യൂദാസിന്റെ സുവിശേഷം
1978 ൽ മധ്യ ഈജിപ്തിലെ Al Minya പ്രവിശ്യയിലെ Jebel Qarara കുന്നുകളിൽ നിന്നും കോപ്റ്റിക് ഭാഷയിൽ എഴുതപെട്ട കുറച്ചു കൈയെഴുത്തുപ്രതികൾ ലഭിക്കുകയുണ്ടായി. ഇത് കാർബൺ ഡേറ്റിംഗ് അനുസരിച്ചു AD 240 നും AD 320 നും ഇടയിൽ രചിക്കപെട്ടവ ആണെന്ന് കരുതുന്നു. ഏകദേശം AD 280 ൽ ആയിരിക്കണം ആയിരിക്കണം എന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. മൂന്നു പുസ്തകങ്ങളുടെ ഒരു സമാഹാരമാണ് ഈ കൈയ്യെഴുത്തുപ്രതികൾ. ഇതിൽ ഉൾപ്പെട്ടിരുന്ന ഒരു പുസ്തകമാണ് Gnostic വിശ്വാസത്തിൽ രചിക്കപ്പെട്ട യൂദാസിന്റെ സുവിശേഷം. ഈ കൈയെഴുത്തുപ്രതി ചരിത്രകാരന്മാരും പണ്ഡിതന്മാരും കരുതുന്നത് ഏകദേശം AD 150 ൽ ഗ്രീക്കിൽ രചിക്കപ്പെട്ട സുവിശേഷത്തിന്റെ കോപ്റ്റിക് പരിഭാഷ ആണെന്നാണ്. കാരണം AD 180 ൽ സഭാപിതാവായ ഇറീനയൂസ് തന്റെ അഞ്ചു വാല്യങ്ങളുള്ള 'Against Heresies' എന്ന പുസ്തകത്തിൽ യൂദാസിന്റെ സുവിശേഷത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. അതുപോലെ ഈ പുസ്തകത്തിൽ യൂദാസിനെ 13-)മത്തെ ശിഷ്യനായിട്ടാണ് ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ യൂദാസിന്റെ അഭാവത്തിൽ മറ്റൊരു ശിഷ്യനെ തിരഞ്ഞെടുക്കുന്നത് രേഖപ്പെടുത്തിയിരിക്കുന്ന AD90കളിൽ രചിക്കപ്പെട്ട അപ്പസ്തോലപ്രവർത്തനങ്ങൾ എന്ന ബുക്കിനു ശേഷമായിരിക്കണം രചിക്കപ്പെട്ടിരിക്കുന്നത്.
ഈ സുവിശേഷം ഏതു സമൂഹത്തിനുവേണ്ടി രചിക്കപെട്ടതാണെന്നും അവരുടെ വിശ്വാസം എന്താണെന്നും മനസിലാക്കിയാൽ മാത്രമേ ഇതിൽ അടങ്ങിയിരിക്കുന്ന
സന്ദേശം മനസിലാക്കാൻ സാധിക്കുകയുള്ളു.
ഇതിൽ ക്രിസ്തുവിന്റെ പ്രധാന ശിഷ്യനായി പരിഗണിക്കുന്നത് യുദാസിനെ ആണ്. അതിനാൽ തന്നെ ഇത് ക്രൈസ്തവ വിശ്വാസ വിരുദ്ധമായ ഒരു സുവിശേഷം
തന്നെ ആണ്. പണ്ഡിതരുടെ അഭിപ്രായത്തിൽ ഇത് രചിക്കപ്പെട്ടിരിക്കുന്നത് 'Gnostic' വിശ്വാസത്തിലുള്ള 'Cainites' എന്ന വിഭാഗത്തിനുവേണ്ടി
ആയിരിക്കണം.
എന്താണ് Gnostic വിശ്വാസം എന്നറിഞ്ഞതിന് ശേഷം ആരാണ് Cainitesസുകൾ എന്നറിയുന്നതായിരിക്കും ഉത്തമം.
Gnosticക്കുകൾ ഏകദേശം AD 5 -)നൂറ്റാണ്ടുവരെ ഉണ്ടായിരുന്ന വിശ്വാസികളുടെ കൂട്ടായ്മ ആയിരുന്നു. Gnostic വിശ്വാസം അനുസരിച്ചു എല്ലാ പ്രപഞ്ച
സൃഷ്ടികൾക്കും മുൻപ് ഒരു ശ്രേഷ്‌ഠ ദൈവം ഉണ്ട്. ഈ ശ്രേഷ്‌ഠ ദൈവത്തിൽനിന്നും ഒരുപടി താണ ദൈവങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഈ ദൈവങ്ങളുടെ ഒരു മേഖല
തന്നെ സൃഷ്ടിക്കപ്പെട്ടു.ഇങ്ങനെയുള്ള താണ ദൈവങ്ങളിൽ പെടുന്ന ഒരു ദൈവം ആണ് 'Nebro' അഥവാ 'Yaldabaoth'. നെബറോ എന്തുകൊണ്ടോ
ദൈവങ്ങളുടെ മേഘലയിൽനിന്നും പുറത്തുവരികയും ഭൂമിയും ആകാശവും സൃഷ്ടിച്ചു. നെബറോയെ Gnosticക്കുകൾ കരുതുന്നത് രക്തദാഹിയായ ഒരു
ദൈവം ആയിട്ടാണ്. ഈ ദൈവത്തെയാണ് യഹൂദരുടെ ദൈവമായി Gnosticക്കുകൾ കരുതുന്നതും. നെബറോയുടെ മാലാഖ കൂട്ടങ്ങളിൽ വിഡ്ഢി എന്ന് അർദ്ധം
വരുന്ന 'Saklas' ആണ് ആദത്തെയും ഹൗവയേയും സൃഷ്ടിച്ചത്. മനുഷ്യശരീരത്തെ അവർ കരുതുന്നത് പാപത്തിന്റെ ഒരു തടവറയായിട്ടാണ്.
Gnosticക്കുകളുടെ കാഴ്ചപ്പാടിൽ രണ്ടുതരം മനുഷ്യരാണ് ഭൂമിയിൽ ഉള്ളത്.
1. ശരീരവും നോബ്‌റോയിൽ നിന്നുമുള്ള ആത്മാവും ശ്രേഷ്‌ഠ ദൈവത്തിൽനിന്നുള്ള ആത്മാവും ഉള്ളവരും
2. ശരീരവും നോബ്‌റോയിൽ നിന്നുമുള്ള ആത്മാവുള്ളവരും.
ഇതിൽ ആദ്യം പറഞ്ഞവരാണ് രക്ഷ നേടുന്നത് .പാപത്തിന്റെ തടവറ ആകുന്ന ശരീരത്തിൽ നിന്നും മരണത്തിലൂടെ രക്ഷ നേടുന്ന ശ്രേഷ്‌ഠ ദൈവത്തിൽനിന്നുള്ള
ആത്മാവ് ശ്രേഷ്‌ഠ ദൈവത്തിൽ ലയിക്കുന്നതിനെ ആണ് രക്ഷ എന്നുദ്ദേശിക്കുന്നത്. ഈ ഭൂമിയുടെ ദൈവമായ നെബറോയുടെ ആത്മാവ് മാത്രം സ്ഥിതിചെയ്യുന്ന
മനുഷ്യർ അവരുടെ ശരീരങ്ങളുടെ മരണത്തോടെ ആത്മാവും നശിച്ചു ഇല്ലാതാകുന്നു. അങ്ങനെ ഉള്ളവർ രക്ഷിക്കപെടുന്നില്ല. ഇനി Cainitesസുകൾ ആരാണെന്നു മനസിലാക്കാം.
Gnosticക്കുകളിൽ പലവിഭാഗങ്ങളിൽ ഒരു വിഭാഗം ആണ് Cainites. മുകളിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാന വിശ്വാസങ്ങൾ തന്നെയാണ് Cainitesസുകൾക്കും ഉള്ളത്. ഇതിൽ കൂടുതലായ വിശ്വാസം അവർക്കുള്ളത് എന്താണെന്നു വച്ചാൽ ശ്രേഷ്‌ഠ ദൈവത്തിൽനിന്നും വളരെ അധികം താഴ്ന്ന ദൈവമായ ഈ ലോകത്തിന്റെ ദൈവം അതായതു രക്തദാഹിയായ യഹൂദ ദൈവം അനുഗ്രഹിക്കുന്നവർ എല്ലാം ശ്രേഷ്‌ഠ ദൈവത്തിന് എതിരായിട്ടുള്ളവരായും ഈ ലോകദൈവം ശിക്ഷിക്കുന്നവർ ശ്രേഷ്‌ഠ ദൈവത്തിന് അഭികാമ്യരായവരായും ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഉല്പത്തി പുസ്തകത്തിൽ ദൈവം ശിക്ഷിക്കുന്ന കായേനെ അവർ രക്ഷിക്കപെട്ടവരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കായേന്റെ പേരിൽനിന്നുമാണ് Cainites എന്ന വിഭാഗത്തിന്റെ ഉത്ഭവം.
സംഖ്യ പുസ്തകത്തിൽ ദൈവം ശിക്ഷിക്കുന്നതായി പറയുന്ന 'Korah' ഒരു ഹീറോ ആയി ഇവർ കരുതുന്നു. cainitesസുകളുടെ വിശ്വാസ രീതി
മനസ്സിലാക്കുമ്പോൾ പുതിയ നിയമത്തിലെ യുദാസിനെ അവർ രക്ഷിക്കപെട്ടവരുടെ ഗണത്തിലാണ് കൂട്ടിയിരിക്കുന്നത്. cainitesസുകളുടെ വിശ്വാസത്തിൽ
ശ്രേഷ്‌ഠ ദൈവത്തിൽനിന്നും വന്ന യേശുക്രിസ്തു ഈ ലോകത്തിൽ പാപത്തിന്റെ തടവറയായ ശരീരത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിൽനിന്നും
യേശുക്രിസ്തുവിനെ രക്ഷിച്ചു ശ്രേഷ്‌ഠ ദൈവത്തിൽ ലയിപ്പിക്കുവാൻ സഹായിക്കുന്നവനായിട്ടാണ് യുദാസിനെ കരുതുന്നത്. അതുകൊണ്ടു തന്നെ ഒറ്റികൊടുക്കുന്ന
യൂദാസിന്റെ പ്രവർത്തി ഒരു പുണ്യപ്രവർത്തി ആയിട്ടുകരുതുന്നു.
പുതിയ നിയമരചനകളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് മൂലപദമായ 'paradidomi' എന്ന വാക്കിന്റെ യഥാർഥ അർത്ഥം ഏല്പിച്ചു കൊടുക്കുക എന്നാണ്. എന്നാൽ പിന്നീടുവന്ന പരിഭാഷകളിലാണ് ഈ വാക്കിന് ഒറ്റികൊടുക്കുക എന്ന മറ്റൊരു അർത്ഥം നൽകിയിട്ടുള്ളത്.
യേശുവിന്റെ യഥാർഥ ശിഷ്യനും യേശു പഠിപ്പിച്ച വചനങ്ങൾ വളരെ അറിവോടെ മനസിലാക്കിയിട്ടുള്ളതും യേശുവിനെ രക്ഷപെടുവാൻ സഹായിച്ചതും യൂദാസ് ആണെന്ന് ഇക്കൂട്ടർ കരുതുന്നു. അതുകൊണ്ടു യൂദാസിന്റെ സുവിശേഷം എന്ന പുസ്തകത്തിൽ യുദാസിനാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്.
തനിക്ക് ചില ധാരണകളുണ്ടെന്ന് കാണിക്കാൻ യൂദാസ് യേശുവിനോട് ഒരു പറയുന്ന ഒരു വചനം :
അങ്ങ് ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും എനിക്കറിയാം. അങ്ങ് ബാർബെലോയുടെ അമർത്യ മണ്ഡലത്തിൽ നിന്നുള്ളവനാണ്. അങ്ങയെ അയച്ചവന്റെ പേര് പറയാൻ ഞാൻ യോഗ്യനല്ല (35: 15-21)
ഇനി ഈജിപ്തിൽനിന്നും ലഭിച്ച ഈ കൈയ്യെഴുത്തുപ്രതിയുടെ വളരെ ചെറിയ ഒരു ചരിത്ര വിവരണവും കൂടി നൽകികൊണ്ട് ഈ വിവരണം അവസാനിപ്പിക്കാം.
നൂറ്റാണ്ടുകൾക്ക് മുമ്പ് ശ്മശാന സ്ഥലമായി ഉപയോഗിച്ചിരുന്ന ഒരു ഗുഹയിൽനിന്നും അപ്രതീക്ഷിതമായി എത്തപ്പെട്ട നിരക്ഷരരായ കർഷകരാണ് ഇവ കണ്ടെത്തിയത്. അവർ ഇത് തങ്ങളുടെ ചെറുപട്ടണത്തിലെ ഒരു ആക്രികച്ചവടക്കാരാണ് വിറ്റു. ആ കച്ചവടക്കാരൻ കേയ്‌റോവിലുള്ള പുരാതനവസ്തുക്കൾ വാങ്ങുന്ന ഹന്നാ എന്ന ആൾക്ക് കൈമാറി. ഹന്നാക്ക് ഇത് എന്താണ് എന്ന് അറിവില്ല എങ്കിലും പപ്പിറസിൽ രചിക്കപ്പെട്ട ഒരു കൈയ്യെഴുത്തുപ്രതി ആണെന്ന് മനസിലായി. ഇതിനു വളരെ അധികം വില ലഭിക്കും എന്ന് മനസിലാക്കിയ അയാൾ ഏകദേശം മുപ്പതുലക്ഷം അമേരിക്കൻ ഡോളർ ഇതിനു വിലയിട്ടു. അയാൾ ഇത് സ്വിറ്റസർലാൻഡിലുള്ള ഒരു ബാങ്ക് ലോക്കറിൽ സൂക്ഷിച്ചു. മിഷിഗൺ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി Ludwig Koenen, Freedman, Emmel എന്നിവരൊത്തു ഹന്നയെ സമീപിച്ചു. ഹന്നാ വളരെക്കുറച്ചു സമയം ആണ് കൈയ്യെഴുത്തുപ്രതി പരിശോധിക്കാൻ അവർക്കു സമയം അനുവദിച്ചത്. കോപ്റ്റിക് പണ്ഡിതനായ എമ്മെൽ വളരെപ്പെട്ടന്ന് കൈയ്യെഴുത്തുപ്രതി മറിച്ചു നോക്കിയപ്പോൾ ഇത് ജൂദാസ് തോമസിന്റേതെന്നു കണക്കാക്കുന്ന തോമസിന്റെ സുവിശഷം എന്ന് തെറ്റിദ്ധരിക്കുകയും ഇത് 'Nag Hammadi യിൽ നിന്നും ലഭിച്ചിട്ടുള്ളതാകയാൽ ഹന്നാ ആവശ്യപ്പെട്ടതിന്റെ പത്തിലൊന്നു വില നൽകാൻ മാത്രമേ സമ്മതിച്ചുള്ളൂ. അതിനാൽ തന്നെ ആ കൈമാറ്റം നടന്നില്ല. പിന്നീട് ഹന്നാ Ferrini യെ ഇത് വിൽക്കാൻ ഏല്പിച്ചു. പരുക്കനായ ഉപയോഗവും ഈർപ്പവും മൂലം ഇതിന്റെ പലഭാഗങ്ങളും ഇരുണ്ടു പോകുകയും വായനയോഗ്യമല്ലാതെ ആയിത്തീർന്നു. പലഭാഗങ്ങളും പൊടിഞ്ഞുപോകാനും തുടങ്ങി. അവസാനം Nussberg എന്ന ഒരു സ്ത്രീക്ക് കൈയ്യെഴുത്തുപ്രതികൾ വിറ്റു. ൈയ്യെഴുത്തുപ്രതികൾ കിട്ടി ഏകദേശം പതിനെട്ടുവര്ഷങ്ങള്ക്കു ശേഷമാണ് ഇങ്ങനെ ഒരു കച്ചവടം നടക്കുന്നത്. Nussberg ഇത് കോപ്റ്റിക് പണ്ഡിതനായ Rodolphe Kesser നെ ഏല്പിച്ചു. ഈ കൈയ്യെഴുത്തുപ്രതി വായിച്ച കേസ്സർ ഇത് യൂദാസിന്റെ സുവിശേഷം ആണെന്നും അങ്ങനെ ഒരു പുസ്തകം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മനസിലാക്കുകയും ചെയ്തു. കേസ്സർ ഇത് National Geographic Society യുടെ സഹായത്താൽ 2006ൽ പ്രസിദ്ധം ചെയ്തു.