A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ലോഖണ്ഡ് വാലയിലെ വെടിവയ്പ്പ്




1991 നവംബർ 16.
10: 45 AM.
സബ് ഇൻസ്പെക്ടർ ഇക്ബാൽ ഷേക്, ബാന്ദ്ര കാർട്ടർ റോഡിലെ ATS ഓഫീസിലേക്ക് എത്തി. ഇൻസ്പെക്ടർമാരായ എ.എ. കാമി, പ്രമോദ് റാണ, അംബാദാസ് പോറ്റേ, സബ് ഇൻസ്പെക്ടർമ്മാരായ ധുന്ധാരോ ഘരാൽ, സുനിൽ ദേശ്മുഖ്, ജഗ്ദേൽ എന്നിവരും ലോക്കൽ ആംഡ് വിഭാഗത്തിലെ ഏഴ് പോലീസുകാരും ചേർന്ന് അവരുടെ അതിസങ്കീർണ്ണമായ ദൗത്യത്തിന് സന്നദ്ദരായി. ഖാലിസ്ഥാൻ ഭീകരരേയും അധോലോക സംഘാംഗങ്ങളേയും ചെറുക്കാനായി രൂപപ്പെടുത്തിയ ATS സ്ക്വാഡ് പിന്നീട് ഏതു തരം ഭീകര പ്രവർത്തനങ്ങളേയും പ്രക്ഷോഭങ്ങളേയും ചെറുക്കുന്നതിൽ പ്രാവീണ്യരായി മാറിക്കഴിഞ്ഞിരുന്നു.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എടുത്തുകൊണ്ടു വരാനായി പോയ ഒരു ഓഫീസർ, സ്റ്റോർ കാവൽക്കാരൻ ഇന്ന് ലീവ് ആണെന്നും മുറിയുടെ താക്കോൽ ലഭിക്കാൻ മാർഗ്ഗമില്ലെന്നും അറിയിച്ചു. എങ്കിൽ പൂട്ട് തകർത്ത് അവ എടുക്കുവാൻ ഇഖ്ബാൽ ഷേഖ് നിർദേശം നൽകി.ഒടുവിൽ എട്ട് ആഫീസർമ്മാർക്കായി ഉപയോഗിക്കുവാൻ അഞ്ചെണ്ണം ലഭിച്ചു. അവ വിതരണം ചെയ്യവേ തനിയ്ക്ക് അത് ആവശ്യമില്ലെന്ന് ഇഖ്ബാൽ ഷേഖ് അറിയിച്ചു.ഇതുകേട്ട് തനിയ്ക്കും ജാക്കറ്റ് വേണ്ട എന്ന് ഓഫീസർ ഖരാലും പറഞ്ഞു. ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിച്ച് നിർണ്ണായക ഓപ്പറേഷനു വേണ്ടി അവർ തയ്യാറെടുത്തു.
ഇൻസ്പെക്ടർ പ്രമോദ് റാണ സഹ ഓഫീസർമ്മാരോട് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.:-
"എല്ലാവരും പൂർണ്ണ സജ്ജരാണെന്ന് വിശ്വസിയ്ക്കുന്നു. അപ്പോൾ നാം ലോഖണ്ഡ് വാലയിലേക്ക് പുറപ്പെടുകയാണ്..."
അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ്: അഫ്താബ് അഹമ്മദ് ഖാൻ്റെ നേതൃത്വത്തിൽ സംഘാംഗങ്ങൾ വാഹനങ്ങളിലേക്ക് കയറി.
.
മായാ ഡോളസ്
___________________
1980 കളുടെ അവസാനത്തോടെ ഹാജി മസ്താൻ, കരിം ലാല, വരദരാജ മുതലിയാർ, അഫ്ഗാൻ വംശജരായ പഠാൻ മാഫിയ തുടങ്ങിയവർ അടക്കി ഭരിച്ചിരുന്ന സ്വാതന്ത്ര്യാനന്തര ബോംബേ അധോലോകം ഒരു ഒറ്റയാൾ കേന്ദ്രീകൃത മാഫിയ ആയി മാറുകയുണ്ടായി. അയാളുടെ പേര് ദാവൂദ് ഇബ്രാഹിം കസ്കർ!
ഡി-കമ്പനി എന്നറിയപ്പെട്ട ഈ നിഷ്ഠൂരമായ ഗ്യാങ്, ബോംബേയിലെ സകല കുത്സിത പ്രവർത്തനങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാക്കി. ദുബായിൽ ദാവൂദിന്റെ അടിത്തറയിൽ നിന്ന്, സഹോദരൻ ഇബ്രാഹിം കസ്കറുടെ മേൽ നോട്ടത്തിൽ അധോലോക പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെട്ടു.
അക്കാലത്തെ ദാവൂദിൻ്റെ മുൻ നിര ഗ്യാങ് മെംബറായിരുന്നു മഹീന്ദ്ര ഡോളാസ്സ്. ഇയാൾ മായാ ഡോളാസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടു. കഞ്ചൂർമാർഗ്ഗിലെ അറിയപ്പെടുന്ന കോൺഗ്രസ്സുകാരനും, ക്രിമിനലുമായ അശോക് ജോഷിയ്ക്ക് വേണ്ടി ഇയാൾ നിരവധി അക്രമങ്ങളിൽ പങ്കെടുത്തു.
അങ്ങനെയിരിക്കെ 1988 ഡിസംബർ 3 ന് പനവേലിലെ ബോംബേ-പൂനെ റോഡിൽ വെച്ച് മൃഗീയമായി കൊല്ലപ്പെട്ടു. ദാവൂദിൻ്റെ സഹോദരനായ ഇബ്രാഹിമിൻ്റെ നിർദേശപ്രകാരം ചോഠാരാജനും 15 പേരുമടങ്ങുന്ന സംഘമായിരുന്നു ഇതിനു പിന്നിൽ.
ജോഷിയുടെ കൊലപാതകത്തിനു ശേഷം, മായ പിന്നീട് അശോക് ജോഷി സംഘത്തിൽ നിന്നും പുറത്തുകടന്ന്, സ്വന്തം സംഘത്തെ രൂപീകരിച്ചു. 1989 സെപ്തംബർ 17 ന് മായാ ഡോളസിൻ്റെ സംഘത്തിലേക്ക്, നൊട്ടോറിയസ് ക്രിമിനലും ഷാർപ്പ് ഷൂട്ടറുമായ ദിലീപ് ബുവ ചേരുകയുണ്ടായി. തുടർന്ന് അശോക് ജോഷിയുടെ സംഘവുമായി കടുത്ത ഏറ്റുമുട്ടൽ നടക്കുകയും ഇതിനിടയിൽ ഇവർ അഞ്ച് നിരപരാധികളെ കൊലപ്പെടുത്തുകയും ചെയ്തു.
ഇത് ദാവൂദിൻ്റെ ശ്രദ്ധയാകർഷിച്ചു. അധികം വൈകാതെ ഇരുവരും ദാവൂദ് ഗ്യാങുമായി ലയിച്ചു. തുടർന്ന് ഇബ്രാഹിം കസ്കറിനു വേണ്ടി ഇരുവരും ചേർന്ന് പണം തട്ടിയെടുക്കൽ ആരംഭിച്ചു. അധികം താമസ്സിയാതെ മായാ ഡോളസ്, ദിലീപ് ബുവെ എന്നീ പേരുകൾ മുബൈയെ കിടിലം കൊള്ളിച്ചു തുടങ്ങി...
.
ലോഖണ്ഡ് വാല
___________________
മുംബൈ സിറ്റിയുടെ പ്രാന്ത പ്രദേശത്തുള്ള അന്ധേരി വെസ്റ്റിലാണ് ലോഖണ്ഡ് വാല കോംപ്ലക്സും, റെസിഡൻസിയും. മുംബൈ നഗരത്തിലെ ആഭിജാതരുടെ കേന്ദ്രം...
11 AM
അന്ധേരിയിലെ RTO ജംഗ്ഷനിലേക്ക് പോലീസ് ജീപ്പ് ഇരമ്പി വന്ന് മുരൾച്ചയോടെ ബ്രേക്കിട്ടു. 
പൊടിപടലങ്ങൾക്കിടയിലൂടെ അഫ്താബ് അഹമ്മദ് ഖാൻ്റെ നേതൃത്വത്തിൽ കൃശഗാത്രരായ ആ പോലീസ് ഉദ്ധ്യോഗസ്ഥർ ഇറങ്ങി നടന്നു...
കുപ്രസിദ്ധനായ കൊലയാളി ദിലീപ് ബുവ, ലോഖണ്ഡ് വാലയിലെ അഞ്ചാം നംബർ ഫ്ലാറ്റിലുണ്ട് എന്നുള്ള രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ആ ഉദ്യോഗസ്ഥർ അവിടേയ്ക്ക് എത്തിയത്.
ക്വാമി, റാണെ, പോറ്റെ, സുനിൽ ദേശ്മുഖ്, ഇഖ്ബാൽ ഷേഖ് എന്നിവർ സ്ഥലം പരിചയപ്പെടാനായി നടന്നു. 
ടീം അംഗങ്ങൾ ലോഖണ്ഡ് വാലയിലെ സ്വാമി അർത്ഥാനഗറിലെ, അപ്നാ ഖർ കോമ്പ്ലക്സിൽ എത്തിച്ചേർന്നു. 
അപ്നാ ഖർ കോമ്പ്ലക്സിൽ നാലു കെട്ടിടങ്ങൾ. സ്വാതി, അതിഥി, അശ്വിനി, രോഹിണി. കോമ്പൗണ്ടിൻ്റെ വടക്കു പടിഞ്ഞാറേ മൂലയിലുള്ള സ്വാതിയിലേക്ക് ഉദ്യോഗസ്ഥർ എത്തി. 
സ്വാതിയ്ക്ക് രണ്ട് എടുപ്പുകൾ A-യും B-യും. 
ഉദ്ധ്യോഗസ്ഥർ തേടിയെത്തിയ അഞ്ചാം നമ്പർ ഫ്ലാറ്റ്, A-യുടെ താഴത്തെ നിലയിലാണ്...
ഫ്ലാറ്റിനു പുറത്ത് രണ്ട് വെള്ള മാരുതി എസ്റ്റീം കാറുകൾ പാർക്ക് ചെയ്തിരുന്നു. ദിലീപ് ബുവ വെള്ള മാരുതി എസ്റ്റീമാണ് ഓടിയ്ക്കുന്നതെന്നത് ഏറെ പ്രശസ്ഥമായിരുന്നു. പോലീസിൻ്റെ നോട്ടപ്പുള്ളിയായതിനാൽ അയാൾ എല്ലായ്പ്പോഴും കാർ പാർക്ക് ചെയ്യുമ്പോൾ, കീ അതിൻ്റെ ഇഗ്നീഷനിൽ തന്നെ വെച്ചെയ്ക്കുമായിരുന്നു. ആപൽഘട്ടത്തിൽ പൊടുന്നനെ രക്ഷപെടാൻ വേണ്ടിയായിരുന്നു അത്. 
ഈ സൂചനകളിലൂടെ തങ്ങൾ തേടി വന്നിരിക്കുന്ന ആൾ സ്ഥലത്തുണ്ട് എന്ന് പോലീസ് ഉറപ്പിച്ചു.
ഇൻസ്പെക്ടർ കാമി സ്ഥലത്തിൻ്റെ മാപ്പ് തയ്യാറാക്കി. 
അഞ്ചാം നമ്പർ ഫ്ലാറ്റിന്; പുറത്തേക്ക് തുറക്കുന്ന രണ്ടു വാതിലുകളുണ്ടായിരുന്നു. ഇതിനാൽ പോലീസ് ടീം രണ്ടായി പിരിഞ്ഞു. ക്വാമി, ഖറാൽ, ദേശ്മുഖ് എന്നിവരടങ്ങുന്ന സംഘം തെക്കേ വാതിലിലൂടെ അകത്തേക്ക് കടക്കണം. റാണേ മണ്ട്ഗേ, ഷേഖ് എന്നിവരടങ്ങുന്ന സംഘം വടക്കേ വാതിലിലൂടെ കയറണം.
ബാക്കിയുള്ള ആഫിസർമ്മാരും പോലീസുകാരും കോമ്പൗണ്ട് വളഞ്ഞ് കാത്തു നിൽക്കണം. 
ഇതായിരുന്നു പ്ലാൻ.
___________________
ക്വാമിയും സംഘവും കതക് തകർത്ത് മുറിയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി.
മുറിയ്ക്കുള്ളിലെ ടീവിയിൽ "അകേലേ" സിനിമയിലെ അമിതാഭ് ബച്ചൻ്റെ ഇടിമുഴങ്ങുന്ന ഡയലോഗാണ് ആദ്യം കേൾക്കുന്നത്. അതിനെതിരേ ദിലീപ് ബുവ ഒരു കസേരയിൽ ചാരിയിരിക്കുന്നു. തൊട്ടടുത്തെ ടേബിളിൽ ഒരു ഒരു പിസ്റ്റൾ വിശ്രമിയ്ക്കുന്നു. 
എതിർ വശത്തെ കതകിനപ്പുറം ഇഖ്ബാൽ ഷേഖ് കാത് കൂർപ്പിച്ച് അലർട്ടായി നിൽപ്പുണ്ട്...
പൊടുന്നനെ ദിലീപ് ബുവ ഉദ്ധ്യോഗസ്ഥർക്ക് നേരേ നിറയുതിർത്തു. സിവിൽ ഡ്രസ്സിലെത്തിയ പോലീസ് ടീമിനെ കണ്ട് എതിർസംഘാങ്ങൾ ആയിരിക്കാമെന്ന് അയാൾ ഒരുപക്ഷേ തെറ്റിദ്ധരിച്ചിരിയ്ക്കണം.
നിമിഷാർദ്ധത്തിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥരുടെ നിറ തോക്കുകളും മറുപടിയായി ഗർജ്ജിച്ചു.
ലോഖണ്ഡ് വാല കെട്ടിടങ്ങളിൽ കൂടു കൂട്ടിയിരുന്ന പക്ഷികൾ വിഹ്വലതയോടെ ചിറകടിച്ച് പറന്നു...
ജനക്കൂട്ടവും പത്ര റിപ്പോർട്ടർമ്മാരും നടുങ്ങി.
തുരുതുരാ ഗൺ ഷോട്ടുകൾ...
ബുള്ളറ്റ് പ്രൂഫ് അണിഞ്ഞിട്ടില്ലാത്ത ഖാറൽ, നെഞ്ച് പിളർന്ന് രക്തം വാർന്നു വീണു. ഭുജത്തിൽ വെടിയേറ്റ ക്വാമിയും വീണു. എങ്കിലും ക്വാമിയും ദേശ്മുഖും തിരികെ വെടിയുതിർക്കുകയും, ഖാറലിനെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനായി പിൻവാങ്ങുകയും ചെയ്തു.
പുറത്ത് വയർലസ് യൂണിറ്റുകളിൽ നിന്നും സന്ദേശങ്ങൾ പാഞ്ഞു.
നിമിഷങ്ങൾ കൊണ്ട് പോലീസുകാർക്ക് വെടിയേറ്റ വിവരം കാട്ടുതീ പോലെ പടർന്നു.
നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസ് യൂണിറ്റുകൾ ലോഖണ്ഡ് വാലയിലേക്ക് കുതിച്ചു. ആദ്യമായായിരുന്നു അധോലോകം പോലീസിനു നേരേ വെടി വെയ്ക്കുന്നത്. ഇനി ഒരുത്തൻ പോലും ജീവനോടെ പുറത്തെത്തരുത് എന്ന് പോലീസുകാർ ശപഥമെടുത്തു...
സമയം ഉച്ച കഴിഞ്ഞ് 1:30
അപ്പോഴാണ് പോലീസ് ടീമിന് ഒരു നിർണായക കാര്യം മനസ്സിലായത്. മായാ ഡോളസ് എന്ന ഗാങ് ലീഡർ ദിലീപ് ബുവയ്ക്കൊപ്പം അതേ ഫ്ലാറ്റിലുണ്ട്.
ഇതോടെ ഗെയിം മാറി. 
രണ്ടു നൊട്ടോറിയസുകൾ പോലീസിൻ്റെ ഗൺ പോയിൻ്റിനു മുൻപിൽ...
ഇവരെ കൂടാതെ, ഗോപാൽ പൂജാരി, അനിൽ ഖുംബെ ചന്ദാനി, അനിൽ പവാർ, രാജു നഡ്കർണി എന്നീ ക്രിമിനലുകളും തിരിച്ചെറിയപ്പെടാത്ത ഒരാളും അപ്പോൾ ആ ഫ്ലാറ്റിനുള്ളിലുണ്ടായിരുന്നു.
അന്തിമ നടപടിയ്ക്കുള്ള സമയമായിരിക്കുന്നു.
അഹമ്മദ് ഖാൻ ലൗഡ് സ്പീക്കറിലൂടെ അധോലോക ക്രിമിനലുകൾക്ക് കീഴടങ്ങാനുള്ള താക്കീത് നൽകി. 
അത് സത്യത്തിൽ ജനക്കൂട്ടത്തേയും, പത്ര ജേർണലിസ്റ്റുകളേയും കബളിപ്പിക്കാനുള്ള അടവായിരുന്നു. 
കാരണം ATS അവിടേക്കെത്തിയത് വളരെ വ്യക്തമായ ഉദ്ദേശവുമായായിരുന്നു.
പിസ്റ്റളുകൾ മുരണ്ടു കൊണ്ടിരുന്നു...
ഈ സമയം തെക്കേ വാതിലിലൂടെ അജ്ഞാതനൊപ്പം ഓടി രക്ഷപെടാനായി തൻ്റെ എസ്റ്റീം കാറിനരികിലേക്ക് പാഞ്ഞ ബുവയെ, പോലീസ് ഉദ്ധ്യോഗസ്ഥർ വെടി വെച്ചു വീഴ്ത്തി. ബുവയുടേയും സഹചാരിയുടേയും ശരീരങ്ങൾ വെടിയുണ്ടകളേറ്റ് അരിപ്പ പോലെയായി.
ഇനി ശേഷിയ്ക്കുന്നത് മായാ ഡോളസ്സും അയാളുടെ കിങ്കരൻമ്മാരും മാത്രം.
സമയം 1: 40
ഈ സമയം പോലീസ് സംഘാംഗങ്ങളിൽ ഒരു വിഭാഗം B എടുപ്പിൻ്റെ ടെറസിനു മേലേ കൂടി അതി സാഹസികമായി A എടുപ്പിൻ്റെ ടെറസ്സിലേക്ക് കടന്നു. അതേ സമയത്ത് ടെറസിലേക്ക് ഓടിക്കയറി വന്ന രാജു നട്കർണിയേയും, ഗോപാൽ പൂജാരിയേയും ഉദ്യോഗസ്ഥർ തുരുതുരാ വെടി വെച്ച് വീഴ്ത്തി. ഇരുവരും ശവശരീരങ്ങൾ മാത്രമായി.
ഇനി മായാ ഡോളസ്സും, പവാറും ബാക്കിയുണ്ട്. 
അനിൽ ബുബെ ചന്ദാനിയെ എവിടേയും കാണാനില്ല.
ഒടുവിൽ സ്റ്റെയർകേസിനരികിലായി ഡോളസ്സും, പവാറും പ്രത്യക്ഷപ്പെട്ടു. 
അവരിരുവരുടേയും കൈകളിൽ AK-47 തോക്കുകൾ ഉണ്ടായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ പിസ്റ്റളുകൾ നാലുപാടു നിന്നും നിറയൊഴിച്ചു കൊണ്ടിരുന്നു.
അധികം വൈകാതെ,
കഴിഞ്ഞ കുറേ കാലമായി ബോംബേയെ കിടിലം കൊള്ളിച്ചിരുന്ന സാക്ഷാൽ ഡോളസ്സും, പവാറും വെടിയുണ്ടകളേറ്റ് സ്റ്റെയർകേസിലൂടെ തട്ടിത്തെറിച്ച് താഴേയ്ക്ക് നിലം പതിച്ചു...
അവരിരുവരും വധിയ്ക്കപ്പെട്ട് ഏറെ സമയം കഴിഞ്ഞും നിലയ്ക്കാത്ത വെടിശബ്ദങ്ങളുടെ പ്രകമ്പനങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു...
അപ്പോൾ സമയം 4: 30.
പോലീസ് അഞ്ചാം നമ്പർ ഫ്ലാറ്റിലേക്ക് ഇരച്ചു കയറി. 
ചുമരുകൾൽ ബുള്ളറ്റ് പതിച്ച് തുളഞ്ഞു പോയിരുന്നു. 
അല്പം മുൻപ് വരെ അമിതാഭ് ബച്ചൻ ഷോഭിച്ചിരുന്ന ടീ വി സ്ക്രീൻ ചിതറിത്തെറിച്ചിരുന്നു.
അവർ തേടിയിരുന്ന അവശേഷിയ്ക്കുന്ന ക്രിമിനൽ, അനിൽ ഖുബെ ചന്ദാനി അതാ വെടിയുണ്ടകളേറ്റ്, രക്തത്തിൽ കുളിച്ച് നിശ്ചലനായി കിടക്കുന്നു.
ATS തേടി വന്ന ബുവെയും, ലോട്ടറിപോലെ ലഭിച്ച ഗ്യാങ് ലീഡർ മായാ ഡോളസ് ഉൾപ്പെടെയുള്ള എല്ലാ സംഘാംഗങ്ങളും ഇതാ കൊല്ലപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.
___________________
നാലര മണിയ്ക്കൂറോളം നീണ്ടു നിന്ന ഒരു ഏറ്റു മുട്ടലായിരുന്നു അത്. 2,500-റൗണ്ടിലധികം വെടിയുണ്ടകൾ ഉപയോഗിക്കപ്പെട്ടു.
ബോംബേ അധോലോകത്തിനെതിരേ, പട്ടപ്പകൽ നടന്ന ആദ്യത്തെ എൻ കൗണ്ടർ ആയിരുന്നു അത്. അതിപ്രശസ്ഥമായ ഏറ്റുമുട്ടൽ. പരിക്കുകളേറ്റെങ്കിലും പോലീസിന് ആളപായമൊന്നും സംഭവിയ്ക്കുകയുണ്ടായില്ല.
സത്യത്തിൽ അതൊരു യുദ്ധം തന്നെയായിരുന്നു. മരണത്തിനു വേണ്ടി മാത്രം മാറ്റിവെച്ച ഒരു യുദ്ധം. അധോലോകത്തിനും ദാവൂദിനുമെതിരേയുള്ള ഒരു സന്ദേശം കൂടിയായിരുന്നു അത്. ഇനി ഒരിയ്ക്കൽ പോലും പോലീസിനു നേരേ തോക്ക് വെച്ച് കളിയ്ക്കരുത് എന്നുള്ള ശക്തമായ സന്ദേശം.
___________________
അഹമ്മദ് ഖാൻ്റെ കാറിൽ അതി വേഗതയിൽ ഹിന്ദുജാ ഹോസ്പിറ്റലിലെത്തിച്ച ഓഫീസ്സർ ഖാറൽ, മുറിവുകളെ അതിജീവിച്ചു. ക്വാമി സുഖപ്പെടുകയും ഔദ്യോഗിക കാലം മുഴുവനും ATS-ൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
സുനിൽ ദേശ്മുഖ് മുറപ്രകാരം പരാതി തയ്യാറാക്കി D N നഗർ പോലീസ് സ്റ്റേഷനിൽ നൽകി. നിയമാനുസൃതമല്ലാതെ കൂട്ടം കൂടൽ, ആപത്കരമായ ആയുധങ്ങൾ കൊണ്ട് പോലീസ് ഉദ്യോഗസ്ഥരേയും, പൊതുജനങ്ങളേയും ആക്രമിയ്ക്കുക, കർതൃനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ നിയമ ലംഘനങ്ങൾ കൊല്ലപ്പെട്ടവർക്ക് മേൽ ആരോപിതമായി.
സംഘാങ്ങൾക്കൊപ്പം കൊല്ലപ്പെട്ട അജ്ഞാതൻ, യർവാദ ജെയിലിലെ കോൺസ്റ്റബിൽ വിജയ് ചക്കാറെന്ന 28 വയസ്സുകാരനാണെന്ന് കണ്ടെത്തി. അയാൾ അധോലോക സംഘാംഗങ്ങളുടെ ചാരനായിരുന്നു എന്ന് പിൽക്കാലത്ത് തെളിഞ്ഞു.
ആ വിധിനിർണായക ദിവസത്തെ സംഭവങ്ങൾ മുഴുവനും ന്യൂസ് ട്രാക്ക് എന്ന വാർത്താ ചാനൽ സംഘം ഷൂട്ടു ചെയ്തിരുന്നു.
പങ്കെടുത്തെ എല്ലാ ഉദ്യോഗസ്ഥരും ധീര സേവനത്തിനുള്ള അവാർഡിനായി ശുപാർശ ചെയ്യപ്പെട്ടു. നിർഭാഗ്യവശാൽ ആ അവാർഡുകൾ ഒരിയ്ക്കലും നൽകപ്പെട്ടില്ല...
___________________
ബോംബേ ചരിത്രത്തിലെ അധോലോക വേട്ടകളിൽ ഏറ്റവും തിളങ്ങുന്ന അദ്ധ്യായമായി ഇന്നും ലോഖണ്ഡ് വാലയിലെ ആ വെടിവെയ്പ്പ് കാണപ്പെടുന്നു. മൂടടക്കം ബോംബേ അധോലോകത്തെ മുടിനാരു പോലുമില്ലാതെ പറപ്പിച്ചതിൽ ലോഖണ്ഡ് വാലയിലെ ആ പോലീസ് ഉദ്യോഗസ്ഥരുടെ അന്നത്തെ സാഹസികത പ്രധാന കാരണമായി ഭവിച്ചു.
.
___________________
കടപ്പാട്:
M. F. ഹുസൈൻ സെയ്ദിയുടെ ദോംഗ്രിയിൽ നിന്ന് ദുബായിലേക്ക് എന്ന പുസ്തകത്തിലെ, "ലോഖണ്ഡ് വാലയിലെ നിർണായക വെടിവയ്പ്പ്" എന്ന അദ്ധ്യായത്തിൽ നിന്നും. 
കുറച്ച് ഭാഗങ്ങളും, വാചകങ്ങളും അതേ പോലെ തന്നെ പകർത്തിയിട്ടുണ്ട്.
പുസ്തകത്തിലില്ലാത്ത, പോസ്റ്റിലുള്ള മുൻ കാല ചരിത്രത്തിന് വിക്കി പീഡിയയെ ആശ്രയിക്കുകയും ചെയ്തു.
[പിന്നീട് ഈ സംഭവം, "ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ് വാല" എന്ന പേരിൽ ബോളിവുഡ്ഡ് സിനിമയാവുകയുണ്ടായി]
.
RIJO GEORGE