കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്. 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിൻറെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായി പ്രവർത്തിക്കുന്നത് 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ്.
40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,698,645 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 54 കിലോമീറ്ററും പാലക്കാട് നഗരത്തിൽനിന്നും 90 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 140 കിലോമീറ്റർ അകലെയുമാണ് മലപ്പുറം നഗരം.
യൂറോപ്യന്മാരുടേയും ബ്രിട്ടീഷുകാരുടേയും പട്ടാള ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം. മദ്രാസ് സ്പെഷ്യൽ പോലീസ് പിന്നീട് കേരള പിറവിയോടെ മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനമായി മാറി. ടിപ്പുസുൽത്താൻ പണിത കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും വികസനവും ദുരുപയോഗവും കാരണം ഇപ്പോൾ അത് ഇവിടെ നിലനിൽക്കുന്നില്ല.
പ്രാചീനകാലം മുതലേ സൈനിക ആസ്ഥാനമാണ് മലപ്പുറം, എന്നാൽ മലപ്പുറം നഗരത്തിൻറെ പ്രാചീനകാലത്തെ കുറിച്ചുള്ള രേഖകൾ ലഭ്യമല്ല. അതേസമയം ഊരകം, മേൽമുറി, പൊന്മള, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെട്ട ഫലകങ്ങളിൽനിന്നും ഗുഹാലിഖിതങ്ങളിൽനിന്നും ചില ചരിത്ര അടയാളങ്ങൾ ലഭ്യമാണ്. സ്ഥലപേരുകളായ വലിയങ്ങാടി, കൂട്ടിലങ്ങാടി, പള്ളിപ്പുറം തുടങ്ങിയവ മലപ്പുറം നഗരത്തിൻറെ ജെയിൻ – ബുദ്ധമത ചരിത്രത്തെ സൂചിപ്പിക്കുന്നു. മലപ്പുറം നഗരത്തിലെ ഊരകം കുന്നിലെ സമുദ്ര നിരപ്പിൽനിന്നും 2000 അടി മുകളിൽ സ്ഥിതിചെയ്യുന്ന 1500 വർഷം പഴക്കമുള്ള ജെയിൻ അമ്പലം ഇതിനു തെളിവാകുന്നു. അനവധി ഭരണകർത്താക്കൾക്കു കീഴിൽ ചിതറിക്കിടന്ന മലപ്പുറം നഗരം സാമൂതിരി പടയോട്ടക്കാലത്ത് ഒരേ ഭരണത്തിനു കീഴിൽ വന്നു, അവരുടെ സൈനിക ആസ്ഥാനവുമായി. കോട്ടപ്പടി മൈതാനം ഒരുകാലത്ത് സാമൂതിരി സൈനികരുടെ പരിശീലന സ്ഥലമായിരുന്നു. മൈസൂർ രാജാവായ ഹൈദർ അലി കീഴടക്കുന്നതുവരെ 800 വർഷം സാമൂതിരിമാർ മലപ്പുറം ഭരിച്ചു.
ഇസ്ലാമിക പഠനത്തിൻറെയും വേദ പഠനത്തിൻറെയും കേന്ദ്രമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിൻറെ ഭാഗമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു മലപ്പുറം, മാപ്പിള ലഹള എന്ന പേരിൽ പ്രശസ്തമാണ്. പൂക്കോട്ടൂർ, ആനക്കയം തുടങ്ങിയ സ്ഥലങ്ങൾ ഇതിൻറെ പേരിൽ പ്രശസ്തമാണ്. ബ്രിട്ടീഷ് സൈന്യത്തിൻറെ ആസ്ഥാനമായിരുന്ന പെരുമ്പറമ്പ് എന്ന മലപ്പുറം നഗര സഭയുടെ ഭാഗമായ സ്ഥലം പിന്നീട് മലബാർ വിപ്ലവത്തിനുശേഷം രൂപീകരിച്ച മലബാർ സ്പെഷ്യൽ പൊലീസിൻറെ (എംഎസ്പി) ആസ്ഥാനമായി. മലബാർ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.
മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന മലബാർ കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്.
നഗരത്തിൻറെ തലസ്ഥാനം എന്ന രീതിയിൽ ജില്ലാ കലക്ട്രേറ്റ്, ജില്ലാ ട്രഷറി, ആർടിഒ, പിഡബ്ല്യൂഡി ഡിവിഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത്, ടൌൺ പ്ലാനിംഗ് ഓഫീസ്, ടെക്സ്റ്റ് ഡിപ്പോ, ജില്ലാ മെഡിക്കൽ ഓഫീസ് തുടങ്ങിയ വിവിധ ഭരണസിരാകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും അടങ്ങിയ സിവിൽ സ്റ്റേഷൻ ഉണ്ട്.മുനിസിപ്പൽ ചെയർമാൻ നയിക്കുന്ന മലപ്പുറം മുനിസിപ്പാലിറ്റിയാണ് നഗരത്തിൻറെ ഭരണനിർവഹണം നടത്തുന്നത്. ജില്ലയെ ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിങ്ങനെ 7 താലൂക്കുകളായി തിരിച്ചിരിക്കുന്നു.
കേരളസംസ്ഥാനത്തിൻറെ മധ്യഭാഗത്തയാണ് മലപ്പുറം സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ അനവധി ചെറു കുന്നുകളും പുഴകളും ഒഴുകുന്ന സ്ഥലമാണു മലപ്പുറം. കേരളത്തിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നായ കടലുണ്ടിപ്പുഴ നഗരത്തിലൂടെ ഒഴുകുന്നു. നഗരം വൃത്തിയായി സൂക്ഷിക്കുന്ന ചരിത്രമുള്ള ചുരുക്കം ചില മുനിസിപ്പാലിറ്റികളിൽപ്പെട്ടതാണ് മലപ്പുറം മുനിസിപ്പാലിറ്റി. മലപ്പുറം ജില്ലയുടെ മധ്യത്തിൽ തന്നെയാണ് മലപ്പുറം നഗരവും സ്ഥിതിചെയ്യുന്നത്.
മലപ്പുറത്തിൻറെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്. വർധിച്ച തോതിലുള്ള ഗൾഫ് കുടിയേറ്റം കേരളത്തിന്റെ തന്നെ സമ്പത്ത് ഘടനയെ സ്വാധീനിച്ച ഘടകം ആണ്. മലപ്പുറത്തെ ബാങ്കുകളിൽ വലിയ എൻആർഐ നിക്ഷേപങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പെർ കാപിറ്റ ഡിപ്പോസിറ്റ് ഉള്ള ഇന്ത്യയിലെ 10 നഗരങ്ങളിൽ ഒൻപതാം സ്ഥാനത്ത് മലപ്പുറമാണ് എന്നത് സ്വാഭാവികമാണ്. വലിയ വാണിജ്യനഗരമാണ് മലപ്പുറം, ഹോട്ടൽ, ബേക്കറി രംഗമാണ് മുൻപന്തിയിൽ നിൽക്കുന്നത്, അവയ്ക്കു പുറമേ ടെക്സ്റ്റൈൽ, മെഡിക്കൽ രംഗവും വളരെ ശക്തമാണ്. എല്ലാ പ്രമുഖ വാഹനനിർമാതാക്കളും മലപ്പുറം നഗരത്തിൽ തങ്ങളുടെ ഷോറൂം ആരംഭിച്ചത് വഴി, കഴിഞ്ഞ രണ്ടു വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ആർടിഒ ആയി മലപ്പുറം മാറി. എല്ലാ വർഷവും 250 കോടി രൂപ നേടുന്ന മലപ്പുറം ആർടിഒ കേരള വാഹന വകുപ്പിൻറെ സ്വർണ്ണ ഖനിയായിട്ടാണ് കരുതപ്പെടുന്നത്.
ടൂറിസം നഗരത്തിലേക്ക് ഇന്ന് മലപ്പുറം അനവധി ആളുകളെ എത്തിക്കുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വധിച്ച സ്ഥലമായ കോട്ടക്കുന്ന് ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. കോട്ടക്കുന്നും ശാന്തിതീരം പാർക്ക് തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങൾ എല്ലാ വർഷവും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിനു ആളുകളെ നഗരത്തിൽ എത്തിക്കുന്നു. പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. മലപ്പുറത്തുകാരുടെ സ്നേഹവും സാഹോദര്യവും എവിടെയും പ്രശസ്തമാണ്. രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറം മഅ്ദിൻ അകാദമിയിലാണ് നടക്കാറുള്ളത്. റമളാൻ ഇരുപത്തി ഏഴാം രാവിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിൽ ലക്ഷം വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമവും മലപ്പുറത്ത് നടന്നു വരുന്നു.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസമേഖലയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയത് മലപ്പുറത്തിന്‌റെ ഗവൺമൈന്റ് സ്‌കൂളുകളാണ്. വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ഇന്നും അവഗണിക്കപ്പെട്ട ജില്ലയാണ്. ധാരാളം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പ്രൈവറ്റ് സ്ഥാപനങ്ങളെ ആണ് സമീപിക്കുന്നത്.
മലപ്പുറത്തിൻറെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്.
കടപ്പാട് – വിക്കിപീഡിയ.