A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ലോകം ഭരിക്കുന്ന എണ്ണരാഷ്ട്രീയം


സദ്ദാം ഹുസൈൻ 1972 ൽ ഇറാഖിലെ എണ്ണവ്യവസായം ദേശസാൽക്കരിച്ചതോടെ അവിടെ എണ്ണരാഷ്ട്രീയം ഇനിയൊരിക്കലും പൂർവ്വാവസ്ഥയിലേക്ക് തിരിച്ചുപോകാൻ പറ്റാത്തവിധം പുതിയ ദിശയിലേക്ക് പ്രവേശിച്ചു. ഇറാഖിൽ എണ്ണ കണ്ടെത്തിയത് 1920 ൽ ആയിരുന്നു. അതുവരെ ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ ദരിദ്രകർഷകർ അധിവസിച്ചിരുന്ന ഭൂവിഭാഗമായിരുന്നു അത്. ഒന്നാം ലോകയുദ്ധത്തിൽ പരാജയപ്പെട്ട ഓട്ടോമൻ സാമ്രാജ്യം സെവെറേ ഉടമ്പടി (Treaty of Sèvres) പ്രകാരം വിഭജിക്കപ്പെട്ടപ്പോൾ ഇറാഖിന്റ അതിർത്തികളും നിർണയിക്കപ്പെട്ടത് 1920 ൽ തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആധുനിക ഇറാഖ് രൂപപ്പെട്ടതും എണ്ണ ആ പ്രദേശത്ത് കണ്ടെത്തിയതും ഒരുമിച്ചായിരുന്നു.
തന്നെ ഇല്ലാതാക്കാൻ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷ് 2003 ൽ നടത്തിയ യുദ്ധത്തിന്റെ വിത്ത് സദ്ദാം 1972 ൽ വിതച്ചുകഴിഞ്ഞിരുന്നു. അത് എണ്ണവ്യവസായ ദേശസാൽക്കരണമല്ലാതെ മറ്റൊന്നുമല്ല. യാതൊരു വിലക്കുകളുമില്ലാതെ ഇറാഖിലെ എണ്ണ കൊള്ളയടിച്ചു കൊണ്ടുപോവുകയായിരുന്നു സാമ്രാജ്യത്വശക്തികളുടെ ലക്ഷ്യം. അതിന് ആദ്യത്തെ തടസ്സം സദ്ദാമിന്റെ ദേശസാൽക്കരണമായിരുന്നു. 2000 ത്തിൽ സദ്ദാം എണ്ണവിനിമയത്തിനായി ഡോളറിന് പകരം യൂറോപ്യൻ യൂണിയന്റെ യുറോ കറൻസി സ്വീകരിച്ച് എണ്ണ വിൽക്കാൻ തുടങ്ങിയതും എത്രയും പെട്ടെന്ന് ഇറാഖിനെ ആക്രമിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചു. ഇവിടെ യുറോ വാങ്ങി എണ്ണ വിൽക്കാൻ തുടങ്ങിയ സദ്ദാമിന്റെ തന്ത്രപരമായ തിരിച്ചടികൂടി ചേർന്നാലേ എണ്ണ രാഷ്ട്രീയം പൂർണ്ണമാകൂ.
തുടക്കം മുതലേ ഇറാഖിലെ എണ്ണ ഇറാഖി പെട്രോളിയം കമ്പനി (IPC) എന്ന ബ്രിട്ടീഷ് സ്ഥാപനത്തിന്റെ നിയന്ത്രണത്തിലായിരുന്നു. 1958 ലെ വിപ്ലവശേഷം എണ്ണയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം യുദ്ധോപകരണങ്ങൾ വാങ്ങിക്കൂട്ടേണ്ടിവന്നതിനാൽ വിപ്ലവകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മുൻ ഇറാഖ് പ്രധാനമന്ത്രി കാസിമിന് പ്രയാസം നേരിട്ടു. അപ്പോൾ അദ്ദേഹം IPC യോട് എണ്ണയുൽപ്പാദനവും സർക്കാരിനു നൽകേണ്ട റോയൽറ്റിയും വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. അതിന് കമ്പനി വിമുഖത പ്രകടിപ്പിച്ചപ്പോഴായിരുന്നു കാസിം 1961ഒക്ടോബറിൽ പ്രഖ്യാപിച്ച നിയമം 80 പ്രകാരം 1920 കളിലും 1930 കളിലും IPC ക്ക് അനുവദിച്ചിരുന്ന ഭൂമി ഭൂരിഭാഗവും പിടിച്ചെടുത്തത്.
1970 കൾ ആരംഭിച്ചതോടെ BP (British Petroleum Company), SHELL, ESSO, MOBIL, CPF എന്നിങ്ങനെ 5 കമ്പനികളുടെ കൺസോർഷ്യം ആയിക്കഴിഞ്ഞിരുന്നു IPC. അന്ന് ആ കമ്പനികൾക്ക് നഷ്ടപ്പെട്ട ഇറാഖിലെ എണ്ണവ്യവസായത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ നിരന്തരമായി നടന്ന ഉപജാപങ്ങളും ഗൂഡാലോചനകളും അട്ടിമറികളും പിന്നീട് ഇറാഖ് രാഷ്ട്രീയത്തെ കലാപകലുഷിതമാക്കി. അതിന്റെ അനിവാര്യമായ പൊട്ടിത്തെറിയായിരുന്നു 2003 ൽ അമേരിക്കയുടെ നേതൃത്വത്തിൽ ഇറാഖ് വെട്ടിപ്പിടിച്ചതും സദ്ദാമിനെ തൂക്കിലേറ്റിയതും. ഇറാഖിൽ ജനാധിപത്യം കൊണ്ടുവരാനായിരുന്നു തങ്ങളുടെ ആക്രമണമെന്ന ബുഷിന്റെ വാദം പുതിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായിട്ടേ വിവരമുള്ളവരെല്ലാം കരുതിയിട്ടുള്ളൂ. എണ്ണയുടെ രാഷ്ട്രീയത്തിന്റെ ചരിത്രം അറിയാവുന്നവരാരും അത് വിശ്വസിച്ചിട്ടില്ല. അത് ഓയിൽ വാർ (Oil war) അഥവാ എണ്ണക്കുവേണ്ടിയുള്ള യുദ്ധമെന്നും പെട്രോഡോളർ വാർ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടു. അല്ല, ജനാതിപത്യത്തെപ്പറ്റിയായിരുന്നു ബുഷിന്റെ യഥാർത്ഥ വേവലാതിയെങ്കിൽ അമേരിക്കയുടെ ചിറകിനടിയിൽ എന്നും തമ്പടിച്ച സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങളിലായിരുന്നു ബുഷ് ആദ്യം അത് നടപ്പിലാക്കാൻ ശ്രമിക്കേണ്ടിയിരുന്നത്.
ഇറാഖിലെ എണ്ണയുടെ മുഖ്യ ആകർഷണഘടകങ്ങളായ ഉയർന്ന ഗുണനിലവാരം, സുലഭത, കുറഞ്ഞ ഉൽപ്പാദനച്ചിലവ് എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് കമ്പനികൾക്ക് ഇറാഖിലെ എണ്ണ ഏറെ പ്രിയങ്കരമാക്കുന്നത് എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന മൂല്യമുള്ള ഉൽപന്നങ്ങളുടെ നിർമ്മിതിക്ക് രാസഗുണനിലവാരമുള്ള എണ്ണ പറ്റിയതാകയാൽ ലോകവിപണിയിൽ ഇറാഖി എണ്ണക്ക് ആവശ്യക്കാർ ഏറെയുണ്ട്.
ഇനി കമ്പനികൾക്ക് ഇറാഖി എണ്ണ ആകർഷകമാക്കുന്ന സുലഭത എന്ന രണ്ടാമത്തെ കാരണത്തെപ്പറ്റി പരിശോധിക്കാം. ലോകത്തിൽ അറിയപ്പെട്ട ആകെ എണ്ണശേഖരത്തിന്റെ തോതുവച്ചുനോക്കുമ്പോൾ ഇറാഖിന് രണ്ടാം സ്ഥാനമേ ഉള്ളൂ. ഒന്നാം സ്ഥാനം സൗദിയാണ് നിലനിർത്തിയിരിക്കുന്നത്. അതേ സമയം സൗദിയേക്കാൾ എണ്ണക്കമ്പനികൾക്ക് കമ്പം ഇറാഖിനോടാണ്. എന്തുകൊണ്ട് ? തിട്ടപ്പെടുത്താനായില്ലെങ്കിലും ഇറാഖിലെ മരുഭൂമികളിൽ ഉണ്ടെന്ന് കരുതപ്പെടുന്ന എണ്ണയുടെ കണക്ക് നോക്കുമ്പോൾ ആ രാജ്യം എണ്ണസമ്പത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. 2002 ലെ കണക്കനുസരിച്ച് ഇറാഖിലെ അറിയപ്പെട്ട എണ്ണശേഖരം, ലോകത്താകെയുള്ള എണ്ണശേഖരത്തിന്റെ 11% ആയ, 112.5 ബില്യൺ (11,250 കോടി) ബാരൽ ആണ്. എന്നാൽ വിദഗ്ധാഭിപ്രായം അത് 200 ബില്യൺ (20,000 കോടി) ബാരലിൽ കൂടുതൽ വരുമെന്നാണ്. അമേരിക്കയിലെ ഊർജവകുപ്പിന്റെ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ കണക്കാക്കിയിട്ടുള്ളതാകട്ടെ, ഇറാഖിലെ എണ്ണശേഖരം 400 ബില്യൺ (40,000 കോടി) ബാരലിൽ ഒട്ടും കുറയാനിടയില്ലെന്നാണ്. ഈ നിലക്ക് ഇറാഖിലെ ശേഖരം, 260 ബില്യൺ ബാരൽ ശേഖരമുള്ള സൗദി അറേബ്യയുടെ താഴെയല്ല എന്നു മാത്രമല്ല, വളരെയേറെ മുന്നിലാണെന്നും വരുന്നു.
ബ്രിട്ടൻ ആസ്ഥാനമായുള്ള ജിയോഡിസൈൻ ലിമിറ്റഡിന്റെ ഇറാഖ് ഓയിൽവിദഗ്ധൻ മുഹമ്മദ് അൽ-ഗില്ലാനി കണ്ടെത്തിയത്, 526 ഡ്രില്ലിങ് സൈറ്റുകൾ ഉണ്ടാക്കാൻ ശേഷിയുള്ള ഇറാഖിൽ 125 എണ്ണമേ ഡ്രില്ലു ചെയ്യപ്പെട്ടിട്ടുള്ളുവെന്നാണ്. അവയിൽ 90 എണ്ണമേ എണ്ണപ്പാടങ്ങൾ എന്ന നിലയിൽ ശേഷി തെളിയിച്ചിട്ടുള്ളൂ. എന്നാൽ 30 എണ്ണം മാത്രമാണ് ഭാഗികമായി വികസിപ്പിച്ചെടുത്തത്. പ്രവർത്തിക്കുന്നതാകട്ടെ വെറും 12 ഉം. ഈ വസ്തുതകളുടെ വെളിച്ചത്തിൽ അൽ-ഗില്ലാനി ചോദിച്ചു: "ഭാവിയിലേക്ക് വേണ്ടി സംരക്ഷിച്ചിട്ടുള്ള ഈ അപാരശേഷി സങ്കല്പിക്കാനാകുമോ ?". ബ്രിട്ടീഷ് കമ്പനിയുടെ ഈ വിദഗ്ധൻ, ലോകരാഷ്ട്രീയം നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന മുതലാളിത്തലോകത്തിലെ എല്ലാ എണ്ണക്കമ്പനികൾക്കും വേണ്ടിയാണ് ഈ ചോദ്യമുന്നയിച്ചത്. അമേരിക്കയിലെയും മറ്റും ഭരണവർഗവും എണ്ണവ്യവസായത്തിലേർപ്പെട്ടിരിക്കുന്ന ബഹുരാഷ്ട്ര കോർപറേഷനുകളുടെ നടത്തിപ്പുകാരും രണ്ടല്ല. അവർ ഭാവി ഭദ്രമാക്കാൻ ഇറാഖ് വെട്ടിപ്പിടിച്ചു. അവർക്ക് തടസ്സമായി നിന്ന സദ്ദാമിനെ വധിച്ചു. 1972 ൽ ദേശസാൽക്കരണം നടത്തിയതിനുള്ള ശിക്ഷ നടപ്പാക്കാൻ 2003 വരെ എന്തിന് അമേരിക്കയും മറ്റും കാത്തിരുന്ന് മൂന്ന് പതിറ്റാണ്ടോളം പാഴാക്കിയെന്ന പ്രശസ്തമായ ചോദ്യം ഉയരാം, ഭൗമരാഷ്ട്രീയത്തിൽ വന്ന പല അട്ടിമറികളും അതിനു കാരണമായിട്ടുണ്ട്.
സുലഭമായി ലഭിക്കുന്നു എന്നപോലെതന്നെ പ്രധാനമാണ് ഇറാഖിലെ എണ്ണയെ ആകർഷകമാക്കുന്നതിൽ ഉൽപ്പാദനച്ചിലവിലെ കുറവും. ലോകത്തിലെ മറ്റൊരു രാജ്യത്തിലും ഇത്ര കുറഞ്ഞ ഉൽപ്പാദനച്ചിലവിൽ എണ്ണ ഖനനം ചെയ്തെടുക്കാൻ സാധ്യമല്ല. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വെറും 600 മീറ്റർ താഴെനിന്നാണ് ഇറാഖിലെ ഇപ്പോഴത്തെ മൊത്തം എണ്ണ ശേഖരത്തിന്റെ മൂന്നോലൊരുഭാഗം കുഴിച്ചെടുക്കാൻ കഴിയുക. എണ്ണപര്യവേഷണം മുതൽ കമ്പനികളുടെ ലാഭവിഹിതം വരെ എല്ലാ ചിലവുകളും ഉൾപ്പെടെ ഇറാഖിൽ ഒരു വീപ്പ എണ്ണക്ക് വരുന്നത് ഒരു ഡോളർ മാത്രമാണ്.
മറ്റു രാജ്യങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോഴാണ് എന്തുകൊണ്ട് ബഹുരാഷ്ട്ര എണ്ണക്കമ്പനികൾ എട്ട് യുദ്ധങ്ങൾ ഇറാഖിലെ എണ്ണ കൊള്ളയടിക്കാനുള്ള അവകാശലബ്ധിക്കായി ഇറാഖി ജനതയുടെ മേൽ അടിച്ചേൽപ്പിച്ചുവെന്ന് കണ്ടെത്താനാവൂ. താരതമ്യേന കുറഞ്ഞ ചിലവിൽ എണ്ണയുൽപ്പാദിക്കാനാവുന്ന മലേഷ്യ, ഒമാൻ, പോലുള്ള രാജ്യങ്ങളിൽ ഒരു ബാരലിന് 5 ഡോളറാണ് ചിലവ് വരുക. മെക്സിക്കോയിലും റഷ്യയിലും 6-8 ഡോളർ ചിലവ് ഒരു വീപ്പ എണ്ണ ഉൽപ്പാദിപ്പിക്കാൻ വരുന്നതുപോലും കുറഞ്ഞ ചിലവാണെന്ന് അംഗീകരിക്കേണ്ടിവരും. കാരണം, അമേരിക്കയിലും കാനഡയിലും അത് 20 ഡോളറാണ്. സ്വന്തം നാട്ടിൽ ധാരാളം എണ്ണ കടലിനടിയിലും ഭൂമിക്കടിയിലും കിടന്നാലും ഇറാഖിലേക്ക് അവർ ആർത്തിയോടെ തിരിയുന്നതിന്റെ കാരണം വ്യക്തമായില്ലേ ?
മേൽക്കൊടുത്തത് പുതിയ നൂറ്റാണ്ടിലേക്ക് കടന്നപ്പോഴത്തെ ചിലവാണ്. സദ്ദാം എണ്ണ ദേശസാൽക്കരണം നടത്തിയ 1970 കളുടെ തുടക്കത്തിൽ എണ്ണയുൽപ്പാദനച്ചിലവ് ഇറാഖിൽ ഒരു ബാരലിന് ഏകദേശം 6 സെന്റും (6 cents), സൗദിയിൽ 8 സെന്റുമായിരുന്നു. അന്ന് ഇറാഖിലെ പ്രതിദിന എണ്ണയുൽപ്പാദനമാകട്ടെ 1 കോടി 10 ലക്ഷം ബാരലും. ഇങ്ങനെ ലോകത്തിലേക്ക് ഏറ്റവും വലിയ എണ്ണസമ്പത്ത് പല യുദ്ധങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ബ്രിട്ടനും അമേരിക്കയും നിലനിർത്തിയിരുന്നത് ഒറ്റയടിക്ക് അവരുടെ നിയന്ത്രണത്തിൽ നിന്ന് തട്ടിക്കളയുകയായിരുന്നു സദ്ദാം ദേശസാൽക്കരണത്തിലൂടെ ചെയ്തത്.
സാമ്രാജ്യത്വ സർക്കാരുകളും എണ്ണക്കമ്പനികളും തമ്മിലുള്ള അഭേദ്യബന്ധത്തെയും അവ ഒത്തുചേർന്ന് നടത്തിയ നിരവധി യുദ്ധങ്ങളെയും വെട്ടിപ്പിടുത്തങ്ങളെയും പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. കൂടാതെ മൂന്നാംലോകരാജ്യങ്ങളിലെ സർക്കാരുകളെ സാമ്രാജ്യത്വശക്തികൾ മറിച്ചിടാനും സംരക്ഷിക്കാനും നടത്തിയ യുദ്ധങ്ങളെ സംബന്ധിച്ച പഠനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളും ഒടുവിൽ ചെന്നെത്തുക എണ്ണയുടെ രാഷ്ട്രീയത്തിലായിരിക്കും. ഈ സൂഷ്മരാഷ്ട്രീയം ഉൾക്കൊള്ളാൻ തയ്യാറില്ലാത്ത വായനക്കാരന് സദ്ദാമിനെ ഇല്ലാതാക്കാൻ പത്തുലക്ഷത്തോളം നിരപരാധികളുടെ ശവപ്പറമ്പാക്കി ഇറാഖിനെ മാറ്റിയത് എണ്ണക്കുവേണ്ടിയാണെന്ന് പറഞ്ഞാൽ അസംബന്ധജൽപ്പനമായേ തോന്നുകയുള്ളൂ. തീർച്ചയായും അതോടൊപ്പം മറ്റുകാരണങ്ങളും ഉണ്ടായേക്കാം. പക്ഷെ എപ്പോഴും മുഖ്യകാരണം എണ്ണയാണെന്നും അതുകൊണ്ടുതന്നെ ഇറാഖിന്റെ മണ്ണിൽ പൊട്ടിപ്പുറപ്പെട്ട ഓരോ യുദ്ധത്തെയും എണ്ണയുദ്ധം (ഓയിൽ വാർ) എന്നുപറഞ്ഞാൽ അതിശയോക്തി ആവില്ലെന്നും കാണാം.ഇറാഖിൽ എണ്ണക്കുവേണ്ടി നടത്തിയ അവസാനയുദ്ധം (2003) നയിച്ച ജോർജ് ബുഷും, 1991 ലെ ഗൾഫ് യുദ്ധം നയിച്ച അയാളുടെ പിതാവ് ജോർജ് എച്ച് ഡൗബ്ള്യു ബുഷും തങ്ങളുടെ സ്വന്തം എണ്ണക്കമ്പനിയിലെ CEO മാർ ആയിരുന്നു. വൈസ് പ്രസിഡന്റ് ഡിക് ചെനിയാകട്ടെ ഹല്ലിബർട്ടൻ എന്ന അമേരിക്കയിലെ ഒരു വലിയ എണ്ണക്കമ്പനിയുടെ മുൻ CEO യും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ കോണ്ടലീസ റൈസ് ഷെവ്റോൺ ടെക്സോകോയുടെ മുൻ ഡയറക്ടറും ആയിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്താൻ പ്രയാസമില്ല. കാരണം എണ്ണവ്യവസായം ഏറ്റവും ലാഭകരമായ ഇറാഖ് പോലുള്ള രാജ്യങ്ങളിൽ അത് നിലനിർത്താൻ നയതന്ത്രത്തേക്കാളും അന്താരാഷ്ട്ര നിയമങ്ങളേക്കാളും ആവശ്യം സൈനീകശക്തിയാണ്. അതുണ്ടെങ്കിൽ മറ്റെല്ലാം പരാജയപ്പെട്ടാലും വിജയം കൈവരിക്കാമെന്ന് 2003 ലെ ഇറാഖ് യുദ്ധം തന്നെ തെളിവാണ്. സൈനികാക്രമണത്തെ ലോകവേദിയായ UN എതിർത്തിട്ടും, അത് കാറ്റിൽ പറത്തിയായിരുന്നു ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ തലവൻ ഇറാഖിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മറ്റ് കച്ചവടസ്ഥാപനങ്ങളെ അപേക്ഷിച്ച് ആഗോളവ്യാപ്തി അവകാശപ്പെടാവുന്നവയായി സ്റ്റാൻഡേർഡ് ഓയിൽ, റോയൽ ഡച്ച് ഷെൽ എന്ന രണ്ട് വൻ കമ്പനികൾ എണ്ണയുടെ ഉൽപ്പാദനത്തിലും വിതരണത്തിലും ഏർപ്പെട്ടവയായിരുന്നു. അമേരിക്കൻ എണ്ണക്കമ്പനിയായ സ്റ്റാൻഡേർഡ് ഓയിൽ 1870 ൽ ജോൺ ഡി റോക്കെഫെല്ലർ ആരംഭിച്ചു. അത് ലോകത്തിലെ ആദ്യത്തേയും ഏറ്റവും വലിയതുമായ ബഹുരാഷ്ട്ര കോർപ്പറേഷനുകളിൽ ഒന്നായിരുന്നു. 1911ൽ അത് പിരിച്ചുവിട്ട് 34 ചെറിയ കമ്പനികളായി പിരിയാൻ നിർബന്ധിതമാകുന്നതുവരെ ആ നില തുടർന്നു. റോയൽ ഡച്ച് ഷെൽ ഒരു ആംഗ്ലോ-ഡച്ച് ബഹുരാഷ്ട്ര എണ്ണ-പ്രകൃതിവാതക കമ്പനിയായിരുന്നു. 2016 ലും അത് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായി നിലനിൽക്കുന്നു. സ്റ്റാൻഡേർഡ് ഓയിൽ ഇപ്പോൾ ഇല്ലെങ്കിലും അതിൽ നിന്ന് പരിണമിച്ചുണ്ടായ എക്സോൺമൊബിൽ (Exxonmobil) ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായിത്തന്നെ നിലനിൽക്കുന്നു. 1911 ആയപ്പോഴേക്കും ആ കമ്പനികൾക്ക് ഇന്തോനേഷ്യ, റൊമാനിയ, റഷ്യ, യുഎസ്, വെനിസ്വെല, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ എണ്ണപ്പാടങ്ങളും, ഒട്ടേറെ രാജ്യങ്ങളിൽ റിഫൈനറികൾ, പൈപ്പ്ലൈനുകൾ തുടങ്ങിയവയും ഉണ്ടായി. നൂറോളം കപ്പലുകൾ സ്റ്റാൻഡേർഡ് ഓയിലിന് സ്വന്തമായുണ്ടായിരുന്നു എന്നറിയുമ്പോൾ ഇവയുടെ വളർച്ച അത്ഭുതാവഹമായിരുന്നുവെന്നതിന് വേറെ തെളിവാവശ്യമില്ലല്ലോ. അന്ന് ലോകത്തിൽ ജീവിച്ചിരുന്ന ആളുകളിൽ ഏറ്റവും സമ്പന്നൻ അതിന്റെ സ്ഥാപകൻ റോക്കെഫെല്ലർ ആയിരുന്നുവെന്നതും ആരെയും ആശ്ചര്യപ്പെടുത്താൻ ഇടയില്ല.

"ബ്രിട്ടീഷ് ആധിപത്യം സ്റ്റാൻഡേർഡ് ഓയിൽ കമ്പനിയുടെ ബിസിനസ്സിൽ ജർമൻ വിജയത്തേക്കാൾ കനത്ത ഭീഷണിയായിരിക്കും" എന്ന റോക്കെഫെല്ലറുടെ മുന്നറിയിപ്പ് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപപ്പെട്ട എണ്ണയുടെ ഭൗമരാഷ്ട്രീയത്തിന്റെ സർവ്വ സങ്കീർണതകളും തുറന്നു കാട്ടുന്നു. മാനവരാശി അതിന്റെ സുദീർഘമായ ചരിത്രത്തിൽ ആകെ നേരിട്ട രണ്ട് ലോകയുദ്ധങ്ങളിൽ ബ്രിട്ടനും യുഎസും സഖ്യകക്ഷികളായിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം റോക്കെഫെല്ലറുടെ ഈ നിരീക്ഷണത്തെ കാണേണ്ടത്. ഒന്നാം ലോകയുദ്ധാനന്തരം മധ്യപൗരസ്ത്യ മേഖലയിൽ (മിഡിൽ ഈസ്റ്റ്) കണ്ടെത്തിയ എണ്ണപ്പാടങ്ങൾ ബ്രിട്ടീഷ് അധീനതയിലാവുകയും, അമേരിക്കക്ക് അവിടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു റോക്കെഫെല്ലറുടെ ഈ ഓർമ്മപ്പെടുത്തൽ. എന്നാൽ ബ്രിട്ടന് ലോകശക്തിയെന്ന പദവിയും, എണ്ണയുടെ മേൽ ഉണ്ടായിരുന്ന ആധിപത്യവും നിലനിർത്താനായില്ല. രണ്ട് ലോകയുദ്ധങ്ങൾ ബ്രിട്ടനെയുൾപ്പെടെ യൂറോപ്പിനെ ആകെ തകർത്തപ്പോൾ, യുദ്ധങ്ങളിൽ കാര്യമായ പരുക്കൊന്നുമേൽക്കാതെ ലോകാധിപത്യത്തോടൊപ്പം എണ്ണയുടെ മേലുള്ള ആധിപത്യവും ബ്രിട്ടനിൽ നിന്ന് യുഎസ് കൈവശപ്പെടുത്തി.
ഇറാനിലെ എണ്ണ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ബ്രിട്ടീഷ് സർക്കാരിന് 51% ഷെയറുള്ള ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനി (AIOC) സ്വന്തമാക്കിയിരുന്നു. അതേസമയം 1951 ൽ തിരഞ്ഞെടുപ്പിലൂടെ ഇറാനിൽ അധികാരത്തിലെത്തിയ മുഹമ്മദ് മൊസ്സാദെക്ക് എണ്ണ വ്യവസായം ദേശസാൽക്കരിച്ചു. രോക്ഷകുലനായ അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാനോട് മൊസ്സാദെക്കിന്റെ ജനാധിപത്യ ഭരണത്തെ അട്ടിമറിക്കാൻ യുഎസ് ചാരസംഘടനയായ CIA യുടെ സഹായമഭ്യർത്ഥിച്ചു. CIA രഹസ്യവിവരശേഖരണത്തിനുള്ള ഏജൻസിയാകയാൽ CIA യെ അട്ടിമറിക്ക് നിയോഗിക്കാനാവില്ലെന്ന് ട്രൂമാൻ തീർത്തുപറഞ്ഞു. എന്നാൽ 1952 ൽ ഡ്വിറ്റ് ഐസൻഹോവർ യുഎസ് പ്രസിഡന്റും ജോൺ ഫോസ്റ്റർ ഡള്ളസ് സ്റ്റേറ്റ് സെക്രട്ടറിയും ആയതോടെ സസന്തോഷം CIA യെ ഉപയോഗിച്ച് ചരിത്രത്തിലാദ്യമായി ഒരു ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു. ഇതിനെ സംബന്ധിച്ച് ആഴത്തിൽ പഠിച്ച് രചിച്ച ഗ്രന്ഥത്തിൽ അമേരിക്കൻ പത്രപ്രവർത്തകനായ സ്റ്റീഫൻ കിൻസെർ സമർഥിച്ചത്, ഇറാനിൽ 1953 ൽ CIA നടത്തിയ അട്ടിമറി ചലിപ്പിച്ചുവിട്ട വിരുദ്ധശക്തികൾ പിൽക്കാലത്ത് അന്താരാഷ്ട്ര ഭീകരവാദത്തിന് കാരണമായെന്നാണ്. മാത്രമല്ല, തുടർന്ന് ജനപിന്തുണയുള്ളതും അമേരിക്കയിലെ കുത്തകകളുടെ താൽപ്പര്യത്തിന് വഴങ്ങാത്തവയുമായ വിദേശ സർക്കാരുകളെ അട്ടിമറിക്കുന്ന സ്ഥിരം പണിയിൽ ഏർപ്പെടുന്നതിൽ CIA കുപ്രസിദ്ധി നേടി.
ഈ അട്ടിമറി നടത്തിച്ച ബ്രിട്ടീഷ് സർക്കാരിനും AIOC ക്കും ഇറാൻ സർക്കാരിലുണ്ടായിരുന്ന സ്വാധീനം ഈ അട്ടിമറികൊണ്ട് തിരിച്ചുകിട്ടിയുമില്ല. ആ സ്വാധീനം പിന്നീട് യുഎസ് സർക്കാരിനും യുഎസ് എണ്ണക്കമ്പനികൾക്കുമായി. ഇറാനിലെ എണ്ണയാകട്ടെ എക്സോൺമൊബിൽ, ഗൾഫ് ഓയിൽ തുടങ്ങിയ യുഎസ് കമ്പനികൾ 60% തട്ടിയെടുത്തു. മുമ്പ് മുഴുവൻ എണ്ണക്കും അവകാശിയായിരുന്ന AIOC ക്കും ബ്രിട്ടീഷ് സർക്കാരിനും 40% എണ്ണകൊണ്ട് തൃപ്ത്തിപ്പെടേണ്ടതായിവന്നു. 2003 ലെ ഇറാഖ് ആക്രമണത്തിലാകട്ടെ, യുഎസിന്റെ ഒരു ശിങ്കിടിരാഷ്ട്രം എന്ന നിലയിലേക്ക് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ നടപടികളോടെ ഒരുകാലത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം അധംപതിച്ചു. എണ്ണരാഷ്ട്രീയവും എണ്ണയുദ്ധങ്ങളും ആയിരുന്നു ഈ ചരിത്രപ്രക്രിയയെ ചലിപ്പിച്ചതെന്നും കാണാം.
1973 ലെ എണ്ണപ്രതിസന്ധിക്ക് മുമ്പ് 1940 മുതൽ 1970 വരെ ഏഴ് സഹോദരിമാർ (seven sisters) എന്ന് വിളിക്കപ്പെട്ടിരുന്ന UK യും US ഉം ആസ്ഥാനമായ 7 കമ്പനികളായിരുന്നു ആഗോള പെട്രോളിയ വ്യവസായത്തെ ഭരിച്ചിരുന്നത്. ലോകത്തിലെ പെട്രോളിയം ശേഖരത്തിന്റെ 85% വും ഈ 7 കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു. എണ്ണക്കമ്പനികളുടെ ഈ ലോകവാഴ്ചക്ക് ആദ്യം കിട്ടിയ പ്രഹരമായിരുന്നു സദ്ദാമിന്റെ ഇറാഖി എണ്ണദേശസാൽക്കരണം. സദ്ദാമിന്റെ മുൻഗാമികളിൽ കാസിമും ആരിഫും ഈ ദിശയിൽ ശ്രമിച്ചിട്ടും പൂർണ്ണമായും വിജയിക്കാത്തവരാണ്. കാസിം 1961 ഡിസംബറിൽ പാസ്സാക്കിയ നിയമം 80 പ്രകാരം IPC യുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റുമൈല എണ്ണപ്പാടത്തിന്റെ 1,75,000 ചതുരശ്ര മൈൽ ഭൂമിയിൽ 740 ചതുരശ്ര മൈൽ ഒഴികെ ബാക്കി ഭൂമിയെല്ലാം പിടിച്ചെടുക്കുകയെന്ന ധീരമായ നടപടിയെടുത്തിരുന്നു. 1961 ഫെബ്രുവരിയിൽ പ്രസിഡന്റ് ആരിഫ് ഇറാഖി നാഷണൽ ഓയിൽ കമ്പനി (INOC) എന്ന പേരിൽ ഒരു സ്വദേശകമ്പനി രൂപീകരിച്ചു. INOC ഇറാഖിലെ എണ്ണ, ഓപ്പൺ മാർക്കറ്റിൽ വില്പനക്ക് ശ്രമിക്കുകയുണ്ടായി. പക്ഷെ അന്താരാഷ്ട്ര ഓയിൽ കമ്പനികളെല്ലാം ചേർന്ന് അത് പരാജയപ്പെടുത്തി. ഈ സംഭവങ്ങളെല്ലാം സൂഷ്മമായി വിലയിരുത്തിയായിരുന്നു സദ്ദാമിന്റെ നീക്കം.
1972 ജൂൺ 1 ന് സദ്ദാം ഇറാഖി പെട്രോളിയം കമ്പനി (IPC) ദേശസാൽക്കരിച്ചു. "നമ്മുടെ സമ്പത്ത് തിരിച്ചുകിട്ടി" എന്ന് സദ്ദാം പ്രഖ്യാപിച്ചു. ഒരു പാശ്ചാത്യ ഓയിൽ കമ്പനി ഏറ്റെടുത്ത ആദ്യത്തെ അറബ് രാഷ്ട്രം എന്ന സ്ഥാനം ചരിത്രത്തിൽ ഇറാഖിന് മാത്രമുള്ളതാണ്. ആ പതിറ്റാണ്ടിൽ എണ്ണയിൽ നിന്നുള്ള വരുമാനം പെട്ടെന്ന് കുതിച്ചുയർന്നു, 1972 ൽ 7.5 കോടി ഡോളറായിരുന്നത് 1975 ൽ 800 കോടി ഡോളറും 1980 ൽ 2630 കോടി ഡോളറും ആയി കുതിച്ചുയർന്നു. ആരോഗ്യമേഖലയുൾപ്പെടെ പ്രധാനപ്പെട്ട സേവനരംഗങ്ങളെല്ലാം സജീവമായി പ്രവർത്തിച്ചു. എല്ലാ മേഖലയിലുമുണ്ടായ വികസനത്തിലൂടെ ഇറാഖ് ആധുനികതയിലേക്ക് കുതിച്ചു. ഇതിനെയെല്ലാം വെല്ലുന്നതായിരുന്നു രാജ്യത്തിന്റെ ആയുധശേഷിയിലുണ്ടായ കുതിച്ചുചാട്ടം. പാശ്ചാത്യർക്ക് എണ്ണവ്യവസായം ഇല്ലാതായതുകൊണ്ടുണ്ടായ നഷ്ടം ആയുധവിൽപ്പനയിലൂടെ പരിഹരിക്കാനായി എന്നു പറഞ്ഞാൽ ശരിയാകും. അതായിരിക്കണം അവർ പെട്ടെന്ന് സാഹസികമായ പ്രതികാരനടപടികൾക്കൊന്നും മുതിരാതിരുന്നതിന് ഒരു കാരണം. പിന്നീട് ദേശസാൽക്കരണം തങ്ങളുടെ ന്യായമായ അവകാശമാണെന്ന് കണ്ടെത്തിയ എല്ലാ ഒപെക്ക് (OPEC - Organization of the Petroleum Exporting Countries) രാജ്യങ്ങളും പേടിച്ചും പതുങ്ങിയുമാണെങ്കിലും ആ വഴിക്കുതന്നെ സഞ്ചാരിച്ചു. അവരെല്ലാം ദേശസാൽക്കരണം എന്ന പാശ്ചാത്യരെ പ്രകോപിപ്പിച്ച പ്രയോഗം തീർത്തും ഒഴിവാക്കി ഫലത്തിൽ പടിപടിയായി അതുതന്നെ ചെയ്തു. സൗദി അറേബ്യ പോലും മടിച്ചുമടിച്ചാണെങ്കിലും പല ഘട്ടങ്ങളിലായി ആ വഴിയേ തന്നെ നീങ്ങി.
ഇതിനിടയിൽ പല കമ്പനികളും പിരിച്ചുവിടുകയും, തമ്മിൽ ലയിക്കുകയുമുണ്ടായി. അങ്ങനെ ലോക എണ്ണവ്യവസായത്തെ നിയന്ത്രിക്കാനും അതുവഴി ലോകരാഷ്ട്രീയത്തെ മാറ്റിമറിക്കാനും കെൽപ്പുള്ളവയായി അഞ്ച് മുഖ്യ എണ്ണക്കമ്പനികൾ വാഴ്ച തുടർന്നു. അവയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സ്റ്റാൻഡേർഡ് ഓയിൽ കമ്പനിയുടെ അനന്തരാവകാശികളായ രണ്ട് കമ്പനികൾ 1999 ൽ ലയിച്ചുണ്ടായ എക്സോൺമൊബിൽ തന്നെ. അതിന്റെ 2003 ലെ വാർഷികവരുമാനം 24,700 കോടി ഡോളർ ആയിരുന്നു (ഇത് 2005 ൽ 34,000 കോടി ഡോളറും 2006 ൽ 33,510 കോടി ഡോളറുമായി ഉയരുന്നുണ്ട്). അവയുടെ ലയനം നടന്ന വർഷത്തെ ലാഭം 3,600 കോടി ഡോളറായിരുന്നു. ചരിത്രത്തിൽ ഒരു ബഹുരാഷ്ട്ര കോർപ്പറേഷനും ഇന്നുവരെ ഉണ്ടാക്കിയിട്ടില്ലാത്ത വലിയ ലാഭം !. കൂടാതെ, 2006 ലെ വാർഷികവരുമാനമായ 33,500 കോടി ഡോളർ ലോകത്തിലെ 185 സർക്കാരുകളുടെ വാർഷികവരുമാനത്തേക്കാൾ ഏറെയാണ് !.
ഈ ഭീമൻ എണ്ണക്കമ്പനി അമേരിക്കയുടെ വിദേശനയവും മുഴുവൻ രാഷ്ട്രങ്ങളുടെ ഭാഗധേയവും നിർണയിച്ചിരുന്നതായി അമേരിക്കൻ പത്രപ്രവർത്തകനും ഗ്രന്ഥകാരനും ബിസ്സിനെസ്സ് എക്സിക്യൂട്ടീവുമായ സ്റ്റെവ് കൊൾ അദ്ദേഹത്തിന്റെ "പ്രൈവറ്റ് എംപയർ : എക്സോൺ മൊബിൽ ആൻഡ് അമേരിക്കൻ പവർ" എന്ന ഗ്രന്ഥത്തിൽ സമർഥിച്ചത് അതിശയോക്തിയല്ല. വാസ്തവത്തിൽ ഈ കമ്പനി എന്നല്ല, അമേരിക്കയിലെ കമ്പനികൾ മൊത്തത്തിൽ യുഎസ് ഭരണകൂടത്തെക്കൊണ്ട് പല നിർണ്ണായകമായ ഇടപെടലുകളും നടത്തിച്ചിട്ടുണ്ട്. സൊകാൽ, ടെക്സാകൊ, കാൽടെക്സ് എന്നീ യുഎസ് കമ്പനികളായിരുന്നു 1943 ൽ വാഷിങ്ടണിൽ വച്ച് അപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റ് ഒപ്പുവെച്ച രേഖയിൽ "യുഎസിന്റെ പ്രതിരോധത്തിന് സൗദി അറേബ്യയുടെ പ്രതിരോധം അനിവാര്യമാണ്" എന്ന പ്രഖ്യാപനം ഉൾപ്പെടുത്താൻ ചരടുവലി നടത്തിയത്. രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 1945 ഫെബ്രുവരിയിൽ സൗദി രാജാവ് ഇബ്ൻ സൗദും റൂസ്വെൽറ്റും സൂയസ്സിൽ നങ്കൂരമിട്ടിരുന്ന യുഎസ്എസ് ക്വിൻസി എന്ന പടക്കപ്പലിൽ വെച്ച് നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ ആ പ്രഖ്യാപനം ആവർത്തിക്കപ്പെട്ടു. എന്നുമാത്രമല്ല, ഈ റൂസ്വെൽറ്റ്സിദ്ധാന്തത്തെ പിന്നീട് വന്ന എല്ലാ യുഎസ് പ്രസിഡന്റുമാരും പിന്തുടർന്നു.

എണ്ണരാഷ്ട്രീയത്തിന്റെ സൂഷ്മതലങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ ജെയിംസ് എ. പോൾ എഴുതി : "തങ്ങളുടെ ആഗോള വ്യാപകമായി യുദ്ധം നടത്താനുള്ള പ്രാപ്തിക്കുവേണ്ടി ഇന്ധനം നേടിയെടുക്കാൻ US ഉം UK യും പോലുള്ള സർക്കാരുകൾക്ക് എണ്ണക്കമ്പനികളെ ആവശ്യമായിവരുന്നപോലെ തന്നെ, എണ്ണക്കമ്പനികൾക്കും ആഗോള എണ്ണപ്പാടങ്ങളിന്മേലും സഞ്ചാരപഥങ്ങളിന്മേലും നിയന്ത്രണം നേടിയെടുക്കാൻ തങ്ങളുടെ സർക്കാരുകളുടെ സൈനികശക്തി ആവശ്യമാണ്. അപ്പോൾ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ സ്ഥിതി ചെയ്യുന്നത് യാദൃഛികമല്ല". അങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികൾ അമേരിക്കയിൽ സ്ഥാപിതമാകാൻ കാരണവും, അവയുടെ താൽപര്യങ്ങൾ സർക്കാരിന്റെ താൽപര്യങ്ങളിൽനിന്ന് അന്യമായി കാണാൻ കഴിയാത്തതും.
എണ്ണ വിറ്റുകിട്ടുന്ന യുഎസ് ഡോളർ എന്ന വിവക്ഷയെ പെട്രോ-ഡോളർ എന്ന് പറയുന്നതിലുള്ളൂ. എന്നാൽ 1972-1974 കാലയളവിൽ യുഎസും സൗദിയും ഒപ്പുവെച്ച കരാറുകളനുസരിച്ച് യുഎസ് ഡോളർ വാങ്ങി മാത്രമേ സൗദി അറേബ്യ എണ്ണ വിൽക്കാൻ പാടുള്ളു എന്ന വ്യവസ്ഥ വന്നപ്പോൾ പല സാമ്പത്തിക-രാഷ്ട്രീയ സമസ്യകൾക്ക് അത് കാരണമായി. OPEC രാജ്യങ്ങളുടെ മുഴുവൻ നേതൃത്വം സൗദിക്കായതിനാൽ ഈ കരാർ എല്ലാവരും അംഗീകരിക്കുകയും ലോകം മുഴുവൻ ഡോളറിലൂടെ എണ്ണവ്യാപാരം നടന്നുപോന്ന സാഹചര്യം ഉളവാകുകയും ചെയ്തു. ലോകത്ത് ആകെ ഉൽപ്പാദിപ്പിക്കുന്ന എണ്ണയുടെ 25% ത്തിന്റെ ഉപഭോക്താവായ യുഎസിന് ഡോളർ നോട്ടുകൾ അടിച്ചുവിട്ടാൽ എണ്ണയുടെ ധാരാളിത്തത്തിൽ ആറാടാമെന്നായി. എല്ലാവർക്കും അത്യാവശ്യമായ എണ്ണ കിട്ടുന്നതിന് ഡോളർ ആവശ്യമായി വന്നപ്പോൾ, എല്ലാ രാജ്യങ്ങളും ഡോളർ വാങ്ങി സൂക്ഷിക്കുന്ന അവസ്ഥയുണ്ടായി.
ഇതുകൊണ്ട് അമേരിക്കൻ സമ്പദ് വ്യവസ്ഥക്കുണ്ടായ അത്യപൂർവ്വമായ മെച്ചം വിശകലനം ചെയ്തുകൊണ്ട് സൗദിയിലെ മുൻ യുഎസ് അംബാസഡർ ആയ ചാൾസ് ഫ്രീമാൻ എഴുതി : "യുഎസുമായി ഉണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായി സൗദികൾ ചരിത്രപരമായി ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന് എണ്ണയുടെ വില ഡോളറിൽ തുടർന്നുപോരുന്നതിന് നിർബന്ധിച്ചു എന്നതാണ്. അതിനാൽ യുഎസ് ട്രഷറിക്ക്, പണം അടിച്ചുവിട്ട് എണ്ണ വാങ്ങാൻ കഴിയുന്നു. മറ്റൊരു രാജ്യത്തിനുമില്ലാത്ത ആനുകൂല്യമാണിത്. മറ്റു കറൻസികളുടെ ഉദയവും ബന്ധങ്ങളിലെ ശൈഥില്യവും സംഭവിക്കുമ്പോൾ, മുൻകാലങ്ങളിൽ സംഭവിച്ചിട്ടുള്ളതുപോലെ, സൗദിയിലെ ജനങ്ങൾ തങ്ങളെന്തിന് യുഎസിനോട് ഇത്ര ഔദാര്യം കാണിക്കുന്നുവെന്ന ചോദ്യം ഉന്നയിക്കില്ലേ എന്നു ഞാൻ ആശങ്കപ്പെടുന്നു". യൂറോപ്യൻ യൂണിയന്റെ കറൻസിയായ യുറോ ഡോളറിന് വെല്ലുവിളിയുയർത്തുകയും സദ്ദാം ഹുസൈൻ 2000 ൽ യുറോ വാങ്ങി എണ്ണ വിൽക്കാൻ ആരംഭിക്കുകയും ചെയ്തതോടെ ഫ്രീമാന്റെ ആശങ്ക കടുത്ത യാഥാർഥ്യമായി. ഇനി എന്തെങ്കിലുമൊക്കെ പ്രചരിപ്പിച്ച് ലോകജനതയുടെ കണ്ണിൽ പൊടിയിട്ട് ഇറാഖിനെ വെട്ടിപ്പിടിച്ച് സദ്ദാമിനെ വകവരുത്തുകയല്ലാതെ മറ്റു മാർഗം യുഎസിന്റെ മുന്നിലില്ല. കാരണം, OPEC രാജ്യങ്ങളെല്ലാം സദ്ദാമിനെ പിന്തുടർന്ന് യുറോവിൽ എണ്ണവിൽപ്പന ആരംഭിച്ചാൽ അത് യുഎസിന് താങ്ങാനാകാത്ത പ്രഹരമായിരിക്കും. അതിനാൽ എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കെല്ലാം വ്യക്തമായ സന്ദേശമാണ് ജോർജ് ബുഷ് ഇറാഖ് ആക്രമണത്തിലൂടെ നൽകിയത്.

ഏറ്റവും കുറഞ്ഞ ഉൽപ്പാദനച്ചിലവിൽ ഏറ്റവും കൂടുതൽ എണ്ണ ലഭിക്കാനുള്ള 2003 ലെ ഇറാഖ് യുദ്ധം ഓയിൽ വാർ ആയിരുന്നു. അതുപോലെ എണ്ണവിനിമയത്തിൽ ഡോളറിന്റെ ആധിപത്യം നിലനിർത്താൻ യുഎസ് നടത്തിയ യുദ്ധമായതിനാൽ പെട്രോഡോളർ യുദ്ധമെന്നും അതു വിളിക്കപ്പെട്ടു. ഓയിലിന്റെ വിനിമയത്തിൽ ഏതു കറൻസി ഉപയോഗിക്കണമെന്നതിനെ ചൊല്ലിയുള്ള യുദ്ധമാകയാൽ ഓയിൽ കറൻസി വാർ എന്നും പറയാം. ഇത് എണ്ണക്കുവേണ്ടിയെന്ന്, യുദ്ധം നടക്കുന്നതിന് ഒരു മാസം മുമ്പ് ഒരു പ്രബന്ധത്തിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ വില്യം ആർ. ക്ലാർക്ക് സമർഥിച്ചിരുന്നു. യുദ്ധാനന്തരം രചിച്ച "പെട്രോഡോളർ വാർഫേർ" എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതി : " 'സദ്ദാം ഹുസൈന്റെ പഴയ കൂട്ടനശീകരണ ആയുധങ്ങളെയോ' 'ഭീകരവാദത്തോടുള്ള യുദ്ധത്തെയോ' സംബന്ധിച്ചായിരുന്നില്ല ഇറാഖ് യുദ്ധം. OPEC ന്റെ മറ്റംഗങ്ങൾ ഇറാഖിനെ പിന്തുടരുകയും പെട്രോയുറോവിലേക്ക് മാറുകയും, അതുവഴി ആഗോള സമ്പദ് വ്യവസ്ഥയിൽ ഡോളറിന്റെ ആധിപത്യം ചോർന്നുപോവുകയും ചെയ്യുമെന്ന ഭീഷണി ആയിരുന്നു യുദ്ധത്തിന്റെ യഥാർത്ഥ കാരണം". തന്റെ പണ്ഡിതോചിതമായ ഗ്രന്ഥത്തിൽ എല്ലാ പഴുതുകളുമടച്ചുകൊണ്ടായിരുന്നു ക്ലാർക്കിന്റെ ഈ സമർഥനം.

കടപ്പാട് :