ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു . ഭൂമി സൂര്യനെ വലം വക്കുന്നു , അപ്പോൾ സൂര്യൻ ആരെയാണ് വലം വക്കുന്നത് ? ആ ചോദ്യത്തിനുത്തരം സൂര്യൻ ആകാശഗംഗയുടെ കേന്ദ്ര ബിന്ദുവിനെ വലം വക്കുന്നു എന്നാണ് . ആകാശഗംഗയുടെ കേന്ദ്രം എന്താണ് എന്നതാവും അടുത്ത ചോദ്യം . ആ ചോദ്യത്തിനുത്തരമാണ് സജിറ്റേറിയസ് A * എന്ന വസ്തു . സൂര്യൻ മാത്രമല്ല ആകാശഗംഗയിലെ മറ്റെല്ലാ നക്ഷത്രങ്ങളും അവയെ ചുറ്റുന്ന ഗ്രഹങ്ങളും ചന്ദ്രന്മാരുമെല്ലാം ഫലത്തിൽ സജിറ്റേറിയസ് A * എന്ന കേന്ദ്ര ബിന്ദുവിനെ വലം വക്കുകയാണ് ചെയുന്നത് .
.
എന്താണ് സജിറ്റേറിയസ് A * എന്നത് എന്ന ചോദ്യത്തിന് ഇപ്പോൾ നൽകാൻ കഴിയുന്ന ഒരേ ഒരുത്തരം വളരെ ചെറിയ ഒരു വ്യാപ്തത്തിൽ നാല്പതിനാല് ലക്ഷം സൂര്യ ദ്രവ്യമാനങ്ങൾ (SOLAR MASS )കേന്ദ്രീകരിക്കപ്പെട്ട ഒരു വസ്തുവാണ് എന്ന് മാത്രമാണ് . ഇപ്പോൾ നിലനിൽക്കുന്ന പ്രപഞ്ച സിദ്ധാന്തങ്ങൾ പ്രകാരം ബ്ലാക്ക് ഹോളുകൾക്ക് മാത്രമാണ് ഇത്രയും വലിയ ദ്രവ്യമാനം തീരെ ചെറിയ ഒരു വ്യാപ്തത്തിൽ ഒതുക്കാനാവുന്നത് . അതിനാൽ തന്നെ സജിറ്റേറിയസ് A * യും ഒരു ബ്ളാക്ക് ഹോൾ ആകാതെ തരമില്ല . വെറും ബ്ളാക്ക് ഹോൾ അല്ല . ഒരു സൂപ്പർ മാസ്സിവ് ബ്ളാക്ക് ഹോൾ . വലിയ ഗാലക്സിക ളുടെയെല്ലാം കേന്ദ്രസ്ഥാനത്തുനിന്നുകൊണ്ട് അവയെ നിലനിർത്തുന്ന പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ നിയന്തിക്കുന്ന സൂപ്പർ മാസ്സിവ് ബ്ളാക്ക് ഹോളുകളുടെ ഗണത്തിൽ പെടുന്ന ഒരതികായൻ.
.
റേഡിയോ അസ്ട്രോണമിയുടെ പിതാവായ കാൽ ജാൻസ്കി ( Karl Jansky) മുപ്പതുകളിൽ തന്നെ ആകാശഗംഗയുടെ എത്താനൊരു കേന്ദ്ര ഭാഗത്തുനിന്നും ശക്തമായ റേഡിയോ സിഗ്നലുകൾ പ്രവഹിക്കുന്നത് കണ്ടെത്തിയിരുന്നു . എഴുപതുകളിലാണ് ഈ റേഡിയോ തരംഗങ്ങളുടെ പ്രഭവ കേന്ദ്രം ഇപ്പോൾ സജിറ്റേറിയസ് A * എന്നറിയപ്പെടുന്ൻ വസ്തുവാണെന്ന് തിരിച്ചറിയപ്പെട്ടത് .
.
ഈ വസ്തുവിനെ വളരെ അടുത്ത ഭ്രമണ പഥങ്ങളിൽ വലം വയ്ക്കുന്ന നക്ഷത്രങ്ങളുടെ ഭ്രമണ പഥങ്ങളുടെ ദീർഘകാല പഠനത്തിൽ നിന്നാണ്സജിറ്റേറിയസ് A * യുടെ ദ്രവ്യമാനം കണക്കാക്കപ്പെട്ടത് .2009 ൽ സജിറ്റേറിയസ് A * യുടെ ദ്രവ്യമാനം ഏകദേഹം നാല്പത്തിനാലുലക്ഷം സൗര ദ്രവ്യമാണെന്നു തെളിയിക്കപ്പെട്ടു . അതോടെയാണ് ഈ വസ്തു ഒരു ബ്ളാക്ക് ഹോൾ അല്ലതെ മറ്റൊന്നുമാകില്ല എന്ന അനുമാനം ഉടലെടുത്തത് .
.
ഭൂമിയിൽ നിന്നും 26000 പ്രകാശവർഷം അകലെയാണ് സജിറ്റേറിയസ് A * . ദ്രവ്യം നിരന്തരം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഭീമനാണ് ഈ വസ്തു . ഇടക്കിടക്ക് നക്ഷത്രങ്ങളെയും കശക്കിയെടുത്ത് സജിറ്റേറിയസ് A * ഭക്ഷണമാക്കും .നക്ഷത്രങ്ങളെ വിഴുങ്ങുന്ന ഭയങ്കരനാണെങ്കിലും ആകാശഗംഗയിലെ കോടാനുകോടി നക്ഷത്രങ്ങളെ സ്ഥിരമായ പ്രദക്ഷിണ പഥങ്ങളിൽ നിലനിർത്തുകയും അവയുടെ ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതും സജിറ്റേറിയസ് A * തന്നെ .ഒരുതരത്തിൽ ഒരേ സമയം സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തുന്ന ഒരു വസ്തുവാണിത് .
.
ആകാശഗംഗയുടെ നിയതാവാണെങ്കിലും ഈ വസ്തു വിനേക്കാൾ ആയിരക്കണക്കിനു മടങ്ങു ദ്രവ്യമാനമുള്ള സൂപ്പർ മാസിവ് ബ്ളാക്ക് ഹോളുകൾ വലിയ ഗാലക്സികളുടെ കേന്ദ്ര ഭാഗങ്ങളിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട് .
---
ref
1.https://www.nasa.gov/…/multime…/black-hole-SagittariusA.html
.
2.http://www.astro.ucla.edu/~ghezgroup/gc/journey/smbh.html
.
3.https://www.universetoday.com/39828/sagittarius-a/
===
ചിത്രങ്ങൾ :സജിറ്റേറിയസ് A *,സജിറ്റേറിയസ് A *നെ വലം വയ്ക്കുന്ന ചില നക്ഷത്രങ്ങളുടെ ഭ്രമണ പഥങ്ങൾ
RISHIDAS
RISHIDAS