ചരിത്രാതീതകാലം മുതൽ ഹിമാലയൻ ജനവിഭാഗങ്ങളുടെയിടയിലുള്ള ഒരു വിശ്വാസമാണ് യതി എന്ന ഹിമമനുഷ്യൻ . സദാ മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയൻ പർവതഗുഹകളിൽ വസിക്കുന്നു എന്ന് കരുതപ്പെടുന്ന യതിയെപ്പറ്റി പല കഥകളുമുണ്ട് പർവത ജനതകളുടെ ഇടയിൽ . ഈ ഹിമമനുഷ്യകഥകളെല്ലാം പ്രാദേശികമായ മുത്തശ്ശിക്കഥകളോ ,യക്ഷിക്കഥകളോ ആയിരുന്നു സഹസ്രാബ്ധങ്ങളായി . ഇന്ത്യൻ ഭൂഭാഗം കോളനിവൽക്കരിക്കപ്പെട്ടപ്പോൾ അനേകം ബ്രിടീഷ് സാഹസികൻ ഹിമാലയൻ പ്രദേശങ്ങളിലേക്ക് പല വിധ ഉദ്ദേശ്യങ്ങളോടെ വന്നെത്തി . അവരിൽ ചിലർ യതിയെ കണ്ടുവെന്നും , അവരോട് അടുത്ത ഇടപഴകി എന്നുമൊക്കെയുള്ള കഥകൾ ഇരുപതാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു . പ്രചരിപ്പിച്ചതു സായിപ്പ് ആയതുകൊണ്ട് ആ കഥകളൊക്കെ ലോകം മുഴുവൻ വ്യാപിച്ചു .
ഈ അടുത്ത ദിവസങ്ങളിൽ നമ്മുടെ സൈന്യത്തിലെ ചിലർ യതിയുടെ കാല്പാപടുകൾ കണ്ടു എന്ന വാർത്ത വന്നപ്പോൾ തികച്ചും വിപരീതമായാണ് പ്രചാരണം ഉണ്ടായത് . കാൽപ്പാടുകൾ ഹിമകരടിയുടേതാണെന്ന് ലോക്കൽ - പാച്ചാത്യ മാധ്യമങ്ങൾ ഒരു ശങ്കയുമില്ലാതെ വിധിയെഴുതി . അപ്പോഴും സായിപ്പ് മുൻപ് കണ്ടത് യതി യെ തന്നെയാണെന്ന് ഓര്മിപ്പിക്കാനും അവർ മറക്കുന്നില്ല .
കാര്യം എന്തൊക്കെയായാലും തികച്ചും ഭാവനയോ കളളമോ ആയി എഴുതിത്തള്ളേണ്ട ഒന്നല്ല യതി എന്ന ഹിമ മനുഷ്യന്റെ അസ്തിത്വം . ഏതാണ്ട് 80000 കൊല്ലം മുൻപ് ആഫ്രിക്കയിൽ നിന്നും കുറുവടികളുമായി കുറുവടികളുമായി യാത്രതിരിച്ച മനുഷ്യരുടെ പിന്മുറയാണ് ഇപ്പോൾ ലോകം മുഴുവൻ വസിക്കുന്നത് എന്ന സങ്കൽപ്പങ്ങളെ വേരോടെ പിഴുതെറിയുന്ന നിലക്കാണ് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി മനുഷ്യ പരിണാമത്തിലെ വസ്തുതകൾ അനാവരണം ചെയ്യപ്പെടുന്നത് . ഈ പുതിയ അറിവുകളിലെ ഒരു സുപ്രധാന കണ്ണിയാണ് ഡെനിസോവൻ മനുഷ്യൻ .
റഷ്യിലെ ഡെനിസോവ ഗുഹകളിൽനിന്നു ലഭിച്ച ഒരു പുരാതന ഫോസിൽ ആണ് ഡെനിസോവൻ മനുഷ്യന്റെ അസ്തിത്വം ലോകത്തിനു മുന്നിൽ തുറന്നിട്ടത് . ഒരു മനുഷ്യപൂർവികന്റെ കൈവിരലിന്റെ ഒരു ഭാഗം മാത്രമാണ് ഡെനിസോവ ഗുഹയിൽനിന്നും ലഭിച്ചത് . പക്ഷെ തണുത്തുറഞ്ഞ ആ ഗുഹയിൽ ആ ഫോസിലിലെ DNA പൂർണമായും സംരക്ഷിക്കപ്പെട്ടിരുന്നു . ആ DNA യുടെ പഠനം വിപ്ലവകരമായ അറിവുകളാണ് നൽകിയത് . നിയാണ്ടർത്താൽ മനുഷ്യനെക്കൂടാതെ മറ്റൊരു മനുഷ്യ വിഭാഗവും യൂറേഷ്യൻ ഭൂഖണ്ഡത്തിൽ കഴിഞ്ഞ ഹിമയുഗ കാലഘട്ടത്തിൽ വിഹരിച്ചിരുന്നു . ഡെനിസോവൻ ഗുഹയുടെ ഓർമ്മക്ക് അവർക്ക് ഡെനിസോവൻ മനുഷ്യൻ എന്ന പേരും നൽകപ്പെട്ടു . യൂറേഷ്യൻ മനുഷ്യർ മുഴുവനും ഏതാനും ശതമാനം ഡെനിസോവൻ ജീനുകൾ പേറുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ സുവ്യക്തമായ കണ്ടുപിടുത്തം .
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഡെനിസോവൻ മനുഷ്യനെകുറിച്ചുള്ള മറ്റൊരു വിവരവും പുറത്തുവന്നത് . ടിബറ്റിലെ സമുദ്രനിരപ്പിൽ നിന്നും 5000 മീറ്ററിലേറെ ഉയരമുള്ല ഒരു ഗുഹയിൽനിന്നും ( Baishiya Karst Cave ) ഡെനിസോവൻ മനുഷ്യന്റെ ഫോസിൽ ഖണ്ഡങ്ങൾ ലഭിച്ചിരിക്കുന്നു . അവയുടെ പഠനം വ്യക്തമാക്കുന്നത് . പർവ്വതപ്രദേശങ്ങളിലെ ഓക്സിജൻ ലഭ്യത കുറവായ പ്രദേശങ്ങളിൽ വാസിക്കാൻ അനുയോജ്യനായിരുന്നു ഡെനിസോവൻ മനുഷ്യൻ എന്നതാണ് . ഹിമാലയൻ ഗോത്രങ്ങൾക്ക് ഓക്സിജൻ സിലിണ്ടറുകളില്ലാതെ എവെരെസ്റ്റ് കൊടുമുടി വരെ കയറാനാകുനനത്തിന്റെ കാരണം ഡെനിസോവൻ മനുഷ്യനില്നിന്നും പകർന്നുകിട്ടിയ ജനിതക ഗുണങ്ങളാൽ ആണത്രേ .
ഡെനിസോവൻ മനുഷ്യൻ ഏതാണ്ട് 30000 വർഷങ്ങൾക്കുമുൻപ് ആധുനിക മനുഷ്യനിൽ ലയിച്ചില്ലാതായി എന്നാണ് നിലവിലെ അനുമാനം ഓക്സിജൻ ലഭ്യത കുറവായ ഹിമപ്രദേശങ്ങളിൽ ജീവിക്കാൻ ഒരു പ്രയാസവുമില്ലാത്ത ഡെനിസോവൻ മനുഷ്യന്റെ ഒരു ഗോത്രം ഹിമാലയ സാനുക്കളിൽ കഴിഞ്ഞ 30000 കൊല്ലം ഒറ്റപ്പെട്ടു ജീവിക്കുന്നു എന്നത് സംഭവ്യമായ് ഒരു കാര്യമാണ് .
ആമസോൺ വനാന്തരങ്ങളിലും ആന്ഡമാനിലുമൊക്കെ ഇനിയും കണ്ടെത്താനാവാത്ത മനുഷ്യഗോത്രങ്ങൾ ഉണ്ടെന്നു കരുതപ്പെടുന്നു .അതുപോലെ ഡെനിസോവൻ മനുഷ്യരിൽ ചിലർ ഹിമാലയ സാനുക്കളിൽ ഇപ്പോഴും ജീവിക്കുന്നുവെന്നുo വിരളമായി അവരും മനുഷ്യരും തമ്മിൽ കണ്ടുമുട്ടുന്പോഴാണ് യതി എന്ന് പറയപ്പെടുന്ന ഹിമ മനുഷ്യൻ നമ്മുടെ ഭാവനകളിൽ ഉയർത്തെഴുന്നേൽക്കുന്നത് എന്നും അനുമാനിക്കാം.
ഇപ്പോൾ ശാസ്ത്രീയ തെളിവുകൾ ഇല്ലെങ്കിലും സാധ്യമായ ഒരു സംഭവ്യതയാണിത് .
===
AUTHOR : RISHIDAS
ഇപ്പോൾ ശാസ്ത്രീയ തെളിവുകൾ ഇല്ലെങ്കിലും സാധ്യമായ ഒരു സംഭവ്യതയാണിത് .
===
AUTHOR : RISHIDAS