A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആത്മം (ഭാഗം3)

ആത്മം (ഭാഗം3)
***************

"ഗുരോ, ദേവതാത്മാക്കളേയും ദുരാത്മാക്കളേയും പറ്റി അങ്ങ് പറഞ്ഞു തന്ന കാര്യങ്ങള്‍ക്ക് നന്ദി. ജന്മപരമ്പരയില്‍ നിന്ന് ഒരു ദേവതാത്മാവ് അല്ലെങ്കില്‍ ദുരാത്മാവ് ഉണ്ടാകുന്നത് എങ്ങനെയെന്ന് പറഞ്ഞു തരാമോ?"

"താഴ്ന്ന ജീവിവര്‍ഗ്ഗങ്ങളില്‍നിന്ന് കര്‍മ്മമാണ് നിങ്ങളെ തിരഞ്ഞെടുക്കുന്നത്. നായായും നരിയായും മറ്റ് ജീവിവര്‍ഗ്ഗങ്ങളായും നീചയോനികളില്‍ പിറന്ന് ദുരിതപ്പെട്ട് മരിച്ച് കര്‍മ്മത്തിന്റെ ആനുകൂല്യത്തില്‍ പിന്നീട് മനുഷ്യജന്മമെടുക്കുന്നു.സഹസ്രവര്‍ഷങ്ങള്‍ കാത്തിരുന്ന് ലഭിച്ച അസുലഭ ഭാഗ്യം.ബോധത്തിന്റെ പരമമായ അവസ്ഥയെ അറിഞ്ഞ് ദൈവീകതയെ പ്രാപിക്കുകയാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം.അതുകൊണ്ടാണ് ദൈവം മനുഷ്യനെ തന്റെ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ചു എ​ന്ന് ഉല്‍പ്പത്തിയുടെ പുസ്തകം പറയുന്നത്. അ‌ടുത്ത ഒരു ജീവിവര്‍ഗ്ഗമായി അതുകൊണ്ട് സാധാരണയായി മനുഷ്യന്‍ ജനിക്കില്ല.അവന്‍ മനുഷ്യനായി തന്നെ ജനിക്കും. എന്നാല്‍ മനുഷ്യജന്മം ലഭിച്ചിട്ടും ദുഷ്കര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്നവരുണ്ട്. അവരാകട്ടെ ഭൂമിയില്‍ തലകുത്തി വീണ് പുല്ല് കിളിര്‍ത്തു പോകും എന്ന് ശ്രീനാരായണഗുരു പറയുന്നു.വീണ്ടും താഴ്ന്ന തലത്തിലുള്ള ജീവികളായി ജനിക്കും എന്നര്‍ത്ഥം. ശതകോടി ദുരിതങ്ങള്‍ അനുഭവിക്കാനായി.അവരുടെ സൂക്ഷ്മശരീരാവസ്ഥകളില്‍ അവര്‍ ദുരാത്മാക്കള്‍ എന്നറിയപ്പെടുന്നു.അവര്‍ സ്വയമേവ അസ്വസ്ഥരാണ്. അവരാകട്ടെ ജീവിച്ചിരിക്കുന്നവരെ സ്വാധീനിച്ച് ദുഷ്കര്‍മ്മങ്ങളിലേക്ക് നയിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ദേവതാത്മാക്കളാകട്ടെ ആനന്ദവാന്മാരും സ്വയമേവ സ്വര്‍ണ്ണവര്‍ണ്ണത്തോടു കൂടിയവരുമാണ്.ജീവിച്ചിരുന്നപ്പോള്‍ സത്കര്‍മ്മങ്ങള്‍ മാത്രം ചെയ്ത് മൃതിയടഞ്ഞവരാണവര്‍.എന്നാല്‍ കര്‍മ്മം മാത്രമല്ല ഒരു ജീവാത്മാവിനെ ദേവതാത്മാവാക്കുന്നത്. ഭക്തി, ജ്ഞാനം, ധ്യാനം ഇവയ്ക്കും ഒരു ദേവതാത്മാവിനെ സൃഷ്ടിക്കാന്‍ കഴിയും. വാസ്തവത്തില്‍ അയാള്‍ക്കത് ബോധപ്രാപ്തിയുടെയും ജന്മത്തിന്റെയും ഇടയിലുള്ള ഒരു ഇടവേള മാത്രം."

"ഈ സത്യമെല്ലാം അറിയുന്നവരും ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നതിനെന്ത് വിശദീകരണം, ഗുരോ?"

"വാസന തന്നെ. മുജ്ജന്മങ്ങളുടെ സ്വാധീനവുമുണ്ട്. നിങ്ങള്‍ ചെയ്യുന്ന ഓരോ ദുഷ്കര്‍മ്മവും നിങ്ങളുടെ അവബോധത്തെ കുറയ്ക്കും. ഇത് വീണ്ടും തെറ്റുകള്‍ ചെയ്യാന്‍ കാരണമാകും.ഒരു ശ‍ൃംഖലാപ്രവര്‍ത്തനം പോലെ."

"തെറ്റും ശരിയും എങ്ങനെ വിവേചിച്ചറിയാം ?"

"മകനേ,പ്രപഞ്ചസ്വരൂപിയാണ് നീ. അമൃതസ്യപുത്ര:സത്യമായതും ശരിയായതും നിന്നില്‍ അടങ്ങിയിരിക്കുന്നു. അസത്യമായതും തെറ്റായതും പുറമെനിന്ന് വരുന്നതാണ്.ആയതിനാല്‍ ഉള്ളിലേക്ക് നോക്കുക. അവിടെ ചോദിക്കുക. ഉത്തരം ലഭിക്കും. ബോധത്തെ ദൈവീകതയിലേക്ക് പരിണമിപ്പിക്കുന്നതെന്തും ശരിയും അല്ലാത്തതെന്തും തെറ്റുമാണ്. "

"ഗുരോ, എന്റെ അനവധി ജന്മങ്ങള്‍ കഴിഞ്ഞിരിക്കാമല്ലോ. എനിക്കിനിയും ബോധപ്രാപ്തി നേടാനും ദൈവീകതയെ പ്രാപിക്കാനും ഒരു വഴി പറഞ്ഞു തരാമോ?
മകനേ,പല മാര്‍ഗ്ഗങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. വ്യക്തികളുടെ പ്രകൃതം പലതെന്ന പോലെ ഓരോരുത്തര്‍ക്കും അനുയോജ്യമായ മാര്‍ഗ്ഗങ്ങളും വ്യത്യസ്തമായിരിക്കും.ഗൌരീനന്ദന, നിനക്കനുയോജ്യമായത് ധ്യാനമാര്‍ഗ്ഗമാണ്."

"ചിന്തകളില്ലാത്ത അവസ്ഥയാണോ ധ്യാനം എന്നാല്‍?"

"മകനേ, നിന്റെ ചിന്തകള്‍ എന്ന് കരുതുന്നവ ഒന്നും നിന്റേതല്ല. ചിന്തകള്‍ എന്ന് പറയുന്നവ ഭൂതകാലത്തിന്റെ ശകലങ്ങളാണ്. അവ നമുക്കു ചുറ്റും ഇവിടെല്ലാം പുകപോലെ വ്യാപിച്ചിരിക്കുന്നു. അവ എന്നില്‍ നിന്നും നിന്നിലേക്കും നിന്നില്‍ നിന്ന് അടുത്ത ആളിലേക്കും പോകുന്നു.നാം ചിലപ്പോള്‍ ഒരു ഗാനത്തെപ്പറ്റി ആലോചിച്ചിരിക്കുമ്പോള്‍ അടുത്തിരിക്കുന്നയാള്‍ അതേ ഗാനം മൂളുന്നത് കേട്ടിട്ടില്ലേ? നിന്റെ ചിന്ത നിന്റെ മാത്രം ചിന്തയാണെങ്കില്‍ ഈ വ്യാപനം സംഭവിക്കുന്നതെങ്ങനെയാണ്? ബോധവാനായിരിക്കുക എന്ന അവസ്ഥയില്‍ നിന്ന് ചിന്തകള്‍ നമ്മെ വഴി തെറ്റിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ചിന്തകളെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. പകരം അവയെ നിരീക്ഷിക്കുക. അപ്പോള്‍ അവ അപ്രത്യക്ഷമാകുന്നതു കാണാം. ഒരു ചിന്തയോ‌‌‌ടും താദാത്മ്യമരുത്. ഈ ചിന്ത ശരി ആ ചിന്ത തെറ്റ് ഇങ്ങനെ വിചാരപ്പെടരുത്. ചിന്ത തന്നെ തെറ്റാണെന്നറിയുക. ആരാധനാലയത്തില്‍ നില്‍ക്കുമ്പോള്‍ അശ്ലീലചിന്തകള്‍ വരുന്നതായി ആളുകള്‍ പറയാറില്ലേ? അവരപ്പോള്‍ ആ ചിന്തകളെ എതിര്‍ക്കുന്നു. ഫലമോ അത് പതിന്മടങ്ങ് ശക്തി പ്രാപിക്കുന്നു. എന്നാല്‍ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ വെറുതെ നിരീക്ഷിക്കുക മാത്രം ചെയ്യുക."

"ചിന്തിക്കാതെ എങ്ങനെയാണ് ദൈനംദിന ജീവിതം സാധ്യമാവുക‍?"

"രണ്ടു തരം ചിന്തകളുണ്ടെന്നറിയുക.വ്യാപാരശാലയില്‍ കൊടുത്ത പണത്തിന്റെ ബാക്കിയെത്രയെന്ന് ചിന്തിക്കുന്ന തരം പ്രായോഗിക ചിന്തകളുണ്ട്.അവ നമുക്കാവശ്യമാണ്. നമ്മുടെ അനുവാദത്തോടെയാണ് അവ വരുന്നത്. എന്നാല്‍ അനുവാദമില്ലാതെ കടന്നുവരുന്ന ചിന്തകളുണ്ട്.അവ രോഗാണുക്കളാണ്."

"ഗുരോ ഒരു വ്യക്തി മരിക്കുമ്പോള്‍ സൂക്ഷ്മശരീരിയായ് മാറുമെന്ന് അങ്ങ് പറഞ്ഞല്ലോ.മരണനിമിഷം ഇതിനെക്കുറിച്ച് ജാഗ്രതയോടെ വര്‍ത്തിക്കാനും സാക്ഷിയാകാനും ഒരു ജീവാത്മാവിന് കഴിയുമോ?"

"ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ കടുത്ത വേദന അനുഭവിക്കാനിടയാകുന്നു. ഈ വേദന അയാളെ അബോധത്തിലേക്ക് തള്ളിയിടുന്നു. വേദനയെ മറികടക്കാനുള്ള പ്രക‍‍ൃതിയുടെ മാര്‍ഗ്ഗമാണിത്. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു, ബോധത്തോടെ മരിക്കുന്ന ഏതൊരാളും അടുത്ത ജന്മത്തില്‍ ജനിക്കുന്നതും ബോധത്തോടെയാകും. താനാരായിരുന്നു എന്നും മരണത്തില്‍ നിന്ന് പുനര്‍ജന്മത്തിലൂടെ എല്ലാം ആവര്‍ത്തിക്കുന്നുവെന്നും അയാള്‍ക്കറിയാന്‍ കഴിയും. ബോധപ്രാപ്തനാകുവാന്‍ അത് അയാളെ സഹായിക്കുക തന്നെ ചെയ്യും."
(തുടരും)