മഹാബലിപുരം.. കല്ലുകള്‍ കഥപറയുന്ന തമിഴ്‌നാടന്‍ തീരഭൂമി. കാഞ്ചീപുരം ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖനഗരം. ഏഴാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പല്ലവരാജവംശത്തിന്‍റെ തലസ്ഥാനനഗരിയായിരുന്നു മഹാബലിപുരമെന്ന തമിഴ്‌നാട്ടുകാരുടെ ‘മാമല്ലപുരം’. ആധുനീക ശാസ്ത്രത്തിന് പിടിതരാത്ത ഒട്ടേറെ രഹസ്യങ്ങളുറങ്ങുന്ന ഒരു പ്രാചീനചരിത്രനഗരം. കല്‍മണ്ഡപങ്ങളും, ഗുഹാക്ഷേത്രങ്ങളും, രഥക്ഷേത്രങ്ങളും നിറഞ്ഞ മഹാബലിപുരം കൈവഴക്കത്തിന്‍റെയും ശില്‍പചാരുതയുടേയും ഒരു മാസ്മരികലോകം തന്നെയാണ്. കല്ലില്‍ വിരിഞ്ഞ അനേകം മനോഹാരിതകളുമായി സന്ദര്‍ശകരെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന മഹാബലിപുരത്തിന്‍റെ കാഴ്ചകള്‍ക്കെന്നും ഒരേ സൌന്ദര്യം.
സുനാമിയേയും നീലം കൊടുങ്കാറ്റിനെയുമൊക്കെ അതിജീവിച്ച ഷോര്‍ ടെമ്പിള്‍, പഞ്ചപാണ്ഡവരെയും ദ്രൗപദിയേയും പ്രതിനിധീകരിക്കുന്ന പഞ്ചരഥങ്ങള്‍, കടുവയുടെ ഗുഹ എന്നറിയപ്പെടുന്ന ഒറ്റക്കല്‍ക്ഷേത്രം, ഒറ്റക്കല്ലില്‍ തീര്‍ത്ത ‘അര്‍ജുനന്‍റെ തപസ്സ്’ തുടങ്ങിയ നാല്‍പതോളം ഭീമന്‍ സ്തൂപങ്ങള്‍, മുന്‍പ് ഗ്രൂപ്പില്‍ പോസ്റ്റ് വന്ന എല്ലോറപോലെ പാറതുരന്നുണ്ടാക്കിയ ശിലാവിസ്മയങ്ങള്‍... ചുരുളഴിയാത്ത രഹസ്യങ്ങളുടെ ശ്രേണിയിലുള്‍പ്പെടുത്താവുന്ന നിഗൂഡതകളേറെയുണ്ട് അവിടെ. വിസ്താരഭയത്താല്‍ ഏറ്റവും പ്രസിദ്ധമായ വിസ്മയത്തെപ്പറ്റിതന്നെ ആദ്യം പറയട്ടെ.
KRISHNA’S BUTTERBALL
മഹാബലിപുരത്ത് ആകാശദൈവങ്ങളുടെ ശില, കൃഷ്ണന്‍റെ വെണ്ണയുരുള എന്നിങ്ങനെയുള്ള അപരനാമധേയങ്ങളില്‍ അറിയപ്പെടുന്ന ഒരു ശിലയുണ്ട്. ഇരുപതു മീറ്റര്‍ ഉയരവും 5 മീറ്റര്‍ വീതിയും, ഏതാണ്ട് 250 ടണ്‍ ഭാരവുമുള്ള അര്‍ദ്ധഗോളാകൃതിയിലുള്ള ഒരു പാറ. ഈ പാറയുടെ കിടപ്പ് കാണുന്നമാത്രയില്‍തന്നെ വിസ്മയിച്ചുപോകും. ഗുരുത്വാകര്‍ഷണനിയമങ്ങളെയൊട്ടാകെ കാറ്റില്‍പ്പറത്തിയാണ് അവനങ്ങനെ നിലകൊള്ളുന്നത്. ഒരു ഗോളം ചരിഞ്ഞപ്രതലത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ എന്തുസംഭവിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ അര്‍ദ്ധഗോളാകൃതിയിലുള്ള ഈ പാറയുരുള രണ്ടരയടിമാത്രമുള്ള ഒരു അടിത്തറയില്‍, 45 ഡിഗ്രിയോളം ചരിഞ്ഞപ്രതലത്തില്‍ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി അങ്ങനെ ഉറച്ചുനില്‍ക്കുന്നു!
1908ല്‍ മദ്രാസിലെ അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ഈ കല്ല് സമീപവാസികള്‍ക്ക് ഉയര്‍ത്തിയേക്കാവുന്ന സുരക്ഷാഭീഷണിയെത്തുടര്‍ന്ന് ഇത് വലിച്ചുതാഴേക്കു കൊണ്ടുവരാനുള്ള ശ്രമമാരംഭിച്ചു. അതിനായി ഏഴ് ആനകളെയാണ് അദ്ദേഹം ഏര്‍പ്പാടാക്കിയത്! എന്നാല്‍ അവയുടെ ഒത്തൊരുമിച്ചുള്ള ഭഗീരഥപ്രയത്നം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അല്‍പമാത്രമായ അടിസ്ഥാനത്തില്‍ നില്‍ക്കുന്ന ഈ പാറയെ ഒരിഞ്ചു പോലും നീക്കാന്‍ അവയ്ക്കായില്ല. ആ അടിസ്ഥാനത്തില്‍ പശയോ മറ്റോകൊണ്ട് പാറ ഒട്ടിച്ചുവച്ചിരിക്കുന്നു എന്ന് തോന്നിപ്പോവും! പല്ലവകാലഘട്ടത്തില്‍ നരസിംഹവര്‍മന്‍ എന്ന പല്ലവരാജാവും ഇത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നുവെന്ന് ഐതിഹ്യമുണ്ട്. എന്നാല്‍ അതിനുകഴിയാതിരുന്നതില്‍ ആശ്ചര്യംപൂണ്ട അദ്ദേഹം അതിനെ ആകാശദൈവങ്ങളുടെ ശിലയായി വിശ്വസിച്ചു. ആ കല്ലില്‍ ഒരൊറ്റ ശില്‍പിപോലും ഉളിതൊടരുതെന്ന് പ്രത്യേക കല്പനയും പുറപ്പെടുവിക്കുകയുണ്ടായത്രേ. അതിനാലാവാം, യാതൊരുവിധ കൊത്തുപണികളുമില്ലാത്ത മഹാബലിപുരത്തെ ഏക പ്രാചീനശിലയും ഇതാണ്. എത്ര മറിച്ചിടുവാന്‍ ശ്രമിച്ചാലും ഒരിക്കലും കമഴ്ന്നുവീഴാത്ത ‘തഞ്ചാവൂര്‍ ബൊമ്മ’ എന്നതരം പാവകള്‍ ഈ ശിലയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതാണെന്നുള്ളത് കൗതുകകരമായ മറ്റൊരു വസ്തുത.
ANCIENT DRILLING TECHNOLOGY
കരിങ്കല്ലുകളില്‍ കവിതകള്‍ രചിച്ച മഹാരഥന്മാരായിരുന്നു പ്രാചീനേന്ത്യയിലെ ശില്പകലാകാരന്മാര്‍. ചിലപ്പോള്‍ ശിലാകവചമണിഞ്ഞു തലയുയര്‍ത്തിനിന്ന പര്‍വ്വതമേരുക്കളെ അസാമാന്യമാംവിധം പാളികള്‍ അടര്‍ത്തിമാറ്റി പര്‍വ്വതശിലാക്ഷേത്രങ്ങളായി രൂപാന്തരപ്പെടുത്തി. എല്ലോറതന്നെ നോക്കുക. നാനൂറായിരംടണ്‍ ശിലയാണത്രേ എല്ലോറ ശിലാക്ഷേത്രം നിര്‍മിക്കാനായിമാത്രം അടര്‍ത്തിമാറ്റിയിട്ടുണ്ടായിരിക്കുക! എങ്ങനെയാവും അവര്‍ ഇത്തരമൊരു കഠിനയജ്ഞത്തില്‍ വിജയിച്ചിരിക്കുക? ഒരു നൂറുവര്‍ഷം മുന്‍പ് ക്വാറി പൊട്ടിച്ചിരുന്നതുപോലെ കായബലം മാത്രമായിരുന്നില്ല അവര്‍ക്കുണ്ടായിരുന്ന ആശ്രയം. അല്പം ബുദ്ധിവൈഭവം കൂടി അവരതില്‍ ചേര്‍ത്തു. ഏകദേശം ഒരിഞ്ചു വീതിയും രണ്ടിഞ്ചു ആഴവുമുള്ള ഒരു സൂക്ഷിരം പാറയില്‍ നിര്‍മിച്ചശേഷം അതില്‍ തടികൊണ്ടുള്ള ഒരു ആപ്പ് ഇറക്കിവയ്ക്കുന്നു. അതിനുശേഷം അതിലേക്ക് തിളച്ചജലം ഒഴിക്കുന്നു. ഇതോടെ ആ തടിയാപ്പ് സൂക്ഷിരത്തിനുള്ളിലിരുന്ന് വികസിക്കുന്നു. ഇത്തരത്തില്‍ ഒറ്റയൊരു സൂക്ഷിരംകൊണ്ട് ഒന്നും സംഭവിക്കില്ല. പക്ഷേ ഒരൊറ്റവരിയില്‍ അനേകം അത്തരം സൂക്ഷിരങ്ങള്‍ നിര്‍മിച്ചാല്‍ ഒരു കൂറ്റന്‍പാറയെ രണ്ടായി അടര്‍ത്തിമാറ്റാന്‍ അത് മതിയാവും. ഇത്തരമൊരു ഉദ്യമത്തിനിടയില്‍ അജ്ഞാതമായ എന്തോ കാരണത്താൽ പാതിവഴിയിലുപേക്ഷിച്ച ചില പാറകൂറ്റന്മാരില്‍നിന്നാണ് പ്രാചീനശില്പികളുടെ ഈ വിദ്യ ആധുനികലോകത്തിന് പിടികിട്ടിയത്.
മറ്റുചിലപ്പോഴാകട്ടെ, അവര്‍ കാഠിന്യമേറിയ ശിലകളെ ഒരു സങ്കീര്‍ണശസ്ത്രക്രിയ ചെയ്യുന്ന വൈദ്യജ്ഞന്‍റെ സൂക്ഷ്മതയോടെ ചാരുതയാര്‍ന്ന കലാസൃഷ്ടികളായി അനുരൂപപ്പെടുത്തി. അത്തരം സൂക്ഷ്മമായ കൈയ്യടക്കം തഞ്ചാവൂരുള്ള ശിലാവിരുതില്‍ പ്രകടമാണ്. ആ ശിലാസൃഷ്ടികളില്‍ തുളയ്ക്കപ്പെട്ടത് കേവലം മൂന്നു മില്ലിമീറ്റര്‍മാത്രം വ്യാസമുള്ള സൂക്ഷ്മസൂക്ഷിരങ്ങളാണ്! അവയില്‍ മിക്കതുമാകട്ടെ, നേര്‍ത്തപാളികളില്‍ യാതൊരുവിധ പൊട്ടലോ പോറലോയില്ലാതെ കടഞ്ഞെടുത്തവയുമായിരുന്നു.
മഹാബലിപുരത്തേക്ക് മടങ്ങിവരാം. അവിടെ കിണര്‍പോലെയൊരു കുഴി കാണാം. വെറുമൊരു കുഴിയല്ലത്. ഭീമാകാരമായ ഒരു ഗ്രാനൈറ്റ്ശിലയില്‍ എട്ടടിയോളം വ്യാസത്തില്‍ കിറുകൃത്യമായ വൃത്താകൃതിയില്‍ തുരന്ന് നിര്‍മിച്ചതാണത്. നമുക്കറിയാവുന്നതുപോലെ ഗ്രാനൈറ്റ് ശില ലോകത്തിലെതന്നെ ഏറ്റവും കാഠിന്യമേറിയ ശിലകളിലൊന്നാണ്. ഇന്ന് നാം വജ്രമുനയുള്ള ഉപകരണങ്ങളോ ലേസര്‍പോലെയുള്ള അത്യാധുനികവിദ്യകളോ ഒക്കെയാണ് ഗ്രാനൈറ്റ് തുരക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പതിനാല് നൂറ്റാണ്ടുകള്‍മുന്‍പ് അന്നത്തെ ശില്‍പികള്‍ ഇതൊന്നുമില്ലാതെ എങ്ങനെ എട്ടടി വ്യാസവും അഞ്ചടി ആഴവുമുള്ള ഒരു വൃത്താകാരമായ തുരങ്കം അതിശയകരമായ പൂര്‍ണതയില്‍ നിര്‍മിച്ചുവെന്നുള്ളത് ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. ഉളിയും ചുറ്റികയും തന്നെയാണ് ഉപയോഗിച്ചതെന്നിരിക്കട്ടെ. എങ്കില്‍പോലും ഇതിനു വര്‍ഷങ്ങള്‍ എടുത്തേക്കാം. മറ്റൊരു ദുരൂഹത, എന്തിനാണ് അവര്‍ ഇത്തരമൊരു കുഴി ഉണ്ടാക്കിയതെന്നാണ്. ജലലഭ്യതയ്ക്ക് വേണ്ടിയാണെങ്കില്‍ മറ്റെവിടെയെങ്കിലും ഒരു കിണറുണ്ടാക്കിയാല്‍ മതിയായിരുന്നേനെ. ഇനിയതല്ല, ജലസംഭരണത്തിനായിരുന്നെങ്കില്‍ കളിമണ്ണോ ലോഹങ്ങളോ ഉപയോഗിക്കാമായിരുന്നു. പിന്നെയെന്തായിരുന്നു ഒരു ഗ്രാനൈറ്റ് ശിലയില്‍ ഇത്ര പൂര്‍ണ്ണതയോടെ ഒരു വൃത്താകാരം നിര്‍മിക്കേണ്ടിയിരുന്നത്തിന്‍റെ ആവശ്യകത?!
മഹാബലിപുരത്തെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. എന്നിരുന്നാലും താഴെ പറയുന്നവ രഹസ്യാന്വേക്ഷകരേക്കാള്‍ ചരിത്രാന്വേക്ഷകര്‍ക്ക് യോജിച്ച വിഷയമായതിനാല്‍ ഏതാനും വാക്കുകളിലേക്ക് ചുരുക്കുന്നു.
SHORE TEMPLE
ബംഗാള്‍ഉള്‍ക്കടലിന്‍റെ തീരത്തോട് മുഖം നോക്കിനില്ക്കുന്ന തീരക്ഷേത്രം തന്നെയാണ് മഹാബലിപുരത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. സമുദ്രത്തില്‍നിന്ന് ഉദിക്കുന്ന സുര്യന്‍റെ ആദ്യകിരണങ്ങള്‍ പതിക്കുന്നത് ഈ തീരക്ഷേത്രത്തിന്‍റെ മുഖധാവിലായിരിക്കുമത്രേ! ഭീമാകാരമായ കരിങ്കല്ലുകള്‍ കൊത്തിയുണ്ടാക്കിയ ഘടനാഭംഗി യുനസ്കോയുടെ ലോകപൈതൃകപട്ടികയില്‍ ഇതിനെയുള്‍പ്പെടുത്തി.
ARJUNA’S PENANCE
ഒറ്റകല്ലില്‍ കൊത്തിയ ഭീമാകാരമായ പ്രതിമയാണ് അര്‍ജുനന്‍റെ തപസ്സ്. വനവാസകാലത്ത് ശിവപ്രീതിക്കായി പാണ്ഡവമധ്യമനായ അര്‍ജുനന്‍ അനുഷ്ഠിച്ച തപസ്സാണ് ഇതിലെ പ്രധാനപ്രതിപാദ്യം. കൂടാതെ ഗംഗാനദിയെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ഭഗീരഥ മഹാരാജാവ് നടത്തിയ തപസ്സും ചിത്രീകരിച്ചിട്ടുണ്ട്. അനവധി ദൈവങ്ങള്‍, പറവകള്‍, കാട്ടുമൃഗങ്ങള്‍ തുടങ്ങിയവയുടെ നൂറിലധികം ചിത്രങ്ങള്‍ ഇതില്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. ആ കാലഘട്ടത്തിലെ കൊത്തുപണിക്കാരുടെ വൈധഗ്ദ്യം വിളിച്ചോതുന്നവയാണ് അവയോരോന്നും.
FIVE RATHAS
പഞ്ചപാണ്ഡവരുടെയും ദ്രൗപദിയുടെയും മൂര്‍ത്തരൂപങ്ങളാണ് ഈ അഞ്ച് പ്രതിമകളും. വിശാലമായ ഒറ്റക്കല്‍പാറയില്‍ കൊത്തി ഉണ്ടാക്കിയിരിക്കുന്ന അഞ്ചുരഥങ്ങളത്രേ ഇവ. പതിമൂന്നാം നൂറ്റാണ്ടിലുണ്ടായ സുനാമിയും കടലില്‍നിന്നും വീശുന്ന ഉപ്പുകാറ്റുമേറ്റിട്ടും ക്ഷയം സംഭവിക്കാതെ തലയുയർത്തിപിടിച്ചുനിൽക്കുന്ന പഞ്ചരഥങ്ങള്‍ ദ്രാവിഡിയന്‍ വാസ്തുവിദ്യാ നൈപുണ്യത്തിന്‍റെ ഉത്തമമാതൃകയാണ്.
മഹാബലിപുരത്തെ വിവരിച്ചുകൊണ്ടുള്ള യാത്രാവിവരണങ്ങളില്ലെല്ലാം ലേഖകരുടെ അമ്പരപ്പും ആവേശവും വായിക്കാന്‍ കഴിയും. അവരിലൊരാളുടെ വാക്കുകള്‍ കടമെടുക്കട്ടെ. മാമല്ലപുരത്തെ ശില്‍പ്പങ്ങളുടെ ഉളിപാടുകളില്‍ വിരലോടിച്ചു പടികളിറങ്ങുമ്പോള്‍ ഏതോ നൂറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്നും മടങ്ങിവരുന്നതുപോലെ ആയിരിക്കുമത്രേ മനസ്സ്!