മരിച്ചിട്ടും ടിവി ക്ക് മുന്നിൽ ഇരുന്ന യുവതി!
-------------------------------------------------------------------------
വർഷം 2006. ലണ്ടനിലെ മെട്രോപൊളിറ്റൻ ഹൗസിങ്ങ് ട്രസ്റ്റ്. വാടക മുടങ്ങിയ വിവരത്തിന് പല തവണ ഫ്ലാറ്റിൻ്റെ വാടകക്കാരന് കത്തുകൾ അയച്ചിട്ടും, യാതൊരു പ്രതികരണവും ലഭിക്കാതിരുന്നപ്പോൾ, നേരിൽ കണ്ട് ഫ്ലാറ്റ് ഒഴിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു.
25 ജനുവരി 2006 ന് അധികൃതർ നിയമാനുസൃതമായി ഫ്ലാറ്റിൻ്റെ ഡബിൾ ലോക്ക് ചെയ്ത മുൻവാതിൽ ബലമായി തുറന്ന് അകത്ത് കയറി. വാതിലിനു പുറകിൽ പൊട്ടിച്ചു വായിക്കാത്ത കത്തുകളുടെ കൂമ്പാരം. ഹീറ്റർ പ്രവർത്തിക്കുന്നുണ്ട്. സിങ്ക് മുഴുവൻ ഉപയോഗിച്ച പാത്രങ്ങൾ. BBC1 ൻ്റെ ശബ്ദം അധികൃതരെ ടിവി യുടെ അടുത്തേക്ക് ആകർഷിച്ചു. അവർ ഞെട്ടിത്തരിച്ചു പോയി. ഒരു ഷോപ്പിങ്ങ് ബാഗ്, അതിനടുത്ത് കൊടുക്കുവാനുള്ള ക്രിസ്തുമസ് ഗിഫ്റ്റ് പൊതിഞ്ഞ് വച്ചിരിക്കുന്നു. ഇവയ്ക്കെല്ലാം നടുവിൽ സോഫയിൽ ഒരു പഴകിയ മനുഷ്യശരീരം. അതെ വർഷങ്ങൾ പഴക്കമുള്ള - അസ്ഥികൂടം!
ശരീരം 38 വയസുള്ള ജോയ്സിൻ്റേതാണ് എന്ന് തിരിച്ചറിഞ്ഞത് പല്ല് പരിശോധനയിലൂടെ മാത്രമാണ്. മരിച്ചത് 2003 ൽ! ടിവി കണ്ടു കൊണ്ടിരുന്നപ്പോഴാവാം മരണം ജോയ്സിൻ്റെ വാതിലിൽ മുട്ടിയത്.
1965 ൽ അഞ്ച് സഹോദരിമാരിൽ ഇളയവളായി ജനിച്ച ജോയ്സ് കരോൾ വിൻസൻ്റ് സുന്ദരിയും, ആകർഷകമായ ചിരിക്ക് ഉടമയുയായിരുന്നു. 1985 ൽ സെക്രട്ടറിയായി ഔദ്യോദിക ജീവിതം ആരംഭിച്ചു. വളരെ ഊർജ്ജസ്വലയായിരുന്ന ജോയ്സിന് ജീവിതയാത്രയിൽ എവിടെയൊ വച്ച് കാലിടറി. അവൾക്ക് മാത്രമറിയുന്ന കാരണങ്ങൾ മൂലം ഏകാകിയായി മാറി. സുഹൃത്തുക്കളേയും ബന്ധുക്കളുടേയും അവഗണിച്ചു, സാമൂഹിക ബന്ധങ്ങൾ വിച്ഛേദിച്ചു. ഫോണുകൾ എടുക്കാതെ, യാതൊരു ആശയവിനിമയവും നടത്താതെ ഒരേ ജോലിയിൽ തന്നെ ഉറച്ചു നിൽക്കാതെയായി ജീവിതം. സാവധാനം ജോയ്സിനെ മറ്റുള്ളവർ മറന്നു തുടങ്ങി.
എകദേശം മൂന്ന് വർഷത്തിനുള്ളിൽ ഒരാൾപോലും ജോയ്സ് മരിച്ചതറിഞ്ഞില്ല എന്നത് അവിശ്വസനീയമായി തോന്നാം. മരിച്ചതിന് ശേഷവും പകുതി വാടക താനെ ക്ലിയർ ആയിരുന്നു. അത്കൊണ്ട് ജോയ്സ് മരിച്ചു എന്നാരും കരുതിയില്ല. വാടക ഇക്ട്രിസിറ്റി ബിൽ തുടങ്ങിയവയെല്ലാം അടയ്ക്കാൻ തനിയെ അടയ്ക്കപ്പെടുന്ന സംവിധാനത്തെയാണ് ജോയ്സ് ആശ്രയിച്ചിരുന്നത്. ജോയ്സിൻ്റെ ഫ്ലാറ്റിനരികിൽ തന്നെ മാലിന്യ വീപ്പകൾ ഉണ്ടായിരുന്നു. ശരീരത്തിൽ നിന്നും ദുഗ്ഗന്ധം വമിച്ചത് അതിൽ നിന്നാണെന്ന് അയൽവാസികൾ തെറ്റിദ്ധരിച്ചു. ചില മയക്കുമരുന്നു അഡിക്റ്റുകൾ ഫ്ലാറ്റിൻ്റെ സമീപം താവളമാക്കിയത് കൊണ്ട് അധികമാരും പരിസരത്തേക്ക് വരുവാനും ഇഷ്ടപ്പെട്ടിരുന്നില്ല.
മരണകാരണം കൊലപാതകമൊ ആത്മഹത്യയൊ അല്ല എന്ന് കണ്ടെത്തി. ജോയ്സ് അൾസർ, ആസ്മ രോഗബാധിതയായിരുന്നു. ഇതിലേതെങ്കിലുമാവാം മരണകാരണമായത്.
2011 ലെ കാരോൾ മോർളിയുടെ ഡ്രീംസ് ഓഫ് ലൈഫ് എന്ന ചലചിത്രം ജോയ്സിൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.
സാമൂഹിക ബന്ധങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന് ജോയ്സിൻ്റെ ദുരനുഭവം നമ്മളെ പഠിപ്പിക്കുന്നു. എന്നാലും എന്നെ അലട്ടികൊണ്ടിരിക്കുന്ന ചിന്ത അതൊന്നുമല്ല: "ജോയ്സ് കരോൾ അവസാനമായി പൊതിഞ്ഞുവച്ച അഡ്രസ്സ് ചെയ്യാത്ത ഗിഫ്റ്റ് ആർക്കു വേണ്ടിയുള്ളതായിരുന്നു?"
Courtesy