A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ജിപ്‌സികൾ – അധികമാർക്കും അറിയാത്ത ചില വസ്തുതകൾ


ലോകത്താകമാനം വ്യാപരിച്ച്‌ കിടക്കുന്ന ഒരു പ്രത്യേക വംശീയ ജനവിഭാഗമാണ് ജിപ്സികൾ (gypsies). യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ജിപ്സികളെ കാണാവുന്നതാണ്. ഇന്ത്യയിലെ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ജിപ്സികൾ യാത്ര ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. അവർ ഈജിപ്തുകാരായിരുന്നു എന്ന തെറ്റിദ്ധാരണയിൽ, അയ്ജിപ്തോയി (Aigyptoi) എന്ന പ്രാചീന ഗ്രീക്ക് പദത്തിൽ നിന്നാണ് “ജിപ്സി” എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്.
ഭാഷാപരവും ജനിതകപരവുമായ തെളിവുകളിൽ നിന്നാണ് ജിപ്സികളുടെ ഉദ്ഭവകേന്ദ്രം ഇന്ത്യൻ ഉപഭൂഖണ്ഡമാണെന്ന് കണ്ടെത്തിയിട്ടുള്ളത് (ഇന്ത്യയിലും എസ്തോണിയയിലും നടത്തിയ DNA ഗവേഷണങ്ങളിൽ ലഭിച്ച ഫലങ്ങൾ ഈ വാദത്തെ ന്യായികരിക്കുകയും ചെയ്യുന്നു).
ആ പ്രാചീന ജനതയുടെ ശൈഥില്യത്തിന് കാരണം വ്യക്തമല്ലെങ്കിലും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളായിരുന്നു അവരെന്ന് കരുതപ്പെടുന്നു. പോരാളികളായിരുന്ന അവരെ ഇസ്ലാമിക അധിനിവേശം ചെറുക്കാൻ ഇന്ത്യൻ രാജാക്കന്മാർ പടിഞ്ഞാറേക്ക് അയക്കുകയുണ്ടായി. ഇന്ത്യ ആക്രമിച്ച ഗസനിയിലെ മുഹമ്മദ് തടവുകാരാക്കി കൊണ്ടുപോയ അഞ്ചു ലക്ഷത്തോളം പേർ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നില്ല. ഇവരിൽ നിന്നാകാം ജിപ്സികൾ ഉണ്ടായതെന്നൊരു വാദമുണ്ട്.
പതിനാലാം നൂറ്റാണ്ടിൽ ജിപ്സികൾ ബാൽക്കനിലും തുടർന്ന് ജർമ്മനിയിലും (1424), പിന്നീട് സ്കോട്ട്ലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും (പതിനാറാം നൂറ്റാണ്ട്‌ ) എത്തിച്ചേർന്നു. പേർഷ്യയിൽ നിന്ന് ഒരു വിഭാഗം ജനം വടക്കേ ആഫ്രിക്കയിലേക്കും അവിടെ നിന്ന് സ്പെയിനിലേക്കും (15- ആം നൂറ്റാണ്ട് ) എത്തി. യൂറോപ്പിലെങ്ങും വ്യാപിച്ച റൊമാനി ജനത 19-ആം നൂറ്റാണ്ടോടെ അമേരിക്കൻ ഐക്യനാടുകളിലേക്കും കുടിയേറി.
പല രാജ്യങ്ങളിലേക്കും അവരുടെ പ്രവാഹം ഉണ്ടായെങ്കിലും അവിടെയെല്ലാം, വിശേഷിച്ച് യൂറോപ്പിൽകടുത്ത ശത്രുതയും പീഡനവും നേരിടേണ്ടി വന്നു. രണ്ടാം ലോകായുദ്ധകാലത്ത് നാസികൾ എട്ട് ലക്ഷത്തോളം ജിപ്സികളെ കൊന്നൊടുക്കി. നിരവധി സ്ത്രീകളെയടക്കം പരീക്ഷണങ്ങൾക്ക് വിധേയരാക്കി. പിന്നീട് ജൂതരെ പോലെ അവരും കോൺസെന്ട്രേഷൻ ക്യാമ്പുകളിൽ ഒടുങ്ങി. യൂറോപ്പിലെ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലും അവർക്ക് കൊടിയ പീഡനം നേരിടേണ്ടി വന്നു. ബൾഗേറിയയിൽ ജിപ്സിസംഗീതം തന്നെ നിരോധിക്കപ്പെട്ടു. ചെക്ക്സ്ലോവാക്കിയയിൽ ജിപ്സി സ്ത്രീകൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കപ്പെട്ടു.
ജിപ്സികളിൽ ഭൂരിഭാഗവും യൂറോപ്പിലാണ്. ഇവരിൽ തന്നെ ഏറ്റവും കൂടുതൽ പേർ ബാൽക്കൻ രാജ്യങ്ങളായ റൊമാനിയ, ബൾഗേറിയ, ഹംഗറി, സ്ലോവാക്യ, മാസിഡോണിയ തുടങ്ങി രാജ്യങ്ങളിൽ കാണപ്പെടുന്നു. വ്യത്യസ്ത രാജ്യങ്ങളിലുള്ള ജിപ്സികൾ തമ്മിൽ സാംസ്കാരികവും ഭാഷാഭേദപരവുമായ വ്യത്യാസമുണ്ട്. കൽദറാഷ്, ഗിത്താനോ, മാനുഷ്, റോമ്നിക്കൽ എന്നിവയാണ് പ്രധാന ജിപ്സി വിഭാഗങ്ങൾ.
സ്വന്തം രാജ്യങ്ങളിൽ നേരിടുന്ന അവഗണനയും ദാരിദ്ര്യവും അവരെ കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ലഭിക്കാവുന്ന ഫ്രാൻസ്, ജർമ്മനി, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഇവരെ പ്രേരിപ്പിക്കുന്നു. കൂടാതെ പാരമ്പര്യമായി പതിഞ്ഞു കിട്ടിയിട്ടുള്ള നാടോടി ജീവിതവും ഇത്തരമൊരു അലഞ്ഞു തിരിയൽ ജീവിതത്തിലേക്ക് അവരെ കൊണ്ട് ചെന്നെത്തിക്കുന്നു.
ഹിന്ദുമതത്തിലെ ആചാരങ്ങൾ ജിപ്സി ജീവിതത്തിലും കണ്ടെത്താൻ കഴിയും. വളരെ ചെറുപ്പത്തിലെ വിവാഹം കഴിച്ച് കൂട്ടുകുടുംബമായി അവർ താമസിക്കുന്നു. അവിവാഹിതകൾക്ക് കന്യകാത്വം നിർബന്ധം. വിവാഹസമയത്ത് ആൺവീട്ടുകാർ പെൺവീട്ടുകാർക്ക് സ്ത്രീധനം കൊടുക്കണം. പ്രസവിച്ച പെണ്ണിന് നാൽപ്പത് ദിവസത്തെ വാലായ്മയും മരണം നടന്ന വീട്ടിലുള്ളവർക്ക് പുലയും പോലുള്ള ആചാരങ്ങൾ ജിപ്സികൾ പിന്തുടരുന്നു. എന്നാൽ അവരുടെ ഇടയിൽ ശവദാഹം പതിവുണ്ടായിരുന്നില്ല.
ജീവിക്കുന്ന പ്രദേശങ്ങളിലെ മതങ്ങൾ സ്വീകരിച്ചു കൊണ്ട് തങ്ങളുടെ പുരാതന വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്തി പോരുന്നതാണ് ജിപ്സികളുടെ രീതി. കിഴക്കൻ യൂറോപ്പിൽ അവർ ഓർത്തഡോൿസ്‌ ക്രൈസ്തവരോ കത്തോലിക്കരോ, മുസ്ലിംങ്ങളോ ആണ്. കുരിശിന് റൊമാനി ഭാഷയിലെ വാക്ക് ത്രിശൂൽ എന്നാണ്.
കാരവൻ എന്ന വണ്ടികളിൽ സഞ്ചരിക്കുന്നതും തുറസ്സായ സ്ഥലങ്ങളിൽ തമ്പടിച്ച് ആട്ടവും പാട്ടുമായി കഴിയുന്നത് ജിപ്സികളുടെ പ്രത്യേകതയാണ്. സംഗീതമാണ് അവരുടെ ജീവൻ. ജിപ്സികൾ എത്തിച്ചേർന്ന പ്രദേശങ്ങളിലെ സംഗീത രീതികളിലെല്ലാം അവരുടെ സംഗീതത്തിന്റെ അനുരണങ്ങൾ കാണാൻ കഴിയും.
ഇന്ത്യൻ വേരുകളില്ലാത്ത ചില യൂറോപ്യൻ നാടോടി വിഭാഗങ്ങളെയും ജിപ്സികൾ എന്ന് പറയാറുണ്ട് (യഥാർത്ഥത്തിൽ അങ്ങനെയല്ലെങ്കിലും). സ്ഥിരവാസികളല്ലാത്ത അവർ എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് – സ്വിറ്റ്സർലാൻഡ്, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ വൈറ്റ് ജിപ്സികൾ, നോർവേയിലെ താത്തറെ, അയർലണ്ടിലെ ഐറിഷ് ജിപ്സികൾ (ഐറിഷ് ട്രാവലേഴ്‌സ്) സ്കോട്ലൻഡിലെ സ്കോട്ടിഷ് ട്രാവലേഴ്‌സ് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. യഥാർത്ഥ ജിപ്സികൾ ഏകദേശം സ്ഥിരവാസ സ്വഭാവം ആർജിച്ചവരാണ്.
ഇൻഡോ – യൂറോപ്യൻ ഭാഷാ കുടുംബത്തിൽപ്പെട്ട റൊമാനിയാണ് ജിപ്സികളുടെ ഭാഷ. പഞ്ചാബിയോടാണ് ഇതിന് ഏറ്റവും അടുപ്പം കാണാൻ കഴിയുന്നത്. സിന്തി (sinti) യാണ് മറ്റൊരു ഭാഷ. ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധിനെയാണ് ഇത് സൂചിപ്പിക്കുന്നത്. റൊമാനിക്കും പഞ്ചാബിക്കും ഒരേ വ്യാകരണ ഘടനയാണുള്ളത് സിംഹളഭാഷയുമായും റൊമാനിക്ക് ബന്ധമുണ്ടത്രെ. ഇന്ന് 42 യൂറോപ്യൻ രാജ്യങ്ങളിൽ റൊമാനി സംസാരിക്കുന്നു. തദ്ദേശീയഭാഷകൾ കലർന്നാണ് ഓരോ പ്രദേശത്തെയും റൊമാനി നിലനിൽക്കുന്നത്. ബാൾക്കൻ റൊമാനി, ബാൾട്ടിക് റൊമാനി, ഫിൻലൻഡ്‌ റൊമാനി, കാർപാത്യൻ റൊമാനി, വെയിൽസ് റൊമാനി തുടങ്ങി ഒട്ടേറെ വകഭേദങ്ങൾ ഈ ഭാഷയ്ക്കുണ്ട്.
റൊമാനിയയിലെ ജനവിഭാഗങ്ങളിൽ ചെറിയൊരു വിഭാഗം ജിപ്സികളാണ്. ജിപ്സികൾ എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന ലോകമെങ്ങും വ്യാപിച്ചിട്ടുള്ള ജനവിഭാഗത്തിന്റെ ഭാഗമാണ് റൊമാനിയയിലെ റോമകളും.റൊമാനിയാണ് ഇവരുടെ ഭാഷ. റൊമാനിയയുടെ ഔദോഗിക ഭാഷയായ റൊമാനിയനുമായി ഇവയ്ക്ക് ബന്ധമില്ല. മറിച്ച് വേദകാല സംസ്കാരത്തിൽ നിന്ന് രൂപപ്പെട്ടതാണ് റൊമാനി. റൊമാനിയയിലെ 79 ഗ്രാമങ്ങളിലും ഒരു പട്ടണത്തിലും റൊമാനി ഔദ്യോഗികഭാഷയാണ്.
2016 ഫെബ്രുവരിയിലെ അന്തർദേശീയ റൊമാനി കോൺഫറൻസിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം, റൊമാനി ജനത ഇന്ത്യയുടെ മക്കളായിരുന്നെന്നും ഇന്ത്യൻ സർക്കാർ ഇവരെ മറ്റു രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാരായി കരുതണമെന്ന് അഭിപ്രായപെട്ടത് ശ്രദ്ധേയമാണ്. എങ്കിലും കടുത്ത അവഗണനകൾ തന്നെയാണ് അവരിന്നും നേരിടുന്നത്. സമൂഹികമായും വിദ്യാഭ്യാസത്തിന്റെയും, തൊഴിലിന്റെയും ആയുർദൈർഘ്യത്തിന്റെയും മറ്റും കാര്യങ്ങളിൽ ജിപ്സികളുടെ അവസ്ഥ പരമ ദയനീയമാണ്.
തങ്ങൾ ജീവിക്കുന്ന രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് നൽകിയ ഗുണങ്ങളൊന്നും ലഭിക്കാതെ അന്യരായി കഴിയണ്ടി വരുന്ന ജനവിഭാഗമായി അവർ മാറുന്നു. അവരുടെ ജീവിതമുദ്ര തന്നെ അലച്ചിലാണ്. ആധുനിക ദേശരാഷ്ട്ര സങ്കല്പം തന്നെ ജിപ്സികൾക്ക് അന്യമാണ്. പോകുന്നിടമെല്ലാം അവരുടെ രാജ്യമാണ്. ഒരിക്കലും ഉറച്ച് നിൽക്കാതെ പൊതുധാരകളിൽ നിന്നെല്ലാം വിട്ട് വംശീയതയുടെയും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ഭൂതകാലത്തെയും അതിജീവിച്ച് അന്യരായി ജനിച്ച്, അന്യരായി ജീവിച്ച്, അന്യരായി മരിക്കാൻ വിധിക്കപ്പെട്ട ജിപ്സികൾ തങ്ങളുടെ ജീവനായ സംഗീതവും നൃത്തവുമായി യാത്ര തുടരുകയാണ്.