A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചാണക്യൻ :- ദി ഇന്റലിജൻസ് വിംഗ് ഓഫ് മൗര്യ.




അർഥശാസ്ത്രം എഴുതിയ ചാണക്യന്റെ രാജ തന്ത്രങ്ങളേക്കുറിച്ച് ചരിത്രവും കെട്ടുകഥകളും കൂടിക്കുഴഞ്ഞ പലതും നമ്മൾ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. അക്കാലത്ത് മാസിഡോണിയൻ സൈന്യവും, മൗര്യ സാമ്രാജ്യവും തമ്മിലുള്ള യുദ്ധത്തിൽ ചാണക്യന്റെ റോൾ എന്തായിരുന്നു എന്ന ഒരു കൗതുകത്തിൽ നിന്ന് എഴുതിയ ഒരു സിനിമാറ്റിക് ചരിത്രകഥയാണിത്. ചരിത്രവും ഭാവനയും ഇതിലുണ്ട്. ഫാന്റസിയും, ഫിക്ഷനും ഈ ചരിത്ര സംഭവത്തിലേക്ക് കൂട്ടിച്ചേർത്തുള്ള ഒരു വായനാ ശ്രമമാണിത്...
**************
//Based on True Events//
ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലം. മൗര്യ സാമ്രാജ്യത്തിന്റെ വടക്കു പടിഞ്ഞാറ് അതിരിൽ അലക്‌സാണ്ടർ സ്ഥാപിച്ച മാസിഡോണിയൻ സാമ്രാജ്യം. ഇപ്പോൾ ഭരണകർത്താവ് സെല്യൂക്കസ്. ലോകം കീഴടക്കി വരുന്ന ഭീമമായ യവന സൈന്യം മൗര്യ സാമ്രാജ്യത്തെ വിഴുങ്ങാൻ കച്ചകെട്ടി നിൽക്കുന്നു. മൗര്യൻമ്മാർ എന്ത് ചെയ്യും? രക്തം ഉറഞ്ഞുപോകുന്ന സംഭ്രമാത്മക സ്പൈ ഗെയിമിന്റെ തമ്പുരാൻ, സാക്ഷാൽ ചാണക്യൻ അതിനുള്ള എന്ത് മറുമരുന്നാണ് കണ്ടെത്തിയിരിക്കുന്നത്? ചരിത്രത്തിലെ സംഭവങ്ങൾക്കിടയിലെ ചാര വലയത്തിനുള്ളിലൂടെ, ഭാവനാത്മകവും വിഭ്രമാത്മകവുമായ ഒരു യാത്രയ്ക്ക് വായനക്കാരെ ക്ഷണിയ്ക്കുന്നു.
-------------------------------
ചാണക്യൻ :- 
ദി ഇന്റലിജൻസ് വിംഗ് ഓഫ് മൗര്യ.
-------------------------------
BC നാലാം നൂറ്റാണ്ട്.
(ക്രി. മു. 305)
സായാഹ്നം.
പുരാതന സിന്ധ്‌.
അതി വിസ്തൃതമായ യവന സാമ്രാജ്യത്തിന്റെ ആസ്ഥാനങ്ങളിലൊന്ന്.
റാന്തൽ വിളക്കുകളുടെ പ്രകാശത്തിൽ ചക്രവർത്തി സെല്യൂക്കസിന്റെ കൊട്ടാരത്തിന്റെ അകത്തളങ്ങൾ വെട്ടിത്തിളങ്ങുന്നു. തീന്മേശയിൽ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുങ്ങിയിരിക്കുന്നു. പ്രധാന പാചകക്കാരനും വിളമ്പുകാരനുമായ ഗൗതമ ദത്തൻ ഭവ്യതയോടെ നിൽക്കുന്നു. നീരാട്ട് കഴിഞ്ഞ് സെല്യൂക്കസ് ഇതാ വരികയാണ്. അദ്ദേഹത്തിന്റെ അംഗരക്ഷകയും പ്രധാന സുരക്ഷാ ഉദ്യോഗസ്ഥയുമായ വസിഷ്ഠമതിയും ഒപ്പമുണ്ട്. സെല്യൂക്കസിന്റെ ശരീരത്തിൽ നിന്നും അതിവിശിഷ്ടമായ ഈസോപ്പിന്റെ പരിമളം പരന്നു...
എന്നാൽ സെല്യൂക്കസ് ഭക്ഷണം കഴിയ്ക്കാതെ ചൂതാട്ട മുറിയിലേക്ക് നടന്നു. ശീലമതാണ്. ഒപ്പമുണ്ടായിരുന്ന വസിഷ്ഠമതി തീൻമേശയ്ക്ക് അരികിലേക്കും. ഗൗതമ ദത്തൻ നോക്കിനിൽക്കെ സെല്യൂക്കസിനു ഒരുക്കിവെച്ച ഭക്ഷണത്തിൽ നിന്ന് വസിഷ്ഠമതി അൽപ്പാൽപ്പമായി കഴിച്ചു തുടങ്ങി.
അതൊരു സുരക്ഷാ മുന്കരുതലാണ്. രാജാവിനുള്ള ഭക്ഷണത്തിൽ വിഷം കലർന്നിട്ടില്ല എന്നുള്ള ഉറപ്പു വരുത്തൽ...
ഇനി ഒട്ടൊരു നാഴിക കഴിഞ്ഞേ സെല്യൂക്കസ് ആ ഭക്ഷണം കഴിയ്ക്കൂ. അതിവിശ്വസ്തയായ വസിഷ്ഠമതിയുടെ ഉറപ്പാണദ്ദേഹത്തിന്റെ ആയുസിന്റെ രഹസ്യം.
എല്ലാം ഗൗതമദത്തൻ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു.
**************
(Part: 1)
.
രാത്രി.
സിന്ധ്‌.
മഗധ കേന്ദ്രീകരിച്ച് ഭരിക്കുന്ന ചന്ദ്രഗുപ്ത മൗര്യന്റെ സാമ്രാജ്യത്തിന് ചുറ്റും സെല്യൂക്കസിന്റെ മാസിഡോണിയൻ മിലിറ്ററി ക്യാമ്പ് ഒരു മഹാ വിഷസർപ്പത്തെ പോലെ ചുറ്റിപ്പിണഞ്ഞു കിടന്നു. പതിനായിരങ്ങൾ വരുന്ന ഭടൻമാർ, കുതിരകൾ, കൂറ്റൻ ചെന്നായ്ക്കൾ, ഇരുളിൽ ഇടി മുഴക്കം പോലെ അട്ടഹസിക്കുന്ന കഴുതപ്പുലികൾ, ആനകൾ, രഥങ്ങൾ, അതിമാരകങ്ങളായ ആയുധങ്ങൾ...
വിനാശകരമായ ആ മിലിറ്ററി ക്യാമ്പ്, വരാൻ പോകുന്ന മഹായുദ്ധത്തിനു മുൻപുള്ള ഒരല്പം വിശ്രമത്തിലെന്നതു പോലെ ആലസ്യത്തിലാഴ്ന്നിരിക്കുന്നു.
മിലിറ്ററി ക്യാമ്പിന്റെ കിഴക്ക് ഭാഗത്തെ ആനക്കൊട്ടിലിന്റെ ഉൾതളം ഇരുണ്ടു കിടന്നു. കൂറ്റൻ കൊമ്പനാനകൾ ചെവിയാട്ടി, തുമ്പിക്കൈ ചുഴറ്റി, കട്ടപിടിച്ച കൂരിരുട്ട് പോലെ മാനംമുട്ടെ വളർന്നു നിന്നു. കൊട്ടിലിന്റെ സൂക്ഷിപ്പുകാർ മയക്കത്തിലാണ്. മഹാനായ അലക്‌സാണ്ടറുടെ പിന്മുറക്കാരനായ 
സെല്യുക്കസിന്റെ ഭടന്മ്മാർക്ക് ശത്രുഭീതിയില്ല. ആരെയും അവർക്ക് ഭയക്കേണ്ടതില്ല. സർവം നേടി ലോകത്തിന്റെ അറ്റത്തോളം വിജയിച്ചു മാത്രം പോകേണ്ടവരാണവർ..
ആനക്കൊട്ടിലിൽ ഭീതിയോടെ രണ്ടു കണ്ണുകൾ മിഴിച്ചു തുറിച്ചു ഇരുളിലേക്ക് നോക്കി. സെല്യുക്കസിന്റെ സേനാ നായകരിലൊരാൾ അഗസ്തനീസ് ആയിരുന്നു അത്...
പട്രോളിങ്ങിനിറങ്ങിയതായിരുന്നു അഗസ്തനീസ്. പക്ഷെ അത് അയാളുടെ അവസാനത്തെ പട്രോളിങ് ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും അയാൾ പ്രതീക്ഷിച്ചിരുന്നില്ല.
ഇരുളിൽ അപ്രതീക്ഷിതമായാണ് ഒരു ആപത്ശങ്ക അയാളോടേറ്റുമുട്ടിയത്. അല്പം മുൻപ് അയാളുടെ പിന്കഴുത്തിൽ എന്തോ വന്നു തറയ്ക്കുകയുണ്ടായി. അതോടെ അയാൾക്ക് സംസാരിക്കാൻ കഴിയാതെയായി. തുടർന്നാണ് അയാൾ ശത്രുവിന്റെ കാലടികൾ ശ്രവിക്കുന്നത്. ചിലമ്പിച്ച കാലടികൾ അയാളെ ഉൾക്കിടിലം കൊള്ളിച്ചു. അയാൾ ഭയപ്പാടോടെ കൂറ്റൻ തേക്ക്മരത്തിനു പിന്നിലേക്ക് നീങ്ങി. പൊടുന്നനെ അയാളുടെ തിരുനെറ്റിയിലേക്ക് മറ്റൊരു മുള്ളു കൂടി തറച്ചു. അസഹ്യമായ വേദനയോടെ അയാൾ നെറ്റിയിൽ അമർത്തിപ്പിടിച്ചു...
അപ്പോൾ അഗസ്തനീസിന് മുൻപിലായി ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു.
ആഗതന്റെ വായിൽ ഒരു മെല്ലിച്ച ഈറത്തണ്ട് ഒട്ടിയിരുന്നു. ആഗതൻ ഈറ തണ്ടിലൂടെ ഒന്നുകൂടി ഊതി. വീണ്ടും ഒരു മുള്ളു പാഞ്ഞു. അത് ഇത്തവണ അഗസ്തനീസിന്റെ തൊണ്ടക്കുഴിയിലേക്ക് ആഴ്ന്നു...
അഗസ്തനീസ് ശ്വാസം കിട്ടാതെ പിടഞ്ഞു. അയാൾ വെട്ടിയിട്ട തടിപോലെ നിലംപതിച്ചു. 
അപസ്മാരം കൊള്ളും പോലെ അയാൾ ഒന്ന് വലിഞ്ഞു മുറുകി വിറച്ചു. നിമിഷം കൊണ്ട് അഗസ്തനീസ് അവസാനിച്ചു.
ആഗതൻ നടന്ന് അടുത്ത് വന്നു. സേനാനായകന്റെ തുകലുറയിൽ നിന്നും കൊലയാളി ഒരു ചുരുൾ കൈക്കലാക്കി. അയാളുടെ മേൽ ആഴ്ന്ന മുള്ളുകൾ പറിച്ച് എടുത്തു. ഒറ്റ ചവിട്ടിന് അഗസ്തനീസിന്റെ ശരീരം ആനക്കൂട്ടത്തിലേക്ക് ഇട്ടു.
പരിഭ്രമിച്ചു പോയ ആനകളുടെ കാലുകൾക്കുള്ളിൽ കിടന്ന് അഗസ്തനീസിന്റെ ശരീരം ചതഞ്ഞ് ഞെരിഞ്ഞമർന്നു.
ആഗതൻ തുകൽചുരുളുമായി ഇരുളിലേക്ക് ഊളിയിട്ടു.
അപ്പോൾ അല്പം അകലെ ഇരുണ്ട ചേല ചുറ്റിയ ഒരു സ്ത്രീ ഇതിനു സാക്ഷ്യം വഹിച്ചു നിൽപ്പുണ്ടായിരുന്നു. അത് വസിഷ്ടമതി ആയിരുന്നു. ഇരുളിലേക്ക് ഊളിയിട്ട കൊലയാളി പക്ഷെ ഇത് അറിയുന്നുണ്ടായിരുന്നില്ല. കൊലയാളി കാറ്റുപോലെ അന്ധകാരത്തെ കീറിമുറിച്ചു കൊണ്ട് കുതിച്ചു... 
**************
(Part: 2)
.
അർദ്ധ രാത്രി.
പാടലീപുത്രം.
മൗര്യ സാമ്രാജ്യ ആസ്ഥാനം.
കൊട്ടാരത്തിലെ നിഗൂഡ ദർബാർ ഹാളിൽ ഒരേയൊരു റാന്തൽ വിളക്കെ തെളിഞ്ഞിട്ടുള്ളൂ. അതും അരണ്ട പ്രകാശം മാത്രം. 
സിംഹാസനതുല്യമായ കസേരയിൽ മഹാനായ ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യൻ സ്വതസിദ്ധമായ ഘന ഗംഭീര്യത്തോടെ ആരെയോ പ്രതീക്ഷിച്ച് ഇരിയ്ക്കുന്നു. 
നാഴിക അടുത്ത് വരുന്നു. അല്പസമയങ്ങൾക്കകം ആ ഗൂഡ അറയിൽ, വിശ്രുതമായ മൗര്യ ഇന്റലിജൻസ് വിങ്ങിന്റെ അതി നിഗൂഢമായ ഒരു മീറ്റിംഗ് നടക്കാൻ പോവുകയാണ്...
പൊടുന്നനെ കാവൽ ഭടൻ വാതിൽ തുറന്നു.
കൃശഗാത്രനായ ഒരു രുപം അകത്തേയ്ക്ക് കയറി.
വിശാലമായ തിളങ്ങുന്ന നീണ്ട നെറ്റി. നെറ്റിയിൽ ചുവന്ന കുറി. അതിനു മധ്യത്തിൽ രക്തനിറമുള്ള പൊട്ട്. ജ്വലിയ്ക്കുന്ന കണ്ണുകൾ. ചോദ്യചിഹ്നം പോലെയുള്ള കൂട്ടുപുരികം. നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന മുഖം. ചുടുലമായ നടത്തം. ഇളകിത്തെറിയ്ക്കുന്ന കുടുമ...
"ചാണക്യൻ." 
ചന്ദ്രഗുപ്ത മൗര്യന്റെ മുഖം തെളിഞ്ഞു.
ചാണക്യൻ ചക്രവർത്തിയെ അഭിവാദ്യം ചെയ്തു. അയാൾ തന്റെ ഇരിപ്പിടത്തിൽ ഉപവിഷ്ഠനായി.
സെല്യൂക്കസിന്റെ പടയൊരുക്കത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ..? ചക്രവർത്തി ആരാഞ്ഞു.
ഒട്ടൊരു നിശബ്ദത അവിടെ നിറഞ്ഞു.
ഒന്ന് നിവർന്നിരുന്ന് ചാണക്യൻ ഇരുളിലേക്ക് നോക്കി വിരൽ ഞൊടിച്ചു.
ഇരുളിൽ നിന്നും റാന്തൽ വെളിച്ചത്തിലേക്ക് ഒരു രൂപം നടന്നു വന്നു. 
അയാൾ രാജ്യാന്തര ചാരൻ അഥവാ / സമർത്ഥനായ ഫീൽഡ് ഏജന്റ് ഗൗതമ ദത്തൻ!
ഗൗതമ ദത്തൻ ചക്രവർത്തിയെ തൊഴുതു. 
തന്റെ കമാണ്ടർ ഇൻ ചീഫ് ചാണക്യനെ സല്യൂട്ട് ചെയ്തു.
പ്രഭോ, ഇതാണ് ഗൗതമ ദത്തൻ... 
ചാണക്യൻ അമർത്തി പറഞ്ഞു.
മൗര്യ സാമ്രാട്ടിലെ പ്രഗത്ഭരും സമർത്ഥരുമായ ചാരന്മ്മാരിലെ അതി സമർത്ഥൻ. ഇപ്പോൾ സെല്യൂക്കസിന്റെ കൊട്ടാരത്തിൽ പാചകക്കാരനായി കടന്നുകൂടി പ്രവർത്തിക്കുന്നു...
ചക്രവർത്തി ഒന്ന് കുലുങ്ങിയിരുന്നു. ചാണക്യൻ ഒന്ന് അമർത്തിച്ചിരിച്ചു. കാര്യങ്ങൾ ഇയാൾ തന്നെ പറയും.
ഗൗതമ ദത്തൻ രാജാവിനാഭിമുഖമായി നിന്നു.
മഹാ പ്രഭോ, കഴിഞ്ഞുപോയ 20 രാവും 20 പകലുമായി ഞാൻ സെല്യൂക്കസിന്റെ കൊട്ടാരത്തിന്റെ അകത്തളങ്ങളിലാണ്. അതായത് മാസിഡോണിയൻ ആസ്ഥാനത്തെ പ്രധാന പാചകക്കാരൻ എന്ന നാട്യത്തിൽ... സെല്യൂക്കസിനു മീതെ ഒരു വണ്ട് മൂളിയാൽ കൂടി അറിയുന്നത്ര അടുത്താണ് ഞാൻ. എന്നെ ഇതിലേക്ക് തയ്യാർ ചെയ്ത് അയച്ചത് ചീഫാണ്.
ഗൗതമ ദത്തൻ ചാണക്യനെ നോക്കി. ചന്ദ്രഗുപ്‌ത മൗര്യൻ മുന്നോട്ടാഞ്ഞിരുന്നു. ഗൗതമ ദത്തൻ തുടർന്നു-
ചീഫ് എന്നെ ഇതിനായി യവന ഭാഷ പഠിപ്പിച്ചു. മാസിഡോണിയൻ സംസ്കാരത്തിലും പെരുമാറ്റ രീതികളിലും പ്രാവീണ്യം ഉള്ളവനാക്കി...
ഇപ്പോൾ മാസിഡോണിയൻ സാമ്രാജ്യത്തിന്റെ ഓരോ ദിവസത്തെയും വിശേഷങ്ങൾ ഞാൻ അവിടെനിന്നും ചീഫിനെ അറിയിച്ചു കൊണ്ടിരിക്കുന്നു.
ഓരോദിവസവും വിശേഷങ്ങൾ അറിയിക്കുന്നു എന്നോ? ഇത്രയും ദൂരത്തിൽ... അതെങ്ങനെ സാധിയ്ക്കുന്നു?
പ്രഭോ, ചീഫ് അതിനുള്ള മാർഗം സമർഥമായി മെനഞ്ഞെടുത്തിരുന്നു. സെല്യൂക്കസിന്റെ ആസ്ഥാനത്ത് നമ്മൾ യുക്തിസഹമായ ഒരു ചാരവലയം ഒരുക്കിയിട്ടുണ്ട്. അത് പ്രകാരം ഞാൻ വിവരങ്ങൾ ഗുഡ ഭാഷയിൽ ഒരു തുകൽ ചുരുളിലെഴുതി കുതിരലായത്തിലേക്ക് എത്തിക്കും. കുതിര ലായത്തിൽ പുല്ല് വിതറുന്നത് നമ്മുടെ ചാരനാണ്. അയാൾ അത് ഒളിപ്പിച്ചു കടത്തി 
അതിവേഗ അശ്വത്തിലേറി നമ്മുടെ രാജ്യാതിർത്തിയിൽ എത്തിയ്ക്കും. അതിർത്തിയിൽ ഒരു ക്ഷേത്രമുള്ള കാര്യം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. പ്രസ്തുത ക്ഷേത്ര കാർമികനും നമ്മുടെ ചാരസംഘത്തിലുള്ളയാളാണ്. അയാൾ ഇത് കൈപ്പറ്റി നേരെ പാടലീപുത്രം ചാരനിലേക്ക് എത്തിയ്ക്കും. അവിടെനിന്നും അത് കൃത്യമായി ചീഫിന്റെ കൈകളിൽ എത്തുന്നു. എല്ലാത്തിനും കൂടി വേണ്ടത് നാല് നാഴിക മണിനേരം മാത്രം. കൗതുകകരം എന്നത് ഈ ഗുഡ ഭാഷ, എഴുതുന്ന എനിയ്ക്കും വായിക്കുന്ന ചീഫിനും മാത്രമേ അറിയൂ എന്നതാണ്.
ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യൻ ചാണക്യന്റെ മുഖത്ത് നോക്കി പ്രശംസ ചൊരിഞ്ഞു. ഞാൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
ചാണക്യൻ പറഞ്ഞു. 
ശാരീരിക അസ്വസ്ഥതകളാൽ ഇപ്പോൾ കുറച്ചായി ഞാൻ കൊട്ടാരത്തിലേക്ക് വരുന്നില്ലല്ലോ... നമ്മുടെ വിസ്തൃതമായ ചാര വലയം ഞാനിപ്പോൾ വീട്ടിലിരുന്ന് തന്നെ ഏകോപിപ്പിക്കുകയാണ്. വിവരങ്ങൾ എല്ലാം ഓരോ ദിനവും അറിയുന്നുണ്ട്. മർമ പ്രധാന സ്ഥിതിഗതികളൊന്നും തന്നെ കഴിഞ്ഞ ദിനം വരെ നമുക്ക് ചോർന്നു കിട്ടിയില്ല. അതിനാലാണ് അങ്ങയെ സന്ധിക്കാതിരുന്നത്.
ഇന്ന് എന്താണ് ഈ ഗൂഡ മീറ്റിംഗിൽ അറിയിക്കാനുള്ളത്?
ചാണക്യൻ ശബ്ദം താഴ്ത്തി.
മാഡിഡോണിയ ഉടനെ തന്നെ നമ്മെ ആക്രമിക്കും. അത് ഇന്നോ നാളെയോ എന്നെയുള്ളൂ..
ചക്രവർത്തി മുന്നോട്ടാഞ്ഞിരുന്നു.
നമ്മുടെ കാലങ്ങളായുള്ള ചാരപ്രവർത്തനത്തിന്റെ നിർണായകമായ ഒരു വിജയ ദിനമാണിന്ന്. ഒരു സുപ്രധാന രേഖ നമുക്ക് ലഭിച്ചു കഴിഞ്ഞു. അതുമായാണ് ഗൗതമ ദത്തൻ ഇവിടെ സന്നിഹിതനായിരിക്കുന്നത്. രേഖയുടെ സങ്കീർണതയും രഹസ്യാത്മകതയും കൊണ്ട് അയാൾ അതുമായി നേരിട്ട് വന്നിരിക്കുകയാണ്.
ചാണക്യൻ ഗൗതമ ദത്തൻ നൽകിയ ചുരുൾ നിവർത്തി ചക്രവർതിയ്ക്ക് നൽകി.
പ്രഭോ, ഏതാനും നാഴികകൾക്ക് മുൻപ് ഈ നിൽക്കുന്ന ഗൗതമ ദത്തൻ, മാസിഡോണിയാൻ സേനാ നായകനായ അഗസ്തനീസിനെ വധിക്കുകയുണ്ടായി. അയാളിൽ നിന്നും തന്ത്രപ്രധാനമായ ഒരു വിവരവും മോഷ്ടിച്ചു. അതാണീ ചുരുൾ... നമുക്കെതിരെയുള്ള അവരുടെ യുദ്ധ തന്ത്രം ഈ ചുരുളിലുണ്ട്...
ഒന്ന് നിർത്തിയിട്ട് ചാണക്യൻ തുടർന്നു.
അതായത് നാം പ്രതീക്ഷിക്കുന്നതു പോലെ പാടലീപുത്രത്തിലേക്ക് നേരിട്ടുള്ള ഒരു യുദ്ധമാവില്ല സെല്യൂക്കസ് ആദ്യം അഴിച്ചു വിടുന്നത്. അത് മഗധയ്ക്ക് പിന്നിലെ ഖാണ്ടവ വനത്തിലൂടെയാവും അവർ ആദ്യം ആക്രമിക്കുക. അത്തരം അപ്രതീക്ഷിതയിൽ പതറി പോകുന്ന നമ്മെ, പാടലീപത്രത്തിലേക്ക് പ്രധാന മുഖത്തിലൂടെ ഇരച്ചു കയറി കീഴ്പ്പെടുത്താനാണ് പദ്ധതി.
ചന്ദ്രഗുപ്‌ത മൗര്യൻ ഒട്ടൊന്ന് ചിന്താധീനനായി. 
ചാണക്യൻ കൈകൾ കൂട്ടിത്തിരുമ്മി.
പ്രഭോ, നമുക്കു വേണമെങ്കിൽ ഈ ഗൗതമദത്തനെ ഉപയോഗിച്ച് ഭക്ഷണത്തിൽ മാരകമായ വിഷം -റിസിൻ- കലർത്തി സെല്യുക്കസിനെ വധിക്കാൻ ശ്രമിച്ചു നോക്കാവുന്നതാണ്. 
ഉണങ്ങിയ കാപ്പിക്കുരുവും, കാഞ്ഞിരവും, രാജവെമ്പാലയുടെ വിഷവും, പൊടിച്ച വജ്രത്തിന്റെ കല്ലുകളും സംയോജിപ്പിച്ച് നിർമ്മിച്ചെടുക്കുന്ന ഒരു കൊടിയ വിഷമാണ് റിസിൻ. ശരീരത്തിൽ പതുക്കെ പതുക്കെ വിഷം വ്യാപിച്ച് ആഴ്ചകൾ കൊണ്ട് സാവധാനം അയാൾ മരിക്കുന്ന തരത്തിൽ... എന്നാൽ അയാൾ വധിക്കപ്പെട്ടാലും വരാൻപോകുന്ന അയാളുടെ പിൻഗാമി നമുക്കെതിരെ യുദ്ധത്തിന് ഒരുങ്ങിയേക്കാം എന്ന ഒരു യാഥാർത്യം നിലനിൽക്കുന്നുണ്ട്...
ചാണക്യൻ ഒന്ന് നിർത്തി. എന്നിട്ട് കുടുമ ഒന്ന് മാടിയൊതുക്കിയിട്ട് വിശദീകരിച്ചു.
നമുക്ക് അലക്സാണ്ടറുടെ അന്ത്യത്തിനു ശേഷം എന്ത് സംഭവിച്ചു എന്നത് അറിവുള്ളതാണല്ലോ. അതായത് പോറസുമായുള്ള യുദ്ധം കഴിഞ്ഞുള്ള മടക്ക യാത്രയിൽ, ഈജിപ്തിൽ വെച്ച് അലക്‌സാണ്ടർ മരിച്ചു. അതോടെ അയാളുടെ സൈനീക ജനറലായ സെല്യൂക്കസ് നേതൃത്വം ഏറ്റെടുക്കുകയും ഇപ്പോൾ നമുക്കെതിരെ യുദ്ധത്തിന് വന്നു നിൽക്കുകയും ചെയ്യുന്നു. ആയതിനാൽ നമ്മുടെ പദ്ധതി, യുദ്ധത്തിന് മുൻപേ അയാളെ തോല്പിച്ച് യുദ്ധം ഒഴിവാക്കുക എന്നതാണ്. ഭാവിയിൽ സെല്യുക്കസ് ഒരിയ്ക്കലും മൗര്യൻമ്മാരെ ആക്രമിക്കുന്ന കാര്യം ചിന്തിക്കുകപോലും ചെയ്യാത്ത തരത്തിൽ.
മനസ്സിലായില്ല...
ചന്ദ്രഗുപ്ത മൗര്യൻ ചാണക്യന്റെ മുഖത്തേക്ക് നോക്കി.
ചാണക്ക്യന്റെ ശബ്ദം കടുത്തു.
മാഡിഡോണിയ ഇപ്പോൾ തന്നെ നമുക്ക് മുൻപിൽ തോറ്റു തുടങ്ങിയിരിക്കുന്നു. അവർ നമുക്കെതിരെ തുടങ്ങാനിരിക്കുന്ന മഹായുദ്ധത്തിന് മുൻപ് അവർ പരാജയം രുചിക്കും.
ചന്ദ്രഗുപ്ത മൗര്യൻ മനസ്സിൽ ഒന്ന് ചിരിച്ചു.
ചാണക്യൻ തന്ത്രജ്ഞനാണ്. ചാണക്യന് കൗടില്യൻ എന്നൊരു വിളിപ്പേര് കൂടിയുണ്ട്. കുടിലമായ തന്ത്രങ്ങൾ മെനഞ്ഞിട്ടാണ് അയാളിപ്പോൾ ഇങ്ങനെ സംസാരിക്കുന്നത്. അയാളെ വിശ്വസിക്കുക. അയാൾ ഒന്ന് പറഞ്ഞാൽ പറഞ്ഞതാണ്.
അപ്പോൾ ചാണക്യൻ ഗൗതമ ദത്തനെ നോക്കി.
നാളെ പുലരുമ്പോൾ മാസിഡോണിയൻ രഹസ്യാന്വേഷകർ കൊല്ലപ്പെട്ട സേനാനായകൻറെ മൃത ശരീരം കണ്ടെത്തും. അന്വേഷണം ആരംഭിക്കും. മരണം കേവലം ആനകളുടെ ചുവട്ടിൽ പെട്ടത് കൊണ്ടല്ല, അതൊരു കൊലപാതമാണെന്ന് അവർ കണ്ടെത്തും..
ഗൗതമ ദത്തൻ ഒന്ന് ഞെട്ടി.
അതെങ്ങനെ?
മാസിഡോണിയൻ ചാരൻമ്മാരെ നിങ്ങൾക്ക് അറിയില്ല.
ചാണക്യൻ ചിരിച്ചു.
ചാണക്യൻ ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റു.
എന്നിരിക്കിലും ഗൗതമ ദത്തൻ ഉടനേ തന്നെ തിരിച്ചു സെല്യൂക്കസിന്റെ കൊട്ടാരത്തിലേക്ക് മടങ്ങണം. അന്വേഷണം നിങ്ങളിലേക്ക് എത്തുന്നത് വരെ അവിടെ പിടിക്കപ്പെടാതെ കഴിയുക. കാരണം നിങ്ങളിപ്പോൾ മടങ്ങിപ്പോകുന്നില്ലെങ്കിൽ അവരുടെ അന്വേഷണം വേഗം തന്നെ അപ്രത്യക്ഷനായ നിങ്ങളിലേക്കെത്താനും, നാമാണ് ഇതിൻ്റെ പിന്നിലെന്ന് മനസ്സിലാക്കാനും അവർക്ക് കഴിയൂം. അത് ഉടനേ തന്നെ വലിയ യുദ്ധം പൊട്ടി പുറപ്പെടുവാനും ഇടയാക്കും. അതിനാൽ നിങ്ങൾ സെല്യുക്കസിന്റെ കൊട്ടാരത്തിൽ മടങ്ങിയെത്തിയേ തീരൂ. അന്വേഷണം നിങ്ങളിലേക്ക് എത്തിചേരാൻ ഒരൽപ്പം സമയം പിടിക്കും. അഥവാ പിടിയിലായാലും 24 മണിക്കൂർ നേരത്തേക്കെങ്കിലും നിങ്ങൾ നിങ്ങളേക്കുറിച്ചുള്ള ഒരു വിവരവും ശത്രുവിനു നൽകിക്കൂട.
ചാണക്യൻ പറഞ്ഞു നിർത്തി.
ഗൗതമ ദത്തൻ ദൃഡനിശ്ചയത്തോടെ ചന്ദ്രഗുപ്ത മൗര്യനേയും, ചാണക്യനേയും വണങ്ങി. പൊടുന്നനെ അയാൾ അവിടെ നിന്നും ഇരുളിലേക്ക് അപ്രത്യക്ഷനായി.
ചാണക്യൻ രാജാവിനരികിലേക്ക് നിന്നു.
സെല്യൂക്കസ് യുദ്ധം വേണ്ടെന്ന് വെച്ച് മടങ്ങട്ടെ. അതിനാണ് നാം ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും യുദ്ധം അനിവാര്യമാകുന്നു എങ്കിൽ, ഭീകര പരാജയമാണ് സെല്യൂക്കസിനെ കാത്തിരിക്കുന്നത്.
ചാണക്യൻ അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചു.
ചന്ദ്രഗുപ്ത മൗര്യൻ കസേരയിലേക്ക് ചാഞ്ഞിരുന്നു. ചാണക്യൻ ഒരു അഭ്യർത്ഥന നടത്തി.
എനിയ്ക്ക് അങ്ങ്, നാളെ സന്ധ്യ മയങ്ങും മുൻപ് 300 പോരു കാളകളേയും 100 യോദ്ധാക്കളായ മല്ലൻമ്മാരേയും വിട്ടു തരുവാൻ ദയവുണ്ടാകണം.
ചക്രവർത്തി ചാണക്യന്റെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി.
പുറത്ത് ഇരുട്ടിന് കട്ടി കൂടിക്കൊണ്ടിരുന്നു.
**************
(PART- 3)
.
പകൽ.
മാസിഡോണിയൺ മിലിട്ടറി ക്യാമ്പ്.
സിന്ധ്.
സെല്യുക്കസിന്റെ ഇൻവെസ്റ്റിഗേഷൻ ടീം ആനക്കൊട്ടിലിനു സമീപം അരിച്ചു പെറുക്കിക്കൊണ്ടിരുന്നു. കൊട്ടിലിനുള്ളിൽ ആനകളുടെ ചവിട്ടേറ്റ് ചതഞ്ഞരഞ്ഞ് തിരിച്ചറിയാനാവാത്ത വിധം ബീഭത്സമായിപ്പോയിരുന്നു സേനാനായകൻ അഗസ്തനീസിന്റെ മൃതശരീരം. നിലത്തു രക്തവും ചലവും തളം കെട്ടി കിടന്നു.
നെടുങ്കനായ ഇൻവെസ്റ്റിഗേഷൻ ഓഫീസർ സൈറസ്, ഇടുപ്പിൽ കൈ കൊടുത്ത് തലയല്പം ഉയർത്തി ശൂന്യതയിലേക്ക് നോക്കിക്കൊണ്ട് തലേന്ന് നടന്ന സംഭവം ഭാവനയിൽ അനാവരണം ചെയ്തു തുടങ്ങി. അയാളുടെ കുശാഗ്ര ബുദ്ധിയിൽ ഒരു ചിത്രം തെളിഞ്ഞു വന്നു...
നിലത്തു രണ്ടു തരം കാൽപ്പാടുകൾ പതിഞ്ഞിരുന്നു. ഒന്ന് കൊല്ലപ്പെട്ട അഗസ്തനീസിന്റെത്. അതിനൊപ്പം കാണപ്പെട്ട കാൽപ്പാടുകൾ പരന്നു നീണ്ട തുകൽ കാലുറ അണിഞ്ഞ ഒരാളുടേതാണ്. അതാരാണ്?
സൈറസ് മുഷ്ടിചുരുട്ടി.
പരന്നു നീണ്ട തുകൽ കാലുറകൾ കൊട്ടാരത്തിന്റെ അന്തപുരത്തും അകത്തളങ്ങളിലും മാത്രം ജോലി ചെയ്യുന്നവരാണ് ഉപയോഗിക്കുന്നത്. പ്രധാനമായും പാചകക്കാർ, കൊട്ടാരം വൃത്തിയാക്കുന്നവർ, വൈദ്യൻമ്മാർ തുടങ്ങിയവരുടേത്. അവരിൽ ആരോ ആവാം കൊലയാളി. 
സൈറസ് ഉറപ്പിച്ചു.
സേനാ നായകൻറെ പക്കൽ ഉണ്ടായിരുന്ന വിലപ്പെട്ട ഒരു രേഖ മോഷണം പോയിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. 
കൃത്യം നടന്ന് നേരത്തോട് നേരം തികയാത്തത് കൊണ്ട് കുറ്റവാളി തന്റെ വലയത്തിനുള്ളിൽ തന്നെയുണ്ട് എന്ന് സൈറസ് ഉറപ്പിച്ചു.
സൈറസിൻറെ ചുണ്ടിൻറെ കോണിൽ ഒരു ആപത്കരമായ ചിരി പരന്നു.
അയാൾ തന്റെ അസിസ്റ്റന്റിനോട് പറഞ്ഞു.
എത്രയും വേഗം ചക്രവർത്തി സെല്യുക്കസ്സിൻറെ അകത്തളത്തിലെ ജീവനക്കാരെ എന്റെ മുറിയിലേക്കെത്തിക്കണം.
അതും പറഞ്ഞ് അയാൾ ഇടിമുഴക്കം പോലെ നടന്നകന്നു
.
------------
.
ഖാണ്ഡവ വനം.
ഇടതൂർന്നു തിങ്ങി വളർന്നു നിൽക്കുന്ന വടവൃക്ഷങ്ങൾ... 
വൃക്ഷങ്ങളിലെ കാട്ടുവള്ളികളും ഭീകര മലമ്പാമ്പുകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. അവിടവിടെയായി ഇടയ്ക്ക് 
ക്രൗര്യ മൃഗങ്ങളുടെ ഇടിത്തീ പോലുള്ള മുരൾച്ചകൾ. 
പട്ടാപ്പകൽ പോലും ഇരുൾ കനത്തു നിൽക്കുന്ന പ്രതീതി. 
ഭീകരവും മരവിപ്പിക്കുന്നതുമായ നിശബ്ദതയ്ക്ക് മീതെ എങ്ങും ചീവീടുകളുടെ ശബ്ദം മാത്രം നിരന്തരമായി മുഴങ്ങിക്കൊണ്ടിരുന്നു.
ആയിരത്തോളം വരുന്ന മാസിഡോണിയൻ ഭടൻമ്മാർ കാത്തിരുപ്പിലാണ്. ഏതു നിമിഷവും സെല്യുക്കസ്സിന്റെ ഉത്തരവ് വരും. അത് ലഭിച്ചാൽ ഉടനേ പാടലീപുത്രത്തിലേക്ക് ഇരച്ചു കയറി ആക്രമിക്കണം.
തങ്ങൾ ആക്രമിക്കുന്ന അതേ നിമിഷം തന്നെ പതിനായിരത്തോളം വരുന്ന സൈനികർ മറുവശത്ത് നിന്നും പാടലീപുത്രം ആക്രമിക്കും. ഒരേ സമയം മുന്നിൽ നിന്നും, പിന്നിൽ നിന്നുമുള്ള ആക്രമണത്തിൽ പാടലീപുത്രം എന്ന മൗര്യ ആസ്താനം തകർന്നു വീഴും. ഇന്ത്യൻ ഉപഭൂഖണ്ഡം യവന സാമ്രാജ്യത്തിൻ കീഴിലേക്ക് ചാർത്തപ്പെടും..
വരാൻപോകുന്ന സന്തോഷത്തിന്റെ ഓർമ്മകളിൽ യവന ഭടൻമ്മാർ ലഹരി നുണഞ്ഞും, പഴങ്ങൾ കഴിച്ചും അലസരായി ഇരിയ്ക്കുമ്പോൾ അങ്ങകലെ ചക്രവാളത്തിൽ ഒരു പൊട്ട് പ്രത്യക്ഷപെട്ടു. 
ക്രമേണ പൊട്ടിന്റെ വലിപ്പം വർദ്ധിച്ചു വർദ്ധിച്ചു വന്നു.
മരത്തിനു മേലേയിരുന്ന് യവന നിരീക്ഷകൻ അത് കാണുന്നുണ്ടായിരുന്നു.
കാട്ടു പോത്തുകൾ..!
മൈഗ്രെഷന്റെ ഭാഗമായി അവ കൂട്ടത്തോടെ പച്ചപ്പ് തേടി വരുന്നു എന്നാണ് അയാൾ ആദ്യം കരുതിയത്. എന്നാൽ അവ അടുത്ത് വരുംതോറും സംഭവത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമായിത്തുടങ്ങി.
അത് കാട്ടുപോത്തുകളല്ല.
അത് പോര് കാളക്കൊമ്പൻമ്മാരായിരുന്നു.
മൗര്യൻമ്മാരുടെ യുദ്ധ മുന്നണിയിലെ പരിശീലിയ്ക്കപ്പെട്ട അത്യന്തം വിനാശകാരികളായ മൃഗങ്ങൾ...
കാളക്കൊമ്പൻമ്മാർ അതിവേഗത്തിൽ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. അവ നൂറുകണക്കിനുണ്ടായിരുന്നു...
അവയ്ക്കിടയിൽ കുലച്ച വില്ലുകളുമായി കരുത്തുറ്റ മല്ലൻമ്മാരും അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്നു.
നിരീക്ഷകൻ ഉച്ചത്തിൽ സേനാ നായകന് മുന്നറിയിപ്പ് നൽകി.
അവരുടെ സേനാ നായകൻ സംഭ്രമത്തോടെ ഉറക്കെ വിളിച്ച് പറഞ്ഞു.
പോരുകാളകൾ.... മൗര്യൻമ്മാർ നമ്മെ ആക്രമിക്കാൻ വന്നുകൊണ്ടിരിക്കുന്നു...
വനാന്തർഭാഗത്തെ മാസിഡോണിയൻ സൈനികർ അപകടം അറിയാൻ വൈകിപ്പോയിരുന്നു. 
മുന്നറിയിപ്പ് പൂർത്തിയാകും മുൻപ് ആദ്യത്തെ കൂറ്റൻ കാളക്കൊമ്പൻ, യവന സേനാനായകനെ കൊമ്പിൽ കോർത്ത് ആകാശത്തേക്ക് ഉയർത്തി വിട്ടിരുന്നു. അയാൾ അകലേക്ക്‌ ആർത്തനാദത്തോടെ പറന്നു പോകുമ്പോൾ പോര് കാളകളും മൗര്യ മല്ലൻമ്മാരും യവന സൈനികർക്കിടയിലേക്ക് വിനാശകരമായി ഇടിച്ചു കയറി.
ആലസ്യത്തിലാണ്ടുപോയ യവന സൈനികർക്ക് ആയുധങ്ങൾ എടുക്കാൻ പോലും സമയം ലഭിച്ചില്ല. പലരും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കും മുൻപ് കാലപുരി പൂകി. പോരു കാളക്കൂട്ടം ചിന്നഭിന്നമാക്കിയ മാസിഡോണിയൻ സൈനികർക്ക് മേലേക്ക് കാളകൾക്കൊപ്പം കുതിച്ചോടി വന്ന മൗര്യ യോദ്ധാക്കളും പാഞ്ഞുകയറി. മല്ലൻമ്മാരുടെ വില്ലുകളിൽ നിന്നും അഗ്നി നാമ്പുകൾ പോലെ പുളയുന്ന മാരക വിഷം പുരട്ടിയ ശരങ്ങൾ പേമാരിപോലെ വർഷിക്കപ്പെട്ടു.
പാടലീപുത്രം വീഴ്ത്താനുള്ള മാഡിഡോണിയൻ പത്മവ്യൂഹം ഇതാ ഖാണ്ഡവ വനത്തിൽ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്നു...
ശവങ്ങൾ പ്രതീക്ഷിച്ച് ചക്രവാളത്തിൽ നിന്നും കഴുകൻമ്മാർ 
വട്ടമിട്ട് പറന്നെത്തിത്തുടങ്ങിയിരിക്കുന്നു...
**************
.
(PART - 4)
കുറ്റാന്വേഷണ കേന്ദ്രം.
മാസിഡോണിയൻ ആസ്ഥാനം.
സിന്ധ്.
സൈറസിന്റെ മുറിയിൽ മൂന്നു പേർ കുറ്റവാളികളായി നിരന്നു നിന്നു... ഗൗതമ ദത്തൻ, സഹ പാചകക്കാരൻ, പിന്നെ സെല്യുക്കസിന്റെ ഭക്ഷണം ആദ്യം രുചിച്ചു വിഷമുക്തം എന്ന് ഉറപ്പുവരുത്തുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥ വസിഷ്ഠ മതി എന്ന സ്ത്രീയും..
അകത്തള ജോലിക്കാരായ പത്തുപേരായിരുന്നു അൽപ്പം മുമ്പ് വരെ ആ ചോദ്യംചെയ്യൽ തളത്തിൽ ഉണ്ടായിരുന്നത്.
ചോദ്യങ്ങൾ ഉത്തരങ്ങൾ.... 
മുറി പ്രകമ്പനം കൊള്ളുകയായിരുന്നു. ഒടുവിൽ സൈറസിന്റെ സാമർഥ്യം അവസാന മൂന്നു പേരിലേക്ക് ചുരുങ്ങിയിരിക്കുന്നു.
ഇവരിൽ ഒരാളാണ് കുറ്റവാളി. 
സൈറസിന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിടർന്നു.
കൂറ്റനായ സൈറസ് അമർത്തി മുരണ്ടു.
പറയണം, ഇക്കൂട്ടത്തിൽ ആരാണ് അഗസ്തനീസിന്റെ കൊലയാളി എന്ന്.
ആരും ഒന്നും മിണ്ടിയില്ല.
നിങ്ങളിൽ ആരാണ് അഗസ്തനീസിന്റെ കൊലയാളി എന്ന് സമ്മതിച്ചാൽ ബാക്കിയുള്ളവർക്ക് പുറത്തു പോകാം. ഇല്ലെങ്കിൽ...,
സംസാരം അർധോക്തിയിൽ നിർത്തിയിട്ട് സൈറസ് ചുമരിന്റെ ഒരുവശത്തെ ചുവന്ന തിരശീല വലിച്ചു നീക്കി.
തിരശീലയ്ക്കപ്പുറം വലിയൊരു കിടങ്ങ് അവ്യക്തമായി തെളിഞ്ഞു വന്നു. 
പൊടുന്നനെ ഒരു ഗർജ്ജനം കൊടുമ്പിരി കൊണ്ടു.
കറുപ്പിൽ സ്വർണ വരകൾ വെട്ടിത്തിളങ്ങി...
കിടങ്ങിനുള്ളിൽ ഭീമാകാരൻമ്മാരായ നരഭോജി കടുവകൾ...
മൂവരും ആപത്ത് മണത്തു
കടുവകളുടെ ഗർജനങ്ങൾ തുടരെ തുടരെ ഇടിമുഴക്കങ്ങൾ പോലെ ചിതറിതെറിച്ചു. മുറിയിലുണ്ടായിരുന്നവർ സംഭ്രമചിത്തരായി.
കടുവകളുടെ കണ്ണുകൾ കിടങ്ങിനുള്ളിലെ അരണ്ട വെളിച്ചത്തിൽ ക്രൗര്യം കൊണ്ട് ജ്വലിച്ചു.
തങ്ങൾ ഏത് നിമിഷവും കിടങ്ങിലേക്ക് വീഴ്ത്തപ്പെടാം. ഗൗതമദത്തന്റെ രക്തം തണുത്തു.
പൊടുന്നനെയാണത് സംഭവിച്ചത്. 
സെല്യൂക്കസിന്റെ അംഗ രക്ഷകയായ വസിഷ്ഠമതി ഒരു ചുഴലിക്കാറ്റ് പോലെ മുന്നോട്ട് കുതിച്ചു. അവർ നൊടിയിടയിൽ അരയിൽ നിന്നും കോഴിത്തൂവൽകൊണ്ടുള്ള ഒരു എഴുത്താണി എടുത്തു. 
നിന്നനില്പിൽ വായുവിൽ ഒന്നുയർന്നു ചാടി. 
സൈറസ് അപകടത്തോട് പ്രതികരിക്കും മുൻപേ എഴുത്താണി അയാളുടെ കഴുത്തിലേക്ക് തുളഞ്ഞു കയറി.
ഒരു ആർത്തനാദം അയാളുടെ തൊണ്ടക്കുഴിയിൽ തടഞ്ഞു. 
രക്തം ഉറവ പോലെ ചീറ്റി...
ആടിയുലഞ്ഞുപോയ സൈറസിനെ വസിഷ്ഠമതി ഒറ്റ ചവിട്ടിന് കിടങ്ങിലേക്ക് പായിച്ചു. 
അയാൾ അഗാധതയിലേക്ക് ഒരു കരിയില പോലെ ആടിയാടി പതിക്കുമ്പോൾ താഴെ കടുവകളുടെ വന്യമായ മുരൾച്ചകൾ സ്തോഭജനകമായി തിങ്ങി..
ഗൗതമ ദത്തനും സഹ പാചകക്കാരനും സ്തബ്ധരായി നിൽക്കവേ വസിഷ്ഠമതി വെട്ടിത്തിരിഞ്ഞു. 
വേഗം രക്ഷപെടുക. ഇനി നാം ഇവിടെ നിൽക്കുന്നത് നമ്മുടെ ജീവഭ്രംശത്തിനിടയാക്കും.
ഇത്രയും പറഞ്ഞുകൊണ്ട് ആ സ്ത്രീ വെട്ടിത്തിരിഞ്ഞ് ഇടനാഴിയിലൂടെ അതിവേഗം അപ്രത്യക്ഷമായി...
ഗൗതമ ദത്തൻ അന്ധാളിച്ചു നിൽക്കുകയായിരുന്നു.
ആരാണീ സ്ത്രീ?
അയാൾ സഹ പാചകക്കാരനെയും സംശയത്തോടെ നോക്കി. ഗൗതമദത്തന്റെ ഉള്ളിലിരുപ്പ് മനസിലായിട്ടെന്നവണ്ണം സഹ പാചകക്കാരൻ അടങ്കം പറഞ്ഞു.
ഞാൻ മന്ദാകരൻ 
ഞാനും പാടലീപുത്രം ചാരനാണ്. നിങ്ങളെ നിരീക്ഷിക്കുക എന്നതായിരുന്നു എന്റെ ഇവിടുത്തെ ദൗത്യം.
ഗൗതമ ദത്തൻ അവിശ്വസനീയതയോടെ അയാളെ നോക്കി.
ഗൗതമ ദത്തൻ, നിങ്ങൾ ഒരുപക്ഷെ ഒരു ഇരട്ട ചാരൻ / ഡബിൾ ഏജന്റ് ആവുകയാണെങ്കിൽ നിങ്ങളെ വധിക്കുക, അല്ലെങ്കിൽ നിങ്ങൾ പിടിക്കപ്പെട്ടാൽ നിങ്ങൾ അപൂര്ണമാക്കി നിർത്തിയ വിവരാന്വേഷണ ദൗത്യം പൂർത്തീകരിക്കുക എന്നതായിരുന്നു എന്റെ ഇവിടുത്തെ ദൗത്യം.
അപ്പോൾ ആ സ്ത്രീയോ?
നിങ്ങളെപ്പോലെ അത് ആരാണെന്ന് എനിക്കും അറിയില്ല.
പെട്ടന്ന് അകലെ സൈനികരുടെ കാൽപ്പെരുമാറ്റം കേട്ടു. 
മന്ദാകാരൻ പൊടുന്നനെ ഗൗതമ ദത്തനെ പിടിച്ചു വലിച്ചു. അവർ ഇരുളിലേക്ക്, വസിഷ്ഠമതി പോയ വഴിയിലൂടെ കാറ്റ് പോലെ കുതിച്ചു...
**************
സെല്യുക്കസിന്റെ കാര്യാലയം.
ഖാണ്ഡവ വനത്തിൽ തന്റെ ഭടൻമാർ കൂട്ടക്കുരുതി ചെയ്യപ്പെട്ട വാർത്ത കേട്ടു സെല്യൂക്കസ് ഞെട്ടി. പിന്നാലെ സേനാ നായകൻ അഗസ്തനീസിന്റെ മരണവും, സൈറസിന്റെ കൊലപാതകവും സെല്യൂക്കസിനെ തളർത്തിക്കളഞ്ഞു. തങ്ങളുടെ യുദ്ധ തന്ത്രം മോഷ്ടിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക് അതെ ഘടനയിലുള്ള യുദ്ധവുമായി ശത്രുവിനെതിരേ പട നയിക്കുക എന്നത് പരാജയപ്പെടുന്നതിനു തുല്യമാണ്.
സെല്യൂക്കസ് തന്റെ നെറ്റിത്തടം അമർത്തി തിരുമി. 
പദ്ധതികളെല്ലാം പിഴച്ചിരിക്കുന്നു. കൊട്ടാരത്തിനുള്ളിൽ ഇനിയുമെത്ര ചരൻമ്മാർ ഉണ്ടാവും.?
അയാൾക്കിപ്പോൾ തനിക്ക് ചുറ്റും നിൽക്കുന്നവരെപ്പോലും അവിശ്വാസം തോന്നിത്തുടങ്ങി.
തന്റെ അന്തപുരത്തിൽ തനിക്കൊപ്പം ഉണ്ടായിരുന്നത് ചന്ദ്ര ഗുപ്‌ത മൗര്യന്റെ ചാരൻമ്മാരായിരുന്നു എന്നത് അയാളെ ഭയ ചകിതനാക്കി. ചാണക്യൻ മനസ്സിൽ കണ്ടത് പോലെ യുദ്ധം തുടങ്ങും മുൻപേ സെല്യൂക്കസ് യുദ്ധം പരാജയപ്പെട്ടു കഴിഞ്ഞിരുന്നു...
സെല്യൂക്കസ് തന്റെ മന്ത്രിമാരെ വിളിച്ചു.
ഒറ്റവാക്കിൽ അയാൾ തന്റെ തീരുമാനം അറിയിച്ചു.
നാം ചന്ദ്രഗുപ്ത മൗര്യനെ സന്ധിക്കാൻ തീരുമാനിച്ചിരിക്കുന്നു!
**************
(PART - 5)
.
അടുത്ത ദിനം.
പാടലീപുത്രം.
ചന്ദ്ര ഗുപ്ത മൗര്യന്റെ കൊട്ടാരം
ദർബാർ ഹാളിന്റെ രണ്ട് വശങ്ങളിലുമായി പ്രൗഢമായ രണ്ട് സിംഹാസനങ്ങൾ അഭിമുഖമായിരിക്കുന്നു. അവയിൽ രണ്ട് സാമ്രാജ്യാധിപൻമ്മാർ മുഖാമുഖം ചർച്ചയിലാണ്.
ചന്ദ്രഗുപ്ത മൗര്യനും, സെല്യൂക്കസും.
സെല്യൂക്കസ് മുൻകൈ എടുത്ത അനുരഞ്ചന ചർച്ചയാണവിടെ നടക്കുന്നത്. യുദ്ധം നിർത്തി വെക്കപ്പെട്ടിരിക്കുന്നു. 
സെല്യൂക്കസിന്റെ പിന്നിൽ അനുചരൻമ്മാർ നിരന്നിരുന്നു.
ചന്ദ്രഗുപ്ത മൗര്യൻ ഉടമ്പടിയ്ക്കായി കാതോർത്തു. ദർബാർ ഹാളിൽ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുകയാണ് ഇരുപക്ഷത്തെയും പ്രധാന രാജ്യതന്ത്രജ്ഞർ.
നിശബ്ദതയ്ക്കു മീതെ സെല്യൂക്കസിന്റെ ഘനഗാംഭീര്യ ശബ്ദം മുഴങ്ങി.
ഞാൻ മുന്നോട്ട് വെക്കുന്ന യുദ്ധ നിവാരണ ഉടമ്പടി ഇപ്രകാരമാണ്. നാമിരുവരും യുദ്ധം അവസാനിപ്പിക്കുന്നു. മാസിഡോണിയയുടെയും, മൗര്യ വംശത്തിന്റെയും പരമാധികാര പ്രദേശങ്ങൾ എപ്പോഴത്തെയുംപോലെ ഇനിയും അവരവരുടേത് മാത്രമായിരിക്കും.
സെല്യൂക്കസ് ഒന്ന് നിർത്തി.
അദ്ദേഹം പിന്നിലേക്ക് നോക്കി വിളിച്ചു.
ഹെലൻ...
അയാളുടെ അംഗരക്ഷകർക്കിടയിൽ പട്ടും, വജ്രവും, മരതകവും കൊണ്ട് അലങ്കരിച്ച ഒരു സുവർണ രഥം വെളിവായി.
രഥത്തിന്റെ തിരശീല മാറി. 
അതിനുള്ളിൽ നിന്നും അപ്സരസിനെപ്പോലെ ഒരു യുവതി നിലത്തേക്ക് ഇറങ്ങി. അവളുടെ സൗന്ദര്യത്താൽ കൊട്ടാരം സൂര്യപ്രഭ പോലെ തിളങ്ങി. ഉപചാര വസ്തുക്കളായ പൊന്ന്, മൂര്, കുന്തിരുക്കം എന്നിവയുമായി അവൾ തന്റെ പിതാവിന് സമീപം വന്നു നിന്നു. കൊട്ടാരത്തിന്റെ കണ്ണുകൾ മുഴുവൻ അവളിലായി.
ഹെലനെ ചേർത്ത് നിർത്തി സെല്യൂക്കസ് തുടർന്നു.
ഈ ഉടമ്പടിയുടെ തീർപ്പിനായി എന്റെ മകൾ ഹെലനെ മഹാനായ ചന്ദ്രഗുപ്ത മൗര്യന് വിവാഹം കഴിച്ച് നൽകുന്നു.
ഒരു നിമിഷം നിശ്ശബ്ദത.
പെട്ടന്ന് കൊട്ടാരത്തിൽ ഹർഷാരവം മുഴങ്ങി. 
പെരുമ്പറകൾ ഉച്ചത്തിൽ ശബ്ദിച്ചു. ചന്ദ്ര ഗുപ്ത മൗര്യന്റെ മുഖം, ഉടമ്പടി സമ്മതം എന്ന അർത്ഥത്തിൽ പ്രസന്നമായി.
അദ്ദേഹം സിംഹാസനത്തിൽ നിന്ന് എഴുനേറ്റു. പതിയെ നടന്നു സെല്യൂക്കസിനരികിൽ ചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു.
എന്നിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു:
ഉടമ്പടി പരിപൂർണ സമ്മതം. എന്റെ സന്തോഷത്തിനായി ഞാനും ഒരുപഹാരം നൽകട്ടെ. 500 കൊമ്പനാനകളെ മാസിഡോണിയൻ സൈന്യത്തിന് ഞാൻ സമ്മാനമായി നൽകുന്നു.
അങ്ങനെ മൗര്യമാർ തോൽക്കാത്ത - സെല്യൂക്കസ് വിജയിക്കാത്ത / മൗര്യൻമ്മാർ വിജയിച്ച - സെല്യൂക്കസ് പരാജയപ്പെട്ട ഒരു യുദ്ധത്തിന് അവിടെ തിരശീല വീണു.
**************
ഗംഗാതടം.
ഗൗതമദത്തനും, മന്ദാകരനും നോക്കി നിൽക്കെ വസിഷ്ഠമതി തന്റെ അടയാഭരണങ്ങളും വസ്ത്രവും അഴിച്ചു മാറ്റി. അവർ സ്തബ്ദരായി നിൽക്കേ അവിടെ സ്ത്രീരൂപം മാറി ഒരു പുരുഷരൂപം തെളിഞ്ഞു വന്നു.
അത് സാക്ഷാൽ ചാണക്യനായിരുന്നു. 
ചാരൻമ്മാരുടെ ചാരനായ ചാണക്യൻ.
അവർ എന്തോ ചോദിയ്ക്കനൊരുങ്ങവേ ചാണക്യൻ അശ്വാരൂഡനായി പാടലീപുത്രം ലക്ഷ്യമാക്കി മിന്നൽ പോലെ പാഞ്ഞു.
ശുഭം
RIJO GEORGE.