പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എഞ്ചിനിയറിങ് പദ്ധതികളിൽ ഏറ്റവും വലുതും പ്രയാസമേറിയതുമായവയിൽ ഒന്നാണ് ഈ കനാൽ. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഡ്രേക്ക് പാസേജും ഹോൺ മുനമ്പും വഴിയുള്ള ദൈഘ്യമേറിയ ജലമാർഗ്ഗത്തെ ചരിത്രമാക്കിയ പനാമ കനാൽ ഈ രണ്ട് സമുദ്രങ്ങൾ തമ്മിലുള്ള ഗതാഗതത്തിൽ വൻ സ്വാധീനം ചെലുത്തി.
ന്യൂയോർക്ക് മുതൽ സാൻ ഫ്രാന്സിസ്കോ വരെ സഞ്ചരിക്കുന്ന ഒരു കപ്പൽ ഹോൺ മുനമ്പ് ചുറ്റിയാണെങ്കിൽ 22,500 കിലോമീറ്ററും (14,000 മൈൽ) പനാമ കനാൽ വഴിയാണെങ്കിൽ വെറും 9,500 കിലോമീറ്ററുമാണ് (6,000 മൈൽ) സഞ്ചരിക്കേണ്ടത്. പനാമക്കടുത്ത് ഒരു കനാൽ എന്ന സങ്കൽപ്പത്തിന് 16-ആം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിർമ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത് 1880-ൽ ഫ്രഞ്ച് നേതൃത്വത്തിലാണ്. 21,900 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഈ പദ്ധതി പരാജയത്തിൽ കലാശിച്ചു.
1900-കളുടെ ആദ്യ കാലയളവിൽ അമേരിക്ക കനാൽ നിർമ്മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. 1914-ൽ കനാൽ പ്രവർത്തനമാരംഭിച്ചു. 77 കിലോമീറ്റർ (48 മൈൽ) നീളമുള്ള ഈ കനാലിന്റെ നിർമ്മാണത്തെ രോഗങ്ങൾ, (പ്രധാനമായും മലേറിയയും മഞ്ഞപ്പനിയും) മണ്ണൊലിപ്പുകൾ തുടങ്ങി പല പ്രശ്നങ്ങളും ബാധിച്ചിരുന്നു. കനാൽ പൂർത്തിയായപ്പോഴേക്കും ഫ്രാൻസിന്റെയും അമേരിക്കയുടേയും ഉദ്യമങ്ങളിലായി ആകെ 27,500 തൊഴിലാളികലുടെ ജീവനാണ് നഷ്ടമായത്.
1914 ആഗസ്റ്റ് 15 നാണ് പനാമാ കനാൽ അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനായി ഔദ്യാഗികമായി തുറന്നുകൊടുത്തത്. രണ്ടു മഹാസമുദ്രങ്ങളെ(അത്‌ലാന്റിക്കും പെസഫിക്കും) തമ്മിൽ ബന്ധിപ്പിക്കുന്ന ഏറിയകൂറും മനുഷ്യ നിർമ്മിതമായ അന്താരാഷ്ട്ര കപ്പൽപ്പാതയാണ് അത്. പ്രകൃതിദത്തമായ നിരവധി അനുകൂല സാഹചര്യങ്ങൾ മുതലാക്കിയാണ് കനാലിന്റെ നിർമ്മാണം. ശരിക്കും മനുഷ്യനിർമ്മിതമായ അത്ഭുതങ്ങളിലൊന്ന്! ഫ്രാൻസായിരുന്നു ആദ്യം ശ്രമിച്ചത്. 22000 ജീവനുകളും 28 കോടി ഡോളറും നഷ്ടമായെങ്കിലും വിജയംകാണാതെ അവർ സംരംഭം അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു.
അമേരിക്കൻ പണവും ഫ്രഞ്ച് സാങ്കേതികവിദ്യയും പനാമാ കനാലിന്റെ കരുത്തായിരുന്നു. 1904 മുതൽ 1914 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയുടെ ഏറ്റവുംവലിയ ദേശീയ ചെലവായിരുന്നു പനാമാ കനാലിന്റെ നിർമ്മാണം. കനാലിന്റെ നിർമ്മാണവേളയിൽ പലതരം ആശങ്കകൾ ഉയർന്നിരുന്നു. പനാമ എന്ന രാജ്യം തന്നെ കടലിനടിയിലായി പോകുമെന്നായിരുന്നു പലരുടേയും ആശങ്ക. ‘മകളെ പ്രസവിക്കുന്നതോടെ മാതാവ് മരിക്കും’ എന്ന പ്രവചനമുണ്ടായി.
കനാൽ പനാമയേക്കാളും അമേരിക്കയുടെയും യൂറോപ്യൻ ശക്തികളുടെയും ആവശ്യമായിരുന്നു. പനാമയുടെ പരാമാധികാരത്തിന് മുകളിൽ അമേരിക്കയുടെ കടന്നുകയറ്റമായും കനാൽ നിർമ്മാണം വിലയിരുത്തപ്പെട്ടു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കപ്പൽ ഗതാഗതാരംഗത്ത് സംഭവിച്ച വിപ്‌ളവകരമായ മാറ്റങ്ങളെ വിജയകരമായി ഉൾക്കൊണ്ടുകൊണ്ട് തന്നെ പനാമാകനാൽ ഇന്നും വിജയകരമായി മുന്നോട്ട് പോകുന്നു. പനാമ എന്ന ചെറു രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് ഈ കനാൽ. പനാമയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 80% കനാൽ റെവന്യൂ ആണ്!
ഭൗമോപരിതലത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളംനിറഞ്ഞാണ് കടലുകൾ ഉണ്ടായിട്ടുള്ളത്. ഭൂപ്രദേശങ്ങളും ഭൗമരൂപങ്ങളും വേർതിരിക്കുന്ന ഒരു കടലാണ് ഭൂമിയിലുള്ളത്. സൗകര്യത്തിനായി നാമവയെ പെസഫിക്, അത്‌ലാന്റിക്ക്, ഇന്ത്യൻമഹാസമുദ്രം എന്നൊക്കെ വിളിക്കുന്നു.
രണ്ട് മഹാസമുദ്രങ്ങൾക്കിടയിലുണ്ടായിരുന്ന ചെറിയൊരു തുരുത്തിലൂടെ മനുഷ്യൻ കീറിയ ചാലാണ് പനാമാകനാൽ. വടക്കെ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിൽ അത്‌ലാന്റിക്-പെസഫിക് സമുദ്രങ്ങൾ തമ്മിൽ ചേരുന്ന ഭാഗത്ത് ഒരു ഇസ്ത്മസ് (Isthmus) ഉണ്ട്. കടലിൽ മണ്ണ്, എക്കൽ, പവിഴപ്പാറകൾ എന്നിവ അടിഞ്ഞുകൂടിയുണ്ടാകുന്ന തുരുത്ത് അല്ലെങ്കിൽ കരപ്രദേശമാണ് ഭൂമിശാസ്ത്രത്തിൽ ഇസ്ത്മസ് എന്നറിയപ്പെടുന്നത്.
ഈ ഇസ്ത്മസിന്റെ തെക്കേ അറ്റത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കേരളത്തിന്റെ രണ്ടിരട്ടിയിലധികം വലിപ്പമുള്ള ഒരു രാജ്യമാണ് പനാമ. 77082 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 30 ലക്ഷം ജനങ്ങളുമുള്ള ഒരു കുഞ്ഞൻ രാജ്യം. തെക്കെഅമേരിക്കൻ രാജ്യമായ കൊളംബിയയുടെ കോളനിയായിരുന്ന പനാമ 1903 ലാണ് സ്വതന്ത്രമായത്. 1979 വരെ കനാൽ മേഖലയ്ക്ക് മേൽ പനാമയ്ക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നില്ല. 1979 ൽ നിലവിൽ വന്ന അമേരിക്കകൂടി ഉൾപ്പെട്ട പനാമാകമ്മീഷൻ കരാർ പ്രകാരം 1979 മുതൽ പനാമയ്ക്ക് കനാൽപ്രദേശത്ത് സ്വയംഭരണാധികാരവും 2000-ജനുവരിയിൽ പൂർണ്ണനിയന്ത്രണവും ലഭ്യമായി. 2000 വരെ കനാലിന്റെ ഭരണപരമായ ചുമതലകൾ നിർവ്വഹിച്ചിരുന്നത് അമേരിക്കയായിരുന്നു. പനാമയ്ക്കും അമേരിക്കയ്ക്കും ഇടയിൽ പലപ്പോഴും തർക്കവിഷയമായിരുന്നു ഈ കനാൽ. ഇടയ്ക്ക് വെച്ച് പനാമതന്നെ പിടിച്ചെടുത്ത് തങ്ങളുടെ രാജ്യത്തിന്റെ കൂടെ ചേർക്കണമെന്ന വികാരം അമേരിക്കയിൽ ശക്തമായിരുന്നു!
മനുഷ്യന്റെ നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിക്കും മകുടോദാഹരണമാണ് ഈ കനാൽ. തൊള്ളായിരത്തിൽപ്പരം അമേരിക്കൻ-പനാമ തൊഴിലാളികളാണ് ഒരേസമയം കനാൽനിർമ്മാണത്തിൽ മുഴുകിയിരുന്നത്. 77 കിലോമീറ്ററാണ് നീളം. കനാൽ താണ്ടാൻ കപ്പലുകൾക്ക് ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആവശ്യമുണ്ട്. കനാലിലേക്ക് കപ്പൽ കടക്കുന്നത് മഹാസമുദ്രത്തിൽ നിന്നാണല്ലോ. പനാമയിലൂടെ കടന്നുപോകുന്ന വലിയ കപ്പലുകൾക്ക് ‘പനമാക്‌സ്’എന്ന വിളിപ്പേരുണ്ട്. പനമാക്‌സിലും വലിയ കപ്പലുകൾക്ക് കനാൽ ഉപയോഗിക്കാനാവില്ല. 8000 നോട്ടിക്കൽ മൈൽ(ഏതാണ്ട് 15000 കിലോമീറ്റർ) യാത്രാ ദൂരം കുറയുന്നു എന്നതുകൊണ്ടാണ് ഈ സാഹസത്തിന് മനുഷ്യൻ മുതിർന്നത്.
പനാമ കനാൽ ഇല്ലായിരുന്നുവെങ്കിൽ തെക്കെ അമേരിക്കൻ വൻകര മുഴുവൻ ഒരു വലത്ത് വെച്ച് മാത്രമേ പെസഫിക്കിൽ നിന്ന് അത്‌ലാന്റിക്കിലേക്കും തിരിച്ചും കപ്പലുകൾക്ക് പ്രവേശിക്കാനാവൂ. ഒരു കപ്പൽ മാത്രം 15000 കിലോമീറ്റർ അധികയാത്ര ചെയ്യാനെടുക്കുന്ന സമയവും ചെലവും ഇന്ധനവും ഒന്നു സങ്കൽപ്പിച്ചുനോക്കൂ. അത്തരം ദശലക്ഷക്കണക്കിന് യാത്രകളാണ് പനാമകനാൽ കാരണം ഇതുവരെ റദ്ദാക്കപ്പെട്ടിട്ടുള്ളത്!
കപ്പൽ കനാലിലൂടെ കടന്ന് പോകുന്നത് വലിയ അളവിൽ സാങ്കേതികവിദ്യയും ആസൂത്രണവും പ്രയോജനപ്പെടുത്തിയാണ്. കനാൽ യാത്ര തുടങ്ങാൻ ആദ്യം കടലിൽനിന്ന് കനാലിലേക്ക് കപ്പൽ കയറ്റണം. അവസാനം കടലിലേക്ക് തന്നെ തിരിച്ചിറങ്ങണം. പെസഫിക് സമുദ്രത്തിൽനിന്ന് കപ്പൽ പനാമകനാലിൽ പ്രവേശിച്ച് അത്‌ലാന്റിക്കിൽ ഇറങ്ങുന്നുവെന്ന് കരുതുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സമുദ്രജലനിരപ്പും കനാൽ ജലനിരപ്പും തമ്മിൽ ഉയരത്തിൽ വ്യത്യാസമുണ്ടെന്നതാണ്. കനാൽ പൂർണ്ണമായും കടലിന്റെ ഭാഗമല്ല. കടലിന്റേയും തടാകത്തിന്റേയും സ്വഭാവം ഈ ജലപാതയ്ക്കുണ്ട്.
സമുദ്രജലത്തെ അപേക്ഷിച്ച് ലവണസാന്ദ്രതയിലും പ്‌ളവക്ഷബലത്തിന്റെ കാര്യത്തിലും കനാലിലെ ജലം ഭിന്നമാണ്. മാത്രമല്ല, കനാൽ സ്ഥിതി ചെയ്യുന്നത് ഒരു പർവതഭാഗത്താണ്. ഇത്തരം വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ കടലിനെ അപേക്ഷിച്ച് കനാൽ ഉയർന്ന ജലവിതാനമായി നിലകൊള്ളുന്നു. ഇതുമൂലെ കപ്പലുകൾക്ക് കനാലിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രശ്‌നമുണ്ടാകുന്നു. അതായത് ഒരു ബമ്പ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പോലെ.
77 കിലോമീറ്റർ നീളമുള്ള ഈ കനാലിൽ ചീപ്പ് സംവിധാനമുള്ള മൂന്ന് പ്രധാന ലോക്കുകളുണ്ട്: ഗാറ്റുൺ, പെഡ്രോ, മിഗ്വൽ ആൻഡ് മിറാഫ്‌ളോർസ എന്നാണിവയുടെ പേരുകൾ. കനാൽ മുഖത്തെത്തുന്ന കപ്പലുകൾ കുറച്ചുനേരം അവിടെ നിറുത്തിയിടുന്നു. കപ്പലുകളുടെ മുൻഭാഗം ഉയർത്തിയെടുത്തെങ്കിൽ മാത്രമെ കനാലിലേക്ക് കയറ്റാനാവൂ. മോട്ടോർബൈക്കിൽ മുൻവശം ഉയർത്തി അഭ്യാസം കാണിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലൊരു ‘നമ്പർ’ ഇവിടെയും ആവശ്യമാണ്.
കനാലിന്റ പ്രവേശനദ്വാരത്തിൽ ഒരു അറയുണ്ട്. സമുദ്രനിരപ്പിലുള്ള ജലവിതാനമാണ് അവിടെ. കപ്പൽ ചേമ്പറിൽ കയറ്റി ലോക്ക് ചെയ്യുന്നു. അവിടെ ഒരു ചീപ്പ് സംവിധാനവുമുണ്ട്. ഈ ചീപ്പ് തുറന്ന് ജലം പമ്പ് ചെയ്യുന്നു. ഇതിനായി പ്രത്യേക ഡാം പണിഞ്ഞ് വൻതോതിൽ ജലം ശേഖരിച്ച് വെച്ചിട്ടുണ്ട്. ചീപ്പ് തുറന്ന് ജലമെത്തുന്നതോടെ കപ്പലാകെ ഉയർത്തപ്പെടുന്നു. കപ്പൽ മുന്നോട്ടെടുത്ത് കനാലിലേക്ക് ആനയിക്കപ്പെടുന്നു. പിന്നീട് അടുത്ത ഘട്ടത്തിൽ ഇതുപോലെ വേറൊരു ചേമ്പറിൽ കപ്പൽ പിന്നെയും ഉയർത്തപ്പെടുന്നു. അങ്ങനെ ക്രമമായി 25 മീറ്റർവരെ(രണ്ട് ഇലക്ടിക്ക് പോസ്റ്റിന്റ ഉയരം!) കപ്പൽ ഉയരുന്നു. പിന്നെ കനാൽ യാത്ര. കനാൽ മറികടന്നശേഷം മറുവശത്ത് കപ്പൽ എത്തുമ്പോൾ വീണ്ടും നിറുത്തിയിടുന്നു.
ശേഷം കനാലിൽനിന്ന് ചീപ്പുകൾ ഉപയോഗിച്ച് ജലം പിൻവലിച്ച് ഉയരം കുറച്ച് കപ്പലിന്റെ മുൻവശം മെല്ലെ കടലിലേക്ക് ‘ഇറക്കുന്നു’. അവിടെയും സമാനമായ ചേമ്പറുണ്ട്. കപ്പൽ ക്രമേണ വലിയൊരു താഴ്ചയിലേക്ക് പോകുന്നതായി തോന്നും. ഒന്നിലധികം കപ്പലുകൾക്ക് കനാലിലൂടെ ഒരേസമയം സഞ്ചരിക്കാം. പക്ഷെ ഒരുസമയം ഒരു കപ്പലിന് മാത്രമേ കയറുകയോ ഇറങ്ങുകയോ ചെയ്യാനാവൂ. കനാലിന്റെ ദൂരത്തിന്നിടയ്ക്ക് നിരവധി പോയിന്റുകളിൽ കപ്പലുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. അമേരിക്കയുടെയും മറ്റും വൻതോതിലുള്ള സഹായത്തോടെ പണികഴിപ്പിച്ച ഈ കപ്പൽപാതയിലൂടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം അനുവദിക്കാൻ പനാമ പ്രതിജ്ഞാബദ്ധമാണ്. സൂയസ് കനാലായാലും പനാമാ കനാലായാലും അടച്ചിട്ടാൽ യുദ്ധത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല.
കടപ്പാട് – വിക്കിപീഡിയ, Photo – Mariordo (Mario Roberto Durán Ortiz) (Wikimedia Commons).