ഇതൊരു കഥമാത്രം...
രാത്രിയുടെ യാമത്തിൽ മലയുടെ മാറിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന ചുരം വഴി ബസ് ഇഴഞ്ഞു കേറുകയാണ്. കുത്തനെയുള്ള കയറ്റവും 'റ' പോലുള്ള വളവുകളും താണ്ടി മെല്ലെ മെല്ലെ മലയുടെ നെറുകയിലേക്ക് നിരങ്ങി കയറിക്കൊണ്ടിരുന്നു. മഞ്ഞിൻ തണുപ്പുള്ള കാറ്റു ശക്തിയായി അടിക്കുന്നുണ്ടായിരുന്നു. എല്ലാവരും തണുത്ത കാറ്റിൽ നിന്നും രക്ഷപെടാൻ ഷട്ടർ താഴ്ത്തിയിട്ടിരിക്കുന്നു. ഞാനൊഴികെ. വഴിയിൽ കോട ഇറങ്ങിയിട്ടുണ്ട്. വണ്ടിയുടെ വെളിച്ചത്തിൽ പുക പോലെ മഞ്ഞു പറക്കുന്നത് കാണാം. അല്ലങ്കിൽ തന്നെ അങ്ങ് ജമ്മുകശ്മീരിൽ മഞ്ഞിനുള്ളിൽ കെട്ടിയ ടെന്റിനുള്ളിൽ രാജ്യത്തെ സേവിക്കാൻ കഴിയുന്ന എനിക്ക് ഇതൊക്കെ ഒരു തണുപ്പാണോ... ?ഇടയ്ക്കു വാച്ചിലേക്കൊന്നു നോക്കി സമയം 11.30 കഴിഞ്ഞിരിക്കുന്നു.അടഞ്ഞ കടകളുടെ വരാന്തയിൽ പട്ടികൾ സഭ കൂടുന്നു. വണ്ടിയുടെ വെളിച്ചത്തിൽ അവയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു ഇനിയും ഒന്ന് ഒന്നര മണിക്കൂർ കൂടെ എടുക്കും അടിവാരത്തിൽ എത്താൻ. അവിടെ നിന്നും ജീപ്പ് മാത്രമേയുള്ളു. അതും ഈ സമയത്തു കിട്ടാൻ ബുദ്ധിമുട്ടാണ്.ജീപ്പ് കിട്ടിയില്ലെങ്കിൽ നടക്കാം അത്രതന്നെ ഞാൻ മനസ്സിൽ പറഞ്ഞു. ബസിനുള്ളിൽ നിശബ്ദതയാണ് കുറച്ചു പേർ ഉറങ്ങുന്നുണ്ട്. കണ്ടക്ടറും ഡ്രൈവറും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇടക്കൊരു സ്റ്റോപ്പിൽ വണ്ടി നിർത്തി അവിടെ നിന്നും കുറച്ചു പേർ കയറി. സാർ എവിടെ നിന്നാ ?കണ്ടക്ടർ വന്നു ചോദിച്ചു. പട്ടാളത്തിലാണ് ജമ്മുവിലാണ് എന്നൊക്കെ പറഞ്ഞപ്പോൾ എന്തോ അയാളിലൊരു സ്നേഹം ഞാൻ കണ്ടു. ഏതായാലും വെളിയിലേക്കു കണ്ണ് നോക്കിയിരുന്നു. ഇരുട്ടിലും ചില മങ്ങിയ കാഴ്ചകൾ ഒക്കെ കാണാം. രണ്ടര വർഷം കൊണ്ട് എന്തൊക്കെയോ മാറ്റം വന്നപോലെ തോന്നുന്നു. ഒന്ന് രണ്ടു കെട്ടിടങ്ങൾ നിഴല് പോലെ നേരിയ നിലാ വെളിച്ചത്തിൽ കണ്ടു. വളവുകൾ തിരിഞ്ഞു ബസ് മുകളിലേക്ക് കയറുകയാണ്,നിശബ്ദതയിൽ ബസിന്റെ ഇരമ്പൽ മാത്രം. അങ്ങ് താഴെ ഞങ്ങൾ പിന്നിട്ട പാതയിലൂടെ വരുന്ന വാഹനങ്ങളുടെ പ്രകാശം ചെറുതായി കാണാം. അവയും നിരങ്ങി ചുരം കേറിക്കൊണ്ടിരിക്കുന്നു. അങ്ങ് ദൂരെ മലമുകളിൽ അവിടവിടെയായി പ്രകാശങ്ങൾ കാണാം നക്ഷത്രങ്ങൾ പോലെ. അവിടെയും അൾത്താമസം എത്തിയിരിക്കുന്നു.പണ്ട് കാൽസ്പർശമേല്ക്കാത്ത സ്ഥലമായിരുന്നു. പുലിമട ആയിരുന്നു എന്നു പലരും പറഞ്ഞു കേട്ടിരിക്കുന്നു.അൾത്താമസൊക്കെ കൂടിയാൽ നമ്മുടെ വനങ്ങളുടെ സൗന്ദര്യം നഷ്ടപെടുമല്ലോ എന്നോർത്തു. എനിക്കിറങ്ങേണ്ട സ്ഥലം എത്തി. എല്ലാ ബാഗുകളും എടുത്തു ഞാൻ ഇറങ്ങി. ബസിന്റെ ഡോർ അടച്ചതും ബെൽ അടിച്ചതും മുഴങ്ങി കേട്ടു കാരണം ഇരുട്ടിനു അത്ര നിശബ്ദത ആയിരുന്നു.ആ സ്റ്റോപ്പിൽ ഞാൻ തനിച്ചു മാത്രം. എന്നെ ഇറക്കിയ ബസ് വീണ്ടും മുന്നോട്ടോടി പോയി. കോട ഇറങ്ങിയിട്ടുണ്ട് നല്ല തണുപ്പ്. കൈകൾ കൂട്ടി തിരുമ്മി മുഖത്ത് വെച്ചു. പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു പുകയൂതി വിട്ടു അത് കത്തുമ്പോളുള്ള ചെറിയ ചൂട് നല്ല സുഖമാണ്. സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ വെയിറ്റ് ചെയ്തു നിന്നു. ഇനി ജീപ്പു കിട്ടുമെന്ന് തോന്നുന്നില്ല. നടക്കണമെന്നുണ്ടങ്കിൽ സുമാർ അഞ്ചു കിലോമീറ്റർ വരും. ഈ ബാഗുകൾ എടുത്തു കൊണ്ടുള്ള നടപ്പു അത്ര സുഖമല്ല. കുറെ സമയം കാത്തു നിന്നു. ഭാഗ്യത്തിന് Tea ഫാക്ടറിയിലേക്കു പോണ ഒരു ജീപ്പ് വന്നു. അതിൽ കയറി അതിൽ ഡ്രൈവറെ കൂടാതെ ഒരു തമിഴ് ചെക്കനും ഉണ്ടായിരുന്നു. ഞാൻ ജീപ്പിന്റെ പുറകിൽ കയറി നല്ല തേയില ഇലയുടെ മണം അതിൽ നിറഞ്ഞു നിന്നു. വലിയ കല്ലിൻറ്റെ മുകളിലൂടെ നിഷ്പ്രയാസം അവൻ വണ്ടി ഓടിച്ചു. ഒരു സിഗരറ്റു കൂടെ എടുത്തു കത്തിച്ചു ഒരണ്ണം ഡ്രൈവർക്കും കൊടുത്തു. ജീപ്പ് മെല്ലെ താഴ്വാരത്തെത്തി. അവിടെ നിന്നും ഒരു ചെറിയ കുന്നു കയറി ഇറങ്ങിയാൽ എളുപ്പ വഴിയാണ് ഒന്നര കിലോമീറ്റർ ദൂരം ലാഭിക്കാം. ബാഗുകൾ തോളത്തു തൂകി കുന്നു കയറാൻ തുടങ്ങി. നല്ല ഭാരം. . അമ്മക്കും ചിറ്റമ്മക്കും ഉള്ള സാധനങ്ങളെ ഉള്ളു ഇതിൽ. ചെറുതിലെ അച്ഛൻ മരിച്ചു പോയ എന്നെ 'അമ്മ ഒരുപാടു കഷ്ടപ്പെട്ടാണ് വളർത്തി ഒരു പട്ടാളക്കാരൻ ആക്കിയത്.ചിറ്റമ്മയും കുടുംബവും കൂട്ടിനുള്ളതാണ് എന്റെയൊരു ബലം 'അമ്മ തനിച്ചല്ലല്ലോ . ഞാൻ ബാഗും തൂകി നടന്നു ഒരു വിധം കുന്നിന്റെ മധ്യഭാഗത്തെത്തി. അവിടെ വന്നപ്പോഴേക്കും അണച്ച് പോയി. നല്ല നിലാ വെളിച്ചമുണ്ട്. ഇനി ചെറിയൊരു നടവഴിയാണ് ആ വഴിയുടെ അരികിലായി ഒരു ശ്മശാനം ഉണ്ട്.അതിൽ ഒരു ഭാഗം തമിഴരുടെതാണ് ബാക്കിയുള്ള കുറച്ചു സ്ഥലം പൊതു ശ്മശാനം പോലെയാണ്. അതിന്റെ ഓരം വഴി നടന്നു വേണം പോകാൻ. സമയം അർധരാത്രി കഴിയാറായി . ഇന്ന് വരുമെന്ന് അമ്മക്കെഴുതിയതു കൊണ്ട് 'അമ്മ ഉറങ്ങില്ല. എന്നെ നോക്കിയിരിക്കും. ഇടക്കിടക്ക് കൂകുന്ന കൂമന്റെ ശബ്ദം കേൾക്കാം. അങ്ങ് ദൂരെ മലയുടെ മുകളിൽ നരി കൂവുന്നുണ്ടായിരുന്നു ശ്മശാന മൂകത എന്നു പറയുന്നത് ഞാൻ അനുഭവിക്കുകയാണ്. ദൂരെ നിന്നു ഞാൻ ഒരു കാഴ്ച്ച കണ്ടു. ശ്മശാനത്തിനു അടുത്ത് ചെറിയ ഒരു വെളിച്ചം ദൂരെന്നെ കണ്ടു അത് ചലിക്കുന്നുണ്ട്. എന്തായിരിക്കാം.? ശ്മശാനമാണ് അഴുക്കു ചിന്തകളൊക്കെ മനസിലേക്ക് ഓടി വന്നു.പണ്ട് കേട്ട പ്രേതകഥകളൊക്കെ ഓർമയിൽ നിന്നും പുറത്തു കടന്നു വന്നു. എന്തായാലും നടക്കാം,ധൈര്യം സംഭരിച്ചു നടക്കാൻ തീരുമാനിച്ചു. നടന്നു നടന്നു ഏതാണ്ട് പ്രകാശത്തിനടുത്തു വന്നു. ഒരു മെഴുതിരി വെളിച്ചത്തിൽ ഒരു മനുക്ഷ്യൻ. ആയാൾ എന്തോ തിരയുകയാണ്. ഹൃദയമിടിപ്പോടെ ഞാൻ കുറച്ചു കൂടെ അടുത്ത് വന്നു നോക്കിയപ്പോൾ ഏകദേശം ആളെ മനസിലായി ചെങ്ങാതിയാണ്, മണിയൻ.അവൻ നിലത്തോട്ടു മാത്രമേ നോക്കുന്നുള്ളു. നീയെന്താ ഈ രാത്രിയിൽ ഇവിടെ തിരയുന്നത് ഞാൻ ചോദിച്ചു. അവൻ ആദ്യം ഒന്നും മിണ്ടിയില്ല. രണ്ടുവർഷം കൂടി എന്നെകാണുന്നുവെന്നുള്ള ഒരു ഭാവവും അവനില്ല. മെല്ലെ അവൻ പറഞ്ഞു ഇന്നൊരു ശവമടക്കിനു വന്നപ്പോൾ എന്റെ കുറച്ചു കാശ് ഇവിടെ പോയി അത് തിരയുകയാണെന്നു മാത്രം പറഞ്ഞു.അതെങ്ങനാടാ ഇവിടെ പോയത് ?വേറെ എവിടേലും ആയിരിക്കും. എന്റെ ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു. നാളെ തിരഞ്ഞാൽ പോരെ. ? പോരാ വേറൊരാൾക്ക് കൊടുക്കാനുള്ളതാ നീ പൊയ്ക്കോ നമുക്ക് നാളെ കാണാം എന്നു മാത്രം അവൻ പറഞ്ഞു. ഞാൻ നടന്നു വീട്ടിൽ എത്തി. 'അമ്മ ഉറങ്ങിയില്ലാരുന്നു. ക്ഷീണിച്ചു പോയി കറത്തു പോയി എന്നൊക്കെയുള്ള അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ. ചിറ്റമ്മയും എഴുന്നേറ്റു വന്നു. എല്ലാം കഴിഞ്ഞു. ഞാൻ കുളികഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോൾ ഞാൻ മണിയന്റെ കാര്യവും അവനു ജോലി ഒന്നും ശെരിയായില്ലേയെന്നും ചോദിച്ചു. അവനെ ശ്മശാനത്തിനു അരികിൽ കണ്ട കാര്യം പറയാൻ തുടങ്ങുന്നതിനു മുൻപ് 'അമ്മ എന്നോട് ഇങ്ങോട്ടു പറഞ്ഞു. എടാ മണിയൻ മരിച്ചു പോയി accident ആയിരുന്നു. ഇന്നലെ ആയിരുന്നു ശവമടക്കിയത്. നീ പുറപ്പെട്ടതിനാലാണ് എഴുതാതിരുന്നത്. വന്നിട്ട് പറയാമെന്നു വെച്ചു. 'അമ്മ അത് പറയുമ്പോൾ ഞാൻ പേടിച്ചു വിറചു ഭിത്തിയിൽ ചാരി ഇരുന്നു. അപ്പോൾ ഞാൻ വഴിയിൽ കണ്ടു എന്നോട് സംസാരിച്ച മണിയൻ ?????