A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മുസിരിസ് : ചരിത്രങ്ങളിൽ ഇടം നേടിയ കേരളത്തിലെ ഒരു മണ്മറഞ്ഞ തുറമുഖനഗരം




പൗരാണിക കാലത്ത്, ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്. 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യരത്നങ്ങൾ വരെ ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി വിനിമയം ചെയ്തിരുന്നു.
ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു മുസിരിസ്. ദക്ഷിണേന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേര – പാണ്ഡ്യ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. 9ാം നൂറ്റാണ്ടിൽ പെരിയാർ തീരപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന 10 വൈഷ്ണവക്ഷേത്രങ്ങൾ അക്കാലഘട്ടത്തിലെ പാണ്ഡ്യരാജാക്കന്മാരുടെ സ്വാധീനത്തിനുള്ള തെളിവാണ്. പൗരാണിക തമിഴ് കൃതികളിലും യൂറോപ്യൻ സഞ്ചാരികളുടെ രചനകളിലും മുസിരിസിനെക്കുറിച്ച് പരാമർശമുണ്ട്. വിഭജിച്ചൊഴുകുക എന്നർത്ഥമുള്ള മുസിരി എന്ന തമിഴ് വാക്കിൽ നിന്നാണ് മുസിരിസ് എന്ന് പേര് ഉരുത്തിരിഞ്ഞത്. അക്കാലത്ത് കൊടുങ്ങല്ലൂർ ഭാഗത്തൂടെ ഒഴുകിയിരുന്ന പെരിയാർ രണ്ടുശാഖകളായൊഴുകിയതിൽ നിന്നാണ് ഈ പദം ലഭിച്ചത് എന്ന് കരുതപ്പെടുന്നു.
ദക്ഷിണേഷ്യയിലെ പ്രമുഖവാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, ഈജിപ്റ്റുകാർ, ഗ്രീക്കുകാർ,ഫിനീഷ്യൻസ്, യമനികൾ ഉൾപ്പെടെയുള്ള അറബികൾ തുടങ്ങിയ പ്രമുഖ വാണിജ്യ നഗരങ്ങളുമായെല്ലാം കച്ചവടം നടത്തിയിരുന്നു. കയറ്റുമതി ചെയ്യപ്പെട്ടവയിൽ സുഗന്ധവ്യഞ്ജനങ്ങൾ (കുരുമുളക്, ഏലം), മരതകം, മുത്ത്‌ തുടങ്ങിയ അമൂല്യരത്നങ്ങൾ, ആനക്കൊമ്പ്, ചൈനീസ് പട്ട് തുടങ്ങിയവയെല്ലാമുണ്ടായിരുന്നു.
അഞ്ചാം നൂറ്റാണ്ടിൽ റോമൻ തുറമുഖങ്ങൾ ക്ഷയോന്മുഖമായത് മുതലാണ് മുസിരിസ് പ്രബലമാകുന്ന്ത്. 14ം നൂറ്റാണ്ടിൽ പെരിയാറിലെ പ്രളയത്തിൽ മുസിരിസ് നാമാവശേഷമായി എന്നാണ് ചരിത്രരേഖകൾസാക്ഷ്യപ്പെടുത്തുന്നത്.
കേരളത്തിൻറെ സമ്പന്നമായ വാണിജ്യചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് നോർത്ത് പറവൂർ, പട്ടണം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിൽ ഖനനം ചെയ്തതിലൂടെ ലഭിച്ച പൗരാണിക അവശിഷ്ടങ്ങൾ. ശിലാലിഖിതങ്ങൾ, പൗരാണിക നാണയങ്ങൾ, വസ്ത്രങ്ങൾ, കാർഷികയന്ത്രങ്ങൾ, ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം സമീപപ്രദേശങ്ങളിലെ ഖനനത്തിലൂടെ ലഭിക്കുകയുണ്ടായി.
മുസിരിസ് നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന പ്രദേശങ്ങളെ പൈതൃകസംരക്ഷണ മേഖലയായി പ്രഖ്യാപിക്കുകയുണ്ടായി. ഏറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെ നീണ്ടു കിടക്കുന്നതാണ് മുസിരിസ്-പൈതൃകസംരക്ഷണമേഖല. ഏറണാകുളം ജില്ലയിൽ ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര, പള്ളിപ്പുറം പഞ്ചായത്തുകളും തൃശൂർ ജില്ലയിൽ എറിയാട്, മതിലകം, ശ്രീനാരായണപുരം വെള്ളാങ്ങല്ലൂർ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ വാണിജ്യതുറമുഖമായിരുന്നു മുസിരിസ്. റോമാക്കാർ, യവനക്കാർ തുടങ്ങിയവർ ആദ്യമായി തെക്കൻ ഏഷ്യൻ ഭൂഖണ്ഡവുമായി വാണിജ്യബന്ധം സ്ഥാപിച്ചത് മുസിരിസുമായിട്ടാണ് എന്ന് കരുതപ്പെടുന്നു. വിയന്ന മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചുരുളിൽ (Papyrus) അലക്സാന്ദ്രിയയും മുസിരിസും തമ്മിൽ നടത്തിയിരുന്ന വാണിജ്യ കരാറുകളുടെ രേഖകൾ കാണാം. 2500 വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന അതീവസമ്പന്നമായ ഒരു തുറമുഖ സംസ്കാരത്തിന്റെ അവശേഷിപ്പാണ് മുസിരിസ്.
പൗരാണിക തമിഴ് സംഘം കൃതികളിൽ വാണിജ്യതുറമുഖമായിരുന്ന മുസിരിയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. സംഘം കാലഘട്ടത്തിലെ പ്രമുഖ തമിഴ് കൃതിയായ ‘അകനന്നുറു’ (Aka-Nannuru) വിൽ പെരിയാർ തീരത്തടുക്കുന്ന യവനകപ്പലുകളെക്കുറിച്ച് പരാമർശമുണ്ട്. സംഘം കാലഘട്ടത്തിലെ മറ്റൊരു പ്രമുഖ കൃതിയായ ‘പുരാനന്നുറു’ (Pura-Nannuru) വിൽ മുസിരിയുടെ ജലാശയങ്ങളെക്കുറിച്ചും, വാണിജ്യസംഘങ്ങളെക്കുറിച്ചും പരാമർശമുണ്ട്. തമിഴ് പൗരാണിക കൃതിയായ പത്തിരുപ്പാട്ടിൽ (Pathiruppatu) കടലിൽ കൂടി കൊണ്ടുവന്ന ആഭരങ്ങളും മറ്റും സൂക്ഷിക്കുന്ന തുറമുഖങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. പൗരാണിക സഞ്ചാരിയായിരുന്ന പ്ലിനി യുടെ (Pliny the Elder) സഞ്ചാരലേഖനങ്ങളിൽ മുസിരിസിനെക്കുറിച്ചു പരാമർശമുണ്ട്.
പട്ടണം ഉദ്ഘനനപ്രദേശം : കൊടുങ്ങല്ലൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള എറണാകുളം ജില്ലയിലെ ‘പട്ടണം പ്രദേശത്തു നടത്തിയ ഘനനത്തിൽ മഹാശിലായുഗത്തിലെ (Megalithic age) പാത്രങ്ങൾ, ചെമ്പ്-ഇരുമ്പ് നാണയങ്ങൾ, പത്തെമാരികളുടെ അവശിഷ്ടങ്ങൾ, ചെറിയ തടിവള്ളങ്ങളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ സുപ്രധാന തെളിവുകൾ ലഭിച്ചു.
പള്ളിപ്പുറം കോട്ട : 1503 ൽ പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ട മുസിരിസ് തുറമുഖത്തെത്തുന്ന കപ്പലുകൾ നന്നാക്കാനും,സാധനങ്ങൾ സൂക്ഷിക്കാനുമുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നു. ഒരു നിലയിൽ വെടിമരുന്നു സൂക്ഷിക്കുകയും മറ്റൊരു നില ആശുപത്രിയായും ഉപയോഗിച്ച് വന്നു. 1662 ഡച്ചുകാർ കോട്ട കീഴടക്കുകയുണ്ടായി.
കരൂപ്പടന്ന ചന്ത, കോട്ടപ്പുറം ചന്ത : തൃശൂരിൽ സ്ഥിതി ചെയ്യുന്ന കരൂപ്പടന്ന ചന്തയും, കോട്ടപ്പുറം ചന്തയും മുസിരിസ് പ്രതാപകാലത്തെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളായിരുന്നു. മുസിരിസ് തുറമുഖം വഴിയെത്തിയിരുന്ന വിദേശസാമഗ്രികൾ വ്യാപാരം ചെയ്തിരുന്ന പ്രമുഖ കേന്ദ്രങ്ങൾ കൂടിയായിരുന്നു കരൂപ്പടന്ന ചന്തയും കോട്ടപ്പുറം ചന്തയും.
കേരള സർക്കാരിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പദ്ധതി, മൺമറഞ്ഞുപോയ മുസിരിസിൻറെ ചരിത്രപരവും സാംസ്കാരികവുമായ ഔന്നത്യം പുറംലോകത്തിനു പ്രകാശനം ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. 2006 ൽ പട്ടണം ഉദ്ഘനനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതി കൂടിയാണ് മുസിരിസ്.