(രണ്ടാം ഭാഗം) ജപത്തിനായി സ്വന്തം മുറിയുടെ കോണോ അല്ലെങ്കിൽ പൂജാമുറിയോ ഉപയോഗിക്കാം. മുറി നല്ല വായുസഞ്ചാരമുള്ളതും വൃത്തിയായും, പവിത്രമായും സൂക്ഷിക്കണം. ഗുരുവിൻ്റേയും ഇഷ്ടദേവതയുടെയും പടങ്ങൾ സ്ഥിരമായി സ്ഥാപിക്കുകയും, രണ്ടു സന്ധ്യകളിലും നിലവിളക്ക് കൊളുത്തി വെക്കുകയും വേണം. ജപത്തിന് തയ്യാറെടുക്കുന്ന സാധകൻ ശരീരമന:ശുദ്ധികൾ പാലിക്കേണ്ടതാണ്. സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള ബ്രാഹ്മമുഹൂർത്തംവും, സായംസന്ധ്യയിലെ ഗോധൂളി മുഹൂർത്തവുമാണ് ജപത്തിന് ഉചിതമായ സമയം. സൂര്യൻ്റെ ഉദയാസ്തമനങ്ങളിൽ ആണ് ആത്മചൈതന്യം ഏറ്റവും കൂടുതൽ സ്ഫുരിക്കുന്നത്. ആ സമയങ്ങളിൽ ദിവ്യമായ ആകർഷണശക്തി അല്ലെങ്കിൽ കാന്തശക്തി അനുഭവപ്പെടുന്നു. ചരാചരങ്ങളെല്ലാം നിശ്ബ്ദമായിരിക്കുന്ന സമയം മനസ്സ് ഏകാഗ്രമാകുകയും സത്വ ഗുണംകൊണ്ട് നിറയുകയും ചെയ്യും.ഭൂസ്പർശമില്ലാതെ യോഗ്യമായ ആസനത്തിൽ ഇരുന്നാണ് ജപിക്കേണ്ടത്. പത്മാസനം, അർദ്ധ പത്മാസനം, സിദ്ധാസനം, സുഖാസനം തുടങ്ങി യോഗ്യമായ ആസനങ്ങൾ തിരഞ്ഞെടുക്കാം. ജപ സമയത്തുണ്ടാകുന്ന ആധ്യാത്മിക ശക്തി എർത്ത് ചെയ്തു പോകാതിരിക്കാനാണ് ഭൂസ്പർശമില്ലാതെ കമ്പിളി, മാൻതോൽ,പട്ടുവസ്ത്രം മരപ്പലക, പായ(എഴുത്തോല) എന്നിവയിൽ ഏതെങ്കിലും ഇരിക്കുവാനായി ഉപയോഗിക്കുന്നത്.ഭൂസ് പർശം ദുഃഖത്തെയാണ് പ്രധാനം ചെയ്യുന്നത്. ധരണ്യാം ദുഃഖ സംഭൃതിർ എന്നാണ് പ്രമാണം.സാധകൻ ജപത്തിനായിരിക്കുമ്പോൾ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കണം. ഭൂമിയുടെ ദിനചലനം പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ് അതുകൊണ്ട് ഭൂമിയുടെ ചലനദിശയിലേക്ക് അഭിമുഖമായിരിക്കണം. ഭൂമിയുടെ കാന്തിക വിദ്യുത് തരംഗം ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തരധ്രുവത്തിലേക്കാണ് പ്രവഹിക്കുന്നത്. വടക്കോട്ട് അഭിമുഖമായിരിക്കുമ്പോൾ തരംഗ പ്രവാഹത്തിൻ്റെ ദിശയിലേക്കാണ് നാം തിരിഞ്ഞിരിക്കുന്നത്. മാത്രമല്ല ഹിമാലയത്തിലെ ഋഷികളോടുള്ള ആത്മ സമ്പർക്കമാണ് വടക്കോട്ട് തിരിഞ്ഞിരിക്കുന്നതിൻ്റെ ഫലം.
സാധകൻ യോഗ്യമായ ആസനത്തിലിരുന്ന് കൈപ്പത്തി രണ്ടും മുട്ടിന്മേൽ വച്ച് ചിന്മുദ്രയോ, ശാംഭവി മുദ്രയോ പിടിച്ച് നട്ടെല്ല് നിവർന്നിരിക്കുക. നട്ടെല്ലും, കഴുത്തും, ശിരസ്സും നേർരേഖയിൽ വരത്തക്കവണ്ണം നിവർന്നിരിക്കണം. നമ്മുടെ ഉള്ളിൽ നിന്ന് ഏതെങ്കിലും ചിന്ത ഉയരുമ്പോൾ മൂലാധാരത്തിൽ നിന്ന് ഊർദ്ധ്വമുഖമായി ഒരു കറൻ്റ് പുറപ്പെടും. അത് സൂക്ഷ്മനയിൽ കൂടി മസ്തിഷ്ക സിരാകേന്ദ്രത്തിലേക്ക് കുതിച്ചു കയറും. ഈ കറൻ്റ് തടസ്സം കൂടാതെ കടന്നുപോകുന്നതിന് നിവർന്നിരിക്കേണ്ടത് അത്യാവശ്യമാണ്. സമം കായ ശിരോഗ്രീവം ധാരയന്ന ചലം സ്ഥിര:( യോഗിയായവൻ ദേഹം, കഴുത്ത്, ശിരസ്സ് ഇവ ഇളകാതെ സമയമായി വെച്ചുകൊണ്ട് നിശ്ചലനായിരിക്കണം ) എന്ന് ഭഗവാൻ ഗീതയിൽ പറയുന്നു. മൂന്നുപ്രാവശ്യം ഓങ്കാരത്തോടു കൂടി ജപം ആരംഭിക്കണം. (തസ്യവാചക:പ്രണവ:) പരമാത്മാവിൻ്റെ നാമധേയം പ്രണവമാണെന്ന് പാതഞ്ജലയോഗസൂത്രത്തിൽ പതഞ്ജലി മഹർഷി വ്യക്തമാക്കുന്നു. അതിനുശേഷം ഗുരു, ഗണപതിയെ വന്ദിക്കണം. ഗുരുവിനെ ഇടതുഭാഗത്തും ഗണപതിയെ വലതുഭാഗത്തും ആണ് വന്ദിക്കേണ്ടത്.കുണ്ഡലിനി ശക്തിയെ തട്ടിയുണർത്തുന്ന ഈശ്വരീയ ശക്തിയാണ് ഗുരു. മൂലാധാരത്തിൽ തട്ടിയുണരുന്ന സാധക ശക്തിയാണ് ഗണപതി. ഗുരു ഈശ്വരൻ്റെ അനുഗ്രഹവും, ഗണപതി സ്വപ്രയത്നവുമാണ്. ഇതു സാധ്യമാകുന്നത് ഇടതുഭാഗത്തെ ചന്ദ്രനാഡിയിലും വലതുഭാഗത്തെ സൂര്യ നാഡിയിലുമാണ്. ഗുരുവിനെ ഇടതുഭാഗത്തും, ഗണപതിയെ വലതുഭാഗത്തും സ്മരിക്കുന്നത് ഇതുകൊണ്ടാണ് (മാധവജി). ഗുരു, ഗണപതി വന്ദനത്തിനു ശേഷം ഇഷ്ടദേവതാ സ്മരണയോടെ ജപം തുടങ്ങാം.