിത്ര്യപ്പട്ട പോലുള്ള പൂട്ടും താക്കോലിനും പിന്നിലെ യുക്തി. യുദ്ധത്തിനും മറ്റുമായി പുറത്തു പോകുന്ന പുരുഷന്മാർ തങ്ങൾ നാട്ടിലും വീട്ടിലുമില്ലാതിരിക്കുന്ന അവസരങ്ങളിൽ ഭാര്യമാർ അന്യപുരുഷന്മാരുമായി ദാമ്പത്യ ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടയാനാണ് വിചിത്രവും ഹീനവുമായ ഈ തുകലുടുപ്പ് ഭാര്യമാർക്ക് വിധിച്ചത്. അരയിൽ സാധാരണ ബെൽറ്റ് പോലെ ധരിക്കാവുന്ന ഒരു ലോഹപ്പട്ടയും യോനിയുടെ പ്രവേശനകവാടത്തെ മൂടത്തക്ക വിധത്തിലുമുള്ള ഒരു ലോഹ കവചവുമാണ് ചാരിത്ര്യപ്പട്ടയുടെ പ്രധാന ഭാഗങ്ങൾ. ആവശ്യത്തിനു പൂട്ടാനും തുറക്കാനും കഴിയുന്ന വിധത്തിൽ പൂട്ടും താക്കോലുമുണ്ട്. ചാരിത്ര്യപ്പട്ടയണിഞ്ഞാൽ സ്വാഭാവിക ലൈംഗിക ബന്ധം നടത്താനാവില്ല. എന്നാൽ ശാരീരികമായ മറ്റ് ധർമ്മങ്ങൾ അനുഷ്ടിക്കാൻ തടസ്സമാവാത്ത തരത്തിലുള്ള ചെറിയ ദ്വാരങ്ങൾ ചാരിത്ര്യപ്പട്ടയിൽ നിർമ്മിച്ചിരുന്നു. ചാരിത്ര്യപ്പട്ടയിലെ പ്രധാന ഭാഗമായ യോനി മറയ്ക്കുന്ന ലോഹപാളി സ്വർണ്ണം, വെള്ളി, പിത്തള തുടങ്ങിയവ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. സാമ്പത്തിക ശേഷിയും ഭാര്യയോടുള്ള പ്രിയത്തിന്റെ(!) തോതും അനുസരിച്ച് ഏത് ലോഹം വേണമെന്ന് ഓരോരുത്തരും തീരുമാനിച്ചിരുന്നു. മാത്രവുമല്ല യോനിയെ മറയ്ക്കുന്ന ലോഹപാളിയിൽ ചിത്രപ്പണി ചെയ്ത് മോടി വരുത്താനും ഭാര്യയെ അതിരറ്റ് സ്നേഹിച്ചിരുന്ന ഭർത്താക്കന്മാർ ശ്രദ്ധിച്ചിരുന്നു..
ഭാര്യമാരെ ചാരിത്ര്യ ദോഷത്തിൽ നിന്നും രക്ഷിക്കാൻ ഇത്രത്തോളം ചിന്തിച്ച ജനത മധ്യകാല ഘട്ടത്തിലും ജീവിച്ചിരുന്നു. ചാരിത്ര്യപ്പട്ടയുടെ മാതൃകയും ഭർത്താവ് ഭാര്യയുടെ സമീപം ചാരിത്ര്യപ്പട്ടയുമായി നിൽക്കുന്ന ചിത്രവും പാരീസ് മ്യൂസിയത്തിൽ ഒരു കൌതുക വസ്തുവായി സൂക്ഷിച്ചിട്ടുണ്ട്. ഭാര്യയുടെ അപഥ സഞ്ചാരത്തെ കുറിച്ചോർത്ത് വേപഥു പൂണ്ട ഭർത്താക്കന്മാർ, താഴിട്ട് പൂട്ടി താക്കോൽ അരയിൽ ഭദ്രമാക്കി വീരന്മാരായി യുദ്ധത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനസമാധാനത്തോടെ പുറത്ത് പോയപ്പോൾ ഹനിക്കപ്പെട്ടത് സ്ത്രീത്വമാണ്. ഭർത്താവെന്നാൽ യോനീ സംരക്ഷകരാണെന്ന് ധരിച്ച് വച്ച പുരുഷകേസരികൾ യുദ്ധത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണ്? പടനയിച്ചെത്തിയേടത്തൊക്കെ സ്ത്രീകളെ ചൂഷണം ചെയ്യുകയും താല്പര്യമുള്ളവരെ അടിമകളാക്കി നാട്ടിൽ കൊണ്ടു വരികയും ചെയ്തുവെന്നതാണ് ഏറ്റവും രസാവഹമായ കാര്യം! സ്വന്തം ഭാര്യയുടെ യോനി പൂട്ടി താക്കോലുമായി പോയ പുരുഷൻ അന്യനാട്ടിൽ അന്യ സ്ത്രീകളുമായി പരസ്യമായ ബന്ധം പുലർത്തിയപ്പോൾ വെളിവായത് പുരുഷ മേധാവിത്വം എന്ന ഉളുപ്പില്ലായ്മയുടെ ഇരട്ടതാപ്പാണ്.
കാലാന്തരത്തിൽ ചാരിത്ര്യപ്പട്ട അപ്രതക്ഷ്യമായെങ്കിലും വേറെ രൂപഭാവങ്ങളിൽ സിംബോളിക്ക് ആയ പട്ടകളും പൂട്ടുകളും ഇന്നും നിലനിൽക്കുന്നുണ്ട്. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 497, 498 വകുപ്പുകളും ഭരണഘടനയുടെ 14,15 വകുപ്പുകളും പ്രകാരം വിവാഹിതയായ സ്ത്രീയോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അന്യപുരുഷൻ മാത്രം കുറ്റവാളിയാവുന്നു. വിവേചനത്തോടെ സ്ത്രീക്ക് അനുകൂലമായിട്ടാണ് ഈ നിയമമെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഈ നിയമനിർമ്മാണത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പുരുഷന്റെ ഉള്ളിലെ ഭയവിഹ്വലതയാണ്. അതായത് അന്യന്റെ ഭാര്യയെ പ്രാപിക്കാനുള്ള ഒരുവന്റെ ആഗ്രഹത്തെ കടിഞ്ഞാണിടുന്നതാണ് പ്രസ്തുത നിയമം. മറ്റൊരർത്ഥത്തിൽ ഒരാളിന്റെ ഭാര്യയെ മറ്റൊരുവൻ പ്രാപിക്കാതിരിക്കാൻ അവളുടെ യോനീ സംരക്ഷണത്തിനായി ഉണ്ടാക്കിയതാണ് ഈ നിയമം. തത്വത്തിൽ കാലഗതിയടഞ്ഞ ചാരിത്ര്യപ്പട്ടയുടെ അഭിനവ രൂപം തന്നെയാണ് ഇത്.
സ്ത്രീയുടെ ചാരിത്ര്യ ശുദ്ധിയിൽ പുരുഷൻ ഇത്ര കണ്ട് ജാഗരൂകനാകാനുള്ള കാരണമെന്ത്? പുരുഷന്റെ അപഥ സഞ്ചാരത്തെ സമൂഹം നിസാരവത്കരിക്കുമ്പോൾ സ്ത്രീയുടെ പ്രവർത്തിയെ പർവ്വതീകരിക്കാനാണ് പുരുഷൻ ശ്രമിക്കുന്നത്, കൂടെ സമൂഹവും. പുരുഷൻ സ്ത്രീയെ നിന്ദിച്ചു കൊണ്ട്, അവളെ സ്വന്തം വരുതിയിൽ നിർത്താൻ പുരുഷന് അത് ചെയ്യണമായിരുന്നു. മനുഷ്യരെക്കാൾ തരം താണ ഒരു വിഭാഗമായി ഏറെക്കുറെ സ്ത്രീകളെ മാറ്റിയിരിക്കുന്നു. യഥാർത്ഥത്തിൽ പുരുഷന്റെയുള്ളിലെ ഭയവിഹ്വലതയാണ് അവനെ ഇത്ര നികൃഷ്ടനാക്കിയത്. പുരുഷൻ എപ്പോഴും സ്ത്രീയെ താനുമായി താരത‌മ്യം ചെയ്യുകയും സ്ത്രീയുടെ ഔന്നത്യം മനസിലാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ലൈംഗികതയിൽ പുരുഷൻ സ്ത്രീയെക്കാൾ വളരെയധികം കഴിവ് കുറഞ്ഞവനാണ്. ഇവിടെ പുരുഷൻ അനുഭവിക്കുന്ന നിസഹായാവസ്ഥയാണ് അപകർഷതാ ബോധ തലത്തിലുള്ള കൃത്രിമ മേധാശക്തിയായി അവൻ പ്രകടിപ്പിക്കുന്നത്. അബോധതലത്തിൽ അവനിൽ ഉറങ്ങുന്ന ഈ നിസഹായാവസ്ഥയും അപകർഷതയും സ്ത്രീക്ക് നേരെയുള്ള മണിച്ചിത്രത്താഴുകളായി പരിണമിക്കുന്നു.

യക്ഷി


ആരെങ്കിലും യക്ഷിയെ കണ്ടിട്ടുണ്ടോ? ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല. എന്താണ്, ആരാണ് യക്ഷി? പാലമരത്തിൽ വസിക്കുന്ന, രക്തം ഊറ്റി കുടിക്കുന്ന ഒരു ക്ഷുദ്ര ശക്തി അല്ലെ? ഒരിക്കലുമല്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.
പ്രണയത്തിന്റെ മൂർത്തിമദ്ഭാവമാണ് യക്ഷി. അവളുടെ പ്രണയം തീവ്രമാണ്. അത്രയും തീവ്രമായ പ്രണയം സാധാരണമല്ല. വേർപാടിന്റെ, ഹൃദയം നുറുങ്ങുന്ന വേദനയുടെ, ചതിയുടെ, കണ്ണീരിന്റെ ഗന്ധമാണവളുടെ കഥയ്ക്ക്.
അതിസുന്ദരിയാണവൾ. പൗര്ണമിയെ ഇഷ്ടപ്പെടുന്നവൾ. പ്രണയിക്കുന്ന പുരുഷനെ പ്രാണന് തുല്യം കരുതുന്നവൾ. അവനു വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നവൾ. അവളുടെ പ്രണയം അനുഭവിക്കാനും ഒരു നിയോഗം വേണം. ജീവിതത്തിൽ ഒരുവന് വേണ്ടി മാത്രമേ അവൾ മനസ്സിന്റെ വാതായനങ്ങൾ തുറന്നിടൂ.
പൗര്ണമിയിൽ അവളുടെ സൗന്ദര്യം അതിന്റെ പാരമ്യത്തിലെത്തുന്നു. അവളുടെ ശരീരത്തിന് അന്ന് പാലപ്പൂവിന്റെ ഗന്ധമാണ്. നായകളുടെ ഓരിയിടൽ അവൾക്കു സംഗീതമാണ്. കടവാതിലുകൾ എല്ലായിടത്തും അവൾക്കു അകമ്പടി സേവിക്കുന്നു. ഹിംസ്രജന്തുക്കൾ (മൃഗങ്ങളും മനുഷ്യരും) അവളുടെയടുത്ത് ഇണക്കത്തോടെ പെരുമാറുന്നു. പൗര്ണമിയുടെ ശോഭ അവളുടെ ശരീരത്തിൽ പ്രതിഫലിക്കുന്നു. അന്നവളുടെ വദനം ദിവ്യമായ ഒരു ഓറയാൽ പ്രശോഭിതമാകുന്നു.
ഐശ്വര്യത്തിന്റെ ദേവതയാണവൾ. അവൾ ഇരിക്കുന്നിടം ധനം കൊണ്ട് നിറയും. കുബേരന്റെ സദസ്സിലെ ദാസികളത്രെ യക്ഷികൾ. യക്ഷികൾ ദുഷ്ടകളല്ല. നഷ്ടപ്രണയം അവരെ പ്രതികാരദാഹികളാക്കുന്നു എന്ന് മാത്രം. യക്ഷികളുടെ പ്രണയത്തിനു പാത്രമായവർ പിന്നീടൊരിക്കലും വേറൊരു സ്ത്രീയെക്കുറിച്ചു ചിന്തിക്കപോലും ചെയ്യാൻ കഴിയില്ല. അത്രയ്ക്ക് പരിശുദ്ധമായി വേണം അവരെ പ്രണയിക്കാൻ. പ്രണയത്തെ ഒരു ഉപാസനയായി കാണുന്നവർക്ക് മാത്രമേ അവളെ സ്വന്തമാക്കാൻ സാധിക്കൂ.
ഒന്നു നോക്കൂ, കള്ളിയങ്കാട്ട് നീലി. അവളെ ചതിക്കയല്ലേ ചെയ്തത്? അവൾ രക്തദാഹിയായത് നഷ്ടപ്പെട്ട പ്രണയം മൂലമല്ലേ? കാഞ്ഞിരംകോട്ട് യക്ഷി. അവളുടെ കഥയും വ്യത്യസ്തമല്ല. മേലാള വർഗം അവരുടെ നീചത്വം മറക്കാൻ വേണ്ടി ബുദ്ധിപൂർവം ചമച്ചതാണ് "രക്തദാഹി" എന്ന പട്ടം.
കടപ്പാട്: ഒരടുത്ത സുഹൃത്തു.

സിക്ക് ശക്തിയുടെ ഉദയവും സിക്ക് ഗുരുക്കന്മാരും















ഗുരുനാനാക്ക്
ഭാരതത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാനമായ ഒരു പങ്ക് സിക്കുകാർ വഹിച്ചിട്ടുണ്ട്. ബാബറുടെ സമകാലികനായ ഗുരുനാനാക്കാണ് (1468-1538) സിക്ക് മതസ്ഥാപകൻ .15-ഉം 16-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യയിലുടനീളം സ്വാധീനം ചെലുത്തിയ മത നവോദ്ധാനത്തിന്റെ ഒരു ഭാഗമായിട്ടാണ് ഈ പുതിയ മതം രൂപം കൊണ്ടത്. രാഷ്ട്രീയ പ്രക്ഷോഭമല്ല മറിച്ച് ഹിന്ദു മത പുനരുദ്ധാരണവും സാമൂഹികപരിഷ്കരണവുമായിരുന്നു ഗുരുനാനാക്കിന്റെ ജീവിതോദ്ദേശ്യം . പുരോഹിതന്മാരുടെ കാപട്യത്തിൽ വെറുപ്പ് തോന്നിയ അദ്ദേഹം എല്ലാ മതങ്ങളും പൊതുവായി സ്വീകരിച്ച തത്വങ്ങൾ പഠിക്കുവാൻ ആത്മാർഥമായി ശ്രമിച്ചു. ഇന്നത്തെ പാകിസ്താനിലെ തൽവണ്ടി എന്ന സ്ഥലത്താണ് നാനാക്ക് ജനിച്ചത്. മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ മക്കയും ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളും അദ്ദേഹം ഒരുപോലെ സന്ദർശിച്ചു . ഹിന്ദുമതത്തിലേയും ഇസ്ലാംമതത്തിലേയും അന്നത്തെ പുരോഹിത കാപട്യങ്ങൾ അദ്ദേഹത്തിന് ഒരുപോലെ വെറുപ്പുളവാക്കി. അതിന്റെഅദ്ദേഹ ഫലമായാണ് നാനാക്ക് ഒരു പുതിയ മതം സ്ഥാപിച്ചത്.
സിക്കുമത തത്ത്വങ്ങൾ
സിക്കുമതത്തിന്റെ അടിസ്ഥാനപ്രമാണം ഏകദൈവവിശ്വാസമാണ്. ബിംബാരാധനയ്ക്കും തീർത്ഥാടനത്തിനും അത് എതിരാണ്. ജനന-മരണ സംബന്ധമായി ആചരിച്ചു വരാറുള്ള അശുദ്ധവും അത് അംഗീകരിക്കുന്നില്ല. സിക്കുമതം ജാതിവ്യവസ്ഥയെ അതിരൂക്ഷമായി എതിർക്കുന്നു. അതുപോലെതന്നെ ബ്രാഹ്മണമേധാവിത്വത്തെയും. സർവലോക സാഹോദര്യം സിക്കു മതത്തിൻറെ മൗലിക ആശയമാണ്. ജനങ്ങളിൽ സന്മാർഗബോധം വളർത്തുന്നതിന് നാനാക്ക് പ്രത്യേകം ശ്രദ്ധിച്ചു. ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാൻ അദ്ദേഹം തന്റെ അനുയായികളെ ഉദ്ബോധിപ്പിച്ചു. മദ്യം, പുകവലി മുതലായവ വർജ്‌ജിക്കുവാനും സതി അനുഷ്ഠിക്കാതിരിക്കാൻ പ്രേരിപ്പിക്കുവാനും നാനാക്ക് തന്റെ അനുയായികൾക്ക് പ്രചോദനം നൽകി. ഈ നവീനാശയങ്ങളിൽ ആകൃഷ്ടരായി അതിന്റെ അനുഭാവികളും അനുയായികളുമായിത്തീർന്നവരാണ് സിക്കുമതവിശ്വാസികൾ. ഗുരുനാനാക്ക് സ്ഥാപിച്ച ഈ മതം അദ്ദേഹത്തിന്റെ കാലശേഷവും ഒരു പ്രബല ശക്തിയായി രൂപാന്തരം പ്രാപിച്ചു.
* ഗുരുനാനാക്കിന്റെ പിൻഗാമികൾ *
പ്രഗൽഭരായ നാലു ഗുരുക്കന്മാർ നാനാക്കിനെത്തുടർന്ന് സിക്കുമതത്തെ ശക്തമാക്കുവാൻ വളരെയധികം പ്രയത്നിച്ചു. ഗുരു അംഗദ്, ഗുരു അമർദാസ്, ഗുരു രാംദാസ് ഗുരു അർജ്‌ജുൻ എന്നിവരാണവർ . അമൃതസരസ്സ് നിർമ്മിച്ചത് അക്ബറുടെ സമകാലികനായ ഗുരു രാംദാസാണ് . അതിനടുത്ത് സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ചതിനെത്തുടർന്ന് അമൃതസരസ്സ് സിക്കുകാരുടെ പുണ്യസ്ഥലം എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചു. ഗുരു അർജ്ജുന്റെ കാലത്താണ് സിക്കു മതഗ്രന്ഥമായ 'ആദി ഗ്രന്ഥ്' രചിക്കപ്പെട്ടത്. സിക്കുമതത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും അദ്ദേഹം അടിത്തറപാകി.
ഇത്രയുമായതോടെ ഒരു വൈദിക ഭരണത്തിനാവശ്യമായ എല്ലാ ഘടകങ്ങളും പൂർത്തിയായി .എല്ലാവർക്കും സ്വീകാര്യമായ ഒരു മതസംഹിതയും ഒരു പുണ്യസ്ഥലവും ഒരു നേതാവും സിക്കുകാർക്ക് ഒത്തു കിട്ടി. സാമ്പത്തിക ഭദ്രതയും കൈവന്നു കഴിഞ്ഞിരുന്നു. ഗുരുവിന്റെ ശക്തിയും പ്രതാപവും വർദ്ധിച്ചതോടെ സിക്കുമതം പഞ്ചാബിലെ രാഷ്ട്രീയരംഗത്ത് ഗൗനിക്കപ്പെടേണ്ട ഒരു ഘടകമായിത്തീർന്നു. ഗുരു അർജ്ജുനുമായുള്ള ബന്ധം മോഹിച്ച് ലാഹോറിലെ ദിവാനായിരുന്ന ചന്ദ്‌ഷാ അദ്ദേഹത്തിന്റെ മകളെ ഗുരുവിന്റെ പുത്രനു വിവാഹം ചെയ്തുകൊടുക്കാൻ ആഗ്രഹിച്ചു. ഗുരു അർജ്ജുൻ ഈ നിർദ്ദേശം നിരാകരിച്ചതിനാൽ കുപിതനായ ദിവാൻ ഗുരുവിനെതിരായി തിരിഞ്ഞു. അദ്ദേഹത്തിന്റെ വധശിക്ഷയ്ക്ക് കൂട്ടുനിന്നു. ജഹാംഗീർ ഗുരു അർജ്ജുനെ രാജ്യദ്രോഹം കുറ്റം ചുമത്തിയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. പഞ്ചാബിന്റെ അനന്തര ചരിത്രത്തിന്റെ ഗതി നിർണ്ണയിക്കുന്നതിന് ഈ സംഭവം കുറച്ചൊന്നുമല്ല പങ്ക് വഹിച്ചിട്ടുള്ളത്.
* ഗുരു ഹർഗോവിന്ദ് *
ഗുരു അർജ്ജുന്റെ മരണശേഷം ഗുരുവായി അവരോധിക്കപ്പെട്ട ഗുരു ഹർഗോവിന്ദ് ഗുരുപാദത്തിന്റെ സ്വഭാവത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തി. തന്റെ അനുയായികളുടെ ഇടയിൽ ധൈര്യവും ഉത്സാഹവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഗുരുവിൻറെ അനുയായികൾ അദ്ദേഹത്തിന് സമ്മാനമായി യുദ്ധസാമഗ്രികളും കുതിരകളും മറ്റും കാഴ്ചവെക്കണമെന്നത് നിർബന്ധമാക്കി. ഹർഗോവിന്ദിൻെറ കാലത്ത് ഗുരുവിൻെറ ജീവിത രീതിയിൽ തന്നെ സാരമായ മാറ്റം സംഭവിച്ചു. കുടകൾ, വാൾ, മുദ്ര മുതലായ രാജകീയ ചിഹ്നങ്ങൾ ഗുരുവിൻറെ പദവിക്ക് മാറ്റുകൂട്ടി. ഗുരുവിനെ സംബോധന ചെയ്യേണ്ട രീതിയിലും അദ്ദേഹം പരിഷ്കാരങ്ങൾ വരുത്തി. സ്വയരക്ഷയ്ക്ക് വേണ്ടി ഒരു ചെറിയ സൈന്യത്തെ അദ്ദേഹം സജ്ജീകരിച്ചു സന്നദ്ധമാക്കി നിറുത്തി. ശത്രുക്കളിൽ നിന്നും സിക്ക്മതത്തെ രക്ഷിക്കാൻവേണ്ടി സദാ സന്നദ്ധനായിരിക്കണമെന്നും വേണ്ടിവന്നാൽ ജീവൻ വെടിഞ്ഞും യുദ്ധം ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം സ്വന്തം അനുയായികളെ അനുസ്മരിപ്പിച്ചു. സിക്കുകാരുടെ വെറുമൊരു ആത്മീയ നേതാവ് എന്നതിലുപരി രാഷ്ട്രീയ നേതാവായി ഉയർന്ന ആദ്യത്തെ ഗുരുവാണ് ഹർഗോവിന്ദ്. സൈനിക പ്രവർത്തനങ്ങളിലേർപ്പെട്ട ആദ്യത്തെ ഗുരുവും അദ്ദേഹംതന്നെയാണ്. ഹരിഗോവിന്ദിനു ശേഷം സിക്കുകാർ വെറുമൊരു സന്ന്യാസിവർഗ്ഗക്കാർ എന്നതിൽനിന്നും വളർന്ന് പഞ്ചാബിലെ ഒരു മുഖ്യരാഷ്ട്രീയ ശക്തിയായി രൂപംകൊണ്ടു.
*തേജ് ബഹദൂർ*
ഹർറായിയാണ് ഹർഗോവിന്ദ് ശേഷം ഗുരുവായത്. ഹർറായിയുടെ മരണത്തെ തുടർന്ന് കേവലം ആറ് വയസ്സ് മാത്രം പ്രായമായ ഹർകിഷൻ ഗുരുവായി, വസൂരിദീനം പിടിപെട്ട് ഈ ബാലൻ മൃതിയടയുകയാൽ, തേജ് ബഹാദൂർ ഗുരുപദത്തിൽ അവരോധിക്കപ്പെട്ടു. അറംഗസീബിന്റെ മതനയത്തിനെതിരായി ഗുരു തേജ് ബഹദൂർ ശബ്ദമുയർത്തിയതിൽ കുപിതനായ അറംഗസീബ് അദ്ദേഹത്തെ മുഗൾ രാജധാനിയിലേക്ക് വിളിച്ച് ഇസ്ലാംമതം സ്വീകരിക്കാൻ നിർബന്ധിച്ചു. ഇതിന് തയ്യാറാകാത്തതിനാൽ തന്റെ ദിവ്യത്വത്തിന് നിതാനമായ തെളിവുകൾ കാണിച്ചു കൊടുക്കാൻ ഗുരു നിർബന്ധിതനായി. അറംഗസീബ് എന്ന ഭീഷണിക്ക് വഴങ്ങുന്ന അതിനു പകരം ഒരു രക്തസാക്ഷിയായി മരണം വരിക്കാൻ ആണ് അഭിമാനിയും ധീരനുമായ തേജ്ബഹദൂർ ആഗ്രഹിച്ചത്. സ്വന്തം ജീവരക്ഷയ്ക്കുവേണ്ടി മതം ബലികഴിക്കാൻ അദ്ദേഹം തയ്യാറായില്ല . തൻെറ പിതാമഹനായ അർജ്ജുനെപ്പോലെ തേജ്ബഹദൂറും ഒരു രക്തസാക്ഷിയായി. തേജ്ബഹദൂറിൻെറ ഈ വീരമരണം സിക്കുകാറിൽ മുഗളർക്കെതിരെ ഒടുങ്ങാത്ത വൈരാഗ്യം വളർത്താൻ കാരണമായി. അവർ ഇസ്ലാമിൻറെ ശത്രുക്കളായി മാറുകയും മുസ്‌ലിംകളുമായി പലപ്പോഴും യുദ്ധത്തിനൊരുമ്പെടുകയും ചെയ്തു.
*ഗുരു ഗോവിന്ദ് സിംഗ്*
തേജ്ബഹദൂറിൻെറ മരണത്തെത്തുടർന്ന് അദ്ദേഹത്തിൻെറ മകനായ ഗോവിന്ദ് സിങ് ഗുരുവായി. തൻെറ രാജ്യത്തോടും പിതാവിനോടും മുഗളർ ചെയ്ത കൊടും ചതിക്കു പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം ആദ്യമേ പ്രതിജ്ഞയെടുത്തിരുന്നു. ഈ വീരപരാക്രമിയുടെ നേതൃത്വത്തിൽ സിക്കുമതം ഒരു പുതിയ രൂപം കൈക്കൊണ്ടു. കേവലം പതിനഞ്ച് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗോവിന്ദ്സിങ്ങിനു മുഗളരെ നേരിട്ടുള്ള യുദ്ധത്തിൽ തോൽപ്പിക്കുക എന്നത് ആദ്യകാലങ്ങളിൽ അസാധ്യമായിരുന്നു. സിക്കുകാരെ ഏകോപിച്ചു സംഘടിപ്പിക്കുന്നതിലും പട്ടാളച്ചിട്ടയിൽ അവരെ പരിശീലിപ്പിക്കുന്നതിനും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു . 1695-ൽ സിക്കുകാരുടെ വിഖ്യാത സൈനിക സംഘടനയായ 'ഖാൽസ' സ്ഥാപിക്കുകയും മുഗളർക്കെതിരെ തുടർച്ചയായി സൈനിക നടപടികളിലേർപ്പെടുകയും ചെയ്തു.
1675 -1695 നുമിടയ്ക്കുള്ള കാലഘട്ടത്തിൽ സിക്കുകാരുടെ വൈകാരികോദ്ഗ്രഥനത്തെ ലക്ഷ്യമാക്കി ഗുരു ഗോവിന്ദ് സിംഗ് പല പരിഷ്കാരങ്ങളും ഏർപ്പെടുത്തി. സിക്കുകാർക്ക് പ്രത്യേകമായി മുദ്രകളും ആചാരാനുഷ്ഠാനങ്ങളും നിർദ്ദേശിച്ചു. തന്റെ അനുയായികളിൽ വ്യക്തമായ ഒരു ലക്ഷ്യബോധവും ഐക്യദാർഢ്യതാബോധവും ഉളവാക്കി. സിക്കുകാരുടെ ആഹാരം, വസ്ത്രധാരണം, ആരാധനമുറ എന്നിവയിലും അദ്ദേഹം പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഒരോ സിക്കുകാരന്റെയും പേരിനോടൊത്തു 'സിങ്‌' എന്നു ചേർക്കുന്ന സമ്പ്രദായവും ഗോവിന്ദ്സിങ്ങാണ് തുടങ്ങിവച്ചത് . ഒരു കർഷക ജനതയായിരുന്ന സിക്കുകാരുടെ ശ്രദ്ധ 'നുക'ത്തിൽ നിന്നും കൃപാണി(സിക്കുകാർ എപ്പോഴും കൊണ്ടു നടക്കുന്ന കഠാര / വാൾ)യിലേക്ക് തിരിച്ചുവിട്ട് കെട്ടുറപ്പും സമരവീര്യം ഉള്ള ഒരു സൈനിക സമുദായമാക്കി അവരെ രൂപാന്തരപ്പെടുത്തിയതിനുള്ള ബഹുമതിക്ക് ഗുരു ഗോബിന്ദ്സിങ് മാത്രമാണ് അർഹൻ. സിക്കു സമുദായത്തിന് 'ഖൽസാ' എന്ന നാമം കൊടുത്തതുകൊണ്ട് തന്നെ യുദ്ധം ചെയ്ത് വിജയം കൈവരിക്കാൻ മാത്രം ജനിച്ചവരാണ് തങ്ങളെന്നൊരു ബോധം അദ്ദേഹം അവരിൽ ഉളവാക്കി. ഗുരു ഗോവിന്ദ് സിങ്ങിൻെറ പരിശ്രമഫലമായി സിക്കുകാരിൽ ദേശീയബോധവും ആത്മാർപ്പണമനോഭാവവും രൂഢമൂലമാവുകയും ശത്രുക്കളോട് പടപൊരുതി മരിക്കുന്നത് ഏറ്റവും മഹത്തായ ജീവിതോദ്ദേശം ആയി അവർ സ്വീകരിക്കുകയും ചെയ്തു. പത്താമത്തെയും അവസാനത്തെയും ഗുരുവായ ഗോവിന്ദ് സിങ് വധിക്കപ്പെടുകയാണുണ്ടായത്. ഒരു കാലത്ത് വെറും കർഷകരായിരുന്നു സിക്ക് ജനത ഗുരു ഗോവിന്ദ് സിങിൻെറ മരണത്തിനു മുമ്പ് തന്നെ യുദ്ധതന്ത്രങ്ങൾ പ്രാവീണ്യം സിദ്ധിച്ചവരും ആയുധ സമ്പന്നരുമായ ഒരു ജനതയായി മാറിയിരുന്നു.
*ബന്ദാ ബഹദൂർ*
ഗുരു ഗോവിന്ദ്സിങ്ങിനെ തുടർന്ന് ഗുരു പദം അവസാനിച്ചു. തൻെറ മരണശേഷം സിക്കുകാരുടെ മതഗ്രന്ഥമായ ആദ്യഗ്രന്ഥിനെ ഗുരുവായി സ്വീകരിക്കുവാൻ ഗോവിന്ദ് സിംഗ് തൻെറ അനുയായികളെ ഉദ്ബോധിപ്പിച്ചിരുന്നു. എങ്കിലും ഗോവിന്ദസിങ് മതേതര കാര്യങ്ങളിൽ സിക്കുകാർക്ക് നേതൃത്വം നൽകുവാൻ ബന്ദാ ബഹദൂറിനെ നേതാവായി നിയമിച്ചിട്ടാണ് മരണമടഞ്ഞത്. മുഗളരും ബന്ദാബഹദൂറുമായി നിരന്തരം സംഘട്ടനങ്ങൾ ഉണ്ടായി. 1716-ൽ മുഗളർ ബന്ദായെ കീഴടക്കി, വധശിക്ഷക്ക് വിധേയമാക്കി. പക്ഷേ ഖാൽസയുടെ മനോവീര്യം നശിപ്പിക്കാൻ മുഗളർക്കു സാധിച്ചില്ല . നാദിർഷായുടെ ആക്രമണകാലത്ത് പഞ്ചാബിൽ നിലനിന്നിരുന്ന രാഷ്ട്രീയ അരാജകത്വത്തിൽ നിന്നും സിക്കുകാർ ശരിക്കും മുതലെടുത്തു. 1758- ൽ അവർ ലാഹോർ പിടിച്ചെടുത്തു. 1764 - 1799 നുമിടയ്ക്ക് പഞ്ചാബിലെ പ്രമുഖ രാഷ്ട്രീയ ശക്തിയായി 'ഖാൽസ്' ഉയർന്നുവന്നു. പന്ത്രണ്ടോളം സിക്ക്പ്രധാനികൾ ചേർന്ന് മദ്ധ്യ പഞ്ചാബ് മുഴുവൻ വീതിച്ചെടുത്തു. 19 ആം ശതകത്തിലെ ആദ്യദശകങ്ങളിൽ രാജാരഞ്ജിത്ത് സിങ് ഇവരെ ഓരോരുത്തരെയായി ആക്രമിച്ച് കീഴടക്കി ഒരുകുടക്കീഴിൽ കൊണ്ടുവന്നതോടെ പഞ്ചാബ് ഒരു ഏകീകൃത സിക്ക് രാജ്യമായി രൂപംകൊണ്ടു. സിക്ക് യുദ്ധങ്ങളുടെ ഫലമായി ഈ രാജ്യം കാലാന്തരത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ലയിച്ചു.
Ref: ഇന്ത്യ ചരിത്രം,
ചിത്രങ്ങൾ : ഗൂഗിൾ
◆ചില സിക്ക് വിശേഷങ്ങൾ◆
* സിഖുമതവിശ്വാസികൾ ധരിക്കുന്ന ഒരു തലപ്പാവാണ് ടർബൻ. സിക്കുമതവിശ്വാസത്തിൽ ഇതു പരമപ്രധാനമാണ്. സിക്കുമതപ്രവേശനം ലഭിച്ച എല്ലാ പുരുഷന്മാരും സ്ത്രീകളും ഇതു ധരിക്കേണ്ടത് നിർബന്ധമാണ്.
സിഖുകാർക്കിടയിൽ തലപ്പാവ് അവരുടെ അഭിമാനത്തെയും, സ്വയം ബഹുമാനത്തെയും, ഭക്തിയേയും, ആത്മീയതയെയും എല്ലാം കാണിക്കാൻ ടർബൻ ഉപയോഗിക്കുന്നു.
* ദിൽറുബ എന്ന സംഗീത ഉപകരണം വികസിപ്പിച്ചെടുത്തത് ഗുരു ഗോവിന്ദ് സിങ് ആണ്.
* സിക്കുകാരുടെ പ്രശസ്തമായ നാടോടി നൃത്ത രൂപമാണ് ഭംഗ്റ.
* വേദ കാലഘട്ടങ്ങളിൽ ഇന്നത്തെ പഞ്ചാബ് അറിയപ്പെടുന്നത് സപ്ത സിന്ധു എന്ന പേരിലാണ്.
* സത്ലജ്,രവി ബിയസ് , ഝലം, ചിനാബ് എന്നീ അഞ്ചു നദികളുടെ നാടായതുകൊണ്ടാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്.
*പുരാതന ഗ്രീക്കുകാർ പഞ്ചാബിനെ പെന്റാപൊട്ടാമിയ എന്ന പേരിലാണ് വിളിച്ചിരുന്നത്.
* സിക്കുകാരുടെ ആയുധമായ കൃപാൺ എപ്പോഴും കൈവശം വയ്ക്കാൻ ഇന്ത്യൻ ഭരണ ഘടന അംഗീകാരം നൽകുന്നുണ്ട്.