A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചാരിത്ര്യ പൂട്ട്‌



വടക്കുനോക്കിയന്ത്രം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രം ഭാര്യ അപഥ സഞ്ചാരിണിയാവുമോ എന്നോർത്ത് സദാ ഖിന്നനായിരുന്നു. തന്നെക്കാൾ ഉയരം കൂടിയവളും സൌന്ദര്യവതിയുമായ നല്ലപാതിയുടെ സ്വാഭാവിക ചലനങ്ങൾ പോലും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കികാണാനാണ് ആ കഥാപാത്രം ചിത്രത്തിലുട നീളം ശ്രമിക്കുന്നത്. ഭാര്യയുടെ ജാരനെ പിടിക്കാൻ കഥാപാത്രം നടത്തുന്ന നീക്കങ്ങളിൽ അപകർഷതാ ബോധത്താൽ വ്യക്തിത്വം നഷ്ടമായ പുരുഷന്റെ നിസഹായാവസ്ഥയെ ശരിക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. തളത്തിൽ ദിനേശൻ സമൂഹത്തിലെ ഒറ്റപ്പെട്ട ഒരു പരിഛേദമല്ല. തളത്തിൽ ദിനേശനെ മദിച്ചിരുന്ന അപകർഷതാ ബോധം അഭിനവ ദിനേശന്മാരെയും ഭാര്യമാരുടെ കാവൽക്കാരാക്കി മാറ്റുന്നുണ്ട്.
സ്ത്രീയുടെ അപഥസഞ്ചാരത്തെ കുറിച്ചോർത്ത് സദാ വ്യാകുലപ്പെട്ടിരുന്ന പുരുഷൻ സ്ത്രീയെ സമൂഹത്തിൽ രണ്ടാം സ്ഥാനത്ത് പ്രതിഷ്ടിച്ച് ശാന്തിയടയാനാണ് ശ്രമിച്ചിരുന്നത്. സ്ത്രീക്ക് മാത്രമായുള്ള അലിഖിത നിയമങ്ങൾ കൌശലപൂർവ്വം ഉണ്ടാക്കി സമൂഹമധ്യത്തിൽ അതിനു അംഗീകാരം നേടിയെടുക്കുന്നതിൽ പുരുഷൻ വിജയിച്ചിരുന്നു. പുരോഗമന പരമായി ആശയ സംവാദം നടത്തുകയും എന്നാൽ സ്വന്തം കാര്യം വരുമ്പോൾ തന്റെ ഉള്ളിലെ തളത്തിൽ ദിനേശനെ കെട്ടഴിച്ച് വിടുന്ന പുരുഷൻ സ്ത്രീ സ്വാതന്ത്ര്യത്തെ മനസാ അംഗീകരിക്കുന്നില്ല എന്ന് സ്പഷ്ടം. വിലക്കുകൾ ലംഘിച്ച് അവൾ വഴിവിട്ട് സഞ്ചരിക്കുമോ എന്ന ഭയത്താൽ സ്ത്രീയെ പൂട്ടാൻ വ്യംഗമായ പല മണിച്ചിത്രത്താഴുകളും അവൻ ഉപയോഗിച്ചിരുന്നു. എന്നാൽ പ്രത്യക്ഷമായി തന്നെ സ്ത്രീയുടെ ലൈംഗികാവയവത്തെ പൂട്ടി താക്കോലുമായി പുറത്ത് പോയിരുന്ന പുരുഷ സമൂഹം ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്.
പതിനാറാം നൂറ്റാണ്ടിൽ ഗ്രീസിലും റോമിലും ‘ചാരിത്ര്യപ്പട്ട‘ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു തരം പ്രത്യേക തോൽച്ചട്ട സ്ത്രീകൾക്കായി നിർമ്മിച്ച് അവരെക്കൊണ്ട് ധരിപ്പിച്ചിരുന്നു. സ്ത്രീ സ്വന്തം ചാരിത്ര്യം സ്വയമേവ സംരക്ഷിച്ചില്ലെങ്കിലോ എന്ന ഭയവിഹ്വലതയാണ് ചാരിത്ര്യപ്പട്ട പോലുള്ള പൂട്ടും താക്കോലിനും പിന്നിലെ യുക്തി. യുദ്ധത്തിനും മറ്റുമായി പുറത്തു പോകുന്ന പുരുഷന്മാർ തങ്ങൾ നാട്ടിലും വീട്ടിലുമില്ലാതിരിക്കുന്ന അവസരങ്ങളിൽ ഭാര്യമാർ അന്യപുരുഷന്മാരുമായി ദാമ്പത്യ ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടയാനാണ് വിചിത്രവും ഹീനവുമായ ഈ തുകലുടുപ്പ് ഭാര്യമാർക്ക് വിധിച്ചത്. അരയിൽ സാധാരണ ബെൽറ്റ് പോലെ ധരിക്കാവുന്ന ഒരു ലോഹപ്പട്ടയും യോനിയുടെ പ്രവേശനകവാടത്തെ മൂടത്തക്ക വിധത്തിലുമുള്ള ഒരു ലോഹ കവചവുമാണ് ചാരിത്ര്യപ്പട്ടയുടെ പ്രധാന ഭാഗങ്ങൾ. ആവശ്യത്തിനു പൂട്ടാനും തുറക്കാനും കഴിയുന്ന വിധത്തിൽ പൂട്ടും താക്കോലുമുണ്ട്. ചാരിത്ര്യപ്പട്ടയണിഞ്ഞാൽ സ്വാഭാവിക ലൈംഗിക ബന്ധം നടത്താനാവില്ല. എന്നാൽ ശാരീരികമായ മറ്റ് ധർമ്മങ്ങൾ അനുഷ്ടിക്കാൻ തടസ്സമാവാത്ത തരത്തിലുള്ള ചെറിയ ദ്വാരങ്ങൾ ചാരിത്ര്യപ്പട്ടയിൽ നിർമ്മിച്ചിരുന്നു. ചാരിത്ര്യപ്പട്ടയിലെ പ്രധാന ഭാഗമായ യോനി മറയ്ക്കുന്ന ലോഹപാളി സ്വർണ്ണം, വെള്ളി, പിത്തള തുടങ്ങിയവ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. സാമ്പത്തിക ശേഷിയും ഭാര്യയോടുള്ള പ്രിയത്തിന്റെ(!) തോതും അനുസരിച്ച് ഏത് ലോഹം വേണമെന്ന് ഓരോരുത്തരും തീരുമാനിച്ചിരുന്നു. മാത്രവുമല്ല യോനിയെ മറയ്ക്കുന്ന ലോഹപാളിയിൽ ചിത്രപ്പണി ചെയ്ത് മോടി വരുത്താനും ഭാര്യയെ അതിരറ്റ് സ്നേഹിച്ചിരുന്ന ഭർത്താക്കന്മാർ ശ്രദ്ധിച്ചിരുന്നു..
ഭാര്യമാരെ ചാരിത്ര്യ ദോഷത്തിൽ നിന്നും രക്ഷിക്കാൻ ഇത്രത്തോളം ചിന്തിച്ച ജനത മധ്യകാല ഘട്ടത്തിലും ജീവിച്ചിരുന്നു. ചാരിത്ര്യപ്പട്ടയുടെ മാതൃകയും ഭർത്താവ് ഭാര്യയുടെ സമീപം ചാരിത്ര്യപ്പട്ടയുമായി നിൽക്കുന്ന ചിത്രവും പാരീസ് മ്യൂസിയത്തിൽ ഒരു കൌതുക വസ്തുവായി സൂക്ഷിച്ചിട്ടുണ്ട്. ഭാര്യയുടെ അപഥ സഞ്ചാരത്തെ കുറിച്ചോർത്ത് വേപഥു പൂണ്ട ഭർത്താക്കന്മാർ, താഴിട്ട് പൂട്ടി താക്കോൽ അരയിൽ ഭദ്രമാക്കി വീരന്മാരായി യുദ്ധത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനസമാധാനത്തോടെ പുറത്ത് പോയപ്പോൾ ഹനിക്കപ്പെട്ടത് സ്ത്രീത്വമാണ്. ഭർത്താവെന്നാൽ യോനീ സംരക്ഷകരാണെന്ന് ധരിച്ച് വച്ച പുരുഷകേസരികൾ യുദ്ധത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണ്? പടനയിച്ചെത്തിയേടത്തൊക്കെ സ്ത്രീകളെ ചൂഷണം ചെയ്യുകയും താല്പര്യമുള്ളവരെ അടിമകളാക്കി നാട്ടിൽ കൊണ്ടു വരികയും ചെയ്തുവെന്നതാണ് ഏറ്റവും രസാവഹമായ കാര്യം! സ്വന്തം ഭാര്യയുടെ യോനി പൂട്ടി താക്കോലുമായി പോയ പുരുഷൻ അന്യനാട്ടിൽ അന്യ സ്ത്രീകളുമായി പരസ്യമായ ബന്ധം പുലർത്തിയപ്പോൾ വെളിവായത് പുരുഷ മേധാവിത്വം എന്ന ഉളുപ്പില്ലായ്മയുടെ ഇരട്ടതാപ്പാണ്.
കാലാന്തരത്തിൽ ചാരിത്ര്യപ്പട്ട അപ്രതക്ഷ്യമായെങ്കിലും വേറെ രൂപഭാവങ്ങളിൽ സിംബോളിക്ക് ആയ പട്ടകളും പൂട്ടുകളും ഇന്നും നിലനിൽക്കുന്നുണ്ട്. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 497, 498 വകുപ്പുകളും ഭരണഘടനയുടെ 14,15 വകുപ്പുകളും പ്രകാരം വിവാഹിതയായ സ്ത്രീയോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അന്യപുരുഷൻ മാത്രം കുറ്റവാളിയാവുന്നു. വിവേചനത്തോടെ സ്ത്രീക്ക് അനുകൂലമായിട്ടാണ് ഈ നിയമമെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഈ നിയമനിർമ്മാണത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പുരുഷന്റെ ഉള്ളിലെ ഭയവിഹ്വലതയാണ്. അതായത് അന്യന്റെ ഭാര്യയെ പ്രാപിക്കാനുള്ള ഒരുവന്റെ ആഗ്രഹത്തെ കടിഞ്ഞാണിടുന്നതാണ് പ്രസ്തുത നിയമം. മറ്റൊരർത്ഥത്തിൽ ഒരാളിന്റെ ഭാര്യയെ മറ്റൊരുവൻ പ്രാപിക്കാതിരിക്കാൻ അവളുടെ യോനീ സംരക്ഷണത്തിനായി ഉണ്ടാക്കിയതാണ് ഈ നിയമം. തത്വത്തിൽ കാലഗതിയടഞ്ഞ ചാരിത്ര്യപ്പട്ടയുടെ അഭിനവ രൂപം തന്നെയാണ് ഇത്.
സ്ത്രീയുടെ ചാരിത്ര്യ ശുദ്ധിയിൽ പുരുഷൻ ഇത്ര കണ്ട് ജാഗരൂകനാകാനുള്ള കാരണമെന്ത്? പുരുഷന്റെ അപഥ സഞ്ചാരത്തെ സമൂഹം നിസാരവത്കരിക്കുമ്പോൾ സ്ത്രീയുടെ പ്രവർത്തിയെ പർവ്വതീകരിക്കാനാണ് പുരുഷൻ ശ്രമിക്കുന്നത്, കൂടെ സമൂഹവും. പുരുഷൻ സ്ത്രീയെ നിന്ദിച്ചു കൊണ്ട്, അവളെ സ്വന്തം വരുതിയിൽ നിർത്താൻ പുരുഷന് അത് ചെയ്യണമായിരുന്നു. മനുഷ്യരെക്കാൾ തരം താണ ഒരു വിഭാഗമായി ഏറെക്കുറെ സ്ത്രീകളെ മാറ്റിയിരിക്കുന്നു. യഥാർത്ഥത്തിൽ പുരുഷന്റെയുള്ളിലെ ഭയവിഹ്വലതയാണ് അവനെ ഇത്ര നികൃഷ്ടനാക്കിയത്. പുരുഷൻ എപ്പോഴും സ്ത്രീയെ താനുമായി താരത‌മ്യം ചെയ്യുകയും സ്ത്രീയുടെ ഔന്നത്യം മനസിലാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ലൈംഗികതയിൽ പുരുഷൻ സ്ത്രീയെക്കാൾ വളരെയധികം കഴിവ് കുറഞ്ഞവനാണ്. ഇവിടെ പുരുഷൻ അനുഭവിക്കുന്ന നിസഹായാവസ്ഥയാണ് അപകർഷതാ ബോധ തലത്തിലുള്ള കൃത്രിമ മേധാശക്തിയായി അവൻ പ്രകടിപ്പിക്കുന്നത്. അബോധതലത്തിൽ അവനിൽ ഉറങ്ങുന്ന ഈ നിസഹായാവസ്ഥയും അപകർഷതയും സ്ത്രീക്ക് നേരെയുള്ള മണിച്ചിത്രത്താഴുകളായി പരിണമിക്കുന്നു.