A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കുളവാഴയില്‍ നിന്ന് കുറച്ച് പഞ്ചസാര ഉണ്ടാക്കിയാലോ!


വെള്ളത്തില്‍ വളരുന്ന വയലറ്റ് പൂക്കള്‍ വിരിയുന്ന കുളവാഴ നമുക്കെല്ലാമറിയുന്ന സസ്യമാണ്. പക്ഷേ ഇത് പലപ്പോഴും കര്‍ഷകര്‍ക്കൊരു ശല്യമാണ്. കര്‍ഷകര്‍ ഇതിനെ കളയുടെ ഗണത്തിലാണ് കാണുന്നത്. ജലാശയങ്ങള്‍ ഏറെയുള്ള എറണാകുളവും ആലപ്പുഴയും അടക്കമുള്ള ജില്ലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുളവാഴയും ആഫ്രിക്കന്‍ പായലും. ഇവ നീക്കി ജലാശയങ്ങള്‍ വൃത്തിയാക്കാന്‍ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
കരയേത്, തോടേത് എന്ന് തിരിച്ചറിയാത്ത വിധത്തിലായിരിക്കും ഇതിന്റെ വളര്‍ച്ച. ജലഗതാഗതത്തിനു വരെ തടസമായിരിക്കുന്ന ഇതിന്റെ വളര്‍ച്ചയില്‍ കുഴങ്ങിയിരിക്കുകയാണ് ആളുകള്‍. എന്നാല്‍ നമ്മള്‍ വിനാശകാരിയായി കാണുന്ന ഈ കുളവാഴയും ആഫ്രിക്കന്‍ പായലും നമ്മുടെ തെങ്ങുപോലെ കല്‍പ്പസസ്യമാണെന്നാണ് ആലപ്പുഴ എസ്ഡി കോളജ് ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യ ഗവേഷകനും സുവോളജി അധ്യാപകനുമായ ഡോ ജി നാഗേന്ദ്ര പ്രഭു പറയുന്നത്.
കുളവാഴയും ആഫ്രിക്കന്‍ പായലും ഉപയോഗിച്ച് കൂണും പഞ്ചസാരയും ആല്‍ക്കഹോളും വരെ നിര്‍മിക്കാമെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ നിര്‍മിച്ച നിരവധി ഉല്‍പ്പന്നങ്ങള്‍ സിഎംഎഫ്ആര്‍ഐയില്‍ ആരംഭിച്ച ഭക്ഷ്യകാര്‍ഷിക മേളയിലെ സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. എസ്ഡി കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രമാണ് സ്റ്റാള്‍ ഒരുക്കിയത്.
കുളവാഴയുടെ തണ്ടില്‍നിന്ന് മത്സ്യങ്ങള്‍, താറാവ്, നാല്‍ക്കാലികള്‍ എന്നിവയ്ക്കുള്ള തീറ്റ കൂടാതെ ബാഗ്, കൂണ്‍ വളര്‍ത്താനുള്ള മെത്ത, ഫര്‍ണിച്ചര്‍, പള്‍പ്പ് ഉപയോഗിച്ചുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കാം. പൂക്കളില്‍നിന്ന് ജൈവനിറങ്ങളും കാന്‍സറിനെതിരെയുള്ള മരുന്നും ഉണ്ടാക്കാം. കുളവാഴ മുഴുവനായും ഉപയോഗിച്ച് ബയോമാസ് ബ്രിക്കറ്റുകള്‍, ബയോഗ്യാസ്, വിവിധതരം ഔഷധങ്ങള്‍, വെള്ളത്തില്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കുന്ന ബഡ് എന്നിവയും നിര്‍മിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.
കൂടാതെ കുളവാഴയില്‍ ബാക്ടീരിയ വളര്‍ത്തി ഇതില്‍നിന്ന് സെല്ലുലേസ് എന്ന എന്‍സൈം വേര്‍തിരിക്കാം. ഇതേ എന്‍സൈമാണ് കരിമ്പില്‍നിന്ന് പഞ്ചസാരയുണ്ടാക്കുന്നത്. ജൈവ ഇന്ധനമായും ഇത് ഉപയോഗിക്കാന്‍കഴിയും. കൂണ്‍ വളര്‍ത്താനുള്ള ബെഡ്ഡായും ചാണകവറളിക്ക് പകരമായും ഉപയോഗിക്കാം. കുളവാഴയുടെ ഇലകളും തണ്ടും ഉപയോഗിച്ച് സോഫ്റ്റ് ബോര്‍ഡും കാര്‍ഡുകളും നിര്‍മിക്കാം. ഈ ഉല്‍പ്പന്നങ്ങളെല്ലാം സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്.
കേരളത്തില്‍ വലിയ സാധ്യതകളാണ് കുളവാഴയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുള്ളതെന്ന് നാഗേന്ദ്ര പ്രഭു പറയുന്നു. കുടുംബശ്രീ അടക്കമുള്ള ഗ്രൂപ്പുകള്‍ക്ക് ചെറുകിട സംരംഭം എന്ന നിലയില്‍ വലിയ സാധ്യതയാണ് ഇത് തുറന്നിടുന്നത്. തീരപ്രദേശത്തെയും ഉള്‍നാടന്‍ ജലാശയ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗമായി പദ്ധതി ഉപയോഗിക്കാം. കുളവാഴ ഉപയോഗിച്ച് ജലാശയങ്ങളില്‍ പ്രത്യേക തടങ്ങള്‍ സൃഷ്ടിച്ച് കൃഷിചെയ്യാനുമാകും- അദ്ദേഹം വ്യക്തമാക്കി.
അതിവേഗം മുളപൊട്ടി വ്യാപിക്കുന്നതിനാല്‍ ജലാശയങ്ങളുടെ ഉപരിതലത്തില്‍ വളരെ പെട്ടെന്ന് വളരുന്ന കുളവാഴകള്‍ വലിയ പരിസ്ഥിതി നാശമാണ് ഉണ്ടാക്കുന്നത്. ജലജീവികളും ജലസസ്യങ്ങളുടെയുമടക്കം നാശത്തിന് ഇവ കാരണമാകുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പലയിടത്തും ജലഗതാഗതം തന്നെ ഇതുമൂലം തടസപ്പെട്ടിരിക്കുകയാണ്.
1998-99 കാലഘട്ടത്തിലാണ് കുളവാഴയിലുള്ള ഗവേഷണങ്ങള്‍ ആരംഭിക്കുന്നത്. അമേരിക്കയിലെ ജോര്‍ജിയ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയപ്പോഴും യുഎന്‍ ഫെലോഷിപ്പോടെ ജര്‍മനിയില്‍ അന്താരാഷ്ട്ര ബയോ ടെക്‌നോളജി പരിശീലന പരിപാടിയില്‍ പങ്കെടുക്കുമ്പോഴും കുളവാഴയിലുള്ള ഗവേഷണമായിരുന്നു നാഗേന്ദ്ര പ്രഭുവിന്റെ വിഷയം. ഉപയോഗമാണ് കുളവാഴ നിയന്ത്രണത്തിനുള്ള എളുപ്പമാര്‍ഗമെന്ന് നാഗേന്ദ്ര പ്രഭു പറയുന്നു.