ഇന്ത്യയിൽ ഏതാണ്ട് അമ്പതിനായിരത്തോളം പേർ ഒരു വര്ഷം പാമ്പ് കടിയേറ്റ് മരിക്കുന്നുണ്ട് എന്നാണു കണക്ക് . കണക്കിൽ പെടാത്ത കേസുകളും ധാരാളം ഉണ്ടാവാം, അപ്പോൾ മരണ സംഖ്യ ഇതിലും വളരെ വലുതാവാം.. ഈ സംഖ്യ ഇത്ര ഉയരുവാനുള്ള പ്രധാന കാരണം അറിവില്ലായ്മയും സമയത്ത് വിദഗ്ദ്ദ ചികിത്സ കിട്ടാതിരിക്കുന്നതുമാണ് . 270 ൽ കൂടുതൽ ഇനം പാമ്പുകൾ ഇന്ത്യയിൽ ഉള്ളതിൽ ഏതാണ്ട് 60 ഇനങ്ങൾക് മാത്രമാണ് മനുഷ്യനെ കൊല്ലുവാൻ തക്ക വിഷമുള്ളവ. അവയിൽ തന്നെ 4 ഇനങ്ങളാണ് ഏറ്റവും കൂടുതൽ മരണത്തിനു കാരണമാകുന്നത്. അവയെ ഭാരതത്തിലെ (big four) വലിയ നാല് പാമ്പുകൾ എന്ന് അറിയപെടുന്നു. മൂർഖൻ , ചേനത്തണ്ടൻ അണലി , വെള്ളിക്കെട്ടൻ , ചുരുട്ട മണ്ഡലി , എന്നിവയാണ് അവ . യഥാക്രമം ക്ലോക്ക് വൈസ് ആയി ചിത്രം 1-ൽ കാണാം
.
1) മൂർഖൻ ( Naja naja ) : Spectacled Indian Cobra, Common Indian Cobra, കണ്ണാടി മൂര്‍ഖന്‍, പുല്ലാനി മൂര്‍ഖന്‍, വെമ്പാല , നല്ല പാമ്പ്, സർപ്പം, നാഗം . ( നാഗം , സർപ്പം എന്നിവ പൊതുവെ പാമ്പുകളുടെ പര്യായമായും ഉപയോഗിക്കാറുണ്ട് എന്നറിയാമല്ലോ )
2) ചേനത്തണ്ടൻ അണലി ( Daboia russelii) : Russel's Viper, മണ്ഡലി , അണലി , ചേനത്തണ്ടൻ , വട്ടക്കൂറ , പയ്യാന മണ്ഡലി, കണ്ണാടി വിരിയൻ
3) വെള്ളിക്കെട്ടൻ (Bungarus caerulus) : Common Krait, വളവളപ്പൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ,വളയപ്പൻ, കെട്ടുവളയൻ, കരിവേല,രാജില, ശംഖുവരയൻ
4) ചുരുട്ട മണ്ഡലി (Echis carinatus) : Saw-scaled Viper,ഈര്‍ച്ച വാള്‍ ശല്ക്ക മണ്ഡലി, ഈര്‍ച്ച വാള്‍ ശല്ക്ക അണലി, രക്ത അണലി (കേരളത്തിൽ ഇവ അത്ര അധികമില്ല )
ഇവയ്ക്കു വേറെയും പ്രാദേശിക നാമങ്ങൾ ഉണ്ടാവാം
കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. ലോകത്തിലെ ഏറ്റവും വലിയ വിഷ പാമ്പെന്ന ഖ്യാതിയും, പ്രായപൂർത്തിയായ ഒരു ആനയെ കൊല്ലാൻ തക്ക വിഷം ഉള്ളവ ആയിട്ടും രാജ വെമ്പാല (Ophiophagus hannah - King Cobra) ബിഗ് ഫോറിൽ ഇടം പിടിച്ചില്ലാന്നുള്ളത് അവയുടെ വാസം കൂടുതലും വന പ്രദേശങ്ങളിൽ ആയതുകൊണ്ടും, ഉയർന്ന കാഴ്ച ശേഷിയും മനുഷ്യരുടെ കണ്ണിൽ പെടാതിരിക്കാൻ സദാ ജാഗ്രതയോട് കൂടി ജീവിക്കുന്നതും കൊണ്ടാവാം. ഇന്ത്യയിൽ ഇവ മഴക്കാടുകളിലും കണ്ടൽ കാടുകളിലും മാത്രമാണ് കണ്ടു വരുന്നത് . സൗത്ത് ഇന്ത്യയിൽ, കഴിഞ്ഞ 2 പതിറ്റാണ്ടിൽ 4 പേർ മാത്രമാണ് ഇവയുടെ കടി മൂലം മരണപ്പെട്ടത് . മനുഷ്യ മരണത്തിന് സാധാരണഗതിയിൽ കാരണമാകാത്തതും താരതമ്യേന വിഷം കുറവുള്ളതുമായ 20 ഓളം പാമ്പുകൾ കേരളത്തിൽ കണ്ടുവരുന്നു. അണലിയുടെ ഉപകുടുംബത്തിലെ Crotalinae (pit vipers) കുഴി മണ്ഡലി, പാറമണ്ഡലി, മുളമണ്ഡലി, മുഴമൂക്കൻ കുഴിമണ്ഡലി.. കൂടാതെ കൊളുബ്രിഡേ കുടുംബത്തിലെ പച്ചിലപ്പാമ്പ്, തവിട്ടോലപ്പാമ്പ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. സാധാരണ ഗതിയിൽ എന്ന് പറഞ്ഞത് ശ്രദ്ദിക്കുക . വയനാട്ടിൽ ഒരു മരണം കാട്ടു കുഴി മണ്ഡലി (Malabar pit Viper ) കടിച്ചും; അങ്കമാലിയിൽ ഒരു മരണം മുഴമൂക്കൻ കുഴിമണ്ഡലി ( Hump-nosed pit viper ) കടിച്ചും അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. Crotalinae (pit vipers) ഉപ കുടുംബത്തിലെ അണലികൾക്ക് പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് വിഷത്തിന്റെ തീവ്രതയിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാവുന്നതായിട്ടും പഠനങ്ങൾ രേഖപെടുത്തിയിട്ടുണ്ട്. മാത്രമല്ല നേരിയ വിഷമുള്ള പാമ്പുകളുടെ കടി പോലും ചിലപ്പോൾ ഗുരുതരമായ അലർജിക്ക് കാരണമാവാം, തന്മൂലം ശ്വാസതടസ്സം വന്നും മനുഷ്യർ മരണപ്പെടാം. അത് കൊണ്ട് വിഷം കുറഞ്ഞവ ആണെന്ന് സ്വയം തീരുമാനിച് ചികിത്സ തേടാതിരിക്കുന്നത് അപകടം ഉണ്ടാക്കിയേക്കാം എന്ന് മനസ്സിലാക്കുക .
-==എന്താണ് പാമ്പിന്റെ വിഷം ? ==-
ചുരുക്കി പറഞ്ഞാൽ പാമ്പിന്റെ ഉമിനീരാണ് വിഷം . വിഷമുള്ളവയ്ക്കും അല്ലാത്തവയ്ക്കും ഇരയെ ദഹിപ്പിക്കാൻ ഉതകുന്ന ഉമിനീർ zootoxins അടങ്ങിയവയാണ് .. കൂടാതെ മറ്റു ടോക്സിൻസ് ഇരകൾക്ക് വിഷമായി ഭവിക്കുന്നു, മനുഷ്യനെ കൊല്ലാൻ തക്ക വിഷം ചുരുക്കം ചില ഇനങ്ങൾക്കേ ഉള്ളൂ. പാമ്പിന്റെ വിഷം പോയ്‌സൺ (poison) അല്ല, വെനം (venom) ആണ് . വർഗ വ്യത്യാസമനുസരിച് വെനം പലതരം പ്രോടീനുകളും (proteins), എന്സ്യ്മുകളും (enzymes), പെപ്റ്റൈഡുകളും (peptides) അടങ്ങിയ ഉമിനീര് മാത്രമാണ് . വെനം കുടിച്ചാൽ വായിലോ കുടലിലോ ആമാശയത്തിലോ മുറിവുകൾ ഒന്നുമില്ലെങ്കിൽ മറ്റേതു പ്രോട്ടീനും പോലെ ദഹിച് പോവുകയേ ഒള്ളു. എന്നാൽ രക്തത്തിൽ കലരുമ്പോൾ, കടിയേറ്റ ജീവിയുടെ ശരീരത്തെ അവ പല രീതിയിൽ ബാധിക്കാം.
ഏലാപിഡേ (elapidae) കുടുംബത്തിൽ ഉള്ള പാമ്പുകൾക്ക് കൂടുതലും നാഡീ വ്യൂഹത്തെ ബാധിക്കുന്ന neurotoxic വിഷമാണ് ഉള്ളത് . ന്യൂറോടോക്സിൻസ് കൂടാതെ ഹൃദയത്തെ ബാധിക്കുന്ന (cardiotoxins) കാർഡിയോടോക്സിൻസും, കോശങ്ങൾ നശിപ്പിക്കുന്ന (cytotoxins) സൈറ്റോടോക്സിൻസ്, തുടങ്ങിയവ ഇനങ്ങളനുസരിച് പല അളവിൽ ഉണ്ടായിരിക്കും. നമ്മുടെ നാട്ടിൽ ഉള്ള സാധാരണ വിഷമുള്ള ഏലാപിഡേ ഇനങ്ങൾ മൂർഖൻ, വെള്ളിക്കെട്ടൻ, രാജ വെമ്പാല, എഴുത്താണി മൂർഖൻ അഥവാ പവിഴ പാമ്പ് ( coral snake) എന്നിവയാണ്. ഏലാപിഡേ വിഷം ബാധിച്ച ഒരാൾക്ക് മാംസപേശികൾ വലിഞ്ഞു മുറുകുകയും , മരവിപ്പ് , ബലമില്ലായ്ക , തുടങ്ങി ശ്വാസ തടസ്സം വരെ അനുഭവപ്പെടാം .
രക്തത്തെ ബാധിക്കുന്ന ഹീമാടോക്സിക് (hemotoxins) വിഷമാണ് അണലികളിൽ. പ്രോട്ടീനുകൾ വിഘടിപ്പിക്കുന്ന proteases എന്ന് അറിയപ്പെടുന്ന എൻസൈമുകളും അണലി (വൈപറിഡേ ) കുടുംബക്കാർക്കുണ്ട്. hemotoxic വെനം ഹൃദയത്തെയും രക്തധമനികളെയും ആണ് ബാധിക്കുക. അണലികകൾ വൈപറിഡേ കുടുംബക്കാരും , കുഴി മണ്ഡലികൾ ക്രോട്ടലിനെ എന്ന അണലിയുടെ ഉപകുടുംബക്കാരും ആണ്. അപൂർവം ചില ഇനം ഏലാപിഡേ പാമ്പുകൾക്ക് hemotoxic വിഷവും അത് പോലെ ചുരുക്കം ചില വൈപറിഡേ പാമ്പുകൾക്ക് neurotoxic വിഷവും കാണാറുണ്ട് . അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകള്‍ കടിച്ചാല്‍ പലപ്പോഴും മോണ, രോമകൂപങ്ങള്‍,കണ്ണ്,മൂക്ക്,തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് സൂക്ഷ്മ രക്തക്കുഴലുകള്‍ പൊട്ടി രക്തം വരാറുണ്ട്. മൂത്രത്തിലും ചോര കലര്‍ന്ന് കണ്ടേക്കാം.
കൊളുബ്രിഡേ കുടുംബക്കാർ പൊതുവെ വിഷമില്ലാത്തവയോ താരതമ്യേന നേരിയ വിഷമുള്ളവയോ ആണ് . ഇവയുടെ വിഷപ്പല്ലുകൾ (fangs) മറ്റിനങ്ങളുടേത് പോലെ വായുടെ മുന്നിൽ അല്ല. വായുടെ മുകളിൽ അകത്തു നിന്നാണ്. പച്ചിലപ്പാമ്പ്, തവിട്ടോലപ്പാമ്പ് എന്നിവയാണ് വിഷമുള്ളവയ്ക്ക് ഉദാഹരണം , വിഷമില്ലാത്തവ നീർക്കോലി ( checkered keelback), ചേര (Indian rat snake) etc.
പാമ്പ് വിഷ ബാധയേറ്റ ആളിനെ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പ്രതിവിഷ ചികിത്സാ സൌകര്യമുള്ള ആസ്പത്രിയില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.പക്ഷെ അത്തരം ഒരു ആസ്പത്രി അടുത്തെങ്ങും ഇല്ലെങ്കില്‍ നാം തന്നെ ചില പ്രഥമ ശുശ്രൂഷകള്‍ നല്‍കേണ്ടതുണ്ട്
1. ഒട്ടും പരിഭ്രമിക്കരുത്. കടിയേറ്റ ആളിന് ധൈര്യം പകരുന്ന രീതിയില്‍ സംസാരിക്കുക. ( BP കൂടുന്നത് വഴി വിഷം വ്യാപിക്കുന്നത് തടയുവാനാണത് )
2. ടൂർനിക്കെ (tourniquet) കെട്ടുക. കടിയേറ്റ സ്ഥാനത്തിനു മുകളില്‍ ഒരു അസ്ഥി മാത്രം ഉള്ള ഭാഗത്ത് തുണി കൊണ്ടോ ചരട് കൊണ്ടോ അധികം മുറുകാതെ കെട്ടുന്നതിനാണ് ടൂർനിക്കെ എന്ന് പറയുന്നത്. രക്തയോട്ടം നിലച്ചു പോകാത്ത വിധത്തില്‍ ആവണം കെട്ടുന്നത്. അതായത് വേണമെങ്കില്‍ ഒരു വിരല്‍ നമുക്ക് അതിനടിയിലൂടെ തിരുകി കയറ്റാന്‍ സാധിക്കണം. കൂടുതൽ മുറുക്കി കെട്ടിയാൽ അതിനു താഴേക്കുള്ള രക്തപ്രവാഹം നിലച്ചു ആ അവയവം പ്രവർത്തന രഹിതമായേക്കാം . പിന്നെ അത് മുറിച്ചു മാറ്റുകയല്ലാതെ വേറെ വഴികളില്ല.
3. കടിയേറ്റ ആളിന് ആത്മ വിശ്വാസം നല്‍കാനായി അപകടമില്ലാത്ത പ്ലാസിബോ മരുന്നുകളോ കുത്തി വെപ്പോ നല്‍കാവുന്നതാണ്.
4. നടക്കാനോ ഓടാനോ കടിയേറ്റ ഭാഗം ഇളകാനോ അനുവദിക്കാതെ എത്രയും പെട്ടെന്ന് ആസ്പത്രിയില്‍ ആക്കുക.
5. ശര്‍ദ്ദിച്ചാല്‍ ,കടിയേറ്റ ആളിനെ ഒരു വശത്തേക്ക് ചെരിച്ചു കിടത്തുക.
കടിയേറ്റ ഭാഗം ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാവുന്നവർക്ക് വിഷ പാമ്പാണോ എന്ന കാര്യം മനസ്സിലാക്കാന്‍ കഴിയും. പക്ഷെ എല്ലായ്പോഴും ഇത് കൃത്യമായി കൊള്ളണം എന്നില്ല.
കടിയേറ്റ ഭാഗം കീറി രക്തം പുറത്തു കളയാന്‍ ശ്രമിക്കരുത്. അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകളുടെ കടിയില്‍ ഇത് കൂടുതല്‍ കുഴപ്പം ഉണ്ടാക്കാം. മാത്രമല്ല മുറിവില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടും. വായ കൊണ്ട് രക്തം വലിച്ചെടുത്തു തുപ്പിക്കളയാന്‍ ശ്രമിക്കുന്നതും നല്ലതല്ല, വായിലോ വയറ്റിലോ മുറിവുണ്ടെങ്കില്‍ ഇത് അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം.
-==എന്താണ് ആന്റി വെനം ? ==-
പാമ്പുകളുടെയോ മറ്റ് ജീവികളുടെയോ വെനത്തിന് എതിരായി തയ്യാറാക്കുന്ന മരുന്നുകളെ ആണ് ആന്റി വെനം അല്ലെങ്കിൽ ആന്റി വെനിൻ എന്ന് വിളിക്കുന്നത്. വെനം മനുഷ്യ ശരീരത്തു കടന്നാൽ ശരീരം സ്വാഭാവികമായി അതിനെ ചെറുക്കാൻ ആന്റി ബോഡികൾ നിർമിക്കും. ഈ പ്രതിഭാസം പ്രയോജനപ്പെടുത്തി വളരെ നേർത്ത അളവിൽ വെനം കുതിരകളിൽ കുത്തിവെച് അവയുടെ ശരീരം ഉണ്ടാക്കുന്ന ആന്റിബോഡി രക്തത്തിലെ പ്ലാസ്മയിൽ നിന്ന് വേർതിരിച്ചെടുത്താണ് ആന്റി വെനം നിർമിക്കുന്നത്. ഒരു ഒറ്റ സ്പീഷീസിനു വേണ്ടി മാത്രം നിർമിക്കുന്ന ആന്റി വെനത്തിനു മോണോവാലെന്റ് (monovalent) ആന്റി വെനം എന്നും, ഒന്നിൽ കൂടുതൽ സ്പീഷീസിന്റെ വെനത്തിന് എതിരായി നിർമിക്കുന്ന ആന്റി വെനത്തിന് പൊളിവലെന്റ് (polyvalent) ആന്റി വെനം എന്നും വിളിക്കുന്നു.
-== എല്ലാ ഇനം പാമ്പുകളും മുട്ടയിടുമോ ? ==-
പാമ്പുകളുടെ ജനനം മൂന്ന് തരത്തിൽ ആണ്
Oviparous : മുട്ടയിടുന്ന പാമ്പുകളെ ആണ് oviparous ഓവിപാറസ് എന്ന് വിളിക്കുന്നത്. മിക്ക കൊളുബ്രിഡേ , ഏലാപിഡേ പാമ്പുകളും മുട്ടയിടുന്നവയാണ് മൊത്തം പാമ്പുകളിൽ ഏതാണ്ട് 70% പാമ്പുകൾ മുട്ടയിടുന്നവയാണ്. ഉദാ: ചേര, നീർക്കോലി, മൂർഖൻ, വെള്ളിക്കെട്ടൻ, രാജ വെമ്പാല etc .ലോകത്തിൽ മുട്ടയിടാനായി കൂട് കൂട്ടുന്ന പരിപാടി പെൺ രാജവെമ്പാലക്ക് മാത്രം അവകാശപെടാനാവുന്നതാണ് .. 2 മീറ്റർ വ്യാസത്തിൽ ഒന്ന് മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ കരിയിലകൾ കൂട്ടിയിട്ട് അതിനുള്ളിൽ ആണ് രാജവെമ്പാലകൾ മുട്ടയിടുക. മുട്ട വിരിയുന്നത് വരെ അവ ഭക്ഷണം കഴിക്കാതെ കാവൽ നിൽക്കുകയും ചെയ്യും.
Viviparous : മുട്ടയിടാത്ത, ഭ്രൂണത്തെ പ്ലാസന്റയിൽ എഗ്ഗ് യോക് ഉണ്ടാക്കി (മുട്ടത്തോടില്ലാതെ ) കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇനങ്ങളെ ആണ് വിവിപാറസ് എന്ന വിളിക്കുന്നത് . ഉദാ: Green anaconda, പച്ചില പാമ്പ് - green vine snake (Ahaetulla Nasuta)
Ovoviviparous : മുകളിൽ പറഞ്ഞ രണ്ടു തരം ജനനത്തിന്റെ ഒരു സങ്കര പരിപാടി ആണ് ഇത്, മുട്ട ഇടാതെ മുട്ടയെ ശരീരത്തിൽ തന്നെ കൊണ്ട് നടന്നു പ്രസവിക്കുന്ന പാമ്പുകളെ ആണ് ഒവൊവിവിപാറസ് എന്ന് പറയുന്നത് . ഉദാ : ചേനത്തണ്ടൻ , റാറ്റിൽ സ്‌നേക് .
-==പാമ്പുകൾക്ക് കേഴ്വി ശക്തി ഉണ്ടോ ? ==-
കേട്ടിട്ടില്ലേ ചക്ഷുസ്സ് ശ്രവണൻ എന്ന് .. എന്നാൽ ആ പേര് മാറ്റാൻ സമയമായി .. പാമ്പുകൾക്ക് പുറത്ത് കാണാവുന്ന ചെവി ഇല്ല പക്ഷെ പൂർണമായും വളർന്ന കർണ്ണ സംവിധാനം അവയ്ക്കുണ്ട് , അവയുടെ താടി എല്ലാണ് ശബ്ദതരംഗങ്ങളെ തലച്ചോറിലേക്ക് എത്തിക്കുന്നത്, പ്രധാനമായും ഭൂമിയിലെ ചലനങ്ങൾ ആണ് അവയ്ക്ക് സെൻസ് ചെയ്യാൻ ആവുക എങ്കിലും ലോ ഫ്രീക്വൻസി ശബ്ദ തരംഗങ്ങൾ ചില അണലി ഇനങ്ങൾക്ക് കേൾക്കാൻ ആവുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . അത് കൊണ്ട് എല്ലാ പാമ്പുകളും ഇനി ബധിരർ ആണെന്ന് കരുതരുത്.
-==പാമ്പുകൾക്ക് കാഴ്ച ശക്തി ഉണ്ടോ ? ==-
മിക്ക പാമ്പുകൾക്കും കാഴ്ച ശക്തി വളരെ കുറവാണ്. ഇതിനൊരു അപവാദം രാജ വെമ്പാല, പച്ചില പാമ്പ് എന്നിവ ആണ് (വേറെയും പലതുണ്ടാവാം ) ഇവയ്ക്ക് വളരെ നല്ല കാഴ്ച ശക്തിയുണ്ട്. മൂർഖനും താരതമ്യേന കാഴ്ച ശക്തി ഉണ്ട്. ചിലയിനം തുപ്പുന്ന കോബ്രകൾക്ക് (spitting cobra, not in india) നല്ല കാഴ്ചശക്തിയുള്ളത് കൊണ്ട് ശത്രുവിന്റെ കണ്ണിൽ തന്നെ കൃത്യമായി തുപ്പുവാൻ കഴിവുമുണ്ട്. മിക്ക ഇനത്തിനും മുൻപിൽ നിൽക്കുന്ന വസ്തുവിന്റെ ഷേപ്പ് , വലിപ്പം എന്നിവ കാണാമെന്നല്ലാതെ വിശദമായി ഒന്നും കാണാനാവില്ല. ചില ഇനങ്ങൾക്ക് വസ്തു ചലിച്ചാലേ മനസ്സിലാക്കാൻ കഴിയൂ. കുഴിമണ്ഡലികൾക്ക് (pit vipers) 2 കണ്ണുകൾ കൂടാതെ 2 ഇൻഫ്രാറെഡ് സെൻസിംഗ് pit organs കൂടി ഉണ്ട്. pit organs ഉപയോഗിച്ച കൃത്യമായി ഇരയുടെ ചൂട് സെൻസ് ചെയ്തത് അവയുടെ വലിപ്പം ദൂരം ഒക്കെ മനസ്സിലാക്കാൻ കഴിയും . ചിലയിനം പെരുമ്പാബുകൾക്കും / മലമ്പാമ്പുകള്ക്കും pit organs ഉണ്ട് . ചിലയിനം പാമ്പുകളുടെ കണ്ണിന്റെ മുകളിൽ ഉള്ള ശല്ക്കം (spectacle scale) ഒരു static സംവിധാനമല്ല അവയ്ക്ക് അതിന്റെ സുതാര്യത രക്ത ഓട്ടം കൂട്ടി വർധിപ്പിക്കുവാൻ കഴിവുണ്ട്. അപകടം തിരിച്ചറിഞ്ഞാൽ അവയുടെ കാഴ്ച ശക്തി കൂട്ടാമെന്ന് സാരം. ചുരുക്കി പറഞ്ഞാൽ പകൽ സഞ്ചരിക്കുകയും ഇര തേടുകയും (diurnal) ചെയ്യുന്ന പാമ്പുകൾക്ക് രാത്രിയിൽ ആക്റ്റീവ് (nocturnal)ആയി ഇരിക്കുന്ന പാമ്പുകളെ അപേക്ഷിച്ചു കാഴ്ച ശക്തി ഉണ്ട്. കാര്യമിതൊക്കെ ആണെങ്കിലും പാമ്പുകൾക്ക് 3D ആയി കാണുവാൻ കഴിയില്ല.. കണ്ണുകൾ ഇരു വശത്തായത് കൊണ്ടാണത്. അത് പോലെ തന്നെ പാമ്പുകൾക്ക് നമ്മൾ മനുഷ്യരെ പോലെ 3 പ്രൈമറി കളറുകൾ (റെഡ്, ഗ്രീൻ & ബ്ലൂ / trichromatic) ആയി കാണില്ല അവയുടെ കാഴ്ച dichromatic ആണ് blue and green പിന്നെ അതിന്റെ കോമ്പിനേഷൻ മാത്രമാണ് കാണുക. ഇത് കൂടാതെ diurnal പാമ്പുകൾക്ക് UV ലൈറ്റ് ഫിൽറ്റർ ചെയ്യാനും nocturnal പാമ്പുകൾക്ക് UV ലൈറ്റ് കണ്ണുകളിലേക്ക് കടത്തിവിടാനും ( for better vision) പാകത്തിനാണ് പരിണാമം നടന്നിരിക്കുന്നത് . താക്കോൽ ദ്വാരം പോലെ തിരശ്ചീനമായി കാണുന്ന കണ്ണുകൾ ഉള്ള കൊളുബ്രിഡേ ഇനങ്ങൾക്ക് (usually vine snakes) ബൈനോക്കുലർ വിഷൻ ആണ് ഉള്ളത് . അവയുടെ കണ്ണിന്റെ ലെൻസിന്റെ ഷേപ് തന്നെ അഡ്ജസ്റ്റ് ചെയ്തു ദൂരെയുള്ളതു കാണാൻ കൂടി ഇവയ്ക്കാകും . തീർന്നില്ല , തീർത്തും കാഴ്ച ഇല്ലാത്ത (blind) കുരുടി പാമ്പുകളും ധാരാളം ഉണ്ട് .
-==പാമ്പുകൾക്ക് ഘ്രാണശക്തി ഉണ്ടോ ? ==-
പാമ്പുകൾക്ക് മൂക്ക് ശ്വാസമെടുക്കാൻ മാത്രമുള്ള അവയവമാണു, അവ മണം പിടിക്കുന്നത് നാക്കുപയോഗിച്ചാണ്. അന്തരീക്ഷത്തിലുള്ള തന്മാത്രകൾ നാക്കു നീട്ടി പിടിച്ചെടുത്ത് അവ വായുടെ അകത്ത് മുകളിൽ ഉള്ള ജേകബ്‌സൺസ് ഓർഗനിൽ മുട്ടിക്കുമ്പോൾ (Jacobson's organ) ആണ് ഓരോ തരം തന്മാത്രകളെ അവയുടെ തലച്ചോർ തിരിച്ചറിയുന്നത്. ചിത്രം 3 നോക്കുക .
-==പാമ്പിന്റെ പല്ലുകളും വിഷ ഗ്രന്ഥിയും ==-
പാമ്പുകളുടെ പല്ലിന്റെ ആകൃതിയും വിഷം ഏല്പിക്കുന്ന രീതിയും വെച്ച് നാലായി തരം തിരിച്ചിട്ടുണ്ട് Aglyphous, Opisthoglyphous , Proteroglyphous & Solenoglyphous
എന്നിവയാണവ
Aglyph: സാധാരണ വിഷ ഗ്രന്ധികൾ ഇല്ലാത്ത ( അല്ലെങ്കിൽ നേരിയ വിഷം മാതരം ഉള്ളവ ) ഇനം പാമ്പുകൾക്കാണ് ഇത്തരം പല്ലുകൾ ഉള്ളത് . അതിനാൽ തന്നെ വിഷ സഞ്ചിയിൽ നിന്ന് വിഷം പല്ലുകളിലേക്കു വരുന്ന ചാലോ സുഷിരമോ ഇവയിൽ ഇല്ല. പ്രേത്യേകതകൾ ഒന്നും ഇല്ലാതെ എല്ലാ പല്ലുകളും ഏകദേശം ഒരുപോലെയിരിക്കും.
Opisthoglyph: (rearward grooved)മുകളിലെ താടിയെല്ലിൽ നിന്ന് പിന്നോട്ട് തിരിഞ്ഞ (rear-fanged) വലിപ്പമുള്ള വിഷപ്പല്ലുകൾ ആണ് ഇത്. കൊളുബ്രിഡേ കുടുംബക്കാരിൽ ആണ് ഇത്തരം പല്ലുകൾ സാധാരണ. വിഷ ഗ്രന്ഥിയിൽ നിന്ന് ഈ വിഷപ്പല്ലുകളിലേക്കു വിഷം എത്തിക്കുന്ന ചാലുകൾ ഉണ്ടാവാറുണ്ട്. ഉദാ : പച്ചില പാമ്പ് (green vine snake)ഈ ഇനം പാമ്പുകൾക്ക് അതിന്റെ വായ ഏതാണ്ട് 170 ഡിഗ്രി വരെ തുറക്കാനാവും.. അതുകൊണ്ടു താന്നെ ഈ വിഷപ്പല്ല് ഉപയോഗിക്കുന്നത് അതിനൊരു ബുദ്ധിമുട്ടുള്ള കാര്യവുമല്ല.
Proteroglyph: (forward grooved) മുകളിലത്തെ താടിയെല്ലിന്റെ മുൻവശത്തായി മറ്റു ചെറിയ പല്ലുകൾക്കൊപ്പം താരതമ്യേന വലിപ്പമുള്ള വിഷ ഗ്രന്ഥിയിൽ നിന്ന് ചാലുകൾ ഉള്ള പൂർണ്ണമായി മടക്കാവുന്നതുമായ വലിയ വിഷപ്പല്ലുകൾ ആണ് ഇത്. ഒരു സിറിഞ്ച് നീഡിൽ (hypodermic needle) പോലെ വിഷം ഒലിച്ചിറങ്ങുവാൻ പാകത്തിന് പൊള്ളയായ പല്ലുകൾ ആണ് ഇവയ്ക്കുള്ളത്. എലാപിഡ് പാമ്പുകൾക്കാണ് ഇത് സാധാരണ ഉള്ളത് .
Solenoglyph: (pipe grooved) വിഷ പാമ്പുകളിൽ വെച്ച ഏറ്റവും വികസിതമായ മെസിക്കാനിസം ആണിത് മുകളിലെ താടിയെല്ലിന്റെ മുൻവശത്ത് തള്ളിനീക്കുന്ന രണ്ടു എല്ലുകളിൽ വളരെ വലിപ്പത്തിൽ സഞ്ചിയിൽ നിന്നും വളരെ എഫ്ഫക്റ്റീവ് ആയി വിഷമേൽപ്പിക്കാൻ തക്ക രീതിയിൽ പൈപ്പ് പോലെ പൊള്ളയായ (hypodermic ) സൂചി പോലെ തന്നെ ആണിത് . വൈപറിഡേ കുടുംബക്കാർക്ക് മാത്രമേ ഇവയുള്ളൂ .
പാമ്പുകളുടെ വിഷ ഗ്രന്ഥിയും വിഷ പല്ലുകളിലേക്ക് എത്തിക്കുന്ന ചാലും മനസ്സിലാക്കുവാനായി ചിത്രം 4 കാണുക .
-== പാമ്പുകളിലെ ബറ്റീഷ്യൻ മിമിക്രി ==-
വിഷമില്ലാത്ത ചില പാമ്പിനങ്ങൾ ശത്രുക്കളെ തെറ്റിദ്ധരിപ്പിച്ചു രക്ഷപ്പെടാൻ, തന്റെ ആവാസ വ്യവസ്ഥയിൽ തന്നെ ഉള്ള വിഷമുള്ള പാമ്പുകളുടെ നിറം പാറ്റേൺ മുതലായവ പ്രകൃത്യാ പരിണമിച് അനുകരിക്കുന്ന രീതിക്കാണ് (batesian mimicry) എന്ന് പറയപ്പെടുന്നത് : ബ്രിട്ടീഷ് പ്രകൃതിശാസ്ത്രകാരനായ Henry Walter Bates ആണ് ഈ പ്രതിഭാസം കണ്ടു പിടിച്ചു നിർവചിച്ചത് .
ഉദാ : വെള്ളിക്കെട്ടനെ (Common krait) അനുകരിക്കുന്ന വിഷമില്ലാത്ത വെള്ളിവരയൻ (Indian wolf snake)
-==പാമ്പുകളുടെ പടം പൊഴിക്കല്‍==-
പാമ്പുകളുടെ വളര്‍ച്ചക്ക് അനുസരിച്ച് അവയുടെ പുറം കുപ്പായം വളരില്ല. അതുകൊണ്ട് ഇടയ്ക്കിടെ ഈ പുറം കുപ്പായം അതിനു ഊരി മാറ്റേണ്ടി വരുന്നു. ഇതിനെ പടം പൊഴിക്കല്‍,ഉറ ഊരല്‍ (Moulting,Squammation) എന്നൊക്കെ പറയാറുണ്ട്. വളര്‍ച്ച പെട്ടെന്നുണ്ടായാല്‍ പടം പൊഴിക്കലും പെട്ടെന്ന് ഉണ്ടാകും, വളര്‍ച്ച മെല്ലെ ആയാല്‍ പടം പൊഴിക്കലും വൈകും. ഭക്ഷണത്തിന്റെ ലഭ്യതയാണ് പടം പൊഴിക്കലിന്റെ നിരക്കിനെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകം എന്ന് സാരം. ജനിച്ചു വീഴുന്ന പാമ്പിന്‍ കുഞ്ഞുങ്ങള്‍ പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ പടം പൊഴിചേക്കാം എങ്കിലും വലുതായിക്കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കലെ ഇത് സംഭവിക്കുകയുള്ളൂ. പടം പൊഴിയാറായ പാമ്പ് ഭക്ഷണം പോലും കഴിക്കാതെ ഉഷാറൊക്കെ നഷ്ടപ്പെട്ടു ഏതെങ്കിലും മാളത്തില്‍ വിശ്രമത്തില്‍ ഏര്‍പ്പെടും. ആ സമയത്ത് അതിന്റെ കണ്ണ് പാല്‍ നിറമാകുകയും ചെയ്യും.
-== പാമ്പുകളുടെ ഭക്ഷണം ==-
പാമ്പുകളില്‍ സസ്യാഹാരികള്‍ ഇല്ല. ജീവനുള്ള മാംസാഹാരമാണ് കഴിക്കുന്നത്. കടിച്ചു ചവച്ചു തിന്നാനോ വലിച്ചു കുടിക്കാനോ പറ്റുന്ന രീതിയിലല്ല അവയുടെ വായയുടെ ഘടന. അത് കൊണ്ട് തന്നെ അവ പാല് കുടിക്കുമെന്ന് പറയുന്നതും മുട്ട കൊത്തിക്കുടിക്കുമെന്നുള്ളതും തെറ്റാണ്. അവ മുട്ട വിഴുങ്ങുകയാണ് ചെയ്യുക .ഇങ്ങനെ വിഴുങ്ങുന്ന മുട്ടയുടെ തോട് അവ പുറത്തേക്ക് തുപ്പിക്കളയും.
ഇരയുടെ തല മുതലാണ് പാമ്പ് വിഴുങ്ങുക.നഖം തുടങ്ങിയ കൂര്‍ത്ത ഭാഗങ്ങള്‍ തട്ടി അന്ന നാളം മുറിയാതിരിക്കാനും ഇര തിരിഞ്ഞു കടിക്കാതിരിക്കാനുമൊക്കെ വേണ്ടിയാണ് അവ ഇങ്ങനെ ചെയ്യുന്നത്. ഒരിക്കല്‍ വയറു നിറഞ്ഞാല്‍ പിന്നെ കഴിച്ച ഭക്ഷണം ദഹിച്ചുകഴിഞ്ഞു മാത്രമേ അവ ഭക്ഷണം കഴിക്കൂ. ഇതിനു ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
വിഷപ്പാമ്പുകള്‍ ഇരയെ വിഷം കുത്തിവെച്ചു കൊന്നു വിഴുങ്ങുന്നു. വിഷമില്ലാത്ത പാമ്പുകള്‍ പലപ്പോഴും ഇരയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊന്നു തിന്നുന്നു. എങ്കിലും ചിലപ്പോള്‍ പാമ്പുകള്‍ ഇരയെ ജീവനോടെയും അകത്ത്താക്കാറുണ്ട്. സാധാരണ ഇരകള്‍ പല്ലി,ഓന്ത്,തവള,പക്ഷി തുടങ്ങിയവ ആണെങ്കിലും രാജ വെമ്പാല,വെള്ളിക്കെട്ടന്‍,പവിഴപ്പാമ്പ് തുടങ്ങിയവ പാമ്പുകളെതന്നെ ആഹാരമാക്കാറുണ്ട്.
-== പാമ്പുകളുടെ ഇണ ചേരൽ ==-
ഒരു പക്ഷെ ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് പാമ്പുകളുടെ ഇണ ചേരല്‍. ഒരു വര്‍ഗത്തില്‍ പെട്ട പാമ്പുകള്‍ തമ്മിലെ ഇണ ചേരൂ. മൂര്‍ഖന്‍ ആണും ചേര അതിന്റെ പെണ്ണും ആണെന്നൊക്കെ പല സ്ഥലത്തും ഉള്ള വിശ്വാസം അടിസ്ഥാന രഹിതവും അബദ്ധവും ആണ്. മൂര്‍ഖന്‍ മൂര്ഖനോടെ ഇണ ചേരൂ, ചേര ചേരയോടും.
നാം പലപ്പോഴും പാമ്പുകളുടെ ഇണ ചേരല്‍ എന്ന് പറയാറുള്ളത് അവ തമ്മിലുള്ള പ്രവിശ്യാ യുധ്ധത്തെ ആണ്.ഇണ ചേരല്‍ സമയത്ത് അവ തമ്മില്‍ പിണഞ്ഞു തല ഉയര്‍ത്തി ബല പരീക്ഷണം നടത്താറില്ല.വളരെ ശാന്തരായി ഒരിടത്ത് കിടന്നാണ് അവര്‍ ആ കര്‍മ്മം നിര്‍വഹിക്കുക.
ഇണ ചേരല്‍ കാലത്ത് പെണ്‍ പാമ്പുകളുടെ ഗന്ധ ഗ്രന്ഥി (Musk Gland) ഉല്‍പ്പാദിപ്പിക്കുന്ന ഫിറമോണിൻറെ മണം വളരെ ദൂരെ പോലും എത്തുകയും ആണ്‍ പാമ്പുകളുടെ വോമെറോ നേസല്‍ അവയവത്തിലെ സ്തരം ഈ മണം തട്ടുമ്പോള്‍ ഉത്തെജിതമാകുകയും അങ്ങനെ ആണ്പാമ്പുകള്‍ പെണ്പാമ്പുകള്‍ ഉള്ള സ്ഥലം തിരിച്ചറിഞ്ഞു അങ്ങോട്ട് എത്തുകയും ചെയ്യും.
പ്രവിശ്യായുദ്ധം
ഒരു പാമ്പിനു താമസിക്കാന്‍ ഒരു പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും.അവിടുത്തെ ഏകാധിപതി ആയിരിക്കും അവന്‍.അവന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആണ്‍ പാമ്പ് കടന്നു വന്നാല്‍ അവര്‍ തമ്മില്‍ വഴക്കുണ്ടാകും. ഒരു പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം മാതൃകാപരം എന്നൊക്കെ വേണമെങ്കില്‍ പറയാവുന്ന തരം വഴക്ക്. രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്തു നിന്ന് ആവുന്നത്ര ഉയര്‍ത്തി പിടിക്കും.എന്നിട്ട് എതിരാളിയുടെ തല നിലത്തു മുട്ടിക്കാന്‍ പരസ്പരം തള്ളും. (ചിത്രം 2 ) ആരുടെ തല ആദ്യം നിലത്തു മുട്ടുന്നോ അയാള്‍ പരാജയം സമ്മതിക്കും, എന്നിട്ട് പുതിയൊരു താമസ സ്ഥലം തേടി പോകും. പല ജീവികളിലും കാണുന്ന ഈ പ്രവിശ്യാ യുധ്ധത്തെയാണ് നാം പലപ്പോഴും പാമ്പിന്റെ ഇണ ചേരല്‍ എന്ന് തെറ്റിദ്ധരിക്കുന്നത്. അത് കണ്ടാല്‍ കാണുന്നവന്റെ കണ്ണ് പൊട്ടുമെന്നും മൈലുകളോളം പിന്തുടര്‍ന്നെത്തി പാമ്പുകള്‍ അത് കണ്ട ആളിനെ കടിച്ചു കൊല്ലുമെന്നും ഒരു മൂഡവിശ്വാസവും നിലനിന്നിരുന്നു പണ്ട്.
ചില വിഷ പാമ്പ് ഫാക്ടുകൾ
ഏറ്റവും വലുത് : ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പ് രാജ വെമ്പാലയാണ്.വിഷ വീര്യത്തിന്റെ കാര്യത്തില്‍ ഇവന്‍ മൂര്ഖനെക്കാള്‍ അല്‍പ്പമൊന്നു പിന്നില്‍ ആണെങ്കിലും വലിയ വിഷ സഞ്ചിയുള്ളത് കൊണ്ട് തന്നെ വിഷത്തിന്റെ അളവ് വളരെ കൂടുതല്‍ ആണ്.
ഏറ്റവും ചെറുത് : ഏറ്റവും ചെറിയ വിഷപ്പാമ്പ് നമീബിയയിലും മറ്റും കാണുന്ന കൊമ്പന്‍ അണലി ആണ്. Peringuis Adder എന്നാണു പേര്
ഏറ്റവും വിഷ വീര്യം ഉള്ളത് : കരയിലെ പാമ്പുകളില്‍ ഏറ്റവും വീര്യമുള്ള വിഷം ആസ്ട്രെല്യക്കാരനായ ഇന്‍ലാന്ഡ് തൈപാന്‍ (Inland Taipan)എന്ന പാമ്പിനാണ് ഉള്ളത്.ഇതിനെ ഫിയെര്സ് സ്നേക്ക് (Fierce Snake)എന്നും വിളിക്കാറുണ്ട് ഒറ്റക്കടിയില്‍ നൂറാളെ കൊല്ലാന്‍ മാത്രം വിഷമാണ് ഇതിന്റെ വിഷ സഞ്ചിയില്‍ ഉള്ളത്. ഇന്ത്യയിൽ ഏറ്റവും വിഷ വീര്യം ഉള്ളത് വെള്ളിക്കെട്ടൻ ആണെന്ന് മുൻപ് പറഞ്ഞുവല്ലോ
ഏറ്റവും വേഗതയുള്ളത് : ഏറ്റവും വേഗതയുള്ള വിഷപ്പാമ്പ് ആഫ്രിക്കക്കാരനായ ബ്ലാക്ക് മാമ്പ ആണ്.മണിക്കൂറില്‍ പത്തൊമ്പത് കിലോ മീറ്റര്‍ വരെ വേഗതയില്‍ ഇത് സഞ്ചരിച്ചതിന്റെ രേഖകള്‍ ഉണ്ട്.ഈ പാമ്പിന്റെ വായക്കുള്ളിലെ കറുപ്പ് നിറം ആണ് ഇതിനു ഇങ്ങനെയൊരു പേര് നേടിക്കൊടുത്തത്. മാമ്പകൾ ആക്രമസ്വഭാവമുള്ളവയാണ് .
ഏറ്റവും വലിയ വിഷപ്പല്ല് : ഗബൂണ്‍ അണലി ആണ് ലോകത്തില്‍ ഏറ്റവും വലിയ വിഷപ്പല്ലുള്ള പാമ്പ്.ഇതിന്റെ വിഷപ്പല്ലിനു ശരാശരി 3-4 സെന്റി മീറ്റര്‍ നീളം ഉണ്ടാകും.
1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25000 രൂപ പിഴയോ 3 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണനിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാൽ ആറു വർഷം തടവോ പിഴയോ ശിഷ ഏർപ്പെടുത്തിയിരിക്കുന്നു. ചേര, മൂർഖൻ, അണലി, നീർക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളർത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു.
PS : ഇക്കഴിഞ്ഞ ദിവസം ഇവിടെ വന്ന ചില പോസ്റ്റുകളിലെ കമന്റുകൾ കണ്ടപ്പോൾ അഭ്യസ്ത വിദ്യരായ നമ്മൾ മലയാളികൾക്കും പാമ്പുകളെക്കുറിച്ച് ശരിയായ ധാരണ കുറവാണെന്ന് മനസ്സിലായതിനാലും പാമ്പുകളെ കുറിച്ചുള്ള അവബോധം വളരെ പ്രധാനമായതിനാലും , എന്നെക്കൊണ്ട് ആവുന്ന പോലെ ഈ വിഷയത്തിൽ ഒരു വിശദമായ പോസ്റ്റ് ഇടണമെന്ന് തോന്നി . കുറച്ചേറെ കാലമായി പാമ്പുകളെ കുറിച്ചും പക്ഷികളെക്കുറിച്ചും വായിച്ചറിയാവുന്നതൊഴിച്ചാൽ ഞാൻ ഒരു herpetologist അല്ല. ആയതിനാൽ നിങ്ങൾക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കുവാനും അത് വസ്തുതാപരമായി ചർച്ച ചെയ്യുവാനും താത്പര്യപ്പെടുന്നു . ടൈപ്പിംഗ് ലാഭിക്കുവാനായി ചില ഭാഗങ്ങൾ വെരിഫൈ ചെയ്തതിനു ശേഷം കോപ്പി പേസ്റ് ചെയ്തിട്ടുണ്ട്.. അവ എഴുതിയത് ആരെന്നറിയില്ലെങ്കിലും അവരോടു കടപ്പാട് രേഖപെടുത്തുന്നു
അവലംബം : വിക്കിപീഡിയ, വികാസ്‌പീഡിയ, indiansnakes.org തുടങ്ങി various credible websites.