ഒരു കല്ലെടുത്ത് എറിയൂ. അത് കന്യാകുമാരിയില്‍ പോയി വീഴും. കുറച്ചൂടെ ശക്തീല് എറിഞ്ഞാല്‍ ശ്രീലങ്കയില്‍പോയി വീഴും. പിന്നേം ശക്തീല് എറിഞ്ഞാ തെക്കേധ്രുവത്തില്‍ പോയി വീഴും. പിന്നേം ശക്തീല് എറിഞ്ഞാല്‍ വടക്കുധ്രുവത്തിലെത്തും. പിന്നേം ശക്തി കൂട്ടിയാ, ദില്ലീല്... തമിഴ്നാട്ടില്... പിന്നെ എറിഞ്ഞ നമ്മുടെ മേത്തുതന്നെ കൊള്ളും. ആ കല്ല് വരുമ്പോ ഒന്നു മാറിക്കൊടുത്താലോ? കല്ല് വീണ്ടും ഇക്കണ്ട ദേശമൊക്കെ കറങ്ങി കുറെക്കഴിഞ്ഞ് നമ്മുടെ അടുത്തെത്തും. മേത്തു കൊള്ളാതെ നോക്കിയാ മാത്രം മതി, കല്ലങ്ങനെ ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കും!
എന്താ സംശയം തോന്നുന്നോ? സംഗതി കേട്ടാല്‍ വട്ടായിട്ടു തോന്നുമെങ്കിലും ഭൂമിക്കു ചുറ്റമുള്ള എല്ലാ കൃത്രിമോപഗ്രഹങ്ങളും 'ഏതാണ്ട്' ഇങ്ങനെയാണ് വിക്ഷേപിച്ചിട്ടുള്ളത്. ഭൂമിയില്‍നിന്ന് ഏറിഞ്ഞാല്‍ സംഗതി നടക്കില്ലെങ്കിലും നൂറോ ഇരുന്നോറോ കിലോമീറ്റര്‍ ഉയരെപ്പോയിട്ട് എറിഞ്ഞാല്‍ കാര്യം നടക്കും. എന്തായാലും ഭൂമിയില്‍നിന്നും കല്ലെറിയുന്നപോലെ അത്ര ലളിതമായ സംഗതിയല്ല പ്രായോഗികമായി ഉപഗ്രഹവിക്ഷേപണം. എന്നാല്‍ തത്വത്തില്‍ അത് ഈ കല്ലെറിയല്‍പോലെ ലളിതമാണുതാനും.
എന്തായാലും ഇക്കാര്യം ഒന്നു പരിശോധിക്കാം.
എറിഞ്ഞ കല്ലിന് രണ്ടുതരത്തിലുള്ള വേഗതയുണ്ട്. നമ്മള്‍ എറിഞ്ഞ ബലംകൊണ്ടുള്ള മുന്നോട്ടുള്ള വേഗത. കൂടാതെ ഭൂമി എല്ലായ്പ്പോലും കല്ലിനെ താഴേക്ക് (ശരിക്കും ഭൂമിയുടെ കേന്ദ്രത്തിലേക്ക്) ആകര്‍ഷിച്ചോണ്ടിരിക്കും. അങ്ങനെ താഴോട്ടും കിട്ടും ഒരു വേഗത. അന്തരീക്ഷമില്ല എന്നു കരുതുക. എങ്കില്‍ മുന്നോട്ടുള്ള വേഗത കൂടുകയോ കുറയുകയോ ഇല്ല. കാരണം അവിടെ ബലം പ്രയോഗിക്കാന്‍ ആരുമില്ല. അതിനാല്‍ എറിയുമ്പോഴുള്ള വേഗത കല്ലിന് നഷ്ടപ്പെടുന്നതേയില്ല. വായു ഉണ്ടെങ്കില്‍ പക്ഷേ ഈ വേഗത കുറയും. അതിനാലാണ് വായുവില്ലാത്ത അത്രയും മുകളില്‍ പോയിട്ട് കല്ലെറിയണം എന്നു പറയുന്നത്.
മുന്നോട്ട് വേഗത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്ന കല്ലിനെ ഭൂമി താഴേക്ക് ആകര്‍ഷിക്കുന്നുണ്ടല്ലോ. അതിനാല്‍ കല്ലിന്റെ സഞ്ചാരം അല്പം വളഞ്ഞാവും. ഒരു വില്ലുപോലെ. ഒരു പ്രത്യേക വേഗതയില്‍ എറിഞ്ഞാല്‍ ആ വളവും ഭൂമിയുടെ വളവും ഒന്നാവും. കല്ല് ഭൂമിയെ ചുറ്റിക്കറങ്ങി എറിഞ്ഞിടത്തുതന്നെ തിരിച്ചെത്തും. കറങ്ങിയെത്തുമ്പോഴും മുന്നോട്ടുള്ള വേഗത അതേപടി കല്ലിനുണ്ടാവും. അതുകൊണ്ട് ആദ്യം കറങ്ങിവന്നപോലെ കല്ല് വീണ്ടും വീണ്ടും കറങ്ങിക്കൊണ്ടേ ഇരിക്കും. അതായത് അതൊരു ഉപഗ്രഹം ആയി എന്നര്‍ത്ഥം.
ശരിക്കും പറഞ്ഞാല്‍ ഈ കല്ല് ഭൂമിയിലേക്ക് നിരന്തരം വീണുകൊണ്ടിരിക്കുകയാണ്. പക്ഷേ ഭൂമീല് എത്തുകേം ഇല്ല. അങ്ങനെ കല്ലിന്റെ സഞ്ചാരത്തിന്റെ വളവും ഭൂമിയുടെ വളവും ഒന്നാവണമെങ്കില്‍ കല്ലിന് നിശ്ചിതവേഗത വേണം എന്നു പറഞ്ഞല്ലോ. 100കിലോമീറ്റര്‍ ഉയരെ വച്ച് എറിയുമ്പോള്‍ വേണ്ട വേഗതയല്ല 300കിലോമീറ്റര്‍ ഉയരെവച്ച് എറിയുമ്പോള്‍ വേണ്ടത്. ഓരോ ഉയരത്തിനും ഓരോ വേഗതയാണ്. കൃത്യം ആ വേഗതയില്‍ എറിഞ്ഞാല്‍ ആ ഉയരത്തിലൂടെ കല്ല് അങ്ങനെ ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കും.
അതിലും വേഗത കൂട്ടിയാല്‍ കൃത്യം വട്ടത്തിലാവില്ല ഭൂമിയെ ചുറ്റല്‍, മറിച്ച് ദീര്‍ഘവൃത്താകൃതിയില്‍ ആവും. എന്നാല്‍ ഒരു പരിധിക്കപ്പുറം വേഗതയില്‍ എറിഞ്ഞാല്‍ ഭൂമിയുടെ ആകര്‍ഷണവലയത്തില്‍നിന്നും കല്ല് രക്ഷപ്പെടും. എന്നെന്നേക്കുമായി അത് ഭൂമിയെ വിട്ടുപോകും.
ഉപഗ്രഹം വിക്ഷേപിക്കാനായി റോക്കറ്റില്‍ കയറ്റി വിടുന്നത് കണ്ടിട്ടില്ലേ. ഉപഗ്രഹം കറങ്ങേണ്ട പരിക്രമണപഥത്തില്‍ എത്തിയാല്‍ ചെയ്യുന്നത് ഏതാണ്ട് മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെയാണ്.
---നവനീത്...
(ജാമ്യം: അങ്ങേയറ്റം ലളിതമാക്കിയ വിശദീകരണം ആണ്. ശരിക്കും സംഗതി അല്പം കോംപ്ലിക്കേറ്റഡാ! )