A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

The Bleeding House of Georgia (ചുരുളഴിയാത്ത രഹസ്യങ്ങള്‍)

1987, സെപ്തംബര്‍ 8. അര്‍ദ്ധരാത്രിയോടടുത്ത സമയം 
എഴുപത്തേഴ്കാരിയായ മിന്നി വിന്‍സ്റ്റന്‍ കുളികഴിഞ്ഞ് ടബ്ബില്‍ നിന്ന് ഇറങ്ങിയതാണ്. നോക്കിയപ്പോള്‍ അതാ കുളിമുറിയില്‍ ആകെ തുള്ളിതുള്ളിയായി എന്തോ വീണ് കിടക്കുന്നു, കണ്ടാല്‍ ചോര പോലിരിക്കുന്ന ചുവന്ന ദ്രാവകം. ഭയന്നു പോയ മിന്നി വേഗം കിടപ്പ്മുറിയിലേക്ക് ചെന്നപ്പോള്‍ ഭര്‍ത്താവ് വില്ല്യം അവിടെ കിടപ്പുണ്ട്. സംഭവം കേട്ട വില്യം മിന്നിയുടെ കൂടെ ചെന്ന് നോക്കിയപ്പോള്‍ ശരിയാണ്, ഇത് രക്തം തന്നെ. ഇപ്പോള്‍ രക്തം മിന്നി കണ്ടതിനേക്കാള്‍ കൂടുതലുണ്ട്. തറയിലും മതിലിന്‍റെ വശങ്ങളിലും ആരോ തെറിപ്പിച്ച പോലെ വീണ് കിടക്കുന്നു, മതിലിന്‍റെ ചില വശങ്ങളില്‍ ഒലിച്ചിറങ്ങിയ പാടും ഉണ്ട്. 
 
 
താന്‍ കണ്ടത് രക്തമാണെന്ന് മിന്നിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവിടെ രക്തം വരേണ്ട സാധ്യത ഒട്ടുംതന്നെ ഇല്ലല്ലോ. ഭയത്തോടെ അവര്‍ വീടിനകത്ത് ചുറ്റിനടന്ന് പരിശോധിച്ചു. അപ്പോള്‍ ദാ അടുക്കളയിലും, ഹാളിലും, ബേസ്മെന്‍റ്റിലും എന്തിന് പറയുന്നു ടിവിയിലും, ഫ്ലോറിനടിയിലും വരെ രക്തത്തുള്ളികള്‍. എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്ന് നിന്ന മിന്നി അങ്ങിനെ പോലീസിനെ വിളിച്ചു. 
കേട്ടപ്പോള്‍ ആദ്യം കളിയായി തോന്നിയെങ്കിലും, പരിശോധിക്കാന്‍ ചെന്ന പട്രോള്‍ ടീം പറഞ്ഞത് കേട്ടപ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ ഡിറ്റക്ടീവ് സ്റ്റീവ് കാര്‍ട്ട്റൈറ്റും, റിച്ചാര്‍ഡ്‌ പ്രൈസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയുടെ തലസ്ഥാന നഗരിയായ അറ്റ്‌ലാന്‍റയുടെ സമീപത്താണ് സംഭവം. എഴുപത്തി ഒമ്പത്കാരനായ വില്യമും മിന്നിയും വിവാഹിതരായിട്ട് നാല്‍പ്പത്തി നാല് വര്‍ഷത്തോളമായി. ഇരുപത്തി രണ്ട് വര്‍ഷമായിട്ട് അവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണത്, ഇതുവരെ ഇങ്ങിനെ ഒരു അനുഭവം അവര്‍ക്കുണ്ടായിട്ടില്ല. മുറിവേറ്റ വളര്‍ത്ത് മൃഗങ്ങളോ, മറ്റേതെങ്കിലും ജീവികളോ ഉണ്ടാക്കിയ പ്രശ്നമായിരിക്കും എന്ന നിഗമനത്തിലാണ് ഡിറ്റക്ടീവ് കാര്‍ട്ട്റൈറ്റ് അന്വേഷണം ആരംഭിച്ചത്. പക്ഷെ ആ ദമ്പതികള്‍ക്ക് വളര്‍ത്ത് മൃഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മറ്റേതെങ്കിലും മൃഗങ്ങള്‍ അകത്ത് കയറിയതായി സൂചനയുമില്ല. പൊട്ടിയ ചില്ലുകളോ, മതിലിലെ വിടവുകളോ, അടയ്ക്കാന്‍ മറന്ന ജനലുകളോ കിളിവാതിലുകളോ ഇല്ലാതെ ഇത്രയും രക്തമുണ്ടാക്കാന്‍ കഴിയുന്ന ഒരു ജന്തു ആരുമറിയാതെ എങ്ങിനെ അകത്ത് കയറും?
സംശയത്തിന്‍റെ മുന പിന്നെ നീണ്ടത് ആ ദമ്പതികളിലേക്കാണ്, പ്രത്യേകിച്ച് വില്യമിന്‍റെ നേര്‍ക്ക്. രോഗഭാധിതനായ വില്യമിന് വീട്ടില്‍വച്ചാണ് സ്ഥിരമായി ഡയാലിസിസ് ചെയ്തിരുന്നത്, അതിനായുള്ള മഷീന്‍ ബെഡ്റൂമില്‍ കട്ടിലിനരികില്‍ തന്നെ വച്ചിട്ടുമുണ്ട്. വില്യമിന്‍റെ രക്തമായിരിക്കാം അതെന്ന് പോലീസ് കണക്ക്കൂട്ടി, പക്ഷെ ആ ആരോപണം വില്യം പാടേ നിഷേധിച്ചു. ഇത്രയും ഒലിച്ചിറങ്ങിയത് തന്‍റെ രക്തമായിരുന്നെങ്കില്‍ താന്‍ എപ്പഴേ മരിച്ചേനേ എന്ന് വില്യം വാദിച്ചു. എങ്കില്‍പ്പിന്നെ എല്ലാ ദിവസവും ഇവിടെ രക്തം കാണേണ്ടതല്ലേ എന്ന് പറഞ്ഞ് മിന്നിയും രംഗത്തെത്തി. അപ്പോഴേക്കും വിവരമറിഞ്ഞ് പത്രങ്ങളും ചാനലുകളും അവിടെത്തിയെത്തിയിരുന്നു, ആകെ കണ്‍ഫ്യൂഷനായി നിന്നിരുന്ന പോലീസ് ഒടുവില്‍ വിദഗ്ദ്ധ സംഘത്തെ വരുത്തി വീട് മുഴുവന്‍ പരിശോധിച്ച് സാമ്പിളുകള്‍ എടുത്ത് മടങ്ങി.
തുടര്‍ന്നുള്ള ദിവസങ്ങള്‍ വില്യമിനും മിന്നിക്കും പെരുന്നാളായിരുന്നു. രാത്രിയും പകലും തുടര്‍ന്ന്‍ കൊണ്ടേയിരിക്കുന്ന ഫോണ്‍ കോളുകള്‍, വീട് കാണാന്‍ വരുന്ന സന്ദര്‍ശകര്‍, ലേഖകര്‍ അങ്ങിനെ ആകെ ബഹളം. അറ്റ്‌ലാന്‍റ പോലീസിന്‍റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല, അവിടെയും തുടര്‍ച്ചയായി ഫോണ്‍ കോളുകളുടെ ബഹളം. എല്ലാവര്‍ക്കും സംഭവത്തിന്‍റെ നിജസ്ഥിതി അറിയണം. ടിവി - റേഡിയോ സ്റ്റേഷനുകള്‍ ജനങ്ങളോട് മറുപടി പറഞ്ഞ് മടുത്തു, സമാനമായ കഥകള്‍പറഞ്ഞ് റേഡിയോയിലേക്ക് വിളിക്കുന്നവരും ഒരുപാടുണ്ടായിരുന്നു.
 
 
ഇതിനിടെ സെപ്തംബര്‍ പത്തിന് വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ഒരു ടിവി റിപ്പോര്‍ട്ടറെ വില്യം ചീത്തപറഞ്ഞ് ഓടിച്ചു. അന്ന് തന്നെ എങ്ങിനെയോ വീടിനകത്ത് കടന്ന മറ്റൊരു റിപ്പോര്‍ട്ടര്‍ സ്വീകരണ മുറിയിലും വീടിന്‍റെ പുറകിലെ വാതിലിലും രക്തം കണ്ടതായി റിപ്പോര്‍ട്ട് ചെയ്തു. പോലീസ് അന്വേഷണം നടക്കുന്നത് കാരണം പിന്നീട് ആരെയും അങ്ങോട്ട്‌ കടക്കാന്‍ അവര്‍ സമ്മതിച്ചില്ല, ആ വീട് ഒരു ക്രൈം സീനായി പ്രഖ്യാപിച്ച് സീല്‍ ചെയ്തു.
ഒരു കൊലപാതക രംഗത്ത് കാണുന്നത്ര രക്തമുള്ളത്കൊണ്ട് പ്രഥമദ്രിഷ്ട്യാ കൊലപാതകമായി കണ്ടാണ്‌ കേസ് മുന്നോട്ട് പോയിരുന്നത്. പക്ഷെ തെളിവുകള്‍ കൈമാറിക്കിട്ടിയ സ്റ്റേറ്റ് ക്രൈം ലാബ്, പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവങ്ങള്‍ നടന്ന് മണികൂറുകള്‍ക്ക് ശേഷമാണ് രക്തവും മറ്റ് തെളിവുകളും അവര്‍ക്ക് ലഭിച്ചത്. നേരത്തെ ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അതില്‍ നിന്ന് ലഭിക്കുമായിരുന്നു എന്ന് ഡയറക്ടര്‍ ലാരി ഹോവാര്‍ഡ് വ്യക്തമാക്കി. അവരെ വിളിക്കുന്നതിനും, അല്ലെങ്കില്‍ രക്ത സാമ്പിളുകള്‍ നേരിട്ട് കൈമാറുന്നതിനും പകരം ആദ്യം ഗ്രേഡി മെമ്മോറിയല്‍ ഹോസ്പ്പിറ്റലിലേക്കാണ് പോലീസ് രക്തം അയച്ചത്. ഇത് ഏതെങ്കിലും മൃഗത്തിന്‍റെ രക്തമാണോ? അതോ മനുഷ്യ രക്തമാണോ, ആണെങ്കില്‍ വില്യുമിന്‍റെയോ മിന്നിയുടെയോ രക്തമാണോ എന്നറിയാന്‍.
ഞെട്ടിക്കുന്ന റിസല്‍റ്റായിരുന്നു വന്നത്. സംഭവം മനുഷ്യരക്തം തന്നെ, അതും ഓ ഗ്രൂപ്പ്. എന്നാല്‍ വില്യമിന്‍റെയും മിന്നിയുടെയും രക്തമല്ല, അവരുടെ രണ്ട് പേരുടെയും ഗൂപ്പ് എ ആണ്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയ ക്രൈം ലാബ് പറയുന്നത് രക്തത്തില്‍ നിന്ന് ആളെക്കുറിച്ചുള്ള വിവരങ്ങളും, മദ്യമോ മയക്ക് മരുന്നോ മറ്റോ എടുത്തിരുന്നോ എന്നുള്ള കാര്യങ്ങളും അറിയാനുള്ള സാധ്യത വൈകി കിട്ടിയത്കൊണ്ട് നഷ്ടമായി എന്നാണ്. സാധാരണ ഗതിയില്‍ ഇത്രയധികം രക്തം പലയിടത്തായി ഒരാള്‍ക്ക് വീഴ്ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല, പിന്നെ പോലീസ് കൊടുത്ത ചിത്രങ്ങളില്‍ നിന്ന് വ്യക്തമായത് രക്തം ഒഴിച്ചതല്ല ഇറ്റ് വീണതാണ് എന്നാണ്, അത് പോലെയായിരുന്നു പാടുകള്‍. ചിലയിടത്ത് ശരീരത്തില്‍ നിന്ന് ഒഴുകുന്നതും തെറിക്കുന്നതും ഒക്കെ പോലെയും.
കൂടുതല്‍ വിശദീകരണങ്ങള്‍ ഒന്നും തരാന്‍ പോലീസിന് സാധിച്ചില്ല. അന്ന് തന്നെ അവര്‍ അന്വേഷണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. കൊലപാതകമോ, മറ്റ് കുറ്റകൃത്യങ്ങളോ അവിടെ നടന്നതായി തെളിവില്ലാത്തത് കൊണ്ട് കൂടുതല്‍ ലീഡ്സ് കിട്ടും വരെ കേസ് നിര്‍ത്തിവച്ചതായി വകുപ്പിന്‍റെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. കേസ് അന്വേഷിച്ച ഡിറ്റക്റ്റീവ് സ്റ്റീവ് കാര്‍ട്ട്റൈറ്റ് പറഞ്ഞത് തന്‍റെ പത്ത് വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഇതുപോലത്തെ ഒരു സംഭവം കണ്ടിട്ടില്ലെന്നാണ്. കൂടെയുണ്ടായിരുന്ന റിച്ചാര്‍ഡ്‌ പ്രൈസിനും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും എതിരഭിപ്രായമില്ല. 'ഇതിനൊരു ഉത്തരം കിട്ടിയില്ലെന്ന കാര്യം വളരെ വിഷമമുണ്ടാക്കുന്നു' എന്നാണ് ക്രൈം ലാബ് ഡയറക്ടര്‍ ഹോവാര്‍ഡ് പറഞ്ഞത്. 
സ്റ്റേറ്റ് ഹോമിസൈഡ് ബ്യൂറോയും, ക്രൈം ലാബും ഈ സംഭവത്തെ ഇത് വരെ ഒരു തട്ടിപ്പായോ കുറ്റകൃത്യമായോ കണ്ടിട്ടില്ലാ എന്ന കാര്യവും ഇതിന്‍റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. 
അപ്പോള്‍ എന്തായിരിക്കാം സത്യത്തില്‍ അവിടെ നടന്നിട്ടുണ്ടാവുക?
പിന്നീട് ആ വീട്ടില്‍ എന്തെങ്കിലും പ്രശങ്ങള്‍ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടില്ല. ഇപ്പോഴും ജോര്‍ജിയയില്‍ ചെന്നാല്‍ 1114 Fountain Drive എന്ന അഡ്രസ്സില്‍ ചുവന്ന ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച ആ വീട് കാണാം, അവിടത്തെ താമസക്കാരെയും.