A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബുദ്ധൻ പുഞ്ചിരിക്കുമ്പോൾ....


( അതിപുരാതനമായ വിപശന ധ്യാന വിദ്യയെക്കുറിച്ചുള്ള ലേഖനം :- തയ്യാറാക്കിയത് : എ.വി. കൃഷ്ണകുമാർ )
****************************
ഭാഗം :1

മനുഷ്യമനസ് സമുദ്രം പോലെ അഗാധവും, ആകാശം പോലെ വിസ്തൃതവുമാണ്. വിഷാദത്തിന്റെയും, വികലതയുടെയും നീർ ചുഴികളാലും ക്രോധത്തിന്റെയും, ദുഃഖങ്ങളുടെയും അലമാലകളാലും പലപ്പോഴും സംഘർഷ ഭരിതമാണ് മനുഷ്യ മനസ്. മാനസിക പിരിമുറുക്കങ്ങൾ, മനോ സംഘർഷങ്ങൾ, ദേഷ്യം, സങ്കടം, -ve ചിന്തകൾ, അശുഭ വികാരങ്ങൾ - വിഷാദങ്ങൾ- ആശങ്കകൾ, മോഹഭംഗങ്ങൾ, ആത്മവിശ്വാസമില്ലായ്മ്മ, അകാരണമായ ഭയം എന്നിവയാൽ മനോനില തെറ്റിയ / മനോ രോഗികളായ അനേകായിരങ്ങൾ നമുക്ക് ചുറ്റുണ്ട്. നാമും ഇതിൽ നിന്ന് വിഭിന്നമല്ല. ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകളും പല തരത്തിലുള്ള മാനസിക സംഘർഷങ്ങളാൽ ഉഴലുന്നവരാണ്...! ചില വ്യക്തികളിൽ നിന്ന് അല്ലെങ്കിൽ കുടുംബത്തിൽ നിന്ന്, ജോലി സ്ഥലത്ത് നിന്ന്, അല്ലെങ്കിൽ നാം ഇടപെടുന്ന പല മേഖലകളിൽ നിന്ന് മാനസിക സംഘർഷങ്ങൾ പലപ്പോഴും നേരിടേണ്ടി വരുന്നു.!!

മാനസിക സംഘർഷങ്ങളുടെ കാരണമെന്താണ്?

എന്താണിതിന് പരിഹാരം?

മനസിനെ ശാന്തമാക്കാൻ എന്താണ് വഴി?

മനുഷ്യരാശിയുടെ ഉദയം മുതൽ തന്നെ മനുഷ്യ മനസിനെ ശാന്തമാക്കാനും, മനോ ദൗർബല്യങ്ങളെ ഇല്ലാതാക്കി മനസിനെ ശാക്തീകരിക്കാനും, മനോഗുണങ്ങൾ വർദ്ധിപ്പിച്ച് സുഖ - സുന്ദരമായ ഒരു ജീവിതം പടുത്തയർത്താനും ഉള്ള മാർഗങ്ങളെ മനുഷ്യർ തേടിയിരുന്നു...!

ആ അന്വോഷങ്ങൾക്കൊടുവിൽ മനീഷികൾ കണ്ടെത്തിയ
ഒരു യോഗമാർഗമാണ് വിപശന. അതിപുരാതനമായ ഈ ധ്യാനവിദ്യ ലളിതവും, ആർക്കും വേഗത്തിൽ പഠിച്ചെടുക്കാവുന്നതുമാണ്.

സ്വാഭാവികമായ ശ്വാസഗതിയെ ശാന്തമായി നിരീക്ഷിച്ച്, മനസിന്റെ ആഴങ്ങളിലേയ്ക്ക് കടന്നു ചെന്ന് , മനസിന്റെ ശസ്ത്രക്രിയ നടത്തി, അതിലെ മാലിന്യങ്ങളെ പുറം തള്ളി, മനസിനെ ശാന്ത - സുദൃഡമാക്കാൻ സഹായിക്കുന്ന വിപാശന ബൗദ്ധായന സമ്പ്രദായത്തിലെ അനുഷ്ഠാന ക്രമത്തിൽ നിന്നും ഉരുതിരിഞ്ഞ് വന്നതാണ്.

ജീവിത ദു:ഖങ്ങളുടെ കാരണം തേടിയലഞ്ഞ ഗൗതമ സിദ്ധാർത്ഥൻ എന്ന രാജകുമാരനെ ശ്രീബുദ്ധനാക്കി, ജീവിത ദുരിതങ്ങളുടെ യഥാർത്ഥ കാരണമെന്തെന്ന് വെളിവാക്കിക്കൊടുത്തത് വിപാശന ധ്യാന പരിശീലനമാണ്. ബുദ്ധൻ അനേകരെ ഈ വിദ്യ പഠിപ്പിച്ച് ഭവസാഗരത്തിൽ നിന്ന് വിമുക്തരാക്കി. മ്യാൻമാർ, ടിബെറ്റ്‌, നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഏറെ പ്രചരിക്കപ്പെട്ട ഈ വിദ്യ പിന്നീട് കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് മണ്ണടിഞ്ഞു.

ആധുനീക കാലത്ത് സത്യനാരായണ ഗോയങ്ക ( ഗോയങ്കാജി ) എന്ന യോഗിവര്യനിലൂടെ പുനരുദ്ധാരണം ചെയ്യപ്പെട്ട വിപശന ധ്യാന വിദ്യ ഇന്ന് അനേകായിരങ്ങളുടെ മനശാന്തിയുടെ താക്കോലാണ്. ശീലം - സമാധി - പ്രജ്ഞ എന്നീ മൂന്ന് തൂണുകളിൽ പടുത്തുയർത്തിയ ഈ ധ്യാന പരിശീലനം ഇന്ന് ലോകമെങ്ങും വളരെ വേഗം പടർന്ന് പന്തലിച്ചുക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ചെങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ധാമ കേന്ദ്ര ' സൗജന്യമായി വിപശന പഠിപ്പിക്കുന്നു. 10 ദിവസം ധ്യാനകേന്ദ്രത്തിൽ താമസിച്ച് വേണം വിപശന പഠിക്കുവാൻ. കൂടുതൽ വിവരങ്ങൾക്ക്www.ketana.dhamma.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
------------------------------------------------------
മനസിന്റെ ശസ്ത്രക്രിയയ്ക്കായി ധാമ കേന്ദ്രത്തിൽ...!

ഭാഗം :2
***************************

എന്റെ പ്രിയ സുഹൃത്തും, ജ്യേഷ്ഠ സഹോദരനുമായ Suji Dg ആണ് വിപ ശന ധ്യാന കേന്ദ്രത്തെപ്പറ്റി എന്നോട് ആദ്യമായി പറഞ്ഞത്. അദ്ദേഹവും, ഭാര്യയും 10 ദിവസത്തെ വിപശന ക്യാമ്പിൽ പങ്കെടുത്തിരുന്നു. വളരെ നല്ല അനുഭവം എന്നാണ് അദ്ദേഹം പറഞ്ഞത്. ഏറെ ജോലിത്തിരക്കുകൾക്കിടയിലും കൃത്യമായി വെളുപ്പിന് 4 മണിക്ക് എഴുന്നേറ്റ് വിപശന പരിശീലിക്കുന്ന Suji ചേട്ടന്റെ ജീവിതാനുഭവങ്ങൾ എന്നെ ഏറെ ആകർഷിച്ചിരുന്നു. മാത്രമല്ല എന്റെ ചേട്ടൻ Sreekumar Km Madhavan Nair ഈ കോഴ്സിൽ പങ്കെടുത്തിരുന്നു. അദ്ദേഹവും ഇതിനെ അനിർവചനീയം എന്നാണ് വിശേഷിപ്പിച്ചത്.

അതു കൊണ്ടു തന്നെ എന്തായാലും ഇതിൽ പങ്കെടുത്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ച് നേരത്തെ തന്നെ ധാമ കേന്ദ്രത്തിന്റെ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു.ഏപ്രിൽ മാസം 13 മുതൽ ഒരു മാസക്കാലം ഞാൻ ജോലി ചെയ്തുവരുന്ന ഹൈക്കോടതിയും വെക്കേഷനായി അടച്ചു. സാഹചര്യങ്ങൾ എല്ലാം അനുകൂലം.

വീട്ടിൽ ഭാര്യയോട് പറഞ്ഞു :" കുറച്ച് ദിവസത്തെ ധ്യാനത്തിന് പോകുന്നു.. ഇനി 10 ദിവസം കഴിഞ്ഞേ വരൂ.. ഫോണിലും കിട്ടില്ല... കാരണം ധ്യാനകേന്ദ്രത്തിലെ നിയമമനുസരിച്ച് മൊബൈൽ ഫോൺ , പത്ര പാരായണം എന്നിവയൊന്നും പാടില്ല... മാത്രമല്ല ആരോടും മിണ്ടാനും പാടില്ല "

'' ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ , നായക കഥാപാത്രം ശ്രീനിവാസൻ ശബരിമലയ്ക്ക് പോയി തിരിച്ച് വന്ന് പറഞ്ഞ പോലെ " എന്റെ ശരീരം മാത്രമേ മല ഇറങ്ങി വന്നിട്ടുള്ളൂ.. മനസ് ഇപ്പോഴും അവിടെയാണ് " എന്ന് പറഞ്ഞ പോലെ ധ്യാനം കൂടി വല്ല വഴിക്കും പോകരുത് എന്ന ഉപദേശത്തോടെ അവളും സമ്മതം മൂളി...!

വിഷു ദിവസം രാവിലെ തന്നെ കരനാ ഥനായ ഭഗവാൻ കൃഷ്ണനെ കണ്ട് കാര്യം പറഞ്ഞ് അനുഗ്രഹം വാങ്ങി... !

'നേരത്തെ പോകും ' എന്ന് പറഞ്ഞത് കൊണ്ട് വിഷു സദ്യ അമ്മ നേരത്തെ തന്നെ വീട്ടിലൊരുക്കിയിരുന്നു. എല്ലാവരുമൊത്ത് സദ്യ കഴിച്ചു.. ഇനി ഈ ഒരുമിച്ചുണ്ണൽ പത്തു നാളുകൾക്ക് ശേഷം..!

വിഷുവായത് കൊണ്ട് കൈനീട്ടം കൊടുത്ത് ഒഴിഞ്ഞ പേഴ്സിലേയ്ക്ക് നോക്കി ഒന്ന് നെടുവീർപ്പെട്ടു... സാരമില്ല ATM ഉണ്ടല്ലോ... അഡ്ജസ്റ്റ് ചെയ്ത് പോകാം..

അങ്ങനെ രാവിലെ 10.30 ന് ഉള്ള ഇറപ്പുഴ ബോട്ടിൽ കയറി പറവൂരിൽ എത്തി. ബസിൽ കയറി കോട്ടയതെത്തി. അവിടന്ന് നേരെ ചെങ്ങന്നൂരിലേയ്ക്ക്. ചെങ്ങന്നൂരിൽ നിന്ന് കൊടുകുലഞ്ഞിയിലെ വിപശന കേന്ദ്രത്തിലേയ്ക്കും ബസ് ലഭ്യമാണ്. 'ഓട്ടാപീസ് ' എന്ന സ്റ്റോപ്പിൽ ബസിറങ്ങി. സമയം ഏകദേശം 2.45. അവിടെ നിന്ന് ഏതാണ്ട് 1 കിലോമീറ്റർ നടന്നാൽ ധാമ കേന്ദ്രമായി. ഓട്ടോക്കാരനെ ഒഴിവാക്കി നടന്നു. ശാന്ത സുന്ദരമായ പ്രദേശം നെൽവയലുകളാലും, തോടുകളാലും ഗ്രാമീണ ഭംഗി മുറ്റി നിൽക്കുന്നു. ടൈൽ വിരിച്ച നടപാതയിലൂടെ കുറച്ച് നടന്നപ്പോൾ വിപശന കേന്ദ്രത്തിന്റെ ബോർഡ് കണ്ടു.... ഓ.. ആശ്വാസം... ഒടുവിൽ ലക്ഷ്യസ്ഥാനമെത്തി..!

ഇത്തവണ 2018 ഏപ്രിൽ 15 മുതൽ 25 വരെയായിരുന്നു ക്യാമ്പ്.ചെങ്ങന്നൂരിൽ , കൊടുകുലഞ്ഞി എന്ന പ്രശാന്ത സുന്ദരമായ ഈ ഗ്രാമ പ്രദേശത്ത് വയലേലകൾക്കും, മാമരങ്ങൾക്കും നടുവിലായി 'ധാമ കേതന വിപാശന ധ്യാനകേന്ദ്ര' സാധകരെ സ്വാഗതം ചെയ്ത് കൊണ്ട് സ്ഥിതി ചെയ്യുന്നു. കയറി ചെന്നപ്പോൾ കോർഡിനേറ്ററായ പോൾ സാറിനെ കണ്ടു. കുശലാന്വോഷണങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹായത്തോടെ
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

അതിനുശേഷം B ബ്ലോക്കിലുള്ള 52 മത്തെ ബെഡ് എനിക്ക് ലഭിച്ചു. ഇനിയുള്ള 10 ദിവസങ്ങളിൽ നിദ്രകൊള്ളേണ്ടയിടം..! ധാമ കേന്ദ്രത്തിനു സമീപം A, B ബ്ലോക്കുകളിലായി പുരുഷന്മാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നു. സ്ത്രീകൾക്കായി ധ്യാനകേന്ദ്രത്തോട് ചേർന്ന് മറ്റൊരു കെട്ടിടവുമുണ്ട്. വളരെ ലളിതമായ,ആർഭാടരഹിതമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വിശ്രമിക്കുവാനും, കുളിക്കാവാനമുള്ള സൗകര്യങ്ങൾ കൊള്ളാം. വിദേശികളും, സ്വദേശികളുമുൾപ്പെടെ 45 ലധികം ആളുകൾ ഇത്തവണത്തെ ക്യാമ്പിൽ പങ്കെടുക്കുവാൻ വന്ന് ചേർന്നിട്ടുണ്ട്. 5 മണിക്ക് ഒരു ലഘു ഭക്ഷണം. ഉപ്പുമാവും ചായയും..! ശേഷം 7 മണിക്ക് ദശദിന ക്യാമ്പിനെക്കുറിച്ചുള്ള ഒരു ക്ലാസ് കുറുപ്പ് സാർ എടുത്തു...

കോഴ്സിനെക്കുറിച്ചും, അതിൽ പുലർത്തേണ്ട നിയമങ്ങളെക്കുറിച്ചും സർ പറഞ്ഞു തന്നു. അതിനു ശേഷം രാത്രി 8 മണിയോടെ ക്യാമ്പ് ആരംഭിച്ചു. ഇത്തവണ ക്യാമ്പ് നയിക്കാനെത്തിയത് മഹാരാഷ്ട്രയിൽ നിന്നുള്ള ചന്ദ്രശേഖർ സാറും, പത്നിയുമായിരുന്നു.

ഗോയങ്കാജിയുടെ Audio clip കൾ ആധാരമാക്കിയാണ് ക്ലാസുകൾ നടത്തപ്പെടുന്നത്. ചെയ്യേണ്ട സാധനകളെപ്പറ്റിയും, മറ്റ് രീതികളെപ്പറ്റിയും അദ്ദേഹം തരുന്ന നിർദ്ദേശങ്ങളാണ് സാധകർ പുലർത്തേണ്ടത്. ആദ്യം തന്നെ " ആന പാന" എന്ന ശ്വാസ നിരീക്ഷണ വിദ്യ പഠിപ്പിച്ചു. ഈ വിദ്യ ഇനിയുള്ള 3 ദിവസങ്ങളിൽ തുടർച്ചയായി പരിശീലിക്കണം. മാത്രമല്ല " ഇനിയുള്ള 10 ദിവസങ്ങളിൽ ആര്യ മൗനം ( മൗനവ്രതം) സാധകർ പുലർത്തണം. സഹ സാധകരുമായോ, മറ്റുള്ളവരുമായോ യാതൊരു സംഭാഷണങ്ങളും പാടില്ല. eye contact പോലും അരുത്..! മനസിലെ ചിന്തകളേയും, ആലോചനകളേയും നിയന്ത്രിക്കണം." ... സാധനാ കേന്ദ്രത്തിന്റെ 4 അതിരുക്കൾക്കപ്പുറം എവിടെയും പോയിക്കൂടാ..! ഹോ..! ഭയങ്കരം എന്ന് ചിലർക്ക് തോന്നിയേക്കാമെങ്കിലും സാധനാ വിജയത്തിന് ഇത് എത്ര അനിവാര്യമായിരുന്നു എന്ന് നാം പിന്നീട് തിരിച്ചറിയും..!

രാത്രി 9 മണിയോടു ക്കൂടി അന്നത്തെ ക്ലാസ് അവസാനിച്ചു. തിരിച്ച് വിശ്രമസ്ഥലത്തെത്തി. ആരും പരസ്പരം മിണ്ടുന്നില്ല. ആര്യ മൗനം..! ഒരു പക്ഷേ ജീവിതത്തിലാദ്യമായ യിരിക്കും പലരും 10 ദിവസം മിണ്ടാതിരിക്കുന്നത്.! അങ്ങനെ അന്നത്തെ ദിവസം 'ആന പാന' ചെയ്ത് കട്ടിലിൽ കിടന്നു.

രാവിലെ കൃത്യം 4 മണിക്കു തന്നെ ഉണർത്തു മണി മുഴങ്ങി. അപ്പോൾ തന്നെ ഇനിയും കട്ടിലിൽ പുതച്ച് മൂടിക്കിടന്നുറങ്ങുന്നവരെ ഉണർത്താൻ സേവകൻ മണിയുമായി എത്തി. ണിം... ണിം... ണിം... എല്ലാവരും എഴുന്നേറ്റു. പ്രഭാതകൃത്യങ്ങളൊക്കെ വേഗം തീർത്ത് കൃത്യം 4.25 ന് തന്നെ ധ്യാന ഹാളിൽ സഹ സാധകർക്കൊപ്പം ഞാനും പ്രവേശിച്ചു. തുടർന്ന് 4.30 മുതൽ 6.30 വരെ ' ആന പാന ' ധ്യാന പരിശീലനം ചെയ്തു. 6.30 ന് പ്രഭാത ഭക്ഷണത്തിനുള്ള മണി മുഴങ്ങി. ഇഡലിയും ചായയും അല്ലെങ്കിൽ ദോശയും ചട്ണിയുമൊക്കെയായി Breakfast കേമമായി. ഇനി 8 മണി വരെ വിശ്രമമാണ്. 8 മണിക്ക് വീണ്ടും മെഡിറ്റേഷൻ തുടങ്ങി 11 മണിക്ക് അവസാനിച്ചു. പിന്നെ ഭക്ഷണം; ചോറും കറികളും. വീണ്ടും 1 മണിക്ക് ധ്യാനം തുടങ്ങി 5 മണി വരെ.

ഓരോ 1 മണിക്കൂർ ധ്യാനം കഴിയുമ്പോഴും 5 മിനിറ്റ് വിശ്രമിക്കാം. പുറത്ത് പോയി ഫ്രഷ് ആയി വരാം. പലർക്കും തുടർച്ചയായി ഇത്രയും സമയം ധ്യാനത്തിലിരിക്കുക ആദ്യമൊക്കെ പ്രയാസമായിരുന്നു. ജീവിതത്തിന്റെ തിരക്കിൽപ്പെട്ട് ഓടുന്നവന് എന്ത് ധ്യാനം..? എന്ത് മനശാന്തി.?. എന്നാൽ ഇവിടെ എല്ലാവരും ഒരുമിച്ച് ധ്യാനിക്കുന്നു, ഉണരുന്നു, ഉറങ്ങുന്നു, ഉണ്ണുന്നു.... സമത... ഏകത ! ഏറെ രസകരമായ കാഴ്ച..!

5 മണിക്ക് വീണ്ടും ബെൽ മുഴങ്ങി. ഇനി സായാഹ്ന ഭക്ഷണമാണ്. അതു കഴിഞ്ഞാൽ ഇന്നിനി ഭക്ഷണമില്ല..! പലരും വിശന്ന് 'അണ്ടം കത്തി' ഇരിക്കുകയാണ്. ജീവിതത്തിലാദ്യമായാണ് ഇങ്ങനെ ധ്യാനത്തിലിരിക്കുന്നത്. മണിക്കൂറുകൾ ഇരിക്കുമ്പോൾ ആദ്യമൊക്കെ ശരീരവും, മനസും അതിനോട് ഇണങ്ങുകയില്ല. കാൽ വേദന! നടു വേദന! തല ചുറ്റൽ, അങ്ങനണ്ടനെ ശരീരത്തിന്റെ എതിർപ്പ് ഒരു വശത്ത്..! മനസിനെ ' ആന പാന ' ധ്യാനത്തിലൂടെ നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ മനസ് ശക്തമായ പ്രതിഷേധം തുടങ്ങി .' നീയാരാ എന്നെ നിരീക്ഷിക്കാൻ ' എന്ന മട്ടിൽ കടുത്ത മന സംഘർഷങ്ങൾ: എഴുനേറ്റ് ഓടാൻ തോന്നൽ, പരിഭ്രമം, ദേഷ്യം, സംങ്കടം അത്തരത്തിൽ മനസ് കൊടുങ്കാറ്റടിച്ച കടൽ പോലെ പ്രക്ഷുബ്ധമായി..!

പലരും ധ്യാനത്തിലിരിക്കുമ്പോൾ പുറകിലുള്ള ക്ലോക്കിലേയ്ക്ക് ആവേശ പൂർവ്വം നോക്കുന്നു. 5 മണി ആയോ..! എന്നാലാവട്ടെ മണിക്കൂർ സൂചി ഒച്ചിഴയും പോലെ കറങ്ങാൻ മടിച്ച് നിൽക്കുന്നു...!എന്റെ ദൈവമേ.. ഞാനിപ്പോൾ വിശന്ന് ചാകും... വിശന്ന് മരിച്ച എന്റെ ആത്മാവ് ഒരു അനാഥ പ്രേതം കണക്കെ ഇവിടെ അലഞ്ഞ് തിരിയും.. അങ്ങനെ എത്രയെത്ര ചിന്തകൾ..ഒരു ജാഥക്കണക്കെ മനസിന്റ വീഥിയിൽ മാർച്ച് പാസ്റ്റ് ചെയ്തു.

ണീം.. ണീം.. ഹാവൂ ... ആശ്വാസം 5 മണിയായി. അടുത്തിരുന്നവരെ തട്ടി മറിച്ചിട്ട് പലരും ഡൈനിംങ്ങ് ഹാളിലേക്കോടുന്നു. അവിടെ വിഭവസമൃദ്ധമായ ഭക്ഷണവും പ്രതീഷിച്ച് ചെന്നവർ 'ഇടിവെട് കൊണ്ടവനെ പാമ്പ് കടിച്ചു ' എന്ന പോലത്തെ അവസ്ഥയിലായി. ഒരു ചെറിയ വട്ടപാത്രത്തിൽ രണ്ടു പിടി അവിൽ നനച്ചതും, ഒരു ചെറിയ പഴവും. എന്തെങ്കിലുമാവട്ടെ , കിട്ടിയത് തിന്നാം.. ഒരു ക്ഷണം കൊണ്ട് അത് കഴിച്ചു. ഒരു ഗ്ലാസ് ചായയും കുടിച്ചു. ഇനി 6 മണി വരെ വിശ്രമം. വീണ്ടും 6 മണി മുതൽ 7 വരെ ധ്യാനം തുടർന്നു. 7 മുതൽ 8.30 വരെയുള്ള ഒന്നര മണിക്കൂർ സമയം ഗോയങ്കാജിയുടെ പ്രഭാഷണം കേൾപ്പിക്കും. ശേഷം അരമണിക്കൂർ ധ്യാനം. അങ്ങനെ കുറഞ്ഞത് ഒരു ദിവസം 12 മണിക്കൂറോളം സാധന...! ഗംഭീരം...

"ആന പാന" എന്നത് പാലി ഭാഷയിലെ ഒരു വാക്കാണ്. ശ്വാസോച്ഛ്വാസം എന്നാണതിന്റെ അർത്ഥം. 3 ദിവസം തുടർച്ചയായി ആന പാന പരിശീലിച്ചു. അത്ഭുതം.. ശരീരത്തിന്റെ വേദനകൾ മാറി, കുതിരയെപ്പോലെ ചാടി കൊണ്ടിരുന്ന മനസ് ശാന്തമായി മൂക്കിന്റെ തുമ്പത്ത് നിൽക്കുന്നു. ശ്രദ്ധ ശ്വാസത്തിൽ മാത്രം. അനിർവചനീയമായ ആനന്ദം ഹൃദയത്തിൽ നിറയുന്നു. ഇപ്പോൾ ആഹാരത്തോട് ആർത്തിയില്ല... വിശപ്പില്ല..കിട്ടുന്ന ഭക്ഷണം അമൃതതുല്യം ആസ്വദിച്ച് കഴിക്കുന്നു. ഉറക്കം സ്വബോധത്തോടെ...! ഉറക്കത്തിലും മനസ് ശ്വാസത്തിൽ ലയിച്ചിരിക്കുന്നു. ചിന്തകളില്ല.. മനസ് അപ്പൂപ്പൻ താടി പോലെ സ്വതന്ത്രമായി പറക്കുന്നു..

മൂന്നാം ദിവസം ആന പാന ശ്വാസ ധ്യാനത്തിനൊപ്പം വിപാശന ധ്യാന പരിശീലനവും തുടങ്ങി. ശരീരത്തിന്റെ സംവേദനകളെ അടിസ്ഥാനമാക്കിയുള്ള ധ്യാനമാണ് വിപാശന. അതിൽ 1 മണിക്കൂർ അധിഷ്ഠാനവും ( കൈകാൽ അനക്കാതെ 1 മണിക്കൂർ ധ്യാനം ) തുടങ്ങി. അത്ഭുതാവഹം..! ആളുകൾ പലരും ഒരു ശില കണത്തെ ധ്യാനത്തിൽ... ! ശരീരം അനങ്ങുന്നില്ല.... പലരുടെയും മുഖത്ത് ഘനഗംഭീരമായ ശാന്തത കളിയാടുന്നു... അങ്ങനെയുള്ള 10 ദിവസങ്ങൾ ആനന്ദത്തിലാറാടി കടന്നു പോയി. ധ്യാനത്തിന്റെ അഗാധതയിലേയ്ക്ക് സാധകർ കടന്നപ്പോൾ പ്രകൃതിയിലും വൻ മാറ്റങ്ങൾ..! കടുത്ത ചൂട് മാറ്റി പ്രകൃതീശ്വരി മഴയായ് പെയ്തിറങ്ങി.. ആ തപോഭൂമിയിലും, തീവ്ര സാധകരുടെ മനോഭൂവിലും... അതെ അകത്തും പുറത്തും ആനന്ദം... സന്തോഷം.. സമാധാനം മാത്രം.. അനിശ്ച.. അനിശ്ച..

10 മത്തെ ദിവസം രാവിലെ 10 മണിക്ക് ആര്യ മൗനം അവസാനിച്ചു. എല്ലാവരും പരസ്പരം പരിചയപ്പെട്ടു. ജന്മാന്തരങ്ങളിലെ ആത്മബന്ധമുള്ളവരെ പോലെ ആവർ ആ തപോഭൂമിയിൽ സൗഹൃദത്തിന്റെ മാസ്മരിക വലയം തീർത്തു. 10 ദിവസത്തെ ഗാഡ മൗനത്തിനു ശേഷം ഇപ്പോൾ ധ്യാന മണ്ഡലി കളി ചിരികളാലും, ആത്മീയ ചർച്ചകളാലും സജീവം. ഗോയങ്കാ ജിയുടെ പുസ്തകങ്ങൾ വാങ്ങാനും മറ്റുമുള്ള സൗകര്യങ്ങൾ ധ്യാനകേന്ദ്രം അധികൃതർ ഒരുക്കിയിരിക്കുന്നു.

വിപാശന കോഴ്സ് സൗജന്യമായാണ്‌ പഠിപ്പിക്കുന്നത്. എന്നാൽ സാധകരുടെ ഭക്ഷണം, വൈദ്യുതി, വെള്ളം, താമസം എന്നിവയ്ക്കും മറ്റുമായി അവിടെ നല്ല ചെലവുണ്ട്. അതു കൊണ്ട് തന്നെ നമ്മളാൽ കഴിയുന്ന ഒരു തുക ദാനമായി നൽകണം. എങ്കിൽ മാത്രമേ ഇങ്ങനെയുള്ള നല്ല സ്ഥാപനങ്ങൾ മുന്നോട്ടു പോകൂ.. അതു കൊണ്ടു തന്നെ എന്നാൽ കഴിയുന്ന ഒരു തുക ഞാനും Donation നൽകി.

തുടർന്നും ഇടവേളകളിൽ സമൂഹ ധ്യാന പരിശീലനം ഉണ്ടായിരുന്നു. തുടർന്ന് 11-ാം ദിവസം രാവിലത്തെ വിപാശന ധ്യാനവും, മേത്താ ധ്യാനവും ( ലോക നന്മയ്ക്കായ പ്രാർത്ഥന ) കഴിഞ്ഞ് നിറഞ്ഞ മനസോടെ എല്ലാവരും പിരിഞ്ഞു.
...............................................

'വിപാശന' യെന്ന ആശാദീപം

ഭാഗം: 3
.....................................

" എനിക്ക് മുന്നേ അനേക ബുദ്ധൻമാർ ഉണ്ടായിട്ടുണ്ട്.. വിപാശന യിലൂടെ ഇനിയും അനേകം ബുദ്ധന്മാർ ( ബോധോദയം ഉണ്ടായവർ ) ഉണ്ടാകുക തന്നെ ചെയ്യും " :- ശ്രീ ബുദ്ധൻ

അതിപുരാതനമായ വിപാശന ധ്യാന വിദ്യ സാധകരിൽ വൻ മാറ്റങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ശാരീരികവും, മാനസികവുമായ പ്രശ്നങ്ങൾ മാറാനും, പ്രശാന്തമായ ജീവിതം നയിക്കാനും വിപശന ഒരുവനെ പ്രാപ്തനാക്കുന്നു. പണ്ട് മനോ ദു:ഖത്താൽ വലഞ്ഞ ഗൗതമനെ ശ്രീ ബുദ്ധനാക്കിയ ഈ വിദ്യ ആധുനിക കാലത്ത് പലവിധ മനഃ സംഘർഷങ്ങളാൽ വലയുന്ന ഗൗതമൻ മാർക്ക് ആശ്വാസത്തിന്റെ ആശാദീപമാണ് എന്ന് നിസംശയം പറയാം..

മനോ മണ്ഡലത്തിൽ പ്രശാന്തിയുടെ നവ ബോധമുണർന്ന ഈ ആധുനീക കാല ബുദ്ധന്മാരെ കണ്ട് ശ്രീ ബുദ്ധ പരമാത്മാവ് പുഞ്ചിരി തൂകുന്നുണ്ടാവും.!

അതെ, ധ്യാനകേന്ദ്രത്തിൽ കുറിച്ചിട്ടിരിക്കുന്നത് പോലെ "സമതയോടെ... ഓരോ നിമിഷവും ഉണർന്നിരുന്ന്... ആനന്ദത്തിൽ ജീവിക്കാൻ വിപശന പഠിക്കൂ..." പരിശീലിക്കൂ..

ഭവതു: സർവ്വ: മംഗളം
(എല്ലാവർക്കും മംഗളം ഭവിക്കട്ടെ...)
..................