കെനിയ, ടാൻസാനിയ അതിരുകളോട് ചേർന്ന മാരാ റീജിയണിലൂടെയാണ് മാരാ തടാകം (Mara River) ഒഴുകുന്നത്.ടാൻസാനിയയിലെ സെരങ്കട്ടി വനപ്രദേശത്തിനും, കെനിയയിലെ മാസൈ മരാ വനപ്രദേശത്തിനും നടുവിലൂടെയാണിതിൻറെ സഞ്ചാരം. കാഴ്ച്ചയ്ക്ക് ശന്തമെങ്കിലും, ലോകത്തെ ഏറ്റവും വലിപ്പമേറിയ മുതലകൾ അധിവസിക്കുന്ന ഭയാനകമായ തടാകം എന്ന കുപ്രസിദ്ധി ഇതിന് തൊങ്ങൽ ചാർത്തുന്നു.ഒരു കാലത്ത് ഭൂമുഖം അടക്കി വാണിരുന്ന ഡൈനോസറുകളുടെ, ഏറ്റവും അടുത്ത ബന്ധുക്കളാണിവർ. തടാകത്തിൽ വെള്ളം കുടിക്കാനെത്തുകയോ, തടാകം മുറിച്ച് കടക്കാൻ ധൈര്യപ്പെടുകയോ ചെയ്യുക എന്നത്, മസായ് മരാ വനപ്രദേശത്തെ മൃഗങ്ങൾ, നേരിടുന്ന ഏറ്റവും ഡെയിഞ്ചറസായ ഒരു വെല്ലുവിളിയാകുന്നു.
അപകടകാരികളും, അവസരവാദികളുമായ മാരാ (Nile Crocodile) മുതലകളുടെ ഏറ്റവും നല്ല സമയം എന്നു പറയുന്നത് വർഷാവർഷം വരുന്ന മൈഗ്രേഷൻ കാലഘട്ടമാണ്. ഇക്കാലത്ത് വൈൽഡ് ബീസ്റ്റ്, സീബ്രാ എന്നിവ പുൽപ്പരപ്പും, വെള്ളവും തേടി മെച്ചപ്പെട്ട ഒരിടത്തേക്ക് കൂട്ടമായി പലായനം ചെയ്യുന്ന കാലമാണ്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മൈഗ്രേഷൻ കാലഘട്ടം. രണ്ടു മില്യൺ വൈൽഡ് ബീസ്റ്റുകൾ ഇക്കാലത്ത് അവയുടെ ജീവിതത്തിലെ ഏറ്റവും നീണ്ടതും, പരീക്ഷണഘട്ടങ്ങൾ നേരിടേണ്ടുന്നതുമായ യാത്ര ആരംഭിക്കുന്നു. ടാൻസാനിയയിലെ സെരങ്കട്ടി നാഷണൽ പാർക്കിൽ നിന്നും, കെനിയയിലെ മാസൈ മരാ നാഷണൽ റിസർവിലേക്കാണ് ഇവയുടെ കുടിയേറ്റം. ആയിരത്തോളം സീബ്രകളും, മാനുകളും ഈ യാത്രയിൽ വൈൽഡ്ബീസ്റ്റുകൾക്കൊപ്പം അണിചേരുന്നു.
ഇവ മാരാ നദീ തീരത്തേക്ക് കൂട്ടമായി വന്നെത്തും. ഇവയ്ക്ക് ഈ നാൽപ്പതു മീറ്റർ വീതിമാത്രമുള്ള നദി കുറുകേ കടന്നേ പറ്റൂ... അതിജീവനത്തിന്റെ പ്രശ്നമാണ്...
തടാകത്തിൽ പക്ഷേ അവയെ വലിയൊരു അപകടം കാത്തു കിടക്കുകയാണ്...
ഭൂമുഖത്തെ ഉരഗ ജീവികളിലെ ഏറ്റവും വലിപ്പമേറിയ നൊട്ടോറിയസ് ബോൺ കില്ലേഴ്സ്.
നൈൽ ക്രൊക്കോഡൈൽസ് അഥവാ, മാരാ ക്രൊക്കോഡൈൽസ്.
നദിയിലേക്ക് കൂട്ടമായിറങ്ങുന്ന പതിനായിരക്കണക്കിന് വൈൽഡ് ബീസ്റ്റുകളേയും, സീബ്രാകളേയും തേടി മരണത്തിന്റെ ദൂതൻമ്മാരായി അവ എത്തുകയായി... ജീവിതത്തിലെ അതി കഠിനമായ ആ പരീക്ഷണം നേരിട്ടു കൊണ്ടേ, ആ നാൽക്കാലികൾക്ക് പുതിയ മേച്ചിൽപ്പുറം കയ്യെത്തിപ്പിടിക്കാനാവൂ.
അത് പക്ഷേ എളുപ്പത്തിൽ സാദ്ധ്യമല്ല. മിനിട്ടുകൾ എണ്ണും മുൻപേ നൂറുകണക്കിന് മൃഗങ്ങളുടെ കുരുതിക്കളമായി മാറുകയാണ് മാരാ തടാകം.
ജൈവ പ്രകൃയയിലെ സങ്കീർണമായ ഒരു ഫുഡ് ചെയിൻ പ്രോസസ്സ് ആണ് മാരാ തടാകത്തിൽ നടക്കുന്നത്. തടാകം കുറുകേ കടക്കുന്ന മൃഗങ്ങൾ ഒന്നൊന്നായി കൊല്ലപ്പെടും. ചിലവയ്ക്ക് മുതലകളുടെ ആക്രമണത്തിൽ മാരകമായ പരിക്കുകൾ പറ്റും. അവ വല്ല വിധേനയും കര പറ്റിയാൽ തന്നെ തുടർന്ന് അതിജീവിക്കണമെന്നില്ല.
മുതലകൾ വളരെ വേഗത കൂടിയ ഉരഗങ്ങളാണ്. അപ്രതീക്ഷിതമായ ആക്രമണമായിരിക്കും ഇവയുടേത്. ലോകത്തെ മറ്റേതൊരു മാംസഭുക്കിനേക്കാളും കരുത്തുറ്റ പല്ലുകൾ മുതലകളുടെ പ്രത്യേകതയാണ്. മുതലകളുടെ ജീവിതത്തിലുടനീളം, അവയുടെ പല്ലുകൾ കൊഴിഞ്ഞു പോകുകയും, വളരെ പെട്ടന്നു തന്നെ പുതിയത് ഉണ്ടായി വരുകയും ചെയ്യുന്നു. ഇരയെ ഇവ ആഴത്തിലേക്ക് വലിച്ച് താഴ്ത്തുന്നു. ഈ സമയം കൊണ്ട് ഇര മുങ്ങി മരിക്കും. ഒപ്പം വെള്ളത്തിൽ ഇവ ഇരയുമായി ചുഴറ്റി മറിയും. ഇതോടെ കഴുത്തിലേയും ശരീരത്തിലേയും എല്ലുകൾ ഒടിഞ്ഞ് ഇര ജീവശ്ചവമാകും. അപ്പോഴേക്കും മറ്റു മുതലകൾ അവിടേക്കെത്തും.
മന:സാക്ഷി മരവിക്കുന്ന രീതിയിൽ ഇവ ഇരയെ കീറിമുറിച്ച് തിന്നും. മൈഗ്രേഷൻ പീരിയഡ് വൈൽഡ് ബീസ്റ്റുകളുടെ കൊലക്കളവും, മുതലകളുടെ ആഡംബര കാലവുമായി അവസാനിക്കും.
ഡൈനോസറുകളേപ്പോലെ ഭക്ഷണമില്ലാതെ കുറേക്കാലം ജീവിക്കാൻ മുതലകൾക്കാവും. ഒരു മൈഗ്രേഷൻ കാലഘട്ടത്തിൽ, മാരാ തടാകത്തിലെ മുതലകൾ സംഭരിക്കുന്നത്, 150,000-ത്തോളം കലോറിയാണ്. അടുത്ത മൈഗ്രേഷൻ കാലം വരെ ജീവിക്കാനുള്ളത് ഇതിലൂടെ സംഭരിക്കപ്പെടും.
വൈൽഡ് ബീസ്റ്റുകളെ സംബന്ധിച്ചിടത്തോളം അവ മാരാ തടാകത്തിലെ ഈ കൂട്ടക്കൊലയെ തരണം ചെയ്താൽ പോലും, ഹയിനാ, വൈൽഡ് ഡോഗ്, ലയൺ, ലെപ്പേഡ്, ജക്കാൾ തുടങ്ങിയവയുടെ രൂപത്തിൽ അടുത്ത അപകടം കരയിൽ അവയെ കാത്തിരിക്കും. വർഷാ വർഷമുള്ള മൈഗ്രേഷൻ കാലത്ത്, ഏകദേശം 25,000 ത്തോളം വൈൽഡ് ബീസ്റ്റുകളുടെ ജീവിതയാത്ര മാരാ റിവറിലും മറുകരയിലുമായി അവസാനിക്കുന്നു. ഈ കൂട്ടക്കൊല നൈൽ ക്രൊക്കോഡൈൽസിന്റെ ഗാങ്ബാങ് എൻകൗണ്ടർ ആയി മാറുന്നു.
*ഫോട്ടോയ്ക്ക് കടപ്പാട് ഗൂഗിൾ.
Rijo