മനുഷ്യർ (കഴുത്ത് ഞ്ഞെരിച്ച്) ജീവഛവമാക്കിയ ഒരു കടലിന്റെ കഥ....
കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള ഒരു കടല്‍ വറ്റിപ്പോവുക. പകരം അവിടെ ഒ
രു മരുഭൂമി പിറക്കുക!! ഞെട്ടലോടെയാണ് ലോകം ആ വാർത്ത കേട്ടത്. ഇപ്പോൾ ആദ്യമായി കേൾക്കുന്നവർക്കും ഉള്ളിൽ ഞെട്ടലുണ്ടാകുന്നത് സ്വാഭാവികം. ദശലക്ഷക്കണക്കിന് വര്‍ഷം ആയുസ്സുള്ള ഒരു കടലിന്‍റെ (മഹാ തടാകം)അന്ത്യം സംഭവിച്ചത് ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് എന്നുകൂടി അറിയുമ്പോള്‍ കേൾക്കുന്നവർ വീണ്ടും തരിച്ചു പോകും.
മദ്ധ്യേഷ്യയിലെ ഒരു തടാകമായിരുന്നു ആറൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ആറൽ എന്ന പേരിന് ദ്വീപുകളുടെ കടൽ എന്നാണർത്ഥം. ഏകദേശം 1,534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു. മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.
എന്തുകൊണ്ട് കടൽ അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് കൃത്യവും വ്യക്തവുമായ ഉത്തരമുണ്ട്. ഒരു ജാലവിദ്യയിലെന്നപോലെ വെറുതെ മറഞ്ഞുപോയതല്ല അരാൽ കടൽ. അതിന്റെ അടിവേരുകൾ അറുക്കപ്പെട്ടതു തന്നെ കാരണം. ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. ആ തീരുമാനം യഥാർത്ഥത്തിൽ അരാൽ കടലിന്റെ മരണവിധിയായിരുന്നു. അമുധാര്യയെയും സിർധാര്യയെയും ഗതി തിരിച്ചുവിടുവാൻ അവർ രണ്ട് കൂറ്റൻ അണക്കെട്ടുകൾ പണിതു. അതോടെ ഈ നദികളിലെ ജലം പരുത്തിപ്പാടങ്ങളിലേയ്ക്ക് ഗതിമാറി ഒഴുകി. ക്രമേണ അരാലിലെ ജലനിരപ്പ് താഴ്ന്നുവരാൻ തുടങ്ങി.
അരാൽ കടൽ ഒരു ശുദ്ധജല തടാകമായിരുന്നു. ജലം വറ്റിത്തുടങ്ങിയതോടെ ജലത്തിൽ ഉപ്പിന്റെ അംശം കൂടിവന്നു. അതോടെ മത്സ്യങ്ങൾക്കും മറ്റ് ജല ജീവികൾക്കും നിലനിൽപ്പില്ലാതെയായി. കടലിന്റെ ഈ അതിവേഗ പിന്മാറ്റം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. കടൽ പിൻവാങ്ങിയ സ്ഥലത്ത് മരുഭൂമി പ്രത്യക്ഷമാവാൻ തുടങ്ങി. തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതോപാധികൾ നഷ്ടപ്പെട്ടു. ജലം അപ്രത്യക്ഷമായിടത്ത് ഉപ്പും മറ്റ് മാരകമായ രാസവസ്തുക്കളും തെളിഞ്ഞുവന്നു. കുടിവെള്ളം കിട്ടാക്കനിയായി. കടൽ ജീവികൾ മാത്രമല്ല, കടലിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പക്ഷികളും മറ്റ് ജന്തുക്കളും ഒന്നൊന്നായി ചത്തൊടുങ്ങി. മനുഷ്യൻ നിലനിൽപ്പില്ലാതെ പലായനം ചെയ്തു. അരാൽ കടലിന്റെ മരണം സോവിയറ്റ് യൂണിയനെപ്പോലും ഞെട്ടിച്ചു. ഇത്ര ഭയാനകമായിരിക്കും കൃത്യത്തിന്റെ ഫലം എന്ന് അവർ പോലും കരുതിയിരുന്നില്ല. പരുത്തി കൃഷിയിൽ മുന്തിയ സ്ഥാനം സോവിയറ്റ് യൂണിയന് ലഭിച്ചുവെങ്കിലും അരാൽ കടലിന്റെ ഇത്രവേഗമുള്ള അപ്രത്യക്ഷമാകലും പകരം പ്രത്യക്ഷമായ അരാൽക്കം മരുഭൂമിയുടെ പിറവിയും അവർക്ക് കളങ്കമായിത്തീർന്നു. കസാഖിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലുമുള്ള ജനങ്ങളെ അവർക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാതെ വന്നു. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഉസ്ബക്കിസ്ഥാനും കസാഖിസ്ഥാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായിത്തീർന്നു. പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് 2003 വേനൽക്കാലമായപ്പോഴേയ്ക്കും മധ്യേഷ്യയുടെ ഭൂപടത്തിൽ നിന്നും അരാൽ കടൽ ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി.
സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടെ മരുപ്പറമ്പായി ആരാല്‍ മാറിയത് നിസ്സാര വർഷങ്ങൾ കൊണ്ടാണെന്നോർക്കണം. ആരാലിന്‍െറ മാറില്‍ നിന്ന് മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന നൂറു കണക്കിന് പേര്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. 1970കള്‍ വരെ അവര്‍ പട്ടിണിയില്ലാതെ ജീവിച്ചു. തങ്ങള്‍ക്ക് മല്‍സ്യം വാരിക്കോരി തന്നിരുന്ന കടലമ്മ പിന്നീട് ക്ഷീണിതയാവുന്നതാണ് അവര്‍ കണ്ടത്. 40 വര്‍ഷം പിന്നിട്ടപ്പോഴേക്കും കടലിന്‍റെ നെഞ്ച് കാണാന്‍ തുടങ്ങിയിരുന്നു. 68000സ്ക്വയര്‍ കിലോമീറ്ററിലെ പാരാവാരം വറ്റിവരണ്ടു. അങ്ങനെ ഒരു കടല്‍ മരിച്ചു! കാര്‍ഷിക വ്യവസ്ഥയില്‍ രാസഘടകങ്ങള്‍ ചേക്കേറിയതിന്റെ പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലായിരുന്നു. രാസാംശം അടങ്ങിയ വെള്ളത്തിന്റെ മുകളിലൂടെ വീശിയ കാറ്റില്‍ പരിസരത്തെ വായുവും വിഷലിപ്തമായി. കുടിവെള്ളത്തിലും എന്തിന് അമ്മമാരുടെ മുലപ്പാലില്‍ പോലും അതു കലര്‍ന്നു. ഈ പ്രദേശത്ത് ജീവിച്ചിരുന്നവരില്‍ ക്യാന്‍സര്‍ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടല്‍ തടത്തിലെ വൈവിധ്യമാര്‍ന്ന ജന്തു സസ്യജാലങ്ങള്‍ അന്ത്യശ്വാസം വലിച്ചു.
2014 ഒക്ടോബറില്‍ വടക്കന്‍ ആരാല്‍ തടാകം പൂര്‍ണമായും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. അഞ്ചര ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന അരാല്‍ കടല്‍ അര നൂറ്റാണ്ടു സമയം കൊണ്ട് ഭീതിയുണര്‍ത്തുന്ന മരുഭൂമിയായി. കടലിന്റെ അപ്രത്യക്ഷമാവല്‍ ഒരുവേള സോവിയറ്റിനെ പോലും അമ്പരപ്പിച്ചു. സോവിയറ്റിന്റെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂ തടം വേദിയുമായി. പണ്ട് മീൻപിടിക്കാൻ കൊണ്ടുപോയിരുന്ന കൂറ്റൻ ബോട്ടിന്റെ അവശിഷ്ടങ്ങൾ അവിടെ മണ്ണിൽ പുതഞ്ഞുകിടപ്പുണ്ട്. തൂങ്ങിനിൽക്കുന്ന അതിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും കാറ്റിൽ ആടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഒട്ടേറെ ബോട്ടുകൾ ഇനിയും അവിടവിടെയായി ഭൂതകാലത്തിന്റെ ശേഷിപ്പുകളുമായി അനാഥമായി കിടപ്പുണ്ട്. കടൽ അപ്രത്യക്ഷമായപ്പോൾ ഓർമമാത്രമായി അവ അവശേഷിച്ചു. മണ്ണിലുടക്കിയ അവയെ ഉടമസ്ഥർ ഉപേക്ഷിച്ചുപിൻവാങ്ങി. വെള്ളമില്ലാതെ എന്തു ബോട്ട്? വെള്ളം പിൻവലിഞ്ഞ വഴിയിൽ മണ്ണ് തെളിഞ്ഞുതുടങ്ങി. പിന്നെപ്പിന്നെ ഇവ മണലായി. ചുറ്റിലും നോക്കെത്താദൂരത്ത് മണൽമാത്രം.
ഒരിക്കൽ കടലായിരുന്ന ഭാഗത്ത് ഇന്ന് വണ്ടികളോടിച്ചു പോകാവുന്ന സ്ഥിതിയാണ്. ഇതുവഴി ഇപ്പോൾ വാഹനമോടിച്ചുപോകുമ്പോൾ ചൊവ്വയിലോ ചന്ദ്രനിലോ പോയപോലെ തോന്നും. ഈ മണ്ണിനടിയിൽനിന്ന് എണ്ണ കുഴിച്ചെടുക്കാനുള്ള സാധ്യത ആരായുന്നുണ്ട് റഷ്യൻ, കൊറിയൻ കമ്പനികൾ. അരാൽ കടലിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി ധാരാളം ശ്രമങ്ങൾ നടക്കുകയുണ്ടായി. അരാൽ കടലിന് കുറുകേ നിർമ്മിച്ച 13 കിലോമീറ്റർ നീളമുള്ള കൊക്കരാൽ എന്ന ഒരു അണക്കെട്ടിലൂടെ അരാൽ കടലിന്റെ വടക്കൻഭാഗത്തെ ജലനിരപ്പ് ഉയർത്തി കടലിനെ ഭാഗികമായെങ്കിലും തിരിച്ചു കൊണ്ടുവരാനായിരുന്നു കസാഖിസ്ഥാന്റെ ശ്രമം. അക്ഷരാർത്ഥത്തിൽ അത് ഒരു ഭഗീരഥപ്രയത്നമായിരുന്നു. അത് ഫലം കണ്ടുതുടങ്ങി. വടക്കൻ അരാലിന്റെ ജലനിരപ്പ് 20 ശതമാനം തിരികെയെത്തി. നാലു മീറ്ററിലധികം ജലനിരപ്പ് ഉയർന്നു. അതോടെ ആ ഭാഗത്ത് മത്സ്യങ്ങളും ജല ജീവികളൂം തിരികെയെത്തി. മത്സ്യബന്ധനം സജീവമായി. കടൽ തിരികെ വരുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതോടെ അരാൽ കടലിന്റെ വടക്കൻ തീരപ്രദേശങ്ങളിലെ ജനജീവിതം വീണ്ടും തളിരിട്ടു തുടങ്ങി. പക്ഷെ ആരാൽ കടൽ പഴയതു പോലെ മുഴുവനായി തിരിച്ചു കൊണ്ടുവരാൻ പറ്റുമോയെന്നു ആർക്കും ഉറപ്പു പറയാൻ പറ്റുന്നില്ല.
ഇന്നും അരാൽക്കം മരുഭൂമിയിലെ മണ്ണിലുറച്ച് തുരുമ്പിച്ച കപ്പലുകളിലും ബോട്ടുകളിലും ഒരു പ്രതീക്ഷ അവശേഷിക്കുന്നുണ്ട്. ഒരുനാൾ മരുഭൂമിയിലൂടെ ഒരു തിരമാല പതിയെ പതിയെ കടന്നുവന്ന് തങ്ങളെ പുണർന്ന് നനയ്ക്കുമെന്ന്. കടൽ തിരികെയെത്തുമെന്ന്… കടല്‍ തങ്ങളെ തേടി എത്തുമെന്ന് ഇന്നും അരാലിലെ ആളുകൾ സ്വപ്നം കാണുന്നു.
(ഈ ലേഖനത്തിനു കടപ്പാട് – വിക്കിപീഡിയ, മറ്റു ഓൺലൈൻ മാധ്യമങ്ങൾ )