മധ്യരേഖാ ചക്രവാതങ്ങൾ ഉടലെടുക്കുന്നത് വിപരീതദിശകളിൽ വീശുന്ന കാറ്റുകൾ തീർക്കുന്ന നേർത്ത ന്യൂന മർദ മേഖലകളിൽ നിന്നാണ് . ഇത്തരം ഒരു ന്യൂന മർദ മേഖല ഏതാനും ദിവസം നിലനിൽക്കുകയും , ഈ ന്യൂന മർദ മേഖല നിലനിൽക്കുന്ന സമുദ്ര പ്രദേശത്തിന്റെ ഊഷ്മാവ് ധാരാളം നീരാവി ഉൽപ്പാദിപ്പിക്കുന്ന രീതിയിൽ ഉയർന്നത് ആയിരിക്കുകയും ചെയ്‌താൽ ചൂട് കൂടിയ നീരാവിയും കാറ്റുകളും ചേർന്ന് നേർത്ത ന്യൂന മർദ മേഖലയെ കടുത്ത ന്യൂന മർദമായും ചക്രവാതമായും മാറ്റിയെടുക്കുന്നു . ഈ പ്രതിഭാസം ഒരിക്കലും കരക്ക് മുകളിൽ സംഭവിക്കില്ല .
കടലിനു മുകളിൽ ജനിക്കുകയും വളരുകയും ചെയുന്ന ചക്രവാതം കരക്കണയുമ്പോഴാണ് അതിൽ സഞ്ചയിച്ചിരുന്ന ഗതിക ഊർജ്ജം നഷ്ടമാകുന്നത് . . ഈ ഗതിക ഊർജ്ജം വേഗതയേറിയ കാറ്റുകളുടെ രൂപത്തിൽ നാശനഷ്ടങ്ങൾ വിതച്ചശേഷം ഏതാനും മണിക്കൂറുകൾക്കകം ചക്രവാതം എരിഞ്ഞടങ്ങുന്നു . ഇതാണ് മഹാഭൂരിഭാഗം ചക്രവാതങ്ങളുടെയും ജീവിതചക്രം .
ഈ പൊതുതത്വത്തിനു വ്യത്യസ്തമായി പെരുമാറുന്ന ചക്രവാതങ്ങൾ വിരളമാണെങ്കിലും , ഉണ്ടാകാറുണ്ട് . ഇപ്പോൾ അറബിക്കടലിൽ ഗുജറാത്തു തീരത്തിനു പടിഞ്ഞാറുമാറി നിലനിൽക്കുന്ന വായു ചക്രവാതം എല്ലാ അർത്ഥത്തിലും വ്യത്യസ്തനാണ് . അറബിക്കടലിൽ ലക്ഷ ദ്വീപിനു അടുത്തു ജന്മമെടുത്തതാണ് വായു . വടക്കോട്ട് അതിവേഗത്തിൽ നീങ്ങിയ വായു രണ്ടു ദിവസ്സം കൊണ്ടുതന്നെ ഒരു കാറ്റഗറി 3 ചക്രവാതമായി ഗുജറാത്തു തീരത്തിനടുത്തെത്തി . ഭാഗ്യവശാൽ ചക്രവാതത്തിന്റെ കേന്ദ്രം കരക്കെത്തിയില്ല . പെട്ടന്ന് പടിഞ്ഞാറേക്ക് ഗതിമാറ്റിയ വായു മൂന്ന് ദിവസം വലിയ സ്ഥാനമാറ്റമില്ലാതെ ചക്രവാതം ആയിത്തന്നെ നിലകൊണ്ടു .
പക്ഷെ നാലാം ദിവസം കടലിനു മുകളിൽ വച്ച് തന്നെ ചക്രവാതം ശക്തി കുറഞ്ഞു കടുത്ത ന്യൂനമർദമായി മാറി . ഇപ്പോഴത്തെ നിലയിൽ വായു കരക്കണയാത്തെ കടലിനു മുകളിൽ വച്ച് തെന്നെ നിർവീര്യമാകാ നാണ് സാധ്യത .വായു ചക്രവാതത്തിന്റെ ഈ രൂപമാറ്റത്തിന്റെ കാരണങ്ങളെ അവലോകനം ചെയ്യാൻ സമയമായിട്ടില്ലെങ്കിലും ഒറ്റനോട്ടത്തിൽ ഏകദേശകാരണങ്ങൾ ഇവയാകാം . വായു കരക്കുകയറാതെ സ്ഥിരമായി നിന്നത് തീരത്തിന് വളരെ അകലെ ആയിരുന്നില്ല . അതിനാൽ തന്നെ വായുവിന് കടലിൽ നിന്നും പിടിച്ചെടുക്കാവുന്ന നീരാവിയുടെ അളവ് പരിമിതമായിരുന്നു . മധ്യരേഖയിൽ നിന്നും ഏതാണ്ട് 2000 കിലോമീറ്റർ അകലെയായിരുന്നു 3 ദിവസം വായു സ്ഥിരമായി നിന്നത് . ഈ പ്രദേശത്തെ സമുദ്രത്തിന്റെ താപനിലയും മധ്യരേഖയുടേതിൽ നിന്നും ഏതാനും ഡിഗ്രി കുറവായിരുന്നു . അതിനാൽ തന്നെ വായു നിലനിന്നിരുന്നുന്ന സമുദ്രപ്രദേശത്തിൽ നിന്നുമുല്പാദിപ്പിക്കപ്പെടുന്ന നീരാവിയുടെ തോതും കുറവാണ് .
ചുരുക്കത്തിൽ ആവി യുടെ അളവ് കുറയുന്ന ഒരു ആവി എഞ്ചിൻ കുറഞ്ഞ വേഗത്തിൽ പ്രവർത്തിച്ചു നിഛലമാകുനനതുപോലെയാണ് വായു ചക്രവാതം പെരുമാറുന്നത് . എന്തായാലും വായു ചക്രവാതത്തെപ്പറ്റി ധാരാളം പഠനങ്ങൾ നടക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല .
===
ചിത്രം : വായു ചക്രവാതം : ചിത്രം കടപ്പാട് : https://phys.org/…/2019-06-satellite-tropical-cyclone-vayu-…, https://en.wikipedia.org/wiki/Cyclone_Vayu#/media/File:Vayu_2019-06-13_0825Z.jpg