കേരളത്തിലെ ഇരിങ്ങാലക്കുടയിൽ ജീവിച്ചിരുന്ന ഒരു ഗണിത- ജ്യോതിശാസ്ത്രജ്ഞനാണ് സംഗമഗ്രാമ മാധവൻ[. യഥാർത്ഥ പേര് ഇരിഞ്ഞാറ്റപ്പിള്ളി മാധവൻ നമ്പൂതിരി എന്നായിരുന്നു. ബീജഗണിതം ത്രികോണമിതി, പൈ (π) എന്ന ചിഹ്നത്തിന്റെ കൃത്യമായ മൂല്യനിർണ്ണയം കാല്ക്കുലസ് എന്നീ മേഖലകളിൽ ആണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ . ഇവ പിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ സഹായിച്ചിട്ടുണ്ട്.ഇദ്ദേഹത്തെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതുന്നു അനന്തശ്രേണി ഉപയോഗിച്ചുള്ള ഗണിതമാർഗ്ഗങ്ങൾ പാശ്ചാത്യപണ്ഡിതർ ആവിഷ്‌ക്കരിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് അത് കണ്ടെത്തിയത് ഇദ്ദേഹമാണ്. 1340-ൽ ജനിച്ച മാധവൻ, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്‌മതലത്തിൽ നിർണയിക്കാനുള്ള മാർഗ്ഗം ലോകത്താദ്യമായി ആവിഷ്‌ക്കരിച്ചു. ജെയിംസ് ഗ്രിഗറി, ലെബനിറ്റ്‌സ്, ലാംബെർട്ട് തുടങ്ങിയ പാശ്ചാത്യ പണ്ഡിതർ ഇതേ മാർഗ്ഗത്തിലൂടെ വൃത്തപരിധി നിർണയിക്കാനുള്ള രീതി കണ്ടെത്തിയത് മൂന്നു നൂറ്റാണ്ടിനു ശേഷം മാത്രമായിരുന്നു. എങ്കിലും ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി ഇപ്പോഴും ഗ്രിഗറിക്കും കൂട്ടർക്കുമാണ്.